കുതിച്ചുയരുന്ന കെട്ടിട നിർമ്മാണം കേരളത്തിനോട് പറയുന്നതെന്ത്?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കോവിഡ് കാലത്തിന് ശേഷം കേരളത്തിലെ നിർമ്മാണ മേഖലയിൽ വലിയ വളർച്ചയുണ്ടായി എന്ന് വ്യക്തമാക്കുന്നതാണ് സംസ്ഥാന സാമ്പത്തിക-സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ 2022-23-ലെ ബിൽഡിങ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട്. 2025 മാർച്ച് 26ന് പുറത്തുവന്ന റിപ്പോ‍ർട്ട് വീടുകളുടെയും ഇതര കെട്ടിടങ്ങളുടെയും നിർമ്മാണത്തിൽ കേരളത്തിൽ രൂപപ്പെടുന്ന പുതിയ പ്രവണതകളെക്കുറിച്ച് വ്യക്തമായ ചിത്രം നൽകുന്നുണ്ട്. കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും റെസിഡൻഷ്യൽ, നോൺ റസിഡൻഷ്യൽ ബിൽഡിം​ഗുകളുടെ കണക്കുകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീടുകളും വാണിജ്യ-വ്യവസായ സ്ഥാപനങ്ങളും നഗരപ്രദേശങ്ങളെക്കാൾ ​ഗ്രാമങ്ങളിലാണ് കൂടുതലായി നിർമ്മിക്കപ്പെടുന്നത് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കെട്ടിടങ്ങളുടെ കണക്ക് നോക്കിയാൽ കേരളത്തിൽ ഗ്രാമ-നഗര വ്യത്യാസങ്ങൾ ഇല്ലാതാവുകയാണെന്നാണ് റിപ്പോർട്ടിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. 2022-23 വർഷത്തെ കണക്ക് പ്രകാരം വീടുകളും വാണിജ്യ സ്ഥാപനങ്ങളുമാണ് കേരളത്തിൽ കൂടുതലായി നിർമ്മിക്കപ്പെടുന്നത് എന്ന് കാണാം. തൊഴിലിടങ്ങളായി പരി​ഗണിക്കാവുന്ന വ്യവസായശാലകളും മറ്റ് സ്ഥാപനങ്ങളും മിക്ക പ്രദേശങ്ങളിലും കുറവാണ് (കെട്ടിടങ്ങളുടെ കണക്ക് പ്രകാരം). വീട് നിർമ്മിക്കുന്നതിനും ഉപഭോ​ഗ ആവശ്യങ്ങൾക്കുമാണ് കേരളം കൂടതൽ വിഭവം/ധനം ചെലവഴിക്കുന്നത് എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. ലൈഫ് മിഷൻ പോലെയുള്ള ഹൗസിം​ഗ് പദ്ധതികളുടെ പ്രതിഫലനവും വീടുകളുടെ എണ്ണം കൂടാനിടയായിട്ടുണ്ടെന്ന് വിലയിരുത്താം. ഒരു ചതുരശ്ര കിലോമീറ്ററിനുള്ളിൽ കുറ‍ഞ്ഞത് 16 വീടുകൾ എന്നതാണ് ഈ റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ ശരാശരി. നിർമ്മാണം നടക്കുന്ന ഏരിയയുടെ വിസ്തീർണ്ണം കൂടുകയും ഒഴിവിടങ്ങൾ കുറയുകയും ചെയ്യുന്നു എന്നാണ് ഈ കണക്ക് അർത്ഥമാക്കുന്നത്.

ഗ്രാമപ്രദേശങ്ങളിലേക്ക് നീളുന്ന കേരളത്തിന്റെ നിർമ്മാണ വളർച്ച എന്തെല്ലാം പ്രതിഫലനങ്ങളാണ് സൃഷ്ടിക്കുക? കേരളത്തിന്റെ ഭൂവിനിയോ​ഗത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് അതിലൂടെ സൃഷ്ടിക്കപ്പെടാൻ പോകുന്നത്? ജനസംഖ്യ കൂടുതലും ഭൂവിസ്തൃതി കുറവുമുള്ള സംസ്ഥാനത്തെ ഈ പ്രവണത എങ്ങനെയാണ് ഭാവിയിൽ ബാധിക്കാൻ പോകുന്നത്? കാലാവസ്ഥാ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളത്തെ സംബന്ധിച്ച് ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ 2022-23-ലെ ബിൽഡിങ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ കേരളം ​ഗൗരവത്തോടെ പരി​ഗണിക്കേണ്ടതാണ്.

മുന്നിൽ മലപ്പുറം ജില്ല

2022-2023 ൽ കേരളത്തിൽ പുതിയതായി മൊത്തം 4,39,857 കെട്ടിടങ്ങളാണ് ഉയർന്നിട്ടുള്ളത് എന്ന് റിപ്പോർട്ട് പറയുന്നു. ഇതിൽ താമസിക്കാൻ പറ്റുന്ന (residential) കെട്ടിടങ്ങൾ 3,17,630 എണ്ണവും പാർപ്പിടേതര കെട്ടിടങ്ങൾ (non – residential) 1,22,227 എണ്ണവുമാണ്. കോവിഡിന് ശേഷം കേരളത്തിൽ നിർമ്മിച്ച കെട്ടിടങ്ങളുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് 11.13 ശതമാനം വർധിച്ചിരിക്കുന്നു. കെട്ടിടങ്ങളുടെ എണ്ണത്തിൽ മലപ്പുറം ജില്ലയാണ് ഏറ്റവും മുന്നിലുളത്. 62,576 കെട്ടിടങ്ങളാണ് മലപ്പുറം ജില്ലയിൽ ഈ സാമ്പത്തിക വർഷം നിർമ്മിച്ചത്. തൊട്ട് പിറകിൽ തിരുവനന്തപുരം ജില്ല (56,709). ഇടുക്കിയും (10,598) വയനാടുമാണ് (13,102) നിർമ്മാണ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഏറ്റവും പിന്നിലുള്ളത്. കെട്ടിടങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ എറണാകുളത്തേക്കാൾ വളർച്ചയാണ് തിരുവനന്തപുരത്ത് ഉണ്ടായിട്ടുള്ളത് എന്ന് കാണാം. 2011ലെ സെൻസസ് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയിൽ ഒന്നാമത് മലപ്പുറവും രണ്ടാമത് തിരുവനന്തപുരവുമാണ്. കെട്ടിടങ്ങളുടെ എണ്ണം ഈ ജനസംഖ്യാ കണക്കിന് ആനുപാതികമായി നിൽക്കുന്നതായാണ് മനസ്സിലാക്കാൻ കഴിയുന്നത്.

കെട്ടിട സാന്ദ്രതയിൽ തിരുവനന്തപുരം

2022-2023 കാലയളവിൽ പുതുതായി നിർമ്മിച്ച കെട്ടിടങ്ങളുടെ സാന്ദ്രത, കെട്ടിടങ്ങളുടെ എണ്ണത്തെ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുമായി (വനപ്രദേശങ്ങൾ ഒഴികെ) താരതമ്യം ചെയ്തുകൊണ്ട് കണക്കാക്കുമ്പോൾ, സംസ്ഥാനത്ത് ഒരു ചതുരശ്ര കിലോമീറ്ററിൽ ശരാശരി 16 പുതിയ നിർമ്മിതികൾ ഉണ്ടാകുന്നതായാണ് റിപ്പോർട്ട് പറയുന്നത്. 2021-22ലെ കണക്ക് പ്രകാരം ഒരു ചതുരശ്ര കിലോമീറ്ററിൽ 14 ആയിരുന്നു സാന്ദ്രത. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം ജില്ലയിലാണ് 2022-2023 കാലയളവിൽ ഏറ്റവും കൂടുതൽ കെട്ടിട സാന്ദ്രത. ഒരു ചതുരശ്ര കിലോമീറ്ററിൽ 34 കെട്ടിടങ്ങളാണ് തിരുവനന്തപുരം ജില്ലയിലുള്ളത്. തൊട്ട് പിറകിൽ മലപ്പുറം ജില്ല, 25 കെട്ടിടങ്ങൾ. മലമ്പ്രദേശമായ ഇടുക്കിയിലാണ് ഏറ്റവും കുറഞ്ഞ സാന്ദ്രത രേഖപ്പെടുത്തിയത്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിൽ സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ് കെട്ടിട സാന്ദ്രത. ശരാശരിയിലോ അതിൽ താഴെയോ ആണ് ശേഷിക്കുന്ന ഒമ്പത് ജില്ലകളുടെ സ്ഥാനം.

2022 – 2023 സാമ്പത്തിക വർഷത്തിൽ വീടുകൾ ഉൾപ്പെടുന്ന വാസയോഗ്യമായ കെട്ടിടങ്ങളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വർഷത്തിൽ മൊത്തം 3,17,630 കെട്ടിടങ്ങൾ ആണ് നിർമ്മിച്ചിട്ടുള്ളത്. ഇതിൽ ജനവാസമുള്ള വീടുകൾ 3,13,468 ഉം അഭയ കേന്ദ്രങ്ങൾ, ഔട്ട് ഹൗസുകൾ ഉൾപ്പെടെ 4162 കെട്ടിടങ്ങളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ റസിഡൻഷ്യൽ നിർമ്മിതികൾ ഉള്ളത്, 49,742 എണ്ണം. മലപ്പുറം രണ്ടാം സ്ഥാനത്ത് (39,037). ക്രമാതീതമായി വർധിക്കുന്ന കെട്ടിടങ്ങളുടെ സാന്ദ്രത തിരുവനന്തപുരം ജില്ലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ ആശങ്കയുണർത്തുന്നുണ്ട്.

2022-2023 കാലയളവിൽ കേരളത്തിൽ 3,13,468 വീടുകളുടെ നിർമ്മാണമാണ് നടന്നത്, ഇത് പുതുതായി നിർമ്മിച്ച എല്ലാ തരം കെട്ടിടങ്ങളുടെയും 71.27 ശതമാനമാണ്. ഇതിൽ 72.01 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ് (2,25,730). 27.99 ശതമാനം നഗരപ്രദേശങ്ങളിൽ (87,738). തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ വീടുകൾ (49,606), തൊട്ടുപിന്നിൽ മലപ്പുറവും (38,350). ഏറ്റവും കുറവ് വീടുകൾ ഇടുക്കിയിലും വയനാട്ടിലും. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് കൂടുതൽ വീടുകളും നിർമ്മിക്കപ്പെടുന്നത് എന്നത് നഗരപ്രദേശങ്ങളും ഗ്രാമവും തമ്മിലുള്ള വ്യത്യാസത്തെ ഇല്ലാതാക്കുന്നു.

മലപ്പുറം ജില്ലയിലും ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതൽ വീടുകൾ ഉയർന്നിട്ടുള്ളത്. 31,204 വീടുകൾ. എന്നാൽ മലപ്പുറത്തെ നഗരപ്രദേശങ്ങളിൽ 7146 വീടുകളാണ് നിർമ്മിക്കപ്പെട്ടത്. എറണാകുളവും പാലക്കാടും തൃശൂരും ഉൾപ്പെടെയുള്ള ജില്ലകളിലും ഗ്രാമപ്രദേശങ്ങൾ തന്നെയാണ് ആളുകൾ വീട് പണിയുന്നതിനായി തെരഞ്ഞെടുക്കുന്നത് എന്നാണ്‌ ഡാറ്റ പറയുന്നത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ കെട്ടിടങ്ങൾ ഉയർന്നിട്ടുള്ളത്. തലസ്ഥാനനഗരം കൂടുതൽ തിരക്കേറിയതും ജന സാന്ദ്രതയുള്ളതുമായി പരിണമിക്കുന്നു എന്നാണ് ഈ കണക്കുകൾ പറയുന്നത്.

2022-2023 സാമ്പത്തിക വർഷത്തിൽ, കേരളത്തിൽ പുതിയതായി നിർമ്മിക്കപ്പെട്ടത് 1,22,227 നോൺ റസിഡൻഷ്യൽ കെട്ടിടങ്ങളാണ്. ഇത് പുതുതായി നിർമ്മിച്ച മൊത്തം കെട്ടിടങ്ങളുടെ ഏകദേശം 27.78 ശതമാനമാണ്. നോൺ റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ റിഫൈനറി, ഫാക്ടറികൾ, വർക്ക്‌ഷോപ്പുകൾ, ടെക്സ്റ്റൈൽ മില്ലുകൾ, ഫുഡ് പ്രോസസ്സിംഗ് പ്ലാൻ്റുകൾ, പവർ പ്ലാൻ്റുകൾ തുടങ്ങിയ ഇൻഡസ്ട്രിയൽ കെട്ടിടങ്ങളും കടകൾ, വെയർ ഹൗസുകൾ, ഓഫീസുകൾ, സിനിമ തിയേറ്ററുകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, ഓഡിറ്റോറിയം, കൺവെൻഷൻ സെൻ്ററുകൾ തുടങ്ങിയ വ്യാവസായിക നിർമ്മിതികളും സ്കൂളുകൾ, കോളജുകൾ, ഗവണ്മെൻ്റ് ഓഫീസുകൾ, ഡിസ്‌പെൻസറികൾ, ലൈബ്രറികൾ, അനാഥ ആശ്രമങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളും ഉൾപ്പെടുന്നു.

23,539 നോൺ റസിഡൻഷ്യൽ കെട്ടിടങ്ങളുമായി മലപ്പുറം ജില്ലയാണ് മുന്നിൽ ഉള്ളത്. അവിടെ വ്യാവസായിക സ്ഥാപനങ്ങൾ 875 എണ്ണവും വാണിജ്യ സ്ഥാപനങ്ങൾ 20,712 ഉം സ്ഥാപനങ്ങൾ 553 എണ്ണവുമാണ്. തൊട്ടുപിന്നിൽ കോഴിക്കോട് ജില്ലയാണ്, 15,156. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലാണ്, 2,496. ബസ് സ്റ്റോപ്പുകൾ, വീടുകളിലെ കാലി തൊഴുത്തുകൾ, പമ്പ് ഹൗസുകൾ എന്നിവയുടെ വളർച്ചയിലും മലപ്പുറമാണ് ഒന്നാം സ്ഥാനത്തുള്ളത്. ജനസാന്ദ്രത താരതമ്യേന കൂടുതലുള്ള എറണാകുളം ജില്ല ഇതിൽ രണ്ടാം സ്ഥാനത്തുണ്ട്.

പുതിയ വ്യാവസായിക കെട്ടിടങ്ങളുടെ നിർമ്മാണത്തിൽ എറണാകുളം ജില്ലയാണ് മുന്നിലുള്ളത്. 2022-23 കാലയളവിൽ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വ്യാവസായിക കെട്ടിടങ്ങളുടെയും ഏകദേശം 17 ശതമാനവും എറണാകുളം ജില്ലയിലാണ്. നോൺ റസിഡൻഷ്യൽ കെട്ടിടങ്ങളിൽ വാണിജ്യ സ്ഥാപനങ്ങളാണ് കേരളത്തിൽ കൂടുതൽ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. എല്ലാ ജില്ലകളിലും ശരാശരി 85.86 ശതമാനം വാണിജ്യ കെട്ടിട വികസനമാണ് ഉണ്ടായിട്ടുള്ളത്. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാവസായിക സ്ഥാപനങ്ങളും വാണിജ്യ സ്ഥാപനങ്ങളും ഇൻസ്റ്റിറ്റ്യൂഷനുകളും ഉണ്ടായിട്ടുള്ളത് ഗ്രാമപ്രദേശങ്ങളിൽ ആണെന്ന് കാണാം. കേരളത്തിൽ പ്രസ്തുത സാമ്പത്തിക വർഷം മൊത്തം നിർമ്മിക്കപ്പെട്ട വാണിജ്യ സ്ഥാപനങ്ങളിൽ 75,253 എണ്ണം സ്ഥിതി ചെയ്യുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. 29,696 വാണിജ്യ കേന്ദ്രങ്ങൾ ആണ് ആ വർഷം നിർമ്മിക്കപ്പെട്ടത്. വ്യാവസായിക സ്ഥാപനങ്ങളും ഗ്രാമപ്രദേശങ്ങളിലായാണ് കൂടുതൽ നിർമ്മിക്കപ്പെട്ടത്.

ഗ്രാമപ്രദേശങ്ങളിലെ ഈ നിർമ്മാണങ്ങൾ വികസന പ്രവർത്തനങ്ങളായി അടയാളപ്പെടുത്താമെങ്കിലും അത് ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പരി​ഗണിക്കാതെ പോകരുത്. ഗ്രാമപ്രദേശങ്ങളിലെ ഏത് ഭൂമിയാണ് വ്യാവസായിക-വാണിജ്യ ആവശ്യങ്ങൾക്കായി തരം മാറ്റിയിരിക്കുന്നത് എന്നൊന്നും ഡാറ്റയിൽ പറയുന്നില്ല. ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള നിർമ്മാണ പ്രവർത്തനം വികസനം (പ്രത്യേകിച്ച് വ്യാവസായിക-വാണിജ്യ നിർമ്മിതികൾ) സൃഷ്ടിക്കുന്ന മലിനീകരണ പ്രശ്നങ്ങളും വലിയ പ്രത്യാഘാതങ്ങൾ സൃഷിടിക്കാൻ ഇടയുണ്ട്.

2023 മാർച്ച് വരെ നിർമ്മിച്ച വാസയോഗ്യമായ വീടുകളുടെ എണ്ണം ഏറ്റവും കൂടുതലുള്ള സ്ഥലം കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ബ്ലോക്കാണ്, രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലയിലെ നേമം ബ്ലോക്കും. 2023 മാർച്ച് മാസം വരെ ഏറ്റവും കൂടുതൽ വാസയോഗ്യമായ വീടുകൾ നിർമ്മിച്ചത് മലപ്പുറം മഞ്ചേരി മുനിസിപ്പാലിറ്റിയിലാണ്. തൊട്ടുപിന്നിൽ ആലപ്പുഴ മുനിസിപ്പാലിറ്റിയും. കോർപ്പറേഷൻ തലത്തിൽ, വാസയോഗ്യമായ വീടുകളുടെ എണ്ണത്തിൽ തിരുവനന്തപുരം ജില്ലയാണ് മുന്നിലുള്ളത്. തൊട്ടുപിന്നിൽ കോഴിക്കോടും കൊച്ചി കോർപ്പറേഷനുമാണ്. ഏറ്റവും കുറവ് കണ്ണൂരിൽ ആണ്.

ഉടമസ്ഥാവകാശം കൂടുതൽ സ്വകാര്യ വ്യക്തികൾക്ക്

2022 – 2023 സാമ്പത്തിക വർഷത്തിൽ നിർമിക്കപ്പെട്ടിട്ടുള്ള മൊത്തം 4,39,857 കെട്ടിടങ്ങളുടെ 98. 01 ശതമാനവും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളവയാണ്. പൊതു നിർമ്മിതികൾ ഉള്ളത് വെറും 0.74 ശതമാനം മാത്രമാണ്. ആകെ 3244 കെട്ടിടങ്ങൾ. മലപ്പുറം ജില്ലയിലാണ് കൂടുതൽ സ്വകാര്യ വ്യക്തികളുടെ നിർമ്മിതികൾ ഉള്ളത്. സ്വകാര്യ ഉടമസ്ഥതയിലുള്ള നിർമ്മിതികളിൽ കൂടുതൽ എണ്ണത്തിന്റെയും ഉടമസ്ഥാവകാശം പുരുഷന്മാർക്കാണ്. ഓരോ ജില്ലയിലും ഉടമസ്ഥാവകാശത്തിൻ്റെ സ്ത്രീ പുരുഷാനുപാതം കണക്കാക്കുമ്പോൾ അതിൽ വലിയ അന്തരവും പ്രകടമാണ്. 14 ജില്ലകളിലും ഈ വ്യത്യാസം കാണുന്നുണ്ട്. സംസ്ഥാനത്തെ മൊത്തം കെട്ടിട അവകാശത്തിൻ്റെ സ്ത്രീ പുരുഷ അംശബന്ധം 1:2.76 ആണ്. ഏറ്റവും കൂടുതൽ കെട്ടിട നിർമ്മിതി രേഖപ്പെടുത്തിയ മലപ്പുറം ജില്ലയിലെ മൊത്തം കെട്ടിടങ്ങളിൽ 42,422 എണ്ണത്തിനും ഉടമകൾ പുരുഷന്മാരാണ്. അനുപാതത്തിൽ വലിയ വ്യത്യാസം ഉള്ളതും മലപ്പുറത്ത് തന്നെ.

കോവിഡിന് ശേഷമുള്ള കുതിപ്പ്

2021 – 2022 സാമ്പത്തിക വർഷത്തിൽ മൊത്തം 3,95,803 കെട്ടിടങ്ങൾ ഉണ്ടായിരുന്ന ഇടത്ത് 2022 – 2023 സാമ്പത്തിക വർഷം ആയപ്പോഴേക്കും അത് 4,39,857 ആയി വർധിച്ചു. 2015 – 2016 സാമ്പത്തിക വർഷം മുതലുള്ള കണക്കിൽ നിന്നും വലിയ വർധനവാണ് 2021 – 2023 ലേയ്ക്ക് എത്തുമ്പോൾ ഉണ്ടായത്. കോവിഡ് സമയത്തിന് മുമ്പ്, അതായത് 2018 – 19 സാമ്പത്തിക വർഷത്തിലും 2019 – 20 സാമ്പത്തിക വർഷത്തിലും കെട്ടിടങ്ങളുടെ നിർമ്മാണം മുൻവർഷങ്ങളെ അപേക്ഷിച്ച് വൻതോതിൽ ഉയർന്നിരുന്നു. എന്നാൽ 2020 മുതൽ 2022 വരെ വലിയ തോതിൽ നിർമ്മാണങ്ങൾ നടന്നിട്ടില്ല എന്നും ഡാറ്റ വ്യക്തമാക്കുന്നു.

കേരളത്തിൽ ഭവനരഹിതർക്ക് സൗജന്യമായി വീട് നൽകുന്ന സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതി കോവിഡിന് ശേഷമുള്ള ഈ ഒരു കുതിപ്പിന് കാരണമായി കണക്കാക്കാവുന്നതാണ്. കേരളത്തിലുടനീളം സ്വന്തമായി ഭൂമിയുള്ള ആളുകൾക്ക് മൂന്ന് ലക്ഷത്തിലധികം വീടുകളാണ് ഈ പദ്ധതി പ്രകാരം നിർമ്മിക്കപ്പെട്ടത് എന്നാണ് സർക്കാരിന്റെ കണക്കുകൾ കാണിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ വീടുകൾ വർദ്ധിക്കുന്നതിന്റെ ഒരു കാരണം ഇതുതന്നെയാകാം.

പരമ്പരാഗത മേൽക്കൂര രീതികളിൽ നിന്നും മാറി പുതിയതായി നിർമ്മിക്കപ്പെട്ട മിക്ക വീടുകളും കോൺക്രീറ്റ് നിർമ്മിതികളാണ്. ഓടിട്ട മേൽക്കൂര പോലും പല പ്രദേശങ്ങളിൽ നിന്നും അപ്രത്യക്ഷമായി. കോൺക്രീറ്റ് മേൽക്കൂരകൾക്ക് വലിയ താൽപര്യമാണ് ഇപ്പോഴുള്ളത്. 2022 – 2023 സാമ്പത്തിക വർഷത്തിൽ നിർമ്മിക്കപ്പെട്ട മൊത്തം കെട്ടിടങ്ങളിൽ 4,08,013 എണ്ണവും കോൺക്രീറ്റ് നിർമ്മിതിയാണ്. ഓടിട്ടത് 8709 ഉം, ഓല മേഞ്ഞത് 1246 എണ്ണവും. പരമ്പരാഗത രീതിയിൽ നിന്നുള്ള ഒരു വ്യതിചലനം എന്ന് മാത്രമായി ഈ പ്രവണതയെ കാണാനാകില്ല. ഉദ്‌വമനം ഉയരുകയും താപനില ക്രമാതീതമായി വർധിക്കുകയും ചെയ്യുന്നത് കോൺക്രീറ്റ് നിർമ്മിതികൾ കൂടുന്നതുകൊണ്ടാണ് എന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടും കേരളം അത് പരിഗണിക്കുന്നതേയില്ല എന്ന് കണക്കുകൾ പറയുന്നു.

വീടുകളും വാണിജ്യ സ്ഥാപനങ്ങളും കേരളത്തിൽ കൂടിക്കൊണ്ടിരിക്കുകയാണ് എന്ന് വ്യക്തമാക്കുന്ന ഈ റിപ്പോർട്ട് സംസ്ഥാന വികസനത്തെ സംബന്ധിച്ച് എന്തെല്ലാം സൂചനകളാണ് നമുക്ക് നൽകുന്നത്? ചില ജില്ലകളിൽ മാത്രമായി കെട്ടിട നിർമ്മാണത്തിലുണ്ടാകുന്ന ദ്രുതഗതിയിലുള്ള വളർച്ച, അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ പരിമിതപ്പെടുന്നതോടൊപ്പം വലിയ പാരിസ്ഥിതിക ഭീഷണികളും ഉയർത്തുന്നുണ്ട്‌. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ പരിമിതിയും ഭൂമിശാസ്ത്ര സവിശേഷതകളും പരി​ഗണിച്ചുകൊണ്ട് നിർമ്മാണത്തിൽ ചില നിയന്ത്രണങ്ങൾ ഭാവിയിൽ വേണ്ടിവരുമെന്നാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഒരു ചതുരശ്ര കിലോമീറ്ററിനുള്ളിൽ 34 കെട്ടിടങ്ങൾ നിർമ്മിക്കപ്പെടുക എന്നത് ​ഭൂ​ഗർഭജല സമ്മർദ്ദം കൂട്ടുകയും ജലമലിനീകരണത്തിന് കാരണമാവുകയും ചെയ്യും. നഗരങ്ങളിലെയും ​ഗ്രാമങ്ങളിലെയും അവശേഷിക്കുന്ന ഹരിതയിടങ്ങൾ വൈകാതെ മാഞ്ഞുപോകുമെന്നാണ് ഈ കണക്ക് പറയുന്നത്. അത് അർബൻ ഹീറ്റ് ഐലന്റ് (കെട്ടിടങ്ങൾ കൂട്ടുന്ന ചൂട്) പ്രതിഭാസങ്ങൾ കൂടിവരാൻ കാരണമാവുകയും കേരളം ജീവിക്കാൻ പ്രയാസമേറിയ ഇടമായിത്തീരുകയും ചെയ്യും. അനധികൃത നിർമ്മാണങ്ങൾ തടയുന്നതിനായുള്ള ശ്രമങ്ങൾ ഉറപ്പായും വേണ്ടതുണ്ട്. കേരളം നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധിയെ പരി​ഗണിക്കുന്ന വിധത്തിലാകണം ഓരോ നിർമ്മാണ പ്രവർത്തനങ്ങൾക്കും ഭാവിയിൽ അനുമതിയും നൽകേണ്ടത്.

Also Read

7 minutes read April 19, 2025 3:28 pm