അപമാനിതനാകുന്ന മന്ത്രി, ജാതി മനസ്സിലാകാത്ത കമ്മ്യൂണിസ്റ്റുകാർ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

പയ്യന്നൂർ നമ്പ്യാത്രകൊവ്വൽ ശിവക്ഷേത്രത്തിൽ വച്ച് ജാതിവിവേചനം നേരിട്ട മന്ത്രി കെ രാധാകൃഷ്ണന്റെ അനുഭവത്തോട് പ്രതികരിക്കുന്നു സണ്ണി എം. കപിക്കാട്

ജാതിയില്ലെന്ന് നടിക്കുന്ന കേരളം

നവോത്ഥാനാനന്തരം ജാതിവിവേചനം, ജാതീയമായ ബഹിഷ്ക്കരണം, അടിച്ചമ‍ർത്തലുകൾ എന്നിവ സമ​ഗ്രമായി പരിശോധിക്കുന്ന സാമൂഹിക വിമ‍ർശനങ്ങളും ഭരണകൂട നടപടികളും കേരളത്തിൽ കുറവാണ്. ജാതിയും, അയിത്തവും, അടിമത്തവും ഒക്കെ നവോത്ഥാന കാലത്ത് പ്രധാന പ്രമേയമായിരുന്നെങ്കിൽ 1930 കളിൽ രൂപപ്പെട്ട രാഷ്ട്രീയ സമൂഹം അതിനെയെല്ലാം തമസ്ക്കരിക്കുകയും, ഇന്നല്ലെങ്കിൽ നാളെ ജാതി സ്വയമേവ അപ്രത്യക്ഷമാവും, സാമ്പത്തിക അസമത്വമാണ് പ്രധാനപ്പെട്ട കാര്യം എന്ന് സ്ഥാപിക്കുകയും ചെയ്തു. ജാതിയുമായി ബന്ധപ്പെട്ട സാമൂഹ്യ സംവാദങ്ങൾ ഇതിലൂടെ അവസാനിച്ചു. എന്നാൽ വളരെ സ്വാധീനം ചെലുത്തുന്ന ഒരു സാമൂഹ്യ സ്ഥാപനമാണ് ജാതി എന്നതുകൊണ്ട് നിരന്തരമായ സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. ഈ സംഭവങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായും, പക്വതയില്ലാത്ത മനുഷ്യരുടെ പെരുമാറ്റമായും, സാമൂഹിക ബോധമില്ലാത്തവരുടെ മനോവൈകല്യമായുമാണ് വിശകലനം ചെയ്തുകൊണ്ടിരുന്നത്. ജാതിയുമായി ബന്ധപ്പെട്ട ച‍ർച്ചകൾ സജീവമാകാൻ പാടില്ല എന്ന നിർബന്ധബു​ദ്ധി കേരളത്തിലെ ഇടതുപക്ഷം അടക്കമുള്ള രാഷ്ട്രീയ പാ‍ർട്ടികളും അതിന്റെ ബുദ്ധിജീവികളും പാലിച്ചു. കേരളത്തിൽ ജാതി ഇല്ല എന്ന പ്രചാരണവും നടത്തി. സമത്വസുന്ദരമായ ഒരു സ്ഥലമാണ് കേരളം എന്ന വ്യാജപ്രതീതി സൃഷ്ടിച്ചെടുക്കാൻ അവ‍ർക്ക് കഴിഞ്ഞു.

ഇത്തരമൊരു പശ്ചാത്തലം വിവേചനപരമായ ഒരു സംഭവം ഉണ്ടായിക്കഴിഞ്ഞാൽ ജാതിയെ സമ​ഗ്രമായി മനസ്സിലാക്കുന്നതിൽ നിന്നും തടയുന്നുണ്ട്. ജാതി വിവേ‍ചനങ്ങൾ സമ​ഗ്രമായി പരിശോധിക്കേണ്ടതാണെന്നും അതൊരു കേന്ദ്ര പ്രമേയമാണെന്നും ആ​ധുനികാനന്തര കേരളത്തിൽ ദലിത് പ്രസ്ഥാനങ്ങളും അംബേദ്കറേറ്റ് പ്രസ്ഥാനങ്ങളും ഉന്നയിച്ചു. സമൂഹത്തെ നി‍ർണ്ണായകമായി സ്വാധീനിക്കുന്ന ഒരു സാമൂഹിക സ്ഥാപനമാണ് ജാതി എന്ന വിമ‍ർശനം ഉന്നയിക്കപ്പെട്ടു. ഇടതുപക്ഷത്തെ ഒഴിവാക്കിയിട്ടല്ല ആ ചർച്ച നടന്നത്. ഇടതുപക്ഷത്തിനകത്തും ജാതി പ്രവർത്തിക്കുന്നുണ്ട് എന്ന വിമ‍ർശനം വന്നതുകൊണ്ട് ദലിത് പ്രസ്ഥാനങ്ങൾക്കെതിരെ ബൗദ്ധികമായ പ്രതിരോധ പ്രവർത്തനങ്ങൾ ഇടതുപക്ഷ ബുദ്ധിജീവികളിൽ നിന്നുണ്ടായി. ഇവ‍ർ ജാതിവാദികളാണ് എന്ന ആരോപണമായിരുന്നു അതിനായി അവ‍ർ ഉപയോ​ഗിച്ചിരുന്നത്. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് കേരളത്തെ അപമാനിക്കുന്നവരായിട്ടാണ് ആദ്യകാലത്തെ ദലിത് പ്രസ്ഥാനങ്ങളെ അവർ അടയാളപ്പെടുത്തിയത്. അതുകൊണ്ടുതന്നെ അവർക്ക് ദൃശ്യത ലഭിക്കാൻ വളരെയേറെ ബുദ്ധിമുട്ടായിരുന്നു. എഴുപതുകളിൽ ആരംഭിക്കുന്ന ദലിത് പ്രസ്ഥാനങ്ങളുടെ ആരംഭം ബഹുജന പ്രസ്ഥാനരൂപത്തിൽ ഉണ്ടായിരുന്നിട്ടുപോലും കേരളം അം​ഗീകരിച്ചില്ല.

ശബരിമല പ്രക്ഷോഭം. കടപ്പാട്:ndtv

ഇപ്പോൾ മന്ത്രി കെ രാധാകൃഷ്ണൻ നടത്തിയിട്ടുള്ള വെളിപ്പെടുത്തൽ നേരത്തെ തുറന്നുപറയുകയും ചർച്ചയാക്കുകയും ചെയ്യേണ്ടുന്ന ഉത്തരാവാദിത്തം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഒരു ജാതിവിരുദ്ധ നിലപാട് എടുക്കുന്നയാൾക്ക് മാത്രമേ അങ്ങനെ പ്രതികരിക്കാനാവൂ. എന്നാൽ അദ്ദേഹത്തിന്റെ പാർട്ടിക്ക് ഒരു ജാതിവിരുദ്ധ നിലപാട് ഇല്ലാത്തതുകൊണ്ടും ജാതിവിരുദ്ധ നിലപാട് എടുക്കുന്നവർ ജാതി വാദികളാണെന്ന് മുദ്രകുത്തുന്ന പാരമ്പര്യമുള്ള പാർട്ടിയുടെ ഭാഗമായതുകൊണ്ടും കെ രാധാകൃഷ്ണൻ അന്ന് ഈ വിഷയം ഉയർത്തിയില്ല. ഇന്നിപ്പോൾ പട്ടികജാതിക്കാരുടെ ഒരു സമ്മേളനത്തിൽ വച്ച്, മനംമടുത്താവാം അദ്ദേഹം ഇത് പറഞ്ഞത്.

മന്ത്രിസഭാ രൂപീകരണത്തിലെ ജാതി വിവേചനം

പലവട്ടം മന്ത്രിയാവുകയും കേരള നിയമസഭയുടെ സ്പീക്കറാവുകയും ചെയ്ത കെ രാധാകൃഷ്ണനെ അനുഭവ പരിചയമുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനായാണ് കേരളം മനസ്സിലാക്കുന്നത്. മന്ത്രിസഭ രൂപീകരിക്കുമ്പോൾ പിണറായി വിജയനെക്കാൾ ഭരണദൈർഘ്യം ഉണ്ടായിരുന്നത് കെ രാധാകൃഷ്ണനാണ്. എന്നിട്ടും ഇരുപത്തിയൊന്ന് അം​ഗ മന്ത്രിസഭയിൽ എന്തുകൊണ്ടാണ് കെ രാധാകൃഷ്ണന് ഒരു പ്രധാന വകുപ്പ് ലഭിക്കാതെ പോയത് ? മന്ത്രിസഭ രൂപീകരിക്കുമ്പോൾ പ്രവർത്തിപരിചയം നി‍ർണ്ണായകമാണ് എന്നാണ് ഞാൻ വിചാരിക്കുന്നത്. എന്നാൽ പ്രധാനപ്പെട്ട വകുപ്പുകൾ ഒന്നും നൽകാതെ ദേവസ്വം മന്ത്രിസ്ഥാനം നൽകി അതൊരു വിപ്ലവമാണെന്ന വ്യാജപ്രചാരണമാണ് ഇവിടെ നടന്നത്. അയിത്ത ജാതിയിൽ പിറന്ന ഒരാളെ ക്ഷേത്രങ്ങളുടെ ചുമതലയുള്ള ഒരു മന്ത്രിയാക്കിയിരിക്കുന്നു, അങ്ങനെ വിപ്ലവം വന്നിരിക്കുന്നു എന്ന വിപ്ലവ പരിവേഷം വ്യാജമായി നിർമ്മിച്ചെടുത്തപ്പോൾ ജാതീയമായ ഒഴിവാക്കലാണ് ഇടതുപക്ഷം നടത്തിയത്. കേരളത്തിന്റെ മന്ത്രിസഭ രൂപീകരിക്കുന്ന പ്രക്രിയയിൽ തന്നെ ജാതി ഇടപെടുന്നുണ്ട്. കെ രാധാകൃഷ്ണൻ ഒരു സവർണ്ണ പ്രതിനിധിയായിരുന്നെങ്കിൽ ദീ‍ർഘകാല ഭരണപരിചയത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭയിൽ അ​ദ്ദേഹത്തിന് രണ്ടാംസ്ഥാനം തന്നെ ലഭിക്കുമായിരുന്നു. എന്നാൽ ശബരിമല വിവാ​ദത്തിന്റെ പശ്ചാത്തലത്തിൽ കെ രാധാകൃഷ്ണന് അപ്രധാനമായ ഒരു വകുപ്പ് നൽകി വ്യാജ വിപ്ലവം നടത്തുകയായിരുന്നു ഇടതു സർക്കാർ.

കെ രാധാകൃഷ്ണൻ നിയമസഭയിൽ. കടപ്പാട്:indianexpress

ഇതൊരു വ്യവസ്ഥാപിതമായ പുറന്തള്ളലാണ്. കേരളത്തിൽ 12 ശതമാനം മാത്രമുള്ള നായർ വിഭാ​ഗം എങ്ങനെയാണ് ഇടുതപക്ഷ ജനാധിപത്യ മുന്നണിയുടെ മന്ത്രിസഭയിൽ 50 ശതമാനം ആയത് ? ഒരു പ്രാതിനിധ്യ രാഷ്ട്രീയ സംവിധാനത്തിൽ ഈ 12 ശതമാനത്തിന് എന്തിനാണ് 50 ശതമാനം കൊടുത്തത് ? ജനസംഖ്യയിൽ 28 ശതമാനത്തിലേറെയുള്ള മുസ്ലിം വിഭാ​ഗത്തിൽ നിന്നും എത്ര മന്ത്രിമാരുണ്ട് ? ഇതിനെയാണ് ജാതി എന്നു വിളിക്കേണ്ടത്. എന്നാൽ വഴി നടക്കാനുള്ള അവകാശം സമം ജാതി എന്നു കാണുന്ന സാമൂഹ്യശാസ്ത്ര വിരുദ്ധമായ അഭിപ്രായമാണ് ഇവർ പറയുന്നത്. ഇത്രയും ഭരണ പരിചയമുണ്ടായിട്ടും കെ രാധാകൃഷ്ണന് ഒരു പ്രധാന വകുപ്പ് ലഭിക്കാതിരുന്നത് എന്തുകൊണ്ടാണ് ? സ്പീക്കറായിരുന്നപ്പോഴും രാധാകൃഷ്ണനോട് പലർക്കും എതിർപ്പുണ്ടായിരുന്നു എന്ന് വിദ്യാഭ്യാസമന്ത്രിക്ക് പറയേണ്ടി വരുന്നത് എന്തുകൊണ്ടാണ് ? കെ രാധാകൃഷ്ണൻ ഒരു കുറഞ്ഞ മനുഷ്യാനാണ് എന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ തർക്കമില്ല എന്നും ഹിന്ദുത്വ വാദികളെ പോലെ തന്നെ ഇടതുപക്ഷവും വർണ്ണാശ്രമ ബോധത്തെ പിൻപറ്റുന്നുവെന്നുമാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്. അതല്ലാതെ മന്ത്രിസഭയിലെ രണ്ടാം സ്ഥാനത്തിന് കെ രാധാകൃഷ്ണന്റെ അയോഗ്യത എന്താണ് ?

ജാതിയുടെ പ്രഭവകേന്ദ്രമായ അമ്പലങ്ങൾ

പയ്യന്നൂർ നമ്പ്യാത്രകൊവ്വൽ ശിവക്ഷേത്രത്തിൽ നിന്നും നേരിട്ട ജാതിവിവേചനം കെ രാധാകൃഷ്ണന്റെ ജീവിതത്തിലെ ആദ്യ അനുഭവമായിരിക്കില്ല. ഭാരതീയ വേലൻ സൊസൈറ്റിയുടെ സമ്മേളനത്തിൽ പങ്കെടുത്തപ്പോഴാണ് മന്ത്രിയായിട്ടും തനിക്ക് ജാതി വിവേചനം നേരിട്ടു എന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. എട്ടു മാസങ്ങൾക്ക് മുമ്പാണ് ഇതു നടന്നത്. ഇത്രകാലവും എന്തുകൊണ്ടാണ് ഇതിനെതിരെ നടപടിയുണ്ടാവാഞ്ഞത് ? ക്ഷേത്രത്തിൽ ഒരു ഉദ്ഘാടന ചടങ്ങിൽ ദേവസ്വം മന്ത്രിക്ക് പരിഗണന കിട്ടിയില്ല എന്നത് ഒരു സാങ്കേതിക പ്രശ്നമല്ല, കേരള സമൂഹം നേരിടുന്ന അടിസ്ഥാനപരമായ ധാർമ്മിക പ്രശ്നമാണ്. ദേവസ്വം മന്ത്രിയല്ല, പ്രധാനമന്ത്രിയായാലും ഞങ്ങളെക്കാൾ കുറഞ്ഞ ജന്മമാണെന്ന് ദൃഢമായി വിശ്വസിക്കുന്നതുകൊണ്ടാണ് മേൽശാന്തിക്കും കീഴ്ശാന്തിക്കും മന്ത്രിയെ അവഗണിക്കുവാൻ കഴിയുന്നത്. വർണ്ണാശ്രമ വ്യവസ്ഥയുടെ ബോധ്യങ്ങൾ വളരെ സുരക്ഷിതമായി പരിശീലിക്കപ്പെടുന്ന ഇടങ്ങളാണ് അമ്പലങ്ങൾ. ബ്രാഹ്മണ മേധാവിത്വമുള്ള അമ്പലങ്ങളിൽ നിന്നും ദൈവത്തിന്റെ മധ്യസ്ഥതയോടെ പുറത്തേക്കൊഴുകുന്നതാണ് ജാതിമേധാവിത്വം. ആ നിലയ്ക്ക് ജാതിയുടെ പ്രഭവകേന്ദ്രമാണ് അമ്പലങ്ങൾ.

ശബരിമല സന്ദർശിക്കുന്ന കെ രാധാകൃഷ്ണൻ. കടപ്പാട്:middaynews

ഒരു മേൽശാന്തിക്ക് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ കണ്ടിട്ട് മനസ്സിലായില്ല എന്ന് പറയുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത് ? മേൽശാന്തിയുടെ പരിചയക്കുറവ് മൂലമാകാം അങ്ങനെ സംഭവിച്ചത് എന്ന് തന്ത്രി മേൽശാന്തിയെ കുറിച്ച് പറയുമ്പോൾ മേൽശാന്തി നിഷ്ക്കളങ്കനായ ഒരു മനുഷ്യനാണെന്നും, ഒരിക്കലും ഒരു തെറ്റു ചെയ്യില്ലെന്നും, ബോധപൂ‍ർവ്വമായ വിവേചനം കാണിക്കില്ലെന്നും കെ രാധാകൃഷ്ണനെ അറിയാതിരിക്കാനുള്ള അവകാശം അയാൾക്കുണ്ടെന്നും എന്നിങ്ങനെ പല അർത്ഥങ്ങളാണ് അതിനുള്ളത്. ഏത് പൗര ലോകത്താണ് ഇവ‍ർ ജീവിക്കുന്നത് ? അവരുടേതെന്ന് അവ‍ർ കരുതുന്ന അമ്പലം യഥാ‍ർത്ഥത്തിൽ ഒരു ഭരണ സംവിധാനത്തിനകത്താണ്. ആചാരപരമായ ഉടമസ്ഥത മാത്രമാണ് ഇവ‍ർക്കുള്ളത്. അപ്പോൾ ഒരു മേൽശാന്തി പരിചയക്കുറവുമൂലം ദേവസ്വം മന്ത്രിയോട് ജാതി വിവേചനം കാണിച്ചു എന്നു പറയുന്നതിന്റെ അർത്ഥമെന്താണ് ? ഇങ്ങനെ കൗശലക്കാരും കാപട്യക്കാരും വഴിയാണ് ഇന്ത്യയുടെ ചരിത്രത്തിലുടനീളം ബ്രാഹ്മണ്യം പുല‍ർന്നിട്ടുള്ളത്. ഡോ. അംബേദ്ക്ക‍ർ തന്റെ കുറിപ്പുകളിൽ ഇത് വിശദമായി പറയുന്നുണ്ട്. നിഷ്ക്കളങ്കത ഭാവിക്കുക, ഏറ്റവും വലിയ അക്രമത്തിന് കാരണക്കാരായി മാറുക എന്നുള്ളതാണ് ഇവരുടെ ജീവിതക്രമം തന്നെ.

ഒരു യുക്തിവാദി ദേവസ്വം മന്ത്രിയായാൽ ?!

ദേവസ്വം മന്ത്രിയും ശബരിമലയും തമ്മിലുള്ള ബന്ധമെന്താണ് ? ശബരിമല ക്ഷേത്രത്തിന്റെ ഭരണാധികാരിയാണ് ദേവസ്വം മന്ത്രി. ശബരിമലയിലെ ഭരണ സംവിധാനം കൃത്യമാണോ, അവിടെയെത്തുന്ന ഭക്തജനങ്ങൾക്ക് താമസിക്കാനും ഭക്ഷണം ലഭിക്കാനും യാത്രകൾ നടത്തുവാനുമുള്ള സംവിധാനങ്ങൾ പൂർണ്ണരൂപത്തിൽ പ്രവർത്തിക്കുന്നുണ്ടോ, അവിടത്തെ വരുമാനം കൃത്യമായി രേഖപ്പെടുത്തപ്പെടുന്നുണ്ടോ, സമാഹരിക്കുന്നത് ശരിയായ വഴിയിലൂടെയാണോ തുടങ്ങിയ കാര്യങ്ങളുമായാണ് മന്ത്രിക്ക് ബന്ധം. അവിടെ വരുന്ന ഭക്തർ എത്ര പ്രാവശ്യം അയ്യപ്പനെ തൊഴുന്നുണ്ട്, നിന്നാണോ ഇരുന്നാണോ കിടന്നാണോ തൊഴുന്നത് എന്ന് നോക്കേണ്ടത് ദേവസ്വം മന്ത്രിയുടെ പണിയല്ല. എന്നാൽ ഇദ്ദേഹം ശബരിമലയിൽ ചെന്നിട്ട് തൊഴുതില്ല എന്ന പേരിൽ കേരളത്തിൽ വിവാദമുണ്ടായില്ലെ ? അന്ന് ആരും അത് ​ഗൗരവത്തിലെടുത്തില്ല.

ഞാൻ ആ ച‍ർച്ചയിൽ ഇടപെട്ട് പറഞ്ഞത് രാധാകൃഷ്ണന് സൗകര്യമില്ല തൊഴാൻ എന്നായിരുന്നു. മന്ത്രി അവിടെ വന്നത് അയ്യപ്പന്റെ വിശേഷം അന്വേഷിക്കാനോ അയ്യപ്പനെ തൊഴാനോ അല്ല. അവിടുത്തെ സംവിധാനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടോ എന്ന് അറിയുന്നതിനാണ്. അതിനുള്ള അവകാശവും ഉത്തരവാദിത്തവും മന്ത്രിക്കുണ്ട്. എന്നാൽ ഒരു യുക്തിവാ​ദിക്ക് ​ദേവസ്വം മന്ത്രിയായിരിക്കാൻ അവകാശമില്ല എന്നാണ് അന്നത്തെ വിവാദത്തിൽ നിന്നും മനസ്സിലാക്കേണ്ടത്. അങ്ങനെയെങ്കിൽ, ഇവരുടെ യുക്തി പ്രകാരം എക്സൈസ് വകുപ്പ് ഭരിക്കാൻ ആർക്കാണ് അവകാശം ? അന്നും അദ്ദേഹം അപമാനിക്കപ്പെട്ടു. എന്നാൽ ​​ഇടതുപക്ഷ ബുദ്ധിജീവികൾക്ക് അത് ച‍ർച്ചാവിഷയമായില്ല. മന്ത്രിസഭാരൂപീകരണ വേളയിൽ പാ‍ർട്ടി അദ്ദേഹത്തെ അപമാനിച്ചു. ശേഷം ഭക്തരെന്ന് പറയപ്പെടുന്നവരിൽ നിന്നും അദ്ദേഹം അപമാനം ഏറ്റുവാങ്ങി. ഇപ്പോൾ ഇതാ വീണ്ടും.

പണമല്ല മൂലധനം, ജാതി

പണം സ്വീകരിക്കാൻ അവ‍‍ർക്ക് ബുദ്ധിമുട്ടില്ല, എന്നെ അം​ഗീകരിക്കാനാണ് അവർക്ക് ബു​​ദ്ധിമുട്ട് എന്ന് കെ രാധാകൃഷ്ണൻ വെളിപ്പെടുത്തുമ്പോൾ ഇതിന്റെ സങ്കീ‍ർണ്ണത മുഴുവൻ പുറത്തുവരികയാണ്. മന്ത്രിയായതുകൊണ്ടും പണം അനുവദിക്കുന്നതുകൊണ്ടും കെ രാധാകൃഷ്ണന് ബ്രാഹ്മണ്യത്തിന്റെ മുന്നിൽ ഒരു വിലയുമില്ല. ഇടതുപക്ഷ സ‍ർക്കാരും പാ‍ർട്ടിയും മനസ്സിലാക്കേണ്ടതാണത്. സമ്പത്തുകൊണ്ട് പരിഹരിക്കാൻ ആവുന്നതല്ല ജാതി എന്ന് നിരന്തരം നമ്മൾ കേരളത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നു. സമ്പത്തല്ല ജാതിയുടെ അടിസ്ഥാനം. പണമല്ല ഇവിടെ ഏറ്റവും പ്രധാനപ്പെട്ട മൂലധനം. മറിച്ച് ജാതിയാണ് ഏറ്റവും പ്രധാനപ്പെട്ട മൂലധനമായി പ്രവ‍ർത്തിക്കുന്നത്.

സമ്പന്നരും ദരിദ്രരുമല്ല ഇന്ത്യയ്ക്കകത്തുള്ളത്. ഉന്നതരും നീചന്മാരുമാണ്. ജന്മം കൊണ്ടുതന്നെ നീച ജന്മം ഉള്ളവരും ജന്മം കൊണ്ട് തന്നെ ഉത്തമ ജന്മമുള്ളവരുമാണ് ഇന്ത്യയ്ക്കകത്തുള്ളത്. ഈ നീച ജന്മമുള്ളവൻ എന്തു നേടിയാലും അവൻ നീചൻ തന്നെയാണ്. ക‍ർമ്മം കൊണ്ട് ബ്രാഹ്മണനായ ഒരാളെ കാണിച്ചു തന്നാൽ ഞാൻ ഈ പണി നി‍ർത്താം എന്ന് ഒരു ചർച്ചയിൽ പറഞ്ഞിരുന്നു. ആ വെല്ലുവിളി ഇപ്പോഴും തുടരുകയാണ്. അംബേ​ദ്കറേറ്റ് ദ‍ർശനത്തിൽ നിന്നുകൊണ്ട് ഞങ്ങൾ ഇക്കാര്യം പറയുമ്പോൾ ജാതി വാദികൾ, കുഴപ്പക്കാർ, സാമൂഹ്യ വിഭജനത്തിന് പ്രേരിപ്പിക്കുന്നവ‍ർ എന്നെല്ലാം മുദ്രകുത്തുമ്പോൾ ഞങ്ങളുടെ സമീപനം ശരിയാണ് എന്നല്ലേ സാമൂഹ്യാനുഭവങ്ങൾ വീണ്ടും വീണ്ടും തെളിയിക്കുന്നത് ? മന്ത്രി കെ രാധാകൃഷ്ണന്റെ അനുഭവം മറ്റെങ്ങനെയാണ് നമുക്ക് വിശകലനം ചെയ്യാനാവുക ?

രാഷ്ട്രപതി ദ്രൗപതി മുർമു

സനാതന ധ‍ർമ്മത്തിലെ പ്രസിഡന്റും മന്ത്രിയും

ഒരു ആദിവാസി പ്രസിഡന്റായതുകൊണ്ട് മാത്രമല്ല ദ്രൗപതി മുർമുവിനെ പുതിയ പാ‍ർലമെന്റ് ഉദ്ഘാടനത്തിൽ നിന്നും മാറ്റി നി‍ർത്തിയത്. അവരൊരു ആദിവാസി മാത്രമല്ല, അവരൊരു വിധവയുമാണ്. ഹിന്ദു ധ‍ർമ്മശാസ്ത്ര പ്രകാരം ഒരു വിധവയെ നല്ല കാര്യത്തിന് മുന്നിൽ ഇരുത്താൻ പാടില്ല. അതാണ് മോദി പാലിക്കുന്നത്. അവർ പ്രസിഡന്റാണ് എന്നതുകൊണ്ട് കാര്യമില്ല. വിധവയാണെങ്കിൽ അവരെ വിളിക്കാൻ പാടില്ല. എത്ര പ്രാകൃതമായാണ് ഈ അന്ധവിശ്വാസങ്ങളെ, സ്ത്രീവിരുദ്ധതയെ ഇവർ കൊണ്ടുനടക്കുന്നത് ? ഇന്ത്യൻ പ്രസിഡന്റ് പദവി പോലും നീച ജന്മത്തിൽ നിന്നും മോചനം നൽകുന്നില്ല എന്നതാണ് നമ്മൾ പഠിക്കേണ്ട പാഠം. ഇതുതന്നെയാണ് രാധാകൃഷ്ണൻ നേരിടുന്ന പ്രശ്നവും. അദ്ദേഹത്തിന്റെ പാ‍ർട്ടി ജാതിയെ സമ​ഗ്രമായി പഠിക്കുന്നതുവരെ അപമാനിക്കപ്പെടുക എന്നുള്ളതല്ലാതെ കെ രാധാകൃഷ്ണന് യാതൊരു വഴിയുമില്ല.

ക്ഷേത്ര പ്രവേശനം കൊണ്ട് പരിഹരിക്കാനാവുന്നതല്ല ജാതി. എന്നാൽ വിലക്കപ്പെട്ട ഒരു ഇടമായിരുന്നതിനാൽ ക്ഷേത്ര പ്രവേശനം ഒരു സ്വാതന്ത്ര്യ പ്രശ്നമായി കാണുകയായിരുന്നു നവോത്ഥാന പ്രക്രിയയിൽ ഇടപെട്ടിരുന്ന പെരിയോറും അയ്യങ്കാളിയും അംബേ​ദ്കറേറ്റുകളും ഉൾപ്പെടെയുള്ളവ‍ർ. എന്നാൽ അന്നത്തെ അതേ അവസ്ഥ തുടരുകയാണ് കേരളത്തിൽ. മലയാള ബ്രാഹ്മണർക്ക് മാത്രമാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ ഇപ്പോഴും മേൽശാന്തിയാവാൻ അപേക്ഷ നൽകാനാവൂ. ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതി എന്നാണ് പ്രഖ്യാപിക്കുന്നത്. അത്തരം ഒരു തിട്ടൂരം ഇറക്കുന്ന ദേവസ്വം ബോ‍ർഡിന്റെ മന്ത്രിയാണ് കെ രാധാകൃഷ്ണൻ. അതുപോലും മാറ്റി എഴുതാൻ ഈ സ‍ർക്കാറിന് കഴിയാത്തത് എന്തുകൊണ്ടാണ് ? ​വിശ്വാസികളുടെ പ്രശ്നമാണ് എന്നതിനാൽ അടിസ്ഥാനപരമായ ജനാധിപത്യ തത്വങ്ങളെ ബലികഴിക്കാൻ ആർക്കും അവകാശമില്ല. കേരളത്തിലെ ഈഴവരും ദലിതരും പൂജ പഠിച്ച് ചെന്നാൽ, അമ്പലത്തിനകത്ത് കേറിയാൽ കയ്യും കാലും വെട്ടിക്കളയും എന്നാണ് ആ‍ർ.എസ്.എസ് ​ഗുണ്ടകൾ ഭീഷണിപ്പെടുത്തുന്നത്. ചെട്ടികുളങ്ങര ക്ഷേത്രത്തിൽ മേൽശാന്തിയായി ചെന്നയാളോട് ക്ഷേത്രത്തിൽ കേറിയാൽ നിന്നെ കൊല്ലും എന്നാണ് ഭീഷണിപ്പെടുത്തിയത്. പൂജയുടെ അവകാശം, ആചാരങ്ങളുടെ അവകാശം ബ്രാഹ്മണനിൽ നിന്നും മറ്റാരും കവർന്നെടുക്കാൻ പാടില്ല എന്ന വർണ്ണാശ്രമ ധ‍ർമ്മത്തിന്റെ ബോധമാണ് കേരളത്തിൽ ശക്തമായി പ്രവർത്തിക്കുന്നത് എന്നതുകൊണ്ടാണ് നമുക്ക് ദലിതരെയൊ സ്ത്രീകളെയോ പൂജാരിയാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ കഴിയാത്തത്.

ശബരിമല നട തുറക്കുന്ന പൂജാരിമാർ. കടപ്പാട്:forwardpress

ചാ‍തുർ വർണ്ണ്യത്തെ അടിസ്ഥാനപരമായി വിമർശിക്കുന്നില്ല എന്നതാണ് മുഖ്യ പ്രശ്നം. ആ‍ർ.എസ്.എസുകാർക്കും ഇടതുപക്ഷക്കാ‍ർക്കും ഒരുപോലെ രാമൻ അത്ഭുത മനുഷ്യനാണ്. ജി 20 സമ്മേളനത്തിൽ നൽകപ്പെട്ട ഒരു പുസ്തകത്തിൽ പറയുന്നത് രാമൻ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട രാജാവാണ് എന്നാണ്. ഇതു തന്നെയല്ലേ, ധാ‍ർമ്മികതയുടെ വക്താവായിരുന്നു രാമൻ എന്നല്ലേ ഇടതുപക്ഷ ബുദ്ധിജീവികളും പറയുന്നത് ? ശങ്കരനും കൊള്ളാം കൃഷ്ണനും കൊള്ളാം രാമനും കൊള്ളാം എങ്കിൽ ഇവർക്ക് ബി.ജെ.പിയിൽ പോയി ചേർന്നാൽ പോരെ? എന്തിനാണ് സി.പി.എം ആണ് എന്ന് പറയുന്നത് ? തിരഞ്ഞെടുക്കപ്പെട്ട ഒരാളല്ല, ആചാരപരമായി രാജാവയ ഒരാളാണ് രാമൻ. അയോധ്യയിൽ ബ്രാഹ്മണരുടെ സൗഖ്യത്തിന് വേണ്ടി മാത്രം പ്രവർത്തിച്ചയാളാണ് രാമൻ. താടകയെ വധിക്കുമ്പോൾ , ചമ്പൂകനെ വധിക്കുമ്പോഴും രാമൻ അത് പറയുന്നുണ്ട്. ബ്രാഹ്മണർക്ക് മാത്രമേ ദാനം ചെയ്യാവൂ എന്ന് രാമയണത്തിന്റെ ബാലകാണ്ഡത്തിൽ പറയുന്നുണ്ട്. ബ്രാഹ്മണരെ സേവിക്കുന്നതിലാണ് രാമായണത്തിന്റെ അടിത്തറ ഉറപ്പിച്ചിരിക്കുന്നത്. സാംസ്കാരികമായി സംഘപരിവാറിൽ നിന്നും വിഭിന്നമല്ല കേരളത്തിലെ സി.പി.എം.

ഭക്ഷണത്തിലൂടെയാണ് അയിത്തം പ്രധാനമായി പ്രവർത്തിക്കുന്നത്. നമ്മൾ കൊണ്ടുവരുന്ന ഭക്ഷണം അവർ കഴിക്കാതിരിക്കുക, അവരുടെ വീട്ടിൽ കയറ്റി ഭക്ഷണം തരാതിരിക്കുക. നമുക്ക് തരുന്ന പാത്രം വേറെ പാത്രമായിരിക്കുക, ഇതൊക്കെയാണ് അതിന്റെ രീതി. അതുകൊണ്ട് ദലിതൻ കോൺട്രാക്ട് എടുത്താൽ അവർക്ക് സമ്മതമാവില്ല, അവന്റെ കോൺട്രാക്ടിലുള്ള ഭക്ഷണം ഞങ്ങൾ കഴിക്കില്ല എന്നതാണത്. കലോത്സവവുമായി ബന്ധപ്പെട്ട വിവാദമുണ്ടായപ്പോൾ പഴയിടത്തെ വീട്ടിൽ പോയി ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി വി ശിവൻകുട്ടി. ഇതാണ് കേരളത്തിലെ മന്ത്രിസഭ. ഇവരെങ്ങനെ രാധാകൃഷ്ണനെ സംരക്ഷിക്കും ? അവർക്ക് അതിന്റെ ​ഗൗരവം മനസ്സിലാവില്ല. ജാതിയെ സമ​ഗ്രമായി മനസ്സിലാക്കുന്നതിലൂടെ മാത്രമെ ഇത്തരം സംഭവങ്ങളെ പ്രതിരോധിക്കാനാവൂ.

(തയ്യാറാക്കിയത്: ആദിൽ മഠത്തിൽ)

Also Read

8 minutes read September 19, 2023 4:01 pm