പ്രളയനാളുകളിൽ നിന്നും വരൾച്ചയിലേക്ക് നീങ്ങുന്ന കേരളം

മഴക്കാല ദുരന്തങ്ങളുടെ അഞ്ച് വർഷം

2018ലെ ‌മഴക്കാല ദുരന്തങ്ങളുടെ നടുക്കുന്ന ഓർമ്മകൾ അഞ്ച് വർഷം പിന്നിട്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം എന്നത് കേരളത്തെ ഉടനയൊന്നും ബാധിക്കാൻ ഇടയില്ലാത്ത ഒരു പ്രതിഭാസമാണെന്ന മലയാളികളുടെ ധാരണകളെ തിരുത്തിയെഴുതിയ വർഷം. 2018ലെ മഴക്കെടുതികളുടെ മുറിവുണങ്ങും മുൻ‌പ് 2019ലും പ്രളയ സമാന സാഹചര്യം കേരളത്തിൽ ആവർത്തി‌ക്കപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ മഴയുടെ സ്വഭാവം മാറുകയും പ്രവചനാത്മകത നഷ്മാവുകയും ചെയ്തു. അതിതീവ്ര മഴയും ഉരുൾപൊട്ടലും മണ്ണിടിച്ചിലും വേനൽക്കാല വരൾച്ചയും ആവർത്തിക്കപ്പെട്ടുകൊണ്ടേയിരുന്നു. ജൂൺ-ജൂലൈ മാസങ്ങളിൽ പെയ്യേണ്ട കാലവർഷം ആഗസ്റ്റിലേക്കും സെപ്തംബറിലേക്കും നീണ്ടു. മഴയുടെ ക്രമം തെറ്റിയതോടെ കൃഷി പല സ്ഥലങ്ങളിലും അസാധ്യമായിത്തീർന്നു. വെള്ളക്കെട്ട് പതിവായ സ്ഥലങ്ങളിൽ നിന്നും ജനങ്ങൾ വീടുപേക്ഷിച്ച് പോകാൻ തുടങ്ങി. കേരളവും കാലാവസ്ഥാ മാറ്റത്തിന്റെ പ്രതിഫലനങ്ങളിലൂടെ കടന്നുപോകുന്നുവെന്ന യാഥാർത്ഥ്യം മലയാളികൾ പതിയെ മനസ്സിലാക്കിത്തുടങ്ങി.

2023ൽ മൺസൂൺ മഴയുടെ രീതി വീണ്ടും മാറിയിരിക്കുകയാണ്. മഴ മുൻ വർഷങ്ങളേക്കാൾ കുറഞ്ഞു. ജൂൺ ഒന്നുമുതൽ ആ​ഗസ്റ്റ് 15 വരെ ലഭിക്കേണ്ടിയിരുന്നത് 1556 മില്ലിമീറ്റർ മഴയാണ്. എന്നാൽ ലഭിച്ചതാകട്ടെ 877.1 മഴ മാത്രം. 44 ശതമാനത്തോളം മഴ കുറവാണ്. ആഗസ്റ്റിലെ പകുതിയോളം ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ മാസം ലഭിക്കേണ്ട മഴയുടെ പത്ത് ശതമാനം മാത്രമാണ് പെയ്തത്. വരും ദിവസങ്ങളിൽ ബാക്കി 90 ശതമാനം ലഭിക്കില്ലെന്നും ഉറപ്പായതോടെ കേരളത്തെ കാത്തിരിക്കുന്നത് കടുത്ത വരൾച്ചയായിരിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. Era of global warming has ended and the era of global boiling has arrived (ആഗോളതാപനത്തിന്റെ ദിനങ്ങൾ അവസാനിച്ചു, ആഗോള തിളപ്പിക്കലിന്റെ ദിനങ്ങൾ ആരംഭിച്ചു) എന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വാക്കുകളെ വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. 2023 ജൂലൈ ലോകത്തിലെ ഏറ്റവും ചൂടേറിയ മാസമാണെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചതിന് ശേഷമാണ് അന്റോണിയോ ഗുട്ടെറസ് മാധ്യമങ്ങളോട് ഇത് പറഞ്ഞത്. ഭൂമധ്യരേഖാ പ്രദേശത്തിന് പുറത്തേക്കും സമുദ്രോപരിതലത്തിലെ താപനില വൻതോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു. 2023നെ അപേക്ഷിച്ച് 2024 ൽ താപനില വീണ്ടും ഉയരാനാണ് സാധ്യതയെന്നും പറയപ്പെടുന്നു. കാലാവസ്ഥയിലുണ്ടായിരിക്കുന്ന ഈ മാറ്റങ്ങൾ കേരളത്തെ എങ്ങനെയാണ് ബാധിച്ചിരിക്കുന്നത്? മഴക്കാലങ്ങളെ പേടിച്ച് തുടങ്ങിയ മലയാളികളെ കടുത്ത വരൾച്ചയുടെ ഭയാനക ദിനങ്ങളാണോ കാത്തിരിക്കുന്നത്? കാലാവസ്ഥാ ശാസ്ത്രജ്ഞർ പ്രതികരിക്കുന്നു.

2018ലെ പ്രളയകാലത്ത്. കടപ്പാട്:globalnews

പ്രവചനം അസാധ്യമാകുന്ന മഴക്കാലം

കെ. രാജീവൻ, (കാലാവസ്ഥാ വിദ​ഗ്ധൻ, സംസ്ഥാന ദുരന്ത നിവാരണ വിഭാഗം)

കെ. രാജീവൻ

2017 ഓഖി മുതലാണ് ഇവിടെ കാലാവസ്ഥാ മാറ്റം ഉണ്ടായത്. പ്രളയങ്ങളും ചുഴലിക്കാറ്റുമൊക്കെ മറ്റ് സംസ്ഥാനങ്ങളിലുണ്ടാകുമ്പോൾ ഇവിടെ ഇത് സംഭവിക്കില്ല, കേരളം വളരെ സുരക്ഷിതമാണെന്ന് എന്നായിരുന്നു നമ്മൾ കരുതിയത്. കേരളം കാലാവസ്ഥയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ചെയ്യാൻ തുടങ്ങിയത് ഓഖിക്ക് ശേഷമാണ്. 2015-16 എൽനിനോ വർഷം ആയിരുന്നു. ഏറ്റവും കുറവ് മഴ ലഭിച്ച വർഷം ആയിരുന്നു 2016. വരൾച്ചാ സമാനമായ സാഹചര്യമാണ് ഉണ്ടായിരുന്നത്. 2023 വീണ്ടും അതിന് സമാനമായ അവസ്ഥയിലേക്ക് പോകുന്ന രീതിയാണ് നിലവിലുള്ളത്. 2017 ൽ ഓഖി ഉണ്ടായി. 2018 ലും 2019 ലും പ്രളയം ഉണ്ടായി. 2021 ലും പ്രളയ സഹാചര്യമുണ്ടായി. ഈ വർഷങ്ങളിലെല്ലാം മണ്ണിടിച്ചിലുണ്ടായി. 2022 ഒഴികെ മിക്കവാറും എല്ലാ വർഷവും കാലാവസ്ഥയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ട്. 2017 ന് ശേഷം മൺസൂണിന്റെ കാര്യം നോക്കിയാൽ അതിന്റെ സ്വഭാവം മാറിയിട്ടുണ്ട്. സാധാരണ ജൂണിൽ മഴ തുടങ്ങിയാൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്നത് ജൂലൈയിലാണ്, ആഗസ്റ്റിൽ കുറയും, സെപ്തംബറിൽ അതിനേക്കാൾ കുറയും. അങ്ങനെയാണ് നാല് മാസമുള്ള നമ്മുടെ കാലവർഷത്തിന്റെ പൊതുസ്വഭാവം. 2018 ആയപ്പോൾ ആ സ്വഭാവത്തിൽ കുറച്ച് മാറ്റം വന്നു. 2018 ജൂൺ-ജൂലൈ നല്ല മഴ കിട്ടി. എന്നാൽ ആഗസ്റ്റിൽ നമ്മൾ പ്രതീക്ഷിക്കാത്ത അത്രയും മഴ കിട്ടിയതാണ് പ്രളയം ഉണ്ടാകാൻ കാരണം. 2019 ൽ ജൂൺ-ജൂലൈ മാസങ്ങളിൽ മഴ കുറഞ്ഞിട്ട് ആഗസ്റ്റ് ആയപ്പോൾ വീണ്ടും കൂടി. മഴ ലഭിക്കുന്നത് ആഗസ്റ്റിലേക്ക് പതിയെ മാറി. 2020-2021ലും ഇതേ രീതി തന്നെ തുടർന്നു. സാധാരണ നമുക്ക് മഴ കിട്ടുന്ന മാസങ്ങളിൽ മഴ വളരെ കുറവ് ലഭിക്കാനും മഴ കുറഞ്ഞ മാസങ്ങളിൽ നല്ല മഴ ലഭിക്കാനും തുടങ്ങി. 2021ൽ ഒക്ടോബർ മാസം പ്രളയം വരുകയും മുണ്ടക്കയത്ത് ഉരുൾപൊട്ടലുണ്ടാവുകയും ചെയ്തു. അതും ഒക്ടോബറിലാണ്, മൺസൂൺ കാലത്തല്ല. 2021 ജനുവരിയിലും നമ്മൾ സാധാരണ പ്രതീക്ഷിക്കാത്ത അളവിൽ വളരെ കൂടുതൽ മഴ കിട്ടുന്നു. തിരുവനന്തപുരം ഒക്കെ മുങ്ങുന്ന അവസ്ഥയുണ്ടാകുന്നു. 2022 ൽ ഡിസംബർ അവസാനം നന്നായി മഴ കിട്ടി. നമുക്ക് പൊതുവെ ലഭിക്കുന്ന മഴയുടെ സ്വഭാവം മാറിയതിന്റെ സൂചനയാണിത്. മഴ ലഭിക്കുന്ന രീതിക്ക് സ്ഥിരത ഇല്ലാത്തതായി. കുറഞ്ഞ സമയത്ത് കൂടുതൽ മഴ, അതിതീവ്ര മഴ ഉണ്ടാകുന്നു. ഒരു ‍മാസം പെയ്യേണ്ടത് ഒരാഴ്ച പെയ്യുന്നു. ഒരാഴ്ച പെയ്യേണ്ടത് ഒറ്റ ദിവസം കൊണ്ട് കിട്ടുന്നു. പിന്നെ ഒരു ഇടവേള ഉണ്ടാകുന്നു. അത് മൂലം മഴ പെയ്യുന്ന ദിവസങ്ങളുടെ എണ്ണം കുറയുന്നു. കാലവർഷത്തിന്റെ കാര്യം നോക്കിയാൽ നമുക്ക് മഴ കിട്ടുന്ന ദിവസങ്ങൾ കുറവാണ്. എന്നാൽ ഓരോ ദിവസവും കിട്ടിയ മഴയുടെ ടോട്ടൽ എടുത്ത് കഴിഞ്ഞാൽ അതിൽ വലിയ വ്യതിയാനം ഉണ്ടാകില്ല. അവിടെയാണ് കൃഷി, മത്സ്യബന്ധനം പോലെയുള്ള തൊഴിൽ മേഖലക്ക് പ്രശ്നം വരുന്നത്. മഴ വേണ്ട സമയത്ത് അവർക്ക് മഴ കിട്ടുന്നില്ല. മഴ വേണ്ടാത്ത സമയത്ത് കൂടുതൽ മഴ കിട്ടുന്നു. അത് വിളകളെ കാര്യമായി തന്നെ ബാധിക്കുന്നു.

പ്രളയം വന്നത് 2018 ലും 2019 ലുമാണ്. 2018ൽ അല്ല നമുക്ക് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. അതിന് മുൻപ് 2018നേക്കാൾ മഴ ലഭിച്ചിട്ടുണ്ട്. അന്നൊക്കെ കൃത്യമായ ഇടവേളകളിലാണ് മഴ കിട്ടിയിട്ടുള്ളത്. 2018 ആഗസ്റ്റിൽ അതി തീവ്ര മഴ ലഭിക്കുന്നു, 2019 ലും ആഗസ്തിൽ അങ്ങനെ സംഭവിക്കുന്നു. 2021 ഒക്ടോബറിൽ ഇതേ രീതിയിൽ വന്നു. കടലിന്റെ ചൂട് ക്രമാതീതമായി കൂടുന്നു. അറബിക്ക‍ടൽ ചൂടാകുന്നതിന്റെ ഭാഗമായി ചുഴലി കാറ്റുകളുണ്ടാകുന്നു. സാധാരണ ബംഗാൾ ഉൾക്കടലിൽ നാല് ചുഴലി കാറ്റുണ്ടാകുമ്പോൾ ഇവിടെ ഒരെണ്ണെം, 4:1 അങ്ങനെ ഒരു അനുപാതത്തിലായിരുന്നു. ഇപ്പോൾ അറേബിക്കടലിലും കൂടുതലായി ചുഴലിക്കാറ്റുണ്ടാകാൻ തുടങ്ങി. ഉണ്ടാകുന്ന ചുഴലിക്കാറ്റുകൾ സാധാരണയിലും തീവ്രമാകുന്നു. കഴിഞ്ഞ ജൂണിൽ വന്ന ബിപർജോയ് അതിന് ഉദാഹരണമാണ്. സാധാരണ ഒരു ചുഴലികാറ്റുണ്ടായാൽ മൂന്നോ നാലോ ദിവസമാണ് അത് നിലനിൽക്കാറുള്ളത്. ജൂൺ നാലാം തിയതി ചക്രവാതച്ചുഴി ആയി അറബിക്കടലിൽ രൂപപ്പെട്ട ബിപർജോയി ജൂൺ ആറിന് ചുഴലിക്കാറ്റായി മാറി. പിന്നീട് അത്, ഏകദേശം ജൂൺ 21-22 വരെ ഗുജറാത്ത് ക്രോസ് ചെയ്തിട്ടും നല്ല ശക്തമായി നിന്നു. അതിന്റെ ഭാഗമായി കേരളത്തിലേക്ക് വരേണ്ട കാലവർഷക്കാറ്റിനെ അത് വലിച്ചെടുത്തു. അങ്ങനെ നമുക്ക് ജൂണിൽ കിട്ടേണ്ട മഴ തന്നെ ഇല്ലാതായി. ചൂടുമായി ബന്ധപ്പെട്ട് കര പോലെ തന്നെ മാറ്റങ്ങൾ കടലിലും സംഭവിക്കുന്നുണ്ട്. അത് അവിടെയുള്ള റെഗുലാരിറ്റിയെ ബ്രേക്ക് ചെയ്യുന്നുണ്ട്. മത്സ്യസമ്പത്തിനെ ബാധിക്കുന്നുണ്ട്.

2018ലെ പ്രളയകാലത്ത്. കടപ്പാട്:pti

മെയ് മാസം കാലാവസ്ഥാ ശാസ്ത്രജ്ഞർ പറഞ്ഞത് ഇത്തവണ കാലവർഷം കൂടുതൽ ആയിരിക്കുമെന്നാണ്. കാലാവസ്ഥ വകുപ്പും മറ്റ് അന്താരാഷ്ട്ര ഏജൻസികളുമെല്ലാം ഒരേപോലെ പറഞ്ഞത് ഇത്തവണ കേരളത്തിൽ കാലവർഷം കൂടുതൽ ആയിരിക്കുമെന്നാണ്. എൽനിനോ നമ്മൾ പ്രതീക്ഷിച്ചതായിരുന്നു. മൺസൂൺ സീസണിൽ ആദ്യ ആഴ്ചയാണ് എൽനിനോ ഉണ്ടാകുന്നത്. പസഫിക്കാലാണ് എൽനിനോ ഉണ്ടാകുന്നത്, പസഫിക്കിൽ എൽനിനോ രൂപപ്പെടുന്ന അതേ സമയത്ത് തന്നെ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ എന്നൊരു പ്രതിഭാസം കൂടി ഉണ്ടാകും. (ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മധ്യ-പടിഞ്ഞാറന്‍ ഭാ​ഗത്തും മധ്യ-കിഴക്കന്‍ ഭാ​ഗത്തും പ്രതിവര്‍ഷം താപനിലയില്‍ ഉണ്ടാകുന്ന വ്യത്യാസത്തെയാണ് ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ (ഐ.ഒ.ഡി) എന്ന് പറയുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരപ്രദേശത്തുള്ള രാജ്യങ്ങളിലെ മഴയുടെ അളവിനെ ഇത്‌ സ്വാധീനിക്കുന്നു. മൂന്ന് ഘട്ടങ്ങളില്‍ ആയാണ് ഐ.ഒ.ഡി വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നത് – പോസിറ്റീവ്, നെഗറ്റീവ്, ന്യൂട്രല്‍. ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്കുഭാഗത്തേക്കാൾ പടിഞ്ഞാറുഭാ​ഗത്ത് ചൂട് കൂടുന്നത് ഐ.ഒ.ഡി പോസിറ്റീവും ഇന്ത്യൻ മഹാസമുദ്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് താപനില കുറയുമ്പോൾ ഐ.ഒ.ഡി നെ​ഗറ്റീവും ആകുന്നു). അത് പോസീറ്റീവ് ഫേസ് ആകുമെന്നാണ് നമ്മൾ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നത്. സാധാരണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ പോസിറ്റീവ് ഫേസിൽ ആകുകയാണെങ്കിൽ എൽനിനോ ഉണ്ടെങ്കിൽപ്പോലും കേരളം ഉൾപ്പെടുന്ന വെസ്റ്റ് കോസ്റ്റിൽ നമുക്ക് സാധാരണയിൽ കൂടുതൽ മഴ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ജൂണിൽ ബിപോർജോയി വില്ലനായി മഴ കുറച്ചു. അതിനൊപ്പം പസഫിക്കിൽ എൽനിനോ രൂപപ്പെട്ട് ശക്തമായി വന്നുകൊണ്ടിരിക്കുന്നു, നമ്മൾ ഇന്ത്യൻ ഓഷ്യനിൽ പ്രതീക്ഷിച്ച ഐ.ഒ.ഡി എന്ന പ്രതിഭാസം ന്യൂട്രലായി തന്നെ നിൽക്കുന്നു. ഇപ്പോഴും പോസീറ്റീവ് ഫേസിലോട്ട് മാറിയില്ല. സ്വാഭാവികമായിട്ടും നമ്മൾ പറഞ്ഞ പ്രവചനം തിരുത്തേണ്ടി വന്നു.

ജൂലൈ മാസം അത്യാവശ്യം മഴ കിട്ടിയിരുന്നു. അതും വടക്കൻ ജില്ലകളിലാണ് മഴ കൂടുതൽ കിട്ടിയത്. എൽനിനോ, ഐ.ഒ.ഡി ആഗോള കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. പ്രാദേശികമായ ന്യൂനമർദ്ദം പോലെയുള്ളവ ‌കേരളത്തിന് അനുകൂലമായി രൂപപ്പെടാത്ത കാരണം കൂടിയാണി നമുക്ക് മഴ കിട്ടാതെ പോയത്. മൺസൂൺ സമയത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കാൻ സഹായിക്കുന്ന സിസ്റ്റമാണ് തീരദേശ ന്യൂനമർദ്ദ പാത്തി എന്ന് പറയുന്നത്. സാധാരണ അത് ഗുജറാത്ത് മുതൽ കേരള തീരം വരെ ഈ ഒരു മ‌ൺസൂൺ സമയത്ത് ഇടക്കിടെ ഉണ്ടാകുന്നതാണ്. ഇത്തവണ വളരെ കുറച്ച് സമയം മാത്രമാണ് തീരദേശ ന്യൂനമർദ്ദ പാത്തി കേരള തീരത്ത് ഉണ്ടായിരുന്നത്. ഗുജറാത്ത് മുതൽ കർണാടക വരെ ഉണ്ടായി, കേരളത്തിൽ വടക്കൻ കേരളത്തിൽ മാത്രമാണ് അത് കൂടുതലായി ഉണ്ടായിരുന്നത്. ജൂലൈ രണ്ട് തവണയായിട്ടാണ് നമുക്ക് മഴ കിട്ടിയത്. വടക്കൻ കേരളത്തിൽ മാത്രമായി ന്യൂനമർദ്ദ പാത്തി ചുരുങ്ങി. എറണാകുളം വരെയൊക്കെ സാധാരണ ന്യൂനമർദ്ദ പാത്തി വരാറുണ്ട്. അപ്പോൾ കേരളം മുഴുവൻ മഴ കിട്ടാറുണ്ട്. എന്നാൽ ഉണ്ടായ ന്യൂനമർദ്ദ പാത്തി തന്നെ കുറച്ച് ദിവസം മാത്രമേ നിലനിന്നിട്ടുള്ളൂ.‌‌ എൽനിനോ ഉണ്ടാകുമ്പോൾ നമ്മു‍ടെ കാലവർഷക്കാറ്റ് ദുർബലമാകും. കേരളത്തിന്റെ കാര്യത്തിൽ കാലവർഷക്കാറ്റ് ശക്തമായിരുന്നില്ല. അറബിക്കടലിൽ മഴമേഘങ്ങൾ ഉണ്ടായിരുന്ന സമയത്ത് നമുക്ക് കാലവർഷ കാറ്റ് ശക്തമായിരുന്നില്ല. കാറ്റ് ശക്തമായപ്പോൾ മേഘങ്ങൾ ഉണ്ടായിരുന്നില്ല. അനുകൂല സാഹചര്യങ്ങൾ മൊത്തത്തിൽ കുറവായിരുന്നു.

2018ലെ പ്രളയകാലത്ത്. കടപ്പാട്:pti

ആഗസ്റ്റിലാണ് കൂടതലായിട്ടും മഴ പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ ഏഴ് വർഷത്തെ കണക്ക് നോക്കിയാൽ ആ​ഗസ്റ്റിൽ നമുക്ക് മഴ സാധാരണയോ അതിൽ കൂടുതലോ കിട്ടിയിട്ടുണ്ട്. എന്നാൽ 2023ൽ ആ പ്രവണത മാറാൻ പോകുകയാണ്. ആഗസ്റ്റ് 1 മുതൽ 15 വരെ ശരാശരി കേരളത്തിൽ ലഭിക്കേണ്ട മഴ 254.6 mm ആയിരുന്നു. എന്നാൽ 2023 ൽ ഇതുവരെ ലഭിച്ചത് 25.1mm മഴയാണ്. 90 ശതമാനം കുറവ്. 2023 ജൂൺ 1 മുതൽ ആഗസ്റ്റ് 15 വരെ സംസ്ഥാനത്ത് ഇതുവരെ 44 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. ഡാമുകളിൽ വെള്ളം ഇല്ല. ചൂട് കൂടുന്നു. സാധാരണയുള്ളതിനേക്കാൾ പകൽ സമയത്ത് ചൂട് കൂടുതലാണ്. ഇത്തരത്തിൽ പോകുകയാണെങ്കിൽ 2016 ലെ അവസ്ഥ വരും. അന്നും എൽനിനോ ആയിരുന്നു വില്ലൻ, ഇപ്പോഴും അത് തന്നെ. ആകെയുള്ള പ്രതീക്ഷ ഐ.ഒ.ഡി പോസിറ്റീവ് ആകാനുള്ള ചെറിയ സൂചന കാണിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ സെപ്റ്റംബറിലോ ഒക്ടോബറിലോ ചെറിയ ആശ്വാസം എന്നുള്ള രീതിയിൽ മഴ കിട്ടുമെങ്കിലായി. 2024 വേനൽക്കാലം വരെ എൽനിനോ നീളാനുള്ള സാധ്യതയുണ്ട്. അത് സംഭവിച്ചാൽ വേനൽക്കാലം നമുക്കൊരു പ്രശ്നമായി മാറും. 2023ൽ തന്നെ ഏപ്രിൽ-മെയ് മാസങ്ങളിൽ കുടിവെള്ള ക്ഷാമം കാരണം നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു.

ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ട്. അതിനനുസരിച്ചാണ് നമുക്കും മാറ്റങ്ങൾ അനുഭവപ്പെടുന്നത്. ഓഖി വരെ കേരളത്തിന് കാലാവസ്ഥാ വ്യതിയാനം അത്ര പ്രശ്നമായിരുന്നില്ല. ഓഖി, പ്രളയങ്ങൾ, അതിതീവ്ര മഴകൾ എല്ലാം കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ആഗോള തലത്തിലുള്ള മാറ്റത്തിന്റെ പ്രതിഫലനങ്ങളാണ്. നമ്മൾ പ്രത്യേകിച്ച് ഒരു കടലോര സംസ്ഥാനമായതുകൊണ്ട് തന്നെ കടലിൽ വരുന്ന മാറ്റങ്ങൾ, ചുഴലിക്കാറ്റ് ഉൾപ്പടെയുള്ള കാര്യങ്ങൾ ഭീഷണിയാകുന്നുണ്ട്. മുൻപ് ശീലിച്ച സ്ഥിരതയുള്ള കാലാവസ്ഥാ അനുഭവം ആയിരക്കില്ല, അസ്ഥിരമായിരിക്കും ഭാവി. പ്രവചനാതീതമായി മാറി കൊണ്ടിരിക്കുകയാണ് നമ്മുടെ കാലാവസ്ഥാ.

2023 ജൂലൈ ലോകത്തിലെ ഏറ്റവും ചൂടേറിയ മാസമായി മാറിയപ്പോൾ.

മഴ പേടിയിൽ കേരളം, പക്ഷെ കാത്തിരിക്കുന്നത് വരൾച്ച

ഡോ. എസ്. അഭിലാഷ് (അസോസിയേറ്റ് പ്രഫസർ, അന്തരീക്ഷ ശാസ്ത്ര വിഭാഗം, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി)

ഡോ. എസ്. അഭിലാഷ്

2018ലെ മഹാപ്രളയത്തിന് ശേഷം കേരളത്തിന്റെ കാലാവസ്ഥയിൽ കണ്ട മാറ്റം എന്ന് പറയുന്നത് മഴയുടെ വിതരണത്തിലും പെയ്യുന്ന രീതിയിലുമുണ്ടായ പ്രധാനപ്പെട്ട മാറ്റമാണ്. മഴ ദിനങ്ങൾ കുറയുകയും അതി തീവ്ര മഴയുണ്ടാകുകയും ചെയ്യുന്നു. 2018ൽ മാത്രമല്ല 2019 ലും 2020 ലും 2021ലും അത് പ്രകടമായിരുന്നു. 2019ൽ ജൂലൈ 31 വരെ 35-40 ശതമാനം വരെ മഴ കുറവായിരുന്നു. എന്നാൽ ആഗസ്റ്റിൽ മൂന്നാല് ദിവസം പെയ്ത മഴ കൊണ്ട് ജൂലൈയിലെ കുറവ് നികത്തുന്ന രീതിയിലേക്ക് മഴ പെയ്യുന്നതിന്റെ രീതി മാറി. ഒന്ന് രണ്ട് മാസത്തെ മഴക്കുറവ് ഒന്നോ രണ്ടോ ദിവസം കൊണ്ടോ, ഒരാഴ്ച കൊണ്ടോ നികത്തുന്ന രീതിയിലേക്ക് മഴ പെയ്യുന്ന രീതി രൂപപ്പെട്ടിരിക്കുന്നു. ഇതിനുള്ള പ്രധാനപ്പെട്ട കാരണം കുസാറ്റ് നടത്തിയ പഠനങ്ങളിൽ കണ്ടിട്ടുള്ളത് തെക്ക് കിഴക്കൻ അറബിക്കടലിൽ കേരളത്തോട് ചേർന്നുള്ള തീരപ്രദേശത്ത് മേഘ രൂപീകരണത്തിൽ വന്നിട്ടുള്ള മാറ്റമാണ്. പണ്ട് കാലത്ത് അതിതീവ്ര മഴ അതായത് ലഘു മേഘവിസ്ഫോടനത്തിന്റെ ഗണത്തിൽപ്പെടുത്താവുന്ന രണ്ട്, മൂന്ന് മണിക്കൂർ കിട്ടുന്ന അഞ്ച്- പത്ത് സെന്റി മീറ്റർ വരുന്ന മഴ കൂടുതൽ കിട്ടികൊണ്ടിരുന്നത് മംഗലാപുരത്തിന് വടക്കോട്ടുള്ള കൊങ്കൺ തീരത്താണ്. ആ ഒരു റെയിൻ ബെൽറ്റ് കുറച്ച് തെക്കോട്ട് നീങ്ങിയതായി കാണുന്നുണ്ട്. അതിന്റെ ഭാഗമായാണ് 2018നേക്കാൾ ഇത്തരം ലഘുമേഘ വിസ്ഫോടനങ്ങളുടെ സാന്നിദ്ധ്യം 2019ൽ അനുഭവപ്പെട്ടത്. കവളപ്പാറ പുത്തുമല മേഖലയിലുണ്ടായ ഉരുൾ പൊട്ടൽ സമയത്ത് ലഭിച്ചത് ഇത്തരത്തിലുള്ള മഴയാണ്. അതിനുശേഷം 2021ൽ കോട്ടയം കൂട്ടിക്കൽ കൊക്കയാറിലും 2020ൽ പെട്ടിമുടിയിലും ഒക്കെ ഉണ്ടായ ഉരുൾപൊട്ടൽ സമയത്ത് ഇത്തരം കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം ദൃശ്യമായിരുന്നു.

ഉരുൾപൊട്ടൽ ദുരന്തം. കടപ്പാട്:manorama

പണ്ട് അഞ്ചോ ആറോ കിലോ മീറ്റർ വരെ മൺസൂൺ സമയത്ത് മേഘങ്ങൾക്ക് ഉയരം/കട്ടി ഉണ്ടായിരുന്നു. എങ്കിൽ ഇപ്പോൾ 10-14 മീറ്റർ വരെ കട്ടി കൂടിയ കൂമ്പാര മേഘങ്ങളാണ് കാണപ്പെടുന്നത്. അത് കൂടുതലും പണ്ട് കേരളത്തിന്റെ വടക്ക് ഭാഗത്ത് കടലിൽ നിന്ന് പെയ്തിരുന്ന ഇത്തരം മേഘങ്ങൾ ചില അവസരങ്ങളിൽ മൺസൂൺ കാറ്റ് അനുകൂലമാകുന്ന സമയത്ത് കരയിലേക്ക് വരുകയും അത് കരയിൽ അതിതീവ്രമഴയായി മാറുകയും ചെയ്യുന്നു. മഴ അതിനോട് അനുബന്ധിച്ചുള്ള പ്രാദേശികമായ മിന്നൽ പ്രളയങ്ങളും ഉരുൾ പൊട്ടലുകളും ഉണ്ടാക്കുന്നു. പൊതുവേ തന്നെ നമ്മുടെ പശ്ചിമഘട്ടത്തിന് ഇത്തരം മഴയെ താങ്ങാനുള്ള ശേഷിയില്ല. ഒരു നിർമ്മാണ പ്രവർത്തനങ്ങളും അല്ലെങ്കിൽ മാനുഷികമായിട്ടുള്ള പ്രവർത്തനങ്ങളും നടന്നില്ല എങ്കിൽ പോലും പശ്ചിമഘട്ടത്തിന് ദശലക്ഷക്കണക്കിന് വർഷം പ്രായമുള്ളതിനാൽ പശ്ചിമഘട്ടം ഇപ്പോൾ തന്നെ സമ്മർദ്ദത്തിലാണ്. മഴകൊണ്ടും, കെമിക്കലായിട്ടും, കാറ്റു കൊണ്ടും ഒക്കെയുള്ള അപക്ഷയം സംഭവിച്ചിട്ടുണ്ട്. അതിന് താങ്ങാനാവുന്നതിനേക്കാളും വലിയ രീതിയാലാണ് മഴയുടെ പെയ്ത്ത് രീതി ഇപ്പോൾ മാറുന്നത്. ജൂൺ-ജൂലൈ മാസത്തിലാണ് കേരളത്തിൽ കൂടുതൽ മഴ കിട്ടിയിരുന്നത്. അറബിക്കടൽ പതിവിലും ചൂടായി കിടക്കുന്നത് കാരണം ജൂൺമാസത്തിൽ മൺസൂണിന്റെ ഓൺസെറ്റിനോട് അനുബന്ധിച്ച് ചക്രവാതചുഴി ഉണ്ടാകാറുണ്ട്. അത്തരം ചക്രവാത ചുഴികൾ ഇപ്പോൾ ഡിപ്രഷനായിട്ടും പല ചുഴലിക്കാറ്റുകളായിട്ടും ശക്തമാകുന്നത് കാണാം. അത് മൺസൂണിന് തൊട്ട് മുന്നെയാണ് സംഭവിക്കുന്നത്. പണ്ട് ഉണ്ടായ അശോബ,ടോട്ടെ, നിസർഗ പോലെയുള്ള ചുഴലിക്കാറ്റുകൾ ഇപ്പോൾ ഉണ്ടായ ബിപർജോയ്, ഇതെല്ലാം കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ മൺസൂണിന്റെ ഓഫ് സെറ്റിനോട് അടുപ്പിച്ചുണ്ടായചുഴലിക്കാറ്റുകളാണ്. അതായത് പത്ത് വർഷത്തിൽ ഏകദേശം ഏഴ് -എട്ട് വർഷം മൺസൂണിന് ചുഴലിക്കാറ്റുകൾ ഉണ്ടാകുന്ന തരത്തിലേക്ക് അറബിക്കടൽ മാറിയിട്ടുണ്ട്. അത് മൺസൂണിന്റെ തുടക്കത്തിൽ മൺസൂൺ ഓൺസെറ്റ് ഉണ്ടാകും പക്ഷെ കേരളത്തിലും പശ്ചിമഘട്ടത്തിലും കിട്ടേണ്ട മഴയും നീരാവിയും ഈ ചുഴലിക്കാറ്റ് വലിച്ചുകൊണ്ട് പോകുന്നത് കാരണം പൊതുവേ ഓൺസെറ്റ് സമയത്ത് ഒക്കെ ജൂൺ മാസത്തിൽ മഴ കുറയുന്നതായി കാണുന്നുണ്ട്. അത് കഴിഞ്ഞ ഒരു പത്ത് വർഷമായിട്ട് ശ്രദ്ധിച്ച മാറ്റമാണ്. അത് കൊണ്ട് ജൂൺ മാസത്തിൽ മഴ കുറയുന്നു. ഈ വർഷം ജൂൺ മാസത്തിലെ മഴ കുറവ് 60% അടുത്തായിരുന്നു. ജൂലൈ മാസത്തിലെ രണ്ട് പ്രാവശ്യമായി പെയ്ത മഴ കാരണം ആ ഒരു മഴയുലുണ്ടായ കുറവ് ഒരു 30% ത്തോളം കുറച്ചുകൊണ്ട് വരാൻ പറ്റി. പക്ഷെ ഈ വർഷം ആഗസ്റ്റിൽ നമ്മൾ എല്ലാവരും പ്രതീക്ഷിക്കുന്ന എൽനിനോ വന്ന കാരണം ആ​ഗസ്റ്റിലെ മഴ മാറി നിൽക്കുന്ന ഒരു രീതിയാണ് കാണുന്നത്. മഴയത്ത് ഉണ്ടാക്കുന്ന മൺസൂൺ കാറ്റ് കേരളത്തിലേക്ക് വരുന്നില്ല.

പൊതുവെ കേരളം മഴയോട് പേടിയുള്ള ഒരു സമൂഹമായി മാറി. 2019-2020-2021 കാലഘട്ടത്തിൽ നമുക്ക് ലഭിച്ചിട്ടുള്ള അതിതീവ്ര മഴയാണ് അതിന് കാരണം. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി, 2013 മുതലുള്ള കാലയളവ് നോക്കിയാൽ മൺസൂൺ മഴയിൽ സാധാരണ മൺസൂണിനേക്കാൾ അതിതീവ്ര മഴ കിട്ടിയത് രണ്ട് വർഷം മാത്രമാണ്. 2013 ലും 2018 ലും മാത്രമാണ് ഏകദേശം 20 ശതമാനം മഴ കേരളത്തിൽ കിട്ടിയത്. ബാക്കി ഏഴ്-എട്ട് വർഷങ്ങളിലും മൺസൂൺ മഴ കുറവ് ലഭിച്ച വർഷമായിരുന്നു. പ്രത്യേകിച്ച് 20 ശതമാനത്തിൽ കുറവ്. മൺസൂൺ മഴ ലഭിച്ച മൂന്നോ നാലോ വർഷങ്ങൾ നമുക്ക് ഉണ്ടായിട്ടുണ്ട്. ഒരു പക്ഷെ 2018 ന് ശേഷം 2019ൽ മഴ കൂടുതൽ ലഭിച്ചെങ്കിലും ജൂലൈ മാസം വരെ 35 ശതമാനം മഴ കുറവായിരുന്നു. അതിനുശേഷം 2021 ലും 2022 ലും മൺസൂണിന്റെ സീസണൽ വർഷപാതം എന്ന് പറയുന്നത് നെഗറ്റീവ് സൈഡിൽ ആയിരുന്നു. ഏകദേശം 14-15 ശതമാനം മഴക്കുറവിലാണ് 2021-2022 മൺ‍സൂൺ അവസാനിച്ചത്. പൊതുവേ കേരളം പേടിക്കേണ്ടത് ഇത്തരം മഴ കുറവിനെയാണ്. അതിതീവ്ര മഴയേക്കാൾ നമുക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പോകുന്നത്, എല്ലാ ജനങ്ങളെയും ഒരു പോലെ ബാധിക്കാൻ പോകുന്നത് ഇത്തരം വരൾച്ചയാണെന്ന് നമ്മൾ മനസിലാക്കണം.

മൂന്നാറിലുണ്ടായ ഉരുൾപൊട്ടൽ ​ദുരന്തം. കടപ്പാട്:wcs.org

ഞങ്ങളുടെ പഠനങ്ങളിലും മറ്റും കാണിച്ചിട്ടുള്ളത് പൊതുവേ കേരളത്തിൽ നമ്മുടെ തെക്ക് പടിഞ്ഞാറൻ മൺസൂൺ മഴ കുറയുന്നതായിട്ടാണ്. അതിന് പ്രധാന കാരണം മൺസൂൺ കാറ്റിന്റെ വിതരണത്തിനും, അറബിക്കടലിലെ സമുദ്രതാപ നിലയിലെ വിതരണത്തിലും ഉണ്ടാകുന്ന വത്യാസമാണ്. പ്രത്യേകിച്ച് ഈ മഴക്കുറവിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള മാർഗങ്ങളിലേക്ക് നമ്മൾ പോകേണ്ട സമയം തന്നെ അതിക്രമിച്ചിരിക്കുകയാണ്. എൽനിനോ വർഷം ആണ് വരാൻ പോകുന്നതെന്ന മുന്നറിയിപ്പ് മൂന്നോ നാലോ മാസം മുമ്പ് ഉണ്ടായിരുന്നു. ഇതിന് മുൻപ് എൽനിനോ വർഷം വന്നത് 2015-16 ആയിരുന്നു. എൽനിനോ വർഷം പ്രതീക്ഷിക്കുന്ന അവസരങ്ങളിലെല്ലാം തന്നെ ഇത്തരത്തിലുള്ള മഴക്കുറവിനെ മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തേണ്ടിയിരുന്നത്. മഴക്കുറവ് പ്രതീക്ഷിച്ചുള്ള മുൻകരുതൽ എടുക്കേണ്ട വർഷം ആയിരുന്നു 2023. മൺസൂൺ സീസൺ ഏകദേശം 70 ശതമാനം കഴിഞ്ഞിരിക്കുകയാണ്. ഇനി മഴ കിട്ടുന്ന സാഹചര്യത്തിൽ ഒരു തുള്ളി വെള്ളം പോല‍ും പാഴാക്കാതെ സൂക്ഷിക്കേണ്ട വർഷമാണിത്. അതുപോലെ തന്നെ പലതരത്തിലുള്ള ‌പകർച്ച വ്യാധികളും വെള്ളക്കുറവുകൊണ്ട് ഉണ്ടാകുന്ന മറ്റ് ജലജന്യ രോഗങ്ങളുമൊക്കെയാണ് കേരളം അടുത്ത ഒന്ന് രണ്ട് മാസം പ്രതീക്ഷിക്കേണ്ടത്. ജലജന്യ-കൊതുകുജന്യ രോഗങ്ങൾ എന്ന് പറയുന്ന ഡെങ്കുപോലയുള്ള പനികൾ, വയറിളക്കം, കോളറ തുടങ്ങിയ ശുദ്ധമായ ജലത്തിന്റെ അഭാവത്തിലുണ്ടാകുന്ന പല അസുഖങ്ങളും ഇനിയും വ്യാപിക്കാനുള്ള സാധ്യതയുണ്ട്. മഴക്കുറവിനെ കറണ്ട് ചാർജ് കൂടുന്നതുമായി ബന്ധപ്പെട്ട് മാത്രമാണ് നാം ചർച്ച ചെയ്യാറുള്ളത്. പുനർനിർമ്മിക്കാൻ സാധിക്കുന്ന ഊർജസ്രോതസിന്റെ സാധ്യത കേരളത്തിൽ വളരെ വലുതാണ്. ഇനിയും ജലവൈദ്യുത പദ്ധതിയെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാൻ സാധിക്കുകയില്ല. വളരെ പൊട്ടൻഷ്യലായ, പുനർ നിർമ്മിക്കാൻ സാധിക്കുന്ന ഊർജസ്രോതസിലേക്ക് മാറിക്കൊണ്ട് നയപരമായ മാറ്റങ്ങൾ കൊണ്ടുവരണം. അല്ലെങ്കിൽ എല്ലാ വർഷവും മഴ നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ കിട്ടണമെന്നില്ല. അതിതീവ്ര മഴ വരുന്ന സമയത്ത് നമ്മുടെ പുതിയ ഡാം മാനേജ്മെന്റനുസരിച്ച് ശേഖരിച്ച് വെക്കാവുന്ന വെള്ളത്തിന് പരിധിയുണ്ട്. മഴയെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാൻ സാധിക്കില്ല. കാരണം മഴയുടെ തീവ്രതയും വിതരണവും വ്യതിയാനങ്ങളും കൂടുന്ന ഈ പശ്ചാത്തലത്തിൽ മഴയെ മാത്രം ആശ്രയിച്ചുകൊണ്ടുള്ള രീതിയിൽ നിന്ന് മറ്റ് സാധ്യതകളിലേക്ക് മാറേണ്ടിയിരിക്കുന്നു. പൊതുജനാരോഗ്യത്തെയും കൃഷിയെയും മത്സ്യബന്ധത്തിനെയും ഇത് ബാധിക്കും. കുടിവെള്ളത്തിന്റെ ഗുണനിലവാരത്തെ വരെ സാരമായി ബാധിക്കും. ഇതിനെയൊക്കെ മുന്നിൽ കണ്ടുകൊണ്ടുള്ള പ്രതിരോധ സംവിധാനങ്ങൾ എത്രയും വേഗം ഒരുക്കണം.

അതിതീവ്ര മഴ ലഭിക്കുന്നത് മാത്രമാണ് നമ്മൾ ചർച്ച ചെയ്യുന്നത്. കഴിഞ്ഞ 10 വർഷം നോക്കിയാൽ 2015-16 ഏറ്റവും വലിയ വരൾച്ചയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ മൺസൂൺ മഴയിൽ ഏറ്റവും മഴ കുറഞ്ഞ വർഷമാണ് 2016. കഴിഞ്ഞ 10 വർഷം നോക്കിയാൽ മൺസൂൺ മഴ കുറയുന്ന രീതിയാണ് കാണാൻ സാധിക്കുക. സീസണൽ മഴ കുറയുമ്പോഴും ഒന്നോ രണ്ടോ അവസരങ്ങളിൽ ഒരു സീസണിൽ രണ്ടോ മൂന്നോ തവണ ലഭിക്കുന്ന അതിതീവ്ര മഴ, സീസണലിൽ കുറവ് കിട്ടുന്ന മഴയെ പകരം വെക്കുന്ന തരത്തിലേക്ക് മാറുന്നു. മഴയുടെ വിതരണത്തിലുണ്ടാകുന്ന വ്യതിയാനം കൂടുന്നു. സിസ്റ്റത്തിന്റെ തന്നെ സ്ഥിരത നഷ്ടപ്പെടുന്നതായി ഇതിലൂടെ നമുക്ക് മനസിലാക്കാൻ കഴിയും. മൺസൂൺ സ്ഥിരതക്ക് അനുസരിച്ചാണ് ഞാറ്റുവേല കലണ്ടർ. അതിനനുസരിച്ചായിരുന്നു കൃഷി രീതികളൊക്കെ ഉണ്ടായിരുന്നത്. അതിന് ഒരു താളവും ക്രമവും ഉണ്ടായിരുന്നു. അതൊക്കെ നഷ്ടപ്പെട്ടു. ഇത് കൃഷിയെയാണ് ഏറ്റവും ബാധിക്കുക.

ഇടുക്കിയിൽ 2018ലെ മഴക്കാലത്ത് തകർന്ന റോഡുകൾ. കടപ്പാട്:newsminute

അതുപോലെ മൺസൂൺ സമയത്ത് മത്സ്യബന്ധന വിലക്കുണ്ട്. മൺസൂൺ സമയത്താണ് അറബിക്കടലിൽ ഏറ്റവും കൂടുതൽ ഉത്പ്പാദനക്ഷമത കൂടുന്നത്. മത്സ്യങ്ങളുടെ ഉത്പ്പാദനം കൂടുന്ന കാലമാണ്. മത്സ്യങ്ങളുടെ പ്രജനന കാലമാണ്. അതിന് കാരണം മൺസൂൺ കാറ്റ് വന്ന് അറബിക്കടലിനെ തണുപ്പിച്ച്, പോഷക സമൃദ്ധമായ വെള്ളം മുകളിലേക്ക് വന്ന് അവിടെ വലിയ രീതിയിലുള്ള ഉത്പാദനം മൺസൂണുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. അത്തരമൊരു നിലയിൽ മൺസൂൺ കാറ്റ് ഈ വർഷം കേരളത്തിലേക്ക് വന്നിട്ടില്ല. അത് മാറി നിൽക്കുന്നത് പരോക്ഷമായി അറബിക്കടലിന്റെ ഉത്പ്പാദനത്തെ ബാധിക്കുന്ന ഒരു വിഷയമാണ്. മത്സ്യബന്ധനം, കൃഷി ഒക്കെ ഉപജീവനമായിട്ട് കരുതുന്ന തദ്ദേശീയരായ മനുഷ്യരെ, ആദിവാസികളെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്. നമ്മൾ കാലാവസ്ഥാ വ്യതായാനമെന്ന് പറയുമ്പോൾ പ്രളയത്തെ മാത്രം മുൻ നിർത്തിയുള്ള ഒരു ചർച്ചയാണ് നടത്തുക. കാണിച്ചാർ പഞ്ചായത്തിൽ 2022 ൽ ഉണ്ടായ ഉരുൾപൊട്ടലിന് ഏക്കർ കണക്കിന് കൃഷി ഭൂമിയാണ് നഷ്ടപ്പെട്ടത്. കൂട്ടിക്കലും കൊക്കയാറും ഒക്കെ കൃഷി ഭൂമിയാണ് നഷ്ടമായത്. കർഷകന്റെ ഉപജീവന മാർഗം കൂടിയാണ് ഇതുവഴി നഷ്ടപ്പെടുന്നത്. ഇതുവഴി കുട്ടികൾക്ക് ഉണ്ടാകുന്ന മാനസിക ആഘാതം ചർച്ച ചെയ്യുന്നില്ല. സാമൂഹികവും സാമ്പത്തികവുമായ ഇത്തരം നഷ്ടങ്ങൾ മുഖ്യധാര ചർച്ച ചെയ്യുന്നോ എന്ന് തന്നെ സംശയമാണ്. പോളിസി എന്ന് പറയുന്നത് വെള്ളപൊക്കം തടയുന്നതും ഉരുൾപൊട്ടൽ തടയുന്നതും മാത്രമായി ചുരുങ്ങുന്നു. മരണം അല്ലെങ്കിൽ പരിക്കേറ്റതാണ് നമ്മൾ നഷ്ടമായി പറയുക. മാനസികമായി പല പ്രായത്തിലുള്ളവർ അനുഭവിക്കുന്ന പ്രശ്നങ്ങളെയോ, ഇത്തരം പ്രകൃതി ദുരന്തങ്ങൾ കാരണം നടക്കുന്ന കുടിയേറ്റത്തയോ നമ്മൾ ചർച്ച ചെയ്യുന്നില്ല. വലിയൊരു ജനവിഭാഗത്തെ ബാധിക്കുന്ന ഒരു വിഷയമായി തന്നെ ഇക്കാര്യങ്ങൾ ചർച്ച ചെയ്ത് തുടങ്ങണം.‌

ആഗോള തലത്തിൽ 2016 ന് ശേഷമുള്ള എൽനിനോ വർഷം ആണ് സംഭവിക്കുന്നത്. ശാന്തസമുദ്രത്തിന്റെ കിഴക്കൻ താപനില ഒരു എൽനിനോ കണ്ടീഷനിലേക്ക് മാറിയിട്ടുണ്ടെന്നാണ് ആഗോള കാലാവസ്ഥാ സംഘടനകളും മറ്റും എത്തിച്ചേർന്നിരിക്കുന്ന നിഗമനം. 2016 ഉം ഇതു പോലെ ഏറ്റവും വലിയ എൽനിനോ വർഷം ആയിരുന്നു. 2015-16 തുടർച്ചയായിട്ടുള്ള വരൾച്ചാ കാലാവസ്ഥ ആയിരുന്നു. അതിന് സമാനമായ സാഹചര്യമാണെന്നാണ് ഇപ്പോഴത്തെ കണക്ക് പരിശോധിച്ചാൽ നമുക്ക് മനസിലാകുന്നത്. 120 വർഷത്തിനിടയിൽ വ്യാവസായിക വിപ്ലവത്തിന് ശേഷം ആഗോള തലത്തിൽ ഏറ്റവും ചൂട് കൂടിയ വർഷം 2016 ആയിരുന്നു. 2016 ജൂലൈയിൽ അനുഭവപ്പെട്ട ചൂടിനേക്കാൾ കൂടുതൽ 2023 ജൂലൈയിൽ ചൂട് അനുഭവപ്പെട്ടു.

മഴ കുറയാൻ കാരണം എൽനിനോ

ഡോ. റോക്സി മാത്യു കോൾ (കാലാവസ്ഥാ ശാസ്ത്രജ്ഞൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മിറ്റീരിയോളജി, പൂനെ)

ഡോ. റോക്സി മാത്യു കോൾ

വെള്ളപ്പൊക്കവും അതിനോടൊപ്പം തന്നെ വരണ്ട കാലാവസ്ഥയും ഒരേസമയം അഭിമുഖീകരക്കേണ്ട അവസ്ഥയാണ് മലയാളിക്ക്. 1950 മുതലുള്ള മഴയളവ് നോക്കിയാൽ അതിതീവ്രമഴയുടെ എണ്ണവും ശക്തിയും വ്യാപ്തിയും കൂടിയിട്ടുണ്ട്. അതിതീവ്രമഴ ഏറ്റവും കൂടിയിരിക്കുന്നത് മധ്യകേരളത്തിലാണ് — ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്കിടയിലുള്ള പ്രദേശങ്ങളിലും കണ്ണൂർ ജില്ലയിലും അതിതീവ്ര മഴ കൂടിയിട്ടുണ്ട്. അതേസമയം, ജൂൺ മുതൽ സെപ്തംബർ വരെ മൊത്തമായി കിട്ടുന്ന മഴയുടെ അളവിൽ കേരളമൊട്ടാകെ ഗണ്യമായ (10 മുതൽ 20 ശതമാനം വരെ) കുറവാണ് വന്നിട്ടുള്ളത്. 2023ലെ തന്നെ കണക്കിലെടുക്കുക. ജൂണിൽ കാലവർഷം തുടങ്ങി ഓഗസ്റ്റ് പകുതി വരെ കേരളത്തിലെ എല്ലാ ജില്ലകളിലും തന്നെ മഴ 26 മുതൽ 60 ശതമാനം വരെ സാധാരണയിലും കുറവാണ്. അതിതീവ്ര മഴ കൂടുതലായി കാണുന്ന മധ്യകേരളത്തിൽ പ്രത്യേകിച്ച് കോട്ടയം-ഇടുക്കി ജില്ലകളിൽ 50-60 ശതമാനം മഴക്കുറവാണ് ഇതുവരെ. കാലാവസ്ഥാ വ്യതയാനത്തിൻ്റെ പുറമെ ഈ വർഷം എൽനിനോ എന്ന പ്രതിഭാസം മഴ കുറവിന് കാരണമാകുന്നു.

ചെല്ലാനത്തെ കടൽക്ഷോഭം. കടപ്പാട്: scroll

അറബിക്കടലിൽ ചുഴലിക്കാറ്റുകൾ കൂടുന്നു

ഡോ. മാക്സ് മാർട്ടിൻ (ഗവേഷകൻ, അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്‌ഫെറിക് റഡാർ റിസർച്ച്, കുസാറ്റ്)

ഡോ. മാക്സ് മാർട്ടിൻ

ഓഖി ചുഴലിക്കൊടുങ്കാറ്റും കേരളത്തിലെമ്പാടുമുണ്ടായ പ്രളയവും മാറ്റത്തിന്റെ ചില നിമിഷങ്ങളല്ല, മറിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിലുണ്ടാകുന്ന അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ നാടകീയ ഉദാഹരണങ്ങളാണ്. കാറ്റും മഴയുമൊക്കെ പരസ്പരം ബന്ധപ്പെട്ട കാര്യങ്ങളാണ്. രണ്ടിന്റെയും തീവ്രതയേറിവരുന്നു. മഴയുടെ വ്യതിയാനം ഒരുദിവസത്തിനുള്ളിലോ, സീസണിനുള്ളിലോ, വർഷത്തിനുള്ളിലോ, ദശാബ്ദങ്ങൾക്കുള്ളിലോ ആകാം. ഈ വ്യതിയാനങ്ങളിൽ ഭൂരിഭാഗവും പ്രകൃതിയിലെ സ്വാഭാവിക കാരണങ്ങൾ മൂലമാണ്. എന്നാൽ ആഗോളതാപനം പോലെയുള്ള മനുഷ്യനിർമ്മിതമായ പ്രതിഭാസങ്ങളും ഈ വ്യതിയാനത്തെ സ്വാധീനിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഈ സ്വാഭാവിക വ്യതിയാനത്തെ കാലാവസ്ഥാ മാറ്റം സ്വാധീനിക്കുകയോ കൂടുതൽ നാടകീയമാക്കുകയോ ദുരന്തമാക്കിത്തീർക്കുകയോ ചെയ്യാം. പ്രത്യേകിച്ചും ദീർഘകാല മാറ്റങ്ങളിൽ, കനത്ത മഴ സംഭവങ്ങളുടെ ആവൃത്തിയിലെ മാറ്റങ്ങൾ ആഗോളതാപനത്തിൽ നിന്ന് ധാരാളം സ്വാധീനം വരുന്നതായി കാണുന്നു. 2018 ലെ അതിതീവ്ര മഴയും വെള്ളപ്പൊക്കത്തെ ഇത്രയും രൂക്ഷമാക്കിയ പരിസ്ഥിതി സാഹചര്യങ്ങളും പരക്കെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും കലാവസ്ഥാമാറ്റത്തിന്റെ ആഘാതം കൂട്ടുന്നത് മനുഷ്യ നിർമ്മിതമായ സാഹചര്യങ്ങളാണ്.

കുട്ടനാട്ടിൽ വെള്ളക്കെട്ട് കാരണം ഉപേക്ഷിച്ച് പോയ വീടുകൾ. കടപ്പാട്:mongabay

കാലാവസ്ഥയിൽ കടലിന്റെ സ്വാധീനം നാം കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇന്ത്യൻ മഹാസമുദ്രം ആഗോള ശരാശരിയേക്കാൾ വേഗത്തിൽ ചൂടായിട്ടുണ്ട്. മുദ്ര താപ ഉള്ളടക്കം – Ocean heat content താപനില വ്യതിയാനം, സമുദ്രജലത്തിന്റെ സാന്ദ്രത, ഉപരിതലത്തിൽ നിന്ന് ആഴക്കടലിലേക്കുള്ള നിർദ്ദിഷ്ട താപശേഷി എന്നിവ ചുഴലിക്കാറ്റ് രൂപീകരണത്തിന് അനുയോജ്യമായ സാഹചര്യമൊരുക്കുന്നു. അറബിക്കടലിൽ ചുഴലിക്കാറ്റുകൾ കൂടുകയാണ്. പൊതുവെ ലോകത്ത് ചുഴലിക്കാറ്റുകൾ കുറയുകയും അവയുടെ ശക്തി കൂടുകയും ചെയ്യുന്ന ഒരു പശ്ചാത്തലത്തിലാണിത് സംഭവിക്കുന്നത്. ഈയിടെയായി പലപ്പോഴുമവ അതിശക്തമാകുന്നു. അറബിക്കടലിൽ മാർച്ച്-ജൂൺ മാസങ്ങളിലാണ് ചുഴലിക്കാറ്റുകൾ കൂടുതലായി കാണപ്പെടുന്നത്. എന്നാൽ കുറച്ച് വർഷങ്ങളായി ഒക്ടോബർ-ഡിസംബർ മാസങ്ങളിലും അവയുടെ എണ്ണവും തീവ്രതയും വർദ്ധിക്കുന്നു. 2014 ഒക്ടോബറിൽ അറബിക്കടലിൽ ഈ സീസണിൽ ആദ്യം രേഖപ്പെടുത്തിയ അതിതീവ്രമായ (extremely severe – പരമാവധി കാറ്റ് മണിക്കൂറിൽ 168-221 കിലോമീറ്റർ) നിലോഫർ ചുഴലിക്കാറ്റുണ്ടായി. തുടർന്ന് അടുത്ത മൺസൂണിന് ശേഷമുള്ള സീസണിൽ (2015) രണ്ട് തുടർച്ചയായ അതിതീവ്രചുഴലിക്കാറ്റുകൾ ഉണ്ടായി. 2019 ലെ അഞ്ച് സംഭവങ്ങളിൽ ഉപഗ്രഹ യുഗത്തിലെ അത്ഭുതപൂർവമായ ഇരട്ട സംഭവമായി അതിതീവ്ര ചുഴലിക്കാറ്റ് മഹാഹ്രസ്വമായി ക്യാർ സൂപ്പർ (മണിക്കൂറിൽ 222 കിലോമീറ്ററിലേറെ) ചുഴലിക്കാറ്റുമായൊത്തു വീശിയടിച്ചു. ഇത് വളരെ അപകടമരമായ ഒരു സാഹചര്യമാണ്.

അതേസമയം, പൊതുവെ മണിക്കൂറിൽ 118-167 കിലോമീറ്ററോളം വേഗതയുള്ള വളരെ തീവ്രമായ (very severe) ചുഴലിക്കാറ്റുകളുടെ സമയ ദൈർഘ്യം മൂന്നിരട്ടിയായി വർദ്ധിച്ചു. അസാധാരണമായ ട്രാക്കുകളും ശക്തിപ്രാപിക്കലും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, 2017 നവംബർ 28 ന് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഓഖി ചുഴലിക്കാറ്റ് ഇന്ത്യൻ മഹാസമുദ്രത്തിലും അറബിക്കടലിലും കടലിലും 2500 കിലോമീറ്റർ സഞ്ചരിച്ച് ശ്രീലങ്ക, തമിഴ്നാട്, കേരളം തീരങ്ങൾക്ക് സമീപം അതിവേഗം ഒരു വളരെ തീവ്രമായ ചുഴലിക്കാറ്റായി മാറി. ഓഖി നമ്മെ പിടിച്ചുലച്ച ഒരു ദുരന്തമായി.

ഓഖി ദുരന്തത്തിൽ കടലിൽ കാണാതായവരെ കാത്ത് കുടുംബങ്ങൾ. കടപ്പാട്:thehindu

സർക്കാരിന്റെ ഭാഗത്തുനിന്നും കൊടുങ്കാറ്റ് പ്രവചനങ്ങൾ വളരെ മെച്ചപ്പെട്ടു, മികച്ച വിവര വിനിമയവും സംവേദന മാധ്യമങ്ങളും ദുരന്തനിവാരണ സവിധാനങ്ങളും മറ്റും വന്നിട്ടുണ്ട്. എന്നിരുന്നാലും ദൈനംദിനാവശ്യങ്ങൾക്കായി കൂടുതൽ കൃത്യവും, പ്രാദേശികവും പ്രസക്തവുമായ പ്രവചനങ്ങളുടെ ആവശ്യകതയുണ്ട്. ലോകം ആഘാതം അടിസ്ഥാനമാക്കിയുള്ള പ്രവചനത്തിലേക്ക് (impact-based forecasting) നീങ്ങുകയാണ്. കാലാവസ്ഥ എന്താണെന്നതിനേക്കാൾ കാലാവസ്ഥ എന്തുചെയ്യുമെന്ന് പറയുന്ന തലത്തിലുള്ള, സമയത്തിന്റെയും സ്ഥലത്തിന്റെയും വ്യത്യസ്ത മാനങ്ങളിൽ അത്തരം വിശദവും ഉപയോഗ യോഗ്യവുമായ കാലാവസ്ഥാ വിവരങ്ങൾ നമുക്കും ആവശ്യമാണ്. കടൽപ്പണിക്കാർക്ക് തക്ക സമയത്ത് ആവശ്യമായ വാനനില-കടൽനില വിവരങ്ങളെത്താൻ ഇനിയും മികച്ച സംവിധാനങ്ങളുണ്ടാകേണ്ടിയിരിക്കുന്നു. വിവരങ്ങളും, വിവരസാങ്കേതികവിദ്യയും മെച്ചമാകേണ്ടതുണ്ട്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read