Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
കാലാവസ്ഥാ വ്യതിയാനം ഇന്ത്യൻ മൺസൂണിനെ പ്രതികൂലമായി ബാധിക്കുന്നതായി പഠന റിപ്പോർട്ട്. ‘ക്ലൈമറ്റ് ട്രെൻഡ്‌സ്’ എന്ന ഗവേഷണ സ്ഥാപനം പുറത്തുവിട്ട റിപ്പോർട്ടാണ് മൺസൂണിന്റെ സ്വഭാവം മാറിയതിനെക്കുറിച്ച് വിശദമാക്കുന്നത്. ഇന്ത്യയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ തീവ്ര മഴ പെയ്തത് 2024 ലെ മൺസൂണിലാണെന്ന് റിപ്പോർട്ട് പറയുന്നു. ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയിൽ കവിഞ്ഞ മഴയോടെയാണ് അവസാനിച്ചത് എന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ കണക്കുകളെ അടിസ്ഥാനപ്പെടുത്തി റിപ്പോർട്ട് വിശദമാക്കുന്നു. ഇത് ദീർഘകാല ശരാശരി മഴയുടെ 108 ശതമാനം ആണ്. 2024 ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെ, ഇന്ത്യയിൽ 934.8 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഈ നാല് മാസത്തെ ശരാശരി മഴ 868.6 മീല്ലിമീറ്ററാണ്. സമീപ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തീവ്രമായ കാലാവസ്ഥാ സംഭവങ്ങൾ ഏറെ അടയാളപ്പെടുത്തിയ വർഷമാണ് 2024. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ കനത്ത മഴ പെയ്ത വർഷവുമാണ് 2024. ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയായി ജൂണിൽ ആരംഭിച്ച് സെപ്തംബർ മാസത്തോടെ പിൻവാങ്ങാൻ തുടങ്ങും. തുടർന്നാണ് ക്ലൈമറ്റ് ട്രെൻഡ്സ് ഈ കണക്കുകൾ പുറത്തുവിടുന്നത്.
24 മണിക്കൂറിനുള്ളിൽ മഴയുടെ തോത് 115.6 മില്ലീമീറ്ററിനും 204.5 മില്ലീമീറ്ററിനും ഇടയിൽ രേഖപ്പെടുത്തപ്പെട്ടാൽ അത് തീവ്ര മഴയായി ആണ് കണക്കാക്കപ്പെടുന്നത്. 204.5 മില്ലീമീറ്ററിൽ കൂടുതൽ മഴ പെയ്താൽ അത് അതി തീവ്രമായ മഴയുടെ ഗണത്തിലും ഉൾപ്പെടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ തീവ്രമഴ രേഖപ്പെടുത്തിയ മാസങ്ങളിൽ രണ്ടാം സ്ഥാനത്താണ് 2024 ജൂൺ മാസം. അതി തീവ്രമഴയുടെ കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ നോക്കിയാൽ 2024 ജൂലായ് മാസം രണ്ടാം സ്ഥാനത്താണ്. 2024 ആഗസ്റ്റിൽ 753 സ്റ്റേഷനുകളിലാണ് തീവ്ര മഴ രേഖപ്പെടുത്തിയത്. സെപ്റ്റംബറിൽ 525 സ്റ്റേഷനുകളിൽ അതിശക്തമായ മഴ രേഖപ്പെടുത്തി. ഇത് കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകളിൽ ഏറ്റവും കൂടുതലാണ്.
കാലാവസ്ഥാ വ്യതിയാനമാണ് മൺസൂണിന്റെ തീവ്രതയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട് നിരീക്ഷിക്കുന്നത്. താപനിലയിലെ നിരന്തരമായ വർദ്ധനവ് വർഷങ്ങളായി മൺസൂണിന്റെ സ്വഭാവത്തെ മാറ്റിമറിച്ചു എന്നും കഴിഞ്ഞ ദശകത്തിൽ ഓരോ മൺസൂൺ സീസണിലും കൂടുതൽ മാറ്റങ്ങൾ പ്രകടമായിട്ടുണ്ടെന്നും റിപ്പോർട്ട് കണ്ടെത്തുന്നു. നഗരവൽക്കരണം, ജലസേചനരീതികൾ, ഭൂവിനിയോഗം എന്നിവയിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങളും ഇന്ത്യയിലെ പ്രാദേശിക മഴയുടെ പാറ്റേണുകളെ മാറ്റിമറിച്ചിട്ടുണ്ട്. ഇന്ത്യയിലെ 729 ജില്ലകളിലെ 2024ലെ മഴക്കണക്ക് പ്രകാരം 340 ജില്ലകളിൽ സാധാരണ മഴ റെക്കോർഡ് ചെയ്തപ്പോൾ 158 ജില്ലകളിൽ അധികമഴയും രേഖപ്പെടുത്തി. 48 ജില്ലകളിൽ വലിയ തോതിൽ അധിക മഴ ലഭിച്ചു. അതേസമയം,167 ജില്ലകളിൽ മഴയുടെ അളവ് കുറഞ്ഞിട്ടുമുണ്ട്. 11 ജില്ലകളിൽ വലിയ കുറവുണ്ടായി.
ഗ്രാഫിക്സ്: സ്നേഹ എം