Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
പ്രകൃതിയിലേക്ക് തിരിച്ചുവെച്ച കണ്ണാടിയാണ് കലയെന്നത് വളരെ പഴയ ദർശനങ്ങളിലൊന്നാണ്. അരിസ്റ്റോട്ടിൽ മുന്നോട്ടുവെച്ച ഈ ദർശനത്തിൽ പിന്നീട് പലതരം കൂട്ടിച്ചേർക്കലുകൾ വന്നിട്ടുണ്ട് എന്നല്ലാതെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. മനുഷ്യനും അവൻ നേരിടുന്ന പലതരം പ്രശ്‌നങ്ങൾക്കുമിടയിൽ പ്രകൃതി ഇപ്പോഴും കലയുടെ പ്രാഥമിക പ്രമേയ പരിസരവും പ്രചോദനവും തന്നെയാണ്. എന്താണ് പ്രകൃതി എന്ന ചോദ്യത്തിന് ഞാൻ തന്നെയാണ് പ്രകൃതിയെന്ന് ഓരോരുത്തർക്കും പറയാനാവും. നമ്മളിൽ നിന്ന് പ്രകൃതിയെ എടുത്ത് മാറ്റിയാൽ പിന്നെന്തുണ്ട്? ‘അവൻ ഒരു ഓക്കുമരത്തെപ്പോലെ വളർന്നു’ എന്നാണ് ഗുസ്താവ് ഫ്‌ളോബർട്ട് എഴുതുന്നത്. അങ്ങനെയാണ്, നമ്മൾ ഓക്കുമരത്തെപ്പോലെ വളരുകയും വാഴത്തണ്ടുപോലെ തളരുകയും ചെയ്യും. മനുഷ്യനെ വർണ്ണിക്കുന്നതിനും ആന്തരികാവസ്ഥകളെ അടയാളപ്പെടുത്തുന്നതിനും പ്രകൃതി തന്നെയാണ് ഇപ്പോഴും ആശ്രയം. ആ പ്രകൃതി, അതായത് ഈ നമ്മളും കൂടി ചേർന്ന ആ ആവാസവ്യവസ്ഥ ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. നമ്മൾ നട്ടുവളർത്തിയ നാശത്തിന്റെ വിത്തുകൾ ഫലങ്ങളായിരിക്കുന്നു. രുചി തിരിച്ചറിയാനാവാത്ത ആ ഫലങ്ങൾക്ക് നമ്മുടെ അതിജീവിനത്തിന്റെ കാഠിന്യമാണ്. അതിജീവനം അത്ര വേഗം സാധ്യമാണോ എന്നൊരു ചോദ്യമാണ് എവിടെയും ഉയരുന്നത്. കലയിലും ഈ ചോദ്യം ഉയരുന്നുണ്ട്. മനുഷ്യന്റെ സ്വഭാവിക പരിസ്ഥിതികളിൽ ഉയരുന്ന ചോദ്യങ്ങൾ കലയിലും ഉയരുന്ന ചോദ്യങ്ങളാണ്.
പരിസ്ഥിതിക്ക് കോട്ടം വരാത്തവിധമുള്ള കലാപ്രവർത്തനങ്ങൾ ആധുനികതയുടെ ഭാഗമായിതന്നെ ഉണ്ട്. ആൻഡി ഗോൾഡ്ത്ത്‌വർത്തി അടക്കമുള്ള കലാകാരന്മാരുടെ സൃഷ്ടികളെ പ്രകൃതിയിൽ നടത്തുന്ന കാവ്യാത്മക പ്രവർത്തനങ്ങളായിട്ടാണ് ഇപ്പോൾ മനസിലാക്കുന്നത്. പ്രകൃതിയിൽനിന്ന് ശേഖരിക്കുന്ന വസ്തുക്കൾ, കല്ലോ, പുഴയുടെ ഒഴുക്കിൽ ദ്രവിച്ചടർന്ന മരക്കഷണങ്ങളോ പൂക്കളോ ഇലകളോ ഒക്കെതന്നെ കലാസൃഷ്ടിയുടെ ഭാഗമാകുന്നു. ഒരു പ്രദേശവും ആ പ്രദേശത്തിന്റെ നിധികളെന്ന് വിശേഷിപ്പിക്കാവുന്ന ‘പ്രകൃതി’യും കലാവസ്തുക്കളാകുന്നു. പ്രകൃതിയിലാണ് ഗോൾഡ്‌വർത്തിയുടെയും മറ്റും കലയുടെ പ്രതിഷ്ഠാപനം നടന്നത്. പ്രകൃതിയിൽനിന്ന് സംഭവിക്കുന്ന കല പ്രകൃതിയോട് ചേരുന്നു എന്ന വിധത്തിലായിരുന്നു അതിന്റെ വിന്യാസങ്ങൾ. പ്രകൃതി തന്നെയായിരുന്നു ആ സൃഷ്ടികളുടെ സ്റ്റുഡിയോയും ഗ്യാലറിയും.
പ്രകൃതി എന്ന വാക്കിൽനിന്ന് കാലാവസ്ഥാ വ്യതിയാനം എന്ന പ്രതിഭാസത്തിലേക്കെത്തുമ്പോൾ കാര്യങ്ങൾ ആകെ കുഴമറിഞ്ഞ സ്ഥിതിയാണ്. അത്യുഷ്ണവും അതിവർഷവും എന്നതാണവസ്ഥ. നൂൽമഴയും ഡിസംബർ കുളിരും മാറി മേഘസ്‌ഫോടനവും പ്രളയവും എന്ന നിലയിലാണ് ലോകമൊട്ടാകെ കാര്യങ്ങൾ. എപ്പോൾ വേണമെങ്കിലും പ്രളയമുണ്ടാകാം എന്ന വിധത്തിൽ കാര്യങ്ങൾ മാറുമ്പോൾ, ബാംഗ്ലൂരിലെ വിപ്രോ ടെക്കികളിട്ട ഒരു ട്രോളിൽ പറയുന്നത് പോലെ, ‘ഐ.ടി മാത്രമറിഞ്ഞാൽ പോരാ നീന്തലും പഠിച്ചാലെ ഇനി നഗരങ്ങളിരുന്ന് ജോലി ചെയ്യാനാകൂ’. ഈ കാലത്തെ എങ്ങനെയാണ് കല അടയാളപ്പെടുന്നത് എന്ന ചോദ്യം നിർണ്ണായകമാണ്. കാലാവസ്ഥാ വ്യതിയാനം വരുത്തുന്ന, മനുഷ്യസമൂഹത്തിൽ സൃഷ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള സൃഷ്ടികൾ ലോകകലയുടെ സമകാലിക വിഷയം തന്നെയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ അടരുകളെ പല കോണുകളിൽ നിന്ന് കാണുന്ന തരത്തിലാണ് ഭൂരിപക്ഷം സൃഷ്ടികളും. കഴിഞ്ഞ ബിനാലെയിലെ ചുരുക്കം ചില സൃഷ്ടികളിലെങ്കിലും കാലാവസ്ഥാ വ്യതിയാനം ഒരു വിഷയം തന്നെയായിരുന്നു.
കാലാവസ്ഥാ വ്യതിയാന കാലത്തെ കല ഇടം നഷ്ടപ്പെടുന്നതിനെക്കുറിച്ച് കൂടിയാണ് സംസാരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കടലോരങ്ങളിലും കാടോരങ്ങളിലും താമസിക്കുന്ന മനുഷ്യരുടെ ഇടമാണ് ആദ്യം കവർന്നെടുക്കുന്നത്. ഭൂമിയുടെ ഓരങ്ങളിലാണ്, ദൗർബല്യങ്ങളിലാണ് പ്രളയവും പേമാരിയും ആദ്യം സ്പർശിക്കുക. അവിടെ താമസിക്കുന്ന ആളുകളാണ് അതിന്റെ ദുരിതം പേറുന്നത്. ഭൂമിയുടെ ഓരങ്ങളിൽ അതിസാധാരണക്കാരാണ്, ഒഡീഷയിലെയും ചെല്ലാനത്തെയും മുക്കുവ സമൂഹമാണ്, ആസാമിലെ കർഷകരാണ്, ബംഗ്ലാദേശിലെ കാടോരവാസികളാണ്. ഇവരാണ്, ഇവരെപ്പോലുള്ളവരാണ് ഈ വ്യതിയാനത്തിന്റെ ആദ്യ ഇരകൾ. കല കാലത്തിന്റെയും കൂടി സൃഷ്ടിയെന്ന അർത്ഥത്തിൽ, അത്രമേൽ ആഴത്തിലാണ് ഇപ്പോഴത്തെ കല കാലാവസ്ഥാ വ്യതിയാനത്തിന്റെ വൈചിത്ര്യങ്ങൾ അവതരിപ്പിക്കുന്നത്. അതെങ്ങനെയാണ് ഭൂമിയെ മാറ്റിമറിച്ചത് എന്നതിനെക്കാൾ അതെങ്ങനെയാണ് മനുഷ്യരെ ബാധിക്കുന്നത് എന്ന കാഴ്ചാപരിസരമാണ് കാലാവസ്ഥാ വ്യതിയാന കാലത്തെ കല മുന്നോട്ടുവയ്ക്കുന്നത്. ഇൻസ്റ്റലേഷന്റെ സാധ്യതകളാണ് ഈ വിഷയം അവതരിപ്പിക്കാൻ പല കലാകാരന്മാരും കലാകാര കൂട്ടായ്മകളും ഉപയോഗിക്കുന്നത്.
പരിബർത്തന മുഹന്തി (Paribartana Mohanty) എന്ന ഒഡീഷ-ന്യൂ ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കലാകാരന്റെ ‘ഒരു വിധിയുടെ ചെറിയ ഓർമ്മക്കുറിപ്പ്’ (A Fate’s Brief Memoir) എന്ന കൃതി, ഒഡീഷയിലെ പൊടാംപേട്ടയിലെ നോളിയാസ് എന്ന മത്സ്യത്തൊഴിലാളി വർഗ്ഗത്തിന്റെ വിധി പിന്തുടരുകയാണ്. എങ്ങനെയാണ് കാലാവസ്ഥാ വ്യതിയാനം ഇന്ത്യയുടെ ഒരു തീരപ്രദേശത്ത് ജീവിക്കുന്ന ഒരു സമൂഹത്തെ നിതാന്തമായി പിന്തുടരുന്നതെന്ന് ഈ പദ്ധതി വ്യക്തമാക്കുന്നു. ചിത്രങ്ങളും വീഡിയോകളുമാണ് പ്രമേയത്തെ പിന്തുടരുന്നതും അവതരിപ്പിക്കുന്നതും. കാലാവസ്ഥാ വ്യതിയാനത്താൽ വേട്ടയാടപ്പെടുന്ന സമൂഹങ്ങളുടെ പ്രതിനിധികളാണ് ഇതിലെ നോളിയാസ് സമൂഹം. ഇങ്ങനെ ഒട്ടനവധി മനുഷ്യ സമൂഹങ്ങൾ ആരുടെയും ശ്രദ്ധ കിട്ടാതെ നമ്മുടെ തന്നെ ജീവിതത്തിന്റെ പാർശ്വപ്രതലങ്ങളിലൂടെ പലായനം ചെയ്യുന്നുണ്ട്. മറ്റ് തിരക്കുകളാൽ നമ്മളത് കാണുന്നുണ്ടാവില്ല എന്നെയുള്ളൂ. ഈ പാർശ്വപ്രതലങ്ങളെ അവിടെ ദുരിതംപേറി ജീവിക്കുന്ന ഒരു സമൂഹത്തെ അവതരിപ്പിക്കുകയാണ് ‘കാലാവസ്ഥ വ്യതിയാന’ കാലത്തെ ഒരു ദൗത്യം. അത് ഭംഗിയായി നിർവഹിക്കുന്നു പരിബർത്തന മൊഹന്തി.
തുടർച്ചയായുള്ള കടൽക്ഷോഭങ്ങളാൽ സ്വന്തമിടങ്ങൾ വിട്ട് താത്കാലിക രക്ഷാകേന്ദ്രങ്ങളിലേക്കും ജോലി തേടി അന്യസംസ്ഥാനങ്ങളിലേക്കും തള്ളിവിടപ്പെട്ടവരാണ് നോളിയാസ് സമൂഹം. ഭൂമിയുടെ ഓരപ്രദേശങ്ങൾ തീർത്തും ദുർബലമാണെന്ന് ഇവരുടെ പ്രയാണം ഓർമ്മപ്പെടുത്തുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം ഭൂമിയുടെ ഓരങ്ങളെ തൊട്ടും തലോടിയും തുടങ്ങിക്കഴിഞ്ഞു. മേഘസ്‌ഫോടനങ്ങൾ നഗരങ്ങളെ വളഞ്ഞിട്ട് പിടിച്ചാണ് ആക്രമിക്കുന്നത്. ഒറ്റമണിക്കൂർ മഴയിൽ പ്രളയമെന്നൊക്കെ പറയുമ്പോൾ ഹോളിവുഡ് പടമാണെന്ന് തോന്നും. പല തവണയായ പലായനം നിമിത്തം അപ്രത്യക്ഷരായ നോളിയാസ് സമൂഹത്തെ കണ്ടെത്താനും നിരീക്ഷിക്കാനുമുള്ള ശ്രമമാണ് ഈ പ്രോജക്ടിലൂടെ പരിബർത്തന നടത്തുന്നത്. കാലാവസ്ഥാ പ്രവാസികളായി മാറിയ ഈ സമൂഹം എന്ത് സന്ദേശമാണ് മാനവരാശിക്ക് നൽകുന്നത്? നമ്മുടെയൊക്കെ സ്വസ്ഥതകളിലേക്കും കൂടി കാലാവസ്ഥാ വ്യതിയാനം കടന്നുവരുന്നുണ്ട് എന്ന് തന്നെയാണ്. നോളിയാസ് സമൂഹം അവശേഷിപ്പിച്ചിട്ടുള്ള അടയാളങ്ങളിലൂടെയാണ് പഠനം മുന്നോട്ടുപോകുന്നത്.
പട്ടികവർഗ്ഗമായ പാർശ്വവത്കരിക്കപ്പെട്ട ഈ മത്സ്യത്തൊഴിലാളി സമൂഹത്തിന് സ്വന്തം വീട് എന്നത് തരം താഴ്ന്ന താത്ക്കാലിക കല്പനയായി മാറിയത് എപ്പോഴും അലഞ്ഞുതിരിഞ്ഞു നടക്കേണ്ട വിധിയാലാണ്. ഇപ്പോഴവരുടെ അസ്തിത്വം സ്ഥാനാന്തരമാണ്. ദുരന്തമുഖത്തുനിന്നും രക്ഷാകേന്ദ്രങ്ങളിലേക്കുള്ള മാറ്റം, പിന്നീട് താത്കാലിക താമസ സ്ഥലങ്ങൾ, എന്നിങ്ങനെ മാറിക്കൊണ്ടേയിരിക്കുന്നു. ഇടം നഷ്ടമായുള്ള അലച്ചിൽ മനുഷ്യനെ തകർത്ത് കളയുന്ന അലച്ചിലാണ്. ജീവിതത്തിന്റെ അസ്ഥിരത അവരെ പലയിടങ്ങളിലേക്ക് പറിച്ചുമാറ്റുന്നു. മുന്നോട്ടും പിന്നോട്ടുമുള്ള നിരന്തര പ്രയാണങ്ങൾ അവരെ അരക്ഷിതരും ദുഃഖിതരുമാക്കുന്നുണ്ട്. ദുരന്തത്തിന് മുമ്പും അതിനുശേഷവുമുള്ള ദൃശ്യങ്ങൾ അടുത്തടുത്തായി പ്രതിഷ്ഠിച്ചുകൊണ്ട് ഈ ദുരന്തകഥയെ ശക്തമായ ദൃശ്യപ്രതിനിധാനമാക്കി മാറ്റാൻ പരിബർത്തന മൊഹന്തിക്ക് കഴിഞ്ഞു. ലെന്റികുളാർ പ്രിന്റിങ്ങ് സാധ്യത കൂടി ഉപയോഗിച്ചതോടെ, ഒരു പ്രദേശത്ത് നിന്ന് അദൃശ്യരാകുന്ന മനുഷ്യരെ ആഴത്തിൽ അടയാളപ്പെടുത്താനും കലാകാരന് സാധിച്ചിട്ടുണ്ട്. അദൃശ്യരായവർക്ക് അദൃശ്യയുടെ അടയാളം നൽകി കലാ പദ്ധതിയ്ക്ക് അങ്ങേയറ്റം ദൃശ്യത നൽകി.
ആസാം കേന്ദ്രീകരിച്ച് രണ്ടായിരത്തി പത്ത് മുതൽ പ്രവർത്തനമരംഭിച്ച അംഗ ആർട്ട് കളക്ടീവ് (Anga Art Collective) എന്ന കലാകാര സംഘത്തിന്റെ ‘ഖാൽ ഗവോൺ’ (Khaal Gaon) എന്ന സൃഷ്ടി ബ്രഹ്‌മപുത്ര നദിക്കരയിലെ കർഷക പ്രശ്‌നങ്ങളാണ് ദൃശ്യവത്കരിക്കുന്നത്. വർഷാവർഷം കരകവിഞ്ഞൊഴുകുന്ന ബ്രഹ്‌മപുത്ര നിരവധി ഗ്രാമങ്ങളും കൂടി ഇല്ലാതാക്കുന്നുണ്ട്. അങ്ങനെ ഇല്ലാതായിപ്പോയ ഗ്രാമങ്ങളുടെ കഥകളും ആവിഷ്‌കാരങ്ങളും തേടിയുള്ള അംഗ ആർട്ട് കളക്ടീവിന്റെ ശ്രമങ്ങളുടെ, ഇപ്പോൾ എത്തിനിൽക്കുന്ന അവസ്ഥയുടെ പ്രദർശനമാണ് കിരൺ നാടാർ മ്യൂസിയം ഓഫ് ആർട്ടിലെ പ്രദർശനത്തിൽ ഉള്ളത്. അപ്രത്യക്ഷമായ ഗ്രാമങ്ങളുടെ കഥകളെയും കെട്ടുകഥകളെയും രുചികളെയും സംഗീതത്തെയും മുഴക്കങ്ങളെയും കടങ്കഥകളെയും കുട്ടികളികളെയും മുതൽ നാടോടി പാട്ടിനെ വരെ എത്തിച്ചിട്ടുണ്ട് ഈ പ്രദർശനത്തിൽ. ഗ്രാമം ജീവിയാണെന്ന പ്രതീതിയാണ് ഈ സൃഷ്ടിയിലൂടെ കടന്നുപോകുമ്പോൾ തോന്നുക. അതിൽ സംഗീതവും നൃത്തവുമുണ്ട്. കുട്ടികളും മുതിർന്നവരുമുണ്ട്. അവരുടെതായ പാട്ടുകളും കഥകളുമുണ്ട്. കൊയ്ത്തിന്റെയും വിതയുടെയും വൈകുന്നേരങ്ങളുണ്ട്. മീനും ഉണക്കമുളകും വിത്തും കൈക്കോട്ടുമൊക്കെയായി ഖാൽ ഗാവോൺ ഒരു ഗ്രാമത്തെ ഒന്നാകെ അണി നിരത്തുന്നു. മുളയിൽ തീർത്ത പ്രദർശനാലയത്തിൽ മുളയുടെ തന്നെ ഇരിപ്പിടങ്ങളും കളിപ്പാട്ടങ്ങളും അറകളുള്ള മുളകളും അതിൽ വിത്തുകളുമൊക്കെയായി ഒരു നാടോടിക്കഥ പോലെയാണ് ഖാൽ ഗവോൺ വർത്തിക്കുന്നത്.
വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളെ പൊതുവായും ആസാമിനെ പ്രത്യേകമായും തങ്ങളുടെ പരീക്ഷണ-നിരീക്ഷണ-പഠന പ്രക്രിയകളുടെ ഭാഗമാക്കിയ കലാകാര സംഘമാണ് അംഗ ആർട്ട് കളക്ടീവ്. നഷ്ടപ്പെട്ട് പോയ ഗ്രാമങ്ങളെയും അതിന്റെ സംസ്‌കൃതികളെയും തേടിയുള്ള യാത്രയിലാണ് അംഗ ആർട്ട് കളക്ടീവ്. തുടർന്നുകൊണ്ടിരിക്കുന്ന ആ പഠന പ്രക്രിയയിലെ ഒരു ഭാഗമാണ് കിരൺ നാടാർ മ്യൂസിയത്തിലെ പ്രദർശനത്തിലുള്ളത്. മുമ്പ് ധാക്കയിൽ നടന്ന പ്രദർശനത്തിൽ വെച്ച ഒരു സൃഷ്ടിയുടെ പുനരവതരണമാണ് ഇത്. ഒരു നദിയുടെ വെള്ളത്തിന്റെ കയറ്റിറക്കങ്ങളാണ് നദിക്കരയിലെ ജീവിതങ്ങളെ നിർണ്ണയിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നത്. നദി അത്രമേൽ അവരെ തൊട്ടുരുമ്മിയാണ് കടന്നുപോകുന്നത്. നദിയോട് അത്രമേൽ ചേർന്നാണ് അവരുടെ ജീവിതങ്ങൾ ഒഴുകുന്നത്. ഒരുവേള നദിയിലൊഴുകുന്ന തോണികളെന്ന ഉപമയും യോജിക്കും അവരുടെ ജീവിതങ്ങൾക്ക്.
എത്രയെത്ര കർഷകഗ്രാമങ്ങളാണ് ഓരോ വർഷവും ബ്രഹ്‌മപുത്ര കവർന്നെടുക്കുന്നത്. വർഷാവർഷം കവർന്നെടുക്കുന്ന ഗ്രാമങ്ങളെ ദേവിക്കുള്ള നിവേദ്യം പോലെ കണ്ടുതുടങ്ങിയിട്ടുണ്ട് ആസാമിലെ കർഷകർ. അതിൽ പരിഭവിക്കുകയല്ല, മറ്റൊരു ഗ്രാമം പടുത്തുയർത്തുകയാണവർ. ഈ കലാസൃഷ്ടി കാഴ്ചക്കാരന്റെ സജീവമായ ഇടപെടലും ആവശ്യപ്പെടുന്നുണ്ട്. ഉരുട്ടാവുന്ന വണ്ടികളും നിവർത്തിക്കാണാവുന്ന ചിത്രപുസ്തകങ്ങളും തുറന്ന് നോക്കുവുന്ന മുളപ്പെട്ടികളുമൊക്കെയായി സജീവമായ ഒരു ഗ്രാമദൃശ്യമായി ഖാൽ ഗാവോൺ മാറുന്നുണ്ട്. മുളയാണ് കലാസൃഷ്ടിയുടെ ആത്മാവ്. മുള എന്ന വസ്തുവിനെ ഗ്രാമത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ ആവാസവ്യവസ്ഥയായി മാറ്റുന്നുണ്ട്. മുളന്തണ്ടിനാൽ പാടാവുന്ന ഒരു പാട്ടാണ് നഷ്ടപ്പെട്ടുപോയ ഗ്രാമങ്ങളെന്ന തിരിച്ചറിവാണ് ഈ പ്രദർശനത്തിന്റെ കരുത്ത്.
മുളയിലാണ് ഈ പദ്ധതി പടുത്തുയർത്തിയത്. കാഴ്ചക്കാരന്റെ ഇടപെടലും കൂടി നടക്കുന്നതോടെ പൂർത്തിയാകുന്ന വിധത്തിലാണ് കലാസൃഷ്ടിയുടെ വിന്യാസം. മുളയുടെ അടപ്പൊന്ന് മാറ്റിയാലാവും അതിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന വിത്തോ മീനോ ഉണക്കമുളകോ കാണുക. കാഴ്ചയിൽ ഒളിപ്പിച്ച് വെച്ചതും കൂടി പരിഗണിച്ച് മാത്രമേ ഈ ഗ്രാമ്യാഖ്യാനത്തെ പൂർണ്ണാർത്ഥത്തിൽ ഗ്രഹിക്കാനാകൂ. ഓരോ മുക്കിലും ഗ്രാമ്യജീവിതം തുടിക്കുന്നു, ഓരോ തിരിവിലും ഗ്രാമം അതിന്റെ സൗന്ദര്യം വെളിപ്പെടുത്തുന്നു. നെൽവിത്തുകൾ മുളിപ്പിച്ചെടുത്ത് വളർത്തിയെടുത്ത മീനിന്റെ രൂപം, അതൊരുക്കുന്നതിന്റെ വീഡിയോ ചിത്രത്തിലൂടെ അനുഭവവേദ്യമാക്കുന്നുണ്ട് ഈ പ്രോജക്ട്. എത്രമേൽ ഗ്രാമ്യമാണ് മീനിനോടും നെൽവിത്തുകളോടുമുള്ള മനുഷ്യരുടെ അനുരാഗമെന്നത് ബോധ്യപ്പെടുത്തുന്നുണ്ട് ഖാൽ ഗാവോൺ. മുളയറയിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്ന ഉണക്കമുളകിന്റെ എരുവിലുണ്ടാകും ഗ്രാമത്തിന്റെ ഉർവ്വരത. ഈ സൃഷ്ടി ആസാമില കർഷകരുടെ പ്രശ്‌നങ്ങളെ മാത്രമല്ല, അവരുടെ സാംസ്‌കാരികതയെയും ജീവിതത്തെയും കൂടിയാണ് അവതരിപ്പിക്കുന്നത്. കാട്ടിൽ നഷ്ടപ്പെട്ടയാൾ ബ്രഹ്‌മപുത്രയിലെ മീനായി തിരിച്ചുവരുന്ന വിധം കെട്ടുകഥപോലെയാണ് അവരുടെ ജീവിതം. ഒഴുക്ക് പുതിയ വഴികൾ നേടുമ്പോൾ തീരുന്നതാണ് അവർ കെട്ടിപ്പൊക്കിയതത്രയും.
കല (കവിതയും സാഹിത്യവും സംഗീതവുമെല്ലാമടങ്ങുന്ന) എങ്ങനെയാണ് പ്രകൃതിയിലേക്കും അതുവഴി കാലത്തിലേക്കും തിരിച്ചുവെച്ച കണ്ണാടിയാകുന്നതെന്ന് ഈ പ്രോജക്ട് വ്യക്തമാക്കുന്നുണ്ട്. അവനവിലേക്ക് തിരിച്ചുവെയ്ക്കുമ്പോൾ പ്രകൃതിയാണ് കാണുന്നത്. അത്രമേൽ മനുഷ്യൻ പ്രകൃതിയാണെന്ന തിരിച്ചറിവിന്റെ ആഴങ്ങളിലാണ് ഈ ഇൻസ്റ്റലേഷന്റെ പിറവിയെന്നത് അടുത്തിടപഴകുമ്പോൾ വ്യക്തമാകും. ഓരോ ഇടവും കാഴ്ചക്കാരന്റെ കൂടി ഇടമാണെന്ന ബോധ്യങ്ങളാണ് കലയെ കാഴ്ചയുടെ സൃഷ്ടിയാക്കി മാറ്റുന്നത്. കലാകാർ കാഴ്ചക്കാരൻ മാത്രമായി മാറുന്ന സന്ദർഭങ്ങളുമുണ്ടാകും. കലാകാരെയും മറികടന്ന് വളർന്ന് പന്തലിക്കാനുള്ള ശേഷി കൂടിയുണ്ട് കലാസൃഷ്ടികൾക്ക്. കലാസൃഷ്ടിയോടെ കലാകാർ പിറവിയെടുക്കുക മാത്രമല്ല, ഇല്ലാതാകുകയും ചെയ്യുകയാണ്. കല മാത്രമാണ് നിലനിൽക്കുക. ആ കലയിലാണ് സമകാലീക ലോക യാഥാർത്ഥ്യമായ കാലാവസ്ഥാ വ്യതിയാനം എന്ന പ്രതിഭാസം വിഷയമാകുന്നത്. എന്നന്നേയ്ക്കുമായി നിലനിൽക്കുന്ന സൃഷ്ടിയെന്ന സാമൂഹിക ദൗത്യമാണ് അംഗ ആർട്ട് കളക്ടീവ് തുടർന്നുകൊണ്ടിരിക്കുന്ന ഗവേഷണത്തിലൂടെ സാധ്യമാക്കുന്നത്.
താഴ്ന്ന പ്രദേശമെന്ന അർത്ഥം വരുന്ന ആസാമീസ് വാക്കായ ഖാൽ (Khaal), ഗ്രാമമെന്ന അർത്ഥം വരുന്ന ഗാവോണുമായി (Gaon) ചേർന്നുള്ള ഭാഷാ-സംസ്‌കാരിക തലങ്ങളിലാണ് സൃഷ്ടിയുടെ തലക്കെട്ട് പോലും രൂപപ്പെട്ടിരിക്കുന്നത്. ഇൻസ്റ്റലേഷൻ എന്ന മാധ്യമത്തിന്റെ സാധ്യതകൾ ഉപയോഗിച്ചുകൊണ്ടുള്ള പുതിയൊരു ദൃശ്യഭാഷയുടെ നിർമ്മിതിയായി ഈ സൃഷ്ടിയെ കാണാവുന്നതാണ്. മനുഷ്യന്റെ പൊതുബോധത്തെ സാധിക്കുന്ന അനുഭവമായി നിറഞ്ഞുകവിയുന്ന ബ്രഹ്‌മപുത്രയുടെ ജലവഴികൾ മാറുകയാണ്. തുടച്ചുമാറ്റപ്പെടുന്ന ഗ്രാമങ്ങൾ മാത്രമല്ലെന്ന തിരിച്ചറിവുകളുടെ ആഴം പല പ്രകാരങ്ങളിൽ ഈ സൃഷ്ടിയുടെ ഭാഗമായുണ്ട്. ആനിമേഷനാകുന്ന നാടോടിക്കഥയും, വീഡിയോ ഡോക്യുമെന്ററിയായി മാറിയ കല്പിതകഥകളും വണ്ടിയായി ഉരുട്ടാവുന്ന കുട്ടിക്കാലവും ഒളിപ്പിച്ചുവെച്ച രുചിയായി ഉണക്കമുളകും; അങ്ങനെ പലതുമായി രൂപാന്തരപ്പെടുകയും വിസ്തൃതമാകുകയും ചെയ്യുകയാണ് ഈ സൃഷ്ടി. കല പ്രകൃതിയിലേക്ക് തുറന്നുവെച്ച കണ്ണാടിയാകുന്നത്, മനുഷ്യരുടെ ജീവിതം അങ്ങനെ ആയതുകൊണ്ടാവാം. പ്രകൃതിയിൽ തുറക്കാതെ ഒരാൾക്കും മുന്നോട്ട് പോകാനാവില്ല. നമ്മുടെ മുന്നോട്ട് പോക്കിനെയും പിന്നോട്ടുള്ള നോട്ടങ്ങളെയും അടയാളപ്പെടുത്തി വെയ്ക്കുന്ന മാധ്യമം മാത്രമാകും ചിലപ്പോഴെങ്കിലും കല. ആ അർത്ഥത്തിൽ മാനവരാശി കടന്നുപോകുന്ന കാലാവസ്ഥാ വ്യതിയാനം എന്ന പ്രതിഭാസത്തെ ശക്തമായ ഭാഷയിൽ അടയാളപ്പെടുത്തുകയാണ് ആസാമിലെ ഗ്രാമങ്ങളുടെ കഥ പറഞ്ഞ്, അംഗ ആർട്ട് കളക്ടീവ് ചെയ്യുന്നത്.
മലയാളി കലാകാരൻ കെ.ആർ സുനിലിന്റെ ചവിട്ടുനാടകം സീരിയസിലെ ‘ചവിട്ടുനാടകം: കടലോരത്തിന്റെ കഥ പറച്ചിലുകാർ’ (Chavittunadakam: Story tellers of the seashore) എന്ന സൃഷ്ടി കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളെക്കുറിച്ചും കൂടിയാണ് പറയുന്നത്. ചവിട്ടുനാടകമെന്ന നടനകലയിലെ കഥാപാത്രങ്ങളാണ് ഈ പ്രോജക്ടിന്റെ അന്വേഷണവിഷയം. എന്നാൽ ആ വിഷയം ചവിട്ടുനാടകത്തെയും കടന്ന്, കഥാപാത്രങ്ങളുടെ വീടുകളിൽ എത്തി, അവരുടെ ജീവിതാവസ്ഥകളിലേക്കും കൂടി പ്രവേശിക്കുന്നുണ്ട്. ചവിട്ടുനാടകത്തെ, വർണ്ണാഭമായ അതിന്റെ വസ്ത്രങ്ങളെ, ഒരു ദൃശ്യവിരുന്നുപോലെ അവതരിപ്പിക്കുമ്പോഴും, കലാകാരൻ വേരൂന്നുന്നത് മറ്റ് ചില യാഥാർത്ഥ്യങ്ങളിലേക്കും കൂടിയാണ്. മനുഷ്യസമൂഹത്തിന് സാങ്കല്പികലോകങ്ങളുടെ സൗന്ദര്യം പകർന്നു നൽകുന്ന ഒരു കൂട്ടം കലാകാരന്മാർ അങ്ങേയറ്റം പരിസ്ഥിതി ലോലമായ ഭൂമിയുടെ ഓരങ്ങളിലാണ് ജീവിക്കുന്നത്. ഈ യാഥാർത്ഥ്യം കൂടിയാണ് കെ.ആർ സുനിൽ പകർത്തുന്നത്. ചവിട്ടുനാടകം കലാകാരന്മാർ അവർ പകർന്നാടുന്ന വേഷത്തിലാണ് അവരുടെ വീടുകൾക്ക് മുമ്പിൽ കലാസൃഷ്ടിയുടെ ഭാഗമാകുന്നത്. അത് നമ്മുടെ കാഴ്ചയുടെ മാത്രം ഭാഗമായാൽ പോരാ എന്ന ചരിത്രദൗത്യം കൂടി ഈ കടലോരത്തിന്റെ കഥ പറച്ചിലുകാർ പറഞ്ഞുവയ്ക്കുന്നുണ്ട്. ലോകത്തിലെവിടെയും ഒരു ചെല്ലാനമുണ്ട്, ചെല്ലാനത്തുകാർ അനുഭവിക്കുന്ന പ്രശ്‌നങ്ങളുമുണ്ടാകാം. പ്രശ്‌നങ്ങളിലെ സാമ്യതകളുടെ പേരിലും കൂടിയാണ് മനുഷ്യൻ ഒരു ആഗോളജീവിയാകുന്നത്.
ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് മലനിരകളിൽനിന്നുള്ള കലാകാരനായ ജോയ്ദീപ് റോജയുടെ (Joydep Roaja), കിരൺ നാടാർ മ്യൂസിയം ഓഫ് ആർട്ടിൽ പ്രദർശിപ്പിക്കുന്ന കലാസൃഷ്ടിയും പരോക്ഷമായി, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള സൃഷ്ടിയാണ്. സമ്പന്നരായ പ്ലാന്റർമാർ തേക്ക് പ്ലാന്റേഷൻ തുടങ്ങാൻ മലനിരകളെ വെട്ടിനിരത്തിയപ്പോൾ നഷ്ടപ്പെട്ടുപോയ നീരുറവയുടെ ഓർമ്മയാണ് റോജയുടെ സൃഷ്ടിയുടെ കേന്ദ്രബിന്ദു. മലനിരകൾക്കിടയിലെ നിതാന്തമായ ഒഴുക്കായിരുന്നു റോജയുടെ ഗ്രാമത്തിന്റെ കുടിവെള്ള സ്രോതസ്. അതിപ്പോൾ മഴക്കാലത്ത് മാത്രം തലനീട്ടുന്ന ഒന്നായി മാറിയിരിക്കുന്നു. കുടിവെള്ളത്തിന്റെ അഭാവം ചിറ്റഗോങ്ങ് മലയടിവാരത്തെ ഗ്രാമങ്ങളെ വേട്ടയാടി തുടങ്ങിയിരിക്കുന്നു. മനുഷ്യൻ പ്രകൃതിയിൽ വരുത്തുന്ന മാറ്റങ്ങളുടെ സൃഷ്ടിയാണ് കാലാവസ്ഥാ വ്യതിയാനം. അത് പിന്നീട് മനുഷ്യൻ കലാസൃഷ്ടികളായി തിരിച്ചുവരുകയാണ്. പണ്ടെന്നോ നമ്മളെറിഞ്ഞ കല്ല് നമ്മളെതേടി തിരിച്ചുവന്നിരിക്കുന്നു. അത് നമ്മുടെ തല തകർക്കും, ഉറപ്പാണ്!
റോജയുടെ പ്രദർശനത്തിലെ ഒരു ഭാഗം ചിറ്റഗോങ്ങ് മലനിരകളിൽ സ്ഥിര സാന്നിധ്യമായിരുന്ന പട്ടാളത്തിന്റെ നിഷ്ഠൂരതകളുടെ ദൃശ്യാഖ്യാനമാണ്. പട്ടാളത്തിന്റെ ഓർമ്മകളെ കുട്ടിക്കാലത്തിന്റെ കളിപ്പാട്ടങ്ങളാക്കി മാറ്റിയിട്ടുണ്ട്. എന്നാൽ രണ്ടാമത്തെ ഭാഗത്തിലാണ്, മലനിരകളും, അതിൽ നഷ്ടപ്പെട്ടുപോയ നീരുറവയും കടന്നുവരുന്നത്. കലാകാരൻ തന്റെ മകളോടൊപ്പം 2009ൽ തുടങ്ങിയ ഒരു പെർഫോർമെൻസിൽ നിന്നാണ് ഈ പ്രോജക്ട് തുടങ്ങുന്നത്. ഫോട്ടോയും വരയും ചേർത്തുവെച്ച കൊളാഷ് രൂപത്തിലും അല്ലാതെയുമായാണ് റോജാ വിഷയത്തെ അവതരിപ്പിക്കുന്നത്. ലളിതമായ ഭാഷ റോജയുടെ സൃഷ്ടിയെ സംവേദനക്ഷമമാക്കുന്നുണ്ട്. വികസനം എന്നത് എല്ലാക്കാലത്തും ഒരു പ്രശ്‌നമായി മാറുന്നുണ്ട്. മലനിരകൾക്കിടയിലെ ജലസ്രോതസ്സിനെ ഇല്ലാതാക്കുന്ന ഒന്നാണെങ്കിൽ വികസനത്തെ എങ്ങനെയാണ് വികസനമായി മനസിലാക്കാനാകുക? മനുഷ്യനും കലയും മാത്രമല്ലല്ലോ, വികസനവും പ്രകൃതിയിലേക്ക് തുറന്നുവെച്ച കണ്ണാടി ആവേണ്ടതില്ലേ? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് റോജയുടെ സൃഷ്ടി വളരെ ലളിതമായി ഉയർത്തുന്നത്. റോജയുടെ സൃഷ്ടികളെ മുൻനിർത്തി മനുഷ്യനും മരങ്ങളും ഒത്തുചേർന്നുള്ള ജീവിതക്രമമായി മനുഷ്യജീവിതത്തെ മനസിലാക്കുന്ന ഒരു കലാകാരനെന്ന് പറയാം.
കാലാവസ്ഥാ വ്യതിയാനം എന്ന പ്രതിഭാസത്തിന്റെ അനുരണനങ്ങളെന്ന് പറയാവുന്ന, നാല് പ്രദേശങ്ങളിൽ നിന്നുള്ള നാല് കലാസൃഷ്ടികൾ; സാമ്യതകൾ ഉള്ളപ്പോൾത്തന്നെ വ്യത്യസ്തമായ ആഖ്യാനങ്ങൾ. ഓരോ കലാകാരനും കാലാവസ്ഥാ വ്യതിയാനത്തെ പലകോണുകളിലാണ് നോക്കിക്കാണുന്നത്. അവതരിപ്പിക്കുന്ന വിഷയത്തിന് അനുസരിച്ചുള്ള മാധ്യമമാണ് തിരഞ്ഞെടുക്കുന്നതും. പരിബർത്തന മൊഹന്തിയുടെ ലെന്റികുലാർ പ്രിന്റിൽ രൂപപ്പെടുന്ന നോളിയാസ് വർഗ്ഗത്തിന്റെ രീതിശാസ്ത്രത്തിലല്ല, അംഗ ആർട്ട് കളക്ടീവ് അവരുടെ വിഷയം അവതരിപ്പിക്കുന്നത്. അങ്ങനെ മാധ്യമങ്ങളും അവതരണരീതികളും പലതാണ്, പ്രത്യക്ഷത്തിൽ. പക്ഷേ, വിഷയം ഒന്നുതന്നെ: കാലാവസ്ഥാ വ്യതിയാനം.
ചെല്ലാനത്തെയും പരിസരഗ്രാമങ്ങളിലെയും ചവിട്ടുനാടകം കലാകാരന്മാർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് സമാനമാണ് ആസാമിലെ കർഷകർ അനുഭവിക്കുന്നത്. നോളിയാസ് സമൂഹത്തിന്റെ പലായനത്തിന് കാരണവും മറ്റൊന്നല്ല. റോജയുടെ വിഷയത്തിൽ മനുഷ്യന്റെ ഇടപെടലാണ് മുഖ്യ കാരണമെങ്കിലും കുടിവെള്ള സ്രോതസ്സുകളുടെ അഭാവങ്ങൾ പ്രകൃതിയിലെ വിഷയം തന്നെയാണ്. ബംഗ്ലാദേശ് നാൽപത് ഡിഗ്രിയിൽ ചുട്ട് പഴുത്തതിന്റെ വാർത്തകൾ അടുത്തിടെ വരെ ഉണ്ടായിരുന്നു. മനുഷ്യനിർമ്മിതമാണ് കുറെയൊക്കെ കാലാവസ്ഥാ വ്യതിയാനം. അതിനെ കലയിലൂടെ മനസിലാക്കാനും തുറന്ന് കാട്ടാനുമുള്ള ശ്രമങ്ങൾ വളരെ സജീവമാണ് താനും.