

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ഓഫ്റോഡ്-3
നീലഗിരിയിലേക്കുള്ള യാത്രക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ നരിക്കുത്ത്, നരിനായാട്ട് എന്നിവയെക്കുറിച്ച് വായിക്കുകയായിരുന്നു. വയനാട്ടിലെ നരിക്കുത്തിനെക്കുറിച്ച് ഒ.കെ ജോണിയുടെ ‘വയനാട് രേഖകളില്‍’, നരിനായാട്ടിനെക്കുറിച്ച് തോട്ടപ്പാളി മുഹമ്മദിന്റെ മാപ്പിളപ്പാട്ട് പുസ്തകമായ നരിനായാട്ടില്‍ (കാട്ടുരാജന്‍ നാട്ടിലെത്തിയപ്പോള്‍, കൊടുവള്ളിക്കടുത്ത കിഴക്കോത്ത് വെച്ച് വെടിവെച്ച പുള്ളിപ്പുലിയെ സംബന്ധിച്ചുള്ള 12 പാട്ടുകള്‍). ഒപ്പം ബ്രിട്ടീഷ് കോളനിവാഴ്ച്ചക്കാലത്തെ മൃഗവേട്ടയെക്കുറിച്ചുള്ള കെ.പി ജയകുമാറിന്റെ ‘വെടിയേറ്റ മൃഗം ചരിത്രം പറയുന്നു’ എന്ന ഗവേഷണ പ്രബന്ധവും. ബ്രിട്ടീഷുകാര്‍ പകര്‍ത്തിയ വേട്ടച്ചിത്രങ്ങളിലൂടെ സൂക്ഷ്മ ചരിത്രം അവതരിപ്പിക്കുന്ന പ്രബന്ധമാണിത്.
ഒ.കെ.ജോണി നരിക്കുത്തിനെക്കുറിച്ച് എഴുതുന്നു: “വയനാടന്‍ കുറിച്യര്‍ നാവിന്‍ തുമ്പില്‍ നിന്ന് നാവിന്‍ തുമ്പിലേക്ക് പകർന്നു പോരുന്ന ചില പഴംപാട്ടുകളില്‍ ‘നരിക്കുത്ത്’ എന്ന മൃഗയാവിനോദത്തിന്റെ അനുഷ്ഠാന സ്വഭാവത്തെക്കുറിച്ച് സൂചനകളുണ്ട്. കന്നുകാലികളെ കൊന്നുതിന്നുകയും മനുഷ്യരെ ഉപദ്രവിക്കുകയും ചെയ്യുന്ന നരികളെ വലയിലകപ്പെടുത്തി കുന്തം കൊണ്ട് കുത്തിക്കൊല്ലുന്ന ചടങ്ങാണ് ‘നരിക്കുത്ത്’. ഗോത്രദേവതയായ മുടിയാമ്പിള്ളി ഭഗവതിയുടെയും ഊരാളന്റെയും അനുമതിയോടെ നടത്തപ്പെടുന്ന ‘നരിക്കുത്തി’ല്‍ വയനാടന്‍ ചെട്ടിമാരും ആദിവാസികളായ കുറിച്യരും മുള്ളക്കുറുമരുമാണ് പങ്കെടുത്തിരുന്നത്. വധിക്കപ്പെട്ട നരിയേയും പുലിയേയും ആര്‍പ്പുവിളികളോടെ പ്രത്യേകം തയ്യാറാക്കിയ ഒരിടത്ത് മുളന്തൂണില്‍ കെട്ടിത്തൂക്കിയിടുന്നു. ‘നരിക്കണ്ടി’ എന്നാണ് ഇത്തരം സ്ഥലങ്ങള്‍ അറിയപ്പെടുന്നത്. വയനാട്ടില്‍ ‘നരിക്കണ്ടി’ എന്നു പേരുള്ള അനേകം സ്ഥലങ്ങളുണ്ട്. നരിക്കുത്തിനോടനുബന്ധിച്ചുള്ള അനുഷ്ഠാനച്ചടങ്ങുകള്‍ നടന്നിരുന്ന ഈ ദിക്കുകളില്‍ മുടിയാമ്പിള്ളി ഭഗവതിയാണ് ആരാധനാ മൂര്‍ത്തി എന്നതും ശ്രദ്ധേയമാണ്.
വധിക്കപ്പെട്ട നരിയുടെ തോല്‍, നഖം, മീശ, തല എന്നിവ ഊരാളനുള്ളതാണ്. അവശിഷ്ടങ്ങള്‍ കുഴിച്ചിടുന്നു. പുലി നാവ് കൊടിയ വിഷമാണെ് കരുതുന്നതിനാല്‍ അത് കത്തിച്ച് ചാരമാക്കിയാണ് കുഴിച്ചിടുക. കുറിച്യരുടെ ‘നരിപ്പാട്ടി’ല്‍ അവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന പുലിക്കളിയെപ്പറ്റിയും പരാമര്‍ശമുണ്ട്. നരിയും പുലിയും കടുവയും ഭേദമില്ലാതെ ഒറ്റ ജനുസ്സായിട്ടാണ് ഈ പാട്ടുകളില്‍ വര്‍ണ്ണിക്കപ്പെടുന്നത്. എടക്കല്‍ ഗുഹാലിഖിതങ്ങളുടെ കാലം മുതലുള്ള ഒരു ‘ടൈഗര്‍കള്‍ട്ടി’ന്റെ ഈ തുടര്‍ച്ച കൗതുകകരമത്രെ.”
1977 മെയ് പതിനാലിന് കൊടുവള്ളി കിഴക്കോത്ത് പള്ളിപ്പറമ്പില്‍ പുലിയെ കാണുകയും അതിനെ പിടികൂടുകയും ചെയ്ത സംഭവമാണ് തോട്ടപ്പാളി മുഹമ്മദിന്റെ നരിനായാട്ടിലുള്ളത്. അതിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ട് അശ്റഫ് പുന്നത്ത് എഴുതുന്നു:
“പിടിത്തെറിന്താനെ
ഇതെ സ്ഥിതി-കലമ്പിടുമ്പോള്‍
നായ ഒരു ജംബിങ്ങതാനേ…
കടുപിരടിക്കന്തെ ആ കുരയും
വിടാതോറ്റിട്ടെ
കഠിനമിലെ മൂസ്സാ ഓടിയും അടുത്തിട്ടെ
കുറെ ചര-കല്ലുകള്‍ വാരിക്കൊ
ണ്ടങ്ങേറുകള്‍ വിട്ടെ…
പുലിയെ നേരിടുന്നതിനിടയില്‍ സംഘാംഗമായ ബാലന്റെ കയ്യില്‍ നിന്ന് പാര തെറിച്ചുപോയി. ആ സമയത്ത് വളര്‍ത്തുനായ പുലിയുടെ നേരെ എടുത്തുചാടി. ഇവിടെ ചാടി എന്നു പറയാന്‍ കവി ‘ജംബിംങ്ങ്’ എന്ന ഇംഗ്ലീഷ് വാക്കാണ് കൊണ്ടുവന്നിട്ടുളളത്. നായയുടെ ശബ്ദവും കുരയും കേട്ട് വീട്ടിലുണ്ടായിരുന്ന മൂസ ഓടിവന്നു ചരലുകള്‍ വാരിയെടുത്ത് പുലിയുടെ നേരെ എറിഞ്ഞു. ഒരുവിധത്തില്‍ ബാലന്റെ ജീവന്‍ രക്ഷിച്ചു. പുലിയുടെ പരാക്രമം കണ്ട് നാട്ടുകാര്‍ പേടിച്ചു വിറച്ചു. വീണുകിടക്കുന്ന ബാലനെ താങ്ങിയെടുത്ത് ആശുപത്രിയില്‍ കൊണ്ടു പോയി. വീട്ടുകാര്‍ അലമുറയിട്ടു. ഒടുവില്‍ എല്ലാവരും കൊടുവള്ളിയിലെത്തി വെടിവെപ്പില്‍ പ്രശസ്തരായ കൊടുവള്ളി പറമ്പത്ത് കാവ് കെ. ഇബ്രാഹിം ഹാജിയേയും കെ.വി ഇസ്മായില്‍ ഹാജിയേയും വിവരമറിയിച്ചു. നരിയുടെ പരാക്രമം ഭയന്നുകൊണ്ട് എല്ലാവരും വീട്ടില്‍ കയറി വാതിലടച്ചു .വെടിവെപ്പുകാര്‍ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ ചെന്ന് വെടിവെക്കാനുള്ള സമ്മതം വാങ്ങി അതിന്റെ പാസുമായിട്ടായിരുന്നു പോയത്.


ഇബ്രാഹിമും ഇസ്മായിലും വെടിവെക്കാന്‍ പോകുന്നത് കൗതുകത്തോടെ കാണാന്‍ വേണ്ടി ധാരാളം ആളുകള്‍ പിന്നാലെ പോയി. അവര്‍ ആഹ്ലാദപൂര്‍വം ആര്‍ത്തുവിളിച്ചുകൊണ്ട് പോകുന്ന രംഗമാണ് കവി കുതിരത്താളം എന്ന അഞ്ചാമത്തെ ഇശലില്‍ പറയുന്നത്. ഇപ്രാവശ്യം പുലിയുടെ അവസാനമാണ് എന്നു പറഞ്ഞ് സന്തോഷത്തോടെ തോക്ക് ചുമലിലേന്തിയ ധീരന്‍മാരായ വെടിക്കാരുടെ പിന്നാലെ നാട്ടുകാരും യാത്രയായി.”
19,20 നൂറ്റാണ്ടുകളിലെ ബ്രിട്ടീഷുകാരുടെ മൃഗവേട്ടയെക്കുറിച്ച് കെ.പി ജയകുമാര്‍ എഴുതുന്നു: “ശിക്കാറിനെ ഒരു വിനോദമായാണ് വെള്ളക്കാര്‍ കണ്ടത്. വേട്ടയാടി ജയിച്ചവരുടെ ആനന്ദത്തിന്റെ നിമിഷങ്ങള്‍ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകളെ സമ്മാനിക്കുമ്പോള്‍ തന്നെ കാടുകള്‍ ഇല്ലാതായതിന്റേയും ഗോത്രവ്യവസ്ഥതികള്‍ തകര്‍ക്കപ്പെട്ടതിന്റേയും പ്രകൃതിയുടെ ജൈവഘടന ശിഥിലമായതിന്റേയും ചരിത്രമായി അത് പുനഃര്‍ജനിക്കുകയും ചെയ്യുന്നു. ശിക്കാര്‍ കേവലം വിനോദമല്ലായിരുന്നെന്നും ആധിപത്യത്തിന്റെ പടയോട്ടമായിരുന്നു അതെന്നും കോളനിയനന്തരകാല വായനകള്‍ ബോധ്യപ്പെടുത്തുന്നു.
ഹൈറേഞ്ചിലെ വേട്ടയുടെ ചരിത്രം ഒരേ സമയം അധിനിവേശത്തിന്റേയും ശിഥിലമാകുന്ന ഗോത്ര ജീവിതത്തിന്റേയും ചരിത്രമാണ്. അധിനിവേശാനന്തര രചനകളില്‍ പ്രത്യക്ഷപ്പെടുന്ന ശിക്കാറില്‍ അന്തര്‍ലീനമായിരിക്കുന്നത് കൊളോണിയല്‍ ഭീകരതയുടെ ചരിത്രമാണ്. ജീവസന്ധാരണത്തിനായുള്ള ഗോത്ര മനുഷ്യരുടെ വേട്ടയാടലും കൊളോണിയല്‍ മൃഗയാ വിനോദവും ഒരേവിധം വായിക്കാനാവില്ല എന്നതാണ് സത്യം. അതിര്‍ത്തികള്‍ മനുഷ്യര്‍ക്ക് മാത്രമായിരുന്നു അറിയാമായിരുന്നത്. ഇത്തരം അതിരുകളെക്കുറിച്ചറിയാത്ത വന്യജീവികളെ അതിര്‍ത്തി ലംഘിച്ചു എന്ന കുറ്റത്തിന് നായാട്ടുകാര്‍ വേട്ടക്കിരയാക്കി. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള ഇന്നും തുടരുന്ന ഏറ്റുമുട്ടലിന്റെ ചരിത്രം ഈ അധിനിവേശ കാലത്തു നിന്നുമാണ് ആരംഭിക്കുന്നത്. ബ്രിട്ടീഷുകാരുടെ വേട്ടച്ചിത്രങ്ങളില്‍ കൊന്ന മൃഗത്തിനരികില്‍ തോക്കുമായി നില്‍ക്കുന്ന (കീഴടക്കിക്കൊന്നതിന്റെ വിളംബരമായി) രംഗം ആവര്‍ത്തിച്ചു രേഖപ്പെടുത്തയതിനെ ഇന്ന് വായിക്കേണ്ടതിനെക്കുറിച്ചും ഓര്‍ക്കുക.”


ഒ.കെ ജോണി പറയുന്നതില്‍ ഉയരുന്ന ചോദ്യം കന്നുകാലികളെ കൊന്നുതിന്നുന്ന നരി എന്ന പരാമര്‍ശത്തെക്കുറിച്ചുള്ളതാണ്. അത് മനുഷ്യര്‍ വളര്‍ത്തു മൃഗങ്ങളെ പോറ്റാന്‍ തുടങ്ങിയ കാലത്തെക്കുറിച്ചുള്ളതാണ്. അതിനു മുമ്പും കാടും നരിയുമുണ്ട്. മൃഗങ്ങളെ വളര്‍ത്താമെന്നറിയാത്ത വനവാസികളായ മനുഷ്യരുമുണ്ടായിരുന്നു. അക്കാലത്ത് നരിക്കുത്തുണ്ടായിരുന്നോ? എങ്കില്‍ അതിന്റെ സ്വഭാവം എന്തായിരുന്നു? രണ്ടാമത്തെ ചോദ്യം നരിനായാട്ട് നിരീക്ഷണ ലേഖനത്തില്‍ പറയുന്ന മൃഗവേട്ടക്കുള്ള പോലീസ് പാസിനെക്കുറിച്ചുള്ളതാണ്. ഈ പാസ് കൊടുക്കല്‍ എന്ന് അവസാനിച്ചു? ഇന്ന് മനുഷ്യ-മൃഗ സംഘര്‍ഷം വര്‍ദ്ധിച്ച കാലത്ത് ഇതേ പാസിനുള്ള ആവശ്യം വനാതിര്‍ത്തികളിലുള്ള പല പ്രദേശങ്ങളില്‍ നിന്നും അതിശക്തമായി ഉയന്നുകൊണ്ടിരിക്കുന്നത് നാം കേള്‍ക്കുന്നു. (2020 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ടത് 111 പേരും പരിക്കേറ്റത് 1239 പേര്‍ക്കുമാണെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു). വെടിവെക്കാനുള്ള പാസിനെക്കുറിച്ചുള്ള പരാമര്‍ശം പില്‍ക്കാലത്ത് മയക്കുവെടി രൂപപ്പെട്ടതിനെക്കുറിച്ചും നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. മയക്കിയ മൃഗത്തെ കാട്ടില്‍ തന്നെ കൊണ്ടുവിടുക എന്ന ബോധ്യം പാരിസ്ഥിതിക തിരിച്ചറിവില്‍ നിന്നും ഉണ്ടായതാണെ് കൂടി കാണാം. (പരിസ്ഥിതി പ്രവര്‍ത്തകരില്‍ ചിലരെങ്കിലും മയക്കുവെടി എന്ന രീതിയെ അംഗീകരിക്കുന്നില്ല എന്ന് മറക്കുന്നില്ല).
വിഖ്യാത പക്ഷിശാസ്ത്രജ്ഞന്‍ സാലിം അലിയുടെ ആത്മകഥ ‘ഒരു കുരുവിയുടെ പതനം’ (വിവര്‍ത്തനം-കെ.ബി പ്രസന്നകുമാര്‍) ഇന്ന് വായിക്കുമ്പോള്‍ ചില ഞെട്ടലുകള്‍ തീര്‍ച്ചയായുമുണ്ടാകും. പക്ഷികളെ വെടിവെച്ച് വീഴ്ത്തിയും വല വെച്ചുപിടിച്ചും സ്റ്റഫ് ചെയ്തു വെച്ചും പഠനങ്ങള്‍ നടത്തുന്ന സാലിം അലിയെ ഈ പുസ്തകത്തിന്റെ താളുകളില്‍ നാം കാണുന്നു. പിന്നീട് പിന്നീടാണ് സാലിം അലിയിലും മാറ്റങ്ങള്‍ കാണാനാവുന്നത്. മുന്‍കാലങ്ങളില്‍ വനത്തില്‍ ആനയുടെ ജഡം കണ്ടാല്‍ അത് പെട്രോളൊഴിച്ചു കത്തിക്കുന്ന രീതിയാണുണ്ടായിരുന്നത്. എന്നാലിന്നത് സ്വയം അഴുകലിന് അനുവദിക്കുകയാണ്. കാട്ടില്‍ ആനയുടെ ജഡം പലതരത്തില്‍ ആഹരിക്കുന്ന ഒരു ഇക്കോ സിസ്റ്റം പ്രവര്‍ത്തിക്കുന്നു. ഉദാഹരണത്തിന് മാനുകള്‍ ആനയുടെ എല്ലിന്‍ കഷണങ്ങള്‍ ഭക്ഷിക്കും, അവയുടെ കൊമ്പുകളുടെ വളര്‍ച്ചക്കുവേണ്ടി. ആനയുടെ ജഡം കത്തിക്കുമ്പോള്‍ മാനുകള്‍ക്ക് അവയുടെ പങ്ക് കിട്ടാതെ പോകുന്നു.
മൂന്നാമത്തെ കാര്യം, കെ.പി ജയകുമാര്‍ ചൂണ്ടിക്കാണിക്കുന്ന കാടുകള്‍ ഇല്ലാതായതിന്റേയും ഗോത്രവ്യവസ്ഥിതികള്‍ തകര്‍ക്കപ്പെട്ടതിന്റേയും പ്രകൃതിയുടെ ജൈവഘടന ശിഥിലമായതിന്റേയും കാരണമായി ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ച്ചക്കാലത്തെ വേട്ടയെ ചൂണ്ടിക്കാണിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ബ്രിട്ടീഷുകാരുടെ കാലത്തിനു ശേഷം ഇന്നുവരെ പ്രകൃതി നശിപ്പിക്കല്‍ തുടരുന്നത് മലയാളിയില്‍ ഇന്നും പ്രവര്‍ത്തിക്കുന്ന കൊളോണിയല്‍ ബോധത്താലാണോ? പാറമടകള്‍ മുതല്‍ വനം നശീകരണം വരെയുള്ള കാര്യങ്ങളെക്കുറിച്ച് ഇന്നു ചര്‍ച്ച ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഈ കൊളോണിയല്‍ ബോധം കൂടി പുനഃപരിശോധിക്കേണ്ടി വരുന്നു. വിദ്യാഭ്യാസത്തില്‍ മെക്കാളെയുടെ ഭൂതം നമ്മെ പിടികൂടി എന്നു പറയാറുള്ളതുപോലെ പ്രകൃതിനശീകരണത്തില്‍ ബ്രിട്ടീഷ് വേട്ടക്കാരുടെ തോക്കാണോ നമ്മുടെ വഴികാട്ടി എന്ന ചോദ്യം ഉയരുകയാണ്. കൊളോണിയല്‍ വേട്ട ഫോട്ടോഗ്രാഫുകളുടെ അതേ കോമ്പോസിഷന്‍ പില്‍ക്കാലത്തും തുടര്‍ന്നതിന്റെ ഉദാഹരണവും കൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. 1977ല്‍ കൊടുവള്ളിയിലെ നരിനായാട്ടിനു ശേഷമുള്ള ചിത്രം ഇതിനുദാഹരണമാണ്. ‘പുള്ളിപ്പുലിയെ സാഹസികമായി വെടിവെച്ച ഇബ്രാഹിമും കെ.വി ഇസ്മായില്‍ ഹാജിയും വെടിവെച്ചിട്ട പുലിയോടൊപ്പം’ എന്ന അടിക്കുറിപ്പോടെ ഈ ഫോട്ടോഗ്രാഫ് അന്ന് ചില പത്രങ്ങളില്‍ വന്നിട്ടുണ്ട്. തോക്കുകള്‍ കൈകളിലേന്തിയ വേട്ടക്കാരും പുലിയുടെ ജഡവും (ബ്രിട്ടീഷ് ചിത്രങ്ങളിലെപോലെ തന്നെ) ഈ ഫോട്ടോഗ്രാഫില്‍ കാണാം. ഈ കോളനി ബോധ സ്വാധീനം പ്രളയമോ വരള്‍ച്ചയോ ഉണ്ടാകുമ്പോള്‍ മാത്രം മലയാളി സമീപിക്കുന്ന, ചര്‍ച്ച ചെയ്യുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സമീപനത്തിലും തെളിഞ്ഞു കാണാം.
ഇങ്ങിനെയുള്ള പല വിചാരങ്ങളും ബോധത്തിന്റെ പല മടക്കുകളിലേക്ക് മേയാന്‍ വിട്ട് ഞാന്‍ നീലഗിരിയിലേക്ക്, ഊട്ടിയിലേക്കുള്ള യാത്ര തുടങ്ങി. ഊട്ടി സാഹിത്യോല്‍സവത്തില്‍ ശ്രോതാവായി പങ്കെടുക്കാനാണ് യാത്ര. താമസ സൗകര്യം സംഘാടകര്‍ ഒരുക്കിയത് ഒരു ക്ലബ്ബ് റസിഡന്‍സിലായിരുന്നു. 187 വര്‍ഷം പഴക്കമുള്ള ബ്രിട്ടീഷ് കൊളോണിയല്‍ കെട്ടിടത്തിലാണ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്. പില്‍ക്കാലത്ത് പല അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ടെങ്കിലും കൊളോണിയല്‍ മുദ്രകള്‍ക്ക് മാറ്റങ്ങളൊന്നുമില്ല. അവിടെയുള്ള തീന്‍മുറിയിലേക്ക് നടക്കുമ്പോഴുള്ള വിശാലമായ ഹാളിലെ ചുമരില്‍ മുഴുക്കെയും വേട്ടയുടെ അടയാളങ്ങളാണ്. പുലിത്തോല്‍, കടുവത്തല, കാട്ടുപോത്തിന്റെ തല, മാന്‍ കൊമ്പുകള്‍, ആഫ്രിക്കയില്‍ വേട്ടയാടിയ സിംഹത്തിന്റെ തല, വേട്ടത്തോക്കുകള്‍… അങ്ങിനെ ബ്രിട്ടീഷുകാരുടെ മൃഗയാ വിനോദത്തിന്റെ ആര്‍ക്കൈവ്സ് എന്നു വിളിക്കാവുന്ന വേട്ട’ച്ചുമരാണത്. എവിടെ നിന്നെങ്കിലും വെടിയൊച്ച ഉയര്‍ന്നേക്കുമെന്ന ഭീതി നിറഞ്ഞ തോന്നലുകള്‍ വേട്ട മൃഗങ്ങളുടെ അലങ്കാര അവശേഷിപ്പുകളിലേക്ക് നോക്കി നിന്നപ്പോള്‍ അലട്ടാനും വേട്ടയാടാനും തുടങ്ങി. രണ്ടു നൂറ്റാണ്ടു മുമ്പു മുതല്‍ നീലഗിരിയില്‍ നടന്ന വേട്ടയുടെ ചരിത്രത്തിലേക്കാണ് ക്ലബ്ബിന്റെ ചുമരുകള്‍ ഒരാളെ കൂട്ടിക്കൊണ്ടുപോകുന്നത്. കൊളോണിയല്‍ കെട്ടിടങ്ങള്‍ ഭൂതകാലത്തില്‍ തന്നെ ജീവിക്കുന്നു, ഉണ്ടും ഉറങ്ങിയും വേട്ടയാടിയും. ആ കാലത്തിന്റെ ബോധങ്ങളും പില്‍ക്കാലത്തും പ്രവര്‍ത്തിക്കുന്നു.


പിന്നേറ്റ് കാലത്ത് ദ്വിദിന ഊട്ടി സാഹിത്യോല്‍സവം കാട്ട് ഒലീവിന്‍ തൈ നട്ടുകൊണ്ട് വിഖ്യാത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ഉദ്ഘാടനം ചെയ്തു. കൊളോണിയല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 153 വര്‍ഷം പഴക്കമുള്ള ലൈബ്രറി ഹാളിലാണ് സെഷനുകള്‍ നടത്. ആ ഹാളിലും പിന്‍ചുമരില്‍ ഒരു കാട്ടുപോത്തിന്റെ തലയുണ്ടായിരുന്നു. കോളനിവാഴ്ച്ചക്കാലത്തെ ഇരകളിലൊന്ന് ജീവനില്ലാഞ്ഞിട്ടും തുറു കണ്ണുകൊണ്ട് ഞങ്ങളെയെല്ലാം നോക്കിക്കൊണ്ടിരുന്നു.
ലൈബ്രറി ലോക്കറില്‍ അവരുടെ കയ്യിലുള്ള ഏറ്റവും പഴയ പുസ്തകം ‘ക്രിസ്തുവിനു ശേഷമുള്ള ആദ്യ ആറ് നൂറ്റാണ്ടുകളുടെ ചരിത്ര’മായിരുന്നു. ലോക്കറില്‍ നിന്നെടുത്ത് ലൈബ്രേറിയന്‍ അത് കാണിച്ചു തന്നു. ചില പേജുകള്‍ മറിച്ചു കാണിച്ചു. ഇംഗ്ലീഷ് പാടെ വ്യത്യസ്തം. സാഹിത്യോല്‍സവത്തിന്റെ ഭാഗമായി സമഗ്ര സംഭാവനക്ക് എല്ലാവര്‍ഷവും ഒരു അവാര്‍ഡ് നല്‍കുന്നുണ്ട്. ഇക്കുറിയത് രാമചന്ദ്രഗുഹക്കായിരുന്നു. പുരസ്‌ക്കാരം സ്വീകരിച്ചുകൊണ്ട് ഗുഹ പതിവുപോലെ പ്രൗഡ ഗംഭീരമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞു: പുരുഷന്‍, ബ്രാഹ്മണന്‍, ഹിന്ദു, ഇംഗ്ലീഷ് സംസാരിക്കുന്നയാള്‍ ഈ നാലു പ്രിവിലേജുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്. ഇതിനോട് ഏറ്റുമുട്ടി പുറത്തുവരാനുള്ള ശ്രമമാണ് തന്റെ അക്കാദമികവും സര്‍ഗാത്മതകവുമായ ജീവിതത്തിന്റെ പൊരുള്‍. ചരിത്രം പഠിക്കുമ്പോള്‍ മൂന്നു കാര്യങ്ങളില്‍ നിന്നും വിമുക്തി നേടാനാകണം. പ്രത്യയശാസ്ത്രം, ദേശീയത, ആത്മാനുരാഗം. ഈ മൂന്ന് കാര്യങ്ങളും ഒരു ചരിത്രകാരനെ സത്യം കണ്ടെത്താന്‍ സഹായിക്കില്ല. ചരിത്ര സന്ദര്‍ഭങ്ങളെ തന്നില്‍ ആദ്യമേ ഉറച്ചുപോയ പ്രത്യയശാസ്ത്ര വീക്ഷണത്തോടെ കൈകാര്യം ചെയ്യുന്നത് വാസ്തവം കണ്ടെത്താനല്ല മറിച്ച് മുന്‍ധാരണകളെ കൂടുതല്‍ ശക്തിപ്പെടുത്താനാണ്. ദേശീയതയോടുള്ള അവാസ്തവികമായ കൂറും ചരിത്രകാരനെ സഹായിക്കില്ല. അയാള്‍/അവള്‍ സത്യം തേടുമ്പോള്‍ ദേശീയതയുടെ പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന വ്യാജങ്ങളാല്‍ സ്വാധീനിക്കപ്പെടാനേ പാടില്ല. മറ്റൊന്ന് ഞാന്‍ മാത്രമാണ് ശരിയെ മനോഘടനയും ചരിത്രകാരന്മാര്‍ക്കുണ്ടാകരുതെന്നതാണ്. കാരണം ചരിത്രം ഒരു സംഭാഷണമാണ്. ഓരോ സമയത്തുമുള്ള അറിവുകള്‍ ഉപയോഗപ്പെടുത്തിയാണ് ഓരോ ചരിത്രകാരനും പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ പല കാലങ്ങളില്‍ ഒരേ ചരിത്ര സംഭവത്തെക്കുറിച്ചോ ഒരേ നേതാവിനെക്കുറിച്ചോ നടക്കുന്ന പഠനങ്ങള്‍ തുട ര്‍സംഭാഷണങ്ങളുടെ ഭാഗമായി വേണം ഉള്‍ക്കൊള്ളാന്‍. ഒരു ചരിത്രകാരന്‍ എന്ന നിലയില്‍ ഞാന്‍ പഠിച്ച ഏറ്റവും പ്രധാനപ്പെട്ട പാഠവും ഇതു തയൊണ്. മഹാത്മാഗാന്ധിയെ ജാതിയടക്കമുള്ള കാര്യങ്ങളിലെ നിലപാടുകള്‍ തിരുത്താന്‍ സഹായിച്ചത് നാരായണഗുരുവുമായി നടന്ന സംഭാഷണങ്ങളായിരുന്നു. അവര്‍ തമ്മിലുണ്ടായ കൂടിക്കാഴ്ച്ചയില്‍ പല വിയോജിപ്പുകള്‍ ഗാന്ധി മുന്നോട്ടുവെച്ചു. എന്നാല്‍ പിന്നീട് ഗുരു പറഞ്ഞകാര്യങ്ങളാണ് ജാതിയെക്കുറിച്ചുള്ള പുനരാലോചനകളില്‍ ഗാന്ധിയെ അങ്ങേയറ്റം സ്വാധീനിച്ചത്: നാരായണ ഗുരുവിനെക്കുറിച്ച് പറയുകയും അത് കൂടുതല്‍ വിശദമാക്കുകയും ചെയ്തു ഗുഹ.
ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഗാന്ധിക്ക് കത്തുകളയച്ചിരുന്ന തമിഴനായ ലാസറസിന്റെ കാര്യവും ഗുഹ പറഞ്ഞു. അദ്ദേഹമാണ് ഗാന്ധിയോട് ദക്ഷിണാഫ്രിക്കയിലെ വംശവെറിയെക്കുറിച്ച് കത്തുകളിലൂടെ നിരന്തരമായ സംസാരിച്ചു കൊണ്ടിരുന്നത്-ഗുഹ വിശദീകരിച്ചു: യു.പി കേന്ദ്രീകരിക്കുന്ന ഒരു ‘ഇന്ത്യന്‍ സാംസ്‌ക്കാരികത’ രൂപപ്പെടുന്നു. ദല്‍ഹിയിലെ പത്രമാഫീസുകളെല്ലാം നോയിഡയിലേക്ക് (യു.പി) മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ യു.പി മുഖ്യമന്ത്രി ആദിത്യനാഥിന് ഇതു കൂടുതല്‍ സൗകര്യം നല്‍കുന്നു. ബി.ജെ.പി ചെയ്യുന്ന കാര്യങ്ങളെ മൗനം പാലിച്ച് അംഗീകരിക്കുന്ന മാധ്യമ ലോകമാണ് നോയിഡയില്‍ ദേശീയ തലത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സിദ്ദീഖ് കാപ്പന്‍ എന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ഒരു വര്‍ഷമായി യു.പി ജയിലില്‍ കിടക്കുന്നു. ദേശീയ മാധ്യമങ്ങള്‍ക്ക് ഇതു വാര്‍ത്ത പോലുമല്ലാതായിരിക്കുന്നു. ആര്‍.എസ്.എസ് അല്ലാത്ത ഒരു സര്‍ക്കാരിതര സംഘടനയും രാജ്യത്ത് വേണ്ട എന്ന നിലയിലാണ് സംഘപരിവാര്‍ നീക്കങ്ങള്‍. ഹര്‍ഷ് മന്ദിറിന് നേരെ നടന്ന നീക്കങ്ങള്‍ ഇതു വ്യക്തമാക്കാന്‍ പോന്നതാണ്.


പിന്നീട് കോട്ട നീലിമ (രാജ്യത്തെ കര്‍ഷക ആത്മഹത്യ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ ആഴത്തിലെഴുതിയ ഇവരുടെ ‘ വിദര്‍ഭയുടെ വിധവകള്‍’ വലിയ ശ്രദ്ധ നേടിയ പുസ്തകമാണ്) ഗുഹയുമായി നടത്തിയ ഒരു മണിക്കൂര്‍ സംഭാഷണവുമുണ്ടായിരുന്നു. പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കപ്പെട്ട സംഭാഷണമായിരുന്നു അത്. അപ്പോഴെല്ലാം ഞാന്‍ നാരായണ ഗുരുവുമായി ബന്ധപ്പെട്ട എന്റെ ഓര്‍മ്മയുടെ മടക്കുകളിലേക്ക് താല്‍ക്കാലികമായി അപ്രത്യക്ഷമായ കാര്യത്തെക്കുറിച്ച് ഓര്‍ത്തുകൊണ്ടേയിരിക്കുകയായിരുന്നു. കവിത വായിക്കുന്ന അടുത്ത സെഷനില്‍ സച്ചിദാനന്ദന്റെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത രണ്ടു കവിതകള്‍ ഞാനും വായിച്ചു. എനിക്കു തൊട്ടുപിന്നില്‍ ചുമരില്‍ കാട്ടുപോത്തിന്റെ തല ഞങ്ങളെയെല്ലാം ഊർന്നുനോക്കിക്കൊണ്ട് അവിടെത്തന്നെയുണ്ടായിരുന്നു. വിവര്‍ത്തനത്തെക്കുറിച്ച് ബെന്യാമിനും കന്നഡ എഴുത്തുകാരന്‍ വിനോദ് ഷാന്‍ ബാഗും തമ്മിലുള്ള സംഭാഷണം, കെ.ആര്‍ മീര, കോട്ട നീലിമ, ആര്‍ത്തി മുത്തണ്ണ സിംഗ് എന്നിവര്‍ പങ്കെടുത്ത സംവാദം, അന്‍ജു ചൗഹാന്‍ പങ്കെടുത്ത സിനിമക്കുവേണ്ടിയുള്ള എഴുത്ത് തുടങ്ങിയ സെഷനുകള്‍ തുടർന്നു നടന്നു. രണ്ടാം ദിവസം മലയാളിയായ കന്നഡ-ഇംഗ്ലീഷ് വിവര്‍ത്തക സൂസന്‍ ഡാനിയല്‍ (കേന്ദ്രസാഹിത്യ അക്കാദമിയുടെ വിവര്‍ത്തന പുരസ്‌ക്കാര ജേതാവ്) ആദരിക്കപ്പെട്ടു. നീലഗിരിയിലെ ആദിമനിവാസികളായ തോഡകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും അവരെക്കുറിച്ച് അതിഗംഭീരമായ പുസ്തകം (തോഡ ലാന്റ്സ്‌കേപ്പ്) എഴുതുകയും ചെയ്ത തരു ചാബ്രയുമായുള്ള സംഭാഷണം, ബോളിവുഡ് വിട്ട് കൂനൂരില്‍ പ്രകൃതിയോട് ചേർന്ന് ജീവിക്കുന്ന മുന്‍ ഹിറ്റ്മേക്കര്‍ മന്‍സൂര്‍ ഖാന്‍, നീലഗിരിയില്‍ വനസസ്യങ്ങളുടെ നഴ്സറി സ്ഥാപിച്ച് കാട്ടുമരങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ പരിശ്രമിക്കുന്ന ഗോവിന്ദ് വസന്ത് ബോസ്‌ക്കോ എന്നിവരുമായുള്ള ചര്‍ച്ചകള്‍ പുതിയ പല ആകാശങ്ങളിലേക്കും കൊണ്ടുപോയി. അവസാന സെഷന്‍ ഗ്വാളിയോര്‍ ഖരാനയുടെ പ്രതിനിധിയായ നീല ഭാഗവത്തിന്റെ മറാത്തി യോഗിനിമാരെക്കുറിച്ചുള്ള അഭംഗുകളുടെ കച്ചേരിയായിരുന്നു. തമിഴ്സാഹിത്യം ഈ മേളയില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നത് പോരായ്മയായി തോന്നി. കോവിഡ് മൂലം ഏതാണ്ട് രണ്ടു വര്‍ഷമായി ഓഫ് ലൈന്‍ പരിപാടികളില്‍ ഒന്നും പങ്കെടുക്കാന്‍ പറ്റിയിരുന്നില്ല. ഊട്ടിയിലെ ദിവസങ്ങള്‍ അതിനാല്‍ തന്നെ ആശ്വാസം പകർന്നു.


യാത്രക്ക് മുമ്പ് നരിക്കുത്തും നരിനായാട്ടും ചെന്നിറങ്ങിയ ഉടനെ വേട്ടച്ചുമരുകളും കണ്ടതുകൊണ്ടായിരിക്കണം നാരായണ ഗുരുവിന് പുലിത്തോല്‍ കാല്‍പ്പടമായി മാറിയ ഫോട്ടോഗ്രാഫ് ഓര്‍മ്മയിലേക്ക് വന്നത്. രാമചന്ദ്രഗുഹയുടെ നാരായണ ഗുരു-ഗാന്ധി പരാമര്‍ശ വേളയില്‍ ഈ ഫോട്ടോഗ്രാഫ് എന്തുകൊണ്ടോ ഓര്‍ത്തുപോയി. ശിഷ്യര്‍ക്കൊപ്പമുള്ള ഗുരുവിന്റെ ആറ് സംഘചിത്രങ്ങളില്‍ അദ്ദേഹം കസേരയിലിരുന്ന് കാല്‍നീട്ടിവെച്ചിട്ടുള്ളത് പുലിത്തോലിലേക്കാണ്. 1922നു ശേഷം എടുത്തിട്ടുള്ള ചിത്രങ്ങളാണിവ. 70 ഓളം ശിഷ്യന്‍മാരുമായി (കുട്ടികളടക്കം) ഗുരു ഇരിക്കുന്ന ചിത്രത്തിലെ ഏറ്റവും മുന്നില്‍ (ഫോര്‍ ഗ്രൗണ്ടില്‍) രണ്ടു പുലിത്തോലുകള്‍ വിരിച്ചിരിക്കുന്നത് കാണാം. ആ ഫോട്ടോയുടെ ഫ്രെയിമിലേക്ക് പുലിത്തോലുകള്‍ ആരു കൊണ്ടുവെച്ചതായിരിക്കും? അക്കാലത്തെ ഫോട്ടോഗ്രഫിയെ നിയന്ത്രിച്ച കോളോണിയല്‍ ബോധമുള്ള ഒരു ഫോട്ടോഗ്രഫര്‍? അതിനെക്കുറിച്ച് ഊഹിക്കാൻ മാത്രമേ ഇപ്പോള്‍ കഴിയൂ. 1928ല്‍, ഗുരു മരിച്ച വര്‍ഷമാണത്, ശ്രീനാരായണ ധര്‍മസംഘം പ്രവര്‍ത്തകര്‍ക്കൊപ്പമെടുത്ത ചിത്രത്തിലും പുലിത്തോലുണ്ട്.
ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്‍കുകുള്ളില്‍ നിന്‍
തിരുമെയ് വിട്ടകലാതെ ചിന്തയും
ഇങ്ങിനെ പറഞ്ഞ ഗുരുവിന്റെ കാല്‍പ്പടമായി ഒരു പുലിത്തോല്‍ വരുമോ? പക്ഷെ അതു സംഭവിച്ചിരിക്കുന്നു. അത്രമാത്രം.