നഗരവൽക്കരണവും കാലാവസ്ഥാ വ്യതിയാനവും കത്തിച്ച കാലിഫോർണിയ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ജനുവരി ഏഴ് ചൊവ്വാഴ്ച പസഫിക് പാലിസേഡ്സിൽ ഉണ്ടായ കാട്ടുതീ യുഎസിന്റെ തെക്കൻ സംസ്ഥാനമായ കാലിഫോർണിയയിൽ കത്തിപ്പടരുകയാണ്. ജനനിബിഡമായ ലോസ് ഏഞ്ചൽസ് പട്ടണം ഒരു തീച്ചൂളയായി മാറിയിരിക്കുന്നു. ഇതുവരെ 24 പേർ മരിക്കുകയും 12,000-ത്തിലധികം കെട്ടിടങ്ങൾ എരിഞ്ഞമരുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. മരണസംഖ്യ ഇനിയും കൂടുമെന്നാണ് സൂചന. പാലിസേഡ്സ്, ഈറ്റൺ, ഹർസ്റ്റ്, ലിഡിയ എന്നിവിടങ്ങളിൽ നിന്നും ഏകദേശം ഒന്നര ലക്ഷത്തോളം പേരെ കുടിയൊഴിപ്പിച്ചെന്നു എന്നാണ് അധികൃതർ പറയുന്നത്. മാലിബു, കലബാസാസ്, സിൽമർ എന്നീ പ്രദേശങ്ങളെയാണ് കാട്ടുതീ സാരമായി ബാധിച്ചിരിക്കുന്നത്. കാട്ടുതീ ഇപ്പോഴും നിയന്ത്രണവിധേയമല്ലാത്തതിനാൽ ദുരന്തത്തിന്റെ വ്യാപ്തി എന്താകും എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. പ്രതികൂല കാലാവസ്ഥ തീ നിയന്ത്രിക്കുന്നതിന് ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്.

Keraleeyam Graphics

അതിശൈത്യവും കനത്തശീതക്കാറ്റും കാരണം മിസൗറി, കൻസാസ്, കെന്റക്കി, വെർജീനിയ, മേരിലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന സമയത്താണ് കാട്ടുതീ ഉണ്ടായിട്ടുള്ളത്. മണിക്കൂറിൽ 100 മൈൽ വേഗത്തിൽ വീശുന്ന ‘സാന്റ അന’ എന്ന വരണ്ട കാറ്റ് തീ ആളിപ്പടരുന്നതിന് കാര്യമായി. കൊടും വരൾച്ചയിൽ ഉണങ്ങിക്കിടന്ന 16.3 കോടിയിലധികം മരങ്ങൾ പ്രദേശത്ത് ഉണ്ടായിരുന്നു. ഇവ തീ ആളിക്കത്തുന്നതിന് കാരണമായി. കാലാവസ്ഥാ വ്യതിയാനം മൂടൽമഞ്ഞിന്റെ സംരക്ഷിതപാളിയെ തകർത്ത് ഇടതൂർന്നതും ഈർപ്പമുള്ളതുമായ മഴക്കാടുകളിൽ തീ പടർത്താനിടയാക്കി എന്നും പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. അക്യുവെതർ എന്ന കാലാവസ്ഥാ പോർട്ടലിന്റെ പ്രാഥമിക കണക്കനുസരിച്ച് ഇതുവരെ 135 ബില്യൺ ഡോളറിനും 150 ബില്യൺ ഡോളറിനും ഇടയിലുള്ള നാശനഷ്‌ടങ്ങളും സാമ്പത്തിക നഷ്‌ടവും ഉണ്ടായിട്ടുണ്ട്.

കത്തിയെരിഞ്ഞ വീടുകളും സ്ഥാപനങ്ങളും. കടപ്പാട്:newyorktimes

കാലിഫോർണിയയും കാലാവസ്ഥാ വ്യതിയാനവും

കാലിഫോർണിയയിലെ തീപിടുത്തങ്ങൾക്ക് തീവ്രത കൂടാനുള്ള കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 2024, കാലാവസ്ഥാ വ്യതിയാനം കാരണം ആഗോളതലത്തിൽ ഏറ്റവും ചൂടേറിയ വർഷമായിരുന്നു. വ്യാവസായിക വിപ്ലവത്തിന് മുമ്പുള്ള കാലഘട്ടത്തിലെ താപനിലയെ 1.5 ഡിഗ്രി സെൽഷ്യസ് മറികടന്ന ആദ്യ പൂർണ്ണ വർഷമാണ് 2024 എന്ന് യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന പ്രോ​ഗ്രാം (C3S) സ്ഥിരീകരിച്ചിരുന്നു. നിലവിലെ കാട്ടുതീയുടെ ആവൃത്തി, ദൈർഘ്യം എന്നിവയുടെ വർധനവിനെയും തീപിടിച്ച പ്രദേശത്തെയും കാലാവസ്ഥാ വ്യതിയാനം സ്വാധീനിച്ചിട്ടുണ്ടെന്ന് യുഎസ് പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ (EPA) റിപ്പോർട്ടും വ്യക്തമാക്കുന്നു.

ഉയർന്ന ചൂടും മഴയുടെ അഭാവവും ‘സാന്റ അന’ കാറ്റും ആരംഭിച്ചപ്പോതോടെയാണ് സസ്യജാലങ്ങൾ എല്ലാം ഉണങ്ങാൻ തുടങ്ങിയത്. കാലാവസ്ഥാ വ്യതിയാനം ശക്തമായ കാറ്റും വരണ്ട അന്തരീക്ഷ നിലയും വർധിക്കാൻ കാരണമായി. ഇത് കാട്ടുതീ പടരുന്നതിന് അനുകൂല​ഘടകമായി മാറി. കാലിഫോർണിയയിലും പടിഞ്ഞാറൻ യുഎസിലും മുമ്പ് ഉണ്ടായ തീപിടുത്തങ്ങളെ കാലാവസ്ഥാ വ്യതിയാനം കൂടുതൽ വഷളാക്കിയതായി ശാസ്ത്രീയ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആഗോള താപനില ഉയരുന്നത് തുടരുന്നതിനാൽ തെക്കൻ കാലിഫോർണിയ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മോശമായ കാട്ടുതീ ഉണ്ടാകാൻ ഇടയുണ്ടെന്നാണ് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത്. എട്ട് മാസമായി ലോസ് ഏഞ്ജലിസിലേക്ക് മഴ തിരിഞ്ഞുനോക്കിയിട്ട്. സംസ്ഥാനത്ത് റെക്കോഡ് ചൂടും ഉഷ്ണതരംഗവും രേഖപ്പെടുത്തിയ വർഷമായിരുന്നു 2024. ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ ഉത്തരാർധഗോളത്തിൽ ശരാശരി താപനില പരമാവധി 16.8 ഡിഗ്രി സെൽഷ്യസായിരുന്നു.

ഒക്ടോബർ മുതൽ തെക്കൻ കാലിഫോർണിയയിൽ ശരാശരി ലഭിക്കുന്ന മഴയുടെ 10 ശതമാനത്തിൽ താഴെ മാത്രമാണ് മഴ ലഭിച്ചത്. ഇത് വരൾച്ചയ്ക്ക് സമാനമായ അവസ്ഥയാണ് ഈ മേഖലയിലുണ്ടായത്. ഇത് കൂടാതെ കാട്ടുതീ തുടങ്ങിയ സമയത്ത് 100 കിലോമീറ്ററിലധികം വേഗതയിലാഞ്ഞടിച്ച ശക്തമായ കടൽക്കാറ്റ് തീപ്പിടിത്തത്തിന്റെ വ്യാപനം വേഗത്തിലാക്കി. വരൾച്ചയും കനത്ത മഴയും മാറിമാറി വരുന്ന ഒരു കാലാവസ്ഥാ രീതിയാണ് കാലിഫോർണിയയിലുള്ളത്. ‘വെതർ വിപ്ലാഷ്’ (weather whiplash) എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതാണ് ഈ മേഖലയിൽ കാട്ടുതീ വർദ്ധിപ്പിക്കുന്ന ഒരു പ്രധാന ഘടകമെന്നാണ് കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

നഗരവൽക്കരണവും പാരിസ്ഥിതിക പ്രശ്നങ്ങളും

ലോസ് ഏഞ്ചൽസിലെ നഗരവൽക്കരണം പാരിസ്ഥിതിക ഘടകങ്ങളെ പലതരത്തിൽ അവഗണിക്കുന്നുണ്ട് എന്നൊരു വാദം നിലനിൽക്കുന്നുണ്ട്. 2020 ലെ സെൻസസ് പ്രകാരം നഗര ജനസാന്ദ്രതയിലും നഗരവൽക്കരണത്തിൻ്റെ ശതമാനത്തിലും ഉയർന്ന് നിൽക്കുന്നത് കാലിഫോർണിയയാണ്.

Figure 1 & Figure 2 കടപ്പാട്: www.newgeography.com

1998ൽ പുറത്തിറങ്ങിയ മൈക്ക് ഡേവിസിൻ്റെ Ecology of Fear: Los Angeles and the Imagination of Disaster എന്ന പുസ്തകം ഇത് വിശദമാക്കുന്നുണ്ട്. തെക്കൻ കാലിഫോർണിയയിലെ പ്രകൃതിദുരന്തങ്ങളും സാമൂഹിക അനീതികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഈ പുസ്തകം അന്വേഷിക്കുന്നത്. അഞ്ച് വർഷം മുമ്പ് ഉണ്ടായ ഒരു തീപിടുത്തത്തെക്കുറിച്ച് എഴുതിയ മൈക്ക് ഡേവിസ് വരാൻ ഇരിക്കുന്ന അതിഭീകരമായ കാട്ടുതീ പോലൊരു വിപത്തിനെ നേരിടാൻ കാലിഫോർണിയ ഒട്ടും ഒരുക്കമല്ലെന്ന് പറഞ്ഞുവെക്കുന്നുണ്ട്. എന്നാൽ സർക്കാർ അതിനെ നിസാരവത്കരിക്കുയാണ് ചെയ്തതെന്ന് പുസ്തകം പറയുന്നു.

Ecology of Fear, കവർ

പ്രകൃതിദുരന്തങ്ങളും അശ്രദ്ധയും

2019ൽ കാലാവസ്ഥാ വ്യതിയാനം തടയാൻ സർക്കാർ കൊണ്ടുവന്ന ഒരു പദ്ധതിയായിരുന്നു ‘ഗ്രീൻ ന്യൂ ഡീൽ.’ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സാമ്പത്തിക വളർച്ച, സാമ്പത്തിക അസമത്വം കുറയ്ക്കൽ തുടങ്ങിയ സാമൂഹിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനം കൂടി നേരിടുക എന്നതായിരുന്നു ഗ്രീൻ ന്യൂ ഡീലിന്റെ ലക്ഷ്യം. എന്നാൽ നിലവിൽ ഗ്രീൻ ന്യൂ ഡീൽ വിസ്‌മൃതിയിലായിരിക്കുകയാണ്. ഈ പദ്ധതി കൃത്യമായി നടന്നെങ്കിൽ ഇത്രയേറെ കാഠിന്യത്തോടെ ലോസ് ആഞ്ചലസിനെ കാട്ടുതീ വിഴുങ്ങുകയില്ലായിരുന്നു. പ്രകൃതി ദുരന്തത്തെ തടയാനാകില്ലെങ്കിലും അതിന്റെ വ്യാപ്തി കുറക്കാമായിരുന്നു എന്നാണ് അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ബെൻ ബർഗിസ് യാക്കോബിൻ പോർട്ടലിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

“വർഷങ്ങളായി കാലാവസ്ഥ നയങ്ങളിൽ ഭരണകൂടം കാണിച്ചിരുന്ന നിഷ്‌ക്രിയത്വം വളരെ ഗുരുതരമാണ്. കാലിഫോർണിയയിലെ സംസ്ഥാന സർക്കാർ, ലോസ് ഏഞ്ചൽസ് കൗണ്ടി, സിറ്റി ഹാൾ തുടങ്ങിയ അധികാര കേന്ദ്രങ്ങളൊന്നും തന്നെ കാലാവസ്ഥ വ്യതിയാനത്തെയോ അത് മൂലമുണ്ടാകാൻ പോകുന്ന അപകടങ്ങളെയോ പരിഗണിച്ചിരുന്നില്ല.” ബെൻ ബർഗിസ് ചൂണ്ടിക്കാട്ടി.

“അതുപോലെ, ഊർജ്ജ കമ്പനിയായ പി.ജി & ഇയുടെ വൈദ്യുത ലൈനുകൾ ശരിയായി പരിപാലിക്കപ്പെട്ടിരുന്നില്ല, അതിൽ സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമായിരുന്നു. അപകടകരമായ വൈദ്യുത ലൈനുകൾ തീപിടുത്തത്തിന്റെ അപകട സാധ്യത വർധിപ്പിച്ചു. ജനങ്ങളുടെ സുരക്ഷയെക്കാൾ കൂടുതൽ പ്രാധാന്യം പണത്തിന് നൽകുന്ന പി.ജി & ഇ പോലുള്ള കമ്പനികളെ തുടച്ചുനീക്കുകയെങ്കിലും ചെയ്യാമായിരുന്നു.” ബെൻ ബർഗിസ് അഭിപ്രായപ്പെടുന്നു.

എങ്ങും പുക നിറഞ്ഞ ലോസ് ഏഞ്ചൽസ്. കടപ്പാട്:newyorktimes

“2024-2025-ലെ സാമ്പത്തിക വർഷത്തിൽ ലോസ് ഏഞ്ചൽസ്‌ ഫയർ ഡിപ്പാർട്ട്‌മെൻ്റിന് (LAFD) അനുവദിച്ച ബജറ്റ് തുക കഴിഞ്ഞ വർഷത്തേക്കാൾ വളരെ കുറവായിരുന്നു. പൊതു സേവനങ്ങൾക്ക് ഫണ്ട് നൽകുന്നതിനായി നികുതി പിരിക്കുന്നതിൽ ലോസ് ഏഞ്ചൽസ്‌ വളരെ പിന്നിലാണ്. ഇത് അടിസ്ഥാന സൗകര്യങ്ങളെ കാര്യമായി ബാധിച്ചു.” ബെൻ ബർഗിസ് അഭിപ്രായപ്പെട്ടു.

കാലിഫോർണിയയിലെ ദുരന്ത കാരണവും കാട്ടുതീയുടെ ഉത്ഭവും എന്താണ് എന്നതിൽ ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും വന്നിട്ടില്ലെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിന്റെയും നഗരവത്കരണത്തിന്റെയും അനന്തരഫലമാണ് നിലവിലെ കാട്ടുതീ എന്ന നിരീക്ഷണമാണ് ശാസ്ത്ര സമൂഹം പൊതുവിൽ പങ്കുവയ്ക്കുന്നത്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയ്ക്ക് ഈ ദുരന്തത്തെ നേരിടാനുള്ള ഭരണനിർവഹണ ശേഷി എന്തുകൊണ്ടാണ് ഇല്ലാതെ പോയത് എന്ന രാഷ്ട്രീയ ചോദ്യവും ഉയരുന്നുണ്ട്.

Also Read

4 minutes read January 14, 2025 1:18 pm