സെൻസസ് വൈകുന്നത് ചോദ്യം ചെയ്യാൻ പാടില്ലേ?

2021ൽ നടക്കേണ്ട സെൻസസ് മൂന്ന് വർഷം കഴിഞ്ഞിട്ടും നടത്താത്തതിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഓൺ സ്റ്റാറ്റിസ്റ്റിക്സ് (SCoS) പിരിച്ചുവിട്ടു. മുൻ ചീഫ് സ്റ്റാറ്റിസ്റ്റീഷ്യൻ പ്രണബ് സെൻ അധ്യക്ഷനായ കമ്മിറ്റിയെയാണ് മുന്നറിയിപ്പുകളൊന്നുമില്ലാതെ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടത്. 2023 ജൂലൈയിലാണ് 14 അം​ഗ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഓൺ സ്റ്റാറ്റിസ്റ്റിക്സ് രൂപീകരിച്ചത്. സെൻസസ് നടത്താത്തതിനെ ചോദ്യം ചെയ്തതാണ് പിരിച്ചുവിടലിന് കാരണമെന്നാണ് കമ്മിറ്റിയംഗങ്ങൾ പറയുന്നത്. കഴിഞ്ഞ വർഷം സ്റ്റാറ്റിസ്റ്റിക്സ് കമ്മിറ്റി നടത്തിയ അര ഡസനോളം ചർച്ചകൾ വിഷയമാക്കിയത് സെൻസസ് നടത്തുന്നതിലെ കാലതാമസവും, അത് നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമായിരുന്നു എന്നാണ് കമ്മിറ്റി അധ്യക്ഷൻ പ്രണബ് സെന്നിന്റെ പ്രതികരണം. മന്ത്രാലയത്തിൻ്റെ നാഷണൽ സാംപിൾ സർവേ ഓഫീസിൽ നിന്നും കമ്മിറ്റിയുടെ പിരിച്ചുവിടൽ അറിയിച്ചുകൊണ്ടുള്ള ഒരു ഇ-മെയിൽ മാത്രമാണ് തങ്ങൾക്ക് ലഭിച്ചതെന്നും മറ്റ് കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നും പ്രണബ് സെൻ ദേശീയ മാധ്യമമായ ‘ദി ഹിന്ദു’വിനോട് പറഞ്ഞു. സ്ഥിതിവിവരക്കണക്ക് ശേഖരണ രീതികളുടെ ഏകോപനത്തിനും മെച്ചപ്പെടുത്തലിനും സര്‍ക്കാരിന്റെ ഉപദേശകരായി പ്രവര്‍ത്തിക്കുന്ന ബോഡിയാണ് സ്റ്റാറ്റിസ്റ്റിക്സ് കമ്മിറ്റി. സാംപിൾ ഫ്രെയിം, സാംപ്ലിംഗ് ഡിസൈൻ, സർവേ ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള സർവേ രീതിശാസ്ത്രത്തെക്കുറിച്ച് കേന്ദ്ര സർക്കാരിന് നിർദേശങ്ങൾ നൽകുന്നതും സർവേകളുടെ ടാബുലേഷൻ പ്ലാൻ ചെയ്യുന്നതും കമ്മിറ്റിയുടെ ഇക്കാലയളവിലെ പ്രവർത്തനങ്ങളായിരുന്നു. ഇതെല്ലാം ഇനി നാഷണൽ സാമ്പിൾ സർവേയുടെ സ്റ്റിയറിംഗ് കമ്മറ്റിയിൽ (Steering Committee for National Sample Surveys) ലയിപ്പിക്കുമെന്നാണ് സർക്കാർ വിശദീകരണം നൽകിയിരിക്കുന്നത്. ദേശീയ സാമ്പിൾ സർവേകൾക്കായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് രൂപീകരിച്ച സ്റ്റിയറിങ് കമ്മിറ്റിയ്ക്കും സ്റ്റാറ്റിസ്റ്റിക്സ് കമ്മിറ്റിക്കും ഒരേ പ്രവർത്തനോദ്ദേശമാണ് എന്നതാണ് ലയനത്തിനുള്ള കാരണമായി സർക്കാർ വിശദീകരിക്കുന്നത്.

പ്രണബ് സെൻ

എന്താണ് സെൻസസ് ?

ഓരോ പത്ത് വർഷത്തിലും രാജ്യത്തുണ്ടായ പുരോഗതി അവലോകനം ചെയ്യുന്നതിനും സർക്കാരിൻ്റെ നിലവിലുള്ള പദ്ധതികൾ നിരീക്ഷിക്കുന്നതിനും ഭാവിയിലേക്കുള്ള പദ്ധതികളുടെ ആസൂത്രണത്തിനുമുള്ള അടിസ്ഥാന രേഖയാണ് സെൻസസ്. ഇന്ത്യയിൽ ഓരോ 10 വർഷം കൂടുമ്പോഴുമാണ് സെൻസസ് നടത്തുന്നത്. ജനസംഖ്യാശാസ്ത്രം, സാമ്പത്തിക വിവരങ്ങൾ, വിദ്യാഭ്യാസം, സാക്ഷരത, ഗാർഹിക സൗകര്യങ്ങൾ, മരണനിരക്ക്, നഗരവൽക്കരണം, പട്ടിക ജാതി-പട്ടിക വർഗം, ഭാഷ, മതം, കുടിയേറ്റം, ഡിസബിലിറ്റി മറ്റ് സാമൂഹിക സാംസ്കാരിക വിഷയങ്ങൾ എന്നിവ സംബന്ധിക്കുന്ന വിശദവും ആധികാരികവുമായ വിവരങ്ങളാണ് സെൻസസിൽ അന്വേഷിച്ച് രേഖപ്പെടുത്തുന്നത്. 1948-ലെ സെൻസസ് ആക്ട് വ്യവസ്ഥകൾ പ്രകാരമാണ് രാജ്യത്ത് സെൻസസ് നടത്തുന്നത്. വിവര ശേഖരണത്തിനായി ഓരോ വീടുകളും സന്ദർശിക്കുകയും കുടുംബാംഗങ്ങളോട് ചോദ്യങ്ങൾ ചോദിച്ച് മനസിലാക്കുകയും ചെയ്താണ് സെൻസസിന്റെ ഫോമുകൾ പൂരിപ്പിക്കുന്നത്. ഇന്ത്യയിലാദ്യമായി സമ്പൂർണ സെൻസസ് നടക്കുന്നത് 1830 ൽ ധാക്കയിലായിരുന്നു. സ്വതന്ത്ര്യ ലബ്ധിക്ക് ശേഷമുള്ള ഏഴാമത്തെയും രാജ്യത്തെ പതിനഞ്ചാമത്തേയും ദേശീയ സെൻസസ് ആണ് 2011 ൽ നടന്നത്.

2011-ലെ സെൻസസനുസരിച്ച് രാജ്യത്തെ ജനസംഖ്യ 121 കോടിയായിരുന്നു. ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം ഉത്തർപ്രദേശും (19,98,12,341) ഏറ്റവും കുറവ് സിക്കിമും (610,577). അന്നത്തെ കണക്കിൽ കേരളത്തിലെ ജനസംഖ്യ 3,34,06,061 ആണ്, അതായത് ഇന്ത്യൻ ജനസംഖ്യയുടെ 2.76 ശതമാനം. 2011 ന് ശേഷം 2021 ൽ സെൻസസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ നടന്നിട്ടില്ല. കോവിഡ് മഹാമാരിയാണ് 2021 ലെ സെൻസസ് വൈകിയതിന്‌ കാരണമായി സർക്കാർ പറയുന്നത്. എന്നാൽ കോവിഡ് ഭീഷണി മാറിയിട്ടും സെൻസസ് നടത്താനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം സെൻസസ് നടത്തുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ വാഗ്ദാനം നൽകിയിരുന്നുവെങ്കിലും അതും നടപ്പിലാക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല.

ക്ഷേമപദ്ധതികൾ ജനങ്ങളിലേക്കെത്തുന്നില്ല

സെൻസസ് കണക്കെടുപ്പിലെ വിവരങ്ങൾ പ്രകാരമാണ് ഒരു രാജ്യത്തെ ജനങ്ങൾക്ക് വേണ്ട ക്ഷേമ പദ്ധതികൾ ഉൾപ്പെടെ പ്രഖ്യാപിക്കുന്നത് എന്നതുകൊണ്ട് ജനങ്ങളുടെ ജീവിത നിലവാരവുമായി ബന്ധപ്പെട്ട വളരെ നിർണായകമായ ഒരു രേഖയാണത്. രാജ്യത്തിന്റെ വികസനത്തിനാവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിലും ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്ന സാമ്പത്തിക-വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതിനും സെൻസസ് വിവരങ്ങൾ അതിപ്രധാനമാണ്. ആദിവാസി വിഭാഗത്തിലുൾപ്പെട്ട വിദ്യാർഥികളുടെ സ്‌കൂൾ നിർമ്മാണം ഉൾപ്പെടെയുള്ള പദ്ധതികൾ വരെ സെൻസസ് വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് നടപ്പിലാക്കുന്നത്. 2021 ലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ഇപ്പോഴും ജനക്ഷേമപദ്ധതികൾ രൂപീകരിക്കുന്നത്. ഇപ്പോൾ നടക്കുന്ന ഒട്ടുമിക്ക സ്റ്റാറ്റിസ്റ്റിക്കൽ സർവേകൾക്കും ഉപയോഗിക്കുന്നത് അന്നത്തെ വിവരങ്ങൾ തന്നെയാണ് എന്നുള്ളത് അതിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൃത്യമായ കണക്കുകൾ ഇല്ലാത്തതുകൊണ്ടുതന്നെ പല പദ്ധതികളുടെ പ്രയോജനവും സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന വാർത്തകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പല വിഭാഗങ്ങളും സർക്കാരിന്റെ വിവിധ പദ്ധതികളിൽ നിന്നും പുറത്താക്കപ്പെട്ടിട്ടുമുണ്ട് എന്നത് വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. ഇന്നത്തെ ഇന്ത്യൻ സാമൂഹ്യാവസ്ഥയെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത് പല മേഖലകളിലും രാജ്യം പിന്നോട്ട് പോകുന്നു എന്നാണ്. സെൻസസ് ഉടൻ നടത്തേണ്ടതിന്റെ പ്രാധാന്യമാണ് അത് വ്യക്തമാക്കുന്നത്.

“എന്തിനെക്കുറിച്ചുള്ള ഡാറ്റയും വളരെ പ്രധാനമാണ്. നയങ്ങള്‍ രൂപീകരിക്കുവാനും നടപ്പിലാക്കുവാനും ഏതൊക്കെ പ്രദേശങ്ങളിൽ, ഏതൊക്കെ ജനവിഭാഗങ്ങളിലാണ് പ്രത്യേക ശ്രദ്ധ ആവശ്യമുള്ളതെന്ന് തിരിച്ചറിയാന്‍ നമുക്ക് സമഗ്രമായ സെന്‍സസ് ആവശ്യമാണ്. സെന്‍സസ് നടക്കുന്നില്ല എന്നത് ഇരുളിലേക്ക് വെടിവെക്കുന്നത് പോലെയാണ്. ഭരണകൂടം സെന്‍സസ് നടത്തുവാനുള്ള അതിവേഗ നടപടികള്‍ കൈക്കൊള്ളണം. അല്ലാതെ നമ്മള്‍ എവിടെയെത്തി നില്‍ക്കുന്നു എന്ന് നമുക്ക് അളക്കുവാന്‍ കഴിയില്ല. ഇനി മുന്നോട്ട് എങ്ങനെ പോകണം എന്ന് പദ്ധതികള്‍ രൂപീകരിക്കുവാന്‍ കഴിയില്ല.” സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. പറക്കാല പ്രഭാകർ സെൻസസ് നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കേരളീയത്തോട് മുമ്പ് പ്രതികരിച്ചത് ഇപ്രകാരമാണ്.

ഇന്ത്യ ഏറെ പിന്നിൽ

കോവിഡിന് ശേഷം സെൻസസ് നടത്താത്ത 44 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യയെക്കാൾ സാമൂഹികമായും സാമ്പത്തികമായും പിന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ വരെ സെൻസസ് പൂർത്തിയാക്കിയിട്ടുണ്ട്. യുക്രെയിൻ, യമൻ, സിറിയ, മ്യാൻമാർ, ശ്രീലങ്ക, സിറിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളാണ് സെൻസസ് നടത്താത്ത പട്ടികയിലുള്ളത്. യുദ്ധക്കെടുതികളും സാമ്പത്തിക പ്രതിസന്ധികളും നേരിടുന്നതാണ് ഈ രാജ്യങ്ങളിൽ സെൻസസ് വൈകുന്നതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യയിൽ അത്തരത്തിലുള്ള പ്രതിസന്ധികളൊന്നും നിലനിൽക്കുന്നില്ല. സെൻസസ് നടത്താതിരിക്കുന്നത് ബി.ജെ.പി സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യമായും വിലയിരുത്തപ്പെടുന്നുണ്ട്. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലങ്ങളുടെ പുനർനിർണയം നടക്കണമെങ്കിലും സെൻസസ് പൂർത്തിയാക്കേണ്ടതുണ്ട്. പക്ഷേ ജില്ലകൾ, താലൂക്കുകൾ, പട്ടണങ്ങൾ, എന്നിവയുടെ അതിർത്തി പുനർനിർണയം സർക്കാർ നീട്ടിയിരിക്കുകയാണ്. മണ്ഡല പുനർനിർണയം നടന്നിട്ടില്ല എന്ന കാരണത്താലാണ് ലോക്സഭ പാസാക്കിയ വനിതാ സംവരണ ബിൽ ഈ തെരഞ്ഞെടുപ്പിൽ നടപ്പിലാക്കാതിരുന്നത്.

“സെൻസസ് എന്നത് രാജ്യത്തെ ഏതെങ്കിലും നയപരിപാടികളുമായോ രാഷ്ട്രീയ സംഭവങ്ങളുമായോ ബന്ധപ്പെടുത്തി നടത്തേണ്ടതല്ല, അത് സ്വതന്ത്രമായി നടത്തപ്പെടേണ്ടതാണ്. ഏകദേശം ഒന്നര നൂറ്റാണ്ടായി തുടർന്നുവരുന്ന ഒരു പതിവാണ് സെൻസസ്. യുദ്ധ സാഹചര്യങ്ങളിൽ മാത്രമാണ് അതില്ലാതെയാക്കേണ്ടി വരുന്നത്. പക്ഷെ ഇന്ത്യയിലെ പൗരസമൂഹം സെൻസസ് നടക്കാത്തതിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്നില്ല, ചിന്തിക്കുന്ന ഒരു സമൂഹം എങ്ങനെയാണ് സെൻസസ് ഇല്ലാതെ മുന്നോട്ടുപോകാൻ തയ്യാറാകുന്നത്?” ഡാറ്റാ ശാസ്ത്രജ്ഞനായ ആർ. എസ്‌ നീലകണ്ഠൻ കേരളീയത്തിന് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു.

ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനായി ഗ്രാമ, നഗര, വാർഡ് തലത്തിലുള്ള ജനസംഖ്യാ കണക്കുകൾ ആവശ്യമാണ്. എന്നാൽ പുതിയ കണക്കുകൾ തയ്യാറായാൽ പോലും ജനസംഖ്യയനുസരിച്ച് ഫണ്ടുകളും പദ്ധതികളും തീരുമാനിക്കുന്നതിന് രണ്ട് വർഷത്തോളമെങ്കിലും വേണ്ടിവരും എന്ന വാദവുമുണ്ട്. അതായത് ഈ വർഷം സെൻസസ് നടത്തുകയാണെങ്കിലും അതിന്റെ മുഴുവൻ പ്രക്രിയ പൂർത്തിയാവാൻ ഇനിയും രണ്ട് വർഷത്തോളമെടുക്കും.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

September 13, 2024 2:23 pm