Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ആദ്യമായി ഒറ്റയ്‌ക്ക് ആതിഥേയരാകുന്നു. ക്രിക്കറ്റ് എന്ന കളിക്ക് ഏറെ ആരാധകരുള്ള നാടാണ് ഇന്ത്യ. അതിന്റെ ആഴം ഇന്ത്യയുടെ ഉൾഗ്രാമങ്ങളിലേക്കും നീളുന്നു, ഒഡീഷയിലെ മൽക്കാംഗിരി മലനിരകളിലേക്ക് വരെ.
ഒഡീഷയിലെ മൽക്കാംഗിരി ജില്ലയുടെ തെക്ക് കിഴക്കൻ മലനിരകളിൽ 32 സ്ഥലങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ആദിവാസി സമൂഹമാണ് ബോണ്ട. 2011ലെ സെൻസെസ് പ്രകാരം 12,000 ആണ് ഇവരുടെ ജനസംഖ്യ. ഏകദേശം 60,000 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ നിന്നും മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്ത ജനസമൂഹത്തിന്റെ ഭാഗമാണ് ബോണ്ട ട്രൈബ് എന്ന് കരുതപ്പെടുന്നു. ഇന്ത്യയിലെ ആദ്യ വനവാസി സമൂഹമായും ഇവരെ കണക്കാക്കുന്നു. ബോണ്ട വിഭാഗത്തിൽ തന്നെ മലമുകളിൽ താമസിക്കുന്നവരെന്നും അടിവാരത്ത് താമസിക്കുന്നവരെന്നും വേർതിരിവുണ്ട്. മലമുകളിൽ താമസിക്കുന്ന ബോണ്ട ആളുകളുടെ സംസ്കാരത്തിലും ജീവിത രീതികളിലും ആയിരക്കണക്കിന് വർഷങ്ങൾക്കിടയിൽ വളരെ ചെറിയ മാറ്റങ്ങൾ മാത്രമാണ് വന്നിട്ടുള്ളത്. ഇന്ത്യാ സർക്കാർ പട്ടികപ്പെടുത്തിയിരിക്കുന്ന 75 പ്രാക്തന ഗോത്രങ്ങളിൽ ഒന്നാണ് ബോണ്ട ട്രൈബ്.
കൃഷിയിലും വേട്ടയാടലിലും മറ്റ് കായിക വിനോദങ്ങളിലും വളരെ പ്രാവീണ്യമുള്ളവരാണ് ബോണ്ടകൾ. എന്നാൽ വളരെ കുറച്ച് വർഷങ്ങൾക്ക് മുൻപാണ് ക്രിക്കറ്റ് ഇവർക്കിടയിൽ പ്രചരിക്കുന്നത്. 2005 ന് ശേഷം ടെലിവിഷനിൽ ക്രിക്കറ്റ് മത്സരങ്ങൾ കണ്ട് തുടങ്ങിയതോടെ ഇവർ ഈ കളിയോട് കൂടുതൽ അടുത്തു. 2007 മുതൽ എല്ലാ വർഷവും മെയ് മാസത്തിൽ വിവിധ ഊരുകൾ തമ്മിലുള്ള മത്സരങ്ങളും പരമ്പരകളും ഇവരുടെ ഗ്രാമത്തിൽ സംഘടിപ്പിക്കാറുണ്ട്. കൊടും ചൂടിൽ, വിളവെടുപ്പ് കഴിഞ്ഞ് അടുത്ത വിത്തിറക്കുന്നതിനിടയിലുള്ള ഇടവേളയിൽ, വാടകക്കെടുത്ത മൈക്ക് സെറ്റും ചുള്ളിയും ഇലകളും മേഞ്ഞ വിശ്രമ കേന്ദ്രങ്ങളുമൊക്കെയൊരുക്കി എല്ലാ വർഷവും നടത്തപ്പെടുന്ന ഈ കളിക്ക് ഇവർക്കിടയിൽ പ്രചാരം കൂടി വരുകയാണ്.