നിശ്ചിതത്വം ഒരു പാപമാണ്!

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

നിശിതമായ നിശ്ചിതത്വത്തേയും കൃത്യതയേയും കുറിച്ചുള്ള സങ്കൽപ്പനങ്ങളെ ആധുനികശാസ്ത്രം ഉപേക്ഷിച്ചിട്ട് നൂറു വർഷങ്ങളാകുന്നു. ആധുനികശാസ്ത്രത്തിന്റെ അടിസ്ഥാനമെന്നു കരുതാവുന്ന ന്യൂട്ടോണിയൻ ഭൗതികത്തിന്റെ ദർശനം നിർണ്ണയവാദത്തിന്റേതായിരുന്നു. ലോകവും അതിന്റെ നിയമങ്ങളും കൃത്യമായി നിർണ്ണയിക്കാവുന്നതാണെന്ന് ന്യൂട്ടോണിയൻ ഭൗതികം ഉറപ്പിച്ചിരുന്നു. വർത്തമാനത്തെ നമുക്ക് കൃത്യമായി നിർണ്ണയിക്കാൻ കഴിയും, വർത്തമാനത്തെ കുറിച്ചുള്ള ജ്ഞാനം ഉപയോഗിച്ച് ഭാവിയെ പ്രവചിക്കാനും കഴിയും. ലോകം പ്രവചനീയമാണെന്ന ഈ ധാരണ യൂറോപ്പിലെ ജനതയ്ക്ക് വലിയ ആത്മവിശ്വാസം നൽകി. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലെ യൂറോപ്പിന്റെ ചരിത്രം; ലോകത്തിന്റെയും, ഈ ആത്മവിശ്വാസം കൊണ്ട് രചിക്കപ്പെട്ടതായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ക്വാണ്ടം ഭൗതികത്തിന്റെ ആഗമനത്തോടെ നിശിതമായ നിശ്ചിതത്വത്തോടെ പ്രവചിക്കാൻ കഴിയുന്ന ലോകത്തെ കുറിച്ചുള്ള ന്യൂട്ടോണിയൻ ഭൗതികത്തിന്റെ സങ്കൽപ്പനങ്ങൾ വെല്ലുവിളിക്കപ്പെട്ടു. ഹൈസൺബർഗ് ആവിഷ്‌കരിച്ച അനിശ്ചിതത്വനിയമം നിർണ്ണയവാദത്തിനും നിശിതമായ നിശ്ചിതത്വത്തെ കുറിച്ചുള്ള സങ്കൽപ്പനങ്ങൾക്കും വലിയ പ്രഹരമാണ് ഏൽപ്പിച്ചത്. അതീവകൃത്യതയുള്ള, ഘടികാരസമാനമായ ലോകം എന്ന ക്ലാസിക്കൽ ഭൗതികത്തിന്റെ ദർശനത്തിന്റെ പിന്നിൽ സർവ്വശക്തനായ ദൈവത്തിന്റെ ഉറച്ച നിയമങ്ങളെ കുറിച്ചും കൈവല്യത്തെ കുറിച്ചും ന്യൂട്ടൻ സൂക്ഷിച്ചിരുന്ന വിശ്വാസങ്ങളും ധാരണകളും വലിയ പങ്കുവഹിച്ചിരുന്നതായി പല ദാർശനികരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ന്യൂട്ടന്റെ മതവിശ്വാസങ്ങൾ ന്യൂട്ടോണിയൻ ഭൗതികത്തിന്റെ രൂപീകരണത്തിൽ പങ്കുവഹിച്ചിരുന്നുവെന്നാണ് ഇവർ നിരീക്ഷിക്കുന്നത്. ഇപ്പോൾ, മതം തന്നെ നിർണ്ണയവാദത്തിന്റെ ദർശനത്തെ ഉപേക്ഷിക്കാൻ തയ്യാറാകുന്ന പ്രകരണങ്ങളെ നാം അഭിമുഖീകരിക്കുകയാണ്.

കോൺക്ലേവ് പോസ്റ്റർ. കടപ്പാട്: filmauthority.com

എഡ്വേർഡ് ബെർജർ സംവിധാനം ചെയ്ത ‘കോൺക്ലേവ്’ എന്ന ചലച്ചിത്രത്തിൽ, പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിനെ സംബോധന ചെയ്തു കൊണ്ട് ഡീൻ ബ്രിട്ടീഷ് കർദ്ദിനാൾ തോമസ് ലോറൻസ് ഇങ്ങനെ പറയുന്നു: ‘വിശുദ്ധ പൗലോസ് പറഞ്ഞു – ക്രിസ്തുവിനോടുള്ള ഭക്തിയിലൂടെ പരസ്പരം വിധേയരായിരിക്കുക. ഒരുമിച്ചു പ്രവർത്തിക്കാനും ഒരുമിച്ചു വളരാനും നമ്മൾ സഹിഷ്ണുതയുള്ളവരായിരിക്കണം. ഒരു വ്യക്തിയോ വിഭാഗമോ മറ്റൊരാളിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കരുത്. യഹൂദരും വിജാതീയരും കലർന്ന എഫെസ്യരോട് സംസാരിക്കുമ്പോൾ, സഭയ്ക്കുള്ള ദൈവത്തിന്റെ സമ്മാനം അതിന്റെ വൈവിധ്യമാണെന്ന് പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നു. ഈ വൈവിധ്യവും വ്യത്യസ്തരായ മനുഷ്യരും വീക്ഷണങ്ങളുമാണ് നമ്മുടെ സഭയ്ക്ക് ശക്തി നൽകുന്നത്. ഞാൻ നിങ്ങളോട് പറയട്ടെ, മാതാവിനും സഭയ്ക്കുമുള്ള നമ്മുടെ സേവനത്തിൽ വർഷങ്ങളോളമായി തുടരുന്ന ഒരു പാപമുണ്ട്. അതിനെ എല്ലാറ്റിനേക്കാളും ഉപരി ഞാൻ ഭയപ്പെടുന്നു. നിശ്ചിതത്വം. നിശ്ചിതത്വം ഐക്യത്തിന്റെ വലിയ ശത്രുവാണ്. ഉറപ്പാണ് സഹിഷ്ണുതയുടെ മാരകമായ ശത്രു. അന്ത്യത്തിൽ ക്രിസ്തുവിനു പോലും ഉറപ്പില്ലായിരുന്നു. ‘എന്റെ ദൈവമേ, എന്റെ ദൈവമേ, എന്നെ കൈവിട്ടതെന്തേ?’ കുരിശിലെ ഒമ്പതാം മണിക്കൂറിൽ അവൻ വേദനയോടെ നിലവിളിച്ചു. നമ്മുടെ വിശ്വാസം ഒരു ജീവനുള്ള വസ്തുവാണ്, കാരണം അത് സന്ദേഹവുമായി കൈകോർത്ത് നടക്കുന്നു. ഉറപ്പു മാത്രമായിരുന്നെങ്കിൽ, സന്ദേഹമില്ലായിരുന്നുവെങ്കിൽ നിഗൂഢത ഉണ്ടാകില്ല, അപ്പോൾ, വിശ്വാസത്തിന്റെ ആവശ്യമില്ല. സന്ദേഹിക്കുന്ന ഒരു മാർപ്പാപ്പയെ ദൈവം നമുക്കു നൽകട്ടെ എന്നു പ്രാർത്ഥിക്കാം, പാപം ചെയ്യുകയും പാപമോചനം ആവശ്യപ്പെടുകയും അതു തുടരുകയും ചെയ്യുന്ന ഒരു മാർപ്പാപ്പയെ ദൈവം നമുക്ക് നൽകട്ടെ.’ കർദ്ദിനാൾ ലോറൻസിന്റെ വാക്കുകൾ ഈ ചലച്ചിത്രത്തിന്റെ ആദർശമാണ്. സന്ദേഹിയായ മാർപ്പാപ്പയെ ദൈവം നമുക്കു നൽകട്ടെ എന്നു പ്രാർത്ഥിക്കുക മാത്രമല്ല, അതിനു വേണ്ടി കോൺക്ലേവ് നടപടികളിലുടനീളം പ്രവർത്തിക്കുന്ന കർദ്ദിനാൾ ലോറൻസിനെയാണ് ഈ ചലച്ചിത്രത്തിൽ നാം കാണുന്നത്.

ചിത്രത്തിലെ ഒരു രംഗം. കടപ്പാട്: IMDB

എഡ്വേർഡ് ബെർജറുടെ ചലച്ചിത്രം കത്തോലിക്കാസഭയുടെ മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിന്റെ നിരവധി ഉള്ളുകള്ളികളെ വിവൃതമാക്കുന്നുണ്ട്. അതിലുപരി, സമകാലലോകരാഷ്ട്രീയം ഏതെല്ലാം രീതികളിൽ സഭയുടെ കോൺക്ലേവിനെ സ്വാധീനിക്കുന്നുവെന്നതിന്റെ ആവിഷ്‌കരണം കൂടിയാണത്. ലോകം പുതിയ ബോധ്യങ്ങളിലേക്കു സഞ്ചരിക്കുമ്പോൾ മതസഭകൾക്കും മാറ്റത്തിനു വിധേയമാകേണ്ടി വരുമെന്ന് എഡ്വേർഡ് ബെർജറിലെ ചലച്ചിത്രകാരൻ കാണുന്നു. ഈ മാറ്റത്തിന്റെ ശബ്ദം സഭയ്ക്കുള്ളിലെ കർദ്ദിനാൾമാരിൽ നിന്നു തന്നെ ഉയരുന്നതായാണ് ചലച്ചിത്രകാരൻ ചിത്രീകരിക്കുന്നത്. യൂറോപ്പിനു പുറത്തു നിന്നുള്ള, അർജന്റീനയെ പോലൊരു വികസ്വരരാഷ്ട്രത്തിൽ നിന്നുള്ള പോപ്പ് ഫ്രാൻസിസ് കത്തോലിക്കാസഭയെ നയിക്കുന്ന സന്ദർഭത്തിലാണ് ഈ ചലച്ചിത്രം പുറത്തിറങ്ങുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനും ഉപഭോക്തൃസംസ്‌കാരത്തിനും നിരുത്തരവാദപരമായ വികസനസമീപനങ്ങൾക്കും എതിരെ ആഗോളപ്രവർത്തനത്തിനായി ആഹ്വാനം ചെയ്യുകയും വധശിക്ഷയെ പൂർണ്ണമായും നിരസിക്കുന്ന വിധത്തിൽ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം പരിഷ്‌കരിക്കുകയും കോവിഡ് കാലത്ത് വികസ്വരരാജ്യങ്ങളുമായി വാക്‌സിനുകൾ പങ്കിടാൻ സമ്പന്നരാജ്യങ്ങളോട് അഭ്യർത്ഥിക്കുകയും LGBTQ വർണ്ണരാജിയെ അംഗീകരിക്കുകയും അനുഗമിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും സ്വവർഗരതി കുറ്റകരമാക്കുന്ന നിയമങ്ങളെ അപലപിക്കുകയും ഇസ്ലാമിന്റെ ജന്മസ്ഥലമായ അറേബ്യ സന്ദർശിക്കുന്ന ആദ്യത്തെ പോപ്പായി മാറുകയും ചെയ്ത പോപ്പ് ഫ്രാൻസിസ് കത്തോലിക്കാസഭയെ പുതിയ കാലത്തിന്റെ വിളികൾ കേൾക്കാൻ പ്രാപ്തമാക്കുകയും അതിനെ കൂടുതൽ മാനവീകരിക്കുകയും ചെയ്യുന്ന കാലത്താണ് റോബർട്ട് ഹാരിസിന്റെ നോവലും അതിനെ ആധാരമാക്കുന്ന എഡ്വേർഡ് ബെർജറുടെ ചലച്ചിത്രവും പുറത്തിറങ്ങുന്നത്. ഇത് അപ്രതീക്ഷിതമല്ല. LGBTQ വർണ്ണരാജിയോടും ഇസ്ലാമിനോടുമുള്ള സമീപനത്തിൽ പോപ്പ് പ്രാൻസിസിന്റെ സമീപനവും ഈ ചലച്ചിത്രത്തിന്റെ പ്രമേയവും തമ്മിൽ സവിശേഷമായ ചില ബന്ധങ്ങളുമുണ്ട്.

നിലവിലെ മാർപ്പാപ്പ ഹൃദയാഘാതം മൂലം മരിച്ചതിന്റെ ദു:ഖകരമായ ദൃശ്യത്തോടെയാണ് ചലച്ചിത്രം തുടങ്ങുന്നത്. തുടർന്ന് പുതിയ മാർപാപ്പയെ കണ്ടെത്താനുള്ള കോൺക്ലേവ് സമ്മേളിക്കുകയാണ്. ഈ കോൺക്ലേവിൽ വച്ച് അമേരിക്കയിൽ നിന്നുള്ള ഉദാരവാദിയായ ആൽദോ ബെല്ലിനി, ആഫ്രിക്കയിലെ നൈജീരിയയിൽ നിന്നുള്ള ജോഷ്വ അദെയെമി, യാഥാസ്ഥിതികനായ കാനഡയിലെ ജോസഫ് ട്രെംബ്ലേ, കടുത്ത പാരമ്പര്യവാദിയായ ഇറ്റലിയിലെ ടെഡെസ്‌കോ എന്നിവരിൽ ആരെങ്കിലും പുതിയ മാർപാപ്പയാകുമെന്നാണ് കരുതപ്പെടുന്നത്. ഒരു വർഷം മുമ്പ് രഹസ്യമായി കാബൂളിലെ ആർച്ച് ബിഷപ്പായി നാമകരണം ചെയ്യപ്പെട്ട വിൻസെന്റ് ബെനിറ്റസ് അവസാന നിമിഷം കോൺക്ലേവിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്നു. മറ്റ് അംഗങ്ങളിൽ ഇത് അത്ഭുതവും അമ്പരപ്പും സൃഷ്ടിക്കുന്നുണ്ട്. ഭക്ഷണത്തിനു മുമ്പ് കർദ്ദിനാൾ ലോറൻസ് കാബൂളിൽ നിന്നുള്ള പുതിയ കർദ്ദിനാളിനെ സദസിനു പരിചയപ്പെടുത്തുന്നു. ഭക്ഷണത്തെ ആശിർവദിക്കുന്നതിനായി വിൻസന്റ് ബെനിറ്റസിനെ ഡീൻ ലോറൻസ് ക്ഷണിക്കുന്നു. ഈ പ്രാർത്ഥനാദൃശ്യം വ്യത്യസ്ത കാഴ്ചപ്പാടുകളുടെ ചിത്രണമായി മാറിത്തീരുന്നത് പ്രേക്ഷകർക്ക് അനുഭവിക്കാൻ കഴിയും. വിൻസന്റ് ബെനിറ്റസ് പ്രാർത്ഥന ആരംഭിക്കുന്നു: ‘കർത്താവേ, നിങ്ങളുടെ ഔദാര്യത്തിൽ ഈ സമ്മാനങ്ങൾ സ്വീകരിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ.’ ഈ വാക്യങ്ങൾ കഴിയുമ്പോൾ ആമേൻ പറഞ്ഞ് കർദ്ദിനാൾമാർ ഇരിക്കാനായി തുടങ്ങുമ്പോഴും വിൻസെന്റ് പ്രാർത്ഥന തുടരുകയാണ്. പ്രാർത്ഥന തുടരുന്നതറിഞ്ഞ കർദ്ദിനാൾമാർ വീണ്ടും എഴുന്നേറ്റു നിൽക്കുന്നു. ‘ഈ ഭക്ഷണം ഞങ്ങളുമായി പങ്കിടാൻ കഴിയാത്ത എല്ലാവരെയും അനുഗ്രഹിക്കേണമേ. കർത്താവേ, ഞങ്ങൾ ഭക്ഷണം കഴിക്കുകയും കുടിക്കുകയും ചെയ്യുമ്പോൾ, വിശക്കുന്നവരെയും ദാഹിക്കുന്നവരെയും രോഗികളെയും ഏകാകികളായവരെയും ഞങ്ങൾക്കായി ഈ ഭക്ഷണം തയ്യാറാക്കിയ സഹോദരിമാരെയും ഓർക്കാൻ ഞങ്ങളെ സഹായിക്കണമേ. നമ്മുടെ കർത്താവായ നാഥൻ ക്രിസ്തു. ആമേൻ.’ തങ്ങളെ മാത്രമല്ല, സമൂഹത്തിലെ അധ:കൃതർ ഉൾപ്പെടെ മറ്റുള്ളവരെ കൂടി കാണുന്ന മനോഭാവം കർദ്ദിനാൾ വിൻസന്റ് ബെനിറ്റസിനുണ്ട്. ഭക്ഷണം തയ്യാറാക്കിയ സഹോദരിമാരെ കുറിച്ചു പറയുമ്പോൾ സിസ്റ്റർ ആഗ്നസ് മന്ദഹസിക്കുന്നത് ചലച്ചിത്രകാരൻ എടുത്തു കാണിക്കുന്നുണ്ട്.

കർദ്ദിനാൾമാരുടെ ജീവിതത്തെ കുറിച്ചും അവരുടെ താൽപ്പര്യങ്ങളെ കുറിച്ചും മാർപാപ്പ തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകളെ കുറിച്ചും കോൺക്ലേവിന്നിടയിൽ നടക്കുന്ന വിവിധ സംഭവങ്ങളിലൂടെ ചലച്ചിത്രകാരൻ വിശദമായി പ്രേക്ഷകനോടു സംവദിക്കുന്നുണ്ട്. മാർപാപ്പയാകാൻ കൈക്കൂലി നൽകിയതിന്റെയും പോപ്പ് ആകാൻ സാധ്യതയുള്ള മറ്റൊരാളെ ലൈംഗികാരോപണത്തിൽ കുടുക്കുന്നതിന്റെയും തനിക്കു ലഭിച്ചേക്കാവുന്ന സ്ഥാനലബ്ധിയിൽ ആകർഷിതനായി മാർപാപ്പയാകാൻ താൽപ്പര്യമുള്ള കൈക്കൂലിക്കാരനെ പിന്തുണയ്ക്കുന്നതിന്റെയും മറ്റും സംഭവങ്ങളാണിത്. മാർപാപ്പയാകുമെന്നു കരുതപ്പെടുന്ന ചിലരുടെ സ്ഥാനാർത്ഥിത്വം ഡീൻ അവസാനിപ്പിക്കുന്നു. ടെഡെസ്‌കോയും ലോറൻസും അവശേഷിക്കുന്ന പ്രധാന സ്ഥാനാർത്ഥികളായി മാറുന്നു, എന്നിരുന്നാലും ബെനിറ്റസ് സ്ഥിരമായി പിന്തുണ നേടുന്നത് ലോറൻസിനെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. തനിക്ക് മാർപാപ്പയാകാൻ ആഗ്രഹമില്ലെന്ന കാര്യം പല പ്രാവശ്യം സൂചിപ്പിക്കുന്ന ലോറൻസിനോട് മാർപാപ്പയാകാനുള്ള അഭിലാഷങ്ങളുടെ ഭാഗമായിട്ടാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്ന് പല സന്ദർഭങ്ങളിലായി പലരും കുറ്റപ്പെടുത്തുന്നതു നാം കാണുന്നുണ്ട്.

ചിത്രീകരണത്തിനിടെ എഡ്വേർഡ് ബെർജറും റാൽഫ് ഫിയന്നസും. കടപ്പാട്: hollywoodreporter

ആറാമത്തെ വോട്ടിങിനിടയിൽ ലോറൻസ് മനസ്സില്ലാമനസ്സോടെ തനിക്കായി വോട്ട് ചെയ്യുന്ന സമയത്ത് ഒരു ചാവേർ ബോംബർ റോമിനെ ആക്രമിക്കുകയും സിസ്‌റ്റൈൻ ചാപ്പലിന് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു. എല്ലാവരും പരിഭ്രാന്തരാകുന്നു. ടെഡെസ്‌കോ രോഷത്തോടെ ഇസ്ലാമിസ്റ്റുകളെയും ഡീൻ ലോറൻസ് സ്വീകരിക്കുന്ന ആപേക്ഷികവാദത്തെയും കുറ്റപ്പെടുത്തുന്നു. എല്ലാ വിശ്വാസങ്ങളെയും തുല്യതയോടെ കാണുന്ന ആപേക്ഷികതയിൽ, ഇപ്പോൾ നമുക്ക് ചുറ്റും നോക്കുമ്പോൾ, വിശുദ്ധ റോമൻ ദേശം മുഹമ്മദ് നബിയുടെ പള്ളികളും മിനാരങ്ങളും നിറഞ്ഞതായിരിക്കുന്നുവെന്ന് ടെഡെസ്‌കോ പറയുന്നു. നാം നമ്മുടെ നാട്ടിൽ ഇസ്ലാമിനെ സഹിക്കുന്നു, പക്ഷേ അവർ അവരുടെ നാട്ടിൽ നമ്മളെ ശകാരിക്കുന്നു. നമ്മുടെ നാട്ടിൽ അവരെ നാം പോഷിപ്പിക്കുന്നു. എന്നാൽ അവർ നമ്മെ ഉന്മൂലനം ചെയ്യുന്നു. ഈ ദൗർബല്യങ്ങളിൽ എത്രകാലം നാം തുടരുമെന്നാണ് ടെഡെസ്‌കോ ചോദിക്കുന്നത്. അക്ഷരാർത്ഥത്തിൽ നമ്മുടെ ചുവരോളം അവർ എത്തിയിരിക്കുന്നു. കഴിഞ്ഞ 50 വർഷമായി തുടരുന്ന ഒരു യഥാർത്ഥ മതയുദ്ധമാണ് നമ്മൾ നേരിടുന്നതെന്നു മനസ്സിലാക്കുന്ന നേതാവാണ് ഇപ്പോൾ നമുക്ക് വേണ്ടതെന്ന് അദ്ദേഹം ആക്രോശിക്കുന്നു. ഈ മൃഗങ്ങളോട് പോരാടുന്ന ഒരു നേതാവിനെ നമുക്ക് ആവശ്യമുണ്ടെന്ന് ടെഡെസ്‌കോ. ലോകത്തെ ബാധിച്ചിരിക്കുന്ന ഇസ്ലാമോഫോബിയ ടെഡസ്‌കോയെന്ന പാരമ്പര്യവാദിയുടെ വാക്കുകളിൽ കേൾക്കാം. ബഹുമാനപൂർവ്വം എന്നു പറഞ്ഞുകൊണ്ട് ബെനിറ്റസ് ഇതിനോട് പ്രതികരിക്കുന്നു, ആഗോള യുദ്ധമേഖലകളിലെ തന്റെ സേവനത്തിനിടയിൽ യുദ്ധത്തി്‌ന്റെ യഥാർത്ഥ സ്ഥിതി താൻ കണ്ടുവെന്ന് അദ്ദേഹം പറയുന്നു. വഞ്ചിതരായ ആ മനുഷ്യരാണ് ക്രൂരമായ പ്രവൃത്തികൾ ചെയ്യുന്നതെന്നാണോ നിങ്ങൾ കരുതുന്നതെന്ന് ചോദിക്കുന്നതിലൂടെ എല്ലാ അക്രമങ്ങൾക്കും അടിയിൽ പ്രവർത്തിക്കുന്ന നീചമായ ലോകരാഷ്ട്രീയശക്തികളെ ബെനിറ്റസ് പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം യുദ്ധത്തെ കർദ്ദിനാൾമാരുടെ ഏറ്റുമുട്ടലുമായി താരതമ്യം ചെയ്യുന്നു, സഭ പ്രവർത്തിക്കേണ്ടത് സ്‌നേഹത്തിലാണ്. എല്ലാ മനുഷ്യർക്കും വേണ്ടി സംസാരിക്കുന്നതിനു പകരം ഇപ്പോൾ പക്ഷപാതിത്വം പറയുകയും വെറുപ്പിനു വഴങ്ങുകയും ചെയ്യരുതെന്ന് ബെനിറ്റസ് നിർദ്ദേശിക്കുന്നു. സഭ പാരമ്പര്യമല്ലെന്ന്, സഭ ഭൂതകാലമല്ലെന്ന്, നാം ഭാവിയിലേക്ക് അടുത്തതായി എന്താണോ ചെയ്യുന്നത് അതാണു സഭയെന്ന് ബെനിറ്റസ് പറയുമ്പോൾ പടരുന്ന നിശബ്ദതയും പശ്ചാത്തലശബ്ദവും വലിയൊരു വിവേകത്തിലേക്കുള്ള ഉണർച്ചയാകുന്നു. ഏഴാമത്തെ ബാലറ്റിൽ പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്നു.

ചിത്രത്തിലെ ഒരു രംഗം. കടപ്പാട്: google

ഇതിനു ശേഷം, ബെനിറ്റസിന് എന്തോ ചികിത്സക്കായി സ്വിറ്റ്‌സർലൻഡിലേക്കു പോകാൻ അന്നത്തെ മാർപാപ്പ വിമാന ടിക്കറ്റിന് പണം നൽകിയതായും അത് പിന്നീട് റദ്ദാക്കിയതായും പറയുന്ന സംഭവം വീണ്ടും പ്രീഫെക്റ്റ് ലോറൻസിനോട് ഉന്നയിക്കുന്നു. ലാപ്രോസ്‌കോപ്പിക് ഹിസ്‌റ്റെരെക്ടമിക്കു വേണ്ടിയുള്ള മെഡിക്കൽ സന്ദർശനമാണ് ബെനിറ്റെസ് റദ്ദാക്കിയതെന്ന് ലോറൻസിനോട് അദ്ദേഹം തന്നെ നേരിട്ടു പറയുന്നു. താൻ ജനിച്ചത് പുരുഷനായിട്ടായിരുന്നുവെന്നു ഇന്നസെന്റ് വിശദീകരിക്കുന്നു, എന്നാൽ മറ്റൊരു ശസ്ത്രക്രിയക്ക് വിധേയമാകുമ്പോൾ തനിക്ക് ഗർഭാശയവും അണ്ഡാശയവും ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തുന്നു. ഈ കാര്യം അന്തരിച്ച മാർപ്പാപ്പയ്ക്ക് അറിയാമായിരുന്നു. ‘ദൈവം എന്നെ സൃഷ്ടിച്ചതുപോലെയാണ് ഞാൻ’. ഇപ്പോൾ, അനിശ്ചിതത്വത്തെ കുറിച്ച് കോൺക്ലേവിന്റെ തുടക്കത്തിൽ ലോറൻസ് പറഞ്ഞ വാക്കുകളെ ബെനിറ്റസ് ഓർമ്മിപ്പിക്കുന്നു. ആണും പെണ്ണും എന്നു മാത്രം ലൈംഗികതയെ വിഭജിക്കുന്ന ജീവശാസ്ത്രപരമായ നിർണ്ണയവാദത്തിനെതിരെ ലോകത്തിലെ അനിശ്ചിതത്വത്തിന്റെ യാഥാർത്ഥ്യം നിലകൊള്ളുന്നതിനെ സഭ അംഗീകരിക്കേണ്ടതുണ്ടെന്ന് സൂചിപ്പിക്കുന്നു. ആഹ്ലാദത്തോടെ നടന്നുനീങ്ങുന്ന ചില കന്യാസ്ത്രീകളെ കാണുന്ന ലോറൻസിന്റെ ദൃശ്യത്തോടെയാണ് ചലച്ചിത്രം അവസാനിക്കുന്നത്. കത്തോലിക്കാസഭയിൽ ഇനിയും നടക്കേണ്ടിയിരിക്കുന്ന വലിയ വിപ്ലവങ്ങളെ അത് ദീർഘദർശനം ചെയ്യുന്നുണ്ടെന്ന് നമുക്കു തോന്നുന്നു. ചലച്ചിത്രത്തിന്റെ ആത്മാവിലും അതുണ്ട്. ഡീൻ ലോറൻസിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ സിസ്റ്റർ ആഗ്നസ് അയാളോടൊപ്പം നിൽക്കുന്നതാണ് നാം കാണുന്നത്. അന്തരിച്ച മാർപ്പാപ്പക്ക് അദ്ദേഹം ഉടനെ മരിക്കുമെന്നു അറിയുമായിരുന്നിരിക്കണമെന്നും ഡീൻ പദവിയിൽ നിന്നുള്ള തന്റെ രാജി അദ്ദേഹം സ്വീകരിക്കാതിരുന്നത് പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് തന്റെ മുൻകൈയിൽ നടക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചതു കൊണ്ടാകണമെന്നും ലോറൻസ് പറഞ്ഞതിനു ശേഷം ആഗ്നസിന്റെ ആദ്ദേഹത്തോടുള്ള പെരുമാറ്റത്തിൽ പ്രകടമായ മാറ്റങ്ങൾ കാണാം. തന്റെ ന്യായവാദം കൊണ്ട് ലോറൻസിനെ നിലം പരിശാക്കാൻ ട്രെംബ്ലെ മുതിരുമ്പോൾ, ട്രെഡെസ്‌കോ ഡീനിന്റെ ഇടപെടലുകളെ രൂക്ഷമായി വിമർശിക്കുമ്പോൾ, ഈ കോൺക്ലേവ് അലങ്കോലപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഡീൻ സ്ഥാനം ഒഴിയാൻ സന്നദ്ധനാണെന്നും ലോറൻസിനു പറയേണ്ടി വരുമ്പോളാണ് സിസ്റ്റർ ആഗ്നസ് കടന്നുവരുന്നത്. അവർ കോൺക്ലേവിന്റെ രഹസ്യ ആയുധമായി മാറുന്നു. തങ്ങൾ ഇവിടെ അദൃശ്യരാണെങ്കിലും ദൈവം നൽകിയ കണ്ണും കാതുമുള്ളതു കൊണ്ട് കണ്ടതും കേട്ടതും പറയുകയാണെന്നു സൂചിപ്പിച്ചു കൊണ്ടാണ് സിസ്റ്റർ ആഗ്നസ് സത്യത്തിന്റെ ബോംബ് വർഷിക്കുന്നത്.

ചിത്രത്തിലെ ഒരു രംഗം. കടപ്പാട്: The Streamable

നിശിതമായ നിശ്ചിതത്വം എന്ന സങ്കൽപ്പനത്തോടുള്ള എതിർപ്പ്; അനിശ്ചിതത്വം, ഈ ചലച്ചിത്രത്തിന്റെ ആദർശമായിരിക്കുന്നുവെന്നു പറഞ്ഞല്ലോ? പുതിയ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നയാൾ പുരുഷനാണോ സ്ത്രീയാണോ എന്ന അനിശ്ചിതത്വത്തെ പേറുന്നുവെന്നതു മാത്രമല്ല, കോൺക്ലേവിലുടനീളം കറുപ്പെന്നും വെളുപ്പെന്നും വേർതിരിക്കാനാവാത്ത കാര്യങ്ങൾ കൊണ്ടു നിറയുന്നതും നാം കാണുന്നു. ‘സന്ദേഹിക്കുന്ന ഒരു മാർപ്പാപ്പയെ ദൈവം നമുക്കു നൽകട്ടെ എന്നു പ്രാർത്ഥിക്കാം, പാപം ചെയ്യുകയും പാപമോചനം ആവശ്യപ്പെടുകയും അതു തുടരുകയും ചെയ്യുന്ന ഒരു മാർപ്പാപ്പയെ ദൈവം നമുക്ക് നൽകട്ടെ.’ ഇങ്ങനെ, കോൺക്ലേവിന്റെ തുടക്കത്തിൽ ലോറൻസ് നടത്തുന്ന പ്രസംഗത്തിൽ പറയുന്ന അതേ രീതിയിൽ ശരിയെന്നോ തെറ്റെന്നോ വ്യവച്ഛേദിക്കാൻ കഴിയാത്ത നിരവധി കാര്യങ്ങളെ ചെയ്തുകൊണ്ടാണ്. ഡീൻ കോൺക്ലേവ് നടപടികൾ പൂർത്തിയാക്കുന്നത്. മൃതനായ മാർപാപ്പയുടെ സീൽ ചെയ്ത മുറി ഡീൻ തുറന്നത് കേവലാർത്ഥത്തിൽ ശരിയായ നടപടിയായിരിക്കില്ല. എന്നാൽ, കോൺക്ലേവിൽ വച്ച് ന്യായയുക്തമായ രീതിയിൽ പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കണമെന്ന ശരിയായ ആഗ്രഹം കേവലമായ ശരിയെ ഉപേക്ഷിച്ച് ആ മുറി തുറക്കാൻ ലോറൻസിനെ പ്രേരിപ്പിക്കുന്നു. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട കർദ്ദിനാൾ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടുന്നുവെന്ന് ലോറൻസ് കോൺക്ലേവിനെ അറിയിക്കുന്നില്ല. ഇവിടെ തിന്മയോ ജനാധിപത്യവിരുദ്ധതയോ ആരോപിക്കാം. എന്നാൽ തന്റെ ചെയ്തിയിലൂടെ അവിടെ സൃഷ്ടിക്കുമായിരുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷത്തെ ലോറൻസ് തന്ത്രപൂർവ്വം മറികടക്കുന്നു. ട്രാൻസ്‌ജെൻഡറുകൾക്കും (സ്ത്രീകൾക്കും) മാർപാപ്പയാകാം എന്ന വ്യവസ്ഥയിലേക്ക് ഉണരുന്നതിന് ഇങ്ങനെയൊരു സംക്രമണഘട്ടം ആവശ്യമാണെന്ന് ലോറൻസ് കരുതിയിരിക്കണം. ലോകം മുഴുവൻ ഇസ്ലാമോഫോബിയ പടർന്നു പിടിച്ചിരിക്കുന്ന കാലത്ത് ക്രിസ്തുസഭ സ്വീകരിക്കേണ്ട സമീപനത്തെ കുറിച്ച് വിൻസന്റ് ബെനിറ്റസ് പറയുന്ന വാക്കുകളിലും നിശിതമായ നിലപാടുകളെ ഉപേക്ഷിക്കുന്ന സമീപനം കാണാം. സർവ്വോപരി ഈ ചലച്ചിത്രം ട്രാൻസ്‌ജെൻഡറുകളുടെയും പാർശ്വവൽകൃതരുടെയും രാഷ്ട്രീയത്തെ പരോക്ഷമായി ധ്വനിപ്പിക്കുന്നു. ഉത്തരാധുനികതയുടെ ദർശനസമീപനങ്ങളോട് ചലച്ചിത്രത്തിന്റെ ആശയലോകത്തിനുള്ള ബന്ധവും അതു നൽകുന്ന നേട്ടങ്ങളും പരിമിതികളും ഇതിൽ പ്രത്യക്ഷമാണെന്നും കൂടി എടുത്തു പറയണം.

എഡ്വേർഡ് ബെർജർ. കടപ്പാട്: Focus Features

ആത്മീയമായ സ്ഥാപനങ്ങളിൽ പോലും മനുഷ്യരിലെ നീചമായ താൽപ്പര്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന ശക്തമായ ചിത്രണമാണ് കോൺക്ലേവിന്റെ ചലച്ചിത്രകാരൻ നിർവ്വഹിക്കുന്നത്. ക്രിസ്തുസഭ മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്ന യാത്രയെ കുറിച്ച്, സ്വീകരിക്കേണ്ടുന്ന വഴികളെ കുറിച്ച് ഇത് ചില ചോദ്യങ്ങൾ ഉന്നയിക്കുന്നു. മാർപാപ്പയുടെ തെരഞ്ഞെടുപ്പ് ന്യായയുക്തം നിർവ്വഹിക്കാൻ ഒരുമ്പെടുന്ന കർദ്ദിനാൾ ലോറൻസ്, സഭയിൽ ദമിതമായി പ്രവർത്തിക്കുന്ന തിന്മയുടെ ഗൂഢാലോചനയുടെ കരുവാകുകയും ചെളിക്കുണ്ടിലേക്ക് വലിച്ചെറിയപ്പെടുകയും സ്വയം തന്നെ തന്റെ നന്മയെയും പ്രവൃത്തിയെയും കുറിച്ച് സന്ദേഹവാനാകുകയും ചെയ്യുന്നു. അദ്ദേഹം ദൈവത്തെ സേവിക്കാനുള്ള സഭയുടെ കഴിവിനെ കുറിച്ചു തന്നെ സന്ദേഹിച്ചു തുടങ്ങുന്നു. ഈ ചലച്ചിത്രം മാർപാപ്പയുടെ തെരഞ്ഞെടുപ്പ് എന്ന കത്തോലിക്കാ ആചാരത്തി്‌ന്റെ തനതായ പാരമ്പര്യങ്ങളെയും വിചിത്രതകളെയും നന്നായി കുഴിച്ചെടുക്കുന്നുണ്ട്. എന്നാൽ അതിന്റെ സാർവത്രികതയെ നാം ദർശിക്കുന്നു. അത് സാധാരണമായ ഒരു അധികാരപോരാട്ടത്തിന്റെ കഥ പറയുന്ന പ്രതീതിയിലേക്കു നാം നീങ്ങുന്നു. കർദ്ദിനാൾമാർ അവരുടെ ളോഹകൾ അഴിച്ചുമാറ്റിയാൽ ഒരു രാഷ്ട്രീയ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ പോലെ തന്നെ! ഇവിടം യഥാർത്ഥ കൊലപാതകങ്ങളേക്കാൾ സ്വഭാവഹത്യകൾ മാത്രം നടക്കുന്നയിടം.

ചലച്ചിത്രത്തിന്റെ നിശബ്ദതകളിൽ പോലും നാടകീയത നിറഞ്ഞിരിക്കുന്നു. കർദ്ദിനാൾ ലോറൻസ് എന്ന നിലയിൽ റാൽഫ് ഫിയന്നസ് അസാധാരണമായ പ്രകടനമാണ് നിർവ്വഹിക്കുന്നത്, കർദ്ദിനാൾമാർ ബെല്ലിനി (സ്റ്റാൻലി ടുച്ചി), ട്രെംബ്ലേ (ജോൺ ലിത്‌ഗോ), ടെഡെസ്‌കോ (സെർജിയോ കാസ്‌റ്റെലിറ്റോ), അഡെയെമി (ലൂസിയൻ മസാമതി), ബെനിറ്റസ് (കാർലോസ് ഡീഹ്‌സ്), സിസ്റ്റർ ആഗ്നസ് (ഇസബെല്ല റോസെല്ലിനി) എന്നിങ്ങനെ എല്ലാവരും.

Also Read

9 minutes read December 30, 2024 1:56 pm