ചൈനയിലെ ഭീമൻ അണക്കെട്ടും ഇന്ത്യയുടെ ആശങ്കകളും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഇന്ത്യയില്‍ ബ്രഹ്മപുത്ര എന്നറിയപ്പെടുന്ന ചൈനയിലെ യാര്‍ലങ് സാങ്‌പോ നദിയിൽ ചൈനീസ് സർക്കാർ നിർമ്മിക്കാൻ പോകുന്ന കൂറ്റൻ ജലവൈദ്യുത പദ്ധതി അയൽ രാജ്യങ്ങളായ ഇന്ത്യയെയും ബംഗ്ലാദേശിനെയും ആശങ്കയിലാക്കിയിരിക്കുകയാണ്. ടിബറ്റൻ പീഠഭൂമിയുടെ കിഴക്ക് ഭാഗത്തായാണ് ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് നിർമ്മിക്കാൻ കഴിഞ്ഞയാഴ്‌ച ചൈന അനുമതി നല്‍കിയതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ്  ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ഇന്ത്യയിലെയും ബംഗ്ലാദേശിലെയും സർക്കാരുകൾ ചൈനയെ ആശങ്ക അറിയിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ പ്രവർത്തനം നദിയുടെ നീരൊഴുക്കിനെ വലിയ രീതിയിൽ ബാധിക്കുമെന്നും ചൈന ഇതിനെ ഒരു ജലബോംബായി പ്രയോഗിക്കാൻ ഇടയുണ്ടെന്നും ഇരു രാജ്യങ്ങളും ഭയപ്പെടുന്നുണ്ട്. ഭൂചലന സാധ്യതയുള്ള ദുര്‍ബലമായ ടെക്ടോണിക് പ്ലേറ്റ് ബൗണ്ടറിയിലാണ് അണക്കെട്ട് നിർമ്മിക്കപ്പെടുന്നത് എന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഹിമാലയത്തിലെ കൈലാസ് മേഖലയില്‍ നിന്ന് ഉത്ഭവിക്കുന്ന ബ്രഹ്‌മപുത്ര, ടിബറ്റിലൂടെ ഒഴുകി അരുണാചല്‍ പ്രദേശിലൂടെ ഇന്ത്യയില്‍ പ്രവേശിച്ച് ബംഗ്ലാദേശും കടന്ന് ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. 2840 കിലോമീറ്റർ ദൈർഘ്യമുള്ള നദി ബംഗ്ലാദേശിലേക്ക് പ്രവേശിക്കുമ്പോൾ അതിന്റെ പേര് ജമുനയെന്നാകും.

2020 ൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ച പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ അണക്കെട്ടിന്റെ നിർമ്മാണം തുടങ്ങാൻ തീരുമാനമായിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനം നിയന്ത്രിക്കാനും പ്രളയം തടയാനും കാർബൺ ബഹിർഗമനം ലഘൂകരിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു ‘ഹരിത സംരംഭ’മാണ് ഈ പദ്ധതിയെന്നാണ് ചൈനയുടെ വാദം. ഊർജമേഖലയിലെ മുന്നേറ്റത്തിന് സഹായകമാകുന്ന ഈ പദ്ധതി ടിബറ്റിലെ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ചൈന വാദിക്കുന്നു. 137 ബില്യൺ യു.എസ് ഡോളർ നിർമ്മാണ ചെലവ് കണക്കാക്കുന്ന ഈ പദ്ധതിക്ക് കഴിഞ്ഞ മാസമാണ് ചൈനീസ് സർക്കാർ അന്തിമ  അംഗീകാരം നൽകിയത്.

ത്രീ ഗോര്‍ജസ് അണക്കെട്ട്. കടപ്പാട്:reddit.com

പുതിയ അണക്കെട്ടിന് ലോകത്ത് ഇന്ന് നിലനിൽക്കുന്ന ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ യാങ്ത്സി നദിയിലെ ത്രീ ഗോര്‍ജസ് അണക്കെട്ട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ മൂന്നിരട്ടി ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. അതായത് പ്രതിവർഷം 300 ബില്യൺ കിലോവാട്ട് വൈദ്യുതി. ഇത് ഏതാണ്ട് 30 കോടിയിലേറെ ജനങ്ങളുടെ വർഷിക വൈദ്യുതി ഉപയോഗത്തിന് മതിയാകും എന്നാണ് ചൈന വിലയിരുത്തുന്നത്. ചെങ്കുത്തായ മലയിടുക്കിലൂടെ ഒഴുകുന്ന യാര്‍ലങ് സാങ്‌പോ നദിയില്‍ ചൈന ആദ്യമായി അണക്കെട്ട് നിര്‍മിച്ചത്‌ 2010-ല്‍ ആയിരുന്നു. പിന്നീട് ചെറുതും വലുതുമായ നിരവധി അണക്കെട്ടുകള്‍ ചൈന ഈ നദിയില്‍ നിര്‍മിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ജലവൈദ്യുത അണക്കെട്ടുകളുള്ള രാജ്യമാണ് ചൈന.

ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ഭീതി

ബ്രഹ്മപുത്ര നദി അരുണാചൽ പ്രദേശിലേക്ക് എത്തുന്നതിന് മുൻപുള്ള മെഡോ കൗണ്ടിയിൽ വളയുന്ന ഗ്രേറ്റ് ബെന്റിലാണ് അണക്കെട്ട് പണികഴിപ്പിക്കാൻ പോകുന്നതെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചൈനയിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമാണിത്. മാത്രമല്ല, ഭൂകമ്പങ്ങൾ സ്ഥിരമായി സംഭവിക്കുന്ന മേഖലയും ദുർബലമായ ഹിമാലയൻ പ്രദേശവുമാണിത്. ഇന്ത്യൻ ഫലകവും യുറേഷ്യൻ ഫലകവും തമ്മിൽ ചേരുന്ന സംഗമ സ്ഥാനമായതിനാലാണ് ഹിമാലയ പർവത നിരകളിലും താഴ്‌വരകളിലും മിക്കപ്പോഴും ഭൂചലനം അനുഭവപ്പെടുന്നത്. ഇന്നലെ‌, ജനുവരി ഏഴിന് ടിബറ്റിലുണ്ടായ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 126 പേരാണ് മരിച്ചത്. 2015ൽ നേപ്പാളിൽ ഉണ്ടായ ഭൂചലനത്തിൽ 9000 പേരാണ് മരണപ്പെട്ടത്. ഏഷ്യയിൽ ഇപ്പോൾ ഏറ്റവുമധികം ഭൂചലനം രേഖപ്പെടുത്തുന്ന മേഖലയായി നേപ്പാൾ-ടിബറ്റൻ പ്രദേശങ്ങൾ മാറിയിരിക്കുകയാണ്. ഇക്കാര്യങ്ങൾ പരിഗണിച്ചുകൊണ്ടാണോ ചൈന കൂറ്റൻ അണക്കെട്ട് നിർമ്മിക്കുന്നതെന്ന കാര്യം വ്യക്തമല്ല.

ടിബറ്റിൽ നിന്ന് ഭൂട്ടാനിലൂടെയും ഇന്ത്യയിലൂടെയും ബംഗ്ലാദേശിലേക്കുള്ള ബ്രഹ്മപുത്ര നദിയുടെ ഒഴുക്കും അണക്കെട്ട് നിർമിക്കുന്ന പ്രദേശവും. കടപ്പാട്:thehindu.com

ബ്രഹ്മപുത്ര നദിയിലെ നീരൊഴുക്കിനെ നിയന്ത്രിക്കാൻ ചൈനക്ക് കഴിയും എന്നതാണ് ഇന്ത്യയെയും ബംഗ്ലാദേശിനെയും ആശങ്കപ്പെടുത്തുന്ന മറ്റൊരു പ്രശ്നം. അണക്കെട്ടിൽ നിന്നും ചൈന വെള്ളം തുറന്നുവിട്ടാൽ അരുണാചൽ പ്രദേശിലെ യിങ്കിയോങ് നഗരം പൂർണമായും വെള്ളത്തിനടിയിലാകും എന്നും പരിസ്ഥിതി വിദഗ്ദ്ധർ  നിരീക്ഷിക്കുന്നു. ഇന്ത്യയിൽ ബ്രഹ്മപുത്രയും ബംഗ്ലാദേശിൽ ജമുനയും അവിടുത്തെ ജനങ്ങളുടെ ഉപജീവനമാർഗത്തെ വലിയ തോതിൽ സ്വാധീനിക്കുന്ന നദികളാണ്. അരുണാചൽ പ്രദേശിലേക്കും അവിടെ നിന്ന് ബംഗ്ലാദേശിലേക്കും ബ്രഹ്മപുത്ര നദി തിരിയുന്നിടത്ത് നിർമ്മിക്കാൻ പോകുന്ന ഭീമൻ അണക്കെട്ട് നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ബംഗ്ലാദേശും വെള്ളപ്പൊക്കമടക്കമുള്ള ദുരിതത്തിന്റെ ഭീഷണിയിലാണ്. മണ്ണിടിച്ചിലും ഭൂകമ്പവും ജലക്ഷാമവും ഈ മേഖല നേരിടുന്ന വലിയ ആശങ്കകളാണ്. അണക്കെട്ടിന്റെ വരവോടെ ഈ പ്രദേശങ്ങൾ ദൂരവ്യാപകമായ വിപത്തുകൾ നേരിടുമെന്നുള്ള പഠനങ്ങളുണ്ട്. ദുർബലമായ പ്രദേശമായതുകൊണ്ടുതന്നെ അണക്കെട്ടു നിർമ്മാണം പൂർണമാകുന്നതോടുകൂടി അരുണാചലിലും ബംഗ്ലാദേശിലും സ്ഥിരമായി പ്രളയങ്ങൾ ഉണ്ടാകുമെന്നും നിരീക്ഷിക്കപ്പെടുന്നു.

നിലവിലെ ഏറ്റവും വലിയ അണക്കെട്ടായ ചൈനയുടെ ത്രീ ഗോർജസ് ഡാം തന്നെ ഭൂമിയുടെ ഭ്രമണ വേഗം കുറച്ച് ദിവസത്തിന്റെ ദൈർഘ്യം വർധിപ്പിക്കുന്നതായി നാസയുടെ പഠന റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. 40 ബില്യൺ ക്യുബിക് മീറ്റർ വെള്ളം സംഭരിക്കുന്ന ഈ അണക്കെട്ട് സമുദ്ര നിരപ്പിൽ നിന്ന് 175 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട്, ഭൂമിയുടെ ജഡത്വം വർധിച്ച് ഭ്രമണ വേഗം കുറയുന്നതായാണ് കണ്ടെത്തൽ. ഇതിന്റെ മൂന്നിരട്ടി ശേഷിയുള്ള അണക്കെട്ടാണ് പുതിയതായി നിർമ്മിക്കാൻ ഒരുങ്ങുന്നത് എന്നിരിക്കെ അത് സൃഷ്ടിക്കാൻ പോകുന്ന ആഘാതങ്ങൾ വിശദമായി പഠിക്കപ്പെടേണ്ടതുണ്ട്.

യാര്‍ലങ് സാങ്‌പോ നദി. കടപ്പാട്:indiatodayne.in

അതേസമയം പദ്ധതിയുടെ നിർമ്മാണം മറ്റ് രാജ്യങ്ങളിലെ പരിസ്ഥിതി, ഭൂമിശാസ്ത്രം, ജലസ്രോതസ്സുകൾ എന്നിവയെ പ്രതികൂലമായി ബാധിക്കില്ല എന്ന് പതിറ്റാണ്ടുകളായുള്ള ശാസ്ത്രീയ പരിശോധന വഴി കണ്ടെത്തിയിട്ടുണ്ട് എന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. അണക്കെട്ടുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നും നദീജലം പങ്കുവയ്ക്കുന്ന രാജ്യങ്ങളുമായി ആശയവിനിമയം തുടരുമെന്നും ചൈനയുടെ വിദേശകാര്യ വക്താവ് മാവോനിങ് വ്യക്തമാക്കി. ബ്രഹ്മപുത്ര നദിയിൽ ഇന്ത്യ നിർമിക്കുന്ന സിയാങ് എന്ന അണക്കെട്ടിന് 10 ബില്യൺ ക്യൂബിക് മീറ്റർ ജല സംഭരണ ശേഷിയാണുള്ളത്. അരുണാചൽ പ്രദേശിലെ യിങ്കിയോങ്ങിങ്കിൽ ആണിത്. ചൈന വെള്ളം തുറന്നു വിടുമ്പോൾ ഉണ്ടാകാനിടയുള്ള പ്രളയത്തെ തടയാൻ ഈ അണക്കെട്ടിനാകും എന്നാണ് അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ടു പറയുന്നത്.

ഭൂകമ്പങ്ങളും പ്രളയവും പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ നിരന്തരം സംഭവിക്കുന്ന മേഖലകളിൽ തന്നെയാണ് വീണ്ടും വൻകിട പദ്ധതികളുമായി ചൈന മുന്നോട്ടുവരുന്നത്. ഇരുരാജ്യങ്ങളിലൂടെയും ഒഴുകുന്ന നദികളിലെ ജലം പങ്കുവെക്കലിന് ഇന്ത്യയും ചൈനയും തമ്മില്‍ കരാറുകളൊന്നും നിലവില്‍ ഇല്ല എന്നതും സങ്കീർണ്ണമായ പ്രശ്നമാണ്.

Also Read

4 minutes read January 8, 2025 9:56 am