കാലാവസ്ഥാ ഉച്ചകോടിയും ജോജുവിന്റെ നിന്നുപോയ കാറും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

“രാഷ്​ട്രീയക്കാരന്റെ ഒരു സഹായവും വേണ്ട, ജീവിക്കാൻ അനുവദിച്ചാൽ മതി. 150 രൂപയായാലും ഞങ്ങൾ പെട്രോൾ അടിച്ചോളാം…” ഇന്ധന വിലവർധനവിനെതിരെ കോൺഗ്രസ്​ കൊച്ചിയിൽ നടത്തിയ വഴിതടയൽ സമരത്തിനിടെ ട്രാഫിക് കുരുക്കിൽ പെട്ടുപോയ ജോജു ജോർജ് മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിത്. ജോജു ജോർജും സമരക്കാരും തമ്മിലെ തർക്കം വലിയ വിവാദങ്ങൾക്കാണ്​ തിരികൊളുത്തിയിരിക്കുന്നത്. ഇന്ധന വില വർദ്ധനവിനെതിരെ രൂക്ഷമായി പ്രതികരിക്കേണ്ടതുണ്ടെന്നും പൊതുനിരത്തുകൾ സമരങ്ങൾക്കുള്ള ഇടം കൂടിയാണെന്നും ഒരുപക്ഷം. മറ്റൊരു പക്ഷം, സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങൾ വേണ്ടെന്ന ജോജുവിന്റെ നിലപാടിനൊപ്പവും. സഞ്ചാര സ്വാതന്ത്ര്യവും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും ഒരുപോലെ പ്രധാനവും വലിയ ചരിത്രമുള്ള രണ്ട് സമസ്യകളുമാണ്. അതിൽ ഏതാണ് മുഖ്യമെന്ന സംവാദം രാഷ്ട്രീയപരമായി തന്നെ മുന്നോട്ടുനീങ്ങേണ്ടതുമുണ്ട്. അത് അങ്ങനെ തന്നെ തുടരട്ടെ. എന്നാൽ ജോജു-കോൺ​ഗ്രസ് തർക്കം തുറന്നിട്ട സംവാദം സഞ്ചരിക്കേണ്ട മറ്റൊരു വഴിയെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.

ജോജു ഉയർത്തിയ പ്രശ്നം അദ്ദേഹം ഉൾപ്പെടുന്ന യാത്രക്കാരുടെ സഞ്ചാരത്തിന് തടസ്സം സൃഷ്ടിച്ചു എന്നതായിരുന്നു. ശേഷം അദ്ദേഹം ദേഷ്യത്തോടെ ചൂണ്ടിക്കാണിക്കുന്നത് ട്രാഫിക് ബ്ലോക്കിൽ കുരുങ്ങിക്കിടക്കുന്ന കുറേ സ്വകാര്യവാഹനങ്ങളെയാണ്. കുരുക്കുണ്ടാകാൻ കാരണമായ ഇന്ധന വിലവർദ്ധനവിനെതിരായ സമരം വാഹന ഉടമകളെ കൂടി ഉദ്ദേശിച്ചുള്ളതാണെന്ന് സമരക്കാർ. ബ്ലോക്ക് ഉണ്ടാകുമ്പോൾ കാറിൽ എ.സി ഓൺചെയ്ത് ഇരുന്നാലും ഇന്ധനം തന്നെയാണ് നഷ്ടപ്പെടുന്നതെന്നും പോക്കറ്റിലെ കാശാണ് പോകുന്നതെന്നും ജോജു. ഇന്ധനവും അതിന്റെ വിലയും സ്വകാര്യ വാഹനങ്ങളുമെല്ലാം വാ​ഗ്വാദങ്ങളിൽ കടന്നുവരുമ്പോൾ ഇപ്പോൾ ​ഗ്ലാസ്​ഗോയിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ കോപ് 26നെക്കുറിച്ചാണ് ചിന്തിച്ചുപോയത്. ജോജു-കോൺ​ഗ്രസ് തർക്കത്തിൽ അതൊരു പ്രകടമായ വിഷയമല്ലെങ്കിലും കാലാവസ്ഥാ രാഷ്ട്രീയത്തെക്കുറിച്ചുള്ള പൊതുവായ അജ്ഞത ആ ചർച്ചയെ അവിടേക്ക് വികസിപ്പിക്കുന്നില്ല. എന്താണ് കോപ് 26 ഉം ജോജുവിന്റെ കാറും തമ്മിലുള്ള ബന്ധം?

കാറും സഞ്ചാര സ്വാതന്ത്ര്യവും

പൊതുവഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം ഇല്ലാതിരുന്ന സ്ഥലമാണ് കേരളം. അതിനുവേണ്ടി വലിയ സമരങ്ങൾ ഇവിടെ നടന്നിട്ടുമുണ്ട്. മാത്രമല്ല, ലോകത്തെമ്പാടും എല്ലാക്കാലത്തും തെരുവുകൾ രാഷ്ട്രീയ സമരങ്ങളുടെയും അവകാശ പോരാട്ടങ്ങളുടെയും വേദികൂടിയാണ്. ഈ സമരങ്ങൾ മാത്രമാണോ മനുഷ്യസഞ്ചാരത്തിന് തടസ്സം സൃഷ്ടിച്ചിട്ടുള്ളത്. ഒരു മധ്യവർ​​ഗ ബോധത്തിൽ നിന്നും ആലോചിക്കുമ്പോൾ വേ​ഗം കണ്ടെത്താവുന്ന ഒരു പ്രതിയാണ് സമരങ്ങൾ. എന്നാൽ ജോജു ഉൾപ്പെടുന്ന സ്വകാര്യ വാഹന യാത്രക്കാർ തന്നെ എത്രമാത്രം സഞ്ചാര സ്വാതന്ത്ര്യത്തെയും പരിസ്ഥിതിയെയും മനുഷ്യാവകാശങ്ങളെയും ഹനിക്കുന്നുണ്ടെന്ന് അവർ ചിന്തിക്കാറില്ല. സ്വകാര്യ വാഹനങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ വർദ്ധിച്ചുക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെടുത്തിക്കൊണ്ടല്ലാതെ നമുക്കിതിനെ കാണാനാകില്ല. സിനിമാ താരങ്ങൾക്കിടയിലെ വാഹന പ്രേമിയായാണ് ജോജു ജോർജ് അറിയപ്പെടുന്നത്. ഒട്ടുമിക്ക പുതിയ മോഡൽ വണ്ടികളും ജോജു സ്വന്തമാക്കിയിട്ടുമുണ്ട്. ജീപ്പ് റാങ്ക്ളർ, ബി.എം.ഡബ്ല്യു, എം.സിക്സ് അടക്കമുള്ള വലിയ കളക്ഷൻ അദ്ദേഹത്തിനുള്ളതായി മാധ്യമങ്ങൾ പറയുന്നു. ഇക്കൂട്ടത്തിലെ ലാന്റ് റോവർ ഡിഫന്റർ എന്ന ഒരു കോടി രൂപയോളം വിലവരുന്ന വണ്ടിയുടെ ചില്ലുകളാണ് തകർക്കപ്പെട്ടത്. ജോജുവിനെ പോലെ വാഹനഭ്രമമുള്ളവരുടെ ഒരു നാടായി മാറിക്കൊണ്ടിരിക്കുകയാണ് കേരളം. പണമുള്ളവർ മാത്രമല്ല, ലോൺ തിരിച്ചടയ്ക്കാൻ ശേഷിയുള്ളവരെല്ലാം ഇല്ലാത്തവരും വരെ കാറു വാങ്ങിക്കൊണ്ടിരിക്കുന്ന കാലം. ഓട്ടോ മൊബൈൽ വിപണിയുടെ ഒരു ഹബ്ബ് ആണ് ഇന്ന് കേരളം. നിരത്തുകളിലേക്ക് വണ്ടികൾ പ്രവഹിച്ചു കൊണ്ടേയിരിക്കുകയാണ്. അത്ര വലിയ സൗകര്യമില്ലാത്തതും വീതികൂട്ടാൻ പലവിധ കാരണങ്ങളാൽ കഴിയാത്തതുമായ കേരളത്തിലെ റോഡുകൾ ഈ വാഹനപ്പെരുപ്പം കാരണം വീർപ്പുമുട്ടുകയാണ്. ജോജു സംഭവമുണ്ടായ കൊച്ചി ന​ഗരത്തിന്റെ കാര്യം തന്നെയെടുക്കാം. ഇടപ്പള്ളിയിൽ നിന്നും കൊച്ചി ന​ഗരത്തിലേക്ക് പ്രവേശിച്ച്, എം.ജി റോഡ് വഴി തോപ്പുംപടി ഭാ​ഗത്തേക്ക് ഒരു സ്വകാര്യവാഹനത്തിൽ സഞ്ചരിക്കണമെങ്കിൽ എത്രമാത്രം പ്രയാസമാണ്. അങ്ങനെ യാത്ര ചെയ്ത് വലിയ അനുഭവമില്ലെങ്കിലും പലപ്പോഴും ബസിൽ ഇരിക്കുന്ന നമ്മളും സ്വകാര്യ വാഹനങ്ങൾ സൃഷ്ടിക്കുന്ന ഈ കുരുക്കിൽ കുടുങ്ങാറുണ്ട്. ജോജുവിന് കാത്തിരിക്കേണ്ടിവന്ന അരമണിക്കൂർ നേരത്തേക്കാൾ എത്രയോ ഏറെ സമയം നിരങ്ങി നീങ്ങുന്ന ബസുകളിൽ കഴിച്ചുകൂട്ടേണ്ടി വന്നിട്ടുണ്ട്. ഒരു സമരവും ഉണ്ടായിട്ടല്ല അത് സംഭവിച്ചത്. അത്രമാത്രം കാറുകളാണ് ഓരോ ദിവസവും നിരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല, ജോജുവിന്റെ ലാന്റ് റോവർ ഡിഫന്ററെ പോലെ വലിയ വണ്ടികൾ ചെറിയ റോഡിലേക്ക് എത്തുന്നതോടെ കുരുക്ക് മുറുകുന്നു. ഇത്തരം വലിയ കാറുകളിൽ ഉണ്ടാകാറുള്ളത് പലപ്പോഴും ഒന്നോ രണ്ടോ ആളുകൾ മാത്രമാണ്. സ്വകാര്യ വാഹനങ്ങളുടെ പെരുകൽ മൂലമുണ്ടാകുന്ന ഈ ​ഗതാ​ഗത കുരുക്കുകളോട് നമ്മൾ പ്രതികരിക്കാറില്ല എന്നതാണ് സത്യം. സമരം പോലെ എന്തെങ്കിലും പ്രകടമായി ഉണ്ടായാൽ മാത്രമേ കുരക്കുള്ളതായി നമുക്ക് തോന്നൂ എന്നതിൽ എന്തോ പ്രശ്നമുണ്ട്. മെട്രോ അടക്കം രണ്ട് റെയിൽ മാർ​ഗങ്ങളും എല്ലാ വഴിക്കും കെ.എസ്.ആർ.ടി.സി-പ്രൈവറ്റ് ബസുകളും ഉള്ള ഒരു ന​ഗരത്തിലാണ് ആളുകൾ സൗകര്യത്തിന്റെ പേരിൽ ഇത്രയേറെ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് എന്നതും ഓർക്കണം.

കാറും ആ​ഗോളതാപനവും

കാറിൽ നിങ്ങൾ വിയർക്കാതെ സഞ്ചരിക്കുമ്പോൾ ഭൂമിയാണ് ചൂടായിക്കൊണ്ടേയിരിക്കുന്നത് എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. ഭൂമി ചൂടു പിടിക്കുന്നതിന്റെ ഭാ​ഗമായ കാലാവസ്ഥാ വ്യതിയാനം നേരിട്ട് അനുഭവിക്കുന്ന ഇരകൾ കൂടിയാണ് ഇപ്പോൾ നമ്മൾ. നിരന്തരമായി അനുഭവിച്ചുക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ ദുരന്തങ്ങളോട് പുറം തിരിക്കുന്ന ഒരു സമൂഹത്തിന് ​ഗതാ​ഗത കുരുക്കുകളിലുണ്ടാകുന്ന കാർബൺ ബ​ഹിർ​ഗമനത്തെ കുറിച്ച് മനസിലാകാതെ പോകുന്നത് സ്വാഭാവികം മാത്രം. അന്തരീക്ഷ താപനില 1.5 ഡി​ഗ്രി സെൽഷ്യസ് ആയി നിലനിർത്താനുള്ള ആ​ഗോള ശ്രമങ്ങൾക്കായി ​ഗ്ലാസ്​ഗോയിൽ ഇന്ത്യ അടക്കമുള്ള ലോക രാഷ്ട്രങ്ങൾ കൂടിയിരിക്കുന്ന ഈ ദിവസങ്ങളിലെങ്കിലും സ്വകാര്യ വാഹന യാത്രികർ ഇത് ചിന്തിക്കേണ്ടതുണ്ട്. നിങ്ങളുണ്ടാക്കുന്ന ട്രാഫിക് കുരുക്കൾ കേവലം അരമണിക്കൂർ വൈകുന്നതിന്റെ പ്രശ്നമല്ല സൃഷ്ടിക്കുന്നത്. കാലാവസ്ഥാ ദുരന്തത്തിന്റെ ആദ്യ ഇരകളും ഒരുപക്ഷെ നിങ്ങളായിരിക്കില്ല. എന്നാലും തലമുറകളെത്തന്നെ ബാധിക്കുന്ന ഒട്ടേറെ പ്രതിസന്ധികളാണ് നിങ്ങളുടെ കാറോട്ടങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇന്ധനവില വർദ്ധനവിനെതിരെ സമരത്തിനിറങ്ങുന്ന രാഷ്ട്രിയ പാർട്ടികളും ഈ വിഷയം ആലോചിക്കേണ്ടതുണ്ട്. ഇന്ധന വിലയേക്കാൾ പ്രധാനമാണ് ഇന്ധനത്തിന്റെ എരിയൽ. അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയോടും അതുയർത്തുന്ന സംവാദങ്ങളോടും രാഷ്ട്രീയമായി ഇടപെടാൻ ശേഷിയില്ലാത്തവരായി മാറിയിരിക്കുകയാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ. അതുകൊണ്ടാണ് വിലക്കയറ്റം അവർക്ക് പ്രധാനമാകുന്നതും ഇന്ധനങ്ങളുടെ എരിയൽ അപ്രധാനമാകുന്നതും. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതു മൂലമുള്ള കാർബൺ ബഹിർ​ഗമനത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും തീർച്ചയായും തിരിച്ചറിയേണ്ട ഒരു സമൂഹമായിത്തീർന്നിരിക്കുകയാണ് കേരളം. ഇന്നലെ ഇതെഴുതുമ്പോഴും കോഴിക്കോട് ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ അപ്രതീക്ഷിത മഴക്കെടുതിയെ നേരിടുകയാണ്. അതുപോലെ എത്രയോ ദുരന്തങ്ങളെ നമ്മൾ നിരന്തരം നേരിടുന്നു. ഒരുവശത്ത് മലകൾ ഇടിഞ്ഞുവീഴുമ്പോൾ കേരളത്തിന്റെ മറ്റൊരു ഭാ​ഗം കടലെടുത്തുകൊണ്ടേയിരിക്കുകയാണ്. പ്രളയം, മഴ, ഉരുൾപ്പൊട്ടൽ, തുടങ്ങിയ കാലാവസ്ഥാ ദുരന്തങ്ങൾ കാരണം കഴിഞ്ഞ നാലു വർഷത്തിലേറെയായി എത്രയോ പേരുടെ സഞ്ചാര സ്വാതന്ത്ര്യമാണ് കേരളത്തിൽ ഇല്ലാതെയായത്. മലയോരത്ത് എത്രയോ റോഡുകളാണ് ഒലിച്ചുപോയത്. 2018ൽ തകർന്ന റോഡുകൾ പോലും ഇനിയും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. തീരം നഷ്ടപ്പെട്ട് കടലിലേക്ക് വള്ളം ഇറക്കാൻ കഴിയാത്തതും സഞ്ചാര സ്വതന്ത്ര്യത്തിന്റെ പ്രശ്നമാണല്ലോ. അത് ഒരു പൊതുപ്രശ്നമായി നമ്മൾ അത്ര എടുക്കാറില്ലെന്ന് മാത്രം. കഴിഞ്ഞ ഒന്നര വർഷം ലോകത്തെമ്പാടുമുള്ള ജനങ്ങൾ തങ്ങളുടെ സഞ്ചാര സ്വാതന്ത്യം തന്നെ നിഷേധിക്കപ്പെട്ട് വീടുകളിൽ അകപ്പെട്ടുപോയിരുന്നല്ലോ. അതെ, കോവിഡ് മഹാമാരി നമ്മുടെ യാത്രകളെല്ലാം മുടക്കി. അതും ഒരു സഞ്ചാര സ്വാതന്ത്ര്യ നിഷേധമായിരുന്നു. നമ്മൾ അതിന് നിർബന്ധിതരായിത്തീരുകയായിരുന്നു. കൊറോണ പോലെയുള്ള ജന്തുജന്യ വൈറസുകൾ മനുഷ്യരിലേക്ക് എത്തുന്നതിന് പിന്നിലും കാലാവസ്ഥാ മാറ്റം ഒരു കാരണമാണ്. ഒപ്പം ന​ഗരവത്കരണവും. ആവാസ വ്യവസ്ഥകളിലുണ്ടാകുന്ന വലിയ മാറ്റവും അതുവഴി ജീവികൾക്കുണ്ടാകുന്ന സമ്മർദ്ദങ്ങളുമാണ് ജന്തുക്കളിലെ വൈറസുകൾ മനുഷ്യരിലേക്ക് പകരുന്നതിനുള്ള കാരണമായി ശാസ്ത്രലോകം വിലയിരുത്തുന്നത്. ജന്തുജന്യ രോ​ഗങ്ങൾ ലോകത്ത് ഇനിയും കൂടിവരും എന്നാണ് പല പഠനങ്ങളും പറയുന്നത്. ആവാസവ്യവസ്ഥകൾ നശിപ്പിക്കപ്പെടുന്നത് തടയുകയല്ലാതെ നമുക്ക് മറ്റ് വഴികളില്ല. ഭാവിയിലെ നമ്മുടെ സഞ്ചാര സ്വാതന്ത്ര്യം തീർച്ചയായും ആവാസവ്യവസ്ഥയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

കാറും കാർബൺ ഡൈ ഓക്സൈഡും

കൊച്ചിയുടെ ഹൃദയ ഭാ​ഗത്തായി തന്നെ മെട്രോ, റെയിൽ, ബസ്സുകൾ തുടങ്ങിയ പൊതുഗതാ​ഗത മാർ​ഗങ്ങളുണ്ടായിരുന്നിട്ടും കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വകാര്യവാഹനങ്ങളുടെ ഉപഭോ​ഗം വളരെ കൂടുതലായിരിക്കുകയാണ്. 2017-2018 ലെ കണക്കുകൾ പ്രകാരം 65 % ഇരുചക്ര വാഹനങ്ങളുടെയും 22 % നാലു ചക്ര വാഹനങ്ങളുടെയും വർദ്ധനവാണ് കൊച്ചിയിൽ മാത്രം ഉണ്ടായിട്ടുള്ളത്. കൊച്ചി ന​ഗരത്തിലെ പൊതു​ഗതാ​ഗത സംവിധാനങ്ങളെ ഈ സ്വകാര്യ വാഹനങ്ങൾ ശ്വാസം മുട്ടിക്കുകയാണ്. ജോജുവിന്റെ ലാന്റ് റോവർ ഡിഫന്റർ പോലുള്ള ആഢംബര കാറുകൾ നിരത്തിലിറങ്ങുന്നത് വഴി ജനങ്ങൾക്കുണ്ടാകുന്ന മൊത്തം നഷ്ടം കണക്കിലെടുക്കുമ്പോൾ ജോജുവിന്റെ അരമണിക്കൂർ എത്ര നിസ്സാരമാണ്. സ്വകാര്യ വാഹനങ്ങൾ കാരണമുണ്ടാകുന്ന ട്രാഫിക് ബ്ലോക്കുകൾ സൃഷ്ടിക്കുന്ന ഊർജനഷ്‌ടം ഇതുവരെയും ആരും പരി​ഗണിച്ചു കാണുന്നില്ല. അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡ് കൂ‌ട‌ുതലായി പുറന്തള്ളുന്നതിൽ ഇത്തരം സ്വകാര്യ വാഹനങ്ങൾക്കുള്ള പങ്കിനെകുറിച്ചും ഇവിടെ ആശങ്കകകളുണ്ടാകുന്നില്ല. കൊച്ചിയിൽ മാത്രമല്ല, ചെന്നൈ, ഹൈ​ദരാബാദ്, ബാം​ഗ്ലൂർ, ദില്ലി തുടങ്ങിയ മഹാന​ഗരങ്ങളിലെല്ലാം സ്വകാര്യവാഹന പെരുപ്പം കാരണം വലിയ ഊർജനഷ്ടം സംഭവിക്കുന്നുണ്ട്. ​ഗതാ​ഗത കുരുക്ക് സൃഷ്ടിക്കുന്ന നഷ്ടങ്ങൾക്ക് പരിഹാരം കാണാൻ കഴിയാത്തതരത്തിൽ സ്വകാര്യവാഹനങ്ങൾ പെരുകിക്കൊണ്ടേയിരിക്കുകയാണ്. കോർപ്പറേറ്റ് ഓട്ടോമൊബൈൽ വിപണിക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുക്കാൻ തീരുമാനിച്ചിട്ടുള്ള സർക്കാരിന് ഇക്കാര്യത്തിൽ ഒരു നയവും ഇല്ല. ന​ഗരങ്ങളിൽ നിന്നും പുറന്തള്ളപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ പ്രധാന പങ്ക് വഹിക്കുന്നത് സ്വകാര്യ വാഹനങ്ങൾ തന്നെയാണ്.

“ഈ കുരുക്കുകളിൽ എ.സി ഓൺ ചെയ്ത് കാത്തിരിക്കാനുള്ള പൈസയൊന്നും എന്റെ കൈവശം ഇല്ല. ഇന്ധനവില ഇത്രയും കൂടിയ കാലത്ത് എല്ലാവർക്കുമതിന് കഴിയുമോ?” എന്നാണ് ജോജു ചോദിക്കുന്നത്. അപ്പോൾ എ.സി ഓൺ ചെയ്താൽ മാത്രമെ ന​ഗരത്തിലെ ചൂടിൽ ഇരിക്കാൻ കഴിയൂ എന്ന് ജോജുവിനറിയാം. അന്തരീക്ഷ താപം വർദ്ധിക്കുകയാണെന്നും അത് മനുഷ്യർക്ക് അസഹനീയമാണെന്നും മനസ്സിലാക്കുന്ന ജോജുവിനെ പോലുള്ളവർക്ക് ഇല്ലാതെ പോകുന്നത് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെടുത്തി ഈ വിഷയത്തെ കാണാനുള്ള ബോധമാണ്.

കാറും ക്യാൻസറും

മറ്റൊന്ന്, ജോജു തന്നെ പറയുന്നതു പോലെ ആ ​ഗതാ​ഗത കുരുക്കിലകപ്പെട്ട കീമോ തെറാപ്പി കഴിഞ്ഞുവരുന്ന രോ​ഗിയുൾപ്പെടെ മറ്റു രോ​ഗികളോട‌ുള്ള കരുതലാണ്. തീർച്ചയായും ട്രാഫിക് കുരുക്കിൽ രോ​ഗികൾ പെട്ടുപോകുന്നത് വലിയ കഷ്ടമാണ്. എന്നാൽ ട്രാഫിക് കുരുക്കുകൾ സൃഷ്ടിക്കുന്ന മലിനീകരണം വഴി ക്യാൻസർ പോലുള്ള മാരക രോ​ഗങ്ങൾക്ക് കീഴടങ്ങേണ്ടിവരുന്ന മനുഷ്യരെക്കുറിച്ച് നമുക്ക് ആശങ്കയുണ്ടോ? തലമുറകളെ തന്നെ നിത്യരോ​ഗികളാ‌ക്കി മാറ്റുന്ന ഈ മലിനീകരണത്തോ‌ട് പുറം തിരിഞ്ഞുനിന്നുകൊണ്ടാണ് ജോജുവിന്റെ അരമണിക്കൂർ നഷ്ടത്തെക്കുറിച്ച് നമ്മൾ പരിതപിക്കുന്നത്. മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങൾക്കും അന്തരീക്ഷ മലിനീകരണം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇന്ത്യയിലെ ആകെ മലിനീകരണത്തിന്റെ 65 ശതമാനവും വാഹനങ്ങൾ മൂലം ഉണ്ടാകുന്നതാണ്. ഇന്ത്യയിൽ ഓരോ വർഷവും വായു മലിനീകരണം മൂലം നാല്പതിനായിരത്തോളം പേരാണ് മരിക്കുന്നത്. മലിനീകരണം തടയുന്നതിനായി സർക്കാർ രൂപം നൽകിയ സ്‌ക്രാപ്പേജ് പോളിസിയും (കാലപ്പഴക്കം ചെന്ന വാഹനങ്ങൾ പൊളിക്കൽ) സ്വകാര്യ വാഹന വിപണിയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നായി മാറുകയാണ്. ഹരിത ഇന്ധനങ്ങളിലേക്ക് വാഹനങ്ങൾ പൂർണ്ണമായും മാറുന്ന കാലം ഏറെ വിദൂരത്തുമാണ്. വായു മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിൽ കാർബൺ പുറംന്തള്ളൽ കുറക്കുന്നത് ലക്ഷ്യമിട്ട് ദില്ലി സർക്കാരിന് ഒറ്റയക്ക, ഇരട്ടയക്ക വാഹന പദ്ധതി നടപ്പിലാക്കേണ്ടി വരുകയും ചെയ്തിരുന്നു. അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം തുടർച്ചയായി താഴ്ന്നുകൊണ്ടിരിക്കുന്ന കേരളവും അത്തരം ഒരു നടപടിയിലേക്ക് ഒരുപക്ഷെ പോകേണ്ടി വരും എന്ന അവസ്ഥയിലാണുള്ളത്. ബ്രേക്ക് ഉരഞ്ഞുണ്ടാകുന്ന ലോഹത്തരികളും വാഹനത്തിൽ ഒഴിക്കുന്ന ഓയിലിൽ നിന്നുണ്ടാകുന്ന മലിനീകരണവും ഇതുപോലെ പ്രധാനമാണ്.

പല രാജ്യങ്ങളും റോഡിലൂടെയുള്ള വാഹനങ്ങളുടെ എണ്ണം കുറയ്ക്കുവാൻ തുടർച്ചയായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കാറുകളുടെ എണ്ണം കുറയ്ക്കുകയും പബ്ലിക് ട്രാൻസ്പോർട്ട് മെച്ചപ്പെടുത്തുകയുമാണ് ആകെയുള്ള പരിഹാരം. Accelerating the transition to zero emission vehicles എന്നതാണ് കോപ് 26 ഉച്ചകോടിയിലെ ഒരു സംവാദത്തിന്റെ തലക്കെട്ടു തന്നെ. “Road transport accounts for 10% of global emissions, and its emissions are rising faster than those of any other sector. A shift to zero emission vehicles is already underway, creating new jobs, bringing cleaner air to cities, and – increasingly – cutting the costs of car ownership. To meet the goals of the Paris Agreement, this transition needs to happen much more quickly. It must include not only cars, but vans, buses, trucks, and lorries” എന്ന് ഇതുമായി ബന്ധപ്പെട്ട് കോപ് 26 പുറത്തിറക്കിയ ഡോക്യുമെന്റ് പറയുന്നു. 2035 ആകുമ്പോഴേക്കും എല്ലാ രാജ്യങ്ങളും ഫോസിൽ ഇന്ധനങ്ങൾ എരിക്കാത്ത വാഹനങ്ങളിലേക്ക് മാറുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമാകണം എന്നാണ് കോപ് 26 ആവശ്യപ്പെടുന്നത്.

ജോജുവിനെ പോലുള്ള വാഹനഭ്രമക്കാർ ഇത്തരം ചർച്ചകൾ അറിയാതെ പോകുന്നത് സ്വാഭാവികം. കാരണം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ചർച്ചകൾ മുഖ്യധാരയിലേക്ക് എത്തിക്കുന്നതരത്തിൽ രാഷ്ട്രീയ പാർട്ടികളോ ഭരണസംവിധാനങ്ങളോ ഇവിടെ ഇടപെടുന്നതേയില്ല. എന്നാലും ജോജുവിനെ അന്ധമായി പിന്തുണയ്ക്കുന്ന പൊതുസമൂഹം ട്രാഫിക് കുരുക്കിന്റെയും ഇന്ധനം കത്തുന്നതിന്റെയും ഈ വശങ്ങൾ കൂടി കാണാതെ പോകരുത്. സമരം ചെയ്യാനുള്ള അവകാശത്തെക്കുറിച്ച് സംസാരിക്കുന്ന കോൺ​ഗ്രസ് നേതൃത്വവും ഇത് പരി​ഗണിക്കണ്ടതുണ്ട്. പ്രളയവും മഴക്കെടുതികളും പതിവായിത്തീർന്നിട്ടും കാറിൽ എ.സി ഓൺ ചെയ്തിരിക്കുമ്പോൾ കാലിയായിപ്പോകുന്ന പോക്കറ്റിനെക്കുറിച്ച് മാത്രമാണ് നിങ്ങളുടെ ചിന്തയെങ്കിൽ വരും തലമുറയോട് ചെയ്യുന്ന ചതിയായി മാത്രമേ അതിനെ കാണാൻ കഴിയൂ.

Also Read

7 minutes read November 3, 2021 2:00 pm