രണ്ട് പതിറ്റാണ്ടിന്റെ ജാതിപ്പക, കത്തിയമർന്ന ഓട്ടോറിക്ഷകൾ

2005 ഡിസംബർ 30ന് ആണ് എരമംഗലത്ത് ചിത്രലേഖയുടെ ഓട്ടോറിക്ഷ ആദ്യം തീവെച്ച് നശിപ്പിക്കപ്പെടുന്നത്. 18 വർഷത്തിന് ശേഷം, 2023 ആഗസ്റ്റ് 25ന് രാത്രി വീണ്ടും അവരുടെ ഓട്ടോ കത്തിക്കപ്പെട്ടു. ജാതിവിവേചനത്തെ എതിർത്തുകൊണ്ട് വർഷങ്ങളായി സി.പി.എമ്മിനോട് കലഹിക്കുന്ന ചിത്രലേഖ എന്ന ദലിത് സ്ത്രീയോട് രണ്ട് പതിറ്റാണ്ടായി സി.പി.എം പ്രവർത്തകർ പുലർത്തുന്ന പകയും വിദ്വേഷവും തുടരുകയാണ്. ഇതിനിടയിൽ, ഏറെ പ്രയാസപ്പെട്ട് പയ്യന്നൂരിലെ എടാട്ട് നിന്നും കണ്ണൂരിലെ കാട്ടാമ്പള്ളിയിലേക്ക് ജീവിതം പറിച്ചുനട്ടെങ്കിലും ചിത്രലേഖയ്ക്ക് രക്ഷയുണ്ടായില്ല. ചിത്രലേഖയോടുള്ള പകയും ജാതിവിദ്വേഷവും പല രൂപത്തിൽ തുടർന്നുകൊണ്ടേയിരുന്നു. ഭരണസംവിധാനങ്ങൾക്കോ നീതിന്യായ വ്യവസ്ഥയ്ക്കോ ആ ആക്രമണങ്ങൾക്ക് അവസാനമുണ്ടാക്കാൻ കഴിഞ്ഞില്ല. രണ്ടാം തവണയും ഓട്ടോറിക്ഷ എന്ന ഉപജീവനമാർഗം ചാരമായിത്തീരുന്നത് അവർക്ക് കാണേണ്ടിവന്നു.

ചിത്രലേഖയുടെ കത്തിക്കപ്പെട്ട ഓട്ടോറിക്ഷ ഫോട്ടോ : മൃദുല ഭവാനി

2005ൽ ഓട്ടോറിക്ഷ കത്തിച്ചതിലെ പ്രതികൾ പയ്യന്നൂരിലെ സി.ഐ.ടി.യു നേതാക്കളായിരുന്നു. 2023 ആഗസ്റ്റ് 25ന് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോ എങ്ങനെ കത്തിനശിച്ചു എന്ന് കണ്ടെത്താൻ ഇനിയും വളപട്ടണം പൊലീസിന് കഴിഞ്ഞിട്ടില്ല. ഐ.പി.സി 1860ലെ സെക്ഷൻ 427, 447, 436, 34 എന്നീ വകുപ്പുകളാണ് എഫ്.ഐ.ആറിൽ ചേർത്തിരിക്കുന്നത്. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ള ഒരു വ്യക്തിക്ക് എതിരെയോ അവരുടെ സ്വത്തുവകകൾക്ക് എതിരെയോ ആക്രമണമുണ്ടായാൽ അത്തരം കേസുകൾ പ്രത്യേക, അതിവേഗ നിയമപരിരക്ഷ അർഹിക്കുന്നതിനാലാണ് ഇന്ത്യൻ നിയമസംവിധാനത്തിൽ എസ്.സി/എസ്.ടി പ്രിവൻഷൻ ഓഫ് അട്രോസിറ്റീസ് ആക്റ്റ് നിലവിലുള്ളത്. എന്നാൽ, കേസിൽ അടിയന്തരമായി അന്വേഷണങ്ങളും തെളിവ് ശേഖരണവും നടക്കേണ്ട ഘട്ടം കഴിയുമ്പോഴും, പ്രതികളെന്ന് സംശയിക്കുന്നത് കണ്ടുപരിചയമുള്ളവരാണ് എന്ന് ചിത്രലേഖ പറയുമ്പോഴും പൊലീസ് അന്വേഷണത്തിൽ പുരോഗതിയുണ്ടായിട്ടില്ല.

“ഈ കേസ് ഞാൻ വിടാനൊന്നും പോകുന്നില്ല, ഇത് എന്റെ ജീവിതപ്രശ്‌നമാണ്. എന്റെ മക്കൾക്ക് ജീവിക്കണം, എന്റെ മക്കളുടെ മക്കൾക്കും ജീവിക്കണം. ചെറിയ രണ്ടുകുട്ടികളും ഇപ്പോൾ വളർന്നു വരുന്നുണ്ട്. അവരെ വരെ മുളയിലേ നുള്ളിക്കളയുന്ന അവസ്ഥയാണിപ്പോൾ. അവരും ഭക്ഷണമില്ലാതെ പട്ടിണികിടക്കേണ്ടിവരുന്ന സാഹചര്യമാണുള്ളത്. അവർക്കിപ്പോൾ വിദ്യാഭ്യാസ കാലഘട്ടം തുടങ്ങുന്ന സമയമാണ്. നല്ല ചിരിയും കളിയുമായി തലച്ചോറ് വികസിക്കുന്ന കാലഘട്ടത്തിൽ തന്നെ ഇത്തരം കാര്യങ്ങൾ കണ്ട് മനസ്സ് മരവിച്ചുപോകുന്നതിലേക്കാണ് അവരെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഇപ്പോൾത്തന്നെ ചെറിയ മകൻ പറയാൻ തുടങ്ങിയിട്ടുണ്ട്, ‘വണ്ടി കത്തിച്ചു, വണ്ടി കത്തിച്ചു’ എന്ന്. അവരെപ്പോലും അടിച്ചമർത്തുന്ന രീതിയിലുള്ള പകയായിപ്പോയി ഇവർക്ക്.” തലമുറകളിലേക്ക് നീളുന്ന പകയുടെ ആഴം ചിത്രലേഖയുടെ ആ വാക്കുകൾ വ്യക്തമാക്കി.

ചിത്രലേഖ ഫോട്ടോ : മൃദുല ഭവാനി

പൊലീസിന് ഈ കേസ് അന്വേഷിക്കുന്നതിൽ താൽപര്യമുണ്ടെന്നും നീതി ഉറപ്പാക്കുമെന്നുമാണ് സെപ്തംബർ രണ്ടിന് അന്വേഷണ ഉദ്യോഗസ്ഥനായ ജേക്കബ് ടി കേരളീയത്തോട് പറഞ്ഞത്.”കേസിലെ പ്രതി നോൺ-എസ്.സി/എസ്.ടി ആണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല” എന്നാണ് പ്രിവെൻഷൻ ഓഫ് അട്രോസിറ്റീസ് ആക്റ്റിലെ നിയമങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിന് പൊലീസ് നൽകിയ മറുപടി. എന്നാൽ 14 ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്‌തിട്ടില്ല. രണ്ടാഴ്ച പിന്നിടുമ്പോഴും കത്തിയ ഓട്ടോ ചിത്രലേഖയുടെ വീട്ടുമുറ്റത്ത് തന്നെയാണ്. ചില്ലുൾപ്പെടെ പൊട്ടിത്തെറിച്ചതിന്റെ കരി മുറ്റത്ത് പടർന്നുകിടക്കുന്നു. നാല് വർഷമേ ആയിട്ടുള്ളൂ ഈ പുതിയ ഓട്ടോ ഉപയോഗിച്ചു തുടങ്ങിയിട്ട്. ഇനിയും ഓട്ടോ വാങ്ങണമെങ്കിൽ മൂന്ന് ലക്ഷത്തോളം രൂപ വേണ്ടിവരും.

2005ൽ ഓട്ടോ കത്തിച്ചതിന് ശേഷം ചിത്രലേഖയ്ക്കും കുടുംബത്തിനും സി.പി.എം പ്രവർത്തകരിൽ നിന്നും വധഭീഷണിയും ശാരീരിക ആക്രമണങ്ങളും തുടർച്ചയായി നേരിടേണ്ടി വന്നിട്ടുണ്ട്. പൊലീസ് പക്ഷപാതിത്വവും ‘ഓട്ടോ കോർട്ട്’ ( ഓട്ടോ തൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രശ്നപരിഹാര സമിതിയാണ് ഓട്ടോ കോർട്ട്. പയ്യന്നൂരിൽ വെച്ചു മെഡിക്കൽ ഷോപ്പിൽ ചെന്നു മരുന്നു വാങ്ങുന്നതിനിടെ ചിത്രലേഖയെയും കുടുംബത്തെയും മറ്റ് ഓട്ടോ ഡ്രൈവർമാർ ആക്രമിച്ച സംഭവത്തെ തുടർന്ന് ഓട്ടോ കോർട്ടിലെ അംഗങ്ങൾ ചിത്രലേഖയുടെ പ്രതിരോധത്തെ “സംസ്കാരത്തിന് നിരക്കാത്തത്” എന്നാണ് വിശേഷിപ്പിക്കുന്നത്.) എന്ന നിയമബാഹ്യ കോടതി സംവിധാനങ്ങളിൽ നിന്നുള്ള വിലക്കുകളും, താമസിച്ച ഇടങ്ങളിലെല്ലാം ജാതി ബഹിഷ്‌കരണങ്ങളും ചിത്രലേഖക്ക് അനുഭവിക്കേണ്ടിവന്നു. തിയ്യ സമുദായത്തിൽ നിന്ന് വിവാഹം ചെയ്തതും ഓട്ടോ ഓടിച്ചു തുടങ്ങിയതും ജാതീയ ആക്രമണങ്ങൾക്ക് ‘മതിയായ‘കാരണങ്ങളായി മാറി. 2014ൽ സുരക്ഷ ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കലക്ടറേറ്റിന് മുന്നിൽ ചിത്രലേഖ 122 ദിവസങ്ങളോളം സമരം ചെയ്തതിനെ തുടർന്ന് ഉമ്മൻ ചാണ്ടി സർക്കാർ ചിത്രലേഖയുടെ പുനരധിവാസം ഉറപ്പാക്കുന്നതിനായി നടപടികൾ സ്വീകരിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിൽ 47 ദിവസം ചിത്രലേഖ സമരം ചെയ്തിരുന്നു. ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച ഭൂമിയിൽ വീടുവെച്ച് താമസം തുടങ്ങി അധികം വെെകാതെ ആ വീടിന് നേരെയും ആക്രമണമുണ്ടായി.

കേസുകളും കെട്ടിച്ചമച്ച കൗണ്ടർ കേസുകളും

പയ്യന്നൂർ എടാട്ട് ഓട്ടോ സ്റ്റാന്റിൽ ഓട്ടോ നിർത്തിയിടുന്നതിന് ആവശ്യമായ സി.ഐ.ടി.യു അംഗത്വവുമായി ജോലി ചെയ്തു തുടങ്ങിയപ്പോഴാണ് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർമാരിൽ നിന്നും ചിത്രലേഖ ജാതീയമായ അധിക്ഷേപം നേരിടുന്നത്. അധിക്ഷേപങ്ങളും ചോദ്യം ചെയ്യലുകളും പതിവായിത്തീർന്നതോടെ ചിത്രലേഖയുടെ പ്രതിരോധങ്ങൾ കൂടുതൽ പ്രതികാര നടപടികളിലേക്ക് സി.പി.എം പ്രവർത്തകരായ ഓട്ടോ ഡ്രൈവർമാരെ നയിച്ചു. നവമി പൂജയുടെ സമയത്ത് പൂജക്ക് വെച്ച ഓട്ടോ, ഒരു അത്യാവശ്യ ഹോസ്പിറ്റൽ ഓട്ടത്തിനായി എടുക്കാൻ ചെന്നപ്പോഴാണ് ആദ്യമായി ഓട്ടോ നശിപ്പിക്കപ്പെട്ടത് ചിത്രലേഖ കാണുന്നത്. അവിടെ ഉണ്ടായിരുന്ന ഓട്ടോ ഡ്രൈവറോട് കാര്യം ചോദിച്ചപ്പോൾ ഇനി സ്റ്റാൻഡിൽ ഓട്ടോ വെക്കേണ്ടെന്നായിരുന്നു മറുപടി. പഞ്ചായത്ത് മെമ്പറോടുൾപ്പെടെ പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. ചിത്രലേഖയുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെ അവർ ഓട്ടോ ഓടിക്കുന്നത് മറ്റ് തൊഴിലാളികൾ തടഞ്ഞു. 2005 ഡിസംബർ 30ന് വീടിനടുത്തായി നിർത്തിയിട്ട ഓട്ടോ കത്തിക്കുന്നത് വരെ ഇത്തരം ഉപദ്രവങ്ങൾ തുടർന്നു. ടോയ്‌ലറ്റ് നിർമ്മിക്കുന്നതിനുള്ള അലവൻസിനായി ബ്ലോക് ഡെവലപ്‌മെന്റ് ഓഫീസിനെ സമീപിച്ചപ്പോൾ അത് നൽകാൻ തയ്യാറായില്ല. തരാത്തതിന്റെ കാരണം ചോദിച്ചതോടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന വകുപ്പിൽ ഭർത്താവ് ശ്രീഷ്‌കാന്തിനെതിരെ കേസെടുത്തു. 2014 ഏപ്രിലിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചിത്രലേഖയുടെ വീട് ആക്രമിച്ചു. ജില്ലാ ഭരണകൂടവും സർക്കാരും സുരക്ഷിതത്വം വാഗ്ദാനം ചെയ്തെങ്കിലും ഒന്നും നടപ്പിലാക്കിയില്ല. അതോടെയാണ് 2014 ഒക്ടോബർ 25ന് വീണ്ടും സമരം തുടങ്ങാൻ ചിത്രലേഖ നിർബന്ധിതയായത്.

ചിത്രലേഖയുടെ കത്തിക്കപ്പെട്ട ഓട്ടോറിക്ഷ ഫോട്ടോ : മൃദുല ഭവാനി

“ഓട്ടോ കത്തിച്ച കേസ്, ഓട്ടോ സ്റ്റാന്റിൽ വെച്ച് കൊല്ലാൻ ശ്രമിച്ച കേസ് എന്നിവ തീർന്നിരുന്നു. ഓട്ടോറിക്ഷ കയറ്റി കൊല്ലാൻ ശ്രമിച്ച കേസിൽ ഒരു പ്രതിയെ ഒരുമാസം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ശിക്ഷ അനുഭവിച്ചതായൊന്നും നമുക്ക് അറിവില്ല. എഫ്‌.ഐ.ആർ ഇടാതെ ചില സംഭവങ്ങളിൽ തെളിവില്ലെന്ന് പറഞ്ഞ കേസുകളുണ്ട്.” ഇരുപത് വർഷമായി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചിത്രലേഖ പറഞ്ഞുതുടങ്ങി.

“നമുക്കെതിരെ എഫ്‌.ഐ.ആർ ഫയൽ ചെയ്തിട്ടാണ് ഇവർ നമ്മളെ ആക്രമിക്കാൻ വരുന്നത്. നമ്മളുടെ വീട്ടിൽ കയറി നമ്മളുടെ വണ്ടി അടിച്ചുപൊളിച്ചു. വീട് അടിച്ചുപൊളിച്ചു. നമ്മളോട് ഇതെല്ലാം ചെയ്തിട്ട് പൊലീസ് 308-ാം വകുപ്പ് പ്രകാരം കേസെടുത്തതിൽ ഭർത്താവ് ശ്രീഷ്‌കാന്ത് 33 ദിവസം ജയിലിൽ കിടന്നു. ഞാനായിരുന്നു അതിൽ ഒന്നാം പ്രതി. ശ്രീഷ്‌കാന്ത് ജാമ്യത്തിൽ ഇറങ്ങിക്കഴിഞ്ഞപ്പോൾ എന്നെ രണ്ടാം പ്രതിയാക്കി. അന്ന് സി.പി.എമ്മിന്റെ ഷാജി പട്ടേരിയാണ് പൊലീസ് അധികാരി. അവർ സി.പി.എം പറയുന്നതേ കേൾക്കുകയുള്ളൂ. എങ്ങനെയെല്ലാം മാനസികമായി തളർത്താമോ അങ്ങനെയെല്ലാം അവർ ചെയ്തു. പൊലീസും സി.പി.എമ്മും ചേർന്ന് കുടുക്കിയിട്ടുണ്ടായിരുന്നു. അവിടെ നിന്ന് പിന്നെ കരകയറി വന്നതാണ്. ഈ കേസും 2010 ൽ ഓട്ടോ തൊഴിലാളി യൂണിയൻകാർ നമ്മുടെ വണ്ടിയുടെ കാറ്റ് അഴിച്ചുവിട്ട കേസും ഇപ്പോഴാണ് നടക്കുന്നത്. മകളുടെ പേരിലുള്ള പരാതിയിലാണ് ആ കേസ്. വധശ്രമത്തിനെതിരെയുള്ള കേസും നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ വീട്ടിൽ താമസം തുടങ്ങിയ ശേഷം വീട് ആക്രമിച്ച് ജനലൊക്കെ തകർത്ത സംഭവത്തിൽ നമ്മൾ കൊടുത്ത പരാതിയിൽ കേസെടുത്തിട്ടൊന്നുമില്ല, അത് ചെയ്തയാൾക്ക് സ്റ്റേഷനിൽനിന്ന് തന്നെ ജാമ്യം കിട്ടി. പൊലീസും സി.പി.എമ്മും ചേർന്ന് എത്രത്തോളം ഉപദ്രവിക്കാൻ പറ്റുമോ അത്രയും ഉപദ്രവിക്കുന്നുണ്ട്. അതിന്റെ ബാക്കിതന്നെയാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്.” ചിത്രലേഖ പറഞ്ഞു.

ചിത്രലേഖയുടെ വീട്ടിലെ തകർക്കപ്പെട്ട ജനലുകൾ ഫോട്ടോ: മൃദുല ഭവാനി

പ്രാദേശിക സി.പി.എമ്മിനപ്പുറം നീളുന്ന പക

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സുരക്ഷ ഉറപ്പാക്കാനുള്ള നടപടി കെെക്കൊണ്ടെങ്കിലും തുടർന്ന് വന്ന പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ചിത്രലേഖയുടെ അഞ്ച് സെന്റ് ഭൂമിയിലെ അവകാശം റദ്ദുചെയ്തുകൊണ്ടുള്ള റവന്യൂ ഉത്തരവിറക്കി. 2015 ഫെബ്രുവരി, നവംബർ മാസങ്ങളിൽ ചിത്രലേഖ മുഖ്യമന്ത്രിക്ക് അയച്ച അപേക്ഷകൾ പരിഗണിച്ച ശേഷം 2016 ഫെബ്രുവരിയിലാണ് ഭൂമിക്കായുള്ള ആവശ്യം പരിഗണിച്ച് സർക്കാർ ഉത്തരവ് വരുന്നത്. ഉത്തരവ് പറയുന്നത് ഇങ്ങനെ : സാധാരണയായി ഒരു സെന്റ് ഭൂമി പോലും സ്വന്തമായിട്ടില്ലാത്തവർക്കാണ് പ്രഥമ പരിഗണന നൽകേണ്ട സാഹചര്യങ്ങളിൽ സർക്കാരിൽ നിക്ഷിപ്തമായ പ്രത്യേകാധികാരം വിനിയോഗിച്ച് ഭൂമി അനുവദിക്കുന്നത്. ശ്രീമതി ചിത്രലേഖയ്ക്ക് സ്വന്തമായി 6 സെന്റ് ഭൂമിയും വാസയോഗ്യമായ വീടുമുള്ളതിനാൽ സൗജന്യമായി ഭൂമി അനുവദിക്കുന്നതിന് ശുപാർശ ചെയ്യാൻ നിർവ്വാഹമില്ല എന്ന് ലാന്റ് റവന്യൂ കമ്മീഷണർ റിപോർട്ട് ചെയ്യുകയുണ്ടായി.

സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചു. 1995ലെ മുനിസിപ്പൽ/കോർപറേഷൻ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടം 21 (ii) പ്രകാരം, സർക്കാരിൽ നിക്ഷിപ്തമായ പ്രത്യേകാധികാരം വിനിയോഗിച്ചുകൊണ്ട് കണ്ണൂർ ജില്ലയിൽ ചിറയ്ക്കൽ വില്ലേജിൽ പുഴാതി ദേശത്ത് റി.സ.നം 17/4 ൽപ്പെട്ടതും ഇറിഗേഷൻ വകുപ്പിന്റെ അധീനതയിലുള്ളതുമായ 74 സെന്റ് ഭൂമിയിൽ നിന്നും 5 സെന്റ് ഭൂമി, കണ്ണൂർ ജില്ല കുഞ്ഞിമംഗലം അംശം എടാട്ട് ദേശത്ത് താമസക്കാരിയും വനിതാ ഓട്ടോ ഡ്രൈവറും പട്ടികജാതിയിൽപെട്ടയാളുമായ ശ്രീമതി എരമംഗലത്ത് ചിത്രലേഖയ്ക്ക് സൗജന്യമായി അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. ഇത് സംബന്ധിച്ച നിയമാനുസൃത തുടർ നടപടികൾ കണ്ണൂർ ജില്ലാ കലക്ടർ സ്വീകരിക്കേണ്ടതാണ്.”

ചിത്രലേഖയ്ക്ക് ഭൂമി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ്

തനിക്കെതിരെയുള്ള നടപടികളൊന്നും പ്രാദേശികമായുള്ള വിദ്വേഷത്തിന്റെ പുറത്തുള്ളവയാണെന്ന് കരുതുന്നില്ലെന്നാണ് ചിത്രലേഖ പറയുന്നത്. “നമുക്ക് അനുവദിച്ച ഭൂമി റദ്ദ് ചെയ്ത കേസുണ്ട്, വീടിനുള്ള ധനസഹായം റദ്ദ് ചെയ്ത കേസുണ്ട്. ഇതെല്ലാം സർക്കാരിൽ നിന്ന് ഉള്ളതാണ്. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന ശേഷം ആദ്യം ചെയ്തകാര്യം നമ്മുടെ വീടും വീടിനുള്ള ധനസഹായവും ഭൂമിയും റദ്ദ് ചെയ്യുക എന്നതാണ്. അതിനെതിരെ കോടതിയിൽ പോയിട്ടാണ് ഞാനിപ്പോൾ ഇവിടെ താമസിക്കുന്നത്. സർക്കാരും പാർട്ടിയും അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ ഉപദ്രവമെന്ന് വ്യക്തമായും അറിയാം. പ്രാദേശികമായി ആണെങ്കിൽ എന്റെ കുഴപ്പം എന്ന് പറയാം. ഇവിടെ എനിക്കീ ഭൂമി കിട്ടിയപ്പോൾ എന്തിന് ഇവർ എനിക്കെതിരെ കലക്ടറേറ്റിൽ ഭൂമി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാർച്ച് നടത്തി? അതുകഴിഞ്ഞ് എന്റെ ഭൂമിയിൽ വീടിന് അടിത്തറ കെട്ടുന്ന സമയത്ത് ഇവർ തടഞ്ഞുവെക്കാൻ ശ്രമിച്ചത് എന്തിന്? ഇത്രയും കാര്യങ്ങൾ കഴിഞ്ഞ്, ലോണൊക്കെ എടുത്ത് വീടിന് തറയും ചുമരും കെട്ടിക്കഴിഞ്ഞതിന് ശേഷം ഇവർ വീടിനുള്ള ധനസഹായം ആദ്യം റദ്ദ് ചെയ്തു, രണ്ടാമത് ഭൂമി റദ്ദ് ചെയ്തു. വീടിന്റെ പണി ഏകദേശം മുഴുവനാകാനിരിക്കുന്ന സമയത്താണ് ഇത് ചെയ്തത്.

അന്ന് ഞാൻ പത്ത് ദിവസത്തിലധികം ഇവിടെത്തന്നെ കുടിൽകെട്ടി സമരം നടത്തി. കുടിൽകെട്ടി സമരം നടത്തുന്ന സമയത്ത് സൺഷെയ്ഡിന്റെ വാർപ്പ് നടക്കുകയായിരുന്നു. പിന്നീട് സൺഷെയ്ഡ് നനക്കാൻ വൈകുന്നേരം വരുന്ന സമയത്താണ്, ഉച്ചവരെ പണിക്കാരും ഉണ്ടായിരുന്നു, കഴുത്തിൽ കയറിട്ട് കൊന്ന് ഇവിടെ നായയെ കൊണ്ടിട്ടു. ഈ പ്രവൃത്തിയെല്ലാം കാണുമ്പോൾ അതൊരു ഭീഷണിയായി തന്നെയാണ് എനിക്ക് തോന്നുന്നത്. ആവർത്തിക്കാൻ പോകുന്നത് ചിലപ്പോൾ നമ്മുടെ മരണത്തിലായിരിക്കും. അപ്പോളും ഈ നിയമസംവിധാനങ്ങൾ പറയും അവർ തനിയേ ചെയ്തതാണ്, അല്ലെങ്കിൽ അതിന് തെളിവില്ല, ആരാണ് ചെയ്തതെന്ന് തെളിവില്ല, ഇല്ലെങ്കിൽ അവർ സ്വയം വെട്ടിമരിച്ചതാണ് എന്ന്. ഈ രീതിയിലാണ് അന്വേഷണമെല്ലാം മുന്നോട്ടുപോകുന്നത്. ഏറ്റവും കൂടുതൽ ഇവർക്ക് അടിമചമഞ്ഞ് നമ്മളെ വെറുക്കുന്നത് നമ്മുടെ സമുദായത്തിൽ പെട്ട ആളുകൾ തന്നെയാണ്. ഞാൻ കേരളത്തിലെ കണ്ണൂർ ജില്ലയിൽ കണ്ണൂർ താലൂക്കിൽ തന്നെ ജനിച്ചുവളർന്ന ആളാണ്. പയ്യന്നൂർ എന്നു പറയുന്നത് ഒരു സ്ഥല വ്യത്യാസം മാത്രമാണ്. ആ പ്രദേശത്തെ, ആ ഗ്രാമത്തിലെ ആളുകൾക്ക് മാത്രമാണ് എന്നോട് വെറുപ്പ് എന്നുണ്ടെങ്കിൽ ഇവിടെയും ഇത് ആവർത്തിക്കപ്പെടില്ല.” ചിത്രലേഖ വിശദമാക്കി.

കുടിൽകെട്ടി സമരം കടപ്പാട് : gumlet.assettype.com

അവസാനമില്ലാത്ത ബഹിഷ്കരണങ്ങൾ

കണ്ണൂരിലെ കാട്ടാമ്പിള്ളിയിലേക്ക് താമസം മാറിയെങ്കിലും ചിത്രലേഖയ്ക്ക് സ്വസ്ഥമായി ജീവിക്കാൻ കഴിഞ്ഞിട്ടില്ല. പലരീതിയിലും അവർക്കെതിരായ ബഹിഷ്കരണങ്ങൾ സി.പി.എം തുടർന്നു. “157 ദിവസം കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ നടത്തിയ സമരത്തിലും ഈ വീടിന് മുന്നിൽ നടത്തിയ കുടിൽകെട്ടി സമരത്തിലും മുഴുവൻ സമയ പങ്കാളിയായിരുന്ന എന്റെ അമ്മമ്മ മരിച്ചപ്പോൾ, പൊതുശ്മശാന കമ്മിറ്റിയിൽ മെമ്പർഷിപ്പ് എടുത്ത് വരിസംഖ്യ അടച്ചുകൊണ്ടിരിക്കുന്ന നമ്മളെ ഒറ്റപ്പെടുത്തി. അമ്മമ്മയെ അവിടെ അടക്കം ചെയ്യേണ്ട ബാധ്യത അവർക്കുണ്ട്, അവരതിനു തയ്യാറായില്ല. ശ്മശാന കമ്മിറ്റിയിൽ അമ്മമ്മയുടെ പേരിലും എന്റെ പേരിലും ഭർത്താവിന്റെ പേരിലുമെല്ലാം പൈസ അടച്ചിട്ടുള്ളതാണ്. ആ ശ്മശാന കമ്മിറ്റി നടത്തുന്നവരിൽ സി.പി.എം ഉണ്ട്, ബി.ജെ.പി ഉണ്ട്, കോൺഗ്രസ് ഉണ്ട്. പക്ഷേ സി.പി.എമ്മിന്റെ ആവശ്യപ്രകാരം ഈ മൂന്ന് പാർട്ടിക്കാരും നമ്മളെ തള്ളുകയാണ് ചെയ്തത്. അമ്മമ്മയുടെ ശവം ശ്മശാനത്തിൽ വെക്കാൻ സമ്മതിച്ചില്ല. എന്നിട്ട് മേയർ ടി.എ മോഹനൻ സാറിനോട് ഞാൻ ഈ അവസ്ഥ പറഞ്ഞ് പയ്യാമ്പലത്ത് അടക്കാനുള്ള സംവിധാനം ചെയ്തു. പെണ്ണുങ്ങളെ അവിടേക്ക് പ്രവേശിപ്പിക്കില്ല, മകളുടെ ഭർത്താവും എന്റെ ആങ്ങളയും കൂടിയാണ് അമ്മമ്മയുടെ ശവം അവിടെ കൊണ്ടുപോയി മറവു ചെയ്തത്. ഒരു കുടുംബത്തിനെ എത്രത്തോളം ഒറ്റപ്പെടുത്തി! സമൂഹത്തിൽനിന്ന്, സമുദായത്തിൽ നിന്ന്, ഒരു പ്രദേശത്ത് നിന്ന് ഒറ്റപ്പെടുത്തി.

ചിത്രലേഖ ഫോട്ടോ : മൃദുല ഭവാനി

നമ്മുടെയെല്ലാം വീടിനടുത്ത് ഒരു നേരത്തെ അരിവാങ്ങാൻ പൈസയില്ലെങ്കിലും നാളെ തരാമെന്ന് പറഞ്ഞാൽ സാധനം കിട്ടുമായിരിക്കും. പക്ഷേ ആ സാഹചര്യം പോലും നമുക്കിവിടെ ഇല്ല. വീട് കുടികൂടലിന് പറഞ്ഞുവെച്ച പാചകക്കാരൻ വരാതിരുന്ന സാഹചര്യം ഉണ്ടായിരുന്നു. അത് വലിയ വിഷയമായി ഞാൻ എടുത്തിരുന്നില്ല. വീട് ആക്രമിച്ച കേസിൽത്തന്നെ ഞാൻ സമരം ചെയ്യേണ്ട ഘട്ടത്തിലായിരുന്നു. ആ സമയത്ത് പിന്നെയും ഞാനായിട്ട് ഒരു പ്രശ്‌നം മുന്നോട്ടുകൊണ്ടുപോകേണ്ട എന്ന നിലയിലാണ് അത് വേണ്ടെന്ന് വച്ചത്. സി.പി.എം എത്രത്തോളം നമ്മളെ ഉപദ്രവിക്കുന്നോ അവർക്ക് കൂട്ടുനിന്നുകൊണ്ടാണ് പൊലീസ് ഇടപെടുന്നത്. ഒരു പരാതിയുമായി പോയിക്കഴിഞ്ഞാൽ എപ്പോഴും പറയുക നമ്മൾ പ്രശ്‌നക്കാരാണ് എന്നാണ്. ഞാൻ മാത്രം പ്രശ്‌നക്കാരിയാകുന്നു ഇവിടെ, നമ്മളെ ഉപദ്രവിക്കാൻ വന്നവർ നല്ലവരും ആകുന്നു.” ചിത്രലേഖ പറഞ്ഞു.

ഇപ്പോഴും ഓട്ടോ കത്തിച്ചവരെ സംരക്ഷിക്കാൻ വേണ്ടിയാണ് പൊലീസ് അന്വേഷണം വൈകിപ്പിക്കുന്നതും എഫ്‌.ഐ.ആർ ഇടാത്തതെന്നും എസ്.സി/എസ്.ടി അതിക്രമ നിരോധന നിയമം അനുസരിച്ചുള്ള വകുപ്പ് ചുമത്താതിരിക്കുന്നതെന്നും ചിത്രലേഖ പറയുന്നു. “പട്ടികജാതിക്കാർക്ക് നേരെ അതിക്രമമുണ്ടായിക്കഴിഞ്ഞാൽ വിളിച്ച് അറിയിച്ചാൽ തന്നെ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ്. രജിസ്റ്റർ ചെയ്ത് കഴിഞ്ഞ് എഫ്‌.ഐ.ആർ ഇട്ട ശേഷം സംഭവം നടന്ന സ്ഥലത്തുചെന്നാണ് മൊഴിയെടുത്ത് പരാതി സ്വീകരിക്കേണ്ടത്. ഇവിടെ നമ്മൾ പോയിട്ടും മൊഴിയെടുത്തിട്ടും നമ്മളെ ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ മൊഴിയിൽ വൈരുധ്യം ഉണ്ടെന്നാണ് പറയുന്നത്. രാത്രിയിൽ എനിക്ക് വണ്ടിയെടുത്ത് കട്ടിലിനടിയിൽ കൊണ്ടുവെച്ച് ഉറങ്ങാൻ പറ്റില്ല. ജോലി ചെയ്യുന്ന, അന്നമുണ്ടാക്കുന്ന സാധനമാണ്. നമ്മളതിന്റെ സേഫ്റ്റിയിൽ നമ്മുടെ മുറ്റത്ത് വെക്കുന്നതാണ്. അതിനാണ് അവിടെയുള്ള സ്‌പേസ്.

ചിത്രലേഖയും കത്തിക്കപ്പെട്ട ഓട്ടോറിക്ഷയും ഫോട്ടോ : മൃദുല ഭവാനി

പൊലീസിന് സാമാന്യ ബുദ്ധി ഉണ്ടെങ്കിൽ, അല്ലെങ്കിൽ പൊലീസ് നടപടി സ്വീകരിക്കുന്നത് ആത്മാർത്ഥതയോടെ ആണെങ്കിൽ മാന്യമായ രീതിയിൽ അന്വേഷിക്കും. മാതൃഭൂമിയിൽ വന്ന വാർത്ത പെട്രോളിന്റെ അംശം കണ്ടെത്തിയിട്ടില്ല എന്നാണ്. ഷോർട്ട് സർക്യൂട്ട് മൂലം വണ്ടി കത്താൻ സാധ്യതയില്ലെന്ന് എം.വി.ഡി പറഞ്ഞിട്ടുണ്ട്. മൊഴിയിൽ വൈരുധ്യം എന്നു പറഞ്ഞാൽ ഇപ്പോ പറഞ്ഞ വാക്ക് മാറിയിട്ടുണ്ട് എന്നുവരും. പറഞ്ഞ കണ്ടന്റ് അതുതന്നെ ആയിരിക്കും. ഇതിപ്പോൾ ഞാൻ അച്ചടിഭാഷ കയ്യിൽ എഴുതിവെച്ച് കൈ നോക്കി പറയുന്നതല്ല. നമ്മൾ പല കാര്യങ്ങളും ഇതിനിടയിൽ ചിന്തിക്കുകയും ഇനി മുന്നോട്ടെങ്ങനെ പോകും എന്നെല്ലാം ചിന്തിച്ചുകൊണ്ടിരിക്കുന്ന ആളുകളാണ്. നമുക്ക് വരുമാനമാർഗമില്ല, രണ്ട് കുട്ടികളുണ്ട്, അവർക്ക് ഭക്ഷണം വേണം. ഇന്ന് രാവിലെ ഞാൻ പൊലീസിനോട് ഇന്ന വാക്കാണ് പറഞ്ഞത്, അതുകൊണ്ട് വൈകുന്നേരവും പൊലീസ് വരുമ്പോൾ ഈ വാക്ക് തന്നെ പറയണം, അക്ഷരം മാറാൻ പാടില്ല എന്ന് പറഞ്ഞാൽ നടക്കുമോ? അത് എത്ര ഉന്നതവിദ്യാഭ്യാസമുള്ള ആളുകളായാലും ഏത് പദവിയിലിരിക്കുന്ന ആളായാലും നടക്കില്ല. കണ്ട പ്രതിയെ പിന്നെ അറിയില്ല എന്ന് പറഞ്ഞിട്ടില്ല.

അയാളെ കണ്ടാൽ തീർച്ചയായിട്ടും വ്യക്തമായിട്ടും അറിയാം. അയാളുടെ പേര് അറിയില്ല എന്നത് സത്യമാണ്, കാരണം ഇവർക്കെല്ലാം ഇരട്ടപ്പേരുണ്ട്. പൂഴി മാഫിയയുടെ ആളാണ്, ഇരട്ടപ്പേരേ ഉണ്ടാകൂ. ശരിക്കുള്ള പേരൊന്നും ആർക്കും ഓർമ്മയുണ്ടാകില്ല. ഇരട്ടപ്പേര് വിളിക്കുന്നത് ചിലപ്പോൾ ലോറിയുടെ പേരിലായിരിക്കും, വീടിന്റെ പേരിലായിരിക്കും, ചിലപ്പോ അയാളുടെ രൂപത്തിന്റെ പേരിലായിരിക്കും. ഒന്നാമതേ നമ്മളോട് മിണ്ടുന്നില്ല, പിന്നെ ഇത്തരം പേരുകളിൽ അറിയപ്പെടുന്ന ആളുകളെ അങ്ങനെയുള്ള പേരിൽത്തന്നെയാണ് അറിയപ്പെടുക. അവരുടെ ശരിക്കുള്ള പേരും നമ്മൾ തന്നെ കണ്ടുപിടിച്ചുകൊടുക്കണമെന്ന് പറഞ്ഞാൽ എങ്ങനെയാണ് ശരിയാവുക? ആളിനെ കണ്ടാൽ അറിയാമെന്ന് നമ്മൾ പറഞ്ഞാൽ ആ ആളിനെ കാണാൻ നമ്മളെ കൂട്ടിക്കൊണ്ടു പോകണം. അത് ഇതുവരെയും നടന്നിട്ടില്ല. കേസന്വേഷണം എവിടെയും എത്തില്ല, ഇനി അവസാനം തെളിവില്ല എന്നുപറഞ്ഞ് പൊലീസുകാർ തള്ളും. ഇല്ലെങ്കിൽ പറയും ചിത്രലേഖേന്റെ വണ്ടി ചിത്രലേഖ തന്നെയാണ് കത്തിച്ചതെന്ന്.”

ദേശാഭിമാനിയുടെ വാർത്തകൾ

ദേശാഭിമാനി പത്രം ചിത്രലേഖയ്ക്ക് ഭൂമി അനുവദിച്ചതിനെതിരെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർച്ചയായ, തുറന്ന രാഷ്ട്രീയ ചായ്വ് പ്രകടിപ്പിക്കുന്ന വാർത്തകളാണ് ദേശാഭിമാനി ഇക്കാര്യത്തിൽ പ്രസിദ്ധീകരിച്ചുവന്നിരുന്നത്. ഇന്നും അത് തുടരുകയാണ്. 2016 ജൂൺ 19ന് പ്രാദേശികം പേജിൽ അനർഹയ്ക്ക് ഭൂമി പതിച്ചുനൽകൽ, കാട്ടാമ്പള്ളി നിവാസികൾ പ്രക്ഷോഭത്തിലേക്ക് എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചിത്രലേഖയെ വിശേഷിപ്പിക്കുന്നത് വിവാദനായിക എന്നാണ്. ചിറക്കൽ പഞ്ചായത്തിലെ വാടക വീടുകളിൽ താമസിക്കുന്നവർക്ക് ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം പയ്യന്നൂർ, തളിപ്പറമ്പ് മേഖലകളിലെ വാസയോഗ്യമല്ലാത്ത ഭൂമിക്കാണ് പട്ടയം നൽകിയതെന്നും തൊട്ടടുത്ത് സർക്കാർ ഭൂമിയുണ്ടായിട്ടും ഇവർക്ക് കൊടുക്കാതെയാണ് സി.പി.ഐ.എമ്മിനെതിരെ സമരം ചെയ്ത പേരിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ചിത്രലേഖയ്ക്ക് ഭൂമി അനുവദിച്ചതെന്നും റിപ്പോർട്ട് പറയുന്നു. കാട്ടാമ്പള്ളി പദ്ധതിയുടെ ഭാഗമായുള്ള ഭൂമിയിൽ ചിത്രലേഖയ്ക്ക് അനർഹമായി പതിച്ചുനൽകിയ ഭൂമി തിരിച്ചെടുത്ത് ഭൂരഹിതരായ പ്രദേശവാസികൾക്ക് നൽകണമെന്ന് ചിറക്കൽ പഞ്ചായത്ത് ഭൂരഹിത- ഭവനരഹിത സംയുക്ത സമരസഹായ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. ചികിത്സ ആവശ്യത്തിനായി മംഗലാപുരം പോയപ്പോൾ വീട്ടിലുണ്ടായിരുന്ന അമ്മമ്മയെ കുറിച്ച്, ചിത്രലേഖയുടെ വീട്ടിൽ വയോധികയെ പൂട്ടിയിട്ടു എന്ന വാർത്തയും പിന്നീട് ദേശാഭിമാനി പ്രസിദ്ധീകരിച്ചു.

ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്ത

“വീടിന് സ്ഥലം റദ്ദാക്കിയപ്പോൾ രേഖകൾ പുറത്ത് എന്നു പറഞ്ഞ് വാർത്ത കൊടുത്തു. ഞാനൊരു കള്ളവും പറഞ്ഞിട്ടില്ല. എനിക്ക് ആറ് സെന്റ് ഭൂമി ഉള്ളത് സർക്കാരിന് അറിയുന്ന കാര്യമാണ്. അത് നിലനിർത്തിക്കൊണ്ട് തന്നെയാണ് എനിക്ക് ഭൂമി അനുവദിച്ചത്. അവിടെയുള്ള വിഷയങ്ങൾ സർക്കാരിനറിയാം. അത് പൊലീസ് റിപ്പോർട്ട് കൊടുത്തിട്ടുണ്ട് മന്ത്രിസഭയ്ക്ക്. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അത് കൊടുത്തത്. കലക്ടറുമായി ഒരുപാട് തവണ ചർച്ച നടത്തി. കലക്ടറും പൊലീസും എസ്.പിയും പരാജയപ്പെട്ടതാണ്. നമ്മൾക്ക് ഈ സംവിധാനം മാറ്റിയെടുക്കാൻ പറ്റില്ലെന്ന് അവർ പരസ്യമായി സമ്മതിച്ചതാണ്. ഞങ്ങൾക്ക് രണ്ട് ഓട്ടോകൾ ഉണ്ടായിരുന്നു. കടങ്ങൾ വീട്ടാനായി അതിലൊരു വണ്ടി വിറ്റു. വീടിന്റെ ആവശ്യത്തിനായി ഉണ്ടായ കടമാണ്. പിന്നെ ഇതുമാത്രം ബാക്കിയായി. ഇതാണ് ആകെയുള്ള വരുമാന മാർഗം. സുരക്ഷിതമാക്കാൻ എനിക്ക് വണ്ടി അപ്പുറത്തെ വീട്ടിൽ കൊണ്ടുപോയി വെക്കാൻ പറ്റുമോ? ഇവിടെ സുരക്ഷിതമാക്കാൻ നാല് ചുറ്റും ഞാൻ മതിൽ കെട്ടാൻ നോക്കി. അതിനും സി.പി.എമ്മിന്റെതായ ദലിതർ തടസ്സം നിന്നു. സി.സി.ടി.വി ക്യാമറയൊക്കെ വാങ്ങിവെക്കണം എന്നുണ്ട്. അതിനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തതുകൊണ്ടാണ്. വയറിങ് ചെയ്യുമ്പോൾ അതിനുള്ള സംവിധാനമെല്ലാം ചെയ്തതാണ്. ആരെങ്കിലും നമ്മളെ സഹായിച്ചിട്ടുണ്ടെങ്കിൽ അത് വലിയ ഉപകാരമായിരിക്കും. ഇനിയിപ്പോ ഒരു വരുമാനമാർഗമില്ലാതെ എങ്ങനെ മുന്നോട്ട് ജീവിക്കും എന്ന കാര്യം ആണ് എന്റെ ഏറ്റവും വലിയ വിഷമം.

ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്ത 27 -09 – 23

മകൾക്ക് കെൽട്രോണിൽ അപ്രന്റീസായി നിയമനം ലഭിച്ചതാണ്, കാഷ്വൽ ആയി അവർ ആളെ എടുക്കുന്നുണ്ടായിരുന്നു. അവളെ ജോലിക്കെടുക്കേണ്ട എന്ന് പി ജയരാജൻ വിളിച്ചുപറഞ്ഞെന്നാണ് അറിഞ്ഞത്. സി.ഐ.ടി.യു യൂണിയൻ നേതാവാണ് അവിടെനിന്ന് പാർട്ടിക്ക് റിപ്പോർട്ട് കൊടുത്തതെന്ന് പറയുന്നു. ഞാൻ കെ സുധാകരൻ സാറിനെ കണ്ട് ഇക്കാര്യം പറയുകയൊക്കെ ചെയ്തിരുന്നു. നമ്മുടെ കയ്യിൽ ഭരണമില്ലല്ലോ എന്നാണ് അവർ പറഞ്ഞത്.” ജീവിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ചിത്രലേഖ വിശദമാക്കി.

“എന്റെ മനസ്സ് വേദനിക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. ജീവിക്കാൻ നമുക്ക് സമയം കിട്ടിയിട്ടില്ല. 21 വർഷങ്ങളായി ഞാനിതിന്റെ പുറകേ നടക്കുകയാണ്. 2001ലാണ് എന്റെയും ശ്രീഷ്‌കാന്തിന്റെയും കല്യാണം കഴിഞ്ഞത്. ഇത്രയും വർഷമായി ഓരോരോ പ്രശ്‌നങ്ങളാണ്. വിവാഹം കഴിഞ്ഞത് പ്രശ്‌നം, വിവാഹം കഴിഞ്ഞ് ജോലി കണ്ടെത്തിയത് പ്രശ്‌നം, ആ ജോലി ചെയ്യാൻ വേണ്ടി പുറപ്പെട്ടതൊരു പ്രശ്‌നം, ആ പ്രശ്‌നങ്ങളെ തരണംചെയ്യാൻ നൂറായിരം പ്രശ്‌നങ്ങൾ. ജോലി ചെയ്ത് മാന്യമായി എല്ലാവരെയും പോലെ ജീവിക്കണം എന്ന ആഗ്രഹത്തോടുകൂടിയാണ് ഇവിടെ ജീവിക്കുന്നത്. നമ്മൾ പ്രശ്‌നങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുക, നമ്മളെ പ്രശ്‌നങ്ങൾ തേടിവരിക. ആത്മഹത്യ ചെയ്യാൻ ഞാൻ തയ്യാറേയല്ല. നാലു വീട് തെണ്ടി ജീവിക്കേണ്ട അവസ്ഥ വന്നാൽ ഞാനാ നാല് വീട് തെണ്ടി തന്നെ ജീവിക്കും. പച്ചവെള്ളം കുടിച്ചിട്ടായാലും ജീവിക്കും.” ഉറച്ച വാക്കുകളിൽ ചിത്രലേഖ നിലപാട് വ്യക്തമാക്കി.

ചിത്രലേഖയുടെ കത്തിക്കപ്പെട്ട ഓട്ടോറിക്ഷ ഫോട്ടോ : മൃദുല ഭവാനി

“ഇവിടെ ഒരു നേരം ഗുളിക എങ്ങനെയാണ് വാങ്ങുന്നതെന്ന് നമുക്ക് മാത്രമേ അറിയൂ. ഒരു നേരത്തെ അരി എങ്ങനെ കിട്ടുന്നു? ആ റേഷൻ കടയിൽ നിന്ന് 16 കിലോ അരി, ആളൊന്നിന് നാലുകിലോ വെച്ച്, അഞ്ചുകിലോ പച്ചരിയും ബാക്കി പുഴുക്കലരിയും, ഇതുകൊണ്ടാണ് ഒരുമാസം മുഴുവൻ കഴിഞ്ഞുപോകുന്നത്. ചിലപ്പോൾ ദിവസങ്ങളോളം ഉറങ്ങാതിരിക്കാറുണ്ട്, മാനസികമായി നല്ല പ്രശ്‌നത്തിലാകും. മനസ്സിൽ ആധി കൂടിയാൽ തീരെ ഉറക്കം കിട്ടില്ല. ചെറിയ ഒച്ച കേട്ടാൽ പോലും ഞാൻ മനസ്സുകൊണ്ട് ഉറങ്ങാറില്ല. കണ്ണുമാത്രം മൂടിപ്പോകുമെന്നേ ഉള്ളൂ. സെൻട്രൽ ഹാളിലെ കട്ടിലിലാണ് ഞാൻ ഉറങ്ങിയിരുന്നത്. അന്നൊക്കെ നിലത്തിന്റെ പ്രകമ്പനം വേഗം ചെവിയിലെത്തും. ശ്രദ്ധ അങ്ങനെയായി.” അകത്തെ മുറിയിൽ ഇരുന്ന് ചിത്രലേഖ പറഞ്ഞു.

“മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പൊലീസ് വാർത്ത കൊടുക്കുന്നത്. ആദ്യം മൊഴിയെടുത്ത പൊലീസ് അല്ല പിന്നെ വരുന്നത്, പിന്നെ വന്ന പൊലീസ് അല്ല അതുകഴിഞ്ഞ് വരുന്നത്. സി.ഐ ആണ് എഫ്‌.ഐ.ആർ ഇടേണ്ടത്, ഡി.വൈ.എസ്.പിയാണ് അന്വേഷിക്കേണ്ടത്. പിന്നെ അന്വേഷണ ചുമതല ഡി.വൈ.എസ്.പി, സി.ഐയെ തന്നെ ഏൽപിക്കും. സി.ഐ റാങ്കിൽ കുറയാത്ത ആരും അന്വേഷിക്കാൻ പാടില്ലാത്തതാണ് നമ്മുടെ വകുപ്പ് (എസ്.സി/എസ്.ടി അതിക്രമ നിരോധന നിയമം). വളപട്ടണം എ.പി.എസ്.എച്ച്.ഒ ആണ് ഇപ്പോൾ ഇതന്വേഷിക്കുന്നത്.” കേസിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷക്കുറവും ചിത്രലേഖ പങ്കുവച്ചു.

എസ്.സി/എസ്.ടി കേസുകളിൽ സംഭവിക്കുന്നത്

ദലിതർക്ക് എതിരായി സംഘടിതമായി നടക്കുന്ന ആക്രമണങ്ങളിൽ പരാതിക്കാർക്കെതിരെ കൗണ്ടർ കേസ് ചുമത്തുന്ന പതിവ് കേരളത്തിൽ നിലനിൽക്കുന്നുണ്ട് എന്ന് മുതിർന്ന ഹൈക്കോടതി അഭിഭാഷക പി.കെ ശാന്തമ്മ പറഞ്ഞു. ശരിയായ സമയത്ത് കേസ് എടുത്തില്ലെങ്കിൽ അതും ഒരു അട്രോസിറ്റിയാണെന്നും അഡ്വ. ശാന്തമ്മ പറയുന്നു.

“അട്രോസിറ്റി ആക്റ്റ് അനുസരിച്ച് കേസ് എടുക്കണമെങ്കിൽ മറുഭാഗത്തുള്ളവർ എസ്.സി/ എസ്.ടി ആവരുത്. എങ്കിൽ മാത്രമേ ആ ആക്റ്റ് അനുസരിച്ച് കേസ് എടുക്കാൻ പറ്റുകയുള്ളൂ. സാധാരണ അതിബുദ്ധിമാന്മാരായ ആളുകൾ എസ്.സി/എസ്.ടി ആയ ആളുകളെ തന്നെ മുന്നിൽ നിർത്തും. അപ്പോൾ ആ പ്രൊവിഷൻ അനുസരിച്ചുള്ള കേസെടുക്കാൻ പറ്റില്ല. അതാണ് ഒന്ന് സംഭവിക്കുന്നത്. പൊലീസുകാർക്ക് അതിൽ ഒരു താൽപര്യവും കാണില്ല. അഥവാ ഒരു കേസ് വന്നിട്ടുണ്ടെങ്കിൽ അവർ തന്നെ എതിർ നിൽക്കുന്ന ആളുകളോട് മറിച്ചൊരു കേസ് കൊടുക്കാൻ പറയും. ചിലപ്പോൾ അത് ഭയങ്കര രൂക്ഷമായിട്ടുള്ള വകുപ്പുകളായിരിക്കും. അവരുടെ സ്ത്രീകളെ ഉപദ്രവിച്ചെന്നോ ചീത്തപറഞ്ഞെന്നോ ഉള്ള പരാതികൾ ആയിരിക്കും അവർ കൊടുക്കുന്നത്. അവസാനം ഒത്തുതീർപ്പിലെത്തും. ഈ ഒത്തുതീർപ്പിലെത്തുമ്പോൾ ഇവരുടെ കേസ് ഒന്നുമല്ലാതെ പോകുന്ന അവസ്ഥയുണ്ടാകും, അതാണ് നടക്കുന്നത്. അത് പൊലീസുകാരുടെയും കൂടെ അറിവോടെയാണെന്ന് എനിക്ക് സംശയമില്ലാതെ പറയാം.

അഡ്വ. പി.കെ ശാന്തമ്മ കടപ്പാട് : thefourthnews.in

ഒരിക്കൽ പൊലീസുകാർക്ക് ക്ലാസെടുക്കാൻ പോയപ്പോഴും ഞാനവരോട് പറഞ്ഞു, നിങ്ങൾക്കൊരു പരാതി കിട്ടിക്കഴിഞ്ഞാൽ നിങ്ങൾ അപ്പോൾത്തന്നെ മറുവശത്തുള്ളവരെ അന്വേഷിക്കാൻ എന്ന മട്ടിൽ വിളിക്കും. അവരുടെ അടുത്ത് നിങ്ങൾ ഉപദേശം കൊടുക്കും, കൗണ്ടർ കംപ്ലെയ്ന്റ് തന്നോളൂ എന്ന്. അവർ കൗണ്ടർ കംപ്ലെയ്ന്റ് തരും. അതനുസരിച്ച് ഇവർക്കെതിരെ കേസ് വരും. അട്രോസിറ്റി കേസിനെക്കാളും വലിയ ക്രൈം വരുന്നതായിരിക്കാം അത്. അതവരെ വല്ലാതെ കുഴപ്പത്തിലാക്കും. അട്രോസിറ്റി ആക്ട് ഉണ്ട് എന്നതല്ലാതെ ജാതി പേര് വിളിച്ചാൽ മാത്രമേ അതിനനുസരിച്ചുള്ള കേസ് വരൂ എന്നാണ് പലരും വിചാരിക്കുന്നത്. അതു മാത്രമല്ല, സ്ഥലത്ത് കയറി ഉപദ്രവിക്കുന്നതും സ്ത്രീകളോട് മോശമായി പെരുമാറുന്നതും മുതൽ ഒരു അമ്പലത്തിന് മുന്നിൽ പട്ടികജാതിക്കാർക്ക് പ്രവേശനമില്ല എന്ന് എഴുതിവെക്കുന്ന സോഷ്യൽ ബോയ്‌കോട്ട് വരെ ഒരു അട്രോസിറ്റി ആണ്. ഒരു പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽനിന്നുള്ളയാൾ ഒരു കട തുടങ്ങിയാൽ അതിനെ ഒറ്റപ്പെടുത്തുക എന്ന ഒരു എക്കണോമിക് ബോയ്‌കോട്ടും വരും. പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ചെല്ലുമ്പോൾ പൊലീസ് ആണ് അത് കണ്ടുപിടിച്ച് എഴുതേണ്ടത്. ഇത്തരത്തിൽ കേസുകളുമായി മുന്നോട്ടുപോകുക വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണല്ലോ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നത്.”

“ഇവരുടെ ജീവിതമാർഗമാണ് ഈ ഓട്ടോറിക്ഷ എന്നു പറയുന്നത്. അതിനെ തല്ലിക്കെടുത്തുക എന്നത് വലിയൊരു അട്രോസിറ്റിയാണ്. ക്രിമിനൽ കേസ് ആകുമ്പോൾ ഡയറക്ട് എവിഡൻസ് ആണല്ലോ പ്രധാനം. നമ്മൾ കൃത്യമായ ആൾക്കാരെ കാണിച്ചുകൊടുത്തില്ല എന്നുണ്ടെങ്കിൽ അത് ആ വഴിക്ക് പോകും. ഇതൊക്കെ ആത്മാർത്ഥമായി പൊലീസ് അന്വേഷിച്ചാലേ പറ്റുകയുള്ളൂ. പ്രതിയെന്ന് സംശയിക്കുന്നവരെ തിരിച്ചറിയാനുള്ള നടപടി കുറ്റകൃത്യം നടന്നയുടനെ തന്നെ ചെയ്യേണ്ടതാണ്. സമയം കൊടുത്തുകഴിഞ്ഞാൽ എല്ലാ തെളിവുകളും പോകും.” രണ്ടാമതും ചിത്രലേഖയുടെ ഓട്ടോ കത്തിച്ചതിൽ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും അന്വേഷണ നടപടികളിൽ തുടർച്ച ഉണ്ടായിട്ടില്ല എന്ന കാര്യത്തോട് പ്രതികരിച്ചുകൊണ്ട് അഡ്വ. പി.കെ ശാന്തമ്മ പറഞ്ഞു.

ചിത്രലേഖയുടെ കത്തിക്കപ്പെട്ട ഓട്ടോറിക്ഷ ഫോട്ടോ : മൃദുല ഭവാനി

ബഹിഷ്കരണങ്ങളിലും തളരാതെ

“ശരിക്കു പറഞ്ഞാൽ ഈ വീട്ടിൽ എല്ലാവരും ഒറ്റക്ക് ഇരിക്കാനുള്ള ത്വരയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. ഞാനും കൂടി തീർന്നു കഴിഞ്ഞാൽ എല്ലാവരും ഡൗൺ ആകും. വരുമാനമില്ലാതെ എങ്ങനെ മുന്നോട്ടുപോകും എന്നത് ഒരു ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുന്നു. പണ്ട് ഞാനിത്ര വിഷമിച്ചിട്ടില്ല. പയ്യന്നൂരിൽ ആണെങ്കിൽ പുഴയിൽ മീൻ പിടിക്കാൻ പോയിട്ടും പറമ്പിൽനിന്ന് കിട്ടുന്ന തേങ്ങകൊണ്ടും ചൂൽ, പായ ഇതൊക്കെ ഉണ്ടാക്കിയും ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നു. ഭക്ഷണത്തിനും ബുദ്ധിമുട്ട് വന്നിട്ടില്ല. പട്ടിണി എന്നു പറയുന്ന അവസ്ഥയില്ല. ഒന്നു ചിരിക്കുന്ന ആളുകൾ പോലും ചിരിക്കാത്ത അവസ്ഥയാണിപ്പോൾ. മിണ്ടുന്ന ആളുകളില്ല.” പതിനെട്ട് വർഷമായിട്ടും അവസാനിക്കാത്ത പകയോട് പൊരുതാൻ തീരുമാനിച്ച് ചിത്രലേഖ പറഞ്ഞു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

September 8, 2023 2:42 pm