മാറുന്ന കാലാവസ്ഥയും ആളൊഴിഞ്ഞ പ്രേത ​ഗ്രാമങ്ങളും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

“കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല സമ്മർദ്ദങ്ങൾ എല്ലായിടത്തും കുടിയേറ്റത്തെ സ്വാധീനിച്ചു തുടങ്ങിയിരിക്കുന്നു. ആഗോള സമൂഹത്തിന് ഇനി അധികകാലം കാലാവസ്ഥാ മാറ്റത്തെ പരിഗണിക്കാതെ വികസന പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കില്ല.” (ഐ.ഒ.എം, 2019). കുടിയേറ്റ ജനതയ്ക്കും സർക്കാരുകൾക്കും വേണ്ട സഹായങ്ങൾ നൽകുന്ന അന്താരാഷ്ട്ര സംഘടനയായ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ (ഐ.ഒ.എം) ഡയറക്ടർ ജനറൽ അന്റോണിയോ വിറ്റോറിനോയുടെ വാക്കുകളാണിത്. കാലാവസ്ഥാ വ്യതിയാനം കാരണം സംഭവിക്കുന്ന വലിയൊരു വിപത്തായി മാറിയിരിക്കുകയാണ് ആളുകൾ സ്വന്തം നാടുപേക്ഷിച്ച് മറ്റുസ്ഥലങ്ങളിലേക്ക് മാറേണ്ടി വരുന്ന കുടിയേറ്റങ്ങൾ. ഈജിപ്തിലെ ശറമുൽ ഷെയ്ഖിൽ അവസാനിച്ച കോപ് 27 കാലാവസ്ഥാ ഉച്ചകോടിയിലും കാലാവസ്ഥാ കുടിയേറ്റത്തെ സംബന്ധിച്ച് നിരവധി സമാന്തര ചർച്ചകൾ നടന്നിരുന്നു. കോപ് 27 ന് മുന്നോടിയായി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐ.എം.ഒ) പുറത്തിറക്കിയ റിപ്പോർട്ടും (People on the Move in a Changing Climate – Linking Policy, Evidence and Action) കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന കുടിയേറ്റത്തെ നയപരമായി നേരിടുന്നതിനുള്ള ശുപാർശകളും, പ്രായോഗിക ഉദാഹരണങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്. മിക്ക സർക്കാരുകൾക്കും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന കുടിയേറ്റത്തെ പരിഗണിക്കാൻ പര്യാപ്തമായ സംവിധാനങ്ങൾ ഇല്ല എന്നും ഈ റിപ്പോർട്ട് പറയുന്നു. എന്നാൽ ലോകം അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധിയായ കാലാവസ്ഥാ കുടിയേറ്റത്തെ നേരിടുന്നതിനായി പ്രത്യേക നയപരിപാടികളൊന്നും പ്രഖ്യാപിക്കാതെയാണ് കോപ് 27 ഉച്ചകോടി അവസാനിച്ചത് എന്നും ആഫ്രിക്ക-ഏഷ്യ വൻകരകളിലെ രാജ്യങ്ങൾ പരാതിപ്പെടുന്നു.

കാലാവസ്ഥാ അഭയാർത്ഥികൾക്ക് ധനസഹായവും നഷ്ടപരിഹാരവും നൽകണം എന്നാവശ്യപ്പെട്ട് 2022 നവംബർ 12 ന് ലണ്ടനിൽ നടന്ന മാർച്ച്. കടപ്പാട്: ഗെറ്റി ഇമേജ്

കുടിയേറ്റം എന്ന തീരുമാനത്തിലേക്ക് മനുഷ്യരെ നയിക്കുന്ന കാരണങ്ങളിലൊന്നായി കാലാവസ്ഥാ മാറ്റത്തെ അംഗീകരിക്കാൻ അടുത്തകാലം വരെ ലോകരാഷ്ട്രങ്ങൾ സന്നദ്ധരായിരുന്നില്ല. എന്നാലിന്ന് കാലാവസ്ഥാ അഭയാർത്ഥികളുടെ പലായനങ്ങൾ കൺമുന്നിൽ തന്നെ സംഭവിക്കാൻ തുടങ്ങിയതോടെ ലോകം അത് ഗൗരവത്തോടെ പരിഗണിക്കാൻ ആരംഭിച്ചു. 2021ൽ പുറത്തുവന്ന ലോക ബാങ്കിന്റെ ഗ്രൗണ്ട്സ് വെൽ റിപ്പോർട്ട് പറയുന്ന കണക്കുകൾ ഈ കുടിയേറ്റങ്ങൾ ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ടതാണ് എന്ന കാര്യം ഒന്നുകൂടി ഉറപ്പിക്കുന്നു. 2050 ആകുമ്പോഴേക്കും ആറു മേഖലകളിലായി 216 മില്യണിലധികം ആളുകൾ കാലാവസ്ഥാ വ്യതിയാനം കാരണം രാജ്യത്തിനകത്തുതന്നെയുള്ള മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറുമെന്നാണ് ഈ റിപ്പോർട്ട് പറയുന്നത്. ഈ കാലയളവിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ മാത്രം 40 മില്യൺ കാലാവസ്ഥാ കുടിയേറ്റക്കാർ ഉണ്ടാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ദക്ഷിണേഷ്യൻ രാജ്യമായ ഇന്ത്യയും വളരെ ഗൗരവത്തോടെ പരിഗണിക്കേണ്ട കണക്കുകളാണിത്. കാലാവസ്ഥാ കുടിയേറ്റമെന്നത് ലോകത്തിന്റെ മറ്റേതോ പ്രദേശത്ത് സംഭവിക്കുന്ന ഒന്നാണ് എന്ന ഉപേക്ഷയോടെയാണ് ഇന്ത്യയും ഈ വിഷയത്തെ സമീപിക്കുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്ന കുടിയേറ്റം കാരണം ആൾപ്പാർപ്പില്ലാതാകുന്ന ‘പ്രേത ഗ്രാമങ്ങൾ’ (ഗോസ്റ്റ് വില്ലേജസ്) ഹിമാലയൻ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ വർഷംതോറും കൂടിവരുന്നു എന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് ഇന്ത്യ ഭാവിയിൽ അഭിമുഖീകരിക്കാൻ പോകുന്ന മറ്റൊരു പ്രതിഭാസത്തെയും പ്രതിസന്ധിയെയും കുറിച്ചാണ്.

കാലാവസ്ഥാ അഭയാർത്ഥികളെക്കുറിച്ചുള്ള ലോകബാങ്ക് റിപ്പോർട്ടിന്റെ ​ഗ്രാഫിക്സ്. കടപ്പാട്: സ്റ്റാറ്റിസ്റ്റ

പ്രേത ഗ്രാമങ്ങളുണ്ടാകുന്നു

ഉത്തർപ്രദേശിലെ 13 ഉത്തര-പശ്ചിമ ജില്ലകളെ ഉൾപ്പെടുത്തി 2000ൽ രൂപീകരിച്ച ഉത്തരാഖണ്ഡ് സംസ്ഥാനം ഹിമാലയൻ മലനിരകളോട് ചേർന്നു കിടക്കുന്ന, ദൃശ്യഭംഗിയുള്ള ഒരു ഭൂപ്രദേശമാണ്. ഉത്തരാഖണ്ഡിലെ ഭൂപ്രകൃതി പർവ്വത പ്രദേശമെന്നും സമതല പ്രദേശമെന്നും രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. സമതല പ്രദേശത്തെ ജില്ലകളായ ഡെറാഡൂൺ, ഹരിദ്വാർ, ഉധം സിംഗ് നഗർ എന്നിവ നഗരങ്ങളാണ്. എന്നാൽ ബാക്കിയുള്ള പത്ത് ജില്ലകളായ അൽമോറ, ബാഗേശ്വർ, ചമോലി, ചമ്പാവത്, നൈനിറ്റാൾ, പൗരിഗർവാൾ, പിത്തോരാഗഡ്, രുദ്രപ്രയാഗ്, തെഹ്‌രി, ഉത്തരകാശി തുടങ്ങിയ പർവ്വത പ്രദേശങ്ങളിലുള്ള ജില്ലകൾ പൂർണ്ണമായും ഗ്രാമങ്ങളാണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം പകുതി (48.0 ശതമാനം) ഈ പർവ്വത പ്രദേശങ്ങളിലുള്ളവരും അവരിൽ ഭൂരിഭാഗവും (85.0 ശതമാനം) ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരുമാണ്. ഗ്രാമങ്ങളിലുള്ളവരുടെ പ്രധാന ഉപജീവന മാർഗം കൃഷിയാണ്. എന്നാൽ താപനിലയിലുണ്ടായ വർധനവ്, മഞ്ഞുപാളികൾ ഉരുകുന്നതിന്റെ തോത് കൂടുന്നത്, മഴ ലഭ്യതയിലുണ്ടാകുന്ന വ്യത്യാസം എന്നിവ കാരണം കാർഷിക ഉത്പാദനത്തിലുണ്ടായ ഇടിവ് നഗരങ്ങളിലേക്കുള്ള കുടിയേറ്റത്തിന് കാരണമായി. ഇത്തരത്തിൽ കൃഷിയും വീടും ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചത് മൂലം ഉത്തരാഖണ്ഡിലെ പല ഗ്രാമങ്ങളിലും ആൾത്താമസം പൂർണ്ണമായും ഇല്ലാതായി. ഉത്തരാഖണ്ഡിലെ കുടിയേറ്റത്തിന്റെ 70 ശതമാനത്തോളം ഇത്തരത്തിൽ പർവ്വത പ്രദേശങ്ങളിൽ നിന്നും സമതല-നഗര പ്രദേശങ്ങളിലേക്കുള്ള ആന്തരിക കുടിയേറ്റമാണ്. സംസ്ഥാനത്തെ മലയോര ജില്ലകളിലെ ജനസംഖ്യ 2001-ൽ 53 ശതമാനം ആയിരുന്നത് 2011-ൽ 48 ശതമാനം ആയി കുറഞ്ഞു.

ഉത്തരാഖണ്ഡിലെ ഒരു ​ഗ്രാമം

ഗ്രാമപ്രദേശങ്ങളിൽ ഉപജീവന മാർഗത്തിനുള്ള സാധ്യതകൾ കുറയുന്നതാണ് ഗ്രാമങ്ങൾ ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് പോകാൻ ഗ്രാമീണരെ നിർബന്ധിതരാക്കുന്ന ഘടകം. കുടിയേറ്റം കാരണം കൃഷിഭൂമികൾ തരിശായിത്തീരുന്നത് തൊഴിലുകളുടെ എണ്ണം കുറയുന്നതിനും വരുമാനം കുറയുന്നതിനും കാരണമാവുകയും അത് വീണ്ടും കുടിയേറ്റത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. 2011ലെ സെൻസസ് പ്രകാരം ഉത്തരാഖണ്ഡിലെ 16,793 ഗ്രാമങ്ങളിൽ 1,048 എണ്ണം ജനവാസമില്ലാത്തതായി മാറി. റൂറൽ ഡെവലപ്‌മെന്റ് ആൻഡ് മൈഗ്രേഷൻ കമ്മീഷൻ 2018ൽ നടത്തിയ സർവേ പ്രകാരം 2011 മുതൽ സംസ്ഥാനത്തെ 734 വില്ലേജുകൾ ജനവാസമില്ലാത്തതായി മാറിയിരിക്കുന്നു (റൂറൽ ഡെവലപ്‌മെന്റ് ആൻഡ് മൈഗ്രേഷൻ കമ്മീഷൻ, 2018). സംസ്ഥാനത്ത് പതിമൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഇത്തരം ആൾത്താമസമില്ലാത്ത ഗ്രാമങ്ങളാണ് ‘പ്രേത ഗ്രാമങ്ങൾ’ എന്ന് വിളിക്കപ്പെടുന്നത്.

 കുടിയേറ്റവും കാലാവസ്ഥാ വ്യതിയാനവും

ഉത്തരാഖണ്ഡിനെ സംബന്ധിച്ച് കുടിയേറ്റത്തേയും കാലാവസ്ഥയേയും തമ്മിൽ ബന്ധിപ്പിക്കുന്നത് കൃഷിയാണ്. ഉത്തരാഖണ്ഡിലെ പർവ്വത മേഖലയിലുള്ളവർ ഭൂമി, മഴ, വനം എന്നിവയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തരായിരുന്ന ഈ ഗ്രാമങ്ങളിൽ അടുത്ത കാലത്തായി കാലാവസ്ഥാ വ്യതിയാനം കാരണം കാർഷിക ഉൽപ്പാദനം കുറഞ്ഞുവെന്ന് മാത്രമല്ല, സ്വന്തം ഭക്ഷണത്തിനാവശ്യമായ വിളകൾ പോലും ഉത്പാദിപ്പിക്കപ്പെടുന്നില്ല.

“ഉത്തരാഖണ്ഡിലെ ജനങ്ങളുടെ കുടിയേറ്റ വ്യാപ്തി കൂട്ടുന്നതിൽ കാലാവസ്ഥാ വ്യതിയാന ഭീഷണി വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം കാർഷികമേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഉത്തരാഖണ്ഡിലെ കുടിയേറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉത്പാദനം വലിയതോതിൽ ഇല്ലായിരുന്നെങ്കിലും ജനസംഖ്യയുടെ 70 ശതമാനവും മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്നവരാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കാലാവസ്ഥാ വ്യതിയാനം കാരണം കാർഷിക ഉൽപാദനക്ഷമതയിൽ വീണ്ടും ഇടിവുണ്ടാകുന്നത് കുടിയേറ്റം വർദ്ധിപ്പിക്കുന്നതിന് കാരണമായി. മഴ ലഭിക്കുന്ന കാലയളവിലുള്ള വത്യാസവും, മഴയുടെ അളവ് കുറഞ്ഞതും വിളകളുടെ ഉൽപ്പാദന ക്ഷമത കുറയുന്നതിന് കാരണമായിട്ടുണ്ട്. പല പർവത പ്രദേശങ്ങളിലേയും ഏകജലസ്രോതസായ നീരുറവകൾ കാലാവസ്ഥാ വ്യതിയാനം മൂലം വരണ്ടുണങ്ങിയ അവസ്ഥയിലാണ്. ഇതൊക്കെ കാലാവസ്ഥാ ആഘാതങ്ങളും, ഉപജീവന മാർഗവും, കുടിയേറ്റവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ വടക്കും പടിഞ്ഞാറും, മധ്യഭാഗത്തുമുള്ള മലയോര ജില്ലകളിലെ ജനസംഖ്യയുടെ ഭൂരിഭാഗവും മഴയെ ആശ്രയിച്ച് കൃഷിയിലേർപ്പെടുന്നവരാണ്. അത്തരം കർഷകരുടെ ഉപജീവന മാർഗമായ ക‍ൃഷിക്ക് കാലാവസ്ഥ വ്യതിയാനം ഭീഷണിയായിത്തീരുകയും പർവ്വത മേഖലകളിൽ നിന്ന് സമതല ജില്ലകളിലേക്കുള്ള കുടിയേറ്റത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.” ടെറി (The Energy And Resource Institute) എന്ന ​ഗവേഷണ സ്ഥാപനം ഉത്തരാഖണ്ഡിലെ കാലാവസ്ഥാ വ്യതിയാനവും കുടിയേറ്റവുമായി ബന്ധപ്പെട്ട് നടത്തിയ ‘Locked Houses Fallow Land Climate change and migration in Uttarakhand, India’ എന്ന പഠന റിപ്പോർട്ട് കാലാവസ്ഥാ വ്യതിയാനവും കുടിയേറ്റവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു.

‌‌ടെറി റിപ്പോർട്ടിൽ നിന്നുള്ള ചിത്രം

കാലാവസ്ഥയുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങൾക്ക് വിധേയമാക്കപ്പെടുന്ന ഒന്നാണ് ‌ഉത്തരാഖണ്ഡിന്റെ വൈവിധ്യമാർന്ന ഭൂമിശാസ്ത്ര ഘടന. പർവ്വത പ്രദേശങ്ങളിൽ എലവേഷൻ ഡിപൻഡന്റ് വാമിംഗ് (EDW) മൂലം താപനിലയിൽ പെട്ടെന്ന് മാറ്റങ്ങൾ ഉണ്ടാകുകയും മുൻപ് മഞ്ഞ് മൂടിയ പർവ്വതനിരകളിൽ പോലും മഞ്ഞ് ഉരുകുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഇത്തരത്തിൽ മാറുന്ന കാലാവസ്ഥാ സാഹചര്യങ്ങൾ കൂടുതൽ വരൾച്ചയിലേക്കും തീവ്രതയുള്ള മഴയുടെ വർദ്ധനവിലേക്കും നയിക്കുന്നു. 1911 മുതൽ 2011 വരെയുള്ള കാലയളവ് പരിശോധിച്ചാൽ ഉത്തരാഖണ്ഡിലെ ശരാശരി വാർഷിക താപനില 0.46 സെൽഷ്യസ് വർധിച്ചതായി കാണാം. ഇതിൽത്തന്നെ മലയോര ജില്ലകളായ ഉത്തരകാശി, ചമോലി, രുദ്രപ്രയാഗ്, പിത്തോരാഗഡ് എന്നിവടങ്ങളിലെ താപനിലയിൽ ഗണ്യമായ വർദ്ധനവുണ്ടായപ്പോൾ ഹരിദ്വാർ, ഡെറാഡൂൺ, പൗരി ഗർവാൾ എന്നിവടങ്ങളിൽ താപനില വ‍ർധന മറ്റിടങ്ങളേക്കാൾ കുറവാണ്. ശൈത്യകാല മാസങ്ങളായ നവംബർ, ഡിസംബർ, ഫെബ്രുവരി മാസങ്ങളിൽ താപനിലയിൽ പരമാവധി വർദ്ധനവ് രേഖപ്പെടുത്തുകയും എന്നാൽ മൺസൂൺ മാസങ്ങളായ ജൂൺ, ജൂലൈ, ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ തണുത്ത കാലാവസ്ഥയുമാണ് എന്നതാണ് ശരാശരി വാർഷിക താപനിലയേക്കാൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. മഴയിലുണ്ടാകുന്ന വത്യാസമാണ് ഉത്തരാഖണ്ഡിലെ കാലാവസ്ഥമാറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. മഴയിലുണ്ടാകുന്ന വലിയ വത്യാസങ്ങൾ ഒന്നുകിൽ വരൾച്ച അല്ലെങ്കിൽ വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. ഹരിദ്വാർ ഒഴിച്ച് മറ്റെല്ലാ ജില്ലകളിലും മഴയുടെ ലഭ്യതയിൽ വൻ കുറവാണ് രേഖപ്പെടുത്തിയതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 1951 മുതൽ 2013 വരെയുള്ള കാലയളവിൽ ഉത്തരാഖണ്ഡിലെ ജില്ലകളിലുടനീളമുള്ള വാർഷിക മഴയുടെ വ്യതിയാനം 20-36 ശതമാനം വരെയാണ് (INRM, 2016a). സംസ്ഥാനത്തിന്റെ മലയോര പ്രദേശങ്ങളിൽ ഇത്തരത്തിൽ കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ രൂക്ഷമായി അനുഭവപ്പെടുന്നതാണ് ഈ മേഖലയിൽ നിന്നുള്ള കുടിയേറ്റത്തിന്റെ തീവ്രത കൂട്ടുന്നത്.

1991-2001ലെയും 2001-2011 ലെയും സെൻസസ് റിപ്പോർട്ട് പ്രകാരം ഉത്തരാഖണ്ഡിലെ വിവിധ ജില്ലകളിലെ ജനസംഖ്യയിൽ വന്ന വ്യത്യാസം. അവലംബം: ടെറി റിപ്പോർട്ട്

കുടിയേറ്റത്തിലേക്ക് നയിക്കുന്ന മറ്റ് കാരണങ്ങൾ

ആയിരത്തിലധികം പ്രേതഗ്രാമങ്ങൾ ഉത്തരാഖണ്ഡിലെ പർവ്വത മേഖലകളിലുണ്ടെന്നാണ് 2011 സെൻസസ് പറയുന്നത്. ഇത്തരം വില്ലേജുകളുടെ എണ്ണം കൂടുന്നുവെന്ന് ഐ.സി.എം.ഒ.ഡി പഠനവും ഡൗൺ ടു എർത്ത് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. എന്നാൽ വരാനിരിക്കുന്ന സെൻസസിൽ കുറച്ച് കൂടി വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ഉത്തരാഖണ്ഡിലെ പ്രേതഗ്രാമങ്ങളെയും നേപ്പാളി ട്രാൻസ് മൈഗ്രേഷനെയും സംബന്ധിച്ച് ഐ.ഐ.ടി റൂർക്കിയിൽ ഗവേഷണം നടത്തുന്ന ഗരിമ ബന്ധാരി പറഞ്ഞു. കാലാവസ്ഥാ മാറ്റത്തിനൊപ്പം കുടിയേറ്റ സംസ്കാരം, ഗ്രാമീണ മലയോര ജില്ലകളിലെ തൊഴിലില്ലായ്മ, ആരോ​ഗ്യകേന്ദ്രങ്ങൾ അട‌ക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, മലയോര മേഖലയോടുള്ള സർക്കാരിന്റെ അവഗണന തുടങ്ങിയ മറ്റ് ചില ഘടകങ്ങൾ കൂടി കാരണമാകുന്നുവെന്നാണ് ഗരിമയുടെ അഭിപ്രായം. “വർഷങ്ങളായി സൈനിക ജോലിയോട് താൽപ്പര്യമുള്ളവരാണ് മിക്കവരും (ഓരോ രണ്ടാമത്തെ വീട്ടിലും സൈനിക ഉദ്യോഗസ്ഥരുണ്ട്). സൈന്യത്തിൽ ജോലി ലഭിച്ചില്ലെങ്കിൽ, 10-12 ക്ലാസ് പാസായ ശേഷം നഗരങ്ങളിലേക്ക് കുടിയേറുന്നൊരു പ്രവണത അവിടെയുണ്ട്. അതുപോലെതന്നെ മിക്കവാറും ആശുപത്രികളിലൊന്നും തന്നെ അടിസ്ഥാന പരിശോധനാ സംവിധാനങ്ങൾ ഇല്ല. ഗ്രാമീണ മലയോര മേഖലകളേക്കാൾ ഡെറാഡൂൺ, ഉദ്ദം സിംഗ് നഗർ, ഹരിദ്വാർ തുടങ്ങിയ നഗര സമതല പ്രദേശങ്ങൾക്കാണ് സർക്കാർ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. സംസ്ഥാന രൂപീകരണത്തിന് ശേഷം രണ്ട് പതിറ്റാണ്ടുകൾ കഴിഞ്ഞാണ് പല ഗ്രാമങ്ങളിലും കോൺക്രീറ്റ് റോഡുകൾ സ്ഥാപിച്ചത് തന്നെ.” ഗരിമ വ്യക്തമാക്കി. ‘ഉത്തരാഖണ്ഡ് ഹിൽസ് കൺസോളിഡേഷൻ ഓഫ് ഹോൾഡിംഗ്സ് ആൻഡ് ലാൻഡ് റിഫോംസ് ആക്റ്റ്-2016’ മലയോര ജില്ലകളിൽ കാര്യക്ഷമമായി നടപ്പാക്കാത്തതും തദ്ദേശീയരായ ജനങ്ങൾക്ക് കൃഷി ലാഭകരമായ തൊഴിലായി മാറാത്തതിന്റെ ഒരു കാരണമാണെന്നും ഗരിമ പറഞ്ഞു.

ഗരിമ ബന്ധാരി

മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം, പ്രത്യേകിച്ച് കടുവ, പുള്ളിപ്പുലി തുടങ്ങിയ മൃഗങ്ങളെ ഭയക്കേണ്ടി വരുന്നതും കുടിയേറ്റത്തിന് കാരണമാകുന്നതായി ഗവേഷകനായ കെ.എം ജയഹരി അഭിപ്രായപ്പെട്ടു. “ചിലപ്പോൾ സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുമ്പോൾ ചില വിശ്വാസങ്ങളുടെ ഭാഗമായി ഗ്രാമങ്ങൾ ഉപേക്ഷിച്ചു പോകുന്ന പതിവുമുണ്ട്. എന്നാൽ അവർ നഗരങ്ങളിലേക്കൊന്നും പോകാറില്ല. വളരെ അടുത്ത് തന്നെ മാറി താമസിക്കാറാണ് പതിവ്.” ജയഹരി പറഞ്ഞു.

കെ.എം ജയഹരി

കുടിയേറ്റത്തിന്റെ ചിലവുകൾ താങ്ങാൻ കഴിയാത്തവർ കാലാവസ്ഥാ വ്യതിയാനം കണക്കിലെടുക്കാതെ കൃഷി തുടർന്ന് മലയോര മേഖലകളിൽ തന്നെ തുടരുന്നുണ്ട്. ചിലർ കടകൾ നടത്തിയും, മതപരമായ ടൂറിസ വ്യാപാരങ്ങളിൽ ഏർപ്പെട്ടും വരുമാനം കണ്ടെത്തുന്നു. തൊഴിലുറപ്പ് പദ്ധതി വഴി ഉപജീവന മാർഗം കണ്ടെത്തുന്നവർക്ക് വളരെ കുറഞ്ഞ വിലയ്ക്ക് റേഷൻ ലഭിക്കുന്നതിനുള്ള സംവിധാനമുണ്ട്. എന്നാൽ കുടിയേറ്റം നടത്തുന്നത് കൂടുതലും യുവ തലമുറയിൽപ്പെട്ടവരായതിനാൽ വൃദ്ധർ പലരും ഗ്രാമങ്ങളിൽ തന്നെ തുടരുന്ന പ്രവണതയുണ്ട്. പലപ്പോഴും കുടുംബത്തിലെ വ‍ൃദ്ധരെ പരിപാലിക്കാനായി ഗ്രാമങ്ങളിൽ തന്നെ തുടരേണ്ടി വരുന്നവരുമുണ്ടെന്നും ഗരിമ കൂട്ടിച്ചേർത്തു.

സ്ത്രീകളും കുടിയേറ്റവും

പുരുഷൻമാർ നഗരങ്ങളിലേക്ക് കുടിയേറുമ്പോൾ ഈ സ്ഥലങ്ങളിലെ സ്ത്രീകൾ പലപ്പോഴും കുടുബം നോക്കുന്നതിനൊപ്പം കൃഷി നോക്കി നടത്താനും നിർബന്ധിതരാവുകയും, കാലാവസ്ഥ വ്യതിയാനം കൊണ്ടുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരുകയും ചെയ്യുന്നു. തട്ടുകളായി രീതിയായതിനാൽ യന്ത്രങ്ങളോ ട്രാക്ടർ പോലുയുള്ള കാർഷിക ഉപകരണങ്ങൾ‌ ഇല്ലാത്തത് സ്ത്രീകളുടെ ജോലി കൂടുതൽ കഠിനമാക്കുന്നു. കാലിത്തീറ്റ ശേഖരിക്കാനും മറ്റും ദൂരെയുള്ള വനങ്ങളിൽ പോകുന്നതും സ്ത്രീകളായത് കൊണ്ട് തന്നെ മിക്കപ്പോഴും മനുഷ്യ-വന്യ ജീവി സംഘർഷ മരണത്തി‌നിരകളാകാനുള്ള സാധ്യത കൂടുതലും സ്ത്രീകൾക്കാണ്. ഗാർഹിക ജോലിക്കൊപ്പം, കാർഷിക ജോലികളും വിശ്രമമില്ലാത്ത അവസ്ഥയും മൂലം ആസ്ത്മ, വിളർച്ച, സന്ധിവാതം തുടങ്ങിയ രോഗങ്ങളും പർവ്വത മേഖലയിലെ സ്ത്രീകൾക്കുണ്ടാകുന്നു. ഗരിമ വിശദമാക്കുന്നു.

ജനങ്ങൾ ഒഴിഞ്ഞുപോയ ഉത്തരാഖണ്ഡിലെ ഒരു ​ഗ്രാമം. കടപ്പാട്: ഡൗൺ ടു എർത്ത്

ഗവേഷണ അപര്യാപ്തത

കൃത്യമായ കാലാവസ്ഥാ വിവരങ്ങളുടെ അഭാവം ഉത്തരാഖണ്ഡിലെ കാലാവസ്ഥാ ഗവേഷണത്തിന്റെ പരിമിതിയാണ്. സംസ്ഥാനത്തെ കാലാവസ്ഥാ കേന്ദ്രങ്ങളുടെ എണ്ണവും വർദ്ധിപ്പിക്കുകയും നിലവാരം മെച്ചപ്പെടുത്തുകയും വേണം. പ്രാദേശിക തലത്തിൽ നിന്നുള്ള വിവരങ്ങൾ കൂടുതൽ ശേഖരിക്കുന്നത് കൃത്യമായ കാലാവസ്ഥാ നിരീക്ഷണങ്ങൾക്ക് നിർണ്ണായകമാണ്. സ്റ്റാറ്റിസ്റ്റിക്കൽ വൈദഗ്ധ്യത്തിലും ഡാറ്റ ഇൻഫ്രാസ്ട്രക്ചറിലുമുള്ള നിക്ഷേപങ്ങൾക്ക് മുൻഗണന നൽകേണ്ടതുണ്ട്. ജനസംഖ്യാ സെൻസസിലോ, മൈഗ്രേഷൻ സെൻസസിലോ സാധാരണയായി പരിസ്ഥിതി നാശം, കാലാവസ്ഥ മാറ്റം, പ്രക‍ൃതി ദുരന്തങ്ങൾ എന്നിവ കുടിയേറ്റത്തെ എങ്ങനെ ബാധിക്കുന്നു എന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്താറില്ല. ഉത്തരാഖണ്ഡിലെ കാലാവസ്ഥാ കുടിയേറ്റം ചർച്ച ചെയ്യുമ്പോഴും കുടിയേറ്റത്തിന് ശേഷം മലയോര മേഖലയിൽ നിന്ന് പോകുന്നവരെ കുറിച്ച് മതിയായ വിവരങ്ങൾ ലഭ്യമല്ല. ഗോസ്റ്റ് വില്ലേജുകളുണ്ടാകാനുള്ള കാലാവസ്ഥാപരമായ കാരണങ്ങൾ, കുടിയേറ്റത്തിന് ശേഷം കുടിയേറ്റം നടത്തിയവരുടേയും, മലയോര ഗ്രാമങ്ങളിൽ തന്നെ താമസിക്കുന്നവരുടേയും ജീവിതത്തിലുണ്ടായ മാറ്റം എന്നിവയെ കുറിച്ചുള്ള ശാസ്ത്രീയമായ പഠനങ്ങൾ നടത്തേണ്ടതുണ്ട്.

ഉത്തരാഖണ്ഡിന്റെ മാനവ വികസന റിപ്പോർട്ടിൽ സംസ്ഥാനത്ത് കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ പ്രാധാന്യം, കാരണങ്ങൾ, അനന്തരഫലങ്ങൾ എന്നിവയെക്കുറിച്ച് പറയുമ്പോഴും കാലാവസ്ഥാ വ്യതിയാനത്തെ പരാമർശിക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനവും കുടിയേറ്റവും സംയോജിത സമീപനത്തോടെ നയരൂപീകരണമാവശ്യപ്പെടുന്ന വിഷയമാണെന്ന് ഭരണ സംവിധാനങ്ങൾ മനസ്സിലാക്കുന്നത് വരെ ഇത്തരം കുടിയേറ്റങ്ങൾ പലപ്പോഴും മറ്റ് കാരണങ്ങൾ കൊണ്ടുള്ള കുടിയേറ്റത്തോടൊപ്പം ചേർത്ത് വായിക്കപ്പെടുകയും സ്വന്തം വീടും നാടും ഉപേക്ഷിച്ച അഭയാർത്ഥികളുടെ ചെറുത്തുനിൽപ്പ് വിസ്മരിക്കപ്പെടുകയും ചെയ്യും.

Also Read

8 minutes read November 20, 2022 4:06 pm