Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
2018 ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പെയ്തിറങ്ങിയ അതിതീവ്ര മഴ ചരിത്രത്തിലെ ഏറ്റവും തീവ്രമായ മഴക്കെടുതികളിലേക്കാണ് കേരളത്തെ തള്ളിവിട്ടത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മിക്ക ജില്ലകളിലുമുണ്ടായി. അന്നത്തെ പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചയിടമാണ് ചാലക്കുടിപ്പുഴയുടെ തീരത്തുള്ള തൃശൂർ-എറണാകുളം ജില്ലയിലെ പ്രദേശങ്ങൾ. അതിതീവ്ര മഴയും മുന്നറിയിപ്പില്ലാതെ തുറന്ന ഡാമുകളും ചാലക്കുടിപ്പുഴത്തീരത്ത് അന്നേവരെ വെള്ളം കയറാത്ത പല പ്രദേശങ്ങളെയും പ്രളയത്തിലാഴ്ത്തി. കാലാവസ്ഥാ വ്യതിയാനം കാരണം മഴയുടെ സ്വഭാവത്തിൽ വ്യത്യാസം വന്നതോടെ തുടർ വർഷങ്ങളിലും ഈ സാഹചര്യം ആവർത്തിച്ചു. പ്രളയം പതിവായിത്തീർന്നതോടെ പുഴത്തീരത്ത് താമസിക്കുന്ന മനുഷ്യർ ദുരന്തലഘൂകരണത്തിനുള്ള സുസ്ഥിരമായ മാർഗങ്ങളെക്കുറിച്ച് ചിന്തിച്ച് തുടങ്ങി. പുഴയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിവിധ സംഘടനകളും വ്യക്തികളും അതിനായി ഒത്തുചേർന്നു. മഴ മുന്നറിയിപ്പ് നൽകാനും പുഴയിലെ വെള്ളത്തിന്റെ അളവ് കൂടുന്നത് തുടർച്ചയായി വിലയിരുത്താനും പ്രളയ സാധ്യത കൃത്യമായി പുഴത്തീരത്തെ ജനങ്ങളെ അറിയിക്കാനുമുള്ള സംവിധാനങ്ങൾ ആ കൂട്ടായ്മയുടെ മുൻകൈയിൽ രൂപപ്പെട്ടു. അതിലും പ്രധാനം ചാലക്കുടിപ്പുഴയിലെ ഡാമുകളുടെ മാനേജ്‌മന്റ് കൃത്യമായി നിർവഹിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. 2018ലെ പ്രളയത്തിന് മുഖ്യ കാരണം ഡാം മാനേജ്മെന്റിന്റെ പരാജയമാണെന്നതിന് തെളിവുകൾ അവർക്ക് മുന്നിലുണ്ടായിരുന്നു. ചാലക്കുടിപ്പുഴ സംരക്ഷണ സമിതി ആ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഈ പ്രവർത്തനങ്ങളിലെല്ലാം സജീവമായി പങ്കുചേർന്നു. അങ്ങനെ, ദുരന്തബാധിതരുടെ പങ്കാളിത്തത്തോടെ ആവിഷ്കരിക്കപ്പെട്ട ദുരന്തലഘൂകരണ ശ്രമങ്ങൾ തുടർ വർഷങ്ങളിൽ ചാലക്കുടിപ്പുഴത്തടത്തിലെ ജനങ്ങൾക്ക് രക്ഷാമാർഗമായി മാറി. കാലാവസ്ഥാ പ്രതിസന്ധിയുടെ ആഘാതത്തിൽ തരിച്ചുനിൽക്കുന്ന കേരളത്തിന് ഈ ദുരന്തലഘൂകരണ പ്രവർത്തനങ്ങൾ ചില പ്രായോഗിക പാഠങ്ങൾ പകർന്നു നൽകുന്നു.
ചാലക്കുടിപ്പുഴയിലെ പ്രളയം
പശ്ചിമഘട്ടത്തിലെ വാൽപ്പാറയ്ക്ക് അടുത്തുള്ള ആനമല മലനിരകളിൽ നിന്നാണ് ചാലക്കുടിപ്പുഴ ഉത്ഭവിക്കുന്നത്. 144 കിലോമീറ്റർ നീളമുള്ള ഈ പുഴയ്ക്ക് 1704 ചതുരശ്ര കിലോമീറ്റർ വൃഷ്ടിപ്രദേശമുണ്ട്. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ഒഴുകി വരുന്ന പുഴ എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തിൽ വച്ച് പെരിയാർ നദിയുമായി കൂടിച്ചേരുകയും കൊടുങ്ങല്ലൂരിനടുത്ത് അഴീക്കോട് എന്ന സ്ഥലത്ത് വച്ച് അറബിക്കടലിൽ പതിക്കുകയും ചെയ്യുന്നു. ചാലക്കുടിപ്പുഴയിൽ നിർമ്മിച്ചിരിക്കുന്ന ആറ് അണക്കെട്ടുകൾ (പെരിങ്ങൽക്കുത്ത്, തൂണക്കടവ്, കേരള ഷോളയാർ, പറമ്പിക്കുളം, പെരുവാരിപ്പള്ളം, തമിഴ്നാട് ഷോളയാർ) കൃത്യമായ ആസൂത്രണമില്ലാതെ കൈകാര്യം ചെയ്തതാണ് 2018ലെ പ്രളയത്തെ രൂക്ഷമാക്കിയത്. തൂണക്കടവ്, പറമ്പിക്കുളം, അപ്പർ ഷോളയാർ, പെരിങ്ങൽകുത്ത് ഡാമുകളിൽ നിന്നുള്ള വെള്ളം ഒരുമിച്ചൊഴുകാൻ തുടങ്ങിയതോടെ പുഴ കരകവിഞ്ഞു. പുഴയുടെ താഴ്ത്തടത്തിലുള്ള, 65 വർഷം പിന്നിട്ട പെരിങ്ങൽകുത്ത് അണക്കെട്ട് തകരുമോ എന്ന് പോലും ഭയപ്പെടുന്ന സ്ഥിതിയുണ്ടായി. ചാലക്കുടി നഗരത്തിന് പുറമെ പരിയാരം, മേലൂർ, കാടുകുറ്റി, പാറക്കടവ്, അന്നമനട, കുഴൂർ, പുത്തൻവേലിക്കര പഞ്ചായത്തുകളിലെ നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. കൃഷിനാശവും വ്യാപകമായിരുന്നു.
പെരിങ്ങൽകുത്തിലെ മുഴുവൻ ഷട്ടറുകളും ചരിത്രത്തിലാദ്യമായാണ് അന്ന് തുറന്നത്. ആറ് ഡാമുകളിൽ സംഭരണ ശേഷി ഏറ്റവും കുറവുള്ള അണക്കെട്ടാണ് പെരിങ്ങൽകുത്ത്. വർഷ കാലങ്ങളിൽ മുകളിലുള്ള ഡാമുകളിലെ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് വെള്ളം തുറന്നുവിടുമ്പോൾ താഴെയുള്ള പെരിങ്ങൽകുത്തിലേക്ക് വെള്ളം അമിതമായി ഒഴുകിയെത്തുന്നു. അതോടെ പെരിങ്ങൽകുത്ത് ഡാം തുറക്കേണ്ടി വരുകയും പുഴയുടെ താഴ്ത്തടങ്ങൾ വെള്ളത്തിലാവുകയും ചെയ്യുന്നു. തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്ന തമിഴ്‌നാട് ഷോളയാർ ഡാം തുറക്കുന്ന വിവരം കേരളത്തെ അറിയിക്കാത്തതും പ്രതിസന്ധിയായി മാറുന്നു. 2018ൽ തമിഴ്നാട് ഷോളയാർ തുറന്ന വിവരം ഏതാനും മണിക്കൂറുകൾ മുൻപാണ് കേരളത്തെ അറിയിച്ചത്. ഇതും പ്രളയത്തെ രൂക്ഷമാക്കി.
2018 ലെ പ്രളയത്തെ തുടർന്ന് പ്രളയബാധിത പ്രദേശങ്ങളെ പഞ്ചായത്ത് തലത്തിൽ മാപ്പ് ചെയ്യുകയും, കൃത്യമായ ഒരു ഡാറ്റാബേസ് ഉണ്ടാക്കുകയും, ഏതൊക്കെ പ്രദേശങ്ങളിലും വീടുകളിലുമാണ് വെള്ളം കയറുന്നത് എന്ന് മനസിലാക്കുകയും ചെയ്തത് ചാലക്കുടി പുഴ സംരക്ഷണ സമിതിയിലെ പ്രവർത്തകരാണ്. തുടർന്ന്, മഴ കൂടുതൽ പെയ്യുന്ന സമയങ്ങളിൽ മഴയുടെ അളവും പുഴയിലെ വെള്ളത്തിന്റെ അളവും ഡാമിലെ ജലനിരപ്പും മഴ മുന്നറിയിപ്പുകളും അവർ പതിവായി നിരീക്ഷിച്ചു. അണക്കെട്ടുകളിൽ നിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവനുസരിച്ചാണ് ചാലക്കുടിപ്പുഴത്തടത്തിൽ എത്രമാത്രം വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് മനസിലാക്കാൻ കഴിയുന്നത്. അതുകൊണ്ടുതന്നെ അണക്കട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി ജനങ്ങളെ അറിയിക്കാനും മുൻകരുതൽ എടുക്കാനുമുള്ള സന്ദേശങ്ങൾ ഈ കൂട്ടായ്മ ജനങ്ങൾക്ക് കൈമാറി. 2018ൽ സംഭവിച്ചതുപോലെ അപ്രതീക്ഷിതമായി വീട് വെള്ളത്തിനടിയിലാകുന്ന സാഹചര്യം അതോടെ ഇല്ലാതായി. പ്രളയ സാധ്യതാ പ്രദേശങ്ങളിലുള്ളവരെ മുൻകൂറായി ക്യാമ്പുകളിലേക്ക് മാറ്റുന്നതിനും നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനും അതിലൂടെ കഴിഞ്ഞു.
ഡാമുകളെ എങ്ങനെയാണ് നിരീക്ഷിക്കേണ്ടത്?
ചാലക്കുടിപ്പുഴത്തടത്തിൽ നടക്കുന്ന ദുരന്തലഘൂകരണ പ്രവർത്തനങ്ങളെക്കുറിച്ച് റിവർ പ്രൊട്ടക്ഷൻ ഫോറം കൺവീനറും പരിസ്ഥിതി പ്രവർത്തകനുമായ എസ്. പി രവി വിശദമാക്കി. “ചാലക്കുടി വെള്ളത്തിൽ മുങ്ങുന്നതിന് മൂന്ന് കാരണങ്ങളാണുള്ളത്. പെരിങ്ങൽകുത്തിലെ ജലവൈദ്യുത നിലയത്തിൽ നിന്നും പുറത്തേക്ക് വരുന്ന വെള്ളമാണ് അതിൽ പ്രധാനം. അതിന് താഴെ പെയ്യുന്ന മഴയുടെ തീവ്രതയാണ് രണ്ടാമത്. മഴ വളരെ ശക്തമാണെങ്കിൽ വലിയ നീരൊഴുക്കുണ്ടാക്കും എന്നതിൽ സംശയമില്ല. കടൽ എത്രമാത്രം വെള്ളം എടുക്കുന്നുണ്ട് എന്നതാണ് മൂന്നാമത്തേത്. വേലിയേറ്റ സമയത്താണെങ്കിൽ അത് പതുക്കെയായിരിക്കും.
ഡാമുകൾ ഉള്ള പുഴയിലും ഇല്ലാത്ത പുഴയിലും മഴക്കാലത്ത് മോണിറ്ററിംഗ് വ്യത്യസ്തമായാണ് നടത്തേണ്ടത്. ഡാമുകൾ ഇല്ലാത്ത പുഴയിലെ പ്രളയ സാധ്യത വിലയിരുത്തുമ്പോൾ പെയ്യുന്ന മഴയുടെ അളവിനെ തന്നെയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. തൊട്ടടുത്ത മണിക്കൂറുകളിലും തൊട്ടടുത്ത ദിവസങ്ങളിലും പെയ്യുന്ന മഴയെ കുറിച്ച് കൂടുതൽ സ്ഥലങ്ങളിൽ നിന്നും മുന്നറിയിപ്പുകൾ കിട്ടണം. ഇതിൽ നിന്നാണ് എന്താണ് നിലവിലെ സാഹചര്യമെന്ന് വിലയിരുത്താനാവൂ. ഇത് ചെയ്യാൻ പൊതുവിൽ ആ റിവർ ബേസിനെ കുറിച്ചും ആ പ്രദേശത്തെ കുറിച്ചും ധാരണയുള്ള ആളുകൾ വേണം. പുഴയിലുണ്ടാകുന്ന മാറ്റങ്ങൾ പ്രദേശവാസികൾക്ക് തിരിച്ചറിയാൻ സാധിക്കുമെങ്കിലും ഡാമിലെ സ്ഥിതിയെ കുറിച്ച് അവർക്ക് വിവരങ്ങൾ കിട്ടില്ല. അത് കിട്ടി കഴിഞ്ഞാൽ അവർക്ക് കുറച്ചുകൂടെ കരുതലെടുക്കാൻ സാധിക്കും. പെരിങ്ങൽകുത്തിന്റെ വൃഷ്ടിപ്രദേശം തന്നെ 500 ചതുരശ്ര കിലോമീറ്ററിൽ കൂടുതലാണ്. അവിടെ തന്നെ ശക്തമായി മഴ പെയ്തു കഴിഞ്ഞാൽ വെള്ളം വളരെ കൂടുതലായി ഡാമിലേക്ക് വരാം. വെള്ളം വലിയ തോതിൽ വന്നു കഴിഞ്ഞാൽ ഡാം തുറക്കുകയല്ലാതെ വേറെ മാർഗമില്ല. ഞങ്ങൾ അത് മോണിറ്റർ ചെയ്‌തുകൊണ്ടിരിക്കും. വിവരങ്ങൾ കിട്ടുന്ന മുറയ്ക്ക് ആളുകളെ അപ്ഡേറ്റ് ചെയ്തു കൊണ്ടുമിരിക്കും. അധികൃതരെ ഇക്കാര്യങ്ങൾ ബോധിപ്പിച്ചതുകൊണ്ട് വീടുകളിൽ വെള്ളം കയറുന്നതിന് മുന്നേ ആളുകളെ മാറ്റാൻ കഴിഞ്ഞിട്ടുമുണ്ട്.”
കമ്മ്യൂണിറ്റിയുടെ ശക്തിപ്പെടൽ
ദുരന്തലഘൂകരണത്തിനായി പ്രവർത്തിക്കുന്നവരുടെ ഈ കൂട്ടായ്മ വ്യവസ്ഥാപിത സംഘടനാ രീതിയിലല്ല പ്രവർത്തിക്കുന്നത്. അവർ കൈമാറുന്ന വിവരങ്ങൾ മനസിലാക്കി കൊണ്ട് ജനങ്ങളും പ്രവർത്തിക്കാൻ തുടങ്ങിയതോടെ മാതൃകാപരമായ ദുരന്തലഘൂകരണ പ്രവർത്തനമായി അത് മാറി. കമ്മ്യൂണിറ്റിയുടെ ജാഗ്രതയോടെയുള്ള ഇടപെടൽ കാരണം 2018 നെ അപേക്ഷിച്ച് വലിയ രീതിയിലുള്ള മാറ്റങ്ങളുണ്ടാക്കാൻ കഴിഞ്ഞു എന്നതാണ് ഈ കൂട്ടായ്മയുടെ നേട്ടം. “സാധാരണ ജനങ്ങളെയും കണ്ണിചേർത്തുകൊണ്ട്, അപകട സാധ്യത തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഒരു കമ്മ്യൂണിറ്റി ഇനിഷ്യേറ്റിവ് ആണിത്. മുന്നറിയിപ്പുകൾ വകവെച്ച് ഫീൽഡിൽ പ്രവർത്തിക്കുന്ന അദൃശ്യമായ ഒരു ശൃംഖലയാണിത്. അതിശക്തമായ മഴയിൽ വെള്ളപൊക്ക സാധ്യത വരികയാണെങ്കിൽ ആളുകൾ ഈ കമ്മ്യൂണിറ്റിയിലുള്ളവരോടാണ് വിവരങ്ങൾ ചോദിക്കുക. ഓരോ പ്രദേശത്തും ഇതിന് നേതൃത്വം നൽകുന്ന ആളുകളുണ്ട്.” എസ്.പി രവി കൂട്ടിച്ചേർത്തു.
മഴക്കാലങ്ങളിൽ ചാലക്കുടിപ്പുഴ പതിവായി കരകവിഞ്ഞ് ഒഴുകുന്ന പ്രദേശമാണ് മൂഴിക്കുളം. ഇവിടെ സ്ഥിതി ചെയ്യുന്ന കമ്മ്യൂണിറ്റി ലിവിംഗ് സെന്ററായ മൂഴിക്കുളം ശാലയിൽ 2018 നും 2019 ലും 2022നും വെള്ളം കയറിയിരുന്നു. 2024 ൽ വെള്ളം കയറുന്നതിന് മുമ്പ് തന്നെ ചാലക്കുടിയിലെ പുഴ സംരക്ഷണ സമിതിയുടെ നിർദേശ പ്രകാരം വീട്ടിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറിയതുകൊണ്ട് അപകട സാധ്യത ഒഴിവായത് എങ്ങനെയെന്ന് പറയുന്നു റിവർ പ്രൊട്ടക്ഷൻ ഫോറത്തിന്റെ പ്രവർത്തക വിനിത. “മൂഴിക്കുളം ശാലയിൽ ആകെ 52 വീടുകളാണുള്ളത്. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മൂഴിക്കുളം ശാലയിൽ പ്രത്യേക പ്രവർത്തനങ്ങൾ ഇല്ല. എങ്കിലും ചാലക്കുടിപ്പുഴ സംരക്ഷണ സമിതിയുടെ എല്ലാ നിർദേശങ്ങളും ഇവിടെയുള്ളവർ അനുസരിക്കാറുണ്ട്. സമിതിയുടെ അറിയിപ്പുകൾക്കനുസരിച്ചാണ് പ്രളയ സാഹചര്യത്തിൽ മുന്നോട്ടുപോകാറുള്ളത്.”
പ്രളയം രൂക്ഷമായി ബാധിക്കുന്ന മേലൂർ എന്ന കാർഷിക ഗ്രാമത്തിൽ താമസിക്കുന്ന, ആർടിസ്റ്റും റിവർ പ്രൊട്ടക്ഷൻ ഫോറത്തിന്റെ മുഖ്യ പ്രവർത്തകനുമായ സുരേഷ് മുട്ടത്തി ദുരന്തലഘൂകരണത്തിനായി ഊർജിതമായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റിയിലെ പ്രവർത്തകരെ കുറിച്ച് വിശദമാക്കി.
“വെള്ളപ്പൊക്ക സാഹചര്യം ഉണ്ടായാൽ ഉടൻ എത്രയും പെട്ടെന്ന് ആ വിവരം ആളുകളിലേക്ക് എത്തിക്കുന്നതിൽ കമ്മ്യൂണിറ്റിയിലുള്ളവരുടെ പ്രവർത്തനങ്ങൾ ഫലപ്രദമായി നടക്കുന്നുണ്ട്. രാഷ്‌ടീയ പാർട്ടികളും സാമൂഹിക സാംസ്കാരിക സംഘടനകളും പരിസ്ഥിതി പ്രവർത്തകരും അടങ്ങുന്നതാണ് ഈ കൂട്ടായ്മ. 2018 ന് ശേഷം മേലൂരിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഇല്ലാതായത് കമ്മ്യൂണിറ്റിയുടെ ഇടപെടൽ കൊണ്ടുതന്നെയാണ്. അതിരപ്പിള്ളി സമരത്തിന് എതിര് നിന്ന ആളുകൾ പോലും 2018 ലെ പ്രളയത്തിന് ശേഷം കമ്മ്യൂണിറ്റിയിൽ ഉള്ളവരോട് വിവരങ്ങൾ ചോദിക്കുകയും അവരുടെ ആശങ്കകൾ പങ്കുവയ്ക്കുകയും ചെയ്യുന്നതിലേക്ക് എത്തിയത് കമ്മ്യൂണിറ്റി പ്രവർത്തകർക്ക് ഊർജ്ജമായി മാറി.”
തുടർച്ചയായ വെള്ളപ്പൊക്ക ഭീഷണിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജല ജാഗ്രതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മഴക്കാലത്ത് നടത്തിയ ജലജാഗ്രതാ സത്യാഗ്രഹം അധികാരികളോട് ശക്തമായ ഇടപെടലും സുസ്ഥിരമായ പരിഹാരവും ആവശ്യപ്പെടുന്ന പരിപാടിയായിരുന്നു. ചാലക്കുടി സൗത്ത് മേൽപ്പാലത്തിന് താഴെ ആഗസ്റ്റ് അഞ്ചിന് നടന്ന സത്യാഗ്രഹത്തിൽ പുഴത്തടത്തിലെ പ്രളയബാധിതരുടെ പ്രതിനിധികളും സാമൂഹിക സാംസ്കാരിക പ്രവർത്തകരുമടക്കം വൻ ജന സാന്നിധ്യമാണുണ്ടായത്. മഴക്കാലങ്ങളിൽ പെരിങ്ങൽകുത്തിലെ ജലനിരപ്പ് 415 മീറ്ററിൽ നിലനിർത്തുക, വെള്ളപ്പൊക്ക ഭീഷണിയുള്ള സമയങ്ങളിൽ മുകളിലെ ഡാമുകളിൽ നിന്നും പെരിങ്ങൽകുത്തിലേക്ക് വെള്ളം തുറന്ന് വിടാതിരിക്കുക, കേന്ദ്ര ജലക്കമ്മീഷന്റെ നേതൃത്വത്തിൽ പെരിങ്ങൽകുത്തിനെ കേന്ദ്രീകരിച്ച് പുഴയിലെ ആറ് ഡാമുകളെയും ഉൾപ്പെടുത്തി ഇന്റർഗ്രേറ്റഡ് റിസർവോയർ മാനേജ്‌മെന്റ്റ് പ്ലാൻ തയ്യാറാക്കുക, മഴ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ ഡാമുകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക പ്രോട്ടോക്കോൾ തയ്യാറാക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ സത്യാഗ്രഹത്തിൽ ഉന്നയിക്കപ്പെട്ടു.
വകുപ്പുകളുടെ ഏകോപനവും പി.എ.പി കരാറും
ചാലക്കുടിപ്പുഴത്തടത്തിലെ വെള്ളപ്പൊക്ക മാനേജ്മെൻ്റ് സങ്കീർണ്ണമാകാൻ കാരണം ആറ് ഡാമുകളിൽ നാലെണ്ണം തമിഴ്‌നാട് സർക്കാരിൻ്റെ നിയന്ത്രണത്തിലാണ് എന്നതാണ്. ഈ അണക്കെട്ടുകളിലെ വെള്ളം പങ്കിടുന്നതിനായി കേരളവും തമിഴ്നാടും തമ്മിലുണ്ടാക്കിയ പറമ്പിക്കുളം-ആളിയാർ കരാറിൽ (പി.എ.പി) വെള്ളപ്പൊക്ക നിയന്ത്രണം ഒരു പരിഗണനാ വിഷയമല്ല. അതുകൊണ്ടുതന്നെ ചാലക്കുടിപ്പുഴത്തടത്തിൽ പ്രളയം ഒഴിവാക്കണമെങ്കിൽ കേരളത്തിലും തമിഴ്നാട്ടിലുമുള്ള അണക്കെട്ടുകളുടെ മാനേജ്മെന്റ് കാര്യക്ഷമമായി നടക്കേണ്ടതുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനം അതിൽ വളരെ പ്രധാനമാണെന്ന് എസ്.പി രവി പറയുന്നു. “അണക്കെട്ടുകളെ കേന്ദ്രീകരിച്ചുള്ള നിയന്ത്രണങ്ങൾ ഉണ്ടായാൽ ചാലക്കുടി നേരിടുന്ന പ്രളയ സാഹചര്യം വലിയ രീതിയിൽ തന്നെ കുറയ്ക്കാൻ സാധിക്കും. അതിശക്തമായ മഴ ഒന്നോ രണ്ടോ ദിവസം പെയ്താലും ആ വെള്ളം അവിടെ സ്റ്റോർ ചെയ്യാനുള്ള കപ്പാസിറ്റി ഓരോ അണക്കെട്ടിനും ഉണ്ടായിരിക്കണം. പ്രത്യേകിച്ച് പെരിങ്ങൽകുത്തിന് മുകളിലുള്ള കേരള ഷോളയാർ, തമിഴ്നാട് ഷോളയാർ, പറമ്പിക്കുളം എന്നീ മൂന്ന് ഡാമുകൾക്ക് രണ്ട് ദിവസം അതിശക്തമായ മഴ പെയ്താലും നീരൊഴുക്കിനെ പിടിച്ചുനിർത്താനുള്ള കപ്പാസിറ്റി ഉണ്ടെങ്കിൽ തന്നെ പ്രശ്നം വലിയ രീതിയിൽ കുറയും. ഇതെല്ലാം നടക്കണമെങ്കിൽ വിവിധ വകുപ്പുകൾ തമ്മിലുള ഏകോപനം വേണം. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രതിനിധികൾ, എം.എൽ.എ, എം.പി അടക്കമുള്ള ജനപ്രതിനിധികൾ, പഞ്ചായത്തിൽ നിന്നുമുള്ള പ്രതിനിധികൾ, മറ്റു വിദഗ്ധർ എന്നിവർ ഒന്നിച്ച് പ്രവർത്തിക്കണം. റിയൽ ടൈം മോണിറ്ററിങ് വേണം, ജനങ്ങളും ഇതിൽ സഹകരിക്കണം.”
പറമ്പിക്കുളം- ആളിയാർ കരാർ നിലനിൽക്കുന്നതിനാൽ പ്രാദേശിക സർക്കാരുകൾക്ക് ഇക്കാര്യത്തിൽ ഇടപെടാൻ പ്രയാസമുണ്ട്. സംസ്ഥാന തലത്തിലുള്ള ഇടപെടൽ ഉണ്ടായാൽ മാത്രമേ പ്രളയ നിയന്ത്രണം സാധ്യമാവൂ. ശക്തമായ മഴയുള്ള സാഹചര്യങ്ങളിലെങ്കിലും പറമ്പിക്കുളം-ആളിയാർ കരാറിലെ നിബന്ധനകൾ നിർത്തിവയ്ക്കണം എന്ന ആവശ്യമാണ് ചാലക്കുടി നഗരസഭ കൗൺസിലറും പുഴ സംരക്ഷണ സമിതിയുടെ പ്രവർത്തകനുമായ അഡ്വ.ബിജു എസ് ചിറയത്ത് മുന്നോട്ടുവയ്ക്കുന്നത്.
“ജില്ലാ കളക്ടറും തഹസിൽദാറും മറ്റ് ഭരണാധികാരികളുമെല്ലാം ജാഗരൂകരായാൽ പോലും പറമ്പിക്കുളം-ആളിയാർ പ്രൊജക്റ്റ് നിലനിൽക്കുന്നതിനാൽ ഒരു ആക്ഷനും എടുക്കാൻ കഴിയാത്ത സാഹചര്യമാണ്. കേരളാ ഷോളയാർ, പറമ്പിക്കുളം, അപ്പർ ഷോളയാർ ഒന്നും തന്നെ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിൽ അല്ല. കരാറിന്റെ വ്യവസ്ഥകൾ മാറ്റിയില്ലെങ്കിൽ പ്രശ്നത്തെ നേരിടാൻ വലിയ ബുദ്ധിമുട്ടാകും. ഹൈക്കോടതിയിൽ നിന്നും ഇതുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ ഉണ്ടാകേണ്ടതുണ്ട്.” അദ്ദേഹം പറഞ്ഞു.
ചാലക്കുടിപ്പുഴയിൽ വെള്ളം കൂടിയാൽ അത് ഏറ്റവും അധികം ബാധിക്കുന്നത് കാടുകുറ്റി പഞ്ചായത്തിലെ ജനങ്ങളെയാണ്. 2018 ലും അതിനുശേഷവും തുടർച്ചയായി കാടുകുറ്റി നിവാസികൾ വെള്ളപ്പൊക്കഭീഷണി നേരിടുന്നു. 2018 ലുണ്ടായ പ്രളയം മനുഷ്യനിർമ്മിതമാണ് എന്ന ആരോപണം കേന്ദ്ര ജല കമ്മീഷൻ നിരസിച്ചുവെങ്കിലും ആ വാദത്തിൽ ഉറച്ചുനിൽക്കുകയാണ് കാടുകുറ്റി പഞ്ചായത്തിലെ ചെറുവാളൂർ സ്വദേശിയും പുഴ സംരക്ഷണ സമിതി പ്രവർത്തകനുമായ ബാബു നമ്പാടൻ.
“വർഷ കാലങ്ങളിൽ ഡാമിലെ വെള്ളം താഴ്ത്താനാണ് ഞങ്ങൾ പറയുന്നത്. കണ്ണടച്ച് തുറക്കുമ്പോഴേക്കുമാണ് 2018 ൽ വെള്ളം കയറിയത്. സുരക്ഷിതമായ ഒരു ദുരിതാശ്വാസ ക്യാമ്പ് പോലുമില്ലാത്ത അവസ്ഥ ഇവിടുത്തെ ജനങ്ങൾക്കുണ്ട്. ചെറുവാളൂർ നായർ സമാജം ഹൈസ്‌കൂൾ ആണ് എല്ലാ സമയത്തും ഇവിടെ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്നത്. ഇപ്പോൾ വെള്ളം കയറുന്ന രീതി തന്നെ വ്യത്യാസപ്പെട്ടു. ആളുകൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തുമ്പോഴേക്കും അവിടെ വെള്ളം പൊങ്ങും. അന്നമനട – കൊരട്ടി – പി.ഡബ്ല്യു.ഡി റോഡ് മുങ്ങി കഴിഞ്ഞാൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള യാത്ര ബുദ്ധിമുട്ടാകും. റോഡിന്റെ ഉയരം ഒന്ന് കൂട്ടിക്കഴിഞ്ഞാൽ ആളുകൾക്ക് വെള്ളം കയറിയാലും നാഷണൽ ഹൈവെയിലേക്ക് എത്താം. അത് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. പാടം നികത്തി വീടുകൾ പണിതതും, വെള്ളം ഒഴുകുന്ന ഓവുകളും ചാലുകൾ നികത്തിയതും, തോടുകൾ കയ്യേറിയതും പ്രശ്നങ്ങൾ രൂക്ഷമാക്കി. കാടുകുറ്റിയിലെ ചെറുവാളൂർ ഗ്രൗണ്ട് ബ്രദേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് എന്ന സംഘടനയുമായി ചേർന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ സഹായം എത്തിക്കുക, വെള്ളം കയറിയ കിണറുകൾ ശുദ്ധീകരിക്കുക എന്നീ പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. പുഴ സംരക്ഷണ സമിതിയാണ് ഇതിൽ ഊർജിതമായി പ്രവർത്തിക്കുന്നത്.”
ഇന്റഗ്രേറ്റഡ് റിസർവോയർ മാനേജ്‌മെന്റ് പ്ലാൻ
എല്ലാ അണക്കെട്ടുകളും ചേർന്നുള്ള ഇന്റഗ്രേറ്റഡ് റിസർവോയർ മാനേജ്‌മെന്റ് പ്ലാൻ വേണമെന്ന ആവശ്യമാണ് എസ്.പി രവി മുന്നോട്ടുവയ്ക്കുന്നത്. കേരളത്തിൽ നിലവിൽ ഒരുസ്ഥലത്തും അതില്ല എന്നും ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ള പമ്പ, പെരിയാർ, ചാലക്കുടിപ്പുഴ, ഭാരതപ്പുഴ എന്നീ നാല് പുഴകളിൽ ഇന്റഗ്രേറ്റഡ് റിസർവോയർ മാനേജ്‌മന്റ് പ്ലാൻ പ്രധാനമാണെന്നും അദ്ദേഹം പറയുന്നു. “ചാലക്കുടിപ്പുഴയിൽ പെരിങ്ങൽകുത്തിനെ അടിസ്ഥാനമാക്കിയും പെരിയാറിൽ ഭൂതത്താൻകെട്ടിനെ അടിസ്ഥാനമാക്കിയുമാണ് അത് വരേണ്ടത്. ഭൂതത്താൻകെട്ടിലേക്ക് ഫ്രീ ക്യാച്ച്മെന്റിൽ നിന്നും വരുന്ന വെള്ളത്തിന് പുറമെ മുകളിലെ ഡാമുകളിൽ നിന്നും വരുന്ന വെള്ളവുമുണ്ട്. ഫ്രീ ക്യാച്ച്മെന്റിൽ നിന്നും നിന്നും അധിക ജലം വരികയാണെങ്കിൽ മുകളിൽ നിന്നുള്ള ഡാമുകളിൽ നിന്നും ആ സമയത്തു വെള്ളം വരരുത്. ഈ തീരുമാനമാണ് എടുക്കേണ്ടത്. പെരിങ്ങൽകുത്തിൽ 10 സെന്റിമീറ്ററോ അതിൽ കൂടുതലോ മഴ പെയ്യുകയാണെകിൽ ഇൻഫ്ലോ തന്നെ കൂടുതലായ ഈ സമയത്ത് മുകളിലുള്ള ഡാമുകളിൽനിന്നും വെള്ളം തുറന്നുവിട്ടാൽ അപകടമാവും. 2018 ൽ സംഭവിച്ചത് അതാണ്. മുകളിലെ ഡാമുകളിൽ നിന്നും വെള്ളം വരാതിരിക്കണമെങ്കിൽ അവിടെ സ്‌പെയ്‌സ് ഉണ്ടായിരിക്കണം. അതിന് രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള ഒരു ഐക്യത്തിലൂടെ മാത്രമേ കഴിയൂ.”
സർക്കാർ സംവിധാനങ്ങളുമായി കമ്മ്യൂണിറ്റി പ്രവർത്തനങ്ങളെ ബന്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എസ്.പി രവി വിശദമാക്കി. “വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളുടെ ഡാറ്റ കൃത്യമായി ശേഖരിക്കാനാവണം. സർക്കാർ സംവിധാനം മാത്രമാണെങ്കിൽ ഇത് ഏത് കാലത്ത് നടക്കും എന്നത് സംശയമാണ്. മീനച്ചിൽ ഡാമില്ലാത്ത പുഴയാണ്. അവിടെ മഴയും പുഴയുടെ വാട്ടർ ലെവലും നോക്കി മാത്രമേ മോണിറ്ററിങ് സാധ്യമാവൂ. ഇരുന്നൂറോളം റെയിൻ ഗെയ്ജുകൾ സ്ഥാപിച്ചുകൊണ്ടാണ് മീനച്ചിൽ നദീ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആളുകൾ അവിടെ റീഡിങ് എടുക്കുന്നത്. അത്തരം പ്രവർത്തനങ്ങളെ ഔദ്യോഗികമായി തന്നെ ഡിസാസ്റ്റർ മാനേജ്‌മെന്റുമായി എങ്ങനെയാണ് ലിങ്ക് ചെയ്യാൻ പറ്റുക എന്നത് ആലോചിക്കണ്ടതാണ്.”
2018ന് ശേഷം തുടർച്ചയായി വെള്ളപ്പൊക്ക ഭീഷണി നേരിടുന്നവരും, വർഷത്തിൽ രണ്ടോ മൂന്നോ തവണ മാറി താമസിക്കേണ്ടി വരുന്നവരും ചാലക്കുടിപ്പുഴത്തടത്തിൽ ഏറെയുണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ പുനരധിവാസത്തിന് സ്ഥിരം സംവിധാനങ്ങൾ ഉറപ്പുവരുത്താൻ സർക്കാരിന് കഴിയണം. ദുരന്തലഘൂകരണ പ്രവർത്തനങ്ങളിൽ ചാലക്കുടി പുഴ സംരക്ഷണ സമിതിയും റിവർ പ്രൊട്ടക്ഷൻ ഫോറവും ഏറെ മുന്നേറിയിട്ടുണ്ടെങ്കിലും സർക്കാർ സംവിധാനങ്ങൾ ഇപ്പോഴും ഈ പ്രവർത്തനങ്ങളെ വേണ്ടവിധത്തിൽ ഉൾക്കൊണ്ടിട്ടില്ല. അതിനുള്ള ശ്രമങ്ങൾക്ക് കൂടിയാണ് ഇപ്പോൾ ഈ കൂട്ടായ്മ മുൻകൈയെടുക്കുന്നത്.