

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


“നമ്മളും മറ്റ് ജീവജാലങ്ങളും ആശ്രയിക്കുന്ന ആവാസവ്യവസ്ഥയുടെ ആരോഗ്യം എന്നത്തേക്കാളും വേഗത്തിൽ വഷളാകുന്നു.” മുൻ IPBES (ഇൻ്റർ ഗവൺമെൻ്റൽ സയൻസ്-പോളിസി പ്ലാറ്റ്ഫോം ഓൺ ബയോഡൈവേഴ്സിറ്റി ആൻ്റ് ഇക്കോസിസ്റ്റം സർവീസസ്) ചെയർമാൻ റോബർട്ട് വാട്സന്റെ വാക്കുകളാണ്. ഇന്ന് മനുഷ്യരാശിയും സസ്യ ജന്തുജാലങ്ങളും അനുഭവിക്കുന്ന ഏറ്റവും വലിയ വിപത്താണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ. മനുഷ്യനിർമ്മിതമായ കാലാവസ്ഥാ വ്യതിയാനം ഇന്ന് ഭൂമിയിലെ മുഴുവൻ ആവാസവ്യവസ്ഥയെയും തകിടം മറിച്ചതിനൊപ്പം ആധുനിക സാങ്കേതിക സംവിധാനങ്ങൾക്ക് പോലും പ്രവചനാതീതമായി മാറിക്കൊണ്ടിരിക്കുകയും ആണ്. കാലാവസ്ഥാ വ്യതിയാനവും ജൈവസമ്പത്തും പരസ്പരം ബന്ധപ്പെട്ട് കിടക്കുകയാണ്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രതിഫലിക്കുക പ്രകൃതിയിലും അവിടെയുള്ള ജൈവസമ്പത്തിലുമാണ്. മനുഷ്യൻ ആകട്ടെ ഒരേ പോലെ കാലാവസ്ഥാ വ്യതിയാനത്തിന് വഴിതെളിക്കുകയും അതിന്റെ ഭവിഷത്തുകൾ അനുഭവിച്ച് തീർക്കേണ്ടതുമായ ദുരവസ്ഥയിലാണ്.
സകല പരിധികളും ലംഘിച്ചാണ് ഇന്ന് ആഗോളതാപനം ഉയരുന്നത്. ആഗോളതാപനം ഒരേപോലെ കാലാവസ്ഥാ വ്യതിയാനത്തിനും അതുവഴി ഭൂമിയിലെ സർവ്വ ജൈവസസമ്പത്തിനും ഭീഷണിയാകുന്നു. കാലം തെറ്റി പെയ്യുന്ന അതിതീവ്ര മഴ, അതിശൈത്യം, ഉഷ്ണ-ശീത തരംഗങ്ങൾ, ഉരുൾപൊട്ടലുകൾ, പ്രളയം ഇവയൊക്കെ ആഗോളതാപനം സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനം മൂലം വീർപ്പുമുട്ടുന്ന ഭൂമിയുടെ സ്വാഭാവിക പ്രതികരണങ്ങളാണ്. പ്രകൃതിയിൽ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ ആകട്ടെ അപകടത്തിലാക്കുന്നത് ഭൂമിയിലെ ജീവന്റെ ആകെ നിലനിൽപ്പിനെയാണ്. പ്രകൃതിയോട് പൊരുത്തപ്പെട്ട് കഴിയാനുള്ള ജന്തുജാലങ്ങളുടെ കഴിവിനെ മറികടക്കും വിധമാണ് ആവാസവ്യവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സസ്യജീവി വർഗ്ഗങ്ങളുടെ എണ്ണത്തിലുള്ള കുറവ്, വ്യത്യസ്ത ജീവി ഇനങ്ങളുടെയും ആവാസവ്യവസ്ഥയുടെയും ശോഷണം എന്നിവ ഭൂമിയിലെ ജൈവസമ്പത്തിന് കാലാവസ്ഥാ വ്യതിയാനം നൽകുന്ന റെഡ് അലർട്ട് ആണ്.


മനുഷ്യനിർമ്മിത കാലാവസ്ഥാ വ്യതിയാനം
മനുഷ്യന്റെ നിരുത്തരവാദപരമായ ഇടപെടലുകളും അന്തരീക്ഷത്തിലെ ഗ്രീൻഹൗസ് ഗ്യാസുകളുടെ അളവിലെ വർദ്ധനവുമാണ് ഇന്ന് നാം കാണുന്ന ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണങ്ങൾ. ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗവും, വനനശീകരണവും ആഗോളതാപനത്തിന് മൂല കാരണങ്ങളാണ്. ഹരിതഗൃഹ വാതകങ്ങളായ കാർബൺഡയോക്സൈഡ്, മീഥൈൻ, ഓസോൺ, നൈട്രസ് ഓക്സിഡ്, ക്ലോറോ ഫ്ലൂറോ കാർബൺ എന്നിവ സൂര്യനിൽ നിന്നും വരുന്ന അൾട്രാ വയലറ്റ് രശ്മികളെ അന്തരീക്ഷത്തിൽ തന്നെ തടഞ്ഞുനിർത്തി ഭൂമിയുടെ ചൂട് വർദ്ധിപ്പിക്കുന്നു.
ആഗോളതാപനത്തിന് കാരണമാകുന്ന വാതകങ്ങളിൽ പ്രധാനിയാണ് കാർബൺ ഡയോക്സൈഡ്. കൽക്കരി, എണ്ണ, പ്രകൃതിവാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നത് വഴിയാണ് കാർബൺ ഡയോക്സൈഡ് അധികമായും അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നത്. ദശലക്ഷക്കണക്കിന് വർഷങ്ങളായി മരങ്ങളുടെയും മൃഗങ്ങളുടെയും ജൈവവസ്തുക്കൾ അഴുകി മണ്ണിൽ അലിഞ്ഞ് ചേർന്നാണ് ഫോസിൽ ഇന്ധനങ്ങൾ രൂപപ്പെടുന്നത്. ഇന്റർ ഗവൺമെന്റ് പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC) യുടെ കണക്ക് പ്രകാരം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ആഗോള താപനില ഏകദേശം 1.1 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നിട്ടുണ്ട്. ഈ സ്ഥിതി തുടർന്നുപോയാൽ മൂന്ന് ഡിഗ്രി മുതൽ അഞ്ച് ഡിഗ്രി വരെ താപനില വർദ്ധിക്കുമെന്നാണ് കരുതുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ അളവിൽ കാർബൺ ഉദ്വമനം നടത്തുന്നത് ഊർജ്ജമേഖലയിൽ നിന്നാണ്. വ്യവസായശാലകളുടെ നടത്തിപ്പിനും, വൈദ്യുതി ഉൽപാദനത്തിനും, വാഹനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും നമ്മൾ വൻതോതിൽ ഇന്ധനങ്ങൾ കത്തിക്കുന്നു. നാം ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്നും പ്രതിവർഷം 1.7 ബില്യൺ കാർബൺ ഡയോക്സൈഡ് ആണ് അന്തരീക്ഷത്തിലേക്ക് എത്തുന്നത്.
വ്യാവസായികവൽക്കരണം ലോകമെമ്പാടും വൻതോതിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം വർദ്ധിപ്പിച്ചു. സിമന്റ് നിർമ്മാണം, താപവൈദ്യുതി നിലയങ്ങൾ, ഉരുക്ക് നിർമ്മാണശാലകൾ, രാസവ്യവസായങ്ങൾ ഇവയൊക്കെ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയാണ്. ക്ലോറോഫ്ലൂറോ കാർബണുകൾ, ഹൈഡ്രോ ഫ്ലൂറോ കാർബണുകൾ, സൾഫർ ഹെക്സാഫ്ലൂറൈഡ്, എന്നിവ ആഗോളതാപന സാധ്യതയേറിയ വാതകങ്ങളാണ്. ശീതീകരണ ആവശ്യങ്ങൾക്കും, വിവിധ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉത്പാദനത്തിനുമായി ക്ലോറോഫ്ലൂറോ കാർബണുകൾ (CFC) വൻതോതിൽ അന്തരീക്ഷത്തിലേക്ക് എത്തുന്നു. ഓസോൺ പാളികളുടെ ശോഷണത്തിന് നിർണ്ണായ പങ്കുവഹിക്കുന്ന വാതകമാണ് CFC കൾ. വ്യാവസായികവൽക്കരണം ഒരേസമയം ആഗോളതാപനത്തിനും വനനശീകരണത്തിനും കാരണമാകുന്നു. സസ്യങ്ങൾ കാർബൺ ഡയോക്സൈഡിനെ വലിച്ചെടുക്കുമെങ്കിലും ഇവ കത്തിക്കുമ്പോഴും, അസംസ്കൃതവസ്തുക്കളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുമ്പോഴും വൻതോതിൽ കാർബൺ ഡയോക്സൈഡിനെ അന്തരീക്ഷത്തിലേക്ക് എത്തിക്കുന്നു. കൃഷിക്കും, വികസന പ്രവർത്തനങ്ങൾക്കുമായി കാട് കയ്യേറുമ്പോൾ ആരും അറിയാതെ ആഗോളതാപനത്തിനും ആക്കം കൂട്ടുന്നു.
വ്യാവസായിക മേഖലയുടെയും ഫോസിൽ ഇന്ധനങ്ങളുടെയും കൂടെ ആഗോളതാപനത്തിന് കാരണക്കാരാകുന്ന മറ്റൊരു മേഖലയാണ് കൃഷിയും, കന്നുകാലി വളർത്തലും. കാർഷിക മേഖലയിൽ ജൈവരീതികൾ പ്രോത്സാഹിപ്പിക്കാൻ നാം കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും സാമ്പത്തിക ലാഭത്തിനും, ഉത്പാദന വർദ്ധനവിനുമായി രാസവളങ്ങളുടെ അമിത ഉപയോഗം ഹരിതഗൃഹ വാതകത്തിന്റെ നേരിട്ടുള്ള ഉദ്വമനത്തിന് കാരണമാകുന്നു. കണക്കുകൾ പ്രകാരം പ്രതിവർഷം 2.1 ബില്യൺ ടൺ കാർബൺ ഡയോഡിന് തുല്യമായാണ് കാർഷിക മേഖലയിൽ നിന്നും ഹരിത ഗൃഹവാതകങ്ങൾ പുറന്തള്ളുന്നത്. കാർബൺ ഡയോക്സൈഡിനേക്കാളും അപകടകാരിയായ നൈട്രസ് ഓക്സൈഡ് (NO2) ന്റെ ഉദ്വമനത്തിന് വഴിയൊരുക്കുന്നത് നമ്മുടെ കാർഷിക മേഖലയാണ്. അതോടൊപ്പം മീഥേൻ (CH4) പുറന്തള്ളുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് കറവപ്പശുക്കൾ, ആട്, പന്നി, എരുമ, കുതിര, ഒട്ടകങ്ങൾ എന്നിവയാണ്. ഇവയുടെ മലമൂത്ര വിഭജനത്തിലൂടെയും ആഹാരപദാർത്ഥങ്ങൾ ബാക്ടീരിയകൾ വിഘടിപ്പിക്കുമ്പോഴും മീഥേൻ ഗ്യാസ് പുറന്തള്ളുന്നുണ്ട്. കന്നുകാലി വളർത്തലും, പാലുൽപാദനവും ആഗോള ജനസംഖ്യ വർദ്ധനവുമായി ബന്ധപ്പെട്ട് കിടക്കുന്നു. മനുഷ്യന് ആവശ്യമായ പാൽ ഉൽപ്പനങ്ങളും, മാംസവും ഉല്പാദിപ്പിക്കാൻ കന്നുകാലികളുടെ എണ്ണവും വർധിപ്പിക്കേണ്ടി വരുന്നു. തത്വത്തിൽ ഇതിന്റെ ഉത്തരവാദിത്വവും മനുഷ്യന് തന്നെ എന്ന് ചുരുക്കം.


ജൈവവൈവിധ്യം: ഭൂമിയുടെ ജീവശ്വാസം
ജൈവവൈവിധ്യവും ഭൂമിയും തമ്മിൽ പൊക്കിൾകൊടി ബന്ധമാണ് നിലനിൽക്കുന്നത്. ജൈവവൈവിധ്യം എന്നത് ഭൂമിയിൽ കാണപ്പെടുന്ന വ്യത്യസ്തങ്ങളായ ജീവജാലങ്ങളെയാണ് സൂചിപ്പിക്കുന്നത്. പലതരം ജീവിവർഗ്ഗങ്ങൾ, വിവിധതരം ആവാസവ്യവസ്ഥകൾ, ജനിതക വൈവിധ്യം എന്നിവ ഉൾകൊള്ളുന്നതാണ് സവിശേഷമായ പ്രകൃതി. കരയിലും വെള്ളത്തിലും ഉൾപ്പെടെ കാണപ്പെടുന്ന വിവിധതരം ആവാസവ്യവസ്ഥകൾ ജലശുദ്ധീകരണത്തിനും, പരാഗണത്തിനും, ജീവജാലങ്ങളുടെ പ്രത്യുൽപാദനത്തിനും, കാലാവസ്ഥാ നിയന്ത്രണത്തിനും, ഭക്ഷ്യ ഉത്പാദനത്തിനും നിർണായക പങ്കുവഹിക്കുന്നു. ആരോഗ്യകരമായ ജൈവവൈവിധ്യ സംരക്ഷണം സംസ്കാര സമ്പന്നമായ മനുഷ്യ വർഗ്ഗത്തിന്റെ പ്രഥമ ഉത്തരവാദിത്തമാണ്. ഇതിലൂടെ മനുഷ്യന്റെ ന്യായമായ സാമ്പത്തിക ഉപജീവനമാർഗ്ഗങ്ങൾക്കും ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾക്കും പ്രകൃതി വേദിയൊരുക്കുന്നു. വൈദ്യശാസ്ത്രത്തിനും, കൃഷിക്കും, സാങ്കേതികവിദ്യക്കുമായി ആവാസവ്യവസ്ഥകൾ അനേകം വിഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു. എന്നിട്ടും മനുഷ്യന്റെ അത്യാർത്തി കേവലം സാമ്പത്തിക ലാഭത്തിനുമായി വനനശീകരണവും, മലിനീകരണവും, കാലാവസ്ഥാ വ്യതിയാനവും വഴി ജൈവവൈവിധ്യത്തിന്റെ ധൃതഗതിയിലുള്ള വളർച്ചയുടെയും വികാസത്തിന്റെയും കടക്കൽ കത്തിവയ്ക്കുന്നു. ഇതിന്റെ ആകെ തുകയാകട്ടെ ഭൂമിയിലെ മുഴുവൻ ജീവനെയും ഭീഷണിയിലാഴ്ത്തുന്നു. അതിനാൽ ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം ഒരു പരിസ്ഥിതി പ്രശ്നമായി മാത്രം കാണരുത്. നാം ഉൾപ്പെടുന്ന മുഴുവൻ ജീവജാലങ്ങളുടെയും ആരോഗ്യത്തിനും നിലനിൽപ്പിനും ഇത് അടിസ്ഥാനമിടുന്നു എന്നുള്ള ബോധ്യവും ഉണ്ടായിരിക്കണം.
ജീവന്റെ നിലനിൽപ്പിന് ആവശ്യമായ ജലത്തിന്റെ ലഭ്യതയ്ക്കും ശുദ്ധീകരണത്തിനും ആവാസവ്യവസ്ഥകൾക്ക് നിർണായക പങ്കാണുള്ളത്. ജലത്തിൽ നിന്നും ദോഷകരമായ രാസവസ്തുക്കൾ വേർതിരിച്ചെടുക്കാനും പോഷകങ്ങൾ അടങ്ങിയ തണ്ണീർത്തടങ്ങൾ സംഭാവന ചെയ്യാനും ഇവയ്ക്കാകും. ജൈവവൈവിധ്യത്തിന്റെ മൂല്യം ആവാസ വ്യവസ്ഥയിലെ ഏറ്റവും ചെറിയ അംഗങ്ങളിലേക്ക് വരെ എത്തുന്നുണ്ട്. ബാക്ടീരിയയും ഫംഗസും പോലെ സൂക്ഷ്മജീവികൾ ചേർന്ന് വിവിധതരം സംയുക്തങ്ങളെ വിഘടിപ്പിക്കാനും പ്രകൃതിക്ക് കഴിയുന്നു. പ്രകൃതിയിലെ സ്വാഭാവികമായി കാണപ്പെടുന്ന രാസ സംയുക്തങ്ങളിൽ നിന്നാണ് നമ്മൾ ഇന്ന് ഉപയോഗിക്കുന്ന അനേകം മരുന്നുകൾ വികസിപ്പിച്ചെടുത്തത്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായ പ്രകാരം ഇന്ന് ലോകത്തിൽ ഉപയോഗിക്കുന്ന എല്ലാ അവശ്യ മരുന്നുകളിലും സസ്യമൂലകങ്ങൾ അടങ്ങിയിട്ടുണ്ട്. മനുഷ്യന്റെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത സൂക്ഷ്മജീവികൾ ഉത്പാദിപ്പിക്കുന്ന രാസ സംയുക്തങ്ങൾ വഴി ക്യാൻസർ പോലുള്ള അതിമാരകമായ അസുഖങ്ങളെ ചികിത്സിക്കാൻ കഴിയുന്ന മരുന്നുകൾ വേർതിരിച്ചെടുക്കുന്നു. ജൈവവൈവിധ്യ ശോഷണത്തോടെ പ്രകൃതിയിൽ കാണപ്പെടുന്ന അമൂല്യ രാസമൂലകങ്ങളുടെ കണ്ടെത്തലും അവ പ്രയോജനപ്പെടുത്താനുമുള്ള കഴിവും ക്രമേണ നഷ്ടപ്പെടുന്നു.
ഭൂമിയിൽ കാണപ്പെടുന്ന ഇതര സസ്യ ജന്തു വർഗ്ഗങ്ങൾ മനുഷ്യന്റെ മതവും സംസ്കാരവും ദേശീയവുമായ സ്വത്വങ്ങളിൽ കെട്ടുപിണഞ്ഞു കിടക്കുന്നതായി കാണാം. പ്രകൃതി അടങ്ങിയിട്ടില്ലാത്ത ഒരു മതവിഭാഗം പോലും ഇന്ന് ലോകത്തില്ല. 200ലധികം തരം ജീവിവർഗങ്ങൾ നൂറിലധികം രാജ്യങ്ങളുടെ ദേശീയ ചിഹ്നമായി സ്വീകരിച്ചിട്ടുണ്ട് എന്നാൽ മേൽപ്പറഞ്ഞ സംഖ്യയുടെ മൂന്നിലൊന്നും ഇനങ്ങൾ ഇന്ന് വംശനാശ ഭീഷണി നേരിടുന്നത് ദൗർഭാഗ്യകരമാണ്. പ്രകൃതിയും, പ്രകൃതി വിഭവങ്ങളും കലാകാരന്മാർക്കും, സാഹിത്യകാരന്മാർക്കും എന്നും സർഗ്ഗാത്മകതയുടെ ഉറവിടമാണ്. കൂടാതെ സംരക്ഷിത വനങ്ങൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവ വിനോദസഞ്ചാര മേഖലയും പരിപോഷിപ്പിക്കുന്നു.


ജൈവവൈവിധ്യ പ്രതിസന്ധി
ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നങ്ങളിൽ ഒന്നാണ് ജൈവവൈവിധ്യ ശോഷണം. ഈ സ്ഥിതിയുടെ പ്രധാന ഉത്തരവാദി മനുഷ്യൻ തന്നെയാണ്. മനുഷ്യന്റെ പ്രകൃതിക്ക് മേലുള്ള കടന്നുകയറ്റം മൂലം കാലാവസ്ഥാ വ്യതിയാനത്തിനും അതുവഴി സാമൂഹിക അസമത്വത്തിനും വഴിയൊരുക്കുന്നു. അമിത ഉപഭോഗം, വനനശീകരണം, വ്യാവസായിക പ്രവർത്തനങ്ങൾ ഇവയൊക്കെ ജീവജാലങ്ങളുടെ വംശനാശത്തിന് കാരണമാകുന്നു. വരുംകാലങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളിൽ നിന്നും കരകയറാൻ മനുഷ്യൻ അക്ഷീണം പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആഗോള സാമ്പത്തിക വ്യവസ്ഥയിൽ കാലുറപ്പിക്കാൻ വികസിത രാജ്യങ്ങളും, വികസ്വര രാജ്യങ്ങളും, ദരിദ്ര രാജ്യങ്ങളും പ്രകൃതിയെ ഒരുപോലെ ചൂഷണത്തിന് വിധേയപ്പെടുത്തുന്നു. കാലാവസ്ഥാ വ്യതിയാനം മനുഷ്യരാശിക്ക് മേൽ അപായമണി മുഴക്കാൻ തുടങ്ങിയിട്ട് കാലം കുറച്ച് ആയിട്ടുണ്ട്. എല്ലാത്തിനും അധിപൻ ഞാനാണെന്നുള്ള മനുഷ്യന്റെ ചിന്താഗതി വിട്ട് കണ്ണുതുറന്ന് വരാനിരിക്കുന്ന വലിയ വിപത്തിനെ നേരിടാൻ തയ്യാറെടുക്കണം. കൊടും വരൾച്ച, ഇടയ്ക്കിടെ ഉണ്ടാകുന്ന കാട്ടുതീ, ഒട്ടും പരിചയം ഇല്ലാതിരുന്നനമുക്ക് പോയ വർഷം കേരളത്തിൽ ഉണ്ടായ ഉഷ്ണതരംഗങ്ങൾ, തീവ്രമാകുന്ന പകർച്ചവ്യാധികൾ, ഭക്ഷ്യക്ഷാമം എന്നിവ വന്യജീവികൾക്കും, മനുഷ്യനും ഒരുപോലെ വിനയാകുന്നു. മാറിമറിഞ്ഞു വരുന്ന കാലാവസ്ഥയുടെ പൊരുത്തപ്പെടാൻ ജനിതകമാറ്റത്തിന് പുതിയ പരിസ്ഥിതി സമ്മർദ്ദത്തിന് വഴങ്ങാനോ അതിനും കഴിഞ്ഞില്ലെങ്കിൽ വംശനാശം അഭിമുഖീകരിക്കാനോ ജീവജാലങ്ങൾ നിർബന്ധിതരാകും.
കണക്കുകൾ പ്രകാരം ഇന്ന് ഒരു ദശലക്ഷത്തിലധികം ജീവിവർഗങ്ങൾ വംശനാശഭീഷണിയിലാണ്. സുസ്ഥിരമല്ലാത്ത കാർഷിക ഉത്പാദനവും, ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗവും ജൈവവൈവിധ്യത്തിന് പ്രാഥമിക ഭീഷണിയാകുന്നു. ആഗോളതാപനം നിലവിലെ തോതിൽ വർദ്ധിക്കുകയാണെങ്കിൽ ഭൂമിയിലെ 18 ശതമാനം ജീവജാലങ്ങൾക്കും വംശനാശം സംഭവിക്കും എന്നാണ് കരുതുന്നത്. ഇന്നത്തെ സ്ഥിതിയിൽ 30 ശതമാനം പ്രാണികളുടെ പരാഗണവും, സലമാണ്ടറുകളുടെ നിലനിൽപ്പും അപകടത്തിലാണ് കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന സമുദ്ര താപനില ഉയരൽ, മഞ്ഞുരുകൽ എന്നിവ ഏറ്റവും അപകടം നിറഞ്ഞ പരിസ്ഥിതി പ്രശ്നമായി തുടരുകയാണ്.
തിളച്ചുമറിയുന്ന അറബിക്കടൽ
ഓരോ വർഷവും ചൂട് കൂടി വരുന്നതിനാൽ കടൽ തണുക്കാൻ ഉള്ള സാധ്യതയും കുറഞ്ഞുവരികയാണ്. മുൻകാലങ്ങളിൽ 20 ദിവസം വരെ മാത്രമുണ്ടായിരുന്ന കടൽ താപനിലയാണ് ഇപ്പോൾ പരിധിവിട്ട് ഉയർന്നിരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്താൽ 12 മടങ്ങ് വരെ ചൂട് വർദ്ധിച്ച് 220 മുതൽ 250 ദിവസം വരെ കടൽ താപനില ഉയർന്നു നിൽക്കും. അങ്ങനെ വന്നാൽ ചുഴലിക്കാറ്റുകളുടെ എണ്ണവും, തീവ്രതയും വർദ്ധിക്കും. പ്രളയ സാധ്യതയും തള്ളിക്കളയാൻ ആവില്ല. പവിഴപ്പുറ്റുകൾ ഉൾപ്പെടെ സമുദ്രത്തിലെ സസ്യങ്ങൾ നശിച്ച്, ചീഞ്ഞ് കടലിന്റെ നിറം മാറുന്ന പ്രവണത ഇപ്പോൾ തന്നെ കണ്ടുവരുന്നുണ്ട്. ഇത് മത്സ്യ സമ്പത്തിന്റെ വളർച്ചയെയും, പ്രത്യുൽപാദനത്തെയും സാരമായി ബാധിക്കും. ചൂട് കൂടുന്നതിന് അനുസരിച്ച് വെള്ളത്തിന്റെ പി എച്ച് (pH) മൂല്യം കുറഞ്, അമ്ലത്വം കൂടി കടലിലെ മുഴുവൻ ആവാസ വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും.
കാലാവസ്ഥാ വ്യതിയാനം മൂലം അടുത്തിടെ വംശനാശം സംഭവിച്ച ജീവിയാണ് മൊസൈക്ക് ടെയിൽഡ് റാറ്റ് (Bramble Cay Melomys). ബ്രാമ്പിൾ കേ എന്ന ദ്വീപിൽ മാത്രം കാണപ്പെട്ടിരുന്ന ഇവയുടെ ആവാസവ്യവസ്ഥ സമുദ്രനിരപ്പ് ഉയർന്ന സാഹചര്യത്തിൽ നശിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം ഭൂമിയിൽ നിന്നും തുടച്ചുനീക്കപ്പെട്ട ആദ്യത്തെ സസ്തനിയും ഈ എലിയാണ്. പസഫിക്കിലെ ഏറ്റവും വലിയ സാൽമൺ ആയ ചിനൂക് സാൽമൺ ഇന്ന് വംശനാശഭീഷണിയിലാണ്. പ്രത്യുൽപാദനം നടത്താൻ കഴിയാതെ വംശനാശം സംഭവിച്ച ‘ഗോൾഡൻ റ്റോഡ്’, ‘പച്ചക്കടലാമ’ എന്നിവ കാലാവസ്ഥാ വ്യതിയാനം മൂലം അപകട ഭീഷണി നേരിടുന്ന ജീവികളിൽ ചുരുക്കം ചിലത് മാത്രമാണ്. മഞ്ഞ് ഉരുകുന്നതുമൂലം ജീവൻ അപകടത്തിൽ ആയ പ്രശസ്തമായ ധ്രുവക്കരടികളുടെ അനുഭവങ്ങളും നാം മറന്നുകൂടാ. ഭൂമിയിൽ ഉടനീളം ഉള്ള ജീവജാലങ്ങൾ കാലാവസ്ഥാ വ്യതിയാനം മൂലം പ്രത്യുൽപാദനം നടത്താൻ കഴിയാതെയും, ആവാസവ്യവസ്ഥ നഷ്ടപ്പെട്ടും ഭക്ഷ്യസ്രോതസ്സുകളുടെ കുറവുമൂലവും ജീവൻ-മരണ പോരാട്ടത്തിലാണ്. ആഗോളതാപനം ഈ രീതിയിൽ മുന്നോട്ടു പോയാൽ കൂടുതൽ ജീവജാലങ്ങൾ ദുർബലമാകാനും, വംശനാശത്തിലെത്താനും സാധ്യതയുണ്ട്.


COP-29 ഉച്ചകോടിയും ‘കാലാവസ്ഥ നീതിയും’
ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് COP-29 സമ്മേളിച്ചത്. അംഗരാജ്യങ്ങളുടെ തീരുമാനങ്ങൾ പാഴ്വാക്കുകളായി മാറുന്ന സ്ഥിതിയാണ് ഇതുവരെയും നാം കണ്ടത്. ഫോസിൽ ഇന്ധനങ്ങളുടെ കയറ്റുമതിയിലും കാർബൺ ബഹിർഗമനത്തിലും ഒട്ടും പിന്നിലല്ലാത്ത അസർബൈജാൻ എന്ന രാജ്യത്ത് കാലാവസ്ഥാ വ്യത്യാനത്തിനെതിരെ ആത്മാർത്ഥമായ ചർച്ചകളും തീരുമാനങ്ങളും ഉണ്ടാകുമോ എന്ന ആശങ്കയിലായിരുന്നു ലോകജനത. ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സമ്മേളനമായ കോൺഫറൻസ് ഓഫ് പാർട്ടീസ് (COP) എന്ന പേരിൽ നടക്കുന്ന ഈ സമ്മേളനത്തിന്റെ 29 ആം പതിപ്പാണ് നവംബർ മാസം 11 മുതൽ 22 വരെ അസർബൈജാനിലെ ബാക്കൂവിൽ വച്ച് നടന്നത്.
ഓരോ രാജ്യങ്ങളും തങ്ങളുടെ സുഗമമായ ഗതാഗതത്തിനും വ്യവസായ വളർച്ചക്കും, വികസനം ത്വരിതപ്പെടുത്താനും ഫോസിൽ ഇന്ധനങ്ങളിലേക്ക് മാറി. വ്യാവസായിക വിപ്ലവത്തിന് ശേഷം ഏറ്റവും വലിയ മുതലാളിത്ത രാജ്യമായ അമേരിക്കയും ഒപ്പം യൂറോപ്യൻ രാജ്യങ്ങളും ചേർന്ന് 60 ശതമാനം ഹരിതഗൃഹ വാതകങ്ങളാണ് പുറന്തള്ളിയത്. ലോകരാജ്യങ്ങൾ വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നോട്ടുപോകുമ്പോൾ അതുവഴി ഉടലെടുത്ത അതിതീവ്ര കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം കൂടുതൽ അനുഭവിക്കുന്നതും ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളാണ്. ആഗോളതാപനത്തിന്റെ ദുരിതങ്ങൾ ദരിദ്ര രാഷ്ട്രങ്ങളും തദ്ദേശീയ ജനവിഭാഗങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആഗോളതാപനം മൂലം ഉണ്ടാകുന്ന അതിതീവ്ര കാലാവസ്ഥാ വ്യതിയാനവും അതുവഴി ഉണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും വഴി ഇത്തരം രാജ്യങ്ങൾക്ക് പ്രതിവർഷം 50000 കോടി ഡോളറിന്റെ നഷ്ടമാണ് ഉണ്ടാകുന്നത്. COP-29 ൽ ധാരണയായ പ്രതിവർഷ തുക ഈ ദരിദ്ര രാജ്യങ്ങൾക്ക് അപര്യാപ്തവും ആണ്. ഇവിടെയാണ് നിഷേധിക്കപ്പെടുന്ന കാലാവസ്ഥ നീതിയെ പറ്റി ചർച്ചകൾ ഉയർന്നുവരുന്നത്. ആഗോള പാരിസ്ഥിതിക നാശത്തെ അഭിസംബോധന ചെയ്യാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥർ ആണെങ്കിലും തുല്യ ഉത്തരവാദികളല്ല. ആഗോളതാപനത്തിന് ഏറ്റവും കൂടുതൽ കാരണക്കാരായ വികസിത രാജ്യങ്ങൾക്ക് ലോക ജനതയെ ഈ ദുരവസ്ഥയിൽ എത്തിച്ചതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനും ആവില്ല. പ്രകൃതിയിലെ ഏതുതരം വിഭവത്തെയും വെറും കച്ചവട ചരക്കായി മാത്രം കാണുന്ന മുതലാളിത്ത രാജ്യങ്ങൾ ആഗോള മനുഷ്യരാശിക്കും ഭൂമിക്കും ഒരേ സമയം വെല്ലുവിളി ഉയർത്തുന്നു. കാർബൺ ബഹിർഗമനത്തിൽ അധിഷ്ഠിതമായ പാശ്ചാത്യ വികസന കാഴ്ചപ്പാടുകൾ മാനവരാശിക്കും മറ്റ് ജൈവസമ്പത്തിനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. വികസിത രാജ്യങ്ങൾ സകല സീമകളും ലംഘിച്ചുകൊണ്ട് ഫോസിൽ ഇന്ധനങ്ങൾ അതിവേഗം ഉപയോഗിച്ച് കാർബൺ പുറന്തള്ളുന്നു. ആഗോള വേദികളിലും സമ്മേളനങ്ങളിലും ലോക നേതാക്കൾ നടത്തുന്ന പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും വെള്ളത്തിൽ വരച്ച വര പോലെ മാറുന്നു. സമൂഹത്തിലെ ദരിദ്രരും സാധാരണ ജനങ്ങളും പ്രകൃതി ചൂഷണത്തിന്റെ ഇരകളായി മാറുന്നതുവഴി പരിസ്ഥിതി സമത്വവും നീതിയും ഇവർക്ക് നിഷേധിക്കപ്പെടുകയാണ്. ഒരേസമയം ലോകജനത മുതലാളിത്തത്തെ പ്രകൃതിക്കിണങ്ങും വിധം നവീകരിക്കാൻ ആവശ്യപ്പെടുന്നതോടൊപ്പം കാലാവസ്ഥാ വ്യതിയാനത്തിന്റെ അനീതികൾക്കെതിരെ പോരാടുകയും വേണം.


കാലാവസ്ഥാ വ്യതിയാനം: ഇന്ത്യൻ പശ്ചാത്തലം
കാലാവസ്ഥാ വ്യതിയാനവും, ജനസംഖ്യ വർദ്ധനവും, അശാസ്ത്രീയ നഗരവൽക്കരണവും ഒക്കെയാണ് ഇന്ന് ഇന്ത്യയിൽ കാണപ്പെടുന്ന പ്രകൃതി പ്രതിഭാസങ്ങൾക്ക് പ്രധാന കാരണം. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പല ലക്ഷണങ്ങളും ഇന്ത്യയിലും കണ്ടു തുടങ്ങിയിട്ടുണ്ട്. പോയ വർഷം തീവ്ര ഇടിമിന്നലും, മഴക്കെടുതിയും, ഉഷ്ണ-ശീത തരംഗങ്ങളും, മേഘവിസ്ഫോടനങ്ങളും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ കാണപ്പെട്ടു. പോയ വർഷം ഇടവപ്പാതി ഒരാഴ്ച വൈകിയാണ് ഇന്ത്യയിൽ എത്തിയത്. ശരാശരിയുടെ 94 ശതമാനം മഴ രാജ്യത്ത് ലഭ്യമായിരുന്നു എങ്കിലും കേരളത്തിൽ 34 ശതമാനം മഴക്കുറവാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തിയത്. തുലാവർഷത്തിൽ ഇന്ത്യയിൽ ഒമ്പത് ശതമാനം മഴ കുറവ് ഉണ്ടായെങ്കിലും കേരളത്തിൽ 27 ശതമാനം അധികമഴ ലഭ്യമായി. അപ്രതീക്ഷിതമായി രൂപപ്പെട്ട ‘മിഗ്ഗ് ജാം’ ചുഴലിക്കാറ്റ് മൂലം ആന്ധ്രയിലും തമിഴ്നാട്ടിലും അതിതീവ്ര മഴ ലഭിച്ചു. ഇത്തവണ ഡൽഹിയിൽ രണ്ടാഴ്ചയോളം ഊഷ്മാവ് അഞ്ച് ഡിഗ്രി സെൽഷ്യസിലും താഴെയായിരുന്നു. ശീതതരംഗം 12 മുതൽ 16 ദിവസങ്ങൾ വരെ നീണ്ടുനിൽക്കുന്ന സ്ഥിതിയുണ്ടായി. കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ ഭൂപ്രകൃതിയും, കാലാവസ്ഥയും അനുസരിച്ച് ചൂടിന് ഏറ്റക്കുറച്ചിൽ അനുഭവപ്പെട്ടിരുന്നു എങ്കിലും ഇത്തവണ മിക്ക ജില്ലകളിലും ചൂട് 40 ഡിഗ്രി കടന്നു. പുറം രാജ്യങ്ങളിൽ കണ്ടിരുന്ന, കേരളീയർക്ക് കേട്ട് കേൾവി മാത്രമായിരുന്ന ഉഷ്ണ തരംഗങ്ങൾ നമ്മുടെ നാട്ടിലും എത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം തന്നെയാണ് മാറിവരുന്ന ഇത്തരം പ്രതിഭാസങ്ങൾക്ക് അടിസ്ഥാന കാരണം. ദക്ഷിണേന്ത്യയും അറബിക്കടലും ഉൾപ്പെടുന്ന പ്രദേശത്ത് അതിമർദ്ദ മേഖല രൂപപ്പെട്ടതാണ് കേരളത്തിൽ വേനൽമഴയുടെ കുറവിന്റെയും, ഉഷ്ണ തരംഗങ്ങളുടെയും കാരണമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ കണ്ടെത്തൽ.
വരുംകാലങ്ങളിൽ രാജ്യത്ത് അസാധാരണവും അത്ഭുതപൂർവ്വമായ ചൂടുള്ള കാലാവസ്ഥ നാം പ്രതീക്ഷിക്കണം. അങ്ങനെ വന്നാൽ ഇന്ത്യയുടെ വേനൽക്കാല മൺസൂണിനെ പ്രവചനാതീതമാക്കും, ഇത് ഇന്ത്യയുടെ ഭൂരിഭാഗങ്ങളിൽ വരൾച്ചയ്ക്കും വലിയ വെള്ളപ്പൊക്കത്തിനും കാരണമാകും. 2040-ടെ കനത്ത ചൂട് കാരണം വിളവ് ഗണ്യമായി കുറയും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഭാവിയിൽ ഭൂഗർഭ ജലനിരപ്പ് പ്രവചിക്കാൻ ബുദ്ധിമുട്ടുമെന്നിരിക്കെ ജനസംഖ്യ വർദ്ധനവും, സമ്പന്നമായ ജീവിതരീതികൾക്കും, വ്യവസായങ്ങൾക്കും ആവശ്യമായ ജലസ്രോതസ്സുകൾ രാജ്യത്ത് കുറയുകയും ചെയ്യും. ഇതിനായി ഭൂഗർഭ ജലസ്രോതസ്സുകളുടെ കാര്യക്ഷമമായ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. വരൾച്ചയെ പ്രതിരോധിക്കാൻ ശേഷിയുള്ള വിളകളുടെ ഗവേഷണവും ഉൽപാദനവും വരും കാലങ്ങളിൽ പ്രോത്സാഹിപ്പിക്കണം. കാലാവസ്ഥ പ്രവചനത്തിനുള്ള ജല-കാലാവസ്ഥ സംവിധാനങ്ങളും, മുന്നറിയിപ്പ് സംവിധാനങ്ങളും മെച്ചപ്പെടുത്തണം. രാജ്യത്ത് വർദ്ധിച്ചുവരുന്ന ജനസംഖ്യ വർദ്ധനവ് ഗൗരവമായി കാണേണ്ടതുണ്ട്. അടിയന്തരമായി ബിൽഡിംഗ് കോഡും, കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ ഒഴിവാക്കാൻ നഗര ആസൂത്രണവും നടപ്പിലാക്കിയാൽ രാജ്യത്ത് വരാനിരിക്കുന്ന പ്രതികൂല പ്രത്യാഘാതങ്ങൾ ഏറെക്കുറെ കുറയ്ക്കാൻ സാധിക്കും.


കാലാവസ്ഥാ വ്യതിയാനവും അതുമൂലം ഉണ്ടാകുന്ന ജൈവവിധ്യ നാശത്തിന്റെയും പ്രതിസന്ധികൾ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഭൂമിക്കും പ്രകൃതിക്കും ഭാവി തലമുറയ്ക്കും ഭീഷണികൾ ഉയർത്തുന്നു. ആമസോൺ കാടുകളിൽ ആയാലും ന്യൂയോർക്ക് വൻ നഗരങ്ങളിൽ ആയാലും ജന്തുജാലങ്ങൾ പ്രത്യേകിച്ച് മനുഷ്യൻ ആശ്രയിക്കുന്നത് ജലത്തെയും, മണ്ണിനെയും, ഭക്ഷണത്തെയും, മരുന്നിനെയും ഒക്കെ തന്നെയാണ്. ആയതിനാൽ ഈ ഭീഷണികൾ ലഘൂകരിക്കുന്നതിന് ഹരിതഗൃഹ വാതകങ്ങളുടെ ഉദ്വമനം കുറയ്ക്കുന്നതും, നിർണായകമായ ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും, പുനഃസ്ഥാപിക്കുന്നതിനും സുസ്ഥിരമായ നടപടികൾ ഏകോപിതമായി ആഗോളതലത്തിൽ സ്വീകരിക്കണം. നമുക്കുചുറ്റുമുള്ള ജൈവവൈവിധ്യത്തിന്റെ ഭാവിയും കാലാവസ്ഥാ സ്ഥിരതയും വെവ്വേറെ ലക്ഷ്യങ്ങൾ അല്ല, മറിച്ച് സുസ്ഥിരവും ആരോഗ്യമുള്ളതുമായ ഒരു ലോകത്തിന്റെ അടിസ്ഥാനമാണെന്ന് കരുതി ജൈവവൈവിധ്യത്തെ സംരക്ഷിച്ച് ഭൂമിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിലൂടെ നമുക്ക് അഭിവൃത്തിയുള്ള ഒരു പുത്തൻതലമുറയെ സൃഷ്ടിച്ചെടുക്കാൻ കഴിയണം.
(റ്റി ഷാഹുൽ ഹമീദ് പരിസ്ഥിതി ഉപന്യാസ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഉപന്യാസം. കേരള സർവകലാശാലയിൽ ബോട്ടണി വിഭാഗത്തിൽ ഗവേഷകനാണ് ലേഖകൻ.)