Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
മനുഷ്യന്റെ നിരന്തരമായ ഇടപെടലുകളാൽ അനുദിനം മാറ്റത്തിന് വിധേയമാവുന്നതിനോടൊപ്പം ഇടപെടുന്നവരുടെ പ്രകൃതി വീക്ഷണത്തെയും പരിസ്ഥിതി സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ അര നൂറ്റാണ്ടിനിടക്ക് രൂപപ്പെട്ട ഭൗമബോധം ഇത്തരത്തിലുള്ള നിരവധി ഇടപെടലുകളുടെ ദ്വിമുഖ സ്വാധീനത്താൽ ഉരുവം കൊണ്ടതാണ്. കേവലമായ പറച്ചിലിലും എഴുത്തിലും അത് ഏതാനും ദിനങ്ങളിൽ ഒതുക്കി നിർത്തപ്പെടുമ്പോഴും ഇത്തരമൊരു ഭൗമബോധ കാഴ്ചപ്പാടിനെ ചരിത്രപരമായി അടയാളപ്പെടുത്തേണ്ടത് കാലം ആവശ്യപ്പെടുന്ന അക്കാദമിക രാഷ്ട്രീയ പ്രവർത്തനമാണ്. 1972 മുതൽ ആഗോളതലത്തിൽ രൂപപ്പെട്ടുവന്ന ഭൗമ ബോധം, മനുഷ്യർ വസിക്കുന്ന ജീവലോകത്തിൻ്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ഉത്കണ്ഠകളുടെ ഫലമായിരുന്നു. സ്റ്റോക്ക്ഹോമിൽ ഒത്തുചേർന്ന ലോക നേതാക്കൾക്ക്, പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചും അതിൻ്റെ പരിഹാര നടപടികളെക്കുറിച്ചും വ്യത്യസ്ത ലോക/രാഷ്ട്രീയ വീക്ഷണങ്ങളുണ്ടായിരുന്നെങ്കിലും, ഭൂമിയെയും അതിലെ ആവാസവ്യവസ്ഥകളെയും രക്ഷിക്കുകയെന്ന ആഗോള മനോഭാവത്തിന് അവരെല്ലാം വിധേയപ്പെട്ടിരുന്നു. ഒരു ലോക പാരിസ്ഥിതക മനസ്സ് എന്ന സങ്കല്പം തെളിഞ്ഞു വന്നു. ഇരുപതാം നൂറ്റാണ്ടിൻ്റെ ഈ മനസ്സ്, വിനാശകരമായ പ്രകൃതിവിഭവ വിനിയോഗത്തിൻ്റെ വിമർശബോധത്തിൽ നിന്നും ഉയർന്നുവന്ന ആശയരൂപങ്ങളുടെ ചരിത്രപരമായ സൃഷ്ടിയാണ്.
മാനവരാശിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കിയിരിക്കുന്ന വിഭവ വിനിയോഗരീതികൾ മൂന്ന് അടിസ്ഥാന ഘടകങ്ങളെ ആശ്രയിച്ചാണ് രൂപപ്പെട്ടിരിക്കുന്നത്. മൂലധന രാഷ്ട്രീയം, സാങ്കേതികവിദ്യയുടെ വളർച്ച, സാമൂഹ്യ മനോഭാവം എന്ന മൂന്നു ഘടകങ്ങൾ പ്രകൃതിവിഭവങ്ങളെ മനുഷ്യൻ്റെ ഭൗതിക യുക്തിക്കനുസരിച്ചുള്ള തരംതിരിക്കലിലൂടെ ചരക്കുല്പന്നങ്ങളാക്കി മാറ്റുകയും പുരോഗതി അല്ലെങ്കിൽ വികസനമെന്ന ലക്ഷ്യപ്രാപ്തിയെ സാധൂകരിക്കുന്ന ആധുനിക ലോകത്തിൻ്റെ പ്രത്യയശാസ്ത്രമാക്കിത്തീർക്കുകയും ചെയ്തു. ഈ പ്രത്യയശാസ്ത്രത്തിന് വിവിധ രാഷ്ട്രീയ അധികാര രൂപങ്ങൾ, ഉദാഹരണത്തിന് കൊളോണിയൽ ഗവൺമെൻ്റുകൾ നിയമസാധുത നൽകി. ആക്ടുകളിലൂടെയും റെഗുലേഷനുകളിലൂടെയും പുതിയ ഭരണസംവിധാനങ്ങളിലൂടെയും വ്യവസ്ഥാപിതമാക്കി. ഒരു നിശ്ചിത പ്രദേശത്തു നിന്നും ലഭിക്കുന്ന പ്രകൃതിവിഭങ്ങൾകൊണ്ട് പൂർത്തീകരിക്കാനാകാത്ത പുരോഗമന ലക്ഷ്യങ്ങൾ, പുറം പ്രദേശങ്ങളെ കീഴടക്കി മുന്നേറുവാൻ വ്യവസായ മൂലധനശക്തികൾക്ക് നൽകിയ ഊർജ്ജമാണ് ആഗോളതലത്തിലുള്ള പ്രകൃതിവിഭവ ചൂഷണത്തിലേക്കും വിനാശകരമായ പാരിസ്ഥിതി പ്രശ്നങ്ങളിലേക്കും ലോകജനതയെ എത്തിച്ചത്.
ഈ കാലത്തും പാരിസ്ഥിത സംരക്ഷണമെന്ന ആശയം ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടം മുന്നോട്ടുവയ്ക്കുകയും പ്രകൃതി വിഭവങ്ങൾ, കാലാവസ്ഥ, കാടുകൾ, അതിലെ മനുഷ്യരും മൃഗങ്ങളും എന്നിവയെപ്പറ്റിയുള്ള വിവരശേഖരണം നടത്തുകയും കൃത്യമായ ജ്ഞാന രൂപങ്ങളെ, ഉദാഹരണത്തിന് വന റിപ്പോർട്ടുകൾ, ഗസറ്റിയറുകൾ, സെൻസസ് രേഖകൾ എന്നിവ സമാഹരിച്ച് ഇന്ത്യയിലെ പാരിസ്ഥിതിക സംവിധാനത്തെക്കുറിച്ച് അന്നേവരെയില്ലാത്ത ഒരു ഡേറ്റാവൽക്കരണം നടത്തുകയും ചെയ്തു. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണമെന്ന ആശയം രൂപപ്പെട്ടുവന്നെങ്കിലും, ഈ ജ്ഞാന വ്യവസ്ഥയെ കൂടുതൽ കൃത്യമായ വിഭവ ചൂഷണത്തിനു വിധേയമാക്കുന്ന രാഷ്ട്രീയമാണ് പിന്നീടങ്ങോട്ടു ദർശിക്കാൻ സാധിക്കുന്നത്. ഇതാണ് മൂലധനത്തിൻ്റെ ശക്തി, പ്രത്യേകിച്ച് വ്യവസായ മൂലധനശക്തികൾ കൊളോണിയൽ ഇന്ത്യയിലെ വിഭവങ്ങളെ തങ്ങളുടെ സാമ്രാജത്തിൻ്റെ ഉന്നമനത്തിനായുള്ള ചരക്കു മാത്രമായാണ് കണ്ടിരുന്നത്.
കാപ്പിറ്റലിസത്തിൻ്റെ വളർച്ചയിൽ മൂലധനം മുതൽ മുടക്കുന്ന വ്യവസായികൾക്ക് കൃത്യമായ ലാഭം എന്നത് നിർബന്ധമായിരുന്നു. കാപ്പിറ്റലിസത്തിൻ്റെ വിഭവ വിനിയോഗത്തിനും ആത്യന്തികമായി ഈ കൃത്യത വന്നു ചേർന്നു. ഇതിനെ കാപ്പിറ്റലിസ്റ്റ് രാഷ്ട്രീയ സാമ്പത്തിക പ്രത്യയശാസ്ത്രത്തിൻ്റെ കൃത്യതയായി കണക്കാക്കാം. കാപിറ്റലിസ്റ്റ് വ്യവസ്ഥയുടെ നിലനിൽപ്പിന് അനിവാര്യമായ സാമ്പത്തിക വിദഗ്ധരെയും കണക്കെഴുത്തുകാരെയും സൃഷ്ടിച്ചെടുത്ത്, പ്രകൃതിവിഭവ വിനിയോഗത്തിൻ്റെ കണക്കെഴുത്തിനെയും അക്കങ്ങളാക്കി മാറ്റി. ഈ അക്കങ്ങൾ കൃത്യമായി പുരോഗതി എന്ന ലക്ഷ്യത്തെ സാധൂകരിക്കുകയും ഇന്ത്യയിലെ വനങ്ങളും അതിലെ സമ്പത്തും വെറും കണക്കുകളായി മാറുകയും ചെയ്തു. കാപ്പിറ്റലിസ്റ്റ് വ്യവസ്ഥയിൽ പുരോഗതി കൈവരിക്കേണ്ട അളവുകോലുകളിലെ ഡാറ്റാ മാത്രമായി ഇന്ത്യയുടെ മണ്ണും മരങ്ങളും ജലാശയങ്ങളും അതിലെ ജീവജാലങ്ങളും മാറി. മൂലധനത്തിൻ്റെ കുതിച്ചുചാട്ടത്തിൽ കാടുകൾ ഫോറസ്റ്റായി മാറിയ മാന്ത്രിക ജാലവിദ്യയെന്നിതിനെ വിശേഷിപ്പിക്കാം. കാട് അപരിഷ്കൃതവും പുരോഗതിക്കെതിരുമാണെങ്കിൽ വനം (forest) പുരോഗതിയിലേക്ക് നയിക്കുന്ന സൂചകമായി പരിണമിച്ചു.
മൂലധന രാഷ്ട്രീയവും പൂന്തോട്ട പരിസ്ഥിതിയും
മൂലധന രാഷ്ട്രീയ സംവിധാനത്തിൽ കൊളോണിയൽ ഇന്ത്യയിൽ നാം കാണുന്ന പ്രകൃതി സൗന്ദര്യവത്കരണ രാഷ്ട്രീയത്തിൻ്റെ ഉദാത്തമായ മാതൃകയായിരുന്നു തേയില/കാപ്പി തോട്ടങ്ങൾ. കാടുകളെ വെട്ടിത്തെളിച്ച് തേയില പൂന്തോട്ടങ്ങൾ (tea gardens) സൃഷ്ടിച്ചെടുത്ത് കുന്നിൻ മുകളിൽ പുരോഗതി എന്ന ആശയം കൊളോണിയൽ ഭരണകൂടങ്ങൾ നടപ്പിൽ വരുത്തി. തോട്ട വ്യവസായ മൂലധനശക്തികൾ ഒന്നൊന്നായി ഇന്ത്യയിലെ കുന്നുകൾ തേയില പൂന്തോട്ടങ്ങളാക്കി ചായകുടി സംസ്കാരത്തെ ആഗോളതലത്തിൽ പ്രചരിപ്പിച്ചു. തോട്ട വ്യവസായികളുടെ ഇന്ത്യയിലേക്കുള്ള വരവിനെ പ്രോത്സാഹിപ്പിക്കുവാൻ ഇന്ത്യയിലെ കാടുകളിലെ ആദിവാസി സമൂഹങ്ങളെ കുടിയിറിക്കിയും അല്ലെങ്കിൽ തോട്ടം തൊഴിലാളികളാക്കി മാറ്റിയും തോട്ട വ്യവസായത്തിൻ്റെ ആക്കം കൂട്ടി. ആദിവാസികൾ നടത്തിവന്നിരുന്ന മാറ്റകൃഷി (Jhum/ Kumri/ Shifting Cultivation) കാടുകളെ നശിപ്പിക്കുന്ന പ്രാകൃത കൃഷിരീതിയായി മുദ്രകുത്തി അതു തുടർന്നു നടത്തിയവരെ കുറ്റവാളികളാക്കി മാറ്റി. വനനശീകരണത്തെ തടയുക എന്ന കൊളോണിയൽ ലക്ഷ്യം യഥാർത്ഥത്തിൽ വനങ്ങളെ തോട്ട വ്യവസായികൾക്ക് പതിച്ചു കൊടുക്കുന്ന രാഷ്ട്രീയ നീക്കത്തെ തുറന്നുകാണിച്ചു.
ആദിവാസികളെപ്പോലെ തന്നെ തോട്ട/പൂന്തോട്ടവൽക്കരണത്തിൻ്റെ മറ്റൊരു മുഖ്യശത്രു ഇന്ത്യയിലെ കടുവകളായിരുന്നു. വന്യ ജീവി സംരക്ഷണത്തിന് നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നിരുന്ന കൊളോണിയൽ ഭരണകൂടം യൂറോപ്പ്യൻ കടുവ വേട്ടക്കാരെ രക്ഷകരായിട്ടാണ് കണ്ടിരുന്നത്. ഇവർ കൊന്നൊടുക്കിയ കടുവകൾ (ട്രോഫികൾ)ക്ക് സമീപമിരുന്ന് പടങ്ങളെടുക്കുകയും ആ ചിത്രങ്ങൾ യൂറോപ്പിൽ പോസ്റ്റ് കാർഡ് രൂപത്തിലെത്തിക്കുകയും ചെയ്ത് തോട്ട വ്യവസായികളെ ഇന്ത്യയിലേക്കാകർഷിച്ചു. ‘അവനെ (കടുവയെ) ബ്രിട്ടീഷുകാരനെപ്പോലെ നേരിടുക’ എന്നതായിരുന്ന വേട്ടക്കാരുടെ ആപ്തവാക്യം. ഇത്തരത്തിലുള്ള മൂലധന രാഷ്ട്രീയമാണ് ഇന്ത്യയിലെ കുന്നുകളെയും കാടുകളെയും പൂന്തോട്ടങ്ങളാക്കി മാറ്റിയത്.
ശാസ്ത്ര/സാങ്കേതിക സംവിധാനങ്ങളും ഇന്ത്യൻ പരിസ്ഥിതിയും
ഇന്ത്യൻ ഭൂപ്രദേശത്തെ കൂടുതൽ ഉൽപ്പാദനക്ഷമതയുള്ള ഭൂമികയാക്കി മാറ്റിയതിൽ മുഖ്യപങ്കുവഹിച്ചത് പാശ്ചാത്യ ശാസ്ത്ര സാങ്കേതിക ജ്ഞാന വ്യവസ്ഥയും അതുവഴി അവർക്കു ലഭിച്ച മേൽകൈയുമായിരുന്നു. കൊളോണിയൽ ശാസ്ത്രത്തിൻ്റെ വികാസം ഇന്ത്യയിൽ ചുറ്റിക്കറങ്ങിയ ശാസ്ത്രജ്ഞന്മാർ, സസ്യജന്തുശാസ്ത്ര വിദഗ്ധർ, വന ശാസ്ത്ര വിദഗ്ധർ എന്നിവരുടെ ശ്രമഫലമായിരുന്നുവെന്ന് ചരിത്രകാരൻ ഡേവിഡ് ആർനോൾഡ് അദ്ദേഹത്തിൻ്റെ ‘ട്രോപിക്സ് ആൻറ് ദി ട്രാവലിംഗ് ഗേസ്’ എന്ന ഗ്രന്ഥത്തിൽ പറയുന്നു. ഇന്ത്യയിലെ ചുറ്റിനടന്ന ശാസ്ത്രമെന്നാണ് അദ്ദേഹം ഈ ജ്ഞാനസമ്പാദന അടയാളപ്പെടുത്തലിനെ വിളിക്കുന്നത്. ഈ ശാസ്ത്രപുരോഗതി ഇന്ത്യയിലെ വനങ്ങൾ, പുഴകൾ, കൃഷിയിടങ്ങൾ, കൃഷി രീതികൾ, വിഭവസമ്പത്തുകൾ എന്നിവയെ ശാസ്ത്രീയമായി പഠിച്ച് ലിഖിത രൂപങ്ങളിലാക്കി. ഇതു തന്നെയാണ് തുടർന്നുള്ള കൊളോണിയൽ ഭരണകൂടത്തിൻ്റെ റഫറൻസ് പോയിന്റായി മാറുന്നതും. ഇന്ത്യയിലെ ഫോറസ്റ്ററി സയൻസിൻ്റെ ഉദയത്തിന് കാരണമായത് സസ്യശാസ്ത്രത്തിൽ പാശ്ചാത്യർ ഇന്ത്യയിൽ നേടിയ പുരോഗതിയായിരുന്നു. വാസ്തവത്തിൽ സസ്യശാസ്ത്രമല്ല, സാമ്പത്തിക സസ്യശാസ്ത്രമായിരുന്നു (economic botany) അവർ വികസിപ്പിച്ചത്. ഉദാഹരണത്തിന്, ഇന്ത്യയിൽ ഡെറാഡൂണിൽ സ്ഥാപിച്ച വനഗേഷണ സ്ഥാപനത്തിന് (Indian Forest Research Institute) ആദ്യമായി കൊടുത്ത ഉത്തരവാദിത്തം റെയിൽവേക്കു പറ്റിയ സ്ലീപ്പറുകൾ നിർമ്മിക്കുകയെന്ന ദൗത്യമായിരുന്നു.
കൊളോണിയൽ സയൻസ് കൈവരിച്ച ഗവേഷണ വിജ്ഞാന ലോകം യന്ത്രസംവിധാനങ്ങളുടെ അകമ്പടിയോടെ ഇന്ത്യയിലെ ഭൂവിഭവങ്ങളെ അമിത ചൂഷണത്തിന് വിധേയപ്പെടുത്തുന്ന ചിത്രമാണ് തുടർന്നു കാണുന്നത്. അതായത് മൂലധന രാഷ്ട്രീയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ശാസ്ത്രീയ സാങ്കേതിക സംവിധാനങ്ങളാണ് പ്രകൃതിവിഭവങ്ങളെ കമ്പോളത്തിനും സാമ്യാജ്യത്വ ശക്തിക്കും അനുകൂല ഘടകങ്ങളാക്കിത്തീർത്തത്. ചരിത്രത്തിലുടനീളം ഈ വിധത്തിലുള്ള ചൂഷണരീതികളും പ്രയോഗങ്ങളും ദർശിക്കുവാൻ സാധിക്കും. നേരത്തെ സൂചിപ്പിച്ചതു പോലെ റെയിൽവേ സ്ലീപ്പറുകളുടെ ഗവേഷണ ദൗത്യം ഏറ്റെടുത്ത ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കൃത്യമായ ഗവേഷണത്തിലൂടെ അതു നിർവ്വഹിച്ചു. ഇന്ത്യയിലെ തേക്കുമരങ്ങൾ റെയിൽവേ സ്ലീപ്പറുകളായി മാറ്റി ബ്രിട്ടീഷ് സാമ്രാജ്യത്തിനാവശ്യമായ ചരക്ക്/സൈനിക ഗതാഗതം ത്വരിതപ്പെടുത്തി സാമ്രാജ്യത്തിൻ്റെ അതിവേഗ വികാസത്തിന് അടിത്തറയിട്ടു. കൊളോണിയലിസം ഇന്ത്യൻ പാരിസ്ഥിതിക ചരിത്രത്തിലെ നിർണ്ണായക മാറ്റങ്ങൾക്ക് വഴിതെളിച്ചതിൻ്റെ നേതൃത്യം റെയിൽവേ ഗതാഗതമാണ് ഏറ്റെടുത്തത്. തങ്ങളുടെ ദൈവങ്ങൾ പോലും തീവണ്ടിയിൽ കയറി നഗരങ്ങളിലേക്ക് കടന്നു എന്ന് പറഞ്ഞ് ആദിവാസികൾ വിലപിച്ചു. തീവണ്ടി ചരിത്രം ആദിവാസി വിലാപത്തെ തീർത്തു അവഗണിച്ചു യാത്ര തുടർന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ തീവണ്ടികൾ ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ കടത്തിയ വസ്തുക്കളിലൊന്നായി തേക്ക് മരം മാറി. കേരളത്തിലെ റെയിൽ വികസനത്തിന് പിന്നിലും ഇതു തന്നെയായിരുന്നു പ്രധാന ഉന്നം.
നാട്ടുരാജ്യങ്ങളിലെ വനവിഭവങ്ങളുടെ ചരക്കുനീക്കത്തിനും റെയിൽവേ മുഖ്യപങ്ക് വഹിച്ചു. തേക്കു തടി മാത്രം പറമ്പിക്കുളം വനത്തിൽ നിന്നും ഇറക്കി കൊണ്ടുവരുവാൻ കൊച്ചി രാജാവ് സ്ഥാപിച്ച ട്രാംവേ ലോകത്തിലെ റെയിൽ അദ്ഭുതമായാണ് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. മൂന്നാറിൽ സ്ഥാപിച്ച ലൈറ്റ് റെയിൽവേ യൂറോപ്യൻ ചായ തോട്ട വ്യവസായത്തെ മുൻനിറുത്തി കൊണ്ടുവന്ന ശൃംഖലയുടെ സുപ്രധാന കണ്ണിയായിരുന്നു. 99ലെ അതിതീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും ഒലിച്ചിറങ്ങിയ മൂന്നാർ ലൈറ്റ് റെയിൽവേ ഇന്ത്യൻ പാരിസ്ഥിതിക ചരിത്രം നൽകുന്ന വലിയ ഗുണപാഠമാണ്. പ്ലാൻറേഷൻ സാങ്കേതിക സംവിധാനങ്ങളും, വനപരിപാലന പ്രയോഗ രീതികളും, റെയിൽവേയും ബ്രിട്ടീഷ് സാമ്രാജ്യത്വ വികാസത്തിൻ്റെ മൂല ഘടകങ്ങളായിരുന്നു.
കൊളോണിയലിസം സൃഷ്ടിച്ച മനോഭാവം
കൊളോണിയൽ വനവിനിയോഗ രീതികളും തോട്ട വ്യവസായവും പുത്തൻ സാങ്കേതിക സംവിധാനങ്ങളും ഇന്ത്യയുടെ ഭൂപ്രദേശങ്ങളെ പുനഃസംഘടിപ്പിച്ച് പാശ്ചാത്യ ആശയമായ പുരോഗതിയുടെ സൈറ്റുകളാക്കിത്തീർത്തു. ഇതു കണ്ട് മത്തുപിടിച്ച നാട്ടുരാജ്യങ്ങളിലും ഇതേ സംവിധാനങ്ങൾ തന്നെ നിലവിൽ വരികയും ഒരൊറ്റ സ്വച്ചിട്ടാൽ കത്തുന്ന പ്രകാശഗോപുരം പോലെയായി ഇന്ത്യൻ ഭൂവിടങ്ങൾ മാറുകയും ചെയ്തു. ബ്രിട്ടീഷ് ശാസ്ത്ര സാങ്കേതിക രൂപങ്ങളും സംവിധാനങ്ങളും ഇന്ത്യയിലെ ഭൂരിപക്ഷം വരേണ്യവർഗ്ഗങ്ങൾക്കിടയിൽ കാപ്പിറ്റലിസ്റ്റ് ശൃംഖലയുടെ മാസ്മരിക പ്രഭാവം പടർത്തി. ഇതുതന്നെയാണ് പുരോഗതി എന്ന മനോഭാവം അവർക്കിടയിൽ വ്യാപിച്ചു. ഈ മനോഭാവ രൂപപ്പെടുത്തലുകൾക്കിടയിലും തങ്ങളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെട്ട ആദിവാസികൾ പ്രതിഷേധ സമരങ്ങൾ നടത്തിക്കൊണ്ടേയിരുന്നു. ഇതിനെ വെറും അക്രമ-കലാപ സമരങ്ങളായി ചിത്രീകരിച്ച് പ്രകൃതി വിഭവ ചൂഷണവും ഉദ്യാനവൽക്കരണവും നടത്തി കൊളോണിയൽ ഭരണകൂടവും കൂട്ടു ഭരണ അണികളും ഇന്ത്യൻ പാരിസ്ഥിതിക ഘടനയെ സാമ്രാജ്യത്വശക്തിയുടെ അധികാര കേന്ദ്രമാക്കി തീർത്തു. ക്രമേണ ഇതുതന്നെയാണ് ഇന്ത്യക്കു വേണ്ട പരിഷ്ക്കാരങ്ങളെന്ന മനോഭാവത്തിന് സാധുതയുണ്ടായിത്തീർന്നു. തേയില തോട്ടങ്ങള റെയിൽവേ ശൃംഖലയും ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളും ഫോറസ്റ്ററി സയൻസും ഭരണ സംവിധാനവും പുരോഗതിയുടെ ചിഹ്നവിളക്കുകളാകുകയും, കാടും കാടു മനുഷ്യരും മറ്റു ജീവയിടങ്ങളും അധോഗതിയുടെയും പഴമയുടെയും രൂപകങ്ങളായിത്തീരുകയും ചെയ്തു. അടിമത്വത്തിന് വിധേയപ്പെട്ട കൊളോണിയൽ ജനതയുടെ മനോഭാവരൂപികരണത്തിൽ മുഖ്യപങ്കുവഹിച്ച യൂറോപ്യൻ സംവിധാനങ്ങൾക്കൊപ്പം കൂട്ടി വായിക്കേണ്ട വീരപുരഷന്മാരായിരുന്നു ഇന്ത്യയിലെ കർഷകരെയും ഗോത്ര ജനതയെയും കടുവകളിൽ നിന്നു രക്ഷിച്ച തോക്കേന്തിയ വെള്ള വേട്ടക്കാർ. ഇന്ത്യൻ ഭൂപ്രദേശത്തിൻ്റെ രൂപമാറ്റവും സാമൂഹിക മനോഭാവമാറ്റവും പരസ്പര പൂരക ഘടകങ്ങളായി മാറുകയായിരുന്നു.
പുരോഗതി വികസനമായപ്പോൾ
ബ്രിട്ടീഷ് മൂലധനശക്തികൾ ഇന്ത്യ വിട്ടുപോയപ്പോൾ ഇവിടെ സമ്മാനിച്ചത് വ്യവസായ അധോഗതിയായിരുന്നു. ഇതിൽ നിന്നുമുള്ള ദേശരാഷ്ട്രത്തിൻ്റെ രക്ഷക്ക് തീവ്രമായ വ്യവസായവൽക്കരണം മാത്രമായിരുന്നു രക്ഷ. ഡാമുകൾ ആധുനിക ഇന്ത്യയുടെ മുഖമായി ഉയർന്നുവരികയും, വന സമ്പത്തിന് കാര്യമായ ക്ഷതം സംഭവിക്കുകയും ചെയ്തു. വ്യവസായവൽക്കരണത്തിലൂടെ നഗരങ്ങളും വൻ നഗരക്കൂട്ടങ്ങളും ഉണ്ടാവുകയും ഇന്ത്യയുടെ പരിസ്ഥിതിക സംവിധാനത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്തു. ആദിവാസികൾ സ്വതന്ത്ര ഇന്ത്യയിലും കുടിയിറക്കപ്പെട്ടു. ഡാമുകളും, ഖനികളും ധാരാളമുയർന്നുവന്നു. തോട്ടം തൊഴിലാളികൾ ചൂഷണത്തിനു വിധേയപ്പെടുകയും, വ്യവസായികൾ ലാഭവിഹിതം കൂട്ടുകയും ചെയ്തു. ഇതിൻ്റെയെല്ലാം ആകെത്തുകയായി വായു / ജലമലിനീകരണവും, കാലാവസ്ഥയിലുള്ള വലിയ വ്യതിയാനങ്ങളും സംഭവിച്ചു. ഇതെല്ലാം കോളനികാലഘട്ടത്തിലേതുപോലെ പാവങ്ങളുടെ ജീവിതം ദുരിതക്കയത്തിലാക്കി. ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളിൽ വലിയ പുരോഗമനമുണ്ടായതിനൊപ്പം വൻ പാരിസ്ഥിതിക പ്രശ്നങ്ങളും ആവിർഭവിച്ചു. കൊളോണിയൽ കാലഘട്ടത്തിലെ പുരോഗതിയുടെ ചിഹ്നങ്ങൾ മാറി, ദേശരാഷ്ട്രത്തിൻ്റെ വികസന ചിഹ്നങ്ങൾ തൽസ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നു. ഈ ചിഹ്ന മാറ്റങ്ങൾക്കിടയിലും നാം കാണുന്നത് പ്രകൃതിവിഭവങ്ങളുടെ വിനാശകരമായ ചൂഷണവും അതുമൂലമുണ്ടാകുന്ന നാശനഷ്ടങ്ങളുമാണ്. ഇവിടെയും വിജയിക്കുന്നത് കോർപ്പറേറ്റ് മൂലധനശക്തികളും അവരെ പിന്താങ്ങുന്ന അധികാരവൃന്ദങ്ങളുമാണ്. ഈ അവസ്ഥ നോക്കുമ്പോൾ കൊളോണിയൽ കാലത്ത് നിന്നും വളരെ ദൂരമൊന്നും നാം മുന്നോട്ടു പോയിട്ടില്ല എന്ന് ബോധ്യം വരും. കൊളോണിയൽ ഇന്ത്യയിൽ പുരോഗമനം എന്ന രാഷ്ട്രീയ ആശയം ഉണ്ടാക്കിയെടുത്ത മനോഭാവം ഇന്ന് വികസന അജണ്ടയും സ്വപ്നങ്ങളും നിലനിർത്തുന്നു. വിനാശകരമായ രീതിയിൽ പ്രകൃതിവിഭവങ്ങൾ ചരക്കു വത്ക്കരിക്കപ്പെടുകയും അതുമൂലം സംജാതമാകുന്ന മനുഷ്യാധിപത്യ മനോഭാവം പുതിയ ദുരന്തങ്ങൾക്ക് കാരണമാകുകയും ചെയ്തു.
ഈ ആധിപത്യ സ്വഭാവം എല്ലായിടത്തും സാമാന്യവത്ക്കരിക്കപ്പെട്ടിരിക്കുന്നു. എവിടെയെങ്കിലും പത്തു മരമുണ്ടെങ്കിൽ അത് വെട്ടിയ ശേഷം പണിതുയർത്തുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ വികസനത്തിൻ്റെ അടയാളമായി മാറുന്നു. ദിനംപ്രതി വർദ്ധിച്ചു വരുന്ന പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും സാധാരണ സംഭവങ്ങളായി മാറിയിരിക്കുന്നു. വികസനത്തിൻ്റെ കണക്കുകൾ കൃത്യമായി നിരത്തുന്ന സാമ്പത്തിക വിദഗ്ധർക്ക് ഭൂമിയുടെ മേൽ മണ്ണ് ദിനംപ്രതി നഷ്ടപ്പെടുന്നതും, ജലാശയങ്ങൾ ഇല്ലാതാകുന്നതും, മനുഷ്യരെയും മറ്റു ജീവജാലങ്ങളുടെയും ആവാസ വ്യവസ്ഥ തകരുന്നതും ഓഡിറ്റിംഗിന് വിധേയമാക്കേണ്ട കണക്കുകളും വസ്തുതകളുമല്ല. അത് പാരിസ്ഥിതിക പ്രവർത്തകരും പ്രകൃതി സ്നേഹികളും ഉയർത്തുന്ന വികസനവിരുദ്ധ കെട്ടുകഥകളായി മാറുന്നു. ഇന്നും മൂന്നാറിലെയും വയനാട്ടിലെയും തേയില തോട്ടങ്ങളിലെത്തുന്നവർ, ഹായ് എന്തൊരു പരിസ്ഥിതി (what an environment) എന്നുരുവിട്ട് സന്തോഷത്താൽ മതിമറക്കുന്നു. കൊളോണിയൽ കാലഘട്ടത്തിൻ്റെ തിരുശേഷിപ്പുകളായ ഈ തേയിലത്തോട്ടങ്ങളും സംവിധാനങ്ങളും ഇന്നും പ്രകൃതിയെ വിജയിച്ച മനുഷ്യൻ്റെ വിജയം വിളിച്ചോതി നിൽക്കുന്നു. മൂന്നാറിലെ മ്യൂസിയത്തിലെ വെള്ളക്കാരൻ വേട്ടക്കാരൻ്റെ വീരത്വം ഇന്നും പുരുഷൻ്റെ വീരത്വമായി കാണുന്നവർ ഏറെയുണ്ട്. വികസനത്തിൻ്റെ നഗര മാതൃകൾ ഈ തോട്ടങ്ങളുടെ വശ്യസൗന്ദര്യം വിളിച്ചോതി ദേശരാഷ്ട്രത്തിൻ്റെ വികസന ബിംബങ്ങളായി നിലകൊള്ളുന്നു. ഇവ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ചാനൽ ചർച്ചകളിൽ വല്ലപ്പോഴും വന്നുപോകുന്ന വിഷയങ്ങൾ മാത്രമായി ഒതുങ്ങുന്നു/ഒതുക്കപ്പെടുന്നു.
കൊളോണിയൽ കാലഘട്ടത്തിലെ പാരിസ്ഥിതിക രൂപമാറ്റം പുരോഗതി എന്ന രാഷ്ട്രീയ ലക്ഷ്യം സാധൂകരിക്കുന്നതിനുള്ള സാമ്രാജ്യത്വ അജണ്ടയായിരുന്നു. ആരുടെ പുരോഗതിയെന്നതാണ് ചരിത്രപരമായി നാം അപഗ്രഥിക്കേണ്ടത്. കാടുകൾ വനസമ്പത്തായപ്പോൾ ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തിക്ക് പുരോഗതി കൈവന്നു എന്നതാണ് ചരിത്രരേഖകൾ കാട്ടിത്തരുന്നത്. കാട്ടിൽ നിന്നും നിയമപരമായി പുറത്തായ, കുറ്റവാളികളാക്കപ്പെട്ട ആദിവാസികൾക്ക് ഈ പുരോഗതിയെന്നത് തങ്ങളുടെ ജീവലോകത്തിൻ്റെ അന്ത്യമായിരുന്നു. കാട് വന/ വന്യജീവി സമ്പത്തായപ്പോൾ തേയിലത്തോട്ട മുതലാളിമാർക്ക് പുരോഗതി വന്നുചേരുകയും, ഇന്ത്യാ മഹാരാജ്യത്തിന് പൂന്തോട്ട പരിസ്ഥിതി പുരോഗതിയുടെ ചിഹ്നമാകകയും ചെയ്തു. ഇതായിരുന്നു പുരോഗതിയുടെ വശ്യതയെങ്കിൽ, കോളനിയനന്തര കാലത്ത് വികസനമായ പുരോഗതിയുടെ ആകർഷണവലയത്തിലകപ്പെട്ട ഭരണകൂടങ്ങളും വികസന വക്താക്കളും ചരിത്രപരമായി ലഭിച്ച അവസരം മുതലാക്കി പ്രകൃതിവിഭവ ചൂഷണത്തെ ദേശീയപരമായി സാധൂകരിച്ചു. പാരിസ്ഥിതികമായി ശാസ്ത്രീയ ബോധ്യമുള്ള സമൂഹത്തിന് വികസനമെന്ന രാഷ്ടീയ അജണ്ടക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വരുന്നു. അതുതന്നെയാണ് കൊളോണിയൽ പുരോഗതിയിൽ നിന്നും ദേശരാഷ്ട്രത്തിൻ്റെ വികസന സ്വപ്നങ്ങളിലേക്കുള്ള ദൂരം.
(ചരിത്ര വിഭാഗം അധ്യാപകൻ, യു.സി കോളേജ്, ആലുവ. ജനറൽ സെക്രട്ടറി, കേരള ചരിത്ര കോൺഗ്രസ്സ്)