സക്രിയതയുടെ ബലിദാനം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കേരളീയം ആർക്കൈവ്സിൽ നിന്നും. 2010 ആ​ഗസ്റ്റിൽ പ്രസിദ്ധീകരിച്ച ലേഖനം സി ശരത്ചന്ദ്രന്റെ ഓർമ്മ ദിവസം പുനഃപ്രസിദ്ധീകരിക്കുന്നു.

അവന്റെ ശരീരവും ആത്മാവും സക്രിയതയ്ക്കുവേണ്ടിയായിരുന്നു. മറ്റുള്ളവർക്ക് വേണ്ടി മാത്രമാണ് അവൻ മരിച്ചത്. അന്യന്റെ പ്രശ്നങ്ങൾക്കുവേണ്ടി ജീവിച്ച സക്രിയനായ രക്തസാക്ഷി. ഒരിക്കലും സ്വന്തം കാര്യം നോക്കിയിട്ടില്ലാത്ത ഒരാളുടെ മരണത്തിൽ മറ്റൊരാൾ കൂട്ടിനുണ്ടായത് വെറും യാദൃശ്ചികതയല്ല. എല്ലാവരെയും അവരുടെ പ്രശ്നങ്ങളെയും വഹിച്ചുപോകുന്ന ഒരു തീവണ്ടിയിൽ നിന്ന് വേർപെട്ട് അവൻ ലോകത്തോട് വിടപറഞ്ഞത് ഒരു പ്രതീകമായെടുക്കാനാണെനിക്കിഷ്ടം. ശരത്തിന്റെ മരണ വാർത്ത വന്നപ്പോൾ ആദ്യം വിശ്വസിച്ചില്ല. കാരണം അവനെ ഈ ലോകത്ത് ഇനിയും ആവശ്യമുണ്ടായിരുന്നു. രേഖകളില്ലാത്ത, അനാഥമായി പോകുന്ന എല്ലാ പ്രതിരോധ സമരങ്ങളെയും അവൻ തന്റെ ഡിജിറ്റൽ ക്യാമറ എന്ന ആയുധത്തിലൂടെ സനാഥമാക്കി. തന്റെ ക്യാമറയിലെ കാഴ്ചകൾ കൊണ്ട് ലോകത്തെ വിശ്വസിപ്പിച്ച് നമ്മുടെ പ്രതിരോധ സമരങ്ങൾക്ക് ഒരു പോസ്റ്റ് ഡിജിറ്റൽ ആഖ്യാനം നൽകിയ പോരാളിയായി അവൻ ജീവിച്ചു. സൈബർ യാഥാർത്ഥ്യങ്ങൾ കേവലം വെർച്വൽ റിയാലിറ്റികൾ മാത്രമായി ഒടുങ്ങിപ്പോകുമായിരുന്ന ഒരു കാലത്ത് തന്റെ ഡിജിറ്റൽ ക്യാമറയെ തിളയ്ക്കുന്ന യാഥാർത്ഥ്യങ്ങൾക്കുനേരെ തിരിച്ചുപിടിച്ച് അതിനെ തട്ടിമറിച്ചതിലുള്ള അവന്റെ പങ്ക് ചെ റുതല്ല. അതിനായി മാത്രം അവൻ വിദേശത്ത് പോയി കഠിനാദ്ധ്വാനം ചെയ്ത് അത്തരം ആവിഷ്ക്കരണോപാധികൾ സ്വന്തമാക്കി. പോകുമ്പോൾ കണ്ടിരുന്നില്ല. പക്ഷെ ആ​ഗ്രഹമറിയാമായിരുന്നു. അന്ന് എനിക്കും ഒരു 16 എം.എം ക്യാമറ സ്വപ്നമായിരുന്നു. പക്ഷെ പെട്ടെന്നാണ് ഡിജിറ്റൽ യുഗത്തിന്റെ പിറവിയുണ്ടായത്. ഇലക്ട്രോണിക് മീഡിയ പെട്ടെന്ന് സെല്ലുലോയ്ഡ് സിനിമാ സങ്കല്പങ്ങളെ തകിടം മറിച്ചു. തിരിച്ചുവന്നത് വീഡിയോ പ്രൊഡക്ഷൻ യൂണിറ്റായിട്ടാണ്. തന്റെ കാലത്തിന്റെ ചിഹ്നം ശിരസ്സാവഹിക്കുവാൻ ശരത് തയ്യാറായി. യാഥാസ്ഥിതികമായ ഒരു പുരോഗമന ബോധത്തിന്റെ മലയാളി പ്രാതിനിധ്യ
മായിരുന്നു ശരത്. ആദ്യഘട്ടത്തിൽ വി.എച്ച്.എസ് ക്യാമറയെ ക്ലാസിക് ‌ചലചിത്രകാരന്മാർ പുച്ഛത്തോടെ കളിയാക്കുന്ന കാലത്ത് ഒരു സങ്കോചവുമില്ലാതെ അവർക്ക് മുന്നിലൂടെ അതും കയ്യിലേന്തി യാഥാർത്ഥ്യങ്ങൾ പകർത്തി. ശരത് ഞാൻ കണ്ട യാഥാർത്ഥ്യങ്ങളെ അന്യന്റെ യാഥാർത്ഥ്യങ്ങളാക്കി മാറ്റി.

ശരത്ചന്ദ്രൻ ക്യാമറയുമായി. കടപ്പാട്:The Third Eye of Resistance

ഒരു ക്യാമറയും കുറച്ച് ഫിലിമും തന്നാൽ ഞാൻ സിനിമയെടുത്തു തരാം എന്ന് പറഞ്ഞ ജോണിന്റെ പിൽക്കാല സ്വപ്നങ്ങൾ വി.എച്ച്.എസിലും ഡിജിറ്റലുമായിരിക്കുമെന്ന് ഈ ലേഖകനും സങ്കല്പിച്ചിരുന്നു. ‘കയ്യൂർ’ പോലുള്ള തിരക്കഥകൾ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ജോൺ ഡിജിറ്റൽ മാധ്യമ ത്തിൽ സാക്ഷാത്കരിച്ചേനെ എന്ന് വിശ്വസിക്കുന്നയാളാണ് ഇതെഴുന്നയാൾ. ഇത്തരത്തിൽ ജോണിന്റെ ജനകീയമായ ചലചിത്ര സ്വപ്നങ്ങളെ യാഥാർത്ഥ്യവൽക്കരിച്ച ഒരു പിൻഗാ മിയാണ് ശരത്. മലയാളത്തിലെ ആദ്യത്തെ വീഡിയോ ആക്ടിവിസ്റ്റും ശരത് തന്നെയാണ്. ചാന്നാർ ലഹളയും, മാറുമറക്കൽ സമരവും, പ്രവേശന വിളംബരവും, വൈക്കം സത്യാഗ്രഹവും, കയ്യൂരും, കരിവെള്ളൂരും തുടങ്ങിയ നമ്മുടെ സക്രിയ സമരങ്ങളെല്ലാം അച്ചടി മാധ്യമത്തിലൂടെയാണ് രേഖീകൃതമായത്. കയ്യൂർ പോലും ചരിത്രത്തിൽ പുനഃസൃഷ്ടിക്കപ്പെടുമ്പോൾ വാമൊഴികൾ മാത്രമാണ് സാക്ഷ്യം. അക്കാലത്തെ പത്രവാർ ത്തകളോ, കോടതി രേഖകളോ ചരിത്രകാരനെ തുണച്ചേക്കാം. താൻ ജീവിക്കുന്നത് അത്തരമൊരു കാലത്തിലാണെന്ന് തിരിച്ചറിഞ്ഞതാണ് ശരത്തിന്റെ ക്രാന്തദർശിത്വം. വരും കാലത്ത് ഏറ്റവും വിശ്വസനീയമായ ഒരു രേഖ (documentary record) യാണ് താൻ തന്റെ ഡിജിറ്റൽ ക്യാമറയിലൂടെ അടയാളപ്പെടുത്തുന്നതെന്ന് സ്വയം ബോധ്യമുണ്ടായിരുന്ന ഭാവിയുടെ ചരിത്രകാരനായിരുന്നു ശരത്. തൊണ്ണൂറുകൾക്ക് ശേഷം നടന്ന ആഗോളവൽക്കരണാനന്തര കേരളത്തിന്റെ മിക്ക പ്രതിരോധ സമരങ്ങളും ശരത്തിന്റെ ക്യാമറ ഒപ്പിയെടുത്തു. അവ ഇന്ന് ജീവിക്കുന്ന ആർക്കൈവുകളാണ്. ഡിജിറ്റൽ മാധ്യമത്തിന്റെ വരവോടെ ലോകത്തെമ്പാടും സംഭവിച്ചത് ശരത്തിലൂടെയാണ്. ശരത് ഇനി ജീവിക്കാൻ പോകുന്നതും ഈ ഡിജിറ്റൽ ആർക്കൈവിലൂടെയാണ്. എഴുതപ്പെടുന്ന ചരിത്രത്തിലെ അവിശ്വസനീയതകൾ ഇല്ലാതാക്കാൻ മലയാളത്തിൽ പിറന്ന ദൃശ്യ ചരിത്രകാരനായി കാലം ശരത്തിന്റെ ഭാവിയിൽ വിലയിരുത്തും.

ശരത്, ബാബുരാജ് എന്നിവർ ആനന്ദ് പട്വർദ്ധനൊപ്പം. കടപ്പാട്:The Third Eye of Resistance

മാവൂർ സമരം രൂക്ഷമായപ്പോൾ ഏഷ്യാനെറ്റിലെ ജയചന്ദ്രനും രമേഷിനുമൊപ്പം സമരങ്ങളിൽ പോയി ഒരു ഡോക്യുമെന്ററി പ്ലാൻ ചെയ്തു. കുറച്ചൊക്കെയെടുത്തു. അക്കാലത്താണ് ശരത് മാവൂർ ചെയ്യാൻ വരുന്നത്. അവന്റെ പ്രതിബദ്ധതയെപ്പറ്റി നല്ല ബോധമുണ്ടായിരുന്നു. കെ.എ റഹ്മാന്റെ മരണവും മാവൂർ ഫാക്ടറി അടച്ചുപൂട്ടലുമായപ്പോഴേക്ക് ശരത് ഏതാണ്ട് ഡോക്യുമെന്ററി പൂർത്തിയാക്കിയിരുന്നു. അക്കാലത്തൊന്നും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ തൊണ്ണൂറ്റി ഒമ്പതിൽ ഞാൻ നാട്ടിൽ വരുമ്പോൾ (കാസർഗോഡ്) എന്നെ എതിരേറ്റത് എൻഡോസൾഫാൻ സമരത്തിന്റെ അലയൊലികളാണ്. കശുവണ്ടിക്ക് എൻഡോസൾഫാൻ കീടനാശിനി ശുപാർശ ചെയ്ത നീലേശ്വരത്തെ കാർഷിക സർവ്വകലാശാല കശുവണ്ടി-കീടനാശിനി വിഷയത്തിൽ ഒരു സെമിനാർ വെച്ചു. ശാസ്ത്ര സാഹിത്യ പരിഷത്താണ് സംഘാടകരെന്നാണ് ഓർമ്മ. അന്ന് ഷൂട്ട് ചെയ്യണമെന്നാഗ്രഹമുണ്ടായിരുന്നു. പക്ഷേ അന്ന് വടക്കൻ ദേശങ്ങളിൽ ഡിജിറ്റൽ ക്യാമറകൾ ലഭ്യമല്ലായിരുന്നു. ഞാൻ ശരത്തിനെ ബന്ധപ്പെട്ടു. “അയ്യോ റഹ്മാൻ, ചാലിയാറിന്റെ ബാക്കിപത്രം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണല്ലോ. എൻഡോസൾഫാൻ നീ തന്നെ ചെയ്യണം. കേരളത്തിലെ ഇത്തരം പാരിസ്ഥിതിക പ്രശ്നങ്ങളെവെച്ച് നമുക്കൊരു ശൃംഖലയുണ്ടാക്കണം. ഞാൻ, ‘നോട്ടം’ അത്തരത്തിൽ പ്ലാൻ ചെയ്തുകൊണ്ടിരിക്കുകയാണ്.”

സെമിനാർ ദിവസം അവന് വരാൻ പറ്റിയില്ല. അവൻ തന്ന നമ്പരുകളിൽ ഒരു ക്യാമറയും അന്നേ ദിവസം ലഭ്യമായില്ല. ശാസ്ത്രജ്ഞന്മാരുടെ കപടവാദങ്ങൾ രേഖകളായി നി ലനിൽക്കുമായിരുന്നു. ആ സെമിനാർ രേഖപ്പെടുത്താനാവാതെ എനിക്ക് മിസ്സായതിനാൽ ശരത്തിന് അതീവ ദുഃഖമുണ്ടായിരുന്നു. അതുകൊണ്ടാവണം എന്റെ ഡോക്യുമെന്ററിയുടെ മറ്റൊരു നിർണ്ണായക ഘട്ടത്തിൽ ഏറ്റവും പ്രാപ്തനായ ഒരു ക്യാമറാമാനെ ക്യാമറയുമായി ഒരു ദിവസം മുമ്പേ അയച്ച് അവനെന്നെ സുരക്ഷിതനാക്കിയത്. അവന്റെ ‘നോട്ട’ത്തിൽ ‘അരജീവിതങ്ങൾക്കൊരു സ്വർഗ്ഗവും’ ആയിരം വേദികൾ കണ്ടു. എന്റെ ഡോക്യു മെന്ററിയിലെ രോഗികളുടെ ദയനീയത കണ്ട് കുട്ടികൾ കണ്ണടച്ച് പാതിവഴിയിൽ ഇറങ്ങിപ്പോയത് പറയാൻ അതേവഴിയിൽ വെച്ച് ശരത് വിളിച്ചു. മൊബൈൽ ഫോണിലൂടെ അവരുടെ ശബ്ദം കേൾപ്പിച്ചു. മിക്കപ്പോഴും ഈ കമന്റുണ്ടാവും. “ഈ കുഞ്ഞുങ്ങളുടെ കരച്ചിൽ നമ്മുടെ കൃഷി ശാസ്ത്രജ്ഞന്മാർക്ക് മനസ്സിലാവില്ല, റഹ്മാൻ. അവരിപ്പോഴും ഹരിതവൽക്കരിച്ചുകൊണ്ടിരിക്കുകയാണ്, നമ്മുടെ ഭൂമിയെ ശ്മശാനമാക്കിക്കൊണ്ട്.”
പിന്നീട് പാതിരാത്രികളിൽ ഉറക്കം പിടിച്ചുവരുമ്പോൾ മൊബൈൽ റിങ്ങ് ചെയ്തിരുന്നത് ശരത്തിന്റെ ശബ്ദത്തിനു വേണ്ടിയായിരുന്നു. അത് മനുഷ്യപ്പറ്റിന്റെ ശബ്ദമായിരുന്നു. അ വരന്റെ ഉള്ളിൽ എന്നും കൃപയായിരുന്നു. സർവ്വ ചരാചരങ്ങളോടുമുള്ള കൃപ. തന്റെ തൊട്ടടുത്തിരിക്കുന്നവൻ മനുഷ്യനായാലും അവൻ കൃപയോടെ പരിഗണിച്ചു. എല്ലാ ജീവജാലങ്ങളെയും അവൻ മനുഷ്യകുലത്തിൽപ്പെടുത്തി. കുടിയിറക്കപ്പെടുന്ന മനുഷ്യരും ജീവിതത്തിൽ നിന്ന് നിഷ്കാസിതരാകുന്നവരും അവന്റെ കൃപയിൽ അസ്തിത്വം നേടി. ഈ കൃപയുടെ ഏറ്റവും വലിയ അടയാള വാക്യമായി അന്ന് അവന്റെ ക്യാമറയുടെ നോട്ടം. ക്യാമറയ്ക്കും മനുഷ്യപ്പറ്റുണ്ട് എന്നു തെളിയിച്ചത് ശരത്താണ്. അവന്റെ നിസ്സീമമായ ഈ കൃപ തിരിച്ചറിയപ്പെടാതെ പോയ അപൂർവ്വം ചില സന്ദർഭങ്ങളെങ്കിലും അവന്റെ ജീവിതത്തിലുണ്ടായി. അതിലൊന്ന് ഈ ലേഖകനും സാക്ഷിയായി. പാലക്കാട്ട് ഡോക്യുമെന്ററിക്ക് മാത്രമായി ഒരു മേള നടക്കുകയുണ്ടായിരുന്നു. ശരത്തും ഞാനും ബാലനുമൊക്കെയുണ്ട്. ഒരു വേദിയിലാണ് ഞങ്ങൾ. ആദ്യം എന്റെ പ്രസംഗമായിരുന്നു. പ്രസംഗിച്ച രണ്ടാമൻ മലയാളത്തിലെ ഡോക്യുമെന്ററി ചലചിത്രകാരന്മാർ ഫണ്ട് വാങ്ങി പ്രോജക്ടുകൾ ചെയ്യുന്നു എന്നൊരു ആരോപണമുയർത്തി. ഞങ്ങളുടെ കൂട്ടത്തിൽ ശരത്ത് മാത്രമായിരുന്നു ഡോക്യുമെന്ററി ചെയ്ത് ജീവിക്കുന്നയാൾ. മറ്റുള്ളവർക്കെല്ലാം വേറെ തൊഴിലുണ്ട്. അതുകൊണ്ട് തന്നെ ആ പരാമർശം ശരത്തിനെ ചൂണ്ടിയാണെന്ന് ഞങ്ങൾ സംശയിച്ചു. ആ വേദി രണ്ടായി പിളർന്നു. പലരും രണ്ട് ചേരിയായി. അപ്പോഴെല്ലാം ശരത് നി സംഗനായി നിന്നു. ഒരു സന്ന്യാസിയുടെ നിസ്സംഗത, നല്ല സിനിമകളെടുത്ത് കടം വന്നവരെ താൻ ഗൾഫിൽ അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊടുത്ത് സഹായിച്ച ശരത്തിനെപ്പറ്റിയാണ് ആരോപണം എന്നത് ഞങ്ങളെ ഞെട്ടിച്ചു. രാത്രിയിൽ ഞങ്ങൾ ആരോപണം നടത്തിയായാളെ ചുറ്റും വളഞ്ഞു. അയാൾ ആളുകളിൽ നിന്നു പണം ശേഖരിച്ച് ഡോക്യുമെന്ററി ചെയ്യുകയായിരുന്നു. ശരത്തിനെ മുൻനിർത്തി ഞങ്ങളവനോട് ചോദിച്ചു. “താങ്കളുടെ പ്രൊജക്ടുകളുടെ ഓഡിറ്റ് റിപ്പോർട്ട് കാണിക്കാമോ?” അയാൾക്ക് മറുപടിയില്ലായിരുന്നു. അപ്പോഴും ശരത് നിശ്ശബ്ദനായിരുന്നു. ഈ നിർമ്മമത പക്ഷെ ശരതിന്റെ ഡോക്യുമെന്ററികളിൽ കാണില്ല. അവിടെ അവൻ വീഴ്ത്തപ്പെടുന്നവന്റെ, കുടിയിറക്കപ്പെടുന്നവന്റെ പക്ഷം ചേരുന്ന അസാധാരണമായ നിലപാടുകൾ കൊണ്ട്, പ്രത്യേക നിശ്ചയദാർഡ്യം കൊണ്ട് തന്റെ അസ്തിത്വം നിലനിർത്തി.

ശരത് വിബ്ജിയോർ ചലച്ചിത്രമേളയിൽ സംസാരിക്കുന്നു. കടപ്പാട്:The Third Eye of Resistance

2009 ജനുവരിയിൽ ചാലിയാറിന്റെ കരയിൽ വാഴക്കാട്ട് കെ.എ റഹ്മാന്റെ ചരമവാർഷിക വേളയിലാണ് ശരത്തിനെ അവസാനമായി കണ്ടത്. മാവൂർ സമരം നടക്കുമ്പോൾ ഞാനും സാഹിറയും മകൻ ഈസയും അരീക്കോട്ടാണ് താമസിച്ചിരുന്നത്. സാഹിറയുടെ കോളേജിലെ കുട്ടികളും അദ്ധ്യാപകരും കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി നടത്തിയ പ്രതിഷേ ജാഥയിൽ പങ്കെടുത്തും സമരപ്പന്തലിൽ ഉപവാസ സത്യാഗ്രഹം നടത്തിയവരുടെ ഉപവാസം മുറിക്കാൻ പോയും നഗരത്തിലെ കലാകാരന്മാരുടെ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തു. ഞങ്ങളും അതിൽ പങ്കാളികളായിരുന്നു. കെ.എ റഹ്മാൻ മരിച്ചു. ആ ദുഃഖദിനങ്ങളും മതങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി. അന്ന് എന്റെ മകൻ ഈസയ്ക്ക് രണ്ടു വയസ്സായിരുന്നു. 2007 ൽ ഞങ്ങൾ മണന്തലക്കടവിലേക്ക് താമസം മാറ്റി. മാവൂർ സ മരത്തിന്റെ കേന്ദ്രമായിരുന്നു മണന്തലക്കടവ്. 2008-ൽ കെ.എ റഹ്മാൻ അനുസ്മരണത്തിൽ ‘ചാലിയാർ അതിജീവനപാഠങ്ങൾ’ എന്നൊരു പുസ്തകം ഞാൻ എഡിറ്റു ചെയ്തിറക്കി. സേവ് ചാലിയാർ പദ്ധതിയുടെ ചുക്കാൻ പിടിക്കുന്ന എം.പി അബ്ദു ള്ളയുടെ നേതൃത്വത്തിലായിരുന്നു പ്രസാധനം. എട്ട് വർഷങ്ങൾ ഒഴുകിപ്പോയിരുന്നു. എന്റെ മകന് വയസ്സ് പതിനൊന്ന്. എല്ലാ വൈകുന്നേരങ്ങളിലും കൂട്ടുകാർക്കൊപ്പം മണന്തലക്കടവിലെ സമരത്താൽ വിഷവിമുക്തമാക്കപ്പെട്ട വിശുദ്ധജലത്തിലാണ് എന്റെ മകൻ നീന്തിതുടിച്ചത്. ആ അർത്ഥത്തിൽ ചാലിയാർ സമരത്തിന്റെ ഗുണഭോക്താക്കളിൽ ഞങ്ങൾക്കും പെടാൻ ഭാഗ്യമുണ്ടായി. ഈ വേളയിലാണ് ശരത് ക്യാമറയു മായി എത്തുന്നത്. പരിസ്ഥിതി സംരക്ഷണ സമിതിക്കുവേണ്ടി കെ.എ ശുക്കൂർ എഡിറ്റു ചെയ്ത ‘കെ.എ റഹ്മാൻ ചാലിയാറിന്റെ ഇതിഹാസ നായകൻ’ എന്ന പുസ്തകത്തിന്റെ പ്രകാശനം അന്നായിരുന്നു. മാവൂരിലെ പഴയ യത്തിംഖാനയിൽ അന്തേവാസികളെ കണ്ട ശേഷം പുഴക്കരയിലൂടെ തന്നെ ശരത് മണന്തലക്കടവിലേക്കു വന്നു. കൂടെ സൂര്യയിലെ ഷാജിയുമുണ്ടായിരുന്നു. അപ്പോൾ സന്ധ്യയായിരുന്നു. മണന്തലക്കടവിന്റെ ഇടതുവശത്തെ തെളി ജലത്തിൽ എന്റെ മകനും കൂട്ടുകാരും കുളിക്കുകയാണ്. വലതുവശം പുഴയുടെ അങ്ങേ തീരത്ത് ശ്മശാനഭീകരതയോടെ മരിച്ച മാവൂർ ഫാക്ടറിയുടെ ഭീമൻ പുകക്കുഴൽ.

വലതുവശം ഇങ്ങേ തീരത്ത് ജീവിക്കുന്ന മരക്കൂട്ടങ്ങൾക്ക് മുകളിൽ അപ്പോൾ പൂർണ്ണ നിലാവ് ഉദിച്ചുയർന്നിരുന്നു. അന്ന് ശരത് ഈ ക്യാമ്പുരംഗങ്ങളും തന്റെ ഡിജിറ്റൽ ക്യാമയിൽ ഒപ്പിയെടുത്തു. മരിച്ച പുഴയെ ജീവിപ്പിച്ച ഒരു സമരത്തിന്റെ ഗുണഭോക്താവായ എന്റെ മകനെയും അതിന്റെ പ്രേതസാക്ഷ്യമായ പുകക്കുഴലിനെയും പുതിയ വെളിച്ചം പകരുന്ന പൂർണ്ണചന്ദ്രനെയും ചാലിയാറിന്റെ രണ്ടാംഭാഗത്തിന് കരുവാക്കിക്കൊണ്ട് ചിത്രീകരിക്കുന്നതിന് സാക്ഷിയാവാൻ എനിക്ക് ഭാഗ്യമുണ്ടായി. അവൻ എന്റെ വീട്ടിൽ വന്നു ഒരു കട്ടൻ ചായ കഴിച്ചു. രാത്രി ചാലിയാറിന്റെ ബാക്കിപത്രം പ്രദർശിപ്പിച്ചു. സക്രിയമാ യിരുന്നു ആ രാത്രി. സക്രിയമായിരുന്നു ആ ജീവിതവും. സക്രിയത വേണ്ടിയുള്ള ആ ബലിദാനം ഒരിക്കലും ചരിത്രത്തിലേക്ക് അവനെ പുറത്താക്കുകയില്ല. ചരിത്രത്തിൽ നിന്ന് പുറത്തായവർക്ക് അസ്തിത്വം നൽകി അവൻ തന്റെ ദൃശ്യരേഖകൾ കൊണ്ട് തന്നെ സ്വയം ചരിത്രത്തിനകത്താകുന്നു.

(മുസ്തഫ ദേശമംഗലം എഡിറ്റ് ചെയ്യുന്ന ശരത്ചന്ദ്രൻ ഓർമ്മ പുസ്തകത്തിൽ നിന്നും)

Also Read

6 minutes read March 31, 2023 2:06 pm