പണത്തിന് മുന്നിൽ റവന്യൂ നിയമങ്ങൾ വഴിമാറിയ ചൊക്രമുടി

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ശൂന്യാകാശത്ത് നിന്ന് ആദ്യം പട്ടയവും പിന്നെ ഭൂമിയും സൃഷ്ടിക്കുന്നവരാണ് ഇടുക്കിയിലെ കൈയേറ്റക്കാർ. മുൻരേഖകളോ ആധാരങ്ങളോ ഒന്നുമില്ലാതെ തന്നെ ഭൂമിക്കുമേൽ അവകാശവാദം ഉന്നയിച്ച് അത് സ്ഥാപിച്ചെടുക്കാൻ കഴിയുന്ന റവന്യൂ വിഭാഗം ഇടുക്കിയിൽ സജീവമാണ്. മരിച്ചവരുടെ തലയോട്ടികൾ തേടിയാണ് ഭൂമാഫിയ റവന്യൂ ഓഫീസുകളിൽ എത്തുന്നത്. ഇല്ലാത്ത ആകാശവും ഭൂമിയും അവർക്ക് വേണം. ഗ്ലോബൽ റിമോട്ടുകളുമായിട്ടാണ് അവരുടെ വരവ്. പട്ടികജാതിക്കാരുടെ പട്ടയങ്ങളിൽ ആണ് അവരുടെ കണ്ണ്. താളം പിഴയ്ക്കാതെ മുന്നോട്ടുപോകാൻ അവർക്കുവേണ്ടി റവന്യൂ ഉദ്യോഗസ്ഥർ വഴിവെട്ടുന്നു. താലൂക്ക് ഓഫീസിൽ നിന്ന്, റവന്യൂ കേന്ദ്രങ്ങളിൽ നിന്ന്, പുരാവസ്തു ലൈബ്രറിയിൽ നിന്ന് അപ്രത്യക്ഷമാകുന്ന ഫയലുകളാണ് പുതിയ കൈയേറ്റത്തിനുള്ള ഇന്ധനം. അതിനുവേണ്ടി എത്ര രൂപയും മുടക്കാനും ഭൂമാഫിയ തയാറാണ്.

വ്യവസ്ഥകളും നിയമങ്ങളും ലംഘിച്ചാണ് ഭൂമാഫിയയുടെ പ്രവർത്തനം. പിടിക്കപ്പെട്ടാൽ പോലും കോടതി വ്യവഹാരത്തിലൂടെ മുന്നോട്ടുപോകും. ഒരു ഘട്ടം കഴിയുമ്പോൾ കൈയേറ്റത്തിന്റെ ചരിത്രം സമൂഹം മറക്കും. രാഷ്ട്രീയമായ ഒത്തുതീർപ്പുകൾ ഉണ്ടാകും. അതോടെ സർക്കാർ സംവിധാനം അവർക്ക് അനുകൂലമാകും. അങ്ങനെ വിജയിച്ചവരുടെ ചരിത്രം ഇടുക്കിക്ക് പറയാനുണ്ട്. ആ പ്രതീക്ഷയിലാണ് എത്ര കോടികൾ മുടക്കിയും ഭൂമി കൈയേറ്റത്തിന് അരയും തലയും മുറുക്കി വൻതോക്കുകൾ രംഗത്തിറങ്ങുന്നത്. റവന്യൂ സംവിധാനത്തെ ആകെ വിലക്കെടുത്താണ് അവർ നീക്കം നടത്തുന്നത്. ദേവികുളം താലൂക്കിൽ ബൈസൺവാലി വില്ലേജിലുള്ള ചൊക്രമുടിയിൽ അരങ്ങേറിയതും സമാനമായ സംഭവങ്ങളാണ്. ഒരു സർവേയർ വിചാരിച്ചാൽ ഏത് സർക്കാർ ഭൂമിക്കും സെക്ച്ചും പ്ലാനും തയ്യാറാക്കി തട്ടിയെടുക്കാം എന്നതാണ് ചൊക്രമുടി നൽകുന്ന പാഠം. പാറ പുറംപോക്കെന്ന് സര്‍ക്കാര്‍ അടയാളപ്പെടുത്തിയിരിക്കുന്ന ചൊക്രമുടി മലനിരകളിലുള്ള ഭൂമി കൈയ്യേറാൻ സർക്കാർ ഉദ്യോ​ഗസ്ഥർ തന്നെ കൂട്ട് നിന്നു.

ചൊക്രമുടി കൈയേറ്റത്തിൽ കണ്ടെത്തിയത് പട്ടയരേഖകൾ നശിപ്പിച്ചുകൊണ്ടുള്ള കൈയേറ്റമാണ്. ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സൂക്ഷ്മതലത്തിൽ അന്വേഷണം നടത്തിയതോടെയാണ് എല്ലാം പുറത്തുവരുന്നത്. ചൊക്രമുടി മലനിരകളിൽ അനധികൃത കുടിയേറ്റവും നിർമ്മാണവും നടക്കുന്നതായുള്ള വാർത്തകളുടെ അടിസ്ഥാനത്തിൽ ഈ വിഷയം പരിശോധിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് ലാൻഡ് റവന്യൂ കമ്മീഷണർ നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കപ്പെട്ടത്. ഇത്തരമൊരു അന്വേഷണം പ്രഖ്യാപിക്കാൻ അട്ടപ്പാടിയിൽ സാധ്യമല്ല. കേരളത്തിന്റെ റവന്യൂമന്ത്രി അട്ടപ്പാടിയിലെ കൈയേറ്റങ്ങൾക്ക് ഒത്താശ ചെയ്യുന്നു. കാരണം കൈയേറ്റക്കാരിൽ 90 ശതമാനവും റവന്യൂ മന്ത്രിയുടെ സഖാക്കളാണ്.

ചൊക്രമുടിയിലെ കൈയേറ്റത്തിന്റെ വർത്തമാനം ആരംഭിക്കുന്നത് മന്ത്രി കെ. രാജന് നൽകിയ അപേക്ഷയിൽ നിന്നാണ്. നിലവിൽ തമിഴ്നാട് ചെന്നൈയിൽ താമസിക്കുന്ന മൈജോ ജോസഫ് ആണ് മന്ത്രിക്ക് കത്തെഴുതിയത്. 2023ല്‍ നൽകിയ ഈ അപേക്ഷയെ തുടർന്നാണ് സർവേ നടപടികൾ ആരംഭിക്കുന്നത്. ഭൂമിയുടെ സർവേ നടപടിക്കായി 2016ൽ നൽകിയ അപേക്ഷയുടെ വിവരവും തുടർന്ന് 2017ൽ ഉണ്ടായ കോടതിവിധിയും അതിന്റെ അടിസ്ഥാനത്തിൽ ഉടുമ്പൻചോല തഹസീൽദാർ തീർപ്പ് കൽപ്പിച്ചതും മറച്ചുവെച്ചാണ് മന്ത്രിക്ക് അപേക്ഷ നൽകിയത്.

ചൊക്രമുടിയിലെ കൈയേറ്റ ഭൂമിയിൽ നടക്കുന്ന അനധികൃത റോഡ് നിർമ്മാണം. കടപ്പാട്:thehindu

‘ബൈസൺ വാലി വില്ലേജിൽ ബ്ലോക്ക് നാലിൽ സർവേ നമ്പർ 27/1ലും 274/1ലും തന്റെ പിതാവ് ടി.എം ജോസഫിന്റെ പേരിൽ 14.9 ഏക്കർ ഭൂമി നിലവിലുണ്ട്. ഈ ഭൂമിയുടെ അതിർത്തി നിർണയിച്ച് കിട്ടുന്നതിന് ഉടുമ്പൻചോല തഹസീൽദാർക്ക് 2016 ലും 2023 ലും അപേക്ഷ നൽകി. അധികാരികളുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായില്ല’ എന്ന് മൈജോ ജോസഫ് അപേക്ഷയിൽ ചൂണ്ടിക്കാട്ടി. 2023 ജൂൺ ഒമ്പതിന് റവന്യൂ മന്ത്രി ഈ കത്ത് ഇടുക്കി കളക്ടർക്ക് കൈമാറി. ജൂൺ 13ന് ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) കെ. മനോജ് പ്രത്യേക പരിഗണന നൽകി തുടർനടപടി അടിയന്തരമായി സ്വീകരിച്ച് റിപ്പോർട്ട് നൽകണമെന്ന് ഉടുമ്പൻചോല തഹസീൽദാർക്ക് നിർദ്ദേശം നൽകി. തഹസീൽദാർ ഫയലിൽ നടപടി സ്വീകരിച്ചു. ബൈസൺവാലി വില്ലേജിന്റെ ചുമതലയുള്ള താലൂക്ക് സർവേയർ ആർ.ബി വിപിൻ രാജിന് നിർദ്ദേശം നൽകി.

ഭൂമിക്ക് വേണ്ടി എത്തിയിരിക്കുന്നവർ ചെറിയ മീനല്ലെന്ന് സർവേയർ തിരിച്ചറിഞ്ഞു. ജൂലൈ 31ന് സ്ഥലം തിട്ടപ്പെടുത്തി സ്കെച്ച് തയാറാക്കി നൽകി. എൽ.എ 233/65 എൽ.എ 219/65 എൽ.എ 01/70 എൽ.എ 504/ 70 എന്നീ പട്ടയ സ്ഥലങ്ങളും, 261 എന്ന നമ്പരിട്ട് മറ്റൊരു സ്ഥലവും ബൈസൺവാലി വില്ലേജിലെ (മുൻ രാജക്കാട് വില്ലേജ്) റീ സർവേ ബ്ലോക്കിൽ നാലിൽ ഉൾപ്പെട്ട സർവേ 35 നമ്പറിലുള്ള 354.5900 ഹെക്ടർ സർക്കാർ പുറമ്പോക്കിൽ വരച്ചുചേർത്താണ് സ്കെച്ച് തയാറാക്കിയത്. ഈ സ്ഥലം റീസർവേ രേഖകൾ പ്രകാരം സർക്കാർ പുറമ്പോക്കാണ്. താലൂക്ക് സർവേയർ വളരെ ‘സുതാര്യമായി’ സർക്കാർ പാറ പുറമ്പോക്ക് സ്വകാര്യ വ്യക്തികളുടെ പേരിൽ സ്ഥാപിച്ച് സ്കെച്ച് തയ്യാറാക്കി നൽകി.

ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘം വിശദമായ പരിശോധനയാണ് നടത്തിയത്. ബിനു ജോസഫ്, രജിസ്റ്റർ – ജി.വി ജ്യോതി, വി.പി ബിജു, കെട്ടിടാനുമതി – എസ്.കെ ശ്രീകുമാർ, രേഖകൾ – വിപിൻ ഭാസ്കർ, ലാൻഡ് രജിസ്റ്റർ – ഇടുക്കി സർവേ ഡെപ്യൂട്ടി ഡയറക്ടർ എസ് ബിനു, സർവേ നടപടികളുടെ ക്രമക്കേട് – ബിനു ജോസഫ് എന്നിവരാണ് നടത്തിയത്. പട്ടയം ലഭിച്ച കറുപ്പസ്വാമി, ഗുരുസ്വാമി, മണിവേൽ, ജ്ഞാനദാസ്, വിന്റർ ഗാർഡൻ എന്ന റിസോർട്ട് എന്നിവരുടെ കെട്ടിട നിർമ്മാണത്തിന് അനുമതി വാങ്ങിയ ഭൂരേഖകളാണ് പരിശോധിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ ഇപ്രകാരമാണ്.

1. കറുപ്പസ്വാമിയുടെ പട്ടയത്തിൽ തട്ടിയെടുത്തത് സർക്കാർ പുറമ്പോക്ക്

ബൈസൺവാലി വില്ലേജിലെ ചൊക്രമുടിയിലെ ഭൂമി കൈയേറ്റം വിവാദമായതിനെ തുടർന്നാണ് ഇവിടെ നടന്ന നിർമ്മാണങ്ങളും ഈ മേഖലയിൽ അനുവദിച്ച പട്ടയങ്ങളും പരിശോധിക്കുന്നതിന് ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം രൂപീകരിച്ചത്. അവർ ആദ്യം പരിശോധിച്ചത് കറുപ്പസ്വാമിയുടെ പട്ടയ ഭൂമിയാണ്. എൽ.എ 219/65 ൽ ഉൾപ്പെട്ട സ്ഥലം 1958 ൽ കോട്ടയം കളക്ടർ അംഗീകരിച്ച പതിവ് ലിസ്റ്റിൽ ഉൾപ്പെട്ടതായി മഹസറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പതിവ് ലിസ്റ്റിൽ എത്രാമത്തെ നമ്പരായിട്ടാണ് സ്ഥലം ഉൾപ്പെടുത്തിയതെന്ന് ഫയലിൽ രേഖപ്പെടുത്തിയിട്ടില്ല. പതിവ് ലിസ്റ്റ് പരിശോധനയ്ക്ക് ലഭിച്ചിട്ടുമില്ല.

കറുപ്പസ്വാമിയുടെ അപേക്ഷയിൽ ഭൂമി തിട്ടപ്പെടുത്തി തയ്യാറാക്കിയ മഹസർ പ്രകാരം ഈ സ്ഥലത്ത് ഒരു പുരയും ആൾതാമസവും ഉണ്ടായിരുന്നു. അതേസമയം, അപേക്ഷകന്റെ സ്ഥിരതാമസം ചൊക്കനാട് എസ്റ്റേറ്റിലാണ്. അപേക്ഷകന് കുടുംബാംഗങ്ങളായി ഭാര്യ കറുപ്പായിയും രണ്ട് കുട്ടികളുമുണ്ട്. കൈവശ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്തിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകന്റെ സ്ഥിരതാമസം ചൊക്കനാട് എസ്റ്റേറ്റിൽ ആണെന്ന് പറയുമ്പോൾ ഈ ഭൂമിയിൽ താമസമുള്ള ആൾ ആരാണെന്ന് പരാമർശിച്ചിട്ടില്ല. നേരിട്ട് സ്ഥലത്ത് പോയി എല്ലാ വിവരങ്ങളും ശേഖരിച്ചിട്ടല്ല മഹസർ തയ്യാറാക്കിയതെന്ന് വ്യക്തം. സ്ഥലത്തെ പ്രവേശനത്തിന് 1956 മുതൽ പഴക്കമുണ്ടെന്ന് പറയുന്നു. എന്നാൽ ഈ സ്ഥലത്തെ അനധികൃത കൈയേറ്റത്തിന് നിരോധന കരം ചുമത്തിയതായോ അത് ഈടാക്കിയതായോ രേഖയില്ല. 1956 മുതലുള്ള ഈ ഭൂമിയിലെ കൈയേറ്റം അക്കാലത്തെ സർക്കാർ സംവിധാനം അംഗീകരിച്ചിട്ടില്ല. അതുകൊണ്ട്, അപേക്ഷകൻ അനധികൃതമായി കൈയേറി, കൈവശം വച്ച് കൃഷി ചെയ്ത് അനുഭവിച്ചു വന്നിരുന്ന (അധിവേശ) ഭൂമി അപേക്ഷകന് പതിച്ചു നൽകി എന്ന വാദം നിലനിൽക്കില്ല.

എൽ.എ 219/65 നമ്പർ ഫയൽ പ്രകാരം രാജാക്കാട് വില്ലേജിലെ സർവ്വേ നമ്പർ 27/1ൽ ഉൾപ്പെട്ട 4.10 ഏക്കർ ഭൂമിയാണ് കറുപ്പസ്വാമിക്ക് പതിച്ചുനൽകിയത്. 1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകാവുന്നത് പരമാവധി നാലേക്കറാണ്. രാജാക്കാട് വില്ലേജിൽ 4.10 ഏക്കർ പുരയിടത്തിന് പ്രൊവിഷണൽ പട്ടയം നൽകിയിരിക്കുന്നത് 1996 ഏപ്രിൽ ഒന്നിനാണ്. കറുപ്പസ്വാമി ഈ പട്ടയത്തിൽപ്പെട്ട ഭൂമി രാജകുമാരി സബ് രജിസ്റ്റർ ഓഫീസിൽ 1994 ഓഗസ്റ്റ് 30നാണ് തീറാധാരം നടത്തിയത്. ദേവികുളം എസ്റ്റേറ്റിൽ താമസിക്കുന്ന ശിവന് ഭൂമി കൈമാറി. എന്നാൽ, ബൈസൺ വാലി വില്ലേജിലെ 674 നമ്പർ ഫയൽ പ്രകാരം 1985-86 മുതൽ കറുപ്പസ്വാമിയുടെ തണ്ടപ്പേരിൽ ശിവൻ നികുതി അടച്ചിരുന്നു. ചുരുക്കത്തിൽ 1994ൽ തീറാധാരം ചമയ്ക്കുന്നതിന് മുമ്പേ കറുപ്പസ്വാമിയുടെ കൈയിൽ നിന്ന് ഭൂമി അന്യാധീനപ്പെട്ടു.

ഭൂമി 1994 സെപ്റ്റംബർ അഞ്ചിലെ പോക്കുവരവ് പ്രകാരം ശിവന്റെ തണ്ടപ്പേരിൽ (ടി.പി 2718ൽ) പേരിൽ വന്നുചേർന്നു. തുടർന്ന് 1995 ആഗസ്റ്റ് ഏഴിലെ പോക്കുവരവ് പ്രകാരം മൈജോ ജോസഫിന്റെ 2823 തണ്ടപ്പേരിലേക്ക് എത്തി. മൈജോ ജോസഫ് ഈ സ്ഥലം പലർക്കായി ആധാരം ചെയ്തു നൽകി. ഈ പട്ടയത്തിൽപ്പെട്ട സ്ഥലത്തിൽ നിന്ന് 13 തണ്ടപ്പേരുകൾ സൃഷ്ടിച്ചതായും പരിശോധനയിൽ കണ്ടെത്തി.

കൈയേറ്റ ഭൂമിയിലെ അനധികൃത റോഡ് നിർമ്മാണം. കടപ്പാട്:thehindu

രണ്ടാം നമ്പർ രജിസ്റ്ററിൽ ഡെപ്യൂട്ടി തഹസീൽദാരോ തഹസീൽദാരോ ഒപ്പുവയ്ക്കേണ്ട കോളത്തിൽ (ഇനിഷ്യൽ ഓഫ് തഹസീൽദാർ ഡെപ്യൂട്ടി തഹസീദാർ എന്ന കോളത്തിൽ) ആരും ഒപ്പുവച്ചിട്ടില്ല. മറ്റ് ഫയലുകളിലെ രേഖപ്പെടുത്തലുകൾ പോലെ ഈ പട്ടയ ഫയൽ പട്ടയം നൽകിയ ഓഫീസിൽ നിന്നും ഉടമ്പൻചോല തഹസീദാർക്ക് കൈമാറിയതായും രേഖപ്പെടുത്തിയിട്ടില്ല. ഈ പട്ടയ നടപടിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള നടപടിക്രമങ്ങളിലെ സുതാര്യതയില്ലായ്മ വ്യക്തമാണ്. പട്ടയം നൽകിയ ഭൂമിയുടെ വിസ്തീർണ്ണം പരിശോധിക്കാതെ നിയമപരമായി പതിച്ചുനൽകാവുന്നതിൽ അധികം ഭൂമി പതിച്ചു നൽകിയ ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരുടെ നടപടി അധികാരപരിധി ലംഘിച്ചുള്ളതാണ്. അത് നിയമവിരുദ്ധമാണ്.

അധികാരപരിധി ലംഘിച്ച് വസ്തുക്കൾ മറച്ചുവെച്ച് കറുപ്പസ്വാമിയുടെ പേരിൽ നൽകിയ 219/65 നമ്പർ പ്രകാരം ഉള്ള പട്ടയത്തിൽപ്പെട്ട ഭൂമിക്ക് അനധികൃതമായി കരം അടക്കുകയും ആധാരം ചമക്കുകയും ചെയ്ത ശിവനും ശിവനിൽ നിന്ന് ഭൂമി വാങ്ങിയ മൈജോ ജോസഫും നിയമപരമായി നിലനിൽക്കാത്ത പട്ടയത്തിന്റെ അടിത്തറയിലാണ് എല്ലാ രേഖകളും നിർമ്മിച്ചത്. വർഷങ്ങളായി കാടുപിടിച്ച് കിടന്ന, ആരുടെയും കൈവശാനുഭവത്തിൽ അല്ലാത്ത ബൈസൺവാലി വില്ലേജിലെ ബ്ലോക്ക് നാലിൽ, സർവേ 35ൽ പെട്ട സർക്കാർ പാറ പുറമ്പോക്ക് ഭൂമി കൈയേറി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയെന്ന് പരിശോധനയിൽ വ്യക്തമായി.

മൈജോ ജോസഫ് സൃഷ്ടിച്ച തീരാധാരങ്ങളിൽ ഉൾപ്പെട്ട സ്ഥലം സർക്കാർ പാറ പുറമ്പോക്ക് ഭൂമിയാണ്. അതിനുശേഷമാണ് സർവേയിലെ ‘അൽഭുത പ്രതിഭ’യായ താലൂക്ക് സർവേയർ ആർ.ബി വിപിൻ രാജ് രംഗത്ത് വന്നത്. താലൂക്ക് സർവേയർ ആർ.ബി വിപിൻ രാജ് 2023 ജൂലൈ 31ന് നിയമവിരുദ്ധമായി മൈജോ ജോസഫിന് തയാറാക്കി നൽകിയ സ്കെച്ചിന്റെ പിൻബലത്തോടെയാണ് ഭൂമികയേറ്റം അരങ്ങേറിയത്. സ്വന്തം ആധാരത്തിലുള്ള ഭൂമി എവിടെയാണെന്ന് പോലും മൈജോ ജോസഫിന് അറിയുമായിരുന്നില്ല. അവർ സർവേയിലൂടെ സർക്കാർ പുറമ്പോക്ക് ഭൂമി കൈക്കലാക്കുകയും തുടർന്ന് ഈ ഭൂമി ദ്രുതഗതിയിൽ പലർക്കുമായി പ്ലോട്ട് തിരിച്ച് വിൽപ്പന നടത്തുകയും ചെയ്തു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതോടനുബന്ധിച്ച് ഈ സ്ഥലവുമായി ബന്ധപ്പെട്ട് ബൈസൺ വാലി വില്ലേജിൽ 14 തണ്ടപ്പേരുകൾ സൃഷ്ടിച്ചതായി കണ്ടെത്തി.

കറുപ്പസ്വാമി പട്ടയ ഫയലിൽ 1965 ജൂലൈ 31ൽ റവന്യൂ ഇൻസ്പെക്ടർക്ക് മുന്നിൽ നൽകിയ പ്രസ്താവനയിൽ ഇട്ടിരിക്കുന്ന ഒപ്പും ശിവന് എഴുതി നൽകിയ ആധാരത്തിൽ ഇട്ടിരിക്കുന്ന ഒപ്പിന്റെ അവസാനഭാഗവും വ്യത്യസ്തമാണ്. അതിനാൽ രാജകുമാരി സബ് രജിസ്റ്റർ ഓഫീസിലെ 1994ലെ ആധാരം സംശയാസ്പദമാണ്. പട്ടയം നൽകുന്ന ഓഫീസിൽ സൂക്ഷിക്കേണ്ടതും പട്ടയുമായി നേരിട്ട് ബന്ധപ്പെടാത്തതുമായ നമ്പർ ഒന്ന്-രണ്ട്-മൂന്ന് രജിസ്റ്ററുകളിൽ നമ്പർ രണ്ട് രജിസ്റ്റർ മാത്രമാണ് പട്ടയുമായി ബന്ധപ്പെട്ട ഉടുമ്പൻചോല താലൂക്കിൽ നിന്ന് കണ്ടെടുക്കാൻ കഴിഞ്ഞത്.

കറുപ്പസ്വാമിയുടെ സ്ഥലത്തെ പ്രവേശനത്തിന് 1956 മുതൽ പഴക്കം വരാമെന്ന് പ്രസ്താവിച്ച്, കൈവശം വെച്ചിരിക്കുന്ന ഭൂമിക്ക് പട്ടയം നൽകാനാണ് ശ്രമിച്ചത്. പഴക്കമുണ്ടെന്ന പറഞ്ഞതിന് തെളിവില്ല. അധികൃതമായ കൈവശം വെച്ച ഭൂമിയാണെങ്കിൽ കൃത്യമായി മാനദണ്ഡ പ്രകാരം ഓരോ വിഭാഗത്തിലും പെട്ടവർക്ക് (10 ശതമാനം എക്സ് സർവീസ്മെൻ 25 ശതമാനം എസ്.സി- എസ്.ടി) മുൻഗണന നിശ്ചയിച്ച് മാത്രമേ ഭൂവിതരണം സാധ്യമാകൂ. ചട്ടങ്ങളും മാനദണ്ഡങ്ങളുമെല്ലാം മറികടന്നാണ് അപേക്ഷകൻ കൈവശ സ്ഥലത്ത് കൃഷി ചെയ്യുന്നതായി രേഖപ്പെടുത്തിയത്. ശക്തമായി കാറ്റടിക്കുന്ന, കുത്തനെ ചരിഞ്ഞ, പാറക്കെട്ടുകൾ നിറഞ്ഞ, മഞ്ഞുവീഴ്ചയുള്ള ഈ സ്ഥലം കൃഷിക്ക് ഉപയുക്തമല്ലെന്ന് സ്ഥല പരിശോധനയിൽ വ്യക്തമായി. നാളിതുവരെ ഈ ഭൂമിയിൽ ആരും കൃഷി ചെയ്തിട്ടില്ല. ഭൂമിയിൽ സ്വയം വളർന്നുവന്ന പുല്ലും ചെടികളും മരങ്ങളും മാത്രമാണ് ഈ പ്രദേശത്തുള്ളത്. ഈ പട്ടയത്തിന്റെ മറവിൽ കൈയേറ്റം നടത്തിയിരിക്കുന്ന സ്ഥലം ബൈസൺവാലി വില്ലേജിലെ സർക്കാർ പുറമ്പോക്ക് ഭൂമിയാണ്. പുറമ്പോക്ക് എന്നത് പതിവിന് വിധേയമല്ലാത്തതും പൊതു ഉപയോഗത്തിനായി നീക്കി വെച്ചിട്ടുള്ളതും സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതുമായ ഭൂമിയാണ്. അതിനാൽ ഈ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ച് ഭൂമി സർക്കാരിലേക്ക് വീണ്ടെടുക്കണമെന്നാണ് റിപ്പോർട്ട്.

റീസർവേ നടപടികളുമായി ബന്ധപ്പെട്ട് 1972-76 കാലത്ത് തയാറാക്കിയ ഈ പ്രദേശത്തിന്റെ ലാൻഡ് രജിസ്റ്റർ പരിശോധിച്ചതിൽ, പട്ടയകക്ഷിയുടെ പേര് 22-ാം കോളത്തിൽ ജന്മിയുടെ പേര് എന്ന കോളത്തിൽ കാണേണ്ടതാണ്. ഈ സ്ഥലത്തെ കൈവശം ഉണ്ടായിരുന്നവർ ആണെങ്കിൽ 23-ാം കോളത്തിൽ കൈവശക്കാരന്റെ പേര് എന്ന കോളത്തിൽ ഉടമയുടെ പേര് കാണണം. എന്നാൽ, ഈ രജിസ്റ്ററിൽ പട്ടയകക്ഷികളുടെ പേരില്ല. അതിൽനിന്ന് ഈ കക്ഷികൾക്ക് 1976 ൽ തന്നെ പട്ടയം ലഭിച്ച ഭൂമിയിന്മേലുള്ള അവകാശം അന്യാധീനപ്പെട്ട് പോവുകയോ ഉടമസ്ഥാവകാശവും കൈവശാവകാശവും ഇല്ലാതാവുകയോ ചെയ്തു. ബൈസൺ വാലി വില്ലേജിലെ റീസർവ്വേ നടപടികളുമായി ബന്ധപ്പെട്ട 1961ലെ സർവേ ആൻഡ് ബൗണ്ടറീസ് നിയമപ്രകാരമുള്ള ഒമ്പത് (രണ്ട്) വിജ്ഞാപനം 1996 ആഗസ്റ്റ് ആറിന് നടന്നിട്ടുണ്ട്.

എൽ.എ 233 /65, 219/65, 501/70 , 504/70 എന്നീ പട്ടയ ഫയൽ പരിശോധിച്ചതിൽ ഈ പട്ടയുമായി ബന്ധപ്പെട്ട അപേക്ഷകൻ ഹിന്ദു പറയ സമുദായത്തിൽപ്പെട്ട പട്ടികജാതി വിഭാഗക്കാരനാണ്. ഇവരിൽ നിന്ന് ലാൻഡ് വാല്യൂ ഈടാക്കാതെയാണ് ഈ ഭൂമി പതിച്ച് നൽകിയിരിക്കുന്നത്. ലാൻഡ് വാല്യൂ ഈടാക്കാതെയുള്ള നടപടികൾ സൗജന്യ ഭൂപതിവ് ഗണത്തിൽ വരും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കാണ് സൗജന്യഭൂമി ഭൂപതിവ് അനുവദിക്കുന്നത്. അതിനാൽ സൗജന്യ ഭൂപതിവിൽപ്പെട്ടതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ടതുമായ ആളുകൾക്ക് പതിച്ചു നൽകിയതും പിന്നീടവരില്‍ നിന്ന് അന്യാധീനപ്പെട്ട് ആരുടെയും കൈവശം ഇല്ലാതിരുന്നതുമായ (1972- 76 കാലയളവിലെ റീസർവേ ലാൻഡ് രജിസ്റ്ററിൽ പേരില്ലാത്ത) ഭൂ രേഖകളാണ് പട്ടയ കക്ഷിയുടെ പിൻമുറക്കാർ കൈകലാക്കി വ്യാജരേഖകൾ ചമച്ചിട്ടുള്ളത്.

വ്യാജരേഖയുടെ പിൻബലത്തിൽ മൈജോ ജോസഫിനും അദ്ദേഹത്തിൻറെ പിതാവ് ടി.എം ജോസഫിനും വേണ്ടി 2016 ൽ അപേക്ഷ സമർപ്പിച്ചു. എന്നാൽ, ഹൈക്കോടതിയുടെ 2017 ഓഗസ്റ്റ് 24 വിധി ന്യായത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സർവേയിൽ ഈ ഭൂമി കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഉടുമ്പൻചോല തഹസീദാർ 2018 ജൂലൈ 16 ന് റിപ്പോർട്ട് നൽകി. പട്ടയം ലഭിച്ച സ്ഥലം പട്ടയവ്യവസ്ഥ പ്രകാരം കൈവശം വച്ചും കൃഷിചെയ്ത് അനുഭവിച്ചും വരേണ്ടതാണ്. അത് നിയമാനുസൃതം കൈമാറ്റം ചെയ്യാം. അങ്ങനെ കൈമാറ്റം കിട്ടിയ വ്യക്തിക്കും ആ ഭൂമി കൈവശം വെച്ച് പട്ടയ വ്യവസ്ഥ ലംഘിക്കാതെ ഉപയോഗിക്കാവുന്നതാണ്. എന്നാൽ, ഈ പട്ടയത്തിൽപ്പെട്ട ഭൂമിയിന്മേലുള്ള കൈവശാവകാശം നേരത്തെ തന്നെ അന്യാധീനപ്പെട്ടിരുന്നു. അതിനാൽ ഈ ഭൂമി എവിടെയാണെന്ന് പോലും പട്ടയകക്ഷികൾക്കും പിന്മുറക്കാർക്കും അറിയാതെ വന്നു. അതുകൊണ്ടാണ് ഈ ഭൂമിയുടെ അതിർത്തി നിർണയത്തിന് 2010 മുതൽ അപേക്ഷ നൽകിയത്.

ചുരുക്കത്തിൽ രേഖാപരമായി ഈ ഭൂമിയുടെ കൈമാറ്റവും കരം അടവും മാത്രമാണ് നടന്നത്. താലൂക്ക് സർവേയർ ബൈസൺവാലി വില്ലേജിലെ (മുൻ രാജാക്കാട്) റീസർവേ ബ്ലോക്ക് നാലിൽപ്പെട്ട സർവേ 35 നമ്പറിലുള്ള 354.5900 ഹെക്ടർ വിസ്തീർണ്ണം വരുന്ന സർക്കാർ പാറ പുറമ്പോക്കിൽ സ്ഥാപിച്ച് സ്കെച്ച് തയാറാക്കി നൽകുന്നതുവരെ മറ്റൊന്നും നടന്നിട്ടില്ല. ഈ ഭൂമിയുടെ ഫിസിക്കൽ പൊസിഷൻ ഇവർക്ക് ഒരുകാലത്തും ഇല്ലായിരുന്നു.

1964 ഭൂപതിവ് ചട്ട പ്രകാരം പതിച്ച് നൽകിയ ഈ ഭൂമി പട്ടയം കിട്ടുന്ന ആളും പിന്മുറക്കാരും ഭൂമി പതിച്ചുകിട്ടിയ കൃഷി ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. മറിച്ച് ഉപയോഗിച്ചാൽ പതിവ് റദ്ദ് ചെയ്യാൻ ഭൂപതിവ് അധികാരിക്ക് അധികാരമുണ്ട്. എൽ.എ 219/65 പ്രകാരമുള്ള പട്ടയ ഭൂമി പതിച്ചുകിട്ടിയ ആളോ പിന്മുറക്കാരോ കൃഷിയാവശ്യത്തിന് ഉപയോഗിച്ചിട്ടില്ല. അതിനാൽ പതിവ് ഉത്തരവിലെ വ്യവസ്ഥ ലംഘിക്കപ്പെട്ടതിനാൽ പട്ടയം റദ്ദ് ചെയ്ത് ഭൂമി സർക്കാരിലേക്ക് വീണ്ടെടുക്കാമെന്നാണ് റിപ്പോർട്ട്.

2. ഗുരസ്വാമി കൈപ്പറ്റാത്ത പട്ടയം

രണ്ടാമത്തെ പട്ടയത്തിന്റെ ഉടമ ചൊക്കനാട് എസ്റ്റേറ്റിൽ താമസിക്കുന്ന ഗുരുസ്വാമിയാണ്. എൽ.എ 233/65 ൽ ഉൾപ്പെട്ട സ്ഥലം 1958ല്‍ കോട്ടയം കലക്ടർ അംഗീകരിച്ച പതിവ് ലിസ്റ്റിൽ ഉൾപ്പെട്ടു എന്നാണ് മഹസറിൽ രേഖപ്പെടുത്തിയത്. പതിവ് ലിസ്റ്റിൽ എത്രാമത്തെ നമ്പർ ആണ് ഈ സ്ഥലം ഉൾപ്പെട്ടതെന്ന് അറിയില്ല. പതിവ് ലിസ്റ്റിന്റെ പകർപ്പും ഫയലിൽ ചേർത്തിട്ടില്ല. അതിനാൽ പതിവ് ലിസ്റ്റിൽ ഉൾപ്പെട്ടതാണെന്ന വാദം നിലനിൽക്കില്ല. ഈ ഭൂമിയിൽ കൃഷി ചെയ്യുകയോ താമസിക്കുകയോ ചെയ്തിട്ടില്ല. അതിനാൽ അനധികൃതമായി കൈയേറിയ ഭൂമി അപേക്ഷകന് പതിച്ചുനൽകി എന്ന വാദത്തിനും നിലനിൽപ്പില്ല.

ഗുരുസ്വാമിക്ക് 1976 മെയ് 20ന് റെഗുലർ പട്ടയം ലഭിച്ചു എന്നാണ് വാദം. രാജാക്കാട് വില്ലേജിലെ പൊട്ടൻകാട് താവളത്തിൽപ്പെട്ട സർവേ നമ്പർ 27/1 ൽ 3.75 ഏക്കർ ഭൂമിക്ക് പട്ടയം നൽകിയതായി കാണുന്നു. ഗുരുസ്വാമി പട്ടയം കൈപ്പറ്റിയതായി ഓഫീസ് കോപ്പിയിലോ മറ്റേതെങ്കിലും രേഖകളിലോ കാണുന്നില്ല. 1976 മെയ് 20 ലെ പട്ടയത്തിൽ ഉൾപ്പെട്ട ഭൂമി 1980 ജനുവരി 30 ലെ തീറാധാര പ്രകാരം ദേവികുളം എസ്റ്റേറ്റിലെ ശിവന്റെ കൈവശം എത്തി. ആധാരത്തിൽ പറയുന്നത് പ്രകാരം 1970 ൽ തന്നെ ഗുരുസ്വാമി ശിവന് കൈമാറി. അതിനാൽ 1976 മെയ് 20ന് ഗുരുസ്വാമിക്ക് പട്ടയം ലഭിച്ചത് അദ്ദേഹത്തിന്റെ കൈവശമില്ലാത്ത ഭൂമിക്ക് ആണെന്ന് വ്യക്തം. പട്ടയവ്യവസ്ഥ പ്രകാരം റെഗുലൽ പട്ടയം ലഭിച്ച് 10 വർഷത്തിനുശേഷം മാത്രമേ ഈ ഭൂമി നിയമപരമായി കൈമാറ്റം ചെയ്യാൻ കഴിയൂ. ഇവിടെ റെഗുലർ പാട്ടയം കിട്ടുന്നതിന് ആറുവർഷം മുമ്പ് 1970ൽ തന്നെ ഗുരുസ്വാമിയുടെ ഭൂമി അന്യാധീനപ്പെട്ടു. അതിനാൽ ഈ കൈമാറ്റം അസാധുവായി.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള സംഘം ചൊക്രമുടി സന്ദർശിച്ചപ്പോൾ. കടപ്പാട്:thehindu

രാജാക്കാട് വില്ലേജിലെ 1491 നമ്പർ ഗുരുസ്വാമിയുടെ പേരിലുള്ള തണ്ടപ്പേർ പരിശോധിച്ചതിൽ ശിവൻ 1980-81 കാലത്ത് 7 രൂപ 50 പൈസ നികുതി അടച്ചിരുന്നു. 1980ലെ തീറാധാര പ്രകാരം ഈ സ്ഥലം 87 ൽ പോക്കുവരവ് നടത്തി. ശിവന്റെ പേരിലുള്ള ബൈസൺ വാലി വില്ലേജിലെ 1763 നമ്പർ തണ്ടപേരിൽ ചേർത്തു. ഇത്രയധികം കാലം ഈ സ്ഥലം പോക്കുവരവ് നടത്താതെ ഗുരുസ്വാമിയുടെ പേരിലുള്ള തണ്ടപ്പേരിൽ കരമടച്ചു കൊണ്ടിരിക്കുന്നതിന്റെ കാരണവും അജ്ഞാതമാണ്. പിന്നീട് ഈ സ്ഥലം ഉൾപ്പെടെ ശിവന്റെ മറ്റ് സ്ഥലങ്ങളും ചേർന്ന് ആകെ 11.79 ഏക്കർ ഭൂമി രാജകുമാരി സബ് രജിസ്റ്റർ ഓഫീസിലെ 1995 മാർച്ച് നാലിലെ തീറാധാര പ്രകാരം മൈജോ ജോസഫിന് കൈമാറ്റം ചെയ്തു. മൈജോ ജോസഫിന്റെ പേരിൽ ബൈസൺ വാലി വില്ലേജിൽ 2823 നമ്പർ തണ്ടപ്പേരായി. പിന്നീട് ഈ ഭൂമി പലർക്കുമായി മറിച്ചുവിറ്റുവെന്നാണ് രേഖ.

ഗുരുസ്വാമി 1964 ഒക്ടോബർ 30ന് അപേക്ഷ നൽകിയ പട്ടയമാണിത്. പട്ടയ നടപടി നടന്നുകൊണ്ടിരിക്കെ ഗുരുസ്വാമിക്ക് സ്ഥലം അന്യാധീനപ്പെട്ടു. എന്നിട്ടും ഗുരുസ്വാമിയുടെ പേരിൽ തന്നെ പട്ടയം നേടിയെടുത്തു. ഇത് തികച്ചും തെറ്റായ നടപടിയാണ്. ഈ പട്ടയത്തിൽ നിന്നും പിന്നീട് കൈമാറ്റ രേഖകൾ ചമച്ച് രേഖകൾ ഉണ്ടാക്കി. കാടുപിടിച്ചു കിടന്ന സ്ഥലം, ആരുടെയും കൈവശം ഇല്ലാത്ത സ്ഥലം വിലപിടിച്ച സർക്കാർ പുറമ്പോക്കാണിത്. ഭൂ സംരക്ഷണ നിയമം പ്രകാരം ഈ ഭൂമി സർക്കാർ ഏറ്റെടുക്കണം എന്നാണ് റിപ്പോർട്ട്.

3. കരം അടക്കാത്ത മണിവേലിന്റെ പട്ടയം

മൂന്നാമത്തേത് എൽ.എ 501/70 ഉൾപ്പെട്ട ഭൂമിക്ക് മണിവേലിന്‍റെ അപേക്ഷയിൽ നൽകിയ പട്ടയമാണ്. 1958ല്‍ കോട്ടയം കളക്ടർ പതിവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി മഹസറിൽ രേഖപ്പെടുത്തി. ഇതിന്റെയും പതിവ് ലിസ്റ്റിന്റെ പകർപ്പ് ഫയലിൽ ഇല്ല. മഹസറിൽ പറയുന്നതനുസരിച്ച് 1957 മുതൽ ഈ സ്ഥലത്ത് പ്രവേശിച്ച് കാട് വെട്ടിതെളിച്ച് കുറുമ്പുല്ല് കൃഷിയും സ്ഥിര ദേഹണ്ഡങ്ങളും ചെയ്തിട്ടുണ്ടെന്നാണ് വാദം. പുര വച്ച് കുടുംബ താമസം ആണെന്നും കുടുംബാംഗങ്ങൾക്ക് ഇതല്ലാതെ വേറെ ഭൂമിയില്ല എന്നും പട്ടികജാതി പറയൻ സമുദായ അംഗമാണെന്നും തൊഴിൽ കൂലിവേലി ആണെന്നും അതിനാൽ 600 രൂപ വരുമാനം വരുമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകൻ ചൊക്രമുടി ഭാഗത്ത് താമസിക്കുന്നു എന്നല്ലാതെ കൃത്യമായി ഏത് ഭാഗത്താണ് താമസിക്കുന്നത് മഹസറിൽ രേഖപ്പെടുത്തിയിട്ടില്ല.

റവന്യൂ ഉദ്യോഗസ്ഥൻ സ്ഥലത്തുപോയി കൃത്യമായി പരിശോധിച്ചിട്ടല്ല മഹസർ തയാറാക്കിയത്. സ്ഥലത്തെ പ്രവേശനത്തിന് 1957 മുതൽ പഴക്കം വരുന്നു എന്ന് രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ കുത്തകപ്പാട്ടമെന്നോ അനധികൃത കൈയേറ്റത്തിന് നിരോധന കരം ചുമത്തിയതായോ മഹസറിൽ സൂചിപ്പിച്ചില്ല. 1957ൽ ഈ സ്ഥലം കൈവശം വച്ചിരുന്നുവെന്ന് സ്ഥിരീകരിക്കാൻ സാധിക്കുന്ന തെളിവുകൾ ഒന്നുമില്ല. അതിനാൽ അനധികൃതിമായി കൈവശം വെച്ചിരുന്ന ഭൂമിയാണ് പതിച്ചു നൽകിയത് എന്ന് വാദം നിലനിൽക്കില്ല. അപേക്ഷകനായ മണിവേൽ സ്പെഷ്യൽ റവന്യൂ ഇൻസ്പെക്ടർക്ക് ഈ പട്ടയ നടപടിയുടെ ഭാഗമായി 1970 ജൂലൈ 29ന് നൽകിയ മൊഴിയിൽ സർവേ 27/1ൽ ഉൾപ്പെട്ട ഭൂമി അദ്ദേഹത്തിന്റെ കൈവശത്തിലും ദേഹദണ്ഡത്തിലും ആണ് എന്ന് രേഖപ്പെടുത്തി. എന്നാൽ പുരവച്ച് കുടുംബസമേതം താമസിക്കുന്നു എന്ന് രേഖപ്പെടുത്തിയിട്ടില്ല. 1971 ഫെബ്രുവരി നാലിനാണ് പുരയിടത്തിന് റെഗുലർ പട്ടയം നൽകിയിരിക്കുന്നത്.

മണിവേലിന് നൽകിയ പട്ടയത്തിന് രാജാക്കാട് വില്ലേജ് ഓഫീസിൽ നിന്ന് 3158-ാം നമ്പരായി തണ്ടപ്പേരും നൽകി. എന്നാൽ ഈ തണ്ടപ്പേരിൽ വില്ലേജിൽ കരം അടച്ചിട്ടില്ല. പിന്നീട് രാജാക്കാട് വില്ലേജ് വിഭജിച്ച് ബൈസൺവാലി വില്ലേജ് രൂപീകരിച്ചത്. 1985 ഫെബ്രുവരി 12ലെ ഉത്തരവുപ്രകാരമാണ്. 1971 ൽ നൽകിയ പട്ടയത്തിന് 1985 വരെ രാജാക്കാട് വില്ലേജിൽ കരം അടച്ചിട്ടില്ല. ബൈസൺവാലി വില്ലേജിൽ ഈ പട്ടയഭൂമിക്ക് 1078 നമ്പരായി തണ്ടപ്പേർ നൽകി. ഈ തണ്ടപേരിൽ 1971-72 കാലം മുതൽ 1993-94 കാലം വരെയുള്ള കരം അടച്ചത് എം. ജയരാജ് ആണ്. 1994- 96 കാലത്തെ കരം അടച്ചതാകട്ടെ തങ്കരാജ് ആണ്. പട്ടയം ലഭിച്ച മണിവേൽ അദ്ദേഹത്തിന്റെ തണ്ടപ്പേരിൽ ഒറ്റത്തവണ പോലും കരം അടച്ചിട്ടില്ല. പട്ടയ കക്ഷിയിൽ നിന്ന് നേരിട്ട് തന്നെ ഈ ഭൂമി അന്യാധീനപ്പെട്ടു. ടി.എം ജോസഫിെൻറ പേരിൽ രണ്ട് ഏക്കർ ഭൂമി 1995 മാർച്ച് ഏഴിന് ബൈസൺ വാലി വില്ലേജിലെ 2822-ാം നമ്പർ തണ്ടപ്പേരിലേക്ക് പോക്കുവരവ് നടത്തി. ഈ ഭൂമി ഉൾപ്പെടെ 1.1736 ഹെക്ടർ ഈ തണ്ടപ്പേരിലുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി.

1964ലെ ഭൂപതിവ് ചട്ട പ്രകാരം പട്ടയം ലഭിച്ച ആൾ കൃഷി, വാസ ​ഗൃഹനിർമാണം എന്നിവയ്ക്ക് പട്ടയ വ്യവസ്ഥ പ്രകാരം ഉപയോഗിക്കണം എന്നാണ്. മണിവേൽ ഒരുതവണ പോലും കരം അടക്കാതെ ഭൂമി അന്യാധീനപ്പെട്ടു. ഇവിടെ പട്ടയ വ്യവസ്ഥകളിൽ പൂർണമായ ലംഘനം നടന്നു. കരം അടയ്ക്കാതെ കിടന്ന മണിവേലിന്റെ പട്ടയ ഭൂമി 1994 ഓഗസ്റ്റ് 17ന് എം. ജയരാജ് 1078 തണ്ടപേരിൽ ബൈസൺവാലി വില്ലേജിൽ കരം അടച്ചത് സംശയാസ്പദമാണ്. ഈ ഭൂമി പിന്നീട് തങ്ക രാജിന്റെ പേരിലേക്കും, ടി എം ജോസഫിന്റെ പേരിലേക്ക് ആധാരം ചമയ്ക്കുന്നതിന് മുന്നോടിയായി ഈ സ്ഥലത്തിന്റെ റവന്യൂ രേഖകൾ സംഘടിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് കരം അടച്ചത്. മണിമേൽ ഒരിക്കൽപോലും കരം കെട്ടിയിട്ടില്ല. അതിനാൽ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സംശയാസ്പദമാണ്.

രാജകുമാരി സബ് രജിസ്റ്റാർ ഓഫീസിലെ 1994 സെപ്റ്റംബർ ഒന്നിലെ തീറാധാരം തങ്കരാജിൻ്റെ (ദേവികുളം താലൂക്കിൽ കണ്ണൻദേവൻ മല വില്ലേജ് ദേവികുളം കച്ചേരി സെറ്റിൽമെൻറ് താമസിക്കുന്ന) പേർക്ക് എഴുതിക്കൊടുത്തത് എം. ജയരാജ് ആണ്. പട്ടയ കക്ഷിയായ മണിവേലിന്റെ കാലശേഷം പിന്തുടർച്ചാവകാശം വഴി ഏക മകനായ തനിക്ക് ലഭിച്ചു എന്നാണ് എഴുതിയിരിക്കുന്നത്. എഴുതിക്കൊടുത്ത കാലത്ത് മണിവേലിന്റെ നിയമാനുസൃതമായി അവകാശി ഉണ്ടായിരുന്നു എന്നോ, മക്കളും മറ്റും ഉണ്ടെങ്കിൽ അവരും മാതാപിതാക്കളും ജീവിച്ചിരുന്നോ എന്നും വ്യക്തമല്ല. തങ്കരാജ് 1995 മാർച്ച് നാലിന് ഭൂമി ജോസഫിനെ കൈമാറി. ഈ കൈമാറ്റങ്ങളുടെ അടിസ്ഥാനത്തിൽ വർഷങ്ങളായി കരം അടവില്ലാതിരുന്ന മണിവേലിന്റെ പേരിലുള്ള 1078 തണ്ടപേരിൽ നിന്നും എം. ജയരാജന്റെ പേരിലേക്കോ തങ്കരാജിന്റെ പേരിലേക്കോ പോക്കുവരവ് നടത്താതെ മണിവേലിന്റെ പേരിൽ നിന്നും നേരിട്ട് ടി.എം ജോസഫിന്റെ 2822 തണ്ടപ്പേരിലേക്ക് 1995 മാർച്ച് ഏഴിന് പോക്ക് വരവ് നടത്തി. ഇത് വളയമില്ലാത്തൊരു ചാട്ടമാണ്. മുൻ ആധാരങ്ങൾ പരിശോധിച്ചും സ്ഥല പരിശോധന നടത്തിയും അവകാശകക്ഷികളെ അവകാശ വിചാരണ നടത്തിയുമാണോ ഇത് ചെയ്തതെന്ന് രേഖകളുടെ അടിസ്ഥാനത്തിൽ തെളിയിക്കാനാവില്ല.

ഈ ഭൂമി ബൈസൺവാലി റീസർവേ ബ്ലോക്ക് നാലിൽ, സർവേ 35ൽ പെട്ട സർക്കാർ പാറ പുറമ്പോക്ക് ഭൂമിയിൽ സ്ഥാപിച്ചെടുത്തു. പിന്നീട് കളം നിറഞ്ഞ് കളിച്ചത് ഉടുമ്പൻചോല താലൂക്ക് സർവേയർ ആർ.ബി വിപിൻ രാജ് ആണ്. 2023 ജൂലൈ 31ന് നിയമവിരുദ്ധമായി ഭൂമിയുടെ സ്കെച്ച് തയ്യാറാക്കി മൈജോ ജോസഫിന് നൽകി. ഈ സ്കെച്ചിന്റെ പിൻബലത്തിലാണ് എല്ലാം നടന്നത്. തണ്ടപ്പേർകക്ഷികൾക്കോ അവരുടെ അനന്തര അവകാശികൾക്കോ ആധാര പ്രകാരമുള്ള സ്ഥലം എവിടെയാണെന്ന് പോലും അറിയില്ലായിരുന്നു. ഈ ഭൂമി സർവേയിലൂടെ സർക്കാർ പുറമ്പോക്ക് ഭൂമിയിൽ അവകാശം സ്ഥാപിച്ചശേഷം ശരവേഗതിയിൽ നിയമവിരുദ്ധ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി.

1970ൽ പട്ടയ നടപടിക്ക് ശേഷം പട്ടയ കക്ഷിയിൽ നിന്നും അന്യാധീനപ്പെട്ട സ്ഥലത്തിന്റെ രേഖകൾ സംഘടിപ്പിച്ച് പട്ടയത്തിൽ നിന്നും കൈമാറ്റ രേഖകൾ ചമച്ച് രേഖകൾ ഉണ്ടാക്കി. അതിന്റെ പിൻബലത്തിൽ ബൈസൺവാലി വില്ലേജിലെ റീസർവേ ബ്ലോക്ക് നാലിൽ സർവേ 35ൽ ഉൾപ്പെട്ട പാറ പുറമ്പോക്ക് ഭൂമിയിൽ അവകാശം സ്ഥാപിക്കുന്നതിൽ അവർ വിജിയിച്ചു. ആരുടെയും അവകാശം സ്ഥാപിച്ചിട്ടില്ലാത്ത, വർഷങ്ങളായി കാടുപിടിച്ച് കിടന്ന വിലപിടിപ്പുള്ള സർക്കാർ പാറ പുറമ്പോക്ക് ഭൂമി കൈയേറി അവകാശം സ്ഥാപിക്കുകയാണ് ചെയ്തത്.

റീസർവ്വേ നടപടികളുമായി ബന്ധപ്പെട്ട് 1972- 76 കാലഘട്ടത്തിൽ തയാറാക്കിയ പ്രദേശത്തിന്റെ ലാൻഡ് രജിസ്റ്ററിൽ പട്ടയം ലഭിച്ചയാളുടെ പേര് ഇല്ല. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആൾക്കാണ് പട്ടയം അനുവദിച്ചത്. ഭൂമിയുടെ ഭൗതിക പൊസിഷൻ ഇവർക്ക് ഒരുകാലത്തും ഇല്ലായിരുന്നു. ഭൂമി പതിച്ചുകിട്ടിയ ആളോ പിന്മുറക്കാരോ കൃഷി ആവശ്യത്തിന് ഉപയോഗിച്ചിരുന്നില്ല. പതിവ് ഉത്തരവിലെ വ്യവസ്ഥ ലംഘിച്ചതിനാൽ പട്ടയം റദ്ദ് ചെയ്ത ഭൂമി സർക്കാരിലേക്ക് വീണ്ടെടുക്കാം.

ചൊക്രമുടി മലയിൽ നിന്നുള്ള കാഴ്ച. കടപ്പാട്:fb

4. ക്രമപ്രകാരമല്ലാതെ നൽകിയ ജ്ഞാനദാസിന്റെ പട്ടയം

ചൊക്രമുടി പട്ടയത്തിലെ നാലാമൻ ജ്ഞാനദാസ് ആണ്. ഇയാൾ 1957 മുതൽ ഈ സ്ഥലത്ത് പ്രവേശിച്ച് കാട് തെളിച്ച് കുറുമ്പുല്ല് കൃഷികളും സ്ഥിര ദേഹണ്ഡങ്ങളും ചെയ്ത് പുര വച്ച് കുടുംബമായി താമസിച്ചു എന്നാണ് മഹസറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചൊക്രമുടി ഭാഗത്ത് അപേക്ഷകൻ പുര വച്ച് താമസിച്ചു എന്നല്ലാതെ അത് എവിടെയാണ് എന്ന് രേഖപ്പെടുത്തിയിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥർ നേരിട്ട് പോയി പരിശോധന നടത്തിയിട്ടും ഇല്ല.

അപേക്ഷകൻ 1958 മുതൽ ഈ സ്ഥലം കൈവശം വച്ചിരുന്നു എന്നാണ് അവകാശപ്പെട്ടത്. മഹസറിലാകട്ടെ 1957 മുതൽ കൈവശം വച്ചിരുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അപേക്ഷകന്റെ അവകാശം സ്ഥിരീകരിക്കാൻ തെളിവുകൾ ഒന്നുമില്ല. പട്ടയ ഫയൽ പരിശോധിച്ചതിൽ 1970 ജൂൺ 12നാണ് ജ്ഞാനദാസ് പട്ടയം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിച്ചത്. എന്നാൽ മഹസറിൽ ഈ ഫയൽ 1970 ജൂൺ 11നാണ്. 1970 ജൂൺ 11ന് തയ്യാറാക്കിയ മഹസറിൽ അപേക്ഷകൻ ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. പട്ടയത്തിലുള്ള അപേക്ഷ ലഭിക്കുന്നതിന് മുമ്പ് തന്നെ അപേക്ഷകന്റെ പേരിൽ പട്ടയം നടപടി സ്വീകരിച്ചത് നിയമാനുസൃതമായ നടപടികളുടെ ലംഘനമാണെന്ന് പരിശോധനയിൽ കണ്ടെത്തി.

1971 ഫെബ്രുവരി നാലിന് 3.94 ഏക്കർ പുരയിടത്തിന് റെഗുലർ പാട്ടയം നൽകി. പട്ടയത്തിനുള്ള ജ്ഞാനദാസിന്റെ അപേക്ഷയിലും റവന്യൂ ഇൻസ്പെക്ടറുടെ മുന്നിൽ നൽകിയ മൊഴിയിലും മഹസറിലും പതിവ് ഉത്തരവിലും ചല്ലാൻ രസീതിലും ജ്ഞാനദാസിന്റെ ഒപ്പ് ഒരേതരത്തിലും പട്ടയത്തിൽ വ്യത്യസ്തവുമായി കാണുന്നു. ജ്ഞാനദാസിന്റെ പട്ടയം (504/70) രാജാക്കാട് വില്ലേജിൽ 3159 തണ്ടപ്പേരിൽ ചേർത്ത് 1981-82 കാലവരെ കരം അടച്ചു പിന്നീട് വില്ലേജ് വിഭജനത്തെ തുടർന്ന് രൂപീകരിച്ച ബൈസൺവാലി വില്ലേജിലെ 1079 നമ്പർ തണ്ടപ്പേർ അക്കൗണ്ട് പ്രകാരം കരം അടച്ചു. ഈ ഭൂമി 1994ൽ പോക്ക് വരവ് ചെയ്ത് ശിവൻ എന്ന ആളിന്റെ തണ്ടപ്പേരിൽ ചേർത്തു. 1995 മാർച്ച് ഏഴിന് മൈജോ ജോസഫിന്റെ പേരിൽ പോക്കുവരവ് ചെയ്ത് 2823 തണ്ടപ്പേരിൽ ചേർത്തു. പിന്നീട് ഈ ഭൂമി മറ്റു പലർക്കും ആയി ആധാരം ചെയ്തു നൽകി.

പട്ടയത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ ഒപ്പും 1994 ഓഗസ്റ്റ് 30ന് രാജകുമാരി സബ് രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തീറാധാരത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒപ്പും വ്യത്യസ്തമാണ്. ഇതിൽ നിന്ന് രണ്ട് രേഖകളും യഥാർത്ഥ കക്ഷികളുടെ പേരിൽ മറ്റാരോ വ്യാജമായി ചമച്ചതാണ് എന്ന് വ്യക്തം. ജ്ഞാനദാസിൽനിന്നും ശിവനിലേക്കും ശിവനിൽനിന്ന് മൈജോ ജോസഫിലേക്കും തീരാധാരം ചെയ്ത ഈ ഭൂമി ബൈസൺവാലി വില്ലേജ് റീസർവേ ബ്ലോക്ക് നാലിൽ സർവേ 35 ൽ പ്പെട്ട സർക്കാർ പാറ പുറമ്പോക്ക് ഭൂമിയാണ്.

താലൂക്ക് സർവേയർ ആർ.ബി വിപിൻ രാജ് 2023 ജൂലൈ 31ന് നിയമവിരുദ്ധമായി തയ്യാറാക്കിയ സ്കെച്ചിന്റെ പിൻബലത്തിലാണ് മൈജോ ജോസഫിന് ഭൂമി ലഭിച്ചത്. ജ്ഞാനദാസിന്റെ പേരിലുള്ള പട്ടയത്തിന്റെ അടിസ്ഥാനത്തിൽ 1994 ആഗസ്റ്റ് 30ന് രാജകുമാരി സബ് രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്ത തീറാധാരത്തിൽ അദ്ദേഹത്തിന്റെ പ്രായം 42 ആണ്. അതുപ്രകാരം അദ്ദേഹം ജനിച്ചത് 1952ൽ ആണ്. പട്ടയ നടപടികളുടെ ഭാഗമായി തയാറാക്കിയ മഹസർ പ്രകാരം ഈ ഭൂമിയിലെ പ്രവേശനത്തിന് 1957 മുതൽ പടക്കം പഴക്കമുണ്ട്. അങ്ങനെയാണെങ്കിൽ അഞ്ച് വയസ് മാത്രം പ്രായമുള്ള ജ്ഞാനദാസ് ഭൂമിയിൽ പ്രവേശിച്ച് കൃഷി ചെയ്ത് സർക്കാർ ഭൂമി കൈവശപ്പെടുത്തി. പട്ടയത്തിന് 1970 ജൂൺ 12ന് അപേക്ഷ സമർപ്പിച്ച കാലയളവിൽ അദ്ദേഹത്തിന് 18 വയസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നിന്നും പട്ടയ നടപടികളുടെ തുടക്കം മുതൽ ക്രമക്കേടുകൾ നടന്നുവെന്ന് വ്യക്തം.

ക്രമപ്രകാരമല്ല ഈ പട്ടയം നൽകിയത്. അതിന്റെ അടിസ്ഥാനത്തിൽ ബൈസൺവാലി വില്ലേജിലെ സർക്കാർ പാറ പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തുകയാണ് ഇവർ ചെയ്തത്. ഈ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കണം എന്നാണ് റിപ്പോർട്ട്. ക്രമപ്രകാരമല്ലാതെ നൽകിയ പട്ടയം നിയമപരമായി നിലനിൽക്കില്ല. വർഷങ്ങളായി കാടുപിടച്ചു കിടന്ന സ്ഥലം കൈയേറി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ കക്ഷികളുടെയും അവർക്ക് സഹായികളായി പ്രവർത്തിച്ചവരുടെയും നടപടി കുറ്റകരവും ശിക്ഷാർഹവും ആണ്. പട്ടയത്തിന്റെ മറവിൽ കൈയേറിയത് ബൈസൺവാലി വില്ലേജിലെ സർക്കാർ പാറ പുറമ്പോക്ക് ഭൂമിയാണ്. ഭൂപതിവ് ഉത്തരവിലെ വ്യവസ്ഥ ലംഘിക്കപ്പെട്ട ഈ പട്ടയം റദ്ദ് ചെയ്ത് ഭൂമി സർക്കാരിലേക്ക് ഏറ്റെടുക്കണമെന്നാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് പറയുന്നത്.

5. വിന്റർ ഗാർഡനും കൈയേറ്റഭൂമിയിൽ

ബൈസൺവാലി വില്ലേജിലെ ബ്ലോക്ക് നാലിൽ റീസർവേ 35ൽ പെട്ട സർക്കാർ പാറ പുറമ്പോക്ക് ഭൂമി കൈയേറി അളന്ന് കൈവശപ്പെടുത്തിയപ്പോൾ ഈ ഭൂമിയിൽ അനധികൃത നിർമാണം ഉള്ളതായി ശ്രദ്ധയിൽപ്പെട്ടു. പരിശോധനയിൽ വിന്റർ ഗാർഡൻ എന്ന റിസോർട്ട് സ്ഥിതി ചെയ്യുന്ന ഭൂമിയും ഈ സർവേ നമ്പറിന്റെ ഭാഗമാണെന്ന് കണ്ടെത്തി. ഈ ഭൂമി കൈവശം വച്ചിരിക്കുന്നത് 274/1 എന്ന സർവേ നമ്പറിലെ പട്ടയത്തിന്റെ (എൽ.എ 926/69) മറവിലാണ്. പട്ടയ പ്രകാരം ഈ സർവേ നമ്പരിലെ ഭൂമി സ്ഥിതിചെയ്യുന്നത് വില്ലേജിന്റെ പടിഞ്ഞാറെ അതിർത്തിയിലാണ്. സർവേ 274/1 ലെ ഭൂമി ഭൂമിയാകട്ടെ 3049.39 ഏക്കർ സർക്കാർ പുറമ്പോക്കിലാണ്.

ഉടുമ്പൻ ചോല താലൂക്കിലെ 926/69 നമ്പർ പട്ടയ ഫയൽ പ്രകാരം ചൊക്രമുടി, വാഴയിൽ മേരിക്കുട്ടി വർഗീസിന് രാജാക്കാട് വില്ലേജിലെ സർവേ 274/1 ൽ പ്പെട്ട 1.05 ഏക്കർ പുരയിടത്തിന് പട്ടയം നൽകിയിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട മഹസർ, സ്കെച്ച്, പട്ടയത്തിന്റെ ഓഫിസ് കോപ്പി എന്നിവയുടെ പകർപ്പുകൾ ഫയലിൽ ഇല്ല. അക്കാലത്തെ പട്ടയ ഫയലുകളിൽ കാണുന്ന റവന്യൂ ഇൻസ്പെക്ടർ മുൻപാകെ അപേക്ഷകൻ നൽകുന്ന പ്രസ്താവനയും കാണാനില്ല. എന്നാൽ മൈജോ ജോസഫ് എന്നയാൾ ടി.എം ജോസഫിന്റേത് ഉൾപ്പെടെയുള്ള സ്ഥലം അതിർത്തി നിർണയിച്ച് കിട്ടുന്നതിനുവേണ്ടി സമർപ്പിച്ച അപേക്ഷയോടൊപ്പം 926/69 പട്ടയത്തിന്റെ പകർപ്പും ഹാജരാക്കി. മൈജോ ജോസഫ് 2016ൽ ഈ സ്ഥലം അളക്കുന്നതിന് നൽകിയ അപേക്ഷയോടൊപ്പം പട്ടയത്തിന്റെ സ്കെച്ച് ഉൾപ്പെടുന്ന മഹസറിന്റെ ആദ്യ പേജ് ഹാജരാക്കി. ഈ മഹസറിൽ പറയുന്ന തിരുവല്ല താലൂക്കിൽ കല്ലൂപ്പാറ വില്ലേജിൽ പുതുശ്ശേരി കരയിൽ നിന്നും ഉടുമ്പൻചോല താലൂക്കിൽ രാജാക്കാട് വില്ലേജിൽ താമസിക്കുന്ന വാഴയിൽ വീട്ടിൽ മേരിക്കുട്ടി വർഗീസ് ബോധിപ്പിക്കുന്ന അപേക്ഷയിൽ 1969 സെപ്റ്റംബർ (തീയതി വ്യക്തമല്ല) മഹസർ തയ്യാറാക്കിയിരുന്നു. ഈ മഹസറിന്റെ പൂർണരൂപം ലഭ്യമല്ല. ഈ സ്ഥലം സി.എച്ച്.ആർ പുറമ്പോക്ക് ആണെന്നും സർവേ 274 /1ൽ പെട്ടതാണ് എന്നും മഹസറിൽ കാണുന്നു.

ചൊക്രമുടിയിലെ അനധികൃത നിർമ്മാണം. കടപ്പാട്:thehindu

ഈ പട്ടയ ഫയലിൽ മഹസർ പൂർണ്ണ രൂപത്തിൽ ലഭ്യമല്ലാത്തതിനാൽ തന്നെ സ്ഥലത്തിന്റെ മറ്റ് വിവരങ്ങൾ ലഭ്യമല്ല. സർവേ രേഖകൾ വച്ച് പരിശോധിച്ചാൽ സർവേ നമ്പർ 274/1 സ്ഥിതി ചെയ്യുന്നത് ബൈസൺവാലി വില്ലേജിൽ പടിഞ്ഞാറെ അതിർത്തിയിലാണ്. അതാകട്ടെ സർക്കാർ പുറമ്പോക്കുമാണ്. എന്നാൽ 926/69 നമ്പർ പട്ടയത്തിൽ നിന്നും ചമച്ച രാജകുമാരി സബ് രജിസ്റ്റർ ഓഫീസിലെ 1996 ഒക്ടോബർ മൂന്നിലെ തീറാധാര പ്രകാരം ടി.എം ജോസഫിന് രണ്ട് ഏക്കറിന് അവകാശം സിദ്ധിച്ചതായി പറഞ്ഞ് കൈയേറി കൈവശം വെച്ച് നിർമ്മാണം നടത്തിയിരിക്കുന്ന ഭൂമി സർവേ നമ്പർ 27/1ൽ ഉൾപ്പെട്ടതും റീസർവ്വേ ബ്ലോക്ക് നാലിൽ സർവേ 35 ഉൾപ്പെട്ടതുമായ 354.5900 ഹെക്ടർ വിസ്തീർണ്ണം വരുന്ന സർക്കാർ പാറ പുറമ്പോക്ക് ഭൂമിയിലാണ്. മേരിക്കുട്ടിയുടെ പട്ടയത്തിന്റെ പകർപ്പ് 2017 ഏപ്രിൽ 12ന് വിവരാവകാശ നിയമപ്രകാരം എടുത്തിട്ടുണ്ട്. ഇതിനുശേഷമാണ് താലൂക്ക് ഓഫീസിലെ പട്ടയ ഫയലിൽ നിന്നും പട്ടയത്തിന്റെ ഓഫീസ് പകർപ്പ് അപ്രത്യക്ഷമായത്. പട്ടയ ഫയലിലെ മഹസർ പകർപ്പ് വിവരാവകാശ നിയമപ്രകാരം എടുത്തുശേഷം രേഖകൾ ഓഫീസിൽ നിന്നും മോഷ്ടിച്ചതാണെന്നതിൽ സംശയമില്ല.

എൽ.എ 926/69 നമ്പർ പട്ടയത്തിലെ മഹസറിന്റെ പൂർണരൂപവും പതിവ് ലിസ്റ്റും ലഭ്യമല്ലാത്തതിനാൽ കലക്ടർ അംഗീകരിച്ച പദവി ലിസ്റ്റിൽ ഉൾപ്പെട്ട സ്ഥലമാണ് ഇതുമായി ബന്ധപ്പെട്ട് പതിച്ചുനൽകിയതെന്ന് വ്യക്തമല്ല. അടിസ്ഥാന നികുതി രജിസ്റ്റർ പ്രകാരം ബൈസൺവാലി വില്ലേജിലെ സർവേ 274 ൽപ്പെട്ട ഭൂമി 3049.39 ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമിയാണ്. ഈ പട്ടയത്തിന്റെ അടിസ്ഥാനത്തിൽ രാജാക്കാട് വില്ലേജിലെ 3047 നമ്പരായി മേരിക്കുട്ടി വർഗീസിന്റെ തണ്ടപ്പേരിലുള്ള ഭൂമി (പിന്നീട് 1985 ഫെബ്രുവരി 12ന് സർക്കാർ വിജ്ഞാപനത്തിലൂടെ രാജാക്കാട് വില്ലേജ് വിഭജിച്ചു) ബൈസൺ വാലി വില്ലേജിൽ 1037 നമ്പരായി മേരിക്കുട്ടി വർഗീസ് 274/1 ൽ ഉൾപ്പെട്ട 1.05 ഏക്കർ പുരയിടത്തിന് പോക്കുവരവ് നടത്തി. മേരിക്കുട്ടിയിൽ നിന്ന് എഴുതി വാങ്ങിയ സർവേ നമ്പർ 274 /1ലെ 90 സെന്റ് ഭൂമി രാജകുമാരി സബ് രജിസ്റ്റർ ഓഫീസിലെ 1996 ഒക്ടോബർ മൂന്നിലെ തീറാധാരത്തിന്റെ പിൻബലത്തിലാണ് വില്ലേജിലെ ബ്ലോക്ക് നാലിൽ റീസർവ് 36 ൽ ഉൾപ്പെട്ട പുറമ്പോക്ക് ഭൂമി കൈയേറിയത്. ഈ ഭൂമി അളന്ന് കൈവശപ്പെടുത്തി അവകാശം സ്ഥാപിച്ചു. ഈ ഭൂമിയിൽ അനധികൃത നിർമ്മാണം നടത്തിയ ടി.എം ജോസഫിന്റെ അനന്തരാവകാശികളുടെ നടപടി ഗുരുതരമായ നിയമലംഘനമാണെന്ന് റിപ്പോർട്ട് പറയുന്നു.

പട്ടയ ഫയലിൽ സൂക്ഷിച്ചിരുന്ന ചെല്ലാൻ രസീതിലും പതിവ് ഉത്തരവിലും മേരിക്കുട്ടി ഇട്ട ഒപ്പുകളും രാജകുമാരി സബ് രജിസ്റ്റർ ഓഫീസിൽ 1996 ലെ തീറാധാരത്തിലെ ഒപ്പും തമ്മിൽ വ്യത്യാസമുണ്ട്. യഥാർത്ഥ ആൾ തന്നെയാണോ ആധാരം ചമച്ചിട്ടുള്ളത് എന്നത് സംശയാസ്പദമാണ്. എൽ.എ 926/69 നമ്പർ പട്ടയത്തിന്റെ രജിസ്റ്റർ പരിശോധനയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. പട്ടയം നൽകുന്ന ഓഫീസിൽ സൂക്ഷിക്കേണ്ട പട്ടയുമായി നേരിട്ട് ബന്ധപ്പെട്ട അപേക്ഷ രജിസ്റ്റർ, പതിവ് ഉത്തരവ്, രജിസ്റ്റർ, പട്ടയം നൽകുന്ന രജിസ്റ്റർ എന്നിവയൊന്നും ഈ പട്ടയവുമായി ബന്ധപ്പെട്ട് താലൂക്കിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല,

ടി.എം ജോസഫ് 2007 ൽ മരണപ്പെട്ടു. അദ്ദേഹത്തിെന്റെ നിയമാനുസൃത അനന്തരാവകാശികൾ ഭാര്യ റീത്ത, മകൻ മൈജോ, മകൾ റോമി, മകൾ ലിങ്ക എന്നീ നാല് പേരാണെന്ന് മൈലാപ്പൂർ തഹസീദാർ അവകാശ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. ടി.എം ജോസഫിന്റെ മരണശേഷം മകൻ മൈജോ ജോസഫിന്റെ 2018 ഏപ്രിൽ 10ലെ അപേക്ഷയിൽ ടി.എം ജോസഫിന്റെ പേരുള്ള ബൈസൺവാലി വില്ലേജിലെ 2822-ാം നമ്പർ തണ്ടപ്പേരിൽ കൊണ്ട് കിടക്കുന്ന സർവേ നമ്പർ 274/1 ൽപ്പെട്ട 36.42 ആർ ഭൂമിക്ക് താലൂക്കിലെ 2023 ഏപ്രിൽ 15ലെ ഫയൽ പ്രകാരം ഫെഡറൽ ബാങ്കിന്റെ പെരുമ്പാവൂർ ശാഖയിൽ ഹാജരാക്കുന്നതിന് നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു. ടി.എം ജോസഫിന്റെ മരണശേഷം അപേക്ഷയിൽ മറ്റുള്ള അവകാശികൾ ചേരാതിരുന്നത് എന്തുകൊണ്ടാണെന്നതിന് ഉത്തരമില്ല. (തുടരും).

Also Read

17 minutes read February 12, 2025 2:21 pm