കാലാവസ്ഥാവ്യതിയാനവും മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയവും

പ്രളയ ദുരിതാശ്വാസ/സേവന സഹായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുസ്ലിം സംഘടനകളുടെ ഇടപെടലുകളും അവ പരാമർശിച്ചുകൊണ്ടുള്ള പലതരം പോസ്റ്റുകളും വായിക്കുകയായിരുന്നു. അത്തരം ഇടപെടലുകളെക്കുറിച്ച് എഴുതുന്നതിന്റെയും ഷെയർ ചെയ്യുന്നതിന്റെയും രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുകയും മാനിക്കുകയും ചെയ്യുന്നു. തീർച്ചയായും ദുരന്തമുഖങ്ങളിൽ അത്തരം സന്നദ്ധ സേവന/സഹായ പ്രവർത്തനങ്ങൾക്കും ഇടപെടലുകൾക്കും പ്രാധാന്യമുണ്ട്. കഴിഞ്ഞ 3-4 വർഷങ്ങളിൽ കടുത്ത പ്രളയാഘാതങ്ങൾ അനുഭവിച്ചവരാണല്ലോ നമ്മൾ. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ എങ്ങനെയാണ് കേരളത്തെ ഭാവിയിൽ ബാധിക്കാൻ സാധ്യതയുള്ളത് എന്നതുമായി ബന്ധപ്പെട്ടും പഠനങ്ങൾ ലഭ്യമാണ്. അതുകൊണ്ടുതന്നെ, പോസ്റ്റ് ഡിസാസ്റ്റർ ഇടപെടലുകൾ പോലെ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ചർച്ചകൾ മുസ്ലിം സംഘടനകളുടെ പോളിസി-പ്രോഗ്രാമുകളിൽ എങ്ങനെയാണ് പ്രതിഫലിക്കുന്നത് എന്നത് ഇപ്പോൾ നടക്കുന്ന ചർച്ചയുടെ മറ്റൊരു തലമാണ്. പാരീസ് സമ്മിറ്റിന് മുമ്പാണ് ഇസ്താംബുളിൽ വച്ച് Islamic Declaration on Climate Change (2015) പ്രസിദ്ധീകരിച്ചത്. അതിന്റെ തുടർച്ചയാണ് ഈ മാസം അവസാനം തുടങ്ങുന്ന കോപ് 26 നെ മുൻനിർത്തി Al-Mizan: A Covenant for the Earth (2021) എന്ന തലക്കെട്ടിൽ കാലാവസ്ഥാവ്യതിയാനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന ഇസ്ലാമിക് ചാർട്ടർ. പല അന്താരാഷ്ട്ര മാധ്യമങ്ങളും വരാനിരിക്കുന്ന ചാർട്ടറിനെ സംബന്ധിച്ച പ്രാഥമിക വിവരങ്ങളെപ്പറ്റി ഇതിനകം തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ നാല് വർഷങ്ങളിൽ, കാലാവസ്ഥാവ്യതിയാനത്തിന്റെ കടുത്ത ആഘാതം അനുഭവിച്ചവർ എന്ന നിലയിലോ, വരും വർഷങ്ങളിലെ കാലാവസ്ഥാവ്യതിയാനത്തിന്റെ പലതരം പ്രത്യാഘാതങ്ങളെ മുന്നിൽക്കണ്ടോ, മുകളിൽ സൂചിപ്പിച്ച രണ്ടു വ്യവഹാരങ്ങളെയും കേരളത്തിലെ മുസ്ലിം സംഘടനകൾ സമുദായത്തിനകത്തോ പൊതു ഇടത്തോ പരാമർശിക്കുന്നതോ അവയോട് ക്രിയാത്മകമായി പ്രതികരിക്കുന്നതോ കണ്ടിട്ടില്ല. കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് ഇസ്ലാമിന്റെ തന്നെ നൈതികമായ മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യവഹാരങ്ങളെയും ഇടപെടലുകളെയും നവീകരിക്കുക എന്ന അർത്ഥത്തിൽ മാത്രമല്ല. മറിച്ച്, കാലാവസ്ഥാ മാറ്റങ്ങളുടെ ഇരകളെന്ന നിലക്ക് കേരളത്തിന്റെ ആവശ്യങ്ങളെയും ആശങ്കളെയും ആഗോളതലത്തിൽ ഉന്നയിക്കാനും നഷ്ടങ്ങൾക്ക് പരിഹാരം ആവശ്യപ്പെടാനുമുള്ള വേദിയായി ആഗോളതലത്തിൽ മുസ്ലിം പരിസ്ഥിതി സംഘടനകളുടെയും പരിസ്ഥിതി ആക്ടിവിസ്റ്റുകളുടെയും ഇടപെടലുകളോട് ക്രിയാത്മകമായി പ്രതികരിക്കുക എന്നത് പോസ്റ്റ്-ഡിസാസ്റ്റർ ഇടപെടലുകൾ പോലെ പ്രധാനമാണ്.

Islamic Declaration on Climate Change

കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ഇസ്ലാമിക പ്രഖ്യാപനം

ആഗോള തലത്തിൽ ഇസ്ലാമിക പരിസ്ഥിതി ഇടപെടലുകൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഇസ്ലാമിക് ഫൗണ്ടേഷൻ ഫോർ ഇക്കോളജി ആന്റ് എൻവയോൺമെന്റൽ സയൻസ് (IFEES) എന്ന ഇസ്ലാമിക പരിസ്ഥിതി സംഘടനയും ഇസ്ലാമിക് റിലീഫ് വേൾഡ് വൈഡ് എന്ന അന്താരാഷ്ട്ര എൻ.ജി.ഒയും ചേർന്ന് 2014 തുടങ്ങിവച്ച ആലോചനകളായിരുന്നു ISLAMIC DECLARATION ON GLOBAL CLIMATE CHANGE ന്റെ തുടക്കം. പിന്നീട്, 2015 ൽ പാരീസ് ഉച്ചകോടിക്ക് മുമ്പായി; മുസ്ലിം സ്കോളേഴ്സും പരിസ്ഥിതി പ്രവർത്തകരും മുഫ്തിമാരും സിവിൽ സൊസൈറ്റി പ്രതിനിധികളും ക്ലൈമറ്റ് ആക്ഷൻ നെറ്റ്വർക്ക് പോലുള്ള കൂട്ടായ്മകളും പങ്കെടുത്ത, ഇസ്താംബുളിൽ വച്ച് നടന്ന അന്താരാഷ്ട്ര ഇസ്ലാമിക കാലാവസ്ഥാവ്യതിയാന ചർച്ചകളുടെ ഭാഗമായിട്ടാണ് ISLAMIC DECLARATION ON GLOBAL CLIMATE CHANGE ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. ലോകത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മതവിഭാഗമെന്ന നിലയിൽ ആഗോള കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് മുസ്ലിം സമൂഹത്തിന് ഒരു കർമ്മപരിപാടി ഉണ്ടാകേണ്ടതുണ്ട് എന്ന ബോധ്യമാണ് അത്തരം ഒരു ആലോചനയുടെയും പ്രഖ്യാപനത്തിന്റെയും കേന്ദ്ര ബിന്ദു. മാത്രമല്ല, ഭൂമിയിൽ സൃഷ്ടാവിന്റെ പ്രതിനിധികളാണ് മനുഷ്യർ എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിന്, സർവ്വ ജീവജാലങ്ങളുടെയും സ്വസ്ഥവും സ്വൈര്യവുമായ ജീവിതത്തെ താറുമാറാക്കുന്ന പ്രതിസന്ധിയെന്ന നിലയിൽ കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതങ്ങളെ ലഘൂകരിക്കാനാവശ്യമായ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക എന്നത് വിശ്വാസവുമായി (iman) അഭേദ്യമായി ചേർന്നുനിൽക്കുന്ന നൈതിക ബാധ്യതയും (ethical liability) സാമൂഹികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തവുമാണെന്ന (socio – aesthetical responsibility) തിരിച്ചറിവുമാണ് ഈ പ്രഖ്യാപനം എന്നും കാണാം. ഇതിന്റെ തുടർച്ചയാണ് Al-Mizan: A Covenant for the Earth എന്ന ഇസ്ലാമിക് ചാർട്ടർ. വിവിധ പ്രദേശങ്ങളെയും ഇസ്ലാമിക വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന മുസ്ലിം പണ്ഡിതരുടെയും, IFEES, ഇസ്ലാമിക് വേൾഡ് എജ്യൂക്കേഷണൽ, ഇസ്താംബുളിലെ ഉസ്കുദാർ യൂണിവേഴ്സിറ്റി, ഖുർആനിക് ബൊട്ടാണിക്കൽ ഗാർഡൻ എന്നിവരുടെയും കൂട്ടായ്മയിൽ യു.എൻ എൻവിയോൺമെന്റൽ പ്രോഗ്രാമിന്റെ (UNEP) മേൽനോട്ടത്തിലാണ് പ്രസ്തുത ഇസ്ലാമിക് ചാർട്ടറിന്റെ കരട് രൂപം തയ്യാറാക്കിയിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തെ മുൻനിർത്തി മനുഷ്യ അസ്തിത്വത്തിന്റെ സാമൂഹിക മാതൃകയ്ക്ക് പിന്നിലെ ധാർമ്മികത പരിശോധിക്കുക്കയാണ് അൽ-മീസാൻ (al-mizan). ഒപ്പം, ഇസ്ലാമിക ഭൂമികയിൽ നിന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള വിവിധങ്ങളായ മുസ്ലിം സമുദായത്തിന് എങ്ങനെയൊക്കെ ഇടപെടാനും, സമുദായം എന്ന നിലയിൽ സ്വയം നവീകരിക്കാനും കഴിയും എന്നുള്ള ഗൗരവമായ ആലോചനകളെയും അത് പങ്കുവയ്ക്കുന്നുണ്ട്. നിലവിലെ വെല്ലുവിളികളെ നേരിടാനുതകുന്ന രൂപത്തിൽ മുസ്ലീങ്ങൾക്ക് അവരുടെ ദൈനംദിന ജീവിതത്തിൽ പിന്തുടരാൻ കഴിയുന്ന ആധികാരിക മാനദണ്ഡങ്ങളെ അത് ലഭ്യമാക്കുന്നുമുണ്ട്.

കേരളത്തെ മുൻനിർത്തിയുള്ള ആലോചനകൾ

ഇസ്ലാമിക പരിസ്ഥിതി വ്യവഹാരങ്ങളെയും ആക്ടിവിസത്തെയും കുറിച്ചുള്ള ലിറ്ററേച്ചറുകൾ പരിശോധിച്ചാൽ അതിനെ പ്രധാനമായും മുസ്ലിം ഡയസ്പോറകളിലെ ഇസ്ലാമിക പരിസ്ഥിതി ഇടപെടലുകളെന്നും ഭൂരിപക്ഷ രാഷ്ട്രങ്ങളിലേതെന്നും രണ്ടായി ഭാഗിക്കാൻ കഴിയും. ഇവിടെ ഒരു ഭൂപ്രദേശമെന്ന നിലയിൽ കേരളത്തിന് ഒരു സവിശേഷതയുണ്ട്. ഒരേസമയം ഡയസ്പോറകളുടെയും മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളുടെയും സ്വഭാവങ്ങളെയും സാഹചര്യങ്ങളെയും കേരളത്തിലെ മുസ്ലിം സമുദായം പ്രകടിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഡയസ്പോറകളിലെ പോലെ ന്യൂനപക്ഷവും ഭൂരിപക്ഷ പ്രദേശങ്ങളിലെ പോലെ സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ പങ്കും പ്രാതിനിധ്യവുമുണ്ട്. അതേസമയം ഈ പറഞ്ഞ രണ്ട് ഇടങ്ങളിൽ നിന്നും കേരളം വിഭിന്നമാകുന്നത്, കേരളത്തിൽ ഇസ്ലാമിക/മുസ്ലിം പരിസ്ഥിതി സംഘടനകൾ ഇല്ല എന്നതിലാണ്. ഇതിവിടെ സൂചിപ്പിക്കുന്നത്, നിലവിലുള്ള സംഘടനാ ബാഹുല്യത്തിലേക്ക് കേരളത്തിൽ ഇസ്ലാമിക പരിസ്ഥിതി സംഘടനകൾ കൂടി വേണമെന്ന് വാദിക്കാനല്ല. മറിച്ച്, അനുഭവങ്ങളെ മുൻനിർത്തി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, നിലനിൽക്കുന്ന സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി ഒരു സമുദായം എന്ന നിലയിൽ പൊതുനന്മ (common good)ക്ക് വേണ്ടി എങ്ങനെ ഇടപെടാനാകും എന്ന ആലോചനകൾ പങ്കുവെക്കാനും ചില ഉദാഹരണങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാനുമാണ്.

International Islamic Climate Change Symposium, photo courtesy: ifees.org.uk

കേരളത്തിലെ മുസ്ലിം സംഘടനകളുടെ സംഘടനാശേഷിയും നെറ്റ്വർക്കി​ങ്ങും സാമ്പത്തിക-മാനവിക വിഭവശേഷിയും സുശക്തമാണല്ലോ. അതിന് പുറമെയാണ് മഹല്ല്, മദ്രസ, വഖഫ് സംവിധാനങ്ങൾ. മുസ്ലിം ഡയസ്പോറകളിലും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും ഇപ്രകാരമുള്ള ഇസ്ലാമിക സാമ്പ്രദായിക സംവിധാങ്ങളെ തന്നെയാണ് പരിസ്ഥിതി പ്രവർത്തനങ്ങൾക്കും കാലാവസ്ഥാവ്യതിയാനത്തെ മുൻനിർത്തിയുള്ള കർമ്മപരിപാടികൾക്കുമായി വിവിധങ്ങളായ മുസ്ലിം കമ്മ്യൂണിറ്റികൾ ഉപയോഗപ്പെടുത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഇന്തോനേഷ്യയിലെ ഇക്കോ-പെസൻട്രൻ (Eco-Pesantren) മൂവ്മെന്റിനെ ഇവിടെ ഉദാഹരിക്കാം. ഇന്തോനേഷ്യയിലെ ഇസ്ലാമിക് ബോർഡിംങ് സ്കൂളുകളാണ് പെസൻട്രനുകൾ. ഇസ്ലാമിക മതപഠന കേന്ദ്രങ്ങൾക്കൊപ്പം, മുസ്ലിം സാമുദായിക വ്യവഹാരങ്ങൾക്ക് നേതൃത്വം നൽകുന്ന ഇമാമുമാരെയും മുസ്ലിം പണ്ഡിതരെയും വാർത്തെടുക്കുന്ന കേന്ദ്രങ്ങൾ എന്ന നിലയിലും ഇത്തരം പെസൻട്രനുകൾക്ക് മുസ്ലിം സമൂഹത്തിന്റെ സാമൂഹിക-സാംസ്കാരിക ജീവിതപരിസരങ്ങളിൽ വലിയ സ്വാധീനമുണ്ട്. ഈ സ്വാധീനത്തെ ഉപയോഗപ്പടുത്തി പെസൻട്രനുകൾ കേന്ദ്രീകരിച്ചുള്ള ഇസ്ലാമിക പരിസ്ഥിതി ഇടപെടലുകൾ കുറച്ചുകാലമായി ഇന്തോനേഷ്യയിൽ സജീവമാണ്. വെസ്റ്റ് ലോംബോക്കിലെ അൽ-ഹറമൈൻ പെസൻട്രിയുടെ നേതൃത്വത്തിൽ, പെസൻട്രിയിലെ വിദ്യാർത്ഥികളുടെയും പ്രാദേശിക കുടുംബാം​ഗളുടെയും പങ്കാളിത്തത്തോടെ നടന്ന സാമൂഹികവനവത്കരണ പദ്ധതി പരക്കെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഏകദേശം 31 ഹെക്ടറോളം വരുന്ന ഭൂമിയാണ് ഈ പദ്ധതിയുടെ ഭാഗമായി പുനരുജ്ജീവിപ്പിച്ചെടുത്തത്. ഇതാകട്ടെ, പ്രാദേശിക കുടുംബങ്ങൾക്ക് ഒരു കമ്മ്യൂണിറ്റി നിർമ്മിത ബിസിനസ്സ് പ്ലാൻ അനുസരിച്ച് മരങ്ങൾ നട്ടുപിടിപ്പിക്കാനും വിളവെടുക്കാനും കഴിയുന്ന രീതിയിലുമാണ്. സമാനമായ രീതിയിൽ ഒന്നിലധികം പെസൻട്രാനുകളുടെ കീഴിലിൽ പ്രദേശവാസികളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ജല പുനഃസ്ഥാപന (water restoration) പദ്ധതികളും സജീവമാണ്. ബൊഗോറിലെ നൂറുൽ ഇമാൻ പെസൻട്രന്റെ വെയിസ്റ്റ് മാനേജ്മെന്റ് പദ്ധതിയും കിഴക്കൻ ജാവയിലെ യയസൻ പോണ്ടോക് പെസൻട്രന്റെ ബയോഗ്യാസ് സംരംഭവും ഇക്കോ-പെസൻട്രൻ മൂവ്മെന്റിന്റെ ഭാഗമാണ്.

AMEN, Africa, photo courtesy: Africa Climate Change Resilience Alliance

ഇന്തോന്യേഷയിലെ മജ്ലിസ് ഉലമ കൗൺസിലിന്റെ (Majlis Ulama Indonesia – MUI) ഇക്കോ-ഫത്വവകളും (eco-fatwa) നാഷണൽ ജ്യോഗ്രഫി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതാണ്. അനിയന്ത്രിതവും നിയമവിരുദ്ധവുമായ ഖനനത്തിനെതിരെയും നിയമവിരുദ്ധമായ വനനശീകരണത്തിനെതിരെയുമുള്ള ഫത്വകൾ (legal advice) അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുസ്ലിം സെവൻ ഇയർ ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ്ചേഞ്ച് (Muslim Seven Year Action Plan on Climate Change) നെ പിൻതുടർന്ന്, മജ്ലിസ് ഉലമ കൗൺസിലിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിരിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവിയോൺമെന്റൽ ആന്റ് നാച്ചുറൽ റിസോഴ്സസിന്റെ (Institute for Environmental and Natural Resources) പ്രാഥമിക ഉദ്ദേശങ്ങളിൽ ഒന്ന് കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പ്രവർത്തങ്ങളെ ത്വരിതപ്പെടുത്തുക എന്നതാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ സജീവമായ ഭീഷണികൾ നേരുടന്ന രാഷ്ട്രം എന്ന നിലക്ക് ഇത്തരം ഇടപെടലുകൾക്ക് പ്രാധ്യാന്യവുമുണ്ട്. ഒരു ബഹുസ്വര സമൂഹത്തിനകത്ത്, ഉലമ കൗൺസിലിന്റെ ഇക്കോ ഫത്വകളുടെയും ഇക്കോ-പെസൻട്രന്റെ പ്രവർത്തനങ്ങളുടെയും സാധ്യത എന്താണെന്നതിനെ കുറിച്ച് ഇക്കോ-പെസൻട്രൻ മൂവ്മെന്റിന്റെ നേതൃത്വത്തിൽ സജീവമായ ഫക്രുദ്ദീൻ മംഗുഞ്ജയ നിരീക്ഷിക്കുന്നത്; പൊതുവായ ഒരു പ്രതിസന്ധിയുടെ ആഘാതങ്ങളെ പ്രതിരോധിക്കുന്നത്തിനും നേരിടുന്നതിനും വേണ്ടിയുള്ള ഇടപെലുകൾക്കായി, ബഹുസ്വര സാംസ്കാരിക ഭൂമികയുടെ ഭാഗമായ ഒരു സമുദായത്തെ പ്രാപ്തമാക്കുകയും, അവരുടെ ശേഷിയെ വിനിയോഗിക്കുകയും ഉറപ്പുവരുത്തുകയും ഒപ്പം നവീകരിക്കുയും ചെയ്യുക എന്നതാണ്.
സമീപ വർഷങ്ങളിൽ ഇന്തോനേഷ്യ നിരന്തരമായി കടന്നുപോകുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെ ദുരന്തങ്ങളെയും പരിസ്ഥിതിനാശത്തിന്റെ പ്രത്യക്ഷമായ പ്രത്യാഘാതങ്ങളുടെയും സാഹചര്യത്തിലാണ് ഇസ്ലാമിക സാമ്പ്രദായിക സംവിധാനങ്ങളായ ഉലമ കൗൺസിലും, പെസൻട്രെനുമെല്ലാം പരിസ്ഥിതി വിഷയത്തിൽ സജീവമായ നിലപാടുകളെടുക്കുയും ഇടപെടുകയും ചെയ്യുന്നതെന്ന് മംഗുഞ്ജയ സൂചിപ്പിക്കുന്നുണ്ട്. ഇന്തോനേഷ്യയിലെ ഇക്കോ-പെസൻട്രൻ മൂവ്മെന്റ് പൂർണ്ണ വികാസത്തിലേക്കെത്തിയിട്ടില്ലെങ്കിലും, ഫിഖ്ഹി (fiqh) വ്യവഹാരങ്ങളുടെ ഉപവിഭാഗമായി എൻവിയോൺമെന്റൽ ഫിഖ്ഹ് (environmental fiqh) രൂപപ്പെടുത്തി പെസൻട്രനുകളുടെ കരിക്കുലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതും, ഇക്കോ-ദഅവ (eco-da’wah) പോലുള്ള പരിപാടികൾ ആവിഷ്ക്കരിക്കുന്നതും, കാലാവസ്ഥാവ്യതിയാനത്തിന്റെ കാലഘട്ടത്തിൽ കൂടുതൽ സജീവമായി മുന്നോട്ടുപോകുക എന്ന ഉദ്ദേശത്തോടെയാണെന്നും മംഗുഞ്ജയ പറയുന്നുണ്ട്.

ഇസ്ലാമിക പരിസ്ഥിതി മാതൃക (Islamic ecological paradigm-IEP) അടിസ്ഥാനപ്പെടുത്തിയുള്ള അതേസമയം സിവിൽ സൊസൈറ്റി ഗ്രൂപ്പുകളോടും പരിസ്ഥിതി കേന്ദ്രീകൃതമായ മറ്റു സംഘടനകളോടും ചേർന്ന് പ്രവർത്തിക്കുന്ന മുസ്ലിം കൂട്ടായ്മായാണ് (collective) ആഫ്രിക്കൻ മുസ്ലിം എൻവിയോൺമെന്റൽ നെറ്റ്വർക്ക് (AMEN). 2005 ലാണ് സകാത്തിന്റെ (zakat) പാരമ്പര്യത്തെ അടിസ്ഥാനമാക്കി ഇസ്ലാമിക് മൈക്രോഫിനാൻസിന്റെ മാതൃകയിൽ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ട് AMEN പ്രവർത്തനം ആരംഭിച്ചത്. ഇന്ന് പരമ്പരാഗതവും സുസ്ഥിരവുമായ മത്സ്യബന്ധന രീതികളെ ഏകോപിപ്പിച്ചും കിഴക്കൻ ആഫ്രിക്കൻ തീരത്തിന്റെ സംരക്ഷണ-പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിലും സജീവപങ്കാളിത്തം AMEN നുണ്ട്. കൂടാതെ ഭൂഖണ്ഡത്തിലുടനീളമുള്ള മസ്ജിദുകൾക്ക് പരിസ്ഥിതി ഓഡിറ്റ് കിറ്റുകൾ തയ്യാറാക്കി നൽകുന്നതും; മദ്രസകൾക്കും കോളേജുകൾക്കും ഇസ്ലാമിന്റെ പരിസ്ഥിതി പാഠങ്ങളടങ്ങിയ മൊഡ്യൂളുകൾ ലഭ്യമാകുന്നതും, തദ്ദേശീയരുടെ പങ്കാളിത്തത്തോടെ തീരദേശ-വനസംരക്ഷണ പരിപാടികളും ഉൾക്കൊള്ളുന്ന AMENയുടെ പ്രവർത്തനങ്ങളും ഉദാഹരണമായി സമീപിക്കാവുന്നതാണ്.

ലണ്ടൻ, കാനഡ, കാലിഫോർണിയ, വാഷിംഗ്ടൺ തുടങ്ങിയ മുസ്ലിം ഡയസ്പോറകളിലും ഇസ്ലാമിക പരിസ്ഥിതി ഇടപെടലുകൾ സജീവമാണ്. മുസ്ലിം ആക്ഷൻ ഫോർ ഡവലപ്മെന്റ് ആന്റ് എൻയോൺമെന്റ് (Muslim Action for Development and the Environment-MADE) എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന ഗ്രീൻ മൈ കമ്യൂണിറ്റി (green my community) ക്യാംപയിൻ അത്തരം ഒരു ഇടപെടലാണ്. ലണ്ടനിലെ അഞ്ച് പള്ളികളെ ഗ്രീൻ മോസ്കുകളാക്കി (green mosque) മാറ്റുന്ന പ്രവർത്തനമായാണ് ക്യാമ്പയിന്റെ തുടക്കം. ഊർജ്ജത്തിന്റെയും വെള്ളത്തിന്റെയും ദുരുപയോഗം (reducing waste) കുറക്കുക, വെള്ളത്തിന്റെ പുനഃരുപയോഗത്തെ (water recycling) പ്രോത്സാഹിപ്പിക്കുക എന്ന രൂപത്തിലായിരുന്നു തുടക്കത്തിൽ ഗ്രീൻ മോസ്ക് ഇനിഷ്യേറ്റീവ്. പിന്നീടത് റീസൈക്ലീങ്ങ്, ദുരുപയോഗം കുറക്കുക എന്നതിൽ പരിമിതമാകാതെ, പുതിയ പള്ളികളുടെ നിർമ്മാണത്തിൽ പരിസ്ഥിതി സൗഹാർദപരമായ നിർമ്മാണരീതികൾ പിന്തുടരുന്നതിലേക്കും, ഭാഗികമായോ പൂർണ്ണമായോ സോളാർ സിസ്റ്റത്തെ ഉപയോഗിക്കുന്നതിലേക്കും മാറി. ഏകദേശം 30 പള്ളികൾ പിന്നീട് ‘മെയ്ഡിന്റെ’ (MADE) ഗ്രീൻമോസ്ക് (green mosque) ഇനീഷ്യേറ്റിവിന്റെ ഭാഗമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലിം കമ്മ്യൂണിറ്റിയെ സ്വാധീനിച്ച മൂവ്മെന്റായി ഗ്രീൻ മോസ്ക് മാറിയിട്ടുണ്ട്. ഗ്രീൻ മോസ്ക് എന്താണെന്നും, അതെങ്ങനെയാണ് പ്രാവർത്തികമാകുന്നതെന്നും, അതിന്റെ സാമൂഹിക-രാഷ്ട്രീയ പ്രസക്തിയും, അതേസമയം അതെങ്ങനെയാണ് ഈമാന്റെ (faith) ഭാഗം ആകുന്നതെന്നും ഇബ്രാഹിം അബ്ദുൽ-മാട്ടിൻ തന്റെ ‘Green Deen: What Islam Teaches about Protecting the Planet’ എന്ന പുസ്തകത്തിൽ വിശദമായി പ്രതിപാതിക്കുന്നുണ്ട്. പള്ളികളുടെ പുറംമോടിക്കൾക്ക് പുറത്തേക്ക് നീളുന്ന ഗഹനമായ ആലോചനകളെയാണ് അബ്ദുൽ-മാട്ടിൻ പങ്കുവെക്കുന്നത്. കാനഡയിൽനിന്നുള്ള ‘ഖലീഫ’ (Kaleafa) എന്ന വെബ്സെറ്റിന്റെയും അതിനു നേതൃത്വം നൽകുന്ന മൗസ് നാസറിന്റെയും ആലോചനകളാണ് പിന്നീട് ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച ‘ഗ്രീൻ ഖുത്ബ’ ക്യാംപയിൻ ആയി മാറിയത്. പാരിസ്ഥിക പ്രതിസന്ധികളെപ്പറ്റി മുസ്ലിം കമ്മ്യൂണിറ്റിയിൽ അവബോധം വളർത്തുക, പരിസ്ഥിതി മൂവ്മെന്റുകൾക്കും ഇടപെടലുകൾക്കും ഇസ്ലാമിന് നൽകാൻ കഴിയുന്ന സംഭാവനകളെ മുസ്ലിം സമുദായത്തിൽ നിന്നും സാധ്യമാക്കുക, മുസ്ലീം സമൂഹത്തിനെ അവരുടെ ദൈനംദിന ജീവിതത്തെ പാരിസ്ഥിതിക അവബോധത്തിൽ നിന്നുകൊണ്ട് സജീവമാകാൻ സഹായിക്കുക എന്നതൊക്കെയാണ് ‘ഗ്രീൻ ഖുത്ബ’ ക്യാംപയിന്റെ ഉദ്ദേശങ്ങൾ. 2012-ൽ ആരംഭിച്ച ക്യാംപയിൻ ഇപ്പോഴും സജീവമാണ്. ഇമാമുമാരും, മുഫ്ത്തിമാരോടും ഉള്ള സംഭാഷണത്തിലൂടെയാണ് (dialogue) ‘ഗ്രീൻ ഖുത്ബ’ ക്യാംപയിൻ പ്രാവർത്തികമാക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച പരിസ്ഥിതി ദിനങ്ങളിൽ ക്യാംപയിനുമായി സഹകരിക്കുന്ന ഇമാമുമാരുടെ ഖുത്ബകൾ ‘ഗ്രീൻഖുത്ബ ഗൈഡ്’ ന് അനുസരിച്ച് ചിട്ടപ്പെടുത്തുകയാണ്. തുടക്കത്തിൽ പരിമിതമായിരുന്നെങ്കിലും ഇപ്പോൾ ഇമാമുമാർ ‘ഗ്രീൻ ഖുത്ബ’കൾക്ക് വേണ്ടിയുള്ള മുൻകൈ എടുക്കുന്നതായും ഓരോരുത്തരുടെയും കേൾവിക്കാർക്കനുസരിച്ച ഉള്ളടക്കത്തോടെ ഖുത്ബകൾ രൂപപ്പെടുത്തുന്നതായുമുള്ള അനുഭവങ്ങളെക്കുറിച്ച് മൗസ് നാസിർ 2021 വർഷത്തിലെ ‘ഗ്രീൻ ഖുത്ബ’ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു.

വാഷിംഗ്ടൺലെ ‘ഗ്രീൻ മുസ്ലിം’ എന്ന പരിസ്ഥിതി കൂട്ടായ്മയുടെ ‘ഗ്രീൻ-റമദാൻ’ ശ്രദ്ധിക്കപ്പെട്ട പരിപാടിയായിരുന്നു. നോമ്പ് കാലത്ത് ഓരോ ദിവസത്തെയും ഇഫ്താറുകൾക്ക് കൂടിച്ചേരുന്ന വിശ്വാസികൾ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് കപ്പുകൾക്കും കുപ്പികൾക്കും പാത്രങ്ങൾക്കും പകരമായി വ്യക്തികളോട് പുനഃരുപയോഗിക്കാൻ കഴിയുന്നവ ഉപയോഗിക്കാനും അതേസമയം പള്ളികളിൽ സമാനമായ സംവിധാനങ്ങളെ സജ്ജീകരിക്കുകയും ആയിരുന്നു ‘ഗ്രീൻ-റമദാൻ’ ക്യാംപയിൻ. റമദാൻ തന്നെ ‘മിതവ്യയത്തിന്റെ’ അടിസ്ഥാന പാഠങ്ങളെയാണ് ഉൾകൊള്ളുന്നതെന്നിരിക്കെ അതുപയോഗപ്പെടുത്തി വിശ്വാസികളുടെ വ്യവഹാരങ്ങളെ പാരിസ്ഥിതികമായി പരിവർത്തിപ്പിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. അതിനുതകുന്നതരത്തിൽ 30 ദിവസങ്ങളെ ക്രമീകരിച്ചുകൊണ്ടുള്ള ആക്ഷൻ പ്ലാനും, ഹദീസുകളും ഖുർആന്റെ അധ്യാപനങ്ങളും കൂടിച്ചേരുന്ന ക്യാപയിനാണിത്. ഡയസ്പോറകളിലെ മുസ്ലിം കമ്യൂണിറ്റിക്കുള്ളിൽ ഏറെ പ്രചാരം ഈ പരിപാടിക്ക് ലഭിച്ചിരുന്നു. ‘ഗ്രീൻ-റമദാൻ’ ക്യാംപയിന് ഓരോ വർഷവും കിട്ടുന്ന പ്രതികരണങ്ങൾ കൂടുതൽ നല്ലരീതിയിൽ മുന്നോട്ടുപോകാനുള്ള പ്രേരണയാണെന്ന് അതിനുനേതൃത്വം കൊടുക്കുന്ന കോറി മജീദ് (Kori Majeed) അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ എഴുതിയിരുന്നു.

ഇസ്ലാമിക പരിസ്ഥിതി ഇടപെടലുകളുടെ അന്താരാഷ്ട്ര മുഖം എന്ന് വിശേഷിപ്പിക്കാവുന്ന സംഘടനയാണ് Islamic Foundation for Ecology and Environmental Sciences (IFEES). ബ്രിട്ടനിലെ വ്യത്യസ്തങ്ങളായ മുസ്ലിം കമ്മ്യൂണിറ്റികൾക്കിടയിലുള്ള കമ്മ്യൂണിറ്റി ഓറിയന്റേഷൻ സ്വഭാവത്തിലുള്ള പരിപാടികൾക്ക് പുറമെ വിവിധ മുസ്ലിം വിഭാഗങ്ങളിലെ ഇമാമുമാർക്കും, ഉലമ കൗൺസിലുകൾക്കും വേണ്ടിയുള്ള ട്രെയ്നിം​ഗ് പ്രോഗ്രാമുകളും IFEES സംഘടിപ്പിക്കുന്നുണ്ട്. ഇന്തോനേഷ്യയിലെ ഇക്കോ-പെസൻട്രൻ മൂവ്മെന്റിന് IFEES ആശയതലത്തിലും പ്രവർത്തനതലത്തിലും ഉള്ള സഹായങ്ങൾ നൽകിയിരുന്നു. സാൻസിബാറിലെ (Zanzibar) ഫിഷിം​ഗ് കമ്മ്യൂണിറ്റിയിൽ അവരുടെ പങ്കാളിത്തത്തോടെ നടത്തിയ കൺസർവേഷൻ പ്രോജക്ട്; ഇസ്ലാമിക പരിസ്ഥിതി ഇടപെടലുകൾക്ക് പുതിയ തലങ്ങളെ സാധ്യമാക്കിയതും അന്താരാഷ്ട്ര കൺസർവേഷൻ കമ്മ്യൂണിറ്റികൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതുമാണ്.

ഡയസ്പോറകളിലെ ഇസ്ലാമിക പരിസ്ഥിതി ഇടപെടലുകൾ കൂടുതലായും ‘ലഘൂകരണ’ (mitigation) പദ്ധതികളിലാണെന്നു കാണാം. മുസ്ലിം ഡയസ്പോറകളായിട്ടുള്ള ഇടങ്ങളുടെ പൊതുസ്വഭാവവും, ഡയസ്പോറകളിലെ ഇസ്ലാമിക സംഘടനകളുടെയും മറ്റ് മുസ്ലിം പ്രതിനിധാനങ്ങളുടെയും രൂപീകരണത്തെയും പരിപാടികളെയും സ്വാധീനിക്കുന്ന സാമൂഹിക, രാഷ്ട്രീയ കാരണങ്ങളാലാണിത്. കേരളീയ സാഹചര്യത്തിൽ ‘ലഘൂകരണ’ (mitigation) അനുരൂപീകരണ (adaptation) പരിപാടികൾക്ക് ഒരേപോലെ പ്രാധാന്യമുണ്ട്. അതിൽതന്നെ അനുരൂപീകരണ (adaptation) പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ കൊടുക്കേണ്ടതുണ്ട്. മുകളിൽ പറയാൻ ശ്രമിച്ച ഉദാഹരണങ്ങളെല്ലാം, വിവിധ മുസ്ലിം പ്രതിനിധാനങ്ങളും സംഘടനകളും അവരുടേതായ സാമൂഹിക, രാഷ്ട്രീയ, ബൗദ്ധിക, പാരിസ്ഥിതിക പരിസരങ്ങളെ മുൻനിർത്തിയും അതിനെ മാപ്പ് (map) ചെയ്തും രൂപപ്പെടുത്തിയിട്ടുള്ള ഇടപെടലുകളാണ്. കേരളത്തിന്റെ സാഹചര്യങ്ങളെ മാപ്പ് (map) ചെയ്യാനും, ഉൾക്കാഴ്ചയോടുകൂടി എങ്ങനെയൊക്കെ ഇടപെടാനാകും എന്നതിനെകുറിച്ചും, മുസ്ലിം സമുദായത്തിന്റെ പങ്കാളിത്തം എങ്ങനെയൊക്കെ ഉറപ്പാക്കാൻ കഴിയും എന്നും മുസ്ലിം സംഘടനകളും കൂട്ടായ്മകളും ഗഹനമായ ആലോചനകൾ നടത്തേണ്ടതുണ്ട്.

തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ പോസ്റ്റ് ഡിസാസ്റ്റർ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാവുക എന്നത് ഇസ്ലാമിക അധ്യാപനങ്ങളെ അധികരിച്ചുള്ള ധാർമ്മിക ഇടപെടലാണ് (ethical act) എന്ന കാര്യത്തിൽ സംശയമില്ല. അതിന് പ്രാധാന്യവുമുണ്ട്. അതേസമയം അതിന് ഒരു ഇവെന്റിന്റെ(event) സ്വഭാവമുണ്ട്. എന്നാൽ, ‘ലഘൂകരണ’ (mitigation) അനുരൂപീകരണ (adaptation) ചട്ടക്കൂടിൽ പദ്ധതികളെ ആവിഷ്കരിക്കുന്നതിനും അതിന് നേതൃത്വം നൽകി മുന്നോട്ടുകൊണ്ടുപോകുന്നതിനും നിരന്തരമായ ഇടപെടലുകളും തിരുത്തലുകളും പിന്തുടർച്ചകളും, കൃത്യമായ ഒരു രീതിശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കർമ്മപദ്ധതികളും, പതിവുകളിൽ നിന്നുള്ള കുതറിമാറലുകളും പരിസ്ഥിതി (environment) അനവധി അടരുകളെയും അധികാര ബന്ധങ്ങളെയും ഉൾകൊള്ളുന്ന ഇടമെന്നനിലയിൽ സൂക്ഷ്മമായ അവലോകനങ്ങളും പരിശ്രമങ്ങളും സ്വയംനവീകരിക്കലുകളും ആവശ്യമാണ്. അതിനാകട്ടെ ഒരു പ്രക്രിയയുടെ (process) സ്വാഭാവവും പുനർനിർണ്ണയ സാധ്യതകളും ഉണ്ട്. ഇസ്ലാമിക വിജ്ഞാനത്തെ അധികരിച്ച് അത്തരം പുനർനിർണ്ണയ സാധ്യതകളെ അന്വേഷിക്കുന്നതിനെയും വിപുലപ്പെടുത്തി പ്രാവർത്തികമാക്കുന്നതിനെയും താരിഖ് റമദാൻ നിരീക്ഷിക്കുന്നത് റാഡിക്കൽ എത്തിക്സ് (radical ethics) എന്ന അർത്ഥത്തിലാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ കടുത്ത ഭീഷണികളുടെ മുന്നിൽനിക്കുന്ന പ്രദേശമെന്നനിലക്ക് കേരളത്തിലെ മുസ്ലിം സാമുദായിക സംഘടനകളും കൂട്ടായ്മകളും ഈ വെല്ലുവിളിയെ എങ്ങനെ സമീപിക്കുന്നു എന്നതിലാണ് കാര്യം. ആഗോളതലത്തിൽ ഇസ്ലാമിക പരിസ്ഥിതി വ്യവഹാരങ്ങളും ഇടപെടലുകളും സാധ്യമാകുന്നത്, ഒരേ സമയം ഇസ്ലാമിക ജ്ഞാനമണ്ഡലത്തിനകത്ത് നിന്നുകൊണ്ടുള്ള റീസണിങ്ങും (reasoning) പ്രവർത്തന പരിപാടികളും, ഒപ്പം സിവിൽ സൊസൈറ്റി നെറ്റ്വർക്കുകളോടും പരിസ്ഥിതി-ശാസ്ത്ര കൂട്ടായ്മകളോടും ഉള്ള കൊടുക്കൽ വാങ്ങലുകളിലൂടെയുമാണ്. അത്തരം ഇടപെടലുകളെ സമൂഹത്തിന്റെ പൊതുനന്മയെ (common good (maslaha)) മുൻനിർത്തിയുള്ള ഇടപെടലായും, ഇസ്ലാമിക പാരമ്പര്യത്തിന്റെയും (Islamic traditions) വിശ്വാസത്തിന്റെയും (iman) നവീകരണവും വികാസവുമായാണ് ആഗോളതലത്തിൽ ഇസ്ലാമിക പരിസ്ഥിതി മൂവമെന്റുകളുടെ മുൻപന്തിയിലുള്ള ഫസ്ലുൻ ഖാലിദിനെയും, ഇമാം സഫെറ്റ് കാറ്റോവിച്ച്നെയും പോലുള്ളവർ നിരീക്ഷിക്കുന്നത്.

photo courtesy: faiths4climate, instagram

ഇസ്ലാമിക് ഇക്കോളജിക്കൽ പാരഡൈം (Islamic ecological paradigm) എന്ന രീതിശാസ്ത്രത്തെ അവതരിപ്പിച്ചുകൊണ്ട് സൈദുൽ ഇസ്ലാം നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: പരിസ്ഥിതി, ഇസ്ലാമിക പാഠങ്ങളുടെയും തത്വശാസ്ത്രത്തിന്റെയും ജ്ഞാനപാരമ്പര്യങ്ങളുടെയും പ്രധാനപ്പെട്ട ഇടമാണ് (site). പക്ഷേ, 6-7 നൂറ്റാണ്ടുകളിൽ അതിന് ഒരു സാമൂഹിക മുന്നേറ്റത്തിന്റെ പരികല്പനകൾ ഉണ്ടായിരുന്നില്ല. അതു സംഭവിക്കുന്നത് യൂറോപ്പിലും അമേരിക്കയിലും വ്യവസായവത്ക്കരണവും ആധുനികവത്ക്കരണവും സൃഷ്ടിച്ച പ്രതിസന്ധികളുടെ ഭാഗമായാണ്. ആർക്കും ഒഴിഞ്ഞുമാറി നിൽക്കാനാകാത്ത വിധം ആഴവും പരപ്പുമുള്ള ആഗോളപ്രതിസന്ധിയായി അതിന്ന് മാറിയിട്ടുണ്ട്. ഒരേസമയം വ്യക്തിജീവിതത്തിലും, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, ബൗദ്ധിക, അധികാര ബന്ധങ്ങളിലും ബോധപൂർവ്വമായ ഇടപടെലുകളും തിരുത്തുകളും അനിവാര്യമായി തീർന്നിട്ടുണ്ട്, ഒരുവേള പ്രഥമ പരിഗണയാകുന്നുണ്ട്. വിശ്വാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം, ‘ഭൂമിയിൽ നിങ്ങൾ എന്ത് സാക്ഷ്യം വഹിച്ചു’ (al amru bil-ma’ruf wan nahyu anil-munkar – Witnessing the right and forbidding the wrong) എന്ന ഖുർആന്റെ അടിസ്ഥാന ചോദ്യത്തെ തന്നെയാണ് നിലവിലെ കാലാവസ്ഥാ പ്രതിസന്ധികൾ ഉന്നയിക്കുന്നത്.

അവലംബം:

Hancock, R. (2018). Islamic environmentalism: Activism in the United States and Great Britain. New York: Routledge.
Matin, I. A. (2010). Green Deen: What Islam teaches about protecting the planet. California: Berret Koehller.
Bodetti, A. (2018). Indonesia’s eco-theology: An Islamic environmental consciousness. The New Arab.
Gade, A. M. (2015). Islamic law and environment in Indonesia. World View, 19, 161-183.
Gade, A. M. (2019). Muslim environmentalism: Religious and social foundations. Columbia University Press.
Khalid, F. M. (2019). Signs on earth: Islam, modernity, and climate crisis. Kube Publishing Ltd.
Mangunjaya, F. M. (2010). Developing environmental awareness and conservation through Islamic teachings. Journal of Islamic Studies, 22(1), 36-49.
Islam, M. S. (2012). Old philosophy, new movement: The rise of the Islamic ecological paradigm in the discourse of environmentalism. Nature and Culture, 7(1), 72-94.

(Features Image: khaleafa.com)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

October 30, 2021 3:30 pm