ക്യാമ്പസിന് അകത്തുമല്ല, പുറത്തുമല്ല

സർവ്വകലാശാല വിദ്യാർത്ഥികളുടെ കോവിഡ് കാല ജീവിതം

അദൃശ്യരായ കേൾവിക്കാർ

മുഹമ്മദ് ത്വയിബ് കെ.പി

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന പിന്നോക്ക സാമൂഹ്യവിഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ വലിയരീതിയിലുള്ള നിലനിൽപ്പ് ഭീഷണി നേരിടുന്നുണ്ട്. ഒരുതരത്തിലുമുള്ള ആസൂത്രണവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെ പഠനപ്രവർത്തനങ്ങൾ ഓൺലൈനിലേക്ക് മാറ്റുകവഴി, നിലനിൽക്കുന്ന ഘടനാപരമായ വിവേചനത്തിന്റെ ആഴം വർദ്ധിച്ചു. ചരിത്രപരമായി സാമൂഹ്യ-സാംസ്കാരിക മൂലധനങ്ങൾ കയ്യാളുന്ന സാമൂഹ്യ വിഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളിലേക്ക് കൂടുതൽ അസന്തുലിതമായി വിഭവവിതരണം നടക്കാനും, പാർശ്വവത്കൃത വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ നിലനിൽപ്പിനെ കൂടുതൽ അസ്ഥിരപ്പെടുത്താനും ഓൺലൈൻ വിദ്യാഭ്യാസം വഴിതെളിച്ചു.

ഒരു വിദ്യാർത്ഥി എന്ന നിലയിൽ യൂണിവേഴ്സിറ്റി ഇൻഫ്രാസ്ട്രക്ച്ചറോ, അക്കാഡമിക് വിഭവങ്ങളോ, മതിയായ എഡ്യൂക്കേഷണൽ അസിസ്റ്റൻസോ ലഭ്യമാവാത്ത ഒരു വർഷമാണ് കടന്നുപോയത്. ഐ.ഐ.ടി പോലെയുള്ള ‘എലീറ്റ്’ സ്ഥാപനത്തിൽ പഠിക്കുന്ന ഒന്നാം തലമുറ വിദ്യാർത്ഥി എന്ന നിലയിൽ സാമൂഹ്യ ചാലനാത്മകതയ്ക്കാവശ്യമായ വിഭവങ്ങൾ കൈവരിക്കുന്നതിൽ നിന്ന് തഴയപ്പെട്ട, സർവ്വ മൂലധനങ്ങളുമായി വരുന്ന മറ്റു വിദ്യാർത്ഥികളോട് അക്കാദമികമായി മത്സരിക്കാൻ ആവശ്യമായ യാതൊരുവിധ ഇൻസ്റ്റിറ്റ്യൂഷണൽ സപ്പോർട്ടും ലഭിക്കാത്ത, തീർത്തും വിവേചനപൂർണമായ ഒരു വർഷമായിരുന്നു ഇത്. കൃത്രിമത്വമുള്ള ഭാഷയും എഴുത്തു വൈഭവവുമുള്ളവർക്ക് മാത്രം തിളങ്ങാനുള്ള വേദിയായി ക്ലാസ്സ് (വെബ്) റൂം ചർച്ചകളും മൂല്യനിർണയവും മാറിയപ്പോൾ, ഘടനപരമായ അസമത്വത്തെയും ഡിജിറ്റൽ ഡിവൈഡിനെ സംബന്ധിക്കുന്ന ക്ലാസ്സ്റൂം ചർച്ചകളിൽ പോലും ‘അദൃശ്യരായ’ കേൾവിക്കാരായി ചുരുങ്ങേണ്ടുന്ന അവസ്ഥയുണ്ടായി.

മുഹമ്മദ് ത്വയിബ് കെ.പി

കോഴ്സിന്റെ തുടക്കസമയത്ത് ക്ലാസ്സിലുണ്ടായിരുന്ന കശ്മീർ വിദ്യാർത്ഥിക്ക്, അവിടെ നിലനിന്നിരുന്ന ഇന്റർനെറ്റ് ഷട്ട്ഡൗൺ കാരണം ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാനാവാതെ കോഴ്സ് ഡ്രോപ്പ് ചെയ്യേണ്ടിവന്നത് വിവേചനത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഡിജിറ്റൽ ഡിവൈഡും അക്കാഡമിക് സമ്മർദ്ദവും കാരണം നല്ലൊരു ഭാഗം വിദ്യാർത്ഥികൾ ഇത്തരത്തിൽ കോഴ്സ് അവസാനിപ്പിച്ച് പോയിട്ടുണ്ട്. ഐ.ഐ.ടി ഗുവാഹത്തിയിലെ കഴിഞ്ഞ അഞ്ചു വർഷത്തെ മൊത്തം ഡ്രോപ്പ്ഔട്ടുകളിൽ 88 ശതമാനവും സംവരണ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് എന്ന് കഴിഞ്ഞ ഓഗസ്റ്റ് 5ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രാജ്യസഭയിൽ നൽകിയ ഡാറ്റ ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. വ്യക്തിപരമായി, ഇൻസ്റ്റിറ്റ്യൂട്ട് സ്പേസിൽ നിന്ന് മാറി മതിയായ സൗകര്യങ്ങളില്ലാതെയുള്ള ഗൃഹാന്തരീക്ഷത്തിൽ നിന്നുമുള്ള പഠനം അക്കാഡമിക് പ്രവർത്തനങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. സെമസ്റ്ററിന്റെ കാലപരിധി വെട്ടികുറക്കുകയും, എന്നാൽ തുടർ മൂല്യനിർണയത്തിന്റെ ഭാഗമായി നിരന്തരം അസൈൻമെന്റ്, അസ്സസ്മെന്റ് വർക്കുകളും ചെയ്യേണ്ടിവന്നത് വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദത്തിനും ഇടവരുത്തിയിട്ടുണ്ട്.

ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ, ദൈനംദിന ജീവിതമടക്കം ദുസ്സഹമായ സാഹചര്യത്തിൽ പോലും വലിയ രീതിയിലുള്ള തുകയാണ് ഓരോ സെമസ്റ്ററുകൾക്കും ഫീ ആയി ഈടാക്കിയിരുന്നത്. വീട്ടിലെ പരിമിതമായ സാഹചര്യത്തിൽ നിന്ന് പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും ഹോസ്റ്റൽ മെയ്ന്റനൻസ് ഫീ, ഇലക്ട്രിസിറ്റി-വാട്ടർ ചാർജ്, മെഡിക്കൽ ഇൻഷുറസ് തുക, അക്കാദമിക് ഫെസിലിറ്റി ഫീ എന്നിവ ഈടാക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് യാതൊരു മടിയും കാണിച്ചില്ല. സെമസ്റ്റർ ഫീസ് ആയി വലിയ തുക ഒടുക്കുന്നതോടൊപ്പം മൊബൈൽ റീചാർജ്, ഗാഡ്ജെറ്റുകൾ, മറ്റു സൗകര്യങ്ങൾ എന്നിവയ്ക്കുള്ള ചിലവുകൾ കൂടി വിദ്യാർത്ഥികൾ കണ്ടെത്തേണ്ട സാഹചര്യമുണ്ടായി.

പൂർണമായും ഗവേഷണാടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തിയ, മതിയായ അക്കാദമിക് റിസോഴ്സ്സും ഇൻസ്റ്റിറ്റ്യൂഷണൽ സൗകര്യങ്ങളും അധ്യാപകരും വിദ്യാർത്ഥികളുമായുള്ള നിരന്തര സംവാദവും ആവശ്യപ്പെടുന്ന ഒരു കോഴ്സ് ഓൺലൈനിൽ ചെയ്യുക വഴി അതിന്റെ അന്തസത്ത ചോർന്നുപോവുകയും ഒപ്പം ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഫലമായി ലഭിക്കേണ്ടുന്ന ഗുണഫലങ്ങൾ കിട്ടാതെ പോവുകയും ചെയ്യുന്നു.

(എം.എ ഡവലപ്മെന്റ് സ്റ്റഡീസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,​ ​ഗുവാഹത്തി)

ഓൺലൈനിലെ ജാതിവ്യവസ്ഥ

അനഘ ബാബു

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രശ്നങ്ങൾ സർക്കാർ അറിഞ്ഞുതുടങ്ങിയത് രണ്ട് വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞപ്പോൾ മാത്രമല്ലേ? ആദ്യ കോവിഡ് തരംഗം കഴിഞ്ഞ് രണ്ടാമത്തെ തരംഗം എത്തിയ ശേഷവും ഓൺലൈൻ വിദ്യാഭ്യാസം അതിന്റെ പോരായ്മകളിൽ തന്നെ തുടരുകയാണ്. ഓൺലൈൻ പഠനത്തിനു വേണ്ട അടിസ്ഥാന സൗകര്യമില്ലാത്ത കുട്ടികൾ ഇന്നും കേരളത്തിന്റെ പല മേഖലകളിലുമുണ്ട്. ഞാൻ തന്നെ അതിനൊരു ഉദാഹരണമായിരുന്നു. എന്തുകൊണ്ടാണ് എനിക്ക് അർഹമായ ലാപ്ടോപ്പ് കിട്ടാൻ ഹൈകോടതി വരെ പോകേണ്ടി വന്നത്?

കേരളത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകൾ വിദ്യാർത്ഥികളിൽ പലർക്കും ആവശ്യമായ ഇന്റർനെറ്റ് സംവിധാനം കിട്ടുന്നതിന് തടസ്സമായിട്ടുണ്ട്. ഇതിന്റെ പരിണിതഫലം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ആദിവാസി മേഖലയിലെ കുട്ടികളാണ്. കൃത്യമായി ക്ലാസ്സുകളിൽ കയറാനോ പഠിപ്പിക്കുന്ന വിഷയങ്ങൾ രേഖപ്പെടുത്തി വെയ്ക്കാനോ പലപ്പോഴും കഴിയുന്നില്ല. പരീക്ഷകൾപോലും കൃത്യമായി എഴുതാൻ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. മൂന്നാറിലെ ഏതാനും പെൺകുട്ടികൾക്ക് പഠനം നിർത്തേണ്ടി വന്നത് ഇക്കാരണങ്ങളാലാണ്. ആദിവാസി-പിന്നോക്ക മേഖലയിലെ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോകലിന് ഇത് വലിയ രീതിയിൽ കാരണമായിട്ടുണ്ട്. ഈ കുട്ടികൾ പഠിച്ചാലും ഇല്ലെങ്കിലും പ്രശ്നമില്ല എന്ന സമീപനം തുടർന്നാൽ ഓൺലൈൻ ക്ലാസ്സിൽ മാത്രമല്ല, തുടർന്ന് ഓഫ് ലൈൻ ക്ലാസ്സിലും അവർ പുറത്തു തന്നെയയായിരിക്കും.

അനഘ ബാബു

അദ്ധ്യാപകർ നടത്തുന്ന വെബിനാറുകളിൽ വരെ ആളെ തികയ്ക്കാനെന്നോണം അവർ വിദ്യാർത്ഥികളെ കുത്തിക്കയറ്റുന്ന സ്ഥിതിയുണ്ട്. കോവിഡ് മഹാമാരിയെ തുടർന്ന് പലവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വിദ്യാർത്ഥികൾ എപ്പോഴും ഓൺലൈൻ ആയി ഇരിക്കേണ്ട അവസ്ഥയാണുള്ളത്.

വീട്ടിൽത്തന്നെയിരിക്കേണ്ടി വന്ന വിദ്യാർത്ഥികൾ കടന്നുപോകുന്ന മാനസികാവസ്ഥകളും ഭൗതികാവസ്ഥകളും സംഘർഷങ്ങൾ നിറഞ്ഞതാണ്. വീടുകളിലെ അന്തരീക്ഷം പല വിദ്യാർത്ഥികളെയും സാരമായി തന്നെ ബാധിക്കുന്നുണ്ട്. വീട്ടുത്തടങ്കലിൽ ആയിപ്പോയ അവസ്ഥയിലായ വിദ്യാർത്ഥികൾ നിരവധിയാണ്. കുടുംബാംഗങ്ങൾ, ചുറ്റുപാടുകൾ, വൈദ്യുതി, മറ്റ് പഠന സൗകര്യങ്ങൾ തുടങ്ങി പലതിനെയും ആശ്രയിച്ചായിരിക്കും ഒരു വിദ്യാർത്ഥിക്ക് പഠനം മുന്നോട്ടു കൊണ്ടുപോകേണ്ടി വരിക. ഈ സാഹചര്യം നിലനിൽക്കെയാണ് കൃത്യമായ മാർഗ്ഗരേഖകൾ ഒന്നുമില്ലാതെ ഓൺലൈൻ പഠനം ആരംഭിച്ചത്.

കോവിഡ് കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതും ചെയ്യപ്പെടാത്തതുമായ വിദ്യാർത്ഥികളുടെ ആത്മഹത്യാ നിരക്കുകൾ മാത്രം നോക്കിയാൽ വിദ്യാഭ്യാസം എന്നത് ഒരു ഇൻസ്റ്റിറ്റ്യൂഷണൽ മർഡറിന്റെ രൂപത്തിലേയ്ക്ക് എത്തിയിരിക്കുന്നതായി കാണാം. അവസാന വർഷ ഡിഗ്രി പരീക്ഷയും ഉന്നത വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ തുറന്നിടുന്ന എൻട്രൻസ് പരീക്ഷകളും ഒരേ ദിവസം അനൗൺസ് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായി. എന്നിട്ടും സർവകലാശാലകൾ മറ്റൊരു ദിവസത്തേയ്ക്ക് പരീക്ഷ മാറ്റിവയ്ക്കാൻ തയ്യാറായിരുന്നില്ല. എത്ര കുട്ടികളുടെ അവസരമാണ് നഷ്ടമാകുന്നത്.
എസ്.സി/ എസ്.ടി വിദ്യാർത്ഥികൾക്ക് ലഭ്യമാകേണ്ട സീറ്റുകൾപോലും നഷ്ടമാകുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്. അഡ്മിഷനെല്ലാം കഴിഞ്ഞ ശേഷവും റിസർവേഷൻ, എസ്.സി/ എസ്.ടി സീറ്റ് ഉണ്ടെന്ന് പരസ്യം ചെയ്യാറുണ്ട്. പക്ഷെ ഇത്തരം അറിയിപ്പുകൾ വിദ്യാർത്ഥികളിലേയ്ക്ക് എത്തുന്നത് വളരെ വൈകിയാണ്. കോവിഡ് കാലത്ത് വിദ്യാർത്ഥികൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് അർഹമായ അവസരങ്ങൾ പോലും കൃത്യ സമയത്ത് അറിയാൻ കഴിയുന്നില്ല എന്നത്. ഒരുവശത്ത് അധികാരികളുടെ അവ​ഗണനയും മറുവശത്ത് ശ്രേണീബദ്ധമായ ജാതിവ്യവസ്ഥയും എസ്.സി/ എസ്.ടി വിഭാ​ഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വലിയൊരു വിലങ്ങുതടിയായി മാറുന്നു.

നമ്മുടെ ക്യാമ്പസുകൾ വിദ്യാർത്ഥി സൗഹൃദമല്ല എന്നതാണ് മറ്റൊരു സത്യം. മഹാമാരിയുടെ കാലത്ത് എങ്ങനെയാണ് വിദ്യാഭ്യാസം എല്ലാവർക്കും തുല്യമായി ലഭ്യമാകുന്നത് എന്നത് വലിയൊരു ചോദ്യം തന്നെയാണ്. ക്യാമ്പസിന് പുറത്തുനിൽക്കുന്ന വിദ്യാർത്ഥികളും ഓൺലൈൻ ക്ലാസ്സിന് പുറത്തുനിൽക്കുന്ന വിദ്യാർത്ഥികളും തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളത് ?

(എം.ഫിൽ റിസർച്ച് സ്കോളർ, ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യോളജി, കേരള യൂണിവേഴ്സിറ്റി. ലാപ്‌ടോപ്പില്ലാതെ ഓൺലൈൻ പഠനം മുടങ്ങിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് അനുകൂലമായ വിധി നേടിയ വിദ്യാർത്ഥി.)

നിസം​ഗതയുടെ ന്യൂ നോർമൽ

അരുന്ധതി കെ

ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മാസങ്ങൾക്കകം, യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കുന്നത്. അത്തരമൊരു സമ്പ്രദായത്തിനനുസരിച്ച് പഠനസൗകര്യങ്ങളുള്ളവരാണോ എല്ലാവരും, അതിന് പുറത്തു നിൽക്കുന്നവരെ എങ്ങനെ ഉൾക്കൊള്ളിക്കാം, അതിനെന്തൊക്കെ ചെയ്യേണ്ടതായുണ്ട്, തുടങ്ങി അനവധി ചോദ്യങ്ങൾ അവഗണിച്ചാണ് പല യൂണിവേഴ്സിറ്റി അധികൃതരും ഓൺലൈൻ ക്ലാസ്സുകൾക്ക് തുടക്കമിട്ടത്. ഫോൺ, ഇന്റർനെറ്റ്, കമ്പ്യൂട്ടർ, കണക്റ്റിവിറ്റി, തുടങ്ങിയ ഭൗതിക സം​ഗതികളേക്കാളുപരി വിദ്യാർത്ഥികളുടെ ജീവിത ചുറ്റുപാടുകൾ, വീടുകൾക്കുള്ളിലെ സാഹചര്യങ്ങൾ, കോവിഡിന് മുമ്പ് തന്നെ അവർ നേരിട്ടുകൊണ്ടിരുന്ന ശാരീരിക- മാനസിക ബുദ്ധിമുട്ടുകൾ എന്നിങ്ങനെ പ്രതിബന്ധങ്ങൾ നീളുകയാണ്. ജമ്മു, ലഡാക്ക് പോലെയുള്ള ഇടങ്ങളിൽനിന്നും അനവധി വിദ്യാർത്ഥികൾ വന്നു പഠിക്കുന്ന കേന്ദ്രസർവകലാശാലകൾ തുടങ്ങിവച്ച പുതിയ വിദ്യാഭ്യാസരീതി ഇത്തരം സാഹചര്യങ്ങളോട് തീർത്തും അവഗണനാപരവും, അവരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ അപര്യാപ്തവുമായിരുന്നു. അധികൃതരുടെ ഇത്തരം കാർക്കശ്യങ്ങൾക്കിടയിൽ പലപ്പോഴും ആശ്വാസമായത് വിദ്യാർത്ഥികളെ മനസ്സിലാക്കുന്ന അധ്യാപകരായിരുന്നു. ഹാജറിന്റെ കാര്യത്തിൽ കടുംപിടുത്തം പിടിക്കാതെയും, വിദ്യാർത്ഥികളുടെ മാനസികാരോഗ്യം കണക്കിലെടുത്തും പലരും കൂടെനിന്നു.

ഇന്ത്യയിലെ മുൻനിര കേന്ദ്ര സർവകലാശാലകളിലേക്ക് ഉന്നതപഠനത്തിനായി എത്തുന്ന വിദ്യാർത്ഥികളിൽ പലരും അവരുടെ കുടുംബങ്ങളിൽനിന്നുള്ള first generation learners ആണ്. ആദ്യമായി വിദ്യാഭ്യാസം തന്നെ നേടുന്നവർ. അവരിൽ പലരും ബിരുദപഠനം വരെ എത്തിയതിനിടെ താണ്ടിയ തടസ്സങ്ങളെ ഊട്ടിയുറപ്പിക്കാൻ സാഹചര്യമൊരുക്കുന്നതായിരുന്നു ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ രീതികൾ. യാഥാസ്ഥിതികവും നിയന്ത്രിതവുമായ വീട്ടുസാഹചര്യങ്ങളിൽ നിന്നും പല വിദ്യാർഥികളും ആദ്യമായി പുറത്തുവരുന്നതും, സമാനമായ ജീവിതാനുഭവങ്ങളുള്ളവരുമായി സമ്പർക്കപ്പെടുന്നതും, തങ്ങളുടെ സ്വത്വം, ലിംഗം, ബോധം ഇവയെയൊക്കെ അവലംബിച്ചുള്ള പ്രത്യയശാസ്ത്രങ്ങളും, സംവാദങ്ങളുമായി പരിചയപ്പെടുന്നതും അവരുടെ കലാലയജീവിതത്തിലാണ്. രാഷ്ട്രീയ ശരികളെക്കുറിച്ചും, ശീലിച്ചു പോന്നിട്ടുള്ള ശരികേടുകളെക്കുറിച്ചും തിരിച്ചറിയുന്നതും, അവ തിരുത്തുന്നതും, സ്വന്തം ശരീരത്തെയും, ചിന്തകളെയും, ആവിഷ്ക്കാരങ്ങളെയും കണ്ടെത്തുന്നതുമൊക്കെ ഇത്തരം തുറസ്സായ ഇടങ്ങളിലെ കൂട്ടംചേരലുകളിലൂടെയും, തർക്കവിതർക്കങ്ങളിലൂടെയുമാണ്. ഇവയെല്ലാം അപ്രതീക്ഷിതമായി നഷ്ടപ്പെട്ടതിലൂടെ വിദ്യാർത്ഥികളുടെ അക്കാദമികേതര ജീവിതം തീർത്തും നിർജ്ജീവമായ ഒന്നായി മാറി.

അരുന്ധതി കെ

വിദ്യാർത്ഥിയും വിദ്യാഭ്യാസവും തമ്മിൽ രൂപപ്പെട്ട ഈ ദൂരം, കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യൻ അക്കാദമിയയിൽ സംഭവിക്കുന്ന കാവിവത്ക്കരണത്തെ കൂടുതൽ സുഗമമാക്കി. കേന്ദ്രസർവകലാശാലകളിലെ ബി.എ ഹിസ്റ്ററി സിലബസ് മാറ്റിയെഴുതി പച്ചയായ ഹിന്ദുത്വവാദത്തിന് ഇടമൊരുക്കിയ UGC നടപടിയും, NEP എന്ന പേരിൽ നവലിബറൽ താൽപര്യങ്ങളെ പ്രീതിപ്പെടുത്തുന്ന വിദ്യാഭ്യാസ നയങ്ങളും തുടങ്ങി, 2021-22 വർഷത്തേക്കുള്ള പല യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷകൾക്കും സെന്ററുകളുടെ എണ്ണം വെട്ടിക്കുറച്ചതുമെല്ലാം ലോക്ക്ഡൗൺ മൂലം വിദ്യാർത്ഥി സമൂഹത്തിനുമേൽ അടിച്ചേൽപ്പിക്കപ്പെട്ട നിശബ്ദതയുടെ മുതലെടുപ്പായിരുന്നു.

ദിനംപ്രതിയുയരുന്ന കോവിഡ് മരണക്കണക്കുകൾക്കും ക്യാമ്പസ് ഇടങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്ന പലരുടെയും വിയോഗ വാർത്തകൾക്കുമിടെയാണ് പല അധ്യാപകരുടെയും വിദ്യാർത്ഥിനേതാക്കളുടെയും അറസ്റ്റുകളുണ്ടാകുന്നത്. ഡൽഹി യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ പ്രൊഫ. ഹാനി ബാബുവിനെ വസ്തുതാപരമായ യാതൊരു തെളിവുകളുമില്ലാതെ NIA അറസ്റ്റ് ചെയ്തിട്ട് ഒരു വർഷമാകുന്നു. ജാമിയയിലേയും, ജെ.എൻ.യുവിലേയും പല വിദ്യാർത്ഥിനേതാക്കളെയും UAPA ചുമത്തി അറസ്റ്റു ചെയ്തു. ചിലരെ അറസ്റ്റ് ചെയ്തത് തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ്. വിദ്യാർത്ഥി യൂണിയനുകൾ ഒറ്റയ്ക്കും കൂട്ടായും കഴിയുന്ന പ്രതിഷേധങ്ങളെല്ലാം ട്വിറ്റർ സ്റ്റോമുകളിലൂടെയും മറ്റും നടത്തിയെങ്കിലും അവയൊന്നും ഒരു തരത്തിലുമുള്ള വെല്ലുവിളിയുമുയർത്താൻ പോന്നവയല്ലായിരുന്നു.

പല സർവകലാശാലകളിലേക്കും എൻറോൾ ചെയ്യപ്പെട്ട് ക്ലാസ്സുകൾ തുടങ്ങി ഒരു വർഷത്തിലധികമായെങ്കിലും ക്യാമ്പസ് ജീവിതമോ, അതിനോടൊപ്പം ലഭിക്കുന്ന മാനസിക, രാഷ്ട്രീയ, സാംസ്ക്കാരിക മൂല്യങ്ങളോ ലഭിക്കാത്ത നിരവധി വിദ്യാർത്ഥികളുണ്ട്. അവരെ സംബന്ധിച്ച്, ഒറ്റയെന്നോ കൂട്ടമെന്നോ വ്യത്യാസപ്പെടുത്താനാവാത്ത ക്ലാസ്സ്റൂം ജീവിതത്തെ നഷ്ടപ്പെടുത്തിയ ഈ ‘ന്യൂ നോർമൽ’ ഒരുതരം നിസംഗതയാണ് ഉണ്ടാക്കിയിരിക്കുന്നത്. അനിശ്ചിതത്വങ്ങൾക്കോ, അയഥാർത്ഥ്യങ്ങൾക്കോ അപ്പുറത്തേക്ക് കാഴ്ച്ചയെത്താത്ത ഒരുതരം തീർപ്പുകൽപ്പിക്കലാണത്. അവരെത്രയും വേഗം ഈ കെട്ടകാലത്തെ അതിജീവിക്കട്ടെ. ജീവിക്കുന്ന, ശ്വസിക്കുന്ന, കലഹിക്കുന്ന ക്യാമ്പസുകൾക്ക് ജീവൻ നഷ്ടപ്പെടാതിരിക്കട്ടെ.

(ബി.എ ജർമ്മൻ, ഡിപ്പാർട്ട്മെന്റ് ഓഫ് ജെർമാനിക് ആന്റ് റോമൻസ് സ്റ്റഡീസ്, ഡൽഹി സർവ്വകലാശാല)

ഡിജിറ്റലാകേണ്ട ലൈബ്രറികൾ

അഫ്സൽ ശാഹിദ്

ഒരു മുറിക്കപ്പുറത്തേക്ക് വാതിൽ തുറക്കാത്ത ബിരുദാനന്തര ബിരുദത്തിന്റെ ഒരധ്യയന വർഷം പിന്നിടുമ്പോൾ, കേവലം അക്കാദമിക് വിദ്യാർത്ഥി എന്നതിനേക്കാൾ സാമൂഹികവും രാഷ്ട്രീയവും മാനുഷികവുമായി ഒരു പൗരൻ എന്ന നിലയിൽ കൈക്കൊള്ളേണ്ട ബോധ്യങ്ങൾ എത്രമാത്രം ഉൾക്കൊള്ളാൻ കഴിഞ്ഞു എന്നത് എന്നോട് കൂടിയുള്ള ചോദ്യമാണ്.
രാഷ്ട്രീയമായ പ്രതിഷേധങ്ങളുടെയും അതിനുള്ള പ്രവർത്തനങ്ങളുടെയും ഭാഗമാവേണ്ടുന്ന ഒരു ഇന്ത്യൻ പൗരനെ/ പൗരയെ സംബന്ധിച്ച് ഈ ഓൺലൈൻവത്കരണം പ്രതിഷേധങ്ങൾക്കെതിരെയുള്ള ഒരു ആരോഗ്യ അടിയന്തരാവസ്ഥ തന്നെയാണ്. ഈ സാഹചര്യത്തെ എല്ലാ അർഥത്തിലും ഭരണാധികാരികൾ ഉപയോഗപ്പെടുത്തുക കൂടി ചെയ്യുമ്പോൾ ട്വീറ്റുകൾക്കും വിവിധ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയുള്ള പോസ്റ്റുകൾക്കും അപ്പുറം നോക്കിനിൽക്കാൻ മാത്രമാണ് സാധിക്കുന്നത്. ഇത്രയുംകാലം സർവ്വകലാശാല ക്യാമ്പസുകൾ പിന്തുടർന്ന രാഷ്ട്രീയവും സാമൂഹികവുമായ അവകാശ ദൗത്യങ്ങളെ എത്രത്തോളം ഓൺലൈൻവത്കരിക്കാൻ സാധിച്ചു എന്നത് ചോദ്യമായി മാത്രം അവശേഷിക്കുന്നു.

അഫ്സൽ ശാഹിദ്

ഒരു മലയാളം ബിരുദാനന്തര ബിരുദ വിദ്യാർത്ഥി എന്ന തരത്തിൽ ഞാൻ നേരിടുന്ന അക്കാദമികമായ ഒരു പ്രശ്നം പുസ്തകങ്ങൾ തന്നെയാണ്. ഒരു സാഹിത്യ പഠിതാവ് എന്ന തരത്തിൽ എന്റെ അന്വേഷണങ്ങൾ നിരന്തരം പരാജയപ്പെടുന്നതും പുസ്തകങ്ങളുടെ കാര്യത്തിലാണ്. ഓൺലൈൻവത്കൃതമായ വിദ്യാഭ്യാസമേഖല പ്രഭാഷണപരമ്പരകൾക്കും ഓൺലൈൻ ക്ലാസ്സുകൾക്കും പരീക്ഷകൾക്കുമപ്പുറം എത്ര ഡിജിറ്റൽ രേഖാലയങ്ങൾ വിദ്യാർത്ഥികളുടെ അന്വേഷണത്തെ തൃപ്തിപ്പെടുത്തുന്നതരത്തിൽ ഒരുക്കിയിട്ടുണ്ട് എന്നതാണ് പ്രധാന ചോദ്യം. എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവർ ഉൾക്കൊള്ളുന്ന വിദ്യാർത്ഥികൾക്ക് സിലബസുകളിൽ വർഗീകരിക്കപ്പെട്ട പഠനസാമഗ്രികൾ, പുസ്തകങ്ങളെങ്കിലും ഓൺലൈൻ കൈമാറ്റത്തിലൂടെ അവരിൽ എത്തിക്കുന്നുണ്ട്? ഒരു രാത്രിയുടെ യാത്രയ്ക്ക് അപ്പുറമുള്ള അടഞ്ഞുകിടക്കുന്ന സർവ്വകലാശാല ലൈബ്രറികളെക്കാൾ ഗ്രാമീണ വായനശാലകളായിരുന്നു ഞാനടക്കമുള്ള വിദ്യാർത്ഥികൾ സഹായകഗ്രന്ഥങ്ങളുടെ അന്വേഷണങ്ങൾക്കായി ആശ്രയിക്കേണ്ടിയിരുന്നത്. അവിടെ നിന്നായിരുന്നു പുസ്തകങ്ങളുടെ കാര്യത്തിലെങ്കിലും തൃപ്തി കൈവരിക്കേണ്ടത്. എന്നാൽ കഥ, കവിത, നോവൽ, ആത്മകഥ, യാത്രാവിവരണം, നാടകം തുടങ്ങിയ സാമാന്യ വ്യവഹാരങ്ങളായ സാഹിത്യ വിഭാഗങ്ങൾക്ക് അപ്പുറം അക്കാദമിക് പഠനത്തിൽ അവയ്ക്ക് ഒരുവിദ്യാർത്ഥിയെയും തൃപ്തിപ്പെടുത്താൻ സാധിക്കുന്നില്ല എന്നത് വലിയ പോരായ്മയാണ്. വർഷംതോറും കേരളസർക്കാരിന്റെ സഹായത്തോടെ ഗ്രാമീണ വായനശാലകളിൽ എത്തുന്ന പുസ്തകകങ്ങൾ അതിന്റെ തിരഞ്ഞെടുപ്പിലെ അപാകതകളാൽ ഉപകാരപ്പെടാതെ പോകുന്നു.

ഒരു വർഷത്തിനിടയിൽ നിഷേധിക്കാനാവാത്ത വിധം ഡിജിറ്റൽ യുഗം ഓരോ മനുഷ്യന്റെയും പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ സമസ്തതലത്തിലും ഇടപെടുന്നുണ്ട്. ഈ ഇടപെടലുകളിൽ ഒന്നും സജീവമാകാത്ത ഒരു വിഭാ​ഗം ഡിജിറ്റൽ സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെടുന്നുമുണ്ട്. ബാക്കിവരുന്ന, ഭൂരിപക്ഷം എന്ന് അവകാശപ്പെടുന്ന ജനത ഡിജിറ്റൽ പൗരത്വത്തിന് എവിടെയെങ്കിലും ഭാഗമാകുമ്പോഴും വിദ്യാഭ്യാസത്തിന്റെ ക്രയവിക്രയങ്ങളിൽ പൂർണ്ണതനേടാതെ അർദ്ധ ഡിജിറ്റൽ പൗരന്മാരായി ഓൺലൈൻ ക്ലാസുകളിൽ തുടരുക മാത്രമാണ് ചെയ്യുന്നത്. സർവ്വകലാശാല കെട്ടിടങ്ങളിലെ ചില്ലലമാരയ്ക്കുള്ളിൽ പൂട്ടിയിട്ട പുസ്തകങ്ങളും വീടുകൾക്കുള്ളിൽ വെറും അക്കാദമികമായി മാത്രം അവസാനിക്കുന്ന, അതിലും പൂർണ്ണത നേടാൻ കഴിയാത്ത ഇന്ത്യയുടെ ഊർജ്ജങ്ങളായ വിദ്യാർത്ഥികൾ നിശബ്ദത നൽകുന്ന ആൾക്കൂട്ടമായി മാറാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം. സർവ്വകലാശാല, കോളേജ് തലങ്ങളിലെ ലൈബ്രറികളെങ്കിലും അടിയന്തര പ്രാധാന്യത്തോടെ ഡിജിറ്റൽവത്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈയൊരു പ്രതിസന്ധിയെ മറികടക്കാൻ സാധിച്ചാൽ മാത്രമേ ഒരു വിദ്യാർത്ഥി സമൂഹത്തിന്റെ അതിജീവനം പൂർണമാവുകയുള്ളൂ.

(എം.എ. മലയാളം, മദ്രാസ് സർവ്വകലാശാല, ചെന്നൈ). (തുടരും)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read