ലഡാക്കിന്റെ സമരത്തെ കേന്ദ്രം അവഗണിക്കുമ്പോൾ

ലഡാക്കിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ നേതൃത്വത്തിൽ നടന്ന ‘ചലോ ഡൽഹി ക്ലൈമറ്റ് മാർച്ച്’ സംസ്ഥാന അതിർത്തിയിൽ തടഞ്ഞ ഡൽഹി പൊലീസ്‌ 44 മണിക്കൂറിന് ശേഷം സമരക്കാരെ വിട്ടയച്ചു. വാങ്ചുക് അടക്കം 125 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാഭ്യാസ പരിഷ്കർത്താവും പരിസ്ഥിതി പ്രവർത്തകനുമായ വാങ്ചുക് സെപ്റ്റംബർ ഒന്നിനാണ് 150 പേരുമായി ലേയിൽ നിന്ന് പദയാത്രയായി ഡൽഹിയിലേക്ക് പുറപ്പെട്ടത്. ലഡാക്കിന് മേലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുക, ഭരണഘടനയിലെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക, ലഡാക്കിന്റെ പരിസ്ഥിതി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു യാത്ര. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് മഹാത്മാ ഗാന്ധിയുടെ സ്മാരകമായ ഡൽഹിയിലെ രാജ്ഘട്ടിൽ എത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ സെപ്തംബർ 30ന് ഹരിയാന- ഡൽഹി അതി‌ർത്തിയായ സിംഗുവിൽ വച്ച് അവരെ പൊലീസ് തടഞ്ഞു.

പദയാത്രികരെ തടഞ്ഞുവെച്ചതിൽ പ്രതിഷേധിച്ച് മേധാ പട്കർ ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രവർത്തകർ രാജ്ഘട്ടിന് മുന്നിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് അവരെ വിട്ടയക്കുന്നത്. ഇവരെ ഡൽഹി പൊലീസ് നഗരാതിർത്തിയിലെ അലിപൂരിലും പ്രദേശത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലും പാർപ്പിച്ചിരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വിവിധ കാരണങ്ങളാൽ ന്യൂ ഡൽഹി, നോർത്ത് ഡൽഹി, സെൻട്രൽ ഡൽഹി ജില്ലകളിൽ നിലനിൽക്കുന്ന നിരോധനാജ്ഞ ലംഘിച്ച് ഡൽഹിയിലേക്ക് പദയാത്ര നടത്തിയതിനാണ് ഈ നടപടി എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

ചലോ ഡൽഹി ക്ലൈമറ്റ് മാർച്ചിൽ നിന്നും

ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ലഡാക്കിന് ലഭിച്ച കേന്ദ്ര ഭരണ പ്രദേശമെന്ന പദവി ഈ മേഖലയ്ക്ക് വേണ്ടത്ര സ്വയംഭരണാവകാശം നൽകുന്നില്ലെന്ന ആശങ്ക വാങ്ചുക് ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കൾ നേരത്തെ തന്നെ ഉന്നയിച്ചിട്ടുണ്ട്. ലഡാക്കിലെ ലേ, കാർഗിൽ എന്നീ രണ്ട് ജില്ലകളിൽ ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെൻ്റ് കൗൺസിൽ ലെ, ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെൻ്റ് കൗൺസിൽ കാർഗിൽ എന്നിവയ്ക്കായിരുന്നു മുമ്പ് ഭരണ ചുമതലയുണ്ടായിരുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 370, 35 (എ) റദ്ദാക്കപ്പെടുന്നത് വഴി ലഡാക്കിന് പുറത്തുള്ളവർക്ക് പ്രദേശത്ത് സ്ഥിരതാമസമാക്കുന്നതിന് തടസങ്ങളില്ല. പരിസ്ഥിതി ലോല പ്രദേശമായ ലഡാക്കിൽ വിനോദ സഞ്ചാര സീസണുകളിൽ പ്രദേശത്തെ ജനസംഖ്യയേക്കാൾ ജനങ്ങളാണ് ടൂറിസത്തിനായി എത്തിച്ചേരുന്നത്. ഇവർ അലക്ഷ്യമായി നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ലഡാക്കിലെ മണ്ണിനെയും ഭൂപ്രകൃതിയേയും സാരമായി ബാധിച്ചിട്ടുണ്ട്. ലഡാക്ക് നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളും, കാലാവസ്ഥാവ്യതിയാനം ലഡാക്കിൽ സൃഷ്ടിച്ച മാറ്റങ്ങളും, വർദ്ധിച്ച തോതിലുള്ള ടൂറിസവും സമരക്കാർ പ്രധാനമായും ഉന്നയിക്കുന്ന വിഷയങ്ങളാണ്.

ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി സംരക്ഷിക്കുമെന്നായിരുന്നു കേന്ദ്രഭരണ പ്രദേശമാക്കുന്നതിന് മുൻപ് 2019 ലെ തെരഞ്ഞെടുപ്പിൽ, കേന്ദ്രസർക്കാരിന്റെ തെരെഞ്ഞെടുപ്പ് വാഗ്ദാനം. 2020-ലെ ലോക്കൽ ഹിൽ കൗൺസിൽ തെരഞ്ഞെടുപ്പിലും ബി.ജെ.പി ഈ വാഗ്ദാനങ്ങൾ ആവർത്തിച്ചു. തദ്ദേശീയ-ഗോത്ര ജനവിഭാഗങ്ങൾക്ക് സ്വയംഭരണാവകാശം നൽകുകയും അവരുടെ പരമ്പരാഗത സ്വയംഭരണ സംവിധാനങ്ങൾ തുടരാൻ അനുവദിക്കുകയും ചെയ്യുന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ ആറാം ഷെഡ്യൂൾ. നിലവിൽ അസം, ത്രിപുര, മിസോറാം, മേഘാലയ സംസ്ഥാനങ്ങളിലെ പത്തോളം പ്രദേശങ്ങളാണ് ആറാം ഷെഡ്യൂളിൽ ഉൾപ്പെട്ടിരിക്കുന്നത്. ആറാം ഷെഡ്യൂളിൽ ലഡാക്കിനെ ഉൾപ്പെടുത്താമെന്ന വാഗ്ദാനം കേന്ദ്ര സർക്കാർ പിന്നീട് പരിഗണിച്ചതേയില്ല. കാർഗിൽ, ലേ ജില്ലകൾക്ക്‌ പ്രത്യേക ലോക്‌സഭാ സീറ്റുകൾ അനുവദിക്കണമെന്നും ലഡാക്കിനായി പ്രത്യേക പബ്ലിക് സർവീസ് കമ്മീഷൻ ഏർപ്പെടുത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങൾ സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദയാത്ര ആരംഭിക്കുന്നത്. ലഡാക്കിൻ്റെ സാംസ്കാരികവും പാരിസ്ഥിതികവുമായ നിലനിൽപ്പിന് സ്വന്തമായ നിയമനിർമ്മാണ സഭയും, പ്രാദേശികമായി തീരുമാനമെടുക്കാനുള്ള അധികാരവും ഉൾപ്പെടെ ശക്തമായ സംരക്ഷണം ആവശ്യമാണെന്ന് സമരക്കാർ വാദിക്കുന്നു.

ചലോ ഡൽഹി ക്ലൈമറ്റ് മാർച്ചിൽ നിന്നും

ഈ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ഏറെക്കാലമായി ലഡാക്ക് ജനത സമരമുഖത്താണ്. സ്വയംഭരണം എന്ന വാഗ്ദാനം പാലിക്കപ്പെടാത്തതിൽ പ്രതിഷേധിച്ച് 21 ദിവസത്തെ ഉപവാസസമരം 2024 മാർച്ചിൽ സോനം വാങ്ചുക് നടത്തിയിരുന്നു. സ്വയംഭരണം അംഗീകരിക്കപ്പെട്ടില്ലെങ്കിൽ ലഡാക്കിലെ ഭൂമി, ഉപജീവനമാർഗങ്ങൾ, ഹിമാലയൻ പ്രദേശത്തിൻ്റെ സാംസ്കാരിക സ്വത്വം, സുസ്ഥിരത എന്നിവ നഷ്ടപ്പെടുമെന്ന് അദ്ദേഹം പറയുന്നു. തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയും ലഡാക്കിലെ പ്രശ്നങ്ങൾ സോനം വാങ്ചുക് പൊതുസമൂഹത്തെ അറിയിക്കുന്നുണ്ട്. ഈ വർഷം ജനുവരി 26 ന് ലഡാക്കിൽ അഞ്ച് ദിവസത്തെ കാലാവസ്ഥാ ഉപവാസം പ്രഖ്യാപിച്ച സമയത്ത് വാങ്‌ചുക്ക് പുറത്തുവിട്ട ‘ALL IS NOT WELL in Ladakh, Ladakh ki Mann ki Baat’ എന്ന വീഡിയോ, ലഡാക്ക് നേരിടുന്ന പ്രശ്നങ്ങളുടെ വിശദമായ ചിത്രം ലോകത്തിന് നൽകി. കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുമ്പുമുള്ള ദില്ലി അതിർത്തിയിലെ ദൃശ്യങ്ങളും വാങ്ചുക് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു.

സോനം വാങ്‌ചുക്ക് ചലോ ഡൽഹി മാർച്ചിൽ

സോനം വാങ്ചുക്കിന്റെയും സഹയാത്രികരുടെയും കസ്റ്റഡി ജനാധിപത്യ വിരുദ്ധമാണെന്നും പ്രധാനമന്ത്രി ഇതിൽ മൗനം പാലിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. സമരക്കാരെ കസ്റ്റഡിയിലെടുത്തത് മുതൽ വാങ്ചുക് നിരാഹാര സമരത്തിലായിരുന്നു. ഗാന്ധി ജയന്തി ദിനത്തിൽ രാജ്ഘട്ടിൽ എത്തി മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന തീരുമാനത്തിലായിരുന്നു അദ്ദേഹം. മേധ പട്കർ അടക്കം പിന്തുണയുമായി എത്തിയതോടെയാണ് ദേശീയ മാധ്യമങ്ങൾ ഈ വാർത്ത പുറത്തുവിടാൻ തുടങ്ങിയത്. പ്രതിഷേധം ശക്തമായതോടുകൂടി സമരക്കാരെ വിട്ടയക്കാൻ ഡൽഹി പൊലീസ് സന്നദ്ധമാവുകയായിരുന്നു. സമരക്കാർക്ക് രാജ്ഘട്ട് സന്ദർശിക്കാനുള്ള അനുമതി നൽകുകയും ചെയ്തു. ഒക്ടോബർ 2ന് രാത്രി 10 നാണ് വാങ്ചുക്കും 150 പദയാത്രികരും ലഡാക്കിലെ വിദ്യാർത്ഥികളും പ്രതിഷേധക്കാരും രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തുന്നത്. രാജ്ഘട്ടിന്റെ ചരിത്രത്തിൽ അപൂർവമായാണ് രാത്രിയിൽ പുഷ്പാർച്ചനയ്ക്ക് അനുമതി നൽകിയത്.

പാരിസ്ഥിതികമായി ദുർബലമായ ലഡാക്കിനെ സംരക്ഷിക്കുമെന്ന് കേന്ദ്രസർക്കാർ നൽകിയ ഉറപ്പ് പാലിക്കപ്പെടുന്നതുവരെ സമരരംഗത്ത് തന്നെ ഉണ്ടാകുമെന്ന തീരുമാനത്തിലാണ് സോനം വാങ്ചുക്. ലോക ശരാശരിയേക്കാൾ വേഗത്തിൽ ആണ് ഹിമാലയത്തിലെ ഹിമാനികൾ ഉരുകിക്കൊണ്ടിരിക്കുന്നത്. ഹിമാനികളുടെ പിൻവാങ്ങൽ മൂലം അപകടകരമായ അവസ്ഥയിലേക്ക് മാറിയിരിക്കുന്ന ലഡാക്കിൽ തീർച്ചയായും അടിയന്തിരമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

4 minutes read October 3, 2024 2:50 pm