ബി.ആർ.പി: ​ഗുരുവും പാഠശാലയും

1995ലാണ് ഞാൻ ഏഷ്യാനെറ്റിൽ എത്തുന്നത്. അച്ചടി മാധ്യമത്തിൽ നിന്ന് ദൃശ്യമാധ്യമ ലോകത്തേക്കുള്ള എന്റെ ഒരു മാറ്റം കൂടിയായിരുന്നു അത്. അത്ര ആത്മവിശ്വാസത്തോടെ ആയിരുന്നില്ല അങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തുന്നത്. അതുവരെ ജോലി ചെയ്തിരുന്ന സ്ഥലത്ത് ചെറിയരൂപത്തിൽ സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചിരുന്നതുകൊണ്ട് അക്കാലത്ത് ഒരു ജോലിയുടെ ആവശ്യവുമുണ്ടായിരുന്നു. സബ് എഡിറ്റർ പോസ്റ്റിലായിരുന്നു ഏഷ്യാനെറ്റിലെ എന്റെ നിയമനം.

എങ്ങനെയാണ് വിഷ്വൽ മീഡിയയിലെ ജോലിയുടെ രീതിയെന്ന് കാര്യമായ ധാരണ ഇല്ലാതിരുന്ന സമയത്താണ് ബാബു ഭാസ്കർ എന്ന വലിയ മനുഷ്യനെ പരിചയപ്പെടുന്നത്. അന്ന് അദ്ദേഹത്തിന്റെ പരിപാടികളിലൊക്കെ ബൈലൈനിൽ ബാബു ഭാസ്കർ എന്ന പേര് തന്നെയാണ് ഉപയോ​ഗിച്ചിരുന്നത്. അതുകൊണ്ട് ഞങ്ങളൊക്കെ അദ്ദേഹത്തെ അറിഞ്ഞതും പരിചയപ്പെടുന്നതും ബാബു ഭാസ്കർ എന്ന പേരിലായിരുന്നു. അദ്ദേഹവും ഏറെ നാൾ അച്ച​ടി മാധ്യമലോകത്ത് ഉണ്ടായിരുന്ന ആളായിരുന്നു. ദൃശ്യമാധ്യമത്തിലേക്ക് മാറുന്ന സമയത്ത് നമ്മുടെ കാഴ്ച്ചപാടുകൾ എങ്ങനെ മാറണമെന്നും പ്രവർത്തനങ്ങളെ എങ്ങനെ ക്രമീകരിക്കണമെന്നും അദ്ദേഹം ഞങ്ങൾക്ക് അറിവ് പകർന്നു നൽകി.

ബി.ആർ.പി ഭാസ്കർ. കടപ്പാട്:asianet

ജോലിയിലേക്ക് കടക്കുന്നതിന് മുമ്പുള്ള പരിശീലന ക്ലാസുകളിലും അതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളിലുമെല്ലാം ബാബു സാറിന്റെ വലിയ പങ്കാളിത്തമുണ്ടായിരുന്നു. പങ്കാളിത്തമെന്നാൽ ഒരു കേവലമായ സാന്നിധ്യം മാത്രമല്ല, വാർത്തയുടെ ആമുഖം തീരുമാനിക്കുന്നതിൽ, ഭാഷയുടെ കാര്യത്തിൽ, വാർത്തകൾ വിലയിരുത്തുന്നതിൽ, എങ്ങനെയാണ് വാർത്തകൾ കൈകാര്യം ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളിലെല്ലാം അന്നത്തെ ടീമിന് വലിയ തുണയായിരുന്നു ബി.ആ‍ർ.പിയുടെ സാന്നിധ്യം. സക്കറിയ, ടി.എൻ ​ഗോപകുമാർ, വി.കെ മാധവൻകുട്ടി തുടങ്ങിയ നിരവധി പേർ ഏഷ്യാനെറ്റെന്ന ഉദ്യമത്തിൽ കൂടെയുണ്ടായിരുന്നു. ശശികുമാർ സാറിന്റെ സൗഹൃദവലയത്തിലുള്ള പരമാവധി പേരെ ഇതിന്റെ ഭാ​ഗമാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു.

ബി.ആർ.പിയുടെ നേതൃത്വത്തിൽ നടന്ന പത്രവിശേഷം എന്ന പംക്തി തുടക്കക്കാരായ ഞങ്ങൾക്ക് വിഷ്വൽ മീഡിയയുടെ ബാലപാഠങ്ങൾ അടുത്തറിയാൻ ഏറെ സഹായകരമായ ഒരു പരിപാടിയായിരുന്നു. ബി.ആർ.പിയും സക്കറിയയും മാറിമാറിയായിരുന്നു ഓരോ ആഴ്ചയും പരിപാടി അവതരിപ്പിച്ചിരുന്നത്. അത് പ്രൊഡ്യൂസ് ചെയ്യുന്നതായിരുന്നു ഞങ്ങളുടെ ആദ്യ പരിശീലന ഘട്ടം. എങ്ങനെയാണ് വിഷ്വൽ റെക്കോർഡ് ചെയ്യേണ്ടത്, ആങ്കറിം​ഗ് പ്രോസസ് എങ്ങനെയാണ് റെക്കോർഡ് ചെയ്യേണ്ടത്, അതിൽ ഉൾപ്പെടുത്തേണ്ട പത്രങ്ങൾ എങ്ങനെയാണ് ഷൂട്ട് ചെയ്യേണ്ടത്, എങ്ങനെ എഡിറ്റ് ചെയ്യണം എന്നതെല്ലാം അതിൽ ഉൾപ്പെട്ടിരുന്നു. വളരെ ചെറിയ സംവിധാനങ്ങൾ മാത്രമുള്ള അന്ന് ഈ ഷൂട്ടിം​ഗും എഡിറ്റിം​ഗുമെല്ലാം ഭം​ഗിയായി പൂർത്തിയാക്കണമെങ്കിൽ നല്ല പ്ലാനിം​ഗ് ആവശ്യമായിരുന്നു. ഘട്ടം ഘട്ടമായി അതെല്ലാം കൈകാര്യം ചെയ്തില്ലെങ്കിൽ ശരിയായ രൂപത്തിൽ പ്രൊഡക്ഷൻ പൂർത്തിയാക്കാ‍ൻ കഴിയില്ല. ഇന്ന് അതൊക്കെ വളരെ ഈസിയാണ്. അന്ന് എല്ലാ വിധത്തിലുള്ള മാർ​ഗ നിർദേശങ്ങളും തന്നിരുന്നത് ബാബു ഭാസ്കർ ആയിരുന്നു. എനിക്ക് പുറമെ നീലൻ, സി.എൽ തോമസ്, എൻ.കെ രവീന്ദ്രൻ എന്നിവരെല്ലാം ആ പരിപാടി ചിത്രീകരണം ചെയ്തു കൊണ്ടാണ് ടെലിവിഷൻ പരിശീലനം നേടുന്നത്.

വാർത്തകൾ അവലോകനം ചെയ്യുന്ന പരിപാടിയായിരുന്നു പത്രവിശേഷം. വളരെ ലളിതമായി അവതരിപ്പിച്ചിരുന്ന പരിപാടിയിൽ കൃത്യവും പക്വവുമായ നിലപാടുകളായിരുന്നു അദ്ദേഹം എടുത്തിരുന്നത്. ആ പക്വതയുള്ള നിലപാടുകൾക്ക് ഒരു വിമർശനാത്മകതയും ഉണ്ടായിരുന്നു. വാർത്തകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും ഞങ്ങൾക്കുള്ള ഒരു പാഠശാല കൂടിയായിരുന്നു പത്രവിശേഷം.

പത്രവിശേഷം അവതരിപ്പിക്കുന്ന ബി.ആർ.പി. കടപ്പാട്:asianet

ദേശീയതലത്തിൽ നടത്തിയ അദ്ദേഹത്തിന്റെ ദീർഘകാലത്തെ മാധ്യമപ്രവർത്തനാനുഭവങ്ങളും അറിവുകളും ഇടക്കിടെ ഞങ്ങളുമായി പങ്കുവെക്കാറുണ്ടായിരുന്നു. അത് ഞങ്ങൾക്ക് വലിയൊരു ഉൾക്കാഴ്ച നൽകിയ കാര്യമാണ്. മാധ്യമപ്രവർത്തനത്തെക്കുറിച്ച് അതുവരെ ഞങ്ങളുടെ മനസ്സിലുണ്ടായിരുന്ന ധാരണകളെ വല്ലാതെ മാറ്റിമറിക്കാൻ ഈ സംസാരങ്ങൾക്കായിട്ടുണ്ട്. ഓരോ സന്ദർഭത്തിലും അദ്ദേഹം ഇടപെട്ടിരുന്ന രീതിയെക്കുറിച്ചെല്ലാം അദ്ദേഹത്തിന്റെ ‘ന്യൂസ് റൂം’ പോലെയുള്ള പുസ്തകങ്ങളിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അതെല്ലാം അദ്ദേഹത്തിൽ നിന്ന് നേരിട്ട് സ്വാംശീകരിക്കാനായി എന്നതാണ് ഞങ്ങളുടെ ഭാ​ഗ്യം. പത്രവിശേഷം ഷൂട്ട് ചെയ്യാൻ പുളിയറക്കോണത്തേക്ക് പോകുന്ന യാത്രകളിലും മടക്കയാത്രകളിലും എഡിറ്റോറിയൽ മീറ്റിം​ഗുകളിലുമെല്ലാം ഞങ്ങളെ ചേർത്തിരുത്തി സംസാരിക്കുന്ന അദ്ദേഹം ഞങ്ങളിലേക്ക് ചില ഉൾക്കാഴ്ചകൾ പകർന്നുതരികയായിരുന്നു.

സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്ത മാധ്യമപ്രവർത്തനത്തെക്കുറിച്ച് പലപ്പോഴും നമ്മൾ വല്ലാത്ത ആ​ഗ്രങ്ങൾ പ്രകടിപ്പിക്കാറുണ്ട്. അത് നഷ്ടപ്പെട്ട് പോകാനുണ്ടായ ഒരു പശ്ചാത്തലം ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ ഇടപെടൽ രാജ്യത്ത് സൃഷ്ടിച്ചിട്ടുണ്ട്. അത്തരം പ്രതിസന്ധികളെ മറികടക്കാനുള്ള മാതൃകകൾ പതിറ്റാണ്ടുകൾക്ക് മുമ്പേ ബി.ആർ.പി ഭാസ്കർ സൃഷ്ടിച്ചിരുന്നു എന്ന് നമുക്കറിയാം. മാത്രമല്ല, അദ്ദേഹത്തിനെ വായിക്കുമ്പോഴും കേൾക്കുമ്പോഴും നമുക്കുണ്ടാവുന്ന അനുഭവങ്ങൾ, അത് കൂടിയാണ് യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ വലിയ സംഭാവന. ഒരു കാര്യം വ്യക്തതയോടെ മനസ്സിലാക്കി ഉൾക്കൊണ്ട് കഴിഞ്ഞാൽ ആര് നമ്മളിൽ സമ്മർദ്ദം ചെലുത്തിയാലും അത് തിരുത്താൻ കഴിയില്ല. തിരുത്തിയാൽ പിന്നെ ഒരാൾ ജേണലിസ്റ്റ് അല്ല എന്ന നിലപാട് അദ്ദേഹത്തിനുണ്ടായിരുന്നു. അതെല്ലാം പകർന്ന് കിട്ടിയത് ഞങ്ങൾക്ക് വലിയ ​ഗുണം ചെയ്തിട്ടുണ്ട്. പ്രായവും കാലഘട്ടത്തിന്റേതായ മാറ്റങ്ങളും അദ്ദേഹത്തിലുണ്ടായിരുന്നതുകൊണ്ട് പിന്നീടുള്ള ഒരു കാലഘട്ടത്തിന് അത് പകർന്ന് കൊടുക്കാൻ ബി.ആർ.പി സാറിന് കഴിഞ്ഞിട്ടുണ്ടാവണമെന്നില്ല. ഇതിനോടെല്ലാം ചേർത്തു പറയേണ്ട ഒരു കാര്യം, മരണം അദ്ദേഹത്തെ സ്പർശിക്കുന്ന അവസാന സമയം വരെയും തന്റെ ചുറ്റുമുള്ള സാമൂഹ്യ സാഹചര്യങ്ങളോടും വാർത്തകളോടും ആ വലിയ മനുഷ്യൻ പ്രതികരിച്ചു കൊണ്ടോയിരുന്നു. പ്രതിബദ്ധതയുള്ള ഒരു മാധ്യമപ്രവർത്തകന് മാത്രം സാധ്യമായ കാര്യമാണത്. ബാബു ഭാസ്കർ എന്ന ഞങ്ങളുടെ പ്രിയ ​ഗുരുവിന് പ്രണാമം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

June 9, 2024 12:54 pm