Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
സത്യമെന്താണെന്നുള്ള അന്വേഷണം മനുഷ്യകുലത്തിന്റെ ചരിത്രത്തോളം ആഴമുള്ളതാണ്. തത്വചിന്തകർ മാത്രമല്ല; നിത്യവ്യവഹാരങ്ങളിൽ ഉഴറിയ അനേകം സഹജീവികളും സത്യത്തെ സംബന്ധിക്കുന്ന ആലോചനകളും തീർപ്പുകളും സംശയങ്ങളും പലതട്ടുകളിൽ ഉന്നയിച്ചിട്ടുണ്ട്. അപരമായി നിലകൊള്ളുന്ന ബഹുവിധമായ വ്യാഖ്യാനങ്ങളിൽ കുടുങ്ങിയോ ഉറപ്പിച്ചോ സത്യസന്ദേഹങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. നിയമങ്ങളും സിദ്ധാന്തങ്ങളും തീർപ്പ് കൽപ്പിക്കുന്ന രാജനീതിയുടെ ഭാഷ്യത്തിൽ പലപ്പോഴും തെളിവുകൾ കൊണ്ട് മെനഞ്ഞെടുക്കുന്നതാണ് സത്യം. നിഷേധിക്കപ്പെട്ടും അദൃശ്യമായും ഒഴിവാക്കിയും സത്യത്തെ മിഥ്യയുടെ ആവരണങ്ങളിൽ ചരുട്ടിയെടുത്താണ് ഇന്ന് കൈമാറിക്കൊണ്ടിരിക്കുന്നത്. സത്യാനന്തരം (post-truth) എന്ന് മാർക്ക് ചെയ്യപ്പെടുന്ന കാലമാപിനിയിൽ സംഭവങ്ങളെ അടുക്കുകളിൽ (layers) നിന്നും വിമോചിപ്പിച്ചുകൊണ്ടോ അഴിച്ചെടുത്തുകൊണ്ടോ മാത്രമേ യാഥാർത്ഥ്യത്തെ കുറിച്ചുള്ള അവബോധം രൂപപ്പെടുത്താൻ സാധിക്കൂ.
നിരന്തരമായ ഗാഢപാരായണങ്ങളിൽ കൂടി വേണം സത്യചിന്തയെ പുൽകി ഉണർത്താൻ. ഈ അന്വേഷണങ്ങൾ പലപ്പോഴും സർഗാത്മകമായി നിർവ്വഹിക്കപ്പെടുന്നത് കലയിലാണ്. ഇത്തരത്തിൽ പുതുകാലത്തിന്റെ സങ്കീർണതകൾ പേറി നിൽക്കുന്ന നാടകാവതരണമാണ് റോസമ്മ സോജന്റെ കോഹൗസ് (cohouse). മാധ്യമകേന്ദ്രീകൃത നവസമൂഹത്തെ വിസ്മയകരമായ അരങ്ങുഭാഷയിൽ ഈ പ്ലേ നരേറ്റ് ചെയ്യുന്നു. നേരും നുണയും തിരിച്ചറിയാത്ത അഥവാ വിപണമൂല്യത്തിനനുസരിച്ച് പെരുമാറേണ്ടി വരുന്ന കാലത്തിന്റെ ആത്മവ്യഥയെ സർവതലത്തിലും അനുഭവിപ്പിക്കുവാൻ ഈ അവതരണത്തിന് സാധിക്കുന്നുണ്ട്.
നുണകളുടെ പകർപ്പെടുത്ത് സത്യത്തിനുമേൽ സൂപ്പർ ഇമ്പോസ് ചെയ്തുകൊണ്ട് നുണകളെ സത്യമാക്കുന്ന കാലത്താണ് നാം ഇന്ന് ജീവിക്കുന്നത്. നുണകളെ സത്യപരിവേഷത്തോടെ അവതരിപ്പിച്ച് വിജയിച്ച വ്യക്തിയായാണ് പോൾ ജോസഫ് ഗീബൽസ്. ഇന്ന് അധീശപ്രത്യയശാസ്ത്രത്തെ പൊതുബോധത്തിലേക്ക് അരിച്ചിറക്കുന്നതിൽ വിഷ്വൽ മീഡിയയുടെ സ്വാധീനം പ്രബലമാണ്.
ഫ്രഞ്ചു ചിന്തകനായ മിഷേൽ ഫൂക്കോ വ്യവഹാരത്തിൻ്റെയും അധികാര ബന്ധങ്ങളുടെയും സന്ദർഭത്തിൻ്റെ ഫലമായി അന്യോന്യം മത്സരിക്കുന്ന വ്യവഹാരങ്ങളിൽ നിന്നുണ്ടാകുന്നതാണ് സത്യമെന്ന് നിരീക്ഷിക്കുന്നുണ്ട്. നിരവധി സത്യങ്ങൾ ഉണ്ടാകുന്നുണ്ട്. സത്യത്തിൻ്റെ കമ്പോളത്തിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്ന സത്യം പ്രാബല്യം നേടുന്നു.
സംസ്കാരത്തിൻ്റെ മണ്ഡലം സ്റ്റുവർട്ട് ഹാളിന്റെ ഭാഷയിൽ സത്യത്തിന്റെയും പ്രതിരോധത്തിന്റെയും മണ്ഡലമാണ്. പുതിയ കർതൃത്വ നിർമ്മിതിക്ക് സംസ്കാരരൂപങ്ങൾ ശ്രമിക്കുകയാണ്. ഗുപ്തമായ സന്ദേശ സ്വഭാവത്തിലും ആചരിക്കേണ്ട പ്രയോഗങ്ങളായും വ്യവഹാര മാതൃകകളായും സംസ്കാരം വിനിമയം ചെയ്യപ്പെടുകയാണ്. ഭരണകൂടസ്ഥാപനങ്ങളും മാധ്യമങ്ങളും ഇതിൽ മുഖ്യ പങ്ക് വഹിക്കുന്നു. മാധ്യമപരിപാടികൾ അതിന്റെ ഘടന കണ്ടെത്തുന്നത് ഈ അധീശത്വ താൽപര്യങ്ങളിലാണ്.
എവിടെയും ക്യാമറാക്കണ്ണുകളുള്ള ഈ ലോകത്തിൽ കലയിലൂടെയുള്ള പ്രതിരോധം പ്രധാനമാണ്. സത്യാനന്തരതയുടെ കുടിലവ്യവഹാരങ്ങളെ തിരിച്ചറിയാനും അതിസത്യത്തിന്റെ അടരുകൾ ഉപയോഗിച്ചുതന്നെ തിരിച്ചടിക്കാനും കഴിയുന്നിടത്താണ് കലയുടെ പ്രതികരണം രാഷ്ട്രീയ സ്വാഭാവം ആർജിക്കുന്നത്. അത്തരത്തിൽ സത്യാനന്തര മാധ്യമലോകത്തിന്റെ ചുവടുകളിൽ ഊന്നികൊണ്ട് രൂപപ്പെടുത്തിയ നാടകാനുഭവമാണ് കോഹൗസ്.
ഒരു റിയാലിറ്റി ഷോയുടെ ഘടനയിലാണ് ഈ നാടകം വിഭാവനം ചെയ്തിരിക്കുന്നത്. ഒന്നാം സ്ഥാനത്തെത്താൻ മത്സരിക്കുന്ന കണ്ടസ്റ്റന്റുകളുടെ പ്രകടനമാണ് നാടകത്തെ നിർവചിക്കുന്നത്. ടെലിവിഷൻ റിയാലിറ്റി ഷോകളും പ്രാങ്ക് വീഡിയോകളും പ്രചാരം നേടുന്ന ഒളിക്കാഴ്ചയുടെ വർത്തമാനകാല ഉൽപ്പന്നമാണ് ഈ പെർഫോമൻസ്. കാഴ്ചയുടെ സമവാക്യത്തെ മാത്രമല്ല കാണിയുടെ രൂപസങ്കൽപ്പത്തെ കൂടി ഉലച്ചുകൊണ്ടാണ് നാടകം അരങ്ങേറുന്നത്. വെളുത്ത മുറിക്കുള്ളിൽ നടക്കുന്ന റിയാലിറ്റി ഷോയുടെ ഫോമിലാണ് കോഹൗസ് അവതരിപ്പിക്കപ്പെടുന്നത്. ഈ ഗെയിമിൽ പങ്കെടുക്കുന്നവർ ഒരു വെളുത്തമുറിയിൽ താമസിക്കണം. അവസാനം ആരാണോ ഈ റൂമിൽ അവശേഷിക്കുന്നത് അവരാകും ഷോയിൽ വിജയി. വിജയിക്ക് ലഭിക്കുന്നത് 50 കോടി രൂപയാണ്. മത്സാർത്ഥികൾക്ക് ഇഷ്ടമുള്ള ഒരു വസ്തുവിനെ കൂടെ കൊണ്ടുപോകാൻ അനുവാദമുണ്ട്. ഏഴ് ആളുകളാണ് ആദ്യം ഷോയിൽ ഉണ്ടായിരുന്നത് എന്ന് നാടകത്തിനുള്ളിലേക്ക് കടക്കുമ്പോൾ തന്നെ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ദീപ്തിയും റിച്ചാർഡും മാത്രം കോഹൗസിൽ അവശേഷിക്കുന്നിടത്താണ് നാടകം തുടങ്ങുന്നത്. ഇവർക്കിടയിൽ ഉണ്ടാകുന്ന സൗഹൃദവും സംഘർഷങ്ങളുമാണ് നാടകത്തിന്റെ പ്രമേയം.
ഷോയിലെ മത്സരാർത്ഥികളുടെ റേറ്റിങ്ങിന് അനുസരിച്ച് ഓരോരുത്തരുടെയും ജീവിതം മാറി മറിയുന്നു. അവർക്കായി പൊരുതാൻ ആർമി രൂപപ്പെടുന്നു. മലയാളത്തിൽ ഇത്തരത്തിൽ കോടിക്കണക്കിന് പ്രേഷകരുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. പ്രൈം ടൈമുകളിൽ ടെലി വിഷൻ ചാനലിന് കോടികൾ വരുമാനമുണ്ടാക്കി കൊടുത്തുകൊണ്ട് നടമാടുന്ന ഈ ഷോയുടെ അവതാരകൻ മോഹൻലാലാണ്. താരപ്രഭാവത്തിന്റെ സാന്നിധ്യം തന്നെ വിപണിമൂല്യത്തിന്റെ സൂചകമായി നിലനിൽക്കുന്നു. പരിപാടിയുടെ യുക്തിക്കപ്പുറം ഷോ യാഥാർത്ഥ്യമായി കാണുവാൻ പ്രേക്ഷകർ തയ്യാറാകുന്നു. ബിഗ് ബോസ് ഒരു ഉദാഹരണം മാത്രം. ഇത്തരത്തിൽ നിത്യേനെ നമ്മുടെ ചാനലുകളിലും മൊബൈലിലും വരുന്ന മലയാളി ഹൗസുകളുടെ ആന്തരീകസഞ്ചാരങ്ങളിലാണ് ഈ നാടകത്തിന്റെ ചൂണ്ടു പലകയിട്ടിരിക്കുന്നത്.
നാടകത്തിലേക്കുള്ള വഴി വീഡിയോപ്രദർശനമാണ്. നാടകപ്രമേയമായ റിയാലിറ്റി ഷോയിലെ പെർഫോമെഴ്സ്സിനെ പരിചയപ്പെടുത്തുന്ന വിഡിയോയാണ് നാടകത്തിനു മുൻപേ കാണികൾ കാണുന്നത്. നാടകശാലയിലേക്ക് പ്രവേശിക്കുന്നതിന് മുൻപേ നമുക്കായി കഥാപാത്രങ്ങൾ പുറത്ത് സ്ഥാപിച്ചരിക്കുന്ന ടെലിവിഷനിലൂടെ ക്യാമ്പയിനിങ്ങ് തുടങ്ങുകയാണ്. സ്വയം പരിചയപ്പെടുത്തികൊണ്ടും പുകഴ്ത്തികൊണ്ടുമുള്ള ആത്മാവതരണങ്ങളാണ് കോഹൗസിന്റെ പ്രവേശകം. വരിയായ് നിർത്തി നാടകശാലയിലേക്ക് കടക്കുന്നതിന് മുമ്പെയുള്ള അവതരണ സൂചകമായി ഈ സ്ക്രീനിങ്ങ് നിലകൊള്ളുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ റിയാലിറ്റിഷോയുടെ പ്രേക്ഷകരായിട്ടാണ് കാണികളെ വിളിച്ചിരുത്തുന്നത്. പെർഫോമൻസ് സ്പേസിസിനെ തന്നെ കലർപ്പുള്ളതാക്കി മാറ്റുന്ന ഇന്ദ്രജാലമാണ് സംവിധായകൻ പരീക്ഷിക്കുന്നത്. നാടകം കാണാൻ ടിക്കറ്റ് എടുത്തിട്ട് റിയാലിറ്റി ഷോ കാണിക്കുന്ന മറിച്ചിടലാണിവിടെ വെളിപ്പെടുന്നത്.
നാടകം തുടങ്ങുന്നതോടെ പ്രേക്ഷകർ അവരുടെ ഇടത്തെ തന്നെ സംശയിക്കാൻ തുടങ്ങുന്നിടത്താണ് ഈ ഷോ എന്താണെന്ന ആകുലത പടരുന്നത്. ചുറ്റും ക്യാമറകൾ നിരത്തി തുറന്ന് കാണിക്കുന്ന ജീവതവും ടാസ്ക്കുകളും അതിജീവനും എല്ലാം പരസ്യപ്പെടുത്തുന്ന ദൃശ്യസംസ്ക്കാരത്തെ നാടകത്തിലൂടെ അപനിർമിക്കുകയാണ് സംവിധായകൻ ചെയ്യുന്നത്. ടാസ്ക്കുകൾ മാത്രമുള്ള ജീവിതത്തിന്റെ ആത്മവ്യഥയെ പലനിലകളിൽ അഭിസംബോധന ചെയ്തുകൊണ്ട് കോഹൗസിലെ അംഗങ്ങളുടെ മനോവ്യവഹാരത്തെ കാണികളിലേക്ക് സംക്രമിപ്പിക്കുന്നിടത്താണ് നാടകം ലാവണ്യപരമായി മികവുറ്റതാകുന്നത്.
ദീപ്തിയും റിച്ചാഡും തമ്മിലുള്ള വിനിമയങ്ങളാണ് നാടകത്തിന്റെ കൺപാത. ആനന്ദവും നോവുകളും വിശപ്പും വാശിയും വെറുപ്പും വിരഹവും എല്ലാം ഇരുവർക്കുമിടയിൽ സജീവമാകുന്നുണ്ട്. കോഹൗസിലെ യാത്രയിൽ ഒന്ന് മറ്റൊന്നിന്റെ ഇരയാകാതെ തരമില്ല. അവസാന വിജയത്തിലേക്ക് ഉള്ള തയ്യാറെടുപ്പുകൾ ഓരോ ചലനങ്ങളിലും കാണാം.
സ്വാർത്ഥത്തെ മറയ്ക്കാൻ ദീപ്തി തന്റെ തൂവാലയെ പരിചരിച്ചു കൊണ്ട് പാർപ്പിടത്തിലെ ഓരോ അഴുക്കും തുടച്ചു നീക്കാൻ ശ്രമിക്കുന്നുണ്ട്. വൃത്തിയിലുള്ള അമിതമായ ആഭിമുഖ്യം ചിന്തയുടെ കറകൾക്ക് പിടികൊടുക്കാതിരിക്കലാണ്. റിച്ചാഡിന്റെ വ്യവഹരങ്ങളിൽ തെളിയുന്ന നേരിന്റെ അംശം അവനെ വലിഞ്ഞു മുറുക്കുന്നു. ഭ്രാന്തമായ മനോഗതിയിലേക്ക് അയാൾ വലിച്ചറിയപ്പെടുന്നതിനു കാരണവുമിതാണ്. ഓരോത്തരും ഓരോ വസ്തുക്കൾ കൊണ്ടാണ് കോഹൗസിലേക്ക് എത്തുന്നത്. അമ്മയുടെ ഫോട്ടോയും വിജയമന്ത്രമുള്ള കൊന്തയും ചുവന്ന കാഴ്ചകൾ തരുന്ന കണ്ണടയുമൊക്കെ മത്സരാത്ഥികൾ കൂടെക്കൂട്ടുന്നുണ്ട്. പുറത്താക്കലുകൾക്ക് ഒടുവിൽ അവശേഷിക്കുന്ന ദീപ്തി, ഹൃദയത്തോട് ചേർത്ത് പിടിച്ചിരിക്കുന്നത് തന്റെ സംഗീതോപകരമാണമായ സൈലോഫോണാണ്. സ്നേഹവാദ്യത്തെ മീട്ടികൊണ്ട് ഇൻട്രോയിൽ കാല്പനിക ചാരുതയോടെ സംസാരിക്കുന്ന ദീപ്തിയെ അല്ല വെളുത്ത മുറിയിൽ കാണികൾ അഭിമുഖീകരിക്കുന്നത്. അവൾ മറ്റു പലതായി /മറ്റു പലരായി പരിണമിക്കുന്നു.
ദീപ്തിക്കൊപ്പം അവശേഷിക്കുന്ന റിച്ചാഡിന്റെ കൈമുതൽ പുസ്തകമാണ്. കാൾ സാഗന്റെ കോസ്മോസ് എന്ന പുസ്തകമാണ് അവൻ കൂടെ കൂട്ടുന്നത്. ലോകത്തിലെ മികച്ച ശാസ്ത്ര പുസ്തകണങ്ങളിലൊന്നാണിത്. ഡാൻസർ കൂടിയായ റിച്ചാഡ് വെളുത്ത മുറിയിൽ തുടരുന്നതോടെ ഭ്രാന്തമായ അഭിനിവേശങ്ങൾക്കും വിഭ്രാന്തിക്കും അടിമപ്പെടുകയോ സ്വയം വിട്ടുകൊടുക്കുകയോ ആണ്. ശാസ്ത്രവും കലയും ഉള്ളിൽ പേറിയ അതിജീവനത്തിനായി കൊതിക്കുന്ന ഒരുവന്റെ ഒറ്റപ്പെടലും വിഹ്വലതകളും റിച്ചാഡിൽ നുരഞ്ഞു പൊന്തുകയാണ്. അതായത്, മുറിക്കുള്ളിലേക്ക് അഥവാ കളിയിലേക്ക് പ്രവേശിക്കുന്നതോടെ ഉണ്ടാകുന്ന പാരകയപ്രേവേശങ്ങളും ശൂന്യമാകുന്ന അപരവിചിന്തനങ്ങളും ശ്വാസം നിലയ്ക്കും വരെ പോരടിക്കാനുള്ള ത്രാണിയുമൊക്കെ കൈവന്ന് കളിക്കുന്ന കളിക്കളത്തിന്റെ ഒറ്റനിറത്തിലേക്ക് ഇരുവരും ഒരു ലക്ഷ്യത്തോടെ മൂർഛിച്ചു മുന്നേറുന്നു.
കാണികളുടെ ആവേശവും ആർപ്പുവിളിയും ഈ പോരാട്ടത്തിന്റെ റേറ്ററിങ് കൂട്ടുന്നു. കൂടാതെ, സ്വപ്നവും വിശപ്പും വെളിപ്പെടലുകളും മറച്ചുവയ്ക്കലുമെല്ലാം ഇരുവരുടെയും ചേതനയെ മറ്റൊന്നാക്കി മാറ്റിയിക്കൊണ്ടിരിക്കുന്നതായി കാണാം. ഉറക്കമില്ലായ്മയും സ്വപ്നത്തിലെ ചോദനകളും ഉപപാഠങ്ങൾ (subtext) എന്ന മട്ടിൽ ആശയങ്ങളെ പ്രസരിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. അത് ചേതനയുടെ പ്രകാശനങ്ങളും ബാഹ്യലോകത്തിന്റെ ബലതന്ത്രങ്ങളും തമ്മിലുള്ള പിടിവലി തന്നെയാണ്.
വിജയിക്കാൻ/പരാജയപ്പെടുത്താൻ മത്സരിക്കുന്ന പെർഫോമെഴ്സിന്റെ നടനം നാടകത്തിന്റെ നട്ടെല്ലാണ്. ചടുലമായ ചലനങ്ങൾ കൊണ്ടും ടൈമിങ്ങിന്റെ സൗന്ദര്യം കൊണ്ടും അനുഭൂതി പകരുന്ന അഭിനയകാന്തി പ്രകടിപ്പിക്കാൻ കോഹൗസിലെ പെര്ഫോമെഴ്സിന് സാധിച്ചിട്ടുണ്ട്. വോയിസ് മോഡുലേഷനും ഡാൻസ് കോറിയോഗ്രഫിയും ഇരുവരുടെയും പ്രകടനത്തിന് ചാരുതയേകി. ചാനലുകളിലെ റിയാലിറ്റി ഷോകളിൽ പരിചിതമായ ടാസ്ക് നൽകലുകളും ഇടവേള മുറിയുന്ന കൽപ്പനകളുടെ മുഴക്കങ്ങളും എല്ലാം നാടകത്തിന്റെ പ്രമേയ ശരീരത്തിൽ വിദഗ്ദ്ധമായി ഇണക്കിയെടുത്തിട്ടുണ്ട്. നാടകത്തിൽ ഉപയോഗിച്ചരിക്കുന്ന കൂർത്തിറങ്ങുന്ന സൈറനുകളും നെഞ്ചിടിപ്പിക്കുന്ന പശ്ചാത്തലസംഗീതവും പെർഫോമൻസ് ടെക്സ്റ്റിന്റെ അർത്ഥവിവക്ഷകൾ ആഴത്തിൽ അനുഭവിപ്പിക്കാനുതകുന്നതാണ്.
ഈ നാടകാവതരണത്തിന്റെ ഹൈലൈറ്റ് വിഷ്വൽ എഫക്റ്റുകളുടെ പ്രയോഗമാണ്. കഥാപാത്രങ്ങളുടെ മനോവിചാരത്തിന് അനുസൃതമായി രംഗത്തിൽ അനിമേഷനുകളും ദൃശ്യപ്രയോഗങ്ങളും കാലാനുഭൂതിയോടെ സന്നിവേശിപ്പിക്കുവാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. വെളുത്ത പ്രതലത്തിലേക്ക് പ്രവഹിക്കുന്ന വികാരങ്ങളുടെ അഥവാ അകവിചാരങ്ങളുടെ വിചാരണകൾക്കാണ് ദൃശ്യപ്രയോഗങ്ങൾ വെളിച്ചം പകരുന്നത്. ഒരു ആശയത്തെ മനസിലാക്കിത്തരുന്ന നിഷ്കളങ്കതയല്ല ഇവിടെ; മറിച്ച് വരിഞ്ഞു മുറുകുന്ന മനോനിലകളെ പ്രശ്നവത്കരിക്കുയാണ് ചെയ്യുന്നത്. അങ്ങനെ നാടകശീലങ്ങളുടെ തിരശീലയിൽ ചലിക്കുന്ന ചിത്രങ്ങളും കാർട്ടൂണുകളും വാക്കുകളും അത് വിനിമയം ചെയ്യുന്ന അർത്ഥഭാരങ്ങളും എല്ലാം കലർന്ന് കലയുടെ തിറയാട്ടമായി നാടകം ഉറഞ്ഞു തുള്ളുന്നു. കാണികൾ സ്വയം വിശ്വസം നഷ്ടപ്പെട്ടവരായി കുറ്റബോധത്തിൽ ആഴ്ന്നു പോകുന്നു. തുരുത്തുകളായി മുറികളിൽ ഒറ്റപ്പെട്ട അനുഭവത്തിലേക്ക് നാടകത്തിന്റെ ഫലശ്രുതി പ്രകമ്പനം കൊള്ളുന്നത് അനുഭവിക്കാൻ കഴിയുന്നുണ്ട്. അതായത്, കാഴ്ചയുടെയും കേൾവിയുടെയും, അവിശ്വാസത്തിന്റെയും, മത്സരത്തിന്റെയും, ചരക്കുകളുടെയും കലർപ്പുകൾക്കുളിൽ പാർക്കുന്ന മനുഷ്യാവസ്ഥയുടെ അനുരണനങ്ങളാണ് കോഹൗസ് എന്ന പ്രകടനകല ആഖ്യാനം ചെയ്യുന്നത്.
ലോകത്തെ ആസ്വദിക്കാൻ കുറെയധികം പണം വേണം അതിന് ഏതുതരം ഗെയിമിനും തുനിഞ്ഞിറങ്ങാം എന്നുള്ള മാനവബോധത്തിന്റെ പ്രകടനമാണ് ഈ നാടകത്തിന്റെ സാംസ്ക്കാരിക രാഷ്ട്രീയം. കളിയിലൂടെ മറ്റുള്ളവരെ ഏതു വിധേനെയും ഇല്ലാതാക്കുക അഥവാ പുറത്താക്കുക എന്നതു മാത്രമല്ല കളിനിയമം; സമാന്തരമായി തന്റെ ഒരു പടയെ മറ്റൊരു ലോകത്തിൽ സജ്ജമാക്കുക കൂടി ചെയ്താലേ വിജയ പീഠത്തിൽ അവരോധിക്കപ്പെടുകയുള്ളു. സങ്കീർണമായ ഇത്തരം കളിയുടെ കാനോനകളിൽ കുടുങ്ങി പോകുന്ന മനുഷ്യമനോഭാവത്തെ കോഹൗസിൽ വിടർത്തിവെയ്ക്കുന്നു. ചാനലുകളുടെ വില്പനച്ചരക്ക് എന്നതിനപ്പുറം ലിംഗപദവിയും, സെക്സും, ഹിംസയും, സംഗീതവും, സ്നേഹവും, കാമവും, കള്ളത്തരവും എല്ലാം നുരഞ്ഞു പൊന്തുന്ന മനുഷ്യജീവിയുടെ മനസും മജ്ജയും കൂടി ഈ പാർപ്പിടത്തിൽ കുടികൊള്ളുന്നുണ്ട്.
നവലോകം വിലയം പ്രാപിച്ചിരിക്കുന്ന റിയാലിറ്റി ഷോകളുടെ പശ്ചാത്തലത്തിലുള്ള ആഖ്യാനം എന്ന പ്രാഥമികമായ കാഴ്ചയല്ല നാടകം തുറന്നിടുന്നത്. മറിച്ച് പണവും, പ്രശസ്തിയും നേടിയെടുക്കുന്നതിന് ലോകം സ്വീകരിക്കുന്ന മാർഗങ്ങൾ, വിഷ്വൽ വേൾഡിലെ ഉൽപ്പന്നമായി സ്വയം പരിണമിക്കുമ്പോൾ കൈവരുന്ന ഗ്ലാമറും അംഗീകാരങ്ങളും, നിർമ്മിച്ചെടുക്കുന്ന ബോധമണ്ഡലത്തിൽ നടനമാടുന്ന സ്വത്വസമീക്ഷകൾ തുടങ്ങി വ്യക്തിയുടെ ഉൺമയെ ശകലിതമാക്കി കൊണ്ട് കച്ചവടാധിപധ്യം കൊരുത്തെടുക്കുന്ന കളിയുടെ ധവളപ്രകാശത്തിലേക്ക് ഉപഭോക്താക്കളെ തള്ളിയിടുന്ന ലോകത്തെയാണ് കോഹൗസ് പ്രതിനിധാനം ചെയ്യുന്നത്. അതായത്, അസ്തിത്വ സംത്രാസത്തിന്റെ കണികകൾ പ്രകടമാകുന്ന സങ്കീർണതകളും മനവാനന്തരതയുടെ ഭിന്നലോകത്തിലേക്കുള്ള പ്രവേശവും കൂടി ഇല്ലാതാക്കുന്ന ചേതനയുടെ അനുഭൂതിയാണ് ഈ നാടകത്തിന്റെ ആഖ്യാനസൗന്ദര്യം. മലയാളത്തിൽ എന്ന് മാത്രമല്ല, ഒരുപക്ഷേ ഇന്ത്യൻ നാടകവേദിക്ക് തന്നെ മുതൽ കൂട്ടാക്കാവുന്ന ആവിഷ്ക്കാരത്തിന്റെ മുന്നായങ്ങൾ ഈ ക്രഫ്റ്റിലുണ്ട്. പുതിയ കാലത്തിന്റെ അഭിനിവേശങ്ങളെ ആഴത്തിൽ അഭിസംബോധന ചെയ്യാൻ കെൽപ്പുള്ള, സബ് ടെക്സ്റ്റുകളെ ഇത്രയധികം കൈയടക്കത്തോടെ ഉള്ളടക്കികൊണ്ട് അവതരിപ്പിക്കപ്പെട്ട ഈ നാടകാവതരണം മലയാള നാടകവേദിയെ തന്നെ ആവേശഭരിതമാക്കുന്നു.
സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്‌സ് തൃശൂർ ന്റെ ഭാഗമായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലിറ്റിൽ തിയേറ്ററിന്റെ (CULT) ന്റെ ഈ വർഷത്തെ നാടകമാണ് കോഹൗസ്.