Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായ ജാതിവിവേചനത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ രണ്ട് പതിറ്റാണ്ടിലേറെയായി പോരാടിയ ചിത്രലേഖ അന്തരിച്ചു. അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന പയ്യന്നൂർ എടാട്ട് സ്വദേശിയായ ചിത്രലേഖയ്ക്ക്, സി.പി.എം നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ നിന്നും ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടായതായി കുടുംബം പരാതിപ്പെട്ടിരുന്നു. 2005 ഡിസംബർ 30ന് ആണ് ചിത്രലേഖയുടെ ഓട്ടോറിക്ഷ ആദ്യം തീവെച്ച് നശിപ്പിക്കപ്പെടുന്നത്. പയ്യന്നൂരിലെ എടാട്ടിൽ ചിത്രലേഖ ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങിയതോടെ സി.ഐ.ടി.യു അംഗങ്ങളായ ഓട്ടോറിക്ഷ ഡ്രൈവർമാരും സി.പി.എം പ്രവർത്തകരും ഇവർക്കെതിരെ രംഗത്തുവരികയായിരുന്നു. ദലിത് വിഭാഗത്തിൽപ്പെട്ട ചിത്രലേഖ മറ്റൊരു സമുദായത്തിലെ അംഗത്തെ വിവാഹം കഴിച്ചതിന്റെ പേരിലാണ് ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം കണ്ടെത്തുന്നതിൽ നിന്നും തടയപ്പെടുന്നത്. ഓട്ടോറിക്ഷ സ്റ്റാന്റിൽ ഓട്ടോ ഇടുന്നതിനോ ആളുകളെ കയറ്റുന്നതിനോ സി.ഐ.ടി.യു അനുവദിച്ചില്ല.
ചിത്രലേഖ അതിജീവനത്തിനായുള്ള പോരാട്ടം തുടങ്ങിയതോടെയാണ് ഓട്ടോ തീവച്ച് നശിപ്പിക്കപ്പെടുന്നത്. തുടർന്ന് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ഓട്ടോ വാങ്ങിയെങ്കിലും എടാട്ട് ഓടിക്കാൻ സിപിഎം പ്രവർത്തകർ വീണ്ടും അനുവദിച്ചില്ല. ഈ അനീതിക്കെതിരായ ചിത്രലേഖയുടെ പ്രതിഷേധം ചർച്ചയായി മാറിയതോടെ ചിത്രലേഖയ്ക്കും കുടുംബത്തിനും സി.പി.എം പ്രവർത്തകരിൽ നിന്നും വധഭീഷണിയും ശാരീരിക ആക്രമണങ്ങളും നേരിടേണ്ടി വന്നു. പൊലീസ് പക്ഷപാതിത്വവും, ‘ഓട്ടോ കോർട്ട്’ (ഓട്ടോ തൊഴിലാളി യൂണിയനുകളുടെ സംയുക്ത പ്രശ്നപരിഹാര സമിതി) എന്ന നിയമബാഹ്യ സംവിധാനങ്ങളിൽ നിന്നുള്ള വിലക്കുകളും, താമസിച്ച ഇടങ്ങളിലെല്ലാം ജാതിബഹിഷ്‌കരണങ്ങളും അവർ അനുഭവിച്ചു. 2014 ഏപ്രിലിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചിത്രലേഖയുടെ വീടിന് നേരെ ആക്രമണമുണ്ടായി. ജില്ലാ ഭരണകൂടവും സർക്കാരും സുരക്ഷിതത്വം വാഗ്ദാനം ചെയ്തെങ്കിലും ഒന്നും നടപ്പിലാക്കിയില്ല. അതോടെയാണ് 2014 ഒക്ടോബർ 25ന് വീണ്ടും സമരം തുടങ്ങാൻ ചിത്രലേഖ നിർബന്ധിതയായത്. സുരക്ഷ ആവശ്യപ്പെട്ട് ജില്ലാ കളക്ട്രേറ്റിന് മുന്നിൽ 122 ദിവസവും സെക്രട്ടേറിയേറ്റിന് മുന്നിൽ 47 ദിവസവും ചിത്രലേഖ സമരം ചെയ്തു. തുടർന്നാണ് ഉമ്മൻ ചാണ്ടി സർക്കാർ ചിത്രലേഖയുടെ പുനരധിവാസം ഉറപ്പാക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുന്നത്. വീടു വയ്ക്കാൻ കണ്ണൂർ കാട്ടാമ്പള്ളിയിലെ ഭൂമിയിൽ ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച സ്ഥലവും ധനസഹായവും എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ റദ്ദാക്കി. കോടതിയെ സമീപിച്ച് ആ നടപടി സ്റ്റേ ചെയ്താണ് ചിത്രലേഖ വീട് പണിതത്. വീടുവെച്ച് താമസം തുടങ്ങി അധികം വെെകാതെ ആ വീടിന് നേരെയും ആക്രമണമുണ്ടായി. കുടുംബത്തിനെതിരായ ബഹിഷ്കരണങ്ങളും സി.പി.എം തുടർന്നു. ചിത്രലേഖയുടെ അമ്മമ്മയുടെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്ക്കരിക്കുന്നതിന് വരെ വിലക്കുണ്ടായി.
18 വർഷത്തിന് ശേഷം, 2023 ആഗസ്റ്റ് 25ന് രാത്രി വീണ്ടും ചിത്രലേഖയുടെ ഓട്ടോ കത്തിക്കപ്പെട്ടു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോ എങ്ങനെ കത്തിനശിച്ചു എന്ന് കണ്ടെത്താൻ ഇനിയും വളപട്ടണം പൊലീസിന് കഴിഞ്ഞിട്ടില്ല. എഫ്.ഐ.ആറിൽ എസ്.സി- എസ്.ടി അട്രോസിറ്റീസ് ആക്ട് പൊലീസ് ചേർത്തതുമില്ല. പ്രതികളെന്ന് സംശയിക്കുന്നവരെക്കുറിച്ച് ചിത്രലേഖ വ്യക്തമായ സൂചന നൽകിയെങ്കിലും പൊലീസ് അന്വേഷണത്തിൽ പുരോഗതിയുണ്ടായിട്ടില്ല. പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് 2023 സെപ്തംബർ 16ന് കാട്ടാമ്പള്ളിയിലെ വീട്ടുമുറ്റത്ത്, കത്തിനശിച്ച ഓട്ടോയുടെ മുന്നിൽ ചിത്രലേഖ അനിശ്ചിതകാല സമരം തുടങ്ങിയിരുന്നു. ഓട്ടോ തീവെച്ച് നശിപ്പിച്ച സംഭവത്തിൽ ജില്ലാ അധികാരികളോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ കലക്ടർ, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ, കണ്ണൂർ എസ്.പി എന്നിവർക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ 2024 ജനുവരി 29ന് നോട്ടീസ് അയയ്ക്കുകയുണ്ടായി. ചിത്രലേഖ 2023 ഒക്ടോബർ ഒന്നിന് അയച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടിയെടുത്തത്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിട്ടും ഈ കേസിൽ നീതി ലഭിക്കാതെയാണ് ചിത്രലേഖ അർബുദത്തിന് കീഴടങ്ങിയത്. വീട്ടുമുറ്റത്ത് ഓട്ടോ കത്തിക്കപ്പെട്ട സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ഉൾപ്പെടെ പരാതി നൽകിയെങ്കിലും സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഓട്ടോയ്ക്ക് ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റോ ഇൻഷുറൻസ് സർട്ടിഫിക്കറ്റോ പൊല്യൂഷൻ സർട്ടിഫിക്കറ്റോ ഇല്ല എന്ന് കാണിച്ചുള്ള റിപ്പോർട്ട് ആണ് വളപട്ടണം പൊലീസ് കമ്മീഷന് നൽകിയിരുന്നത്.
“ജില്ലാ ഭരണകൂടത്തിൽ നിന്നോ പൊലീസിന്റെ ഭാഗത്തുനിന്നോ കോടതിയുടെ ഭാഗത്തുനിന്നോ ശരിയായ നിലപാടിലല്ല മുന്നോട്ടുപോയത്. അതുകൊണ്ട് തന്നെ പുനരധിവാസം വാങ്ങിച്ച് നമ്മൾ കണ്ണൂർ കാട്ടാമ്പള്ളിയിലേക്ക് താമസം മാറുകയുണ്ടായി. അവിടെ വീണ്ടും നമുക്ക് ഈ അനുഭവമാണ് നേരിടേണ്ടിവരുന്നത്. ഈ ഒമ്പതുമാസത്തോളം പലവട്ടം മരണത്തെ അഭിമുഖീകരിച്ച് നിന്നതാണ്. കാരണം ആത്മഹത്യ ചെയ്യണോ, ചെറിയ രണ്ട് കുട്ടികളുണ്ട്, അവരെയും കൂടി അതിലേക്ക് വലിച്ചിഴക്കണോ എന്നുള്ള എല്ലാ ചോദ്യങ്ങളും ഉണ്ടായിരുന്നു.’ 2024 ജൂൺ രണ്ടിന് കണ്ണൂരിൽ വെച്ച് ആം ആദ്മി പാർട്ടിയുടെ വനിതാവിഭാഗമായ മഹിളാ ശക്തി വാങ്ങിയ ഓട്ടോറിക്ഷ സ്വീകരിക്കുന്ന ചടങ്ങിനിടെ ന്യൂസ് 18 ചാലിന് നൽകിയ ചിത്രലേഖയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യം നഷ്ടപ്പെട്ടതും, പുതിയ ഓട്ടോയുമായി തൊഴിൽ ചെയ്ത് മുന്നോട്ടുപോകാനിറങ്ങവെ ഭർത്താവ് ശ്രീഷ്‌കാന്ത് സി.ഐ.ടി.യു പ്രവർത്തകരിൽനിന്നും ആക്രമണവും ഭീഷണിയും നേരിട്ട സംഭവങ്ങളും ചിത്രലേഖയെ തളർത്തിയിരുന്നു. അത് പ്രകടമാക്കുന്ന എഴുത്തുകളാണ് അവർ ഫെയ്സ്ബുക്കിൽ തുടർന്ന് പോസ്റ്റ് ചെയ്തതെല്ലാം. അനീതി നിറഞ്ഞ ചിത്രലേഖയുടെ ജീവിതം മുന്നോട്ടുവെക്കുന്ന ചോദ്യങ്ങൾ ജാതീയതയുടെ ആധുനിക രൂപങ്ങളെക്കുറിച്ചുള്ളതാണ്.