കാലക്കയത്തിലാണ്ടു പോകാത്ത ചരിത്രത്തിലെ ധീരമായ സ്വരം

Écrits – 10 (പ്രതിമാസ ബുക്ക് റിവ്യൂ കോളം)

സാമൂഹികവും ചരിത്രപരവുമായ പ്രതിസന്ധികളെ അതിജീവിച്ച ധീരതയുടെ പേരാണ് ദാക്ഷായണി വേലായുധന്‍. ദാക്ഷായണി വേലായുധന്റെ മുന്നിലെ പാത എളുപ്പം താണ്ടാന്‍ സാധിക്കുന്നതായിരുന്നില്ല. മുളവുകാട് നിന്ന് ഭരണഘടനാ നിര്‍മ്മാണസഭയിലേക്കുള്ള യാത്രയില്‍ ഒരു ജനതയുടെ വിമോചനത്തിന്റെയും ആത്മാഭിമാനത്തിന്റെയും ചരിത്രം മുദ്രിതമായിട്ടുണ്ട്. നമ്മുടെ രാഷ്ട്രീയ ചരിത്രം ആഘോഷിച്ചിട്ടില്ലാത്ത, ഓര്‍ത്തിട്ടില്ലാത്ത ചരിത്രമാണത്. ജ്ഞാനാര്‍ജ്ജനത്തിലൂടെയും അതിന്റെ പ്രയോഗത്തിലൂടെയും അടിസ്ഥാനമനുഷ്യരുടെ പ്രശ്നങ്ങള്‍ പൊതുസമക്ഷം എത്തിക്കാനും അനുയോജ്യമായ പരിഹാരങ്ങള്‍ കണ്ടെത്താനും ശ്രമിച്ചു എന്ന വിപ്ലവകരമായ പ്രവര്‍ത്തനമാണ് ദാക്ഷായണി വേലായുധന്‍ നടത്തിയത്. അറിവിനിനോളം വലിയ വിമോചനശക്തി ഇല്ലെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. കാലങ്ങളായി സമൂഹം നിഷേധിച്ച അറിവ് നേടാനുള്ള അവകാശത്തെ എത്തിപ്പിടിക്കുകയാണ് ആദ്യം അവര്‍ ചെയ്തത്. ആ വഴി മറ്റനേകം ലോകങ്ങളിലേക്കുള്ള കവാടമായിരുന്നു. നിരവധി സാമൂഹിക മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും സൂക്ഷ്മതലത്തില്‍ സാമൂഹിക വിവേചനം പാരമ്യത്തില്‍ നില്‍ക്കുന്ന ഒരു കാലത്താണ് ദാക്ഷായണി വേലായുധന്‍ എസ്.എസ്.എല്‍.സി പാസ്സായതും, ബിരുദം നേടിയതും, നിയമസഭാംഗമായതും ഭരണഘടനാ നിര്‍മ്മാണസഭയിലെ ഏക ദലിത് സ്ത്രീയായതും.

ഭരണ​ഘടനാ നിർമ്മാണ സഭയിൽ അം​ഗങ്ങളായിരുന്ന സ്ത്രീകളുടെ കൂട്ടത്തിൽ ​ദാക്ഷായണി വേലായുധൻ. കടപ്പാട്: feminisminindia

ചെറായി രാമദാസ് തയ്യാറാക്കിയ ‘കാലശാസനകള്‍ക്ക് കീഴടങ്ങാത്ത ദാക്ഷായണി വേലായുധന്‍’ എന്ന ഗ്രന്ഥം ദാക്ഷായണി വേലായുധന്റെ ജീവചരിത്രവും, കൊച്ചി നിയമസഭയിലും ഭരണഘടന നിര്‍മ്മാണസഭയിലും കോണ്‍സ്റ്റിറ്റ്യൂവന്റ് അംബ്ലിയിലും ലെജിസ്ലേറ്റീവ് അസംബ്ലിയിലും ദാക്ഷായണി വേലായുധന്‍ നടത്തിയ പ്രസംഗങ്ങളും ഉന്നയിച്ച ചോദ്യങ്ങളും അതിന് ലഭിച്ച ഉത്തരങ്ങളും ഉള്‍ക്കൊള്ളുന്നു. (ഭുവനേശ്വരി വല്ലാര്‍പാടമാണ് കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ലി- പ്രൊവിഷണല്‍ പാര്‍ലമെന്റ് ഇവയുടെ രേഖകള്‍ പുസ്തകത്തിനായി സമാഹരിച്ചത്). കൂടാതെ ആറ് ഇന്‍ഡെക്സുകളായി നിയമസഭകളിലെ പ്രാതിനിധ്യത്തിന്റെ ഔദ്യോഗിക രേഖകളും ചേര്‍ത്തിരിക്കുന്നു. പലരില്‍ നിന്നായി ശേഖരിച്ച ദാക്ഷായണി വേലായുധന്റെയും കൊച്ചി നഗരത്തിന്റെയും ചിത്രങ്ങള്‍ ഈ പുസ്തത്തിന്റെ ഭാഗമാണ്. ദേശാഭിമാനി പത്രത്തില്‍ പതിനാറര വര്‍ഷം മുന്‍പ് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തുടര്‍ച്ചയാണ് ഈ പുസ്തകവും അതിന് പിറകിലെ അന്വേഷണവും എന്ന് ആമുഖത്തില്‍ ഗ്രന്ഥകാരന്‍ എഴുതുന്നുണ്ട്. വാഴ്ത്തലുകള്‍ക്കും അതിശയോക്തികള്‍ക്കും അപ്പുറം ഒരാളുടെ ജീവിതപന്ഥാവിന്റെ, രാഷ്ട്രീയ ഇടപെടലിന്റെ രേഖയാവുന്നു ഈ പുസ്തകം. നാട്ടറിവുകളും ഔദ്യോഗിക രേഖകളും അടുത്തിടപഴകിയവരില്‍ നിന്നുള്ളവിവരങ്ങളും ചേര്‍ത്താണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.

പ്രധാനപ്പെട്ടൊരു ചോദ്യം പുസ്തകത്തിന്റെ ആമുഖത്തില്‍ ചെറായി രാമദാസ് ഉന്നയിക്കുന്നുണ്ട്. “രാജ്യത്തിലെ ഏറ്റവും ഉന്നതമായ രാഷ്ട്രീയാധികാര സഭയിൽ, ഭരണഘടനാ നിർമാണ സഭയിൽ അംഗമായിരുന്നിട്ടും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വെറുമൊരു സർക്കാർ ഉദ്യോഗസ്ഥയുടെ ജോലി സ്വീകരിക്കേണ്ടിവന്നതിന് പിന്നിലുള്ള നേതൃത്വ അവഗണനയെ വിശദീകരിക്കാൻ ആർക്ക് കഴിയും?” കോണ്‍ഗ്രസ് അവരുടെ രാഷ്ട്രീയലാഭത്തിനായുള്ള ഒരു സ്വീകരണം മാത്രമല്ലേ ദാക്ഷായണി വേലായുധന് നല്‍കിയത് എന്ന് വിമര്‍ശിച്ചാലും അതില്‍ തെറ്റില്ല. കാരണം അവരെയും അവരുടെ പ്രവര്‍ത്തനങ്ങളും ഓര്‍ത്തെടുക്കാനോ നിത്യസ്മൃതിയായി കൊണ്ടുനടക്കോനോ കോണ്‍ഗ്രസ്സിനും കഴിഞ്ഞിട്ടില്ല. ഈ അവഗണനയോടുള്ള പ്രതിഷേധം ജീവിതകാലത്ത് തന്നെ ദാക്ഷായണി വേലായുധന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ദലിത് ജനതയോട് കോണ്‍ഗ്രസ്സ് കാട്ടിയ അനീതിയും ഇരട്ടത്താപ്പും പഠനവിഷയമാക്കേണ്ടതും തുറന്നുകാട്ടപ്പെടേണ്ടതുമാണ്. ഹിന്ദുത്വരാഷ്ട്രത്തിലേക്കുള്ള പടവുകള്‍ ഓരോന്നായി രാജ്യം കയറുമ്പോള്‍ സംഘപരിവാരിന്റെ ബി ടീമായി ഹിന്ദുത്വ ആശയങ്ങളെ ദേഹത്ത് വാരിപൂശുന്ന ബ്രാഹ്മണ്യത്തോട് മമത കാട്ടുന്ന കോണ്‍ഗ്രസ് നല്‍കുന്ന രാഷ്‌ട്രീയസന്ദേശമെന്താണ്? ദലിത് ജനതയുടെ പ്രശ്നങ്ങളെ കൃത്യമായി അഭി സംബോധന ചെയ്ത് അടിസ്ഥാനകാര്യങ്ങളിലേക്ക് ശ്രദ്ധയൂന്നാതെ തങ്ങളുടെ രാഷ്ട്രീയലാഭത്തിനായി അവരെ ഒരു ജനതയെ ഉപയോഗിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ദാക്ഷായണി വേലായുധനോട് കാട്ടിയ അവഗണനയുടെ ചരിത്രവും നമ്മളോട് പറയുന്നത് മറ്റൊന്നല്ല.

കോണ്‍ഗ്രസ് പാര്‍ട്ടിയോടും അംബേദ്ക്കറിനോടും ഏറ്റുമുട്ടിയാണ് ദാക്ഷായണി ഭരണഘടന നിര്‍മ്മാണസഭയിലേക്ക് പ്രവേശിക്കുന്നത് എന്ന് ചെറായി രാമദാസ് പറയുന്നു. “കോണ്‍ഗ്രസിനെയും സി രാജഗോപാലചാരിയെയും ജാതി ഹിന്ദു മുതലാളിത്ത പാര്‍ട്ടി എന്ന് ദാക്ഷായണി വിമര്‍ശിക്കുന്നുണ്ട്. ഈ വിമര്‍ശനങ്ങളാല്‍ ഭരണഘടന നിര്‍മ്മാണസഭയിലേക്കുള്ള ദാക്ഷായണിയുടെ പ്രവേശനം തടയാന്‍ നിരവധി ശ്രമങ്ങള്‍ ഉണ്ടായി. “ഹൈക്കമാൻഡിന്റെ നോമിനിയായതിനാൽ ദാക്ഷായണിയ്ക്കെതിരായി അർജന്റ് ടെലിഗ്രം അയയ്ക്കാനാവശ്യപ്പെട്ട് വല്ലഭായ് പട്ടേലിന്റെയും നെഹ്റുവിന്റെയും പേർക്ക് കത്തുകൾ പൊയ്ക്കൊണ്ടിരുന്നു. അംബേദ്കർക്ക് ദാക്ഷായണി നൽകിയ പിന്തുണ എടുത്തു കാണിച്ച്, ദാക്ഷായണിയെ തിരഞ്ഞെടുക്കുന്നത് ദൈവത്തിന് മുന്നിൽ ഒരു പാപവും, കോൺഗ്രസിന് എക്കാലത്തേയ്ക്കും നാണക്കേടുമായിരിക്കുമെന്ന് ആ കത്തുകളിൽ ഓർമ്മിപ്പിച്ചു. അതേസമയം, ദാക്ഷായണിയ്ക്കെതിരായ ദലിത് പക്ഷ ആക്രമണം ചൂണ്ടിക്കാട്ടി, ദാക്ഷായണിയെ തിരഞ്ഞെടുക്കുന്നതുമൂലം അംബേദ് കർക്ക് കോൺഗ്രസിനെതിരായുപയോഗിക്കാൻ ഏറ്റവും ശക്തിയുള്ള ആയുധമാണു കിട്ടുന്നത് എന്നും പട്ടേലിനു മുന്നറിയിപ്പു നൽകപ്പെട്ടു.”(പേജ് 39)

ദാക്ഷായണി വേലായുധൻ കുടുംബത്തോടൊപ്പം. കടപ്പാട്: feminisminindia

സോഷ്യലിസത്തോട് അടുപ്പവും ആര്‍.എസ്.എസ് പോലുള്ള ഫാസിസ്റ്റ് സംഘനകളോട് എതിര്‍പ്പും പ്രകടിപ്പിച്ചു ദാക്ഷായണി വേലായുധന്‍. ഒരുപക്ഷെ പല നിലയില്‍ ദാക്ഷായണിയുടെ നിലപാടുകളില്‍ കോണ്‍ഗ്രസിനകത്തുണ്ടായ എതിര്‍പ്പും കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വസമീപനവും ദാക്ഷായണിയുടെ രാഷ്ട്രീയ ഭാവിയ്ക്ക് തുരങ്കം വച്ചു. ജാതിഹിന്ദുത്വത്തെയും ബ്രാഹ്മണ്യദാസ്യത്തെയും രൂക്ഷമായി വിമര്‍ശിച്ച ദാക്ഷായണിയുടെ അഭിപ്രായങ്ങള്‍ അമ്മു സ്വാമിനാഥനടക്കമുള്ളവര്‍ക്ക് പിന്നീട് ലഭിച്ച ഉയര്‍ന്ന പദവികള്‍  ദാക്ഷായണിക്ക് ലഭിക്കാതിരിക്കാന്‍ കാരണമായി. കോണ്‍ഗ്രസിനകത്തെ ജാതി മേധാവിത്വവും ബ്രാഹ്മണദാസ്യവും ദാക്ഷായണിയുടെ രാഷ്ട്രീയഭാവിയെ ഇല്ലാതാക്കി. “ദാക്ഷായണി വേലായുധൻ പിന്നീട് അവഗണിയ്ക്കപ്പെട്ടു എന്നതിന് വലിയ അർഥമാണുള്ളത്. നൂറ്റാണ്ടുകൾ നീണ്ട ജാതിവാഴ്ചയുടെ ഏറ്റവും ക്രൂരമായ മർദനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നവരിൽനിന്ന് ആദ്യമായി അഖിലേന്ത്യാ തലത്തിൽ ഉയർന്നുവന്ന പെണ്ണിന്റെ വിമതശബ്ദം അടിച്ചമർത്തുകയായിരുന്നു ഇവിടെ. ഇത്രയ്ക്ക് ധൈഷണിക ഔന്നത്യമുള്ള മറ്റൊരു ദലിത് പെൺശബ്ദം പിന്നീട് ഇന്നുവരെ ഇന്ത്യൻ പാർലമെന്റിൽ നിന്ന് ഉയർന്നിട്ടില്ല.” എന്ന് ചെറായി രാമദാസ് എഴുതുന്നു.

ദാക്ഷായണി വേലായുധന്റെ ജീവിതരേഖ പറഞ്ഞാണ് പുസ്തകം ആരംഭിക്കുന്നത്. മുളവുകാടില്‍ കല്ലച്ചംമുറി കുഞ്ഞന്റെയും എളങ്കുന്നപ്പുഴ തയ്യിത്തറ മാണിയുടെയും മകളായിട്ടാണ് ദാക്ഷായണി ജനിക്കുന്നത് (1912ല്‍). കായല്‍ സമരത്തിന്റെയും കൊച്ചി പുലയസഭയുടെയും ചരിത്രവുമായി പലമട്ടില്‍ ദാക്ഷായണി വേലായുധന്റെ ചരിത്രം ബന്ധപ്പെട്ടിരിക്കുന്നു. അച്ഛന്റെ മരണത്തിനുശേഷം ജീവിതവഴി ദുര്‍ഘടമായപ്പോള്‍ പുരകെട്ടി മേയല്‍ തുടങ്ങിയ ജോലികളിലേക്ക് ചെറുപ്പം മുതല്‍ തന്നെ ദാക്ഷായണി പ്രവേശിച്ചു. മുളവുകാട് സെന്റ് മേരീസ് എല്‍.പി.എസ് , ചാത്യാത്ത് എല്‍.എം.സി.ജി.എച്ച്.എസ്, എറണാകുളം മഹാരാജാസ്, മദ്രാസ് സെയ്ന്റ് ക്രിസ്റ്റഫര്‍സ് ട്രെയിനിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടി. അധ്യാപനവൃത്തിയിലേക്ക് പ്രവേശിച്ച ദാക്ഷായണി വേലായുധന് കടുത്ത എതിര്‍പ്പും അപമാനവും നേരിടേണ്ടി വന്നതായി ഗ്രന്ഥകാരന്‍ പറയുന്നു. പൊന്നുരുന്നി, മരട് എന്നിവടങ്ങളില്‍ ആ കാലത്ത് ജോലി ചെയ്തു.

ദാക്ഷായണി വേലായുധന്റെ വിവാഹം. കടപ്പാട്: feminisminindia

കെ.ആര്‍ നാരായണന്റെ ഇളയച്ഛനായ ഉഴവൂര്‍ സ്വദേശി വേലായുധന്‍ ദാക്ഷായണിയുടെ ജീവിതത്തിലേക്ക് പ്രവേശിച്ചു. വാര്‍ധയില്‍ ഗാന്ധിജിയുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ടാറ്റാ ഓയില്‍ മില്ലിലെ വെല്‍ഫെയര്‍ ഓഫീസറായിരുന്നു വേലായുധന്‍. അവിടെ നടന്ന തൊഴില്‍ സമരത്തെ അനുകൂലിച്ചതിനെ തുടർന്ന് വേലായുധൻ ജോലി രാജിവെച്ച് മദ്രാസിൽ പോയി കോമൺമാൻ എന്ന പത്രം തുടങ്ങി. ഈ വിവരങ്ങളെല്ലാം പലരുടെയും ഓർമ്മയിൽ നിന്ന് ശേഖരിച്ചാണ് ചെറായി രാമദാസ് പുസ്തകത്തിൽ രേഖപ്പെടുത്തുന്നത്. അതുപോലെ ‘ഗാന്ധി ഈറ’ പബ്ലിക്കേഷൻസിന്റെ ജനറൽ എഡിറ്ററും,മദ്രാസ് സിറ്റി ഡിപ്രെസെഡ് ക്ലാസസ്, ലീഗ് യൂത്ത് ഫൈനാർട്സ് ലീഗ് എന്നിവയുടെ പ്രസിഡന്റുമായിരുന്നു ദാക്ഷായണിയെന്നും ചെറായി രാമദാസ് പറയുന്നു.

1945ൽ കൊച്ചി നിയമസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട അംഗമായ ദാക്ഷായണി വേലായുധൻ ബജറ്റ് ചർച്ചയിൽ ഇടപെട്ട് നടത്തിയ പ്രസംഗം ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നുണ്ട്. ബജറ്റ് ചർച്ചകളിലെ ഓരോ കാര്യത്തെയും ഇഴപിരിച്ച് ചോദ്യം ചെയ്ത ദാക്ഷായണിയുടെ ചിന്താവൈഭവം അന്ന് ശ്രദ്ധ നേടി. അവർ ഭരണകൂടത്തെ വിമർശിച്ചു. അയിത്തത്തിനെതിരെയും ന്യൂനപക്ഷ സമുദായക്കാരോട് സർക്കാർ കാണിക്കുന്ന തൊഴിൽ വിഭജനത്തിനെതിരെയും വിമർശനങ്ങൾ ഉന്നയിച്ചു. ഇതിനുശേഷമാണ് ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1946 ൽ മദ്രാസ് പ്രവിശ്യയിൽ നിന്ന് കോൺഗ്രസിന്റെ ഭാഗമായി ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. വിവിധ സെഷനുകളിൽ സംസാരിച്ച അവർ അംബേദ്കറെയും നെഹ്റുവിനെയും ചോദ്യം ചെയ്തു. ബ്രിട്ടീഷുകാരുടെ പ്രവർത്തികളോടും കടുത്ത വിയോജിപ്പ് അറിയിച്ചു.

പാർലമെൻറ് വിട്ടശേഷമാണ് ദാക്ഷായണി എൽ.ഐ.സിയിൽ ഉദ്യോഗസ്ഥയായത് എന്നാണ് ചെറായി രാമദാസ് പറയുന്നത്. തിരുവനന്തപുരം പേട്ടയിൽ കഴിഞ്ഞിരുന്ന അവർ മൂന്നു കൊല്ലത്തെ സേവനത്തിന് ശേഷം ന്യൂഡൽഹിയിലേക്ക് സ്ഥലം മാറി. പിൽക്കാലത്ത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ തന്നെ അടൂർ സംവരണ മണ്ഡലത്തിൽ മത്സരിച്ചു. പക്ഷെ അതിൽ വിജയിക്കാൻ ആയില്ല. ഡൽഹിയിൽ വച്ച് 1978ല്‍ ദാക്ഷയണി വേലായുധൻ അന്തരിച്ചു. ദാക്ഷായണിയുടെ ചരമവാര്‍ത്ത പല പത്രങ്ങളും വൈകിയും തെറ്റായുമാണ് നല്‍കിയത് എന്ന് ചെറായി രാമാദാസ് രേഖാമൂലം പറയുന്നുണ്ട്.

ദാക്ഷായണി വേലായുധന്‍ ഉള്‍പ്പെടെ 49 പേരെ മദ്രാസ് നിയമസഭയില്‍ നിന്നാണ് ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അമ്മു സ്വാമിനാഥനും ജി ദുര്‍ഗ്ഗബായിയുമായിരുന്നു ലിസ്റ്റിലെ മറ്റു സ്ത്രീകള്‍. 1946 ഡിസംബര്‍ 9 ന് ഭരണഘടന നിര്‍മ്മാണസഭ ആരംഭിച്ചു. മദ്രാസില്‍ നിന്നുള്ള 19-ാം നമ്പര്‍കാരിയായി ദാക്ഷായണി വേലായുധന്‍ സാക്ഷ്യപത്രം ഹാജരാക്കി രജിസ്റ്ററില്‍ ഒപ്പുവെച്ചു. ഡോ ബി.ആര്‍ അംബേദ്ക്കര്‍, ജവഹര്‍ലാല്‍ നെഹ്റു, രാജേന്ദ്രപ്രസാദ്, മൗലാന അബ്ദുള്‍ കലാം ആസാദ് തുടങ്ങിയവർ രജിസ്റ്ററില്‍ അന്ന് ഒപ്പുവെച്ചവരാണ്. ഡിസംബര്‍ 12 ന് ഭരണഘടന അസംബ്ലിയിലെ ആദ്യ പ്രസംഗം ദാക്ഷായണി നടത്തി. രാജേന്ദ്രപ്രസാദ് അധ്യക്ഷനായിരുന്നു.

‘ദാക്ഷായണി ഭരണഘടന നിര്‍മ്മാണസഭയിലേക്ക്’ എന്ന ഭാഗത്ത് ചെറായി രാമദാസ് ഈ കാര്യങ്ങള്‍ വിവരിക്കുന്നു. നെഹ്റു അവതരിപ്പിച്ച പ്രമേയത്തിലുള്ള ചര്‍ച്ചയിലാണ് ദാക്ഷായണി വേലായുധന്‍ ആദ്യമായി സംസാരിക്കുന്നത്. ഗാന്ധിക്ക് അഭിവാദ്യം അര്‍പ്പിച്ച സംസാരം ആരംഭിച്ച അവര്‍ ഭരണഘടന ജനതയ്ക്ക് ഒരു പുതിയ ജീവിതചട്ടകൂട് നല്‍കുന്നു എന്ന് അഭിപ്രായപ്പെട്ടു. റിപബ്ലിക്ക് ഓഫ് ഇന്‍ഡ്യയില്‍ ദലിതര്‍ സുരക്ഷിതരായിരിക്കും എന്ന പ്രത്യാശ അവര്‍ പ്രകടിപ്പിക്കുന്നു. വിഘടനവാദത്തെയും വര്‍ഗ്ഗീതവാദത്തെയും എതിര്‍ക്കുന്ന ദാക്ഷായണി വര്‍ഗ്ഗീതയ ദേശീയതയെ ഇല്ലാതാക്കുമെന്ന് പറയുന്നു. ദലിതരായ മനുഷ്യര്‍ക്ക് ആവശ്യം ധാര്‍മ്മികപിന്തുണയാണ്, സുരക്ഷാ സംവിധാനങ്ങള്‍ അല്ല എന്നാണ് ദാക്ഷായണിയുടെ അഭിപ്രായം. ബ്രീട്ടീഷ് സര്‍ക്കാരിനെ രൂക്ഷമായി അവര്‍ വിമര്‍ശിക്കുന്നു. ദലിതരുടെ സാമൂഹിനില മെച്ചപ്പെടുത്താന്‍ ഒന്നും ചെയ്യാതെ വര്‍ഗ്ഗീയവാദികളെ സംരക്ഷിക്കുകയാണ് ബ്രീട്ടീഷ് സര്‍ക്കാര്‍ ചെയ്തത് എന്ന വിമര്‍ശനമാണ് ദാക്ഷായണി ഉന്നയിക്കുന്നത്. സ്വാതന്ത്ര്യവും തുല്യപദവിയും ദലിതര്‍ക്ക് ആവശ്യമാണ്. അത് ബ്രീട്ടീഷുകാരില്‍ നിന്ന് ലഭിക്കില്ല എന്നാണ് ദാക്ഷായണിയുടെ കാഴ്ച്ചപ്പാട്. കമ്മ്യൂണിസറ്റ്റുകളെ വിമര്‍ശിക്കുന്ന ദാക്ഷായണി ദലിതരെ ചൂഷണം ചെയ്യുന്നവര്‍ എന്നാണ് കമ്മ്യൂണിസ്റ്റുകളെ വിളിക്കുന്നത്. കോണ്‍ഗ്രസ് ഉണ്ടാക്കിയ തെറ്റിദ്ധാരണയില്‍ നിന്നാണ് ദാക്ഷായണി വേലായുധന്‍ അന്ന് കമ്മ്യൂണിസ്റ്റുകാരെ വിമര്‍ശിച്ചത് എന്നാണ് ഇന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. കോണ്‍ഗ്രസ് പിന്നീട് എങ്ങനെയാണ് ഇന്ത്യയിലെ ദലിത് ജനതയെ പരിഗണിച്ചത് എന്ന ചരിത്രം നമ്മുടെ മുന്നിലുണ്ടല്ലോ. ദീര്‍ഘകാലത്തെ ഭരണത്തിന് കാര്യമായ ചലനമൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ദലിത് ജനതയുടെ പ്രാതിധിധ്യം, മനുഷ്യകടത്തും അടിമപ്പണിയും നിരോധിക്കല്‍, കേന്ദ്രഭരണപ്രദേശങ്ങള്‍ വേണ്ട, പൊതുതിരഞ്ഞെടുപ്പിലൂടെ അംഗീകരിക്കുന്ന ഭരണഘടന തുടങ്ങിയ അഭിപ്രായങ്ങള്‍ ചര്‍ച്ചയ്ക്കിടെ ദാക്ഷായണി പറഞ്ഞതായി ഓദ്യോഗിക രേഖകള്‍ ആധാരമാക്കി ഗ്രന്ഥകാരന്‍ പറയുന്നു. അയിത്തം നിയമവിരുദ്ധമാക്കണം എന്ന ശക്തമായ ആവശ്യം സഭയില്‍ ദാക്ഷായണി ഉന്നയിക്കുന്നു. “സർ, അയിത്തവുമായി ബന്ധപ്പെട്ട ഒരു വ്യവസ്ഥയില്ലാതെ നമുക്ക് ഒരു ഭരണഘടന പ്രതീക്ഷിക്കാൻ കഴിയില്ല. കാരണം, ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാൻ തന്നെ അയിത്ത വിഭാഗത്തിൽ പെട്ട ആളാണ്. പിന്നിട്ടുള്ള കാലഘട്ടത്തിൽ, മഹാത്മാഗാന്ധി എന്ന വ്യക്തിയിൽ നമ്മൾ ഒരു നായകനെ കണ്ടെത്തി. അദ്ദേഹം രാജ്യത്തിന് മുന്നിൽ വച്ച ക്രിയാത്മക പരിപാടികളിൽ ഒന്ന് തൊട്ടുകൂടായ്മ നിർമാർജനം ചെയ്യുക എന്നതായിരുന്നു. ഞാൻ കോളെജ് വിദ്യാർഥിനിയായിരിക്കുമ്പോൾ, അയിത്ത നിർമ്മാർജനത്തിനുള്ള ഫണ്ടിലേക്ക് സംഭാവനയായി എന്റെ സഹപാഠികളിൽ ഒരാൾ എന്നെ സമീപിച്ചു. എന്റെ മറുപടി ഇങ്ങനെ ആയിരുന്നു; ‘ഇതിന്റെ വാദികൾ നിങ്ങളാണ്. അതുകൊണ്ട് പണം സ്വരൂപിക്കേണ്ടത് നിങ്ങൾ തന്നെയാണ്, എന്നോട് നിങ്ങൾ ഈ ആവശ്യത്തിന് പണം ചോദിക്കുന്നത് ശരിയല്ല.’ വളരെ ചെറുപ്പം മുതലേ തൊട്ടുകൂടായ്മയെക്കുറിച്ചുള്ള ചിന്ത എന്നെ അലട്ടിയിരുന്നു. സ്കൂളുകൾ പോലെയുള്ള പൊതു ഇടങ്ങളിൽ പോലും ചായസത്കാരമോ അത്തരം മറ്റ് പരിപാടികളോ നടക്കുമ്പോൾ തൊട്ടുകൂടായ്മ ആചരിച്ചിരുന്നു. ആ സമയങ്ങളിൽ ഞാൻ ചെയ്തിരുന്നത് ആ ചടങ്ങുകളോട് സഹകരിക്കാതെയിരിക്കുക എന്നതാണ്.” തന്റെ ജീവിതാനുഭവങ്ങളില്‍ നിന്നാശയങ്ങളെടുത്താണ് ദാക്ഷായണി സംസാരിച്ചത്. അയിത്തം മൂലം അന്താരാഷ്ട്രതലത്തില്‍ രാജ്യം ലജ്ജിച്ച് തലതാഴ്ത്തേണ്ടി വരും എന്ന് ദാക്ഷായണി വിമര്‍ശിക്കുന്നു. അയിത്തം നിയമവിരുദ്ധമാക്കണം എന്ന ആവശ്യം പിന്നീട് ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുകയും അത് ഭരണഘടനയുടെ പ്രധാനഭാഗമായി മാറുകയും ചെയ്തു.

കാല ശാസനകള്‍ക്ക് കീഴടങ്ങാത്ത ദാക്ഷായണി വേലായുധന്‍, ബുക്ക് കവർ

കൊച്ചി നിയമസഭ, കോണ്‍സ്റ്റിറ്റ്യൂവന്റ് ലെജിസ്ലേറ്റീവ് അസംബ്ലി, പ്രൊവിഷണല്‍ പാര്‍ലിമെന്റ് എന്നിവിടങ്ങളില്‍ നടത്തിയ പ്രസംഗങ്ങളും ഉന്നയിച്ച ചോദ്യങ്ങളും അതിന് ലഭിച്ച മറുപടികളും ഈ പുസ്തകത്തിന്റെ ഭാഗമാണ്. 1945 ജൂണ്‍ 29 ന് കൊച്ചി നിയമസഭയില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ദാക്ഷായണി വേലായുധന്‍ 1945 ജൂലൈ 31 നാണ് ആദ്യ ചോദ്യമുന്നയിക്കുന്നത്. സാനിറ്ററി ഇന്‍പെക്ടര്‍മാരെക്കുറിച്ചും വാക്സിനേറ്റേഴ്സിനെക്കുറിച്ചും പൊതുജനാരോഗ്യമേഖലയില്‍ നിന്നുള്ള ചോദ്യമായിരുന്നു അത്. സഹോദരന്‍ അയ്യപ്പനും പനമ്പിള്ളി ഗോവിന്ദമേനോനും കെ.കെ കണ്ണനും എല്‍.എം പൈലിയും ആ നിയമസഭയിലെ അംഗങ്ങളായിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള ലേബര്‍ ഫോഴ്സുകളിലെ അധഃസ്ഥിത വിഭാഗങ്ങള്‍, ന്യായവില ഷോപ്പിലെ മാനേജര്‍മാര്‍ – അധഃസ്ഥിത സമുദായങ്ങളില്‍ നിന്നുള്ളവര്‍, സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന ന്യായവില ഷോപ്പുകള്‍, അധഃസ്ഥിത വിഭാഗങ്ങളില്‍ നിന്നുള്ള ഫീല്‍ഡ് ഓഫീസര്‍മാര്‍, ഭക്ഷ്യവകുപ്പിലെ പുലയരുടെ പ്രാതിനിധ്യം, പുതുവല്‍ ഭൂമി ദലിത് വിഭാഗത്തിന് കൃത്യമായി നല്‍കുന്നതുമായി ബന്ധപ്പെട്ട്, വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ്, പഞ്ചായത്ത് കമ്മിറ്റികളിലെ ദലിത് ജനതയുടെ പ്രാതിനിധ്യം, കോളനി വാര്‍ഡന്‍മാരുടെ മോശം പെരുമാറ്റം, കോളനിയിലെ വീടുകള്‍ ഓല മേയുന്ന വിഷയം, അധഃസ്ഥിതി സഹകരണ സംഘങ്ങളുടെ മോശം അവസ്ഥ, വ്യവസായ വിദ്യാലയങ്ങളില്‍ അധഃസ്ഥിത വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം, വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍, ദലിത് വിഭാഗത്തില്‍ നിന്നുള്ള അധ്യാപകര്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ദാക്ഷായണി വേലായുധന്‍ ഇടപെട്ട് സംസാരിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്ത്.

അയിത്തോച്ചാടനത്തെ സംബന്ധിച്ച തന്റെ കാഴ്ച്ചപ്പാടുകള്‍ പലപ്പോഴായി അവര്‍ അവതരിപ്പിച്ചു. കൊച്ചിയിലെ ഹോട്ടലുകളില്‍ ദലിത് ജനതയ്ക്ക് പ്രവേശനം നിഷേധിക്കുവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ സഭയോട് ദാക്ഷായണി പറയുന്നുണ്ട്. എല്ലാ ദലിത് വിദ്യാര്‍ത്ഥികള്‍ക്കും ഹോസ്റ്റല്‍ പ്രവേശനം അനുവദിക്കാനും അനുവദിച്ചവരുടെ കണക്കുവിവരം ലഭ്യമാക്കാനും ദാക്ഷായണി ആവശ്യപ്പെടുന്നു. മഹാരാജാസ് കോളേജില്‍ ചില ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട ഉണ്ടായ ചര്‍ച്ചയില്‍ ദാക്ഷായണി പറയുന്നു. “ഒരു വ്യക്തിക്ക് പ്രവേശനം നിഷേധിക്കുന്നതിലൂടെ സർക്കാർ ആ വ്യക്തിയോടുമാത്രമല്ല, ആ വ്യക്തി ഉൾപ്പെടുന്ന സമുദായത്തോടും അനീതിയാണ് ചെയ്യുന്നത്.” “തൊട്ടുകൂടാത്തവരുടെ പല അവശതകളും നീക്കാനുള്ള ഒറ്റമൂലിയാണ് വിദ്യാഭ്യാസം” എന്ന് മദ്രാസിലെ പ്രസിദ്ധ അഭിഭാഷകനായ സർ അല്ലാടി കൃഷ്ണസ്വാമി അയ്യർ നിരീക്ഷിക്കുന്നുണ്ട്. അത് അദ്ദേഹത്തിന്റെ മാത്രം വ്യക്തിപരമായ അഭിപ്രായം മാത്രമല്ല. വിദ്യാസമ്പന്നരായ, ബുദ്ധിയുള്ള എല്ലാ മനുഷ്യരുടെയും അഭിപ്രായമാണ്. ഞാൻ അദ്ദേഹത്തിന്റെ ഉപദേശം തേടിയപ്പോൾ, ഭാവിയിലെ സ്വതന്ത്ര ഇൻഡ്യയിൽ അധഃസ്ഥിത വിഭാഗങ്ങൾക്ക് എന്തെങ്കിലും സംരക്ഷണം ആവശ്യമാണെങ്കിൽ, അധഃസ്ഥിത വിഭാഗങ്ങൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനായി ഭരണഘട ഘടനാ അസംബ്ലിയിൽ വാദിക്കണം എന്നാണ് അദ്ദേഹം ഉപദേശിച്ചത്.” (പേജ് 110).

ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭ. കടപ്പാട്:വിക്കിപീഡിയ

അറിവിലൂടെയുള്ള വിമോചനത്തെയാണ് തന്റെ സഭാപ്രസംഗങ്ങളില്‍ ഉയര്‍ത്തിപ്പിടിച്ചത്. സകലവിധ സാമൂഹിക അവശതകള്‍ക്കുമുള്ള കാരണമായി ദാക്ഷായണി അയിത്തത്തെ കണ്ടു. ജനസാമാന്യത്തോട് ചെയ്യുന്ന വലിയ അനീതിയാണെന്നും അതില്ലാതാക്കാനുള്ള ബാധ്യത ഗവണ്‍മെന്റിനുണ്ടെന്നും ദാക്ഷായണി പറയുന്നു. ക്ഷേത്രപ്രവേശന വിളംബരം നടന്ന തിരുവിതാംകൂറിനെ ദാക്ഷായണി എടുത്തുകാട്ടുന്നു. ഡിപ്രെസ്ഡ് ക്ലാസുകള്‍ എന്ന പേരിന് പകരം ഷെഡ്യൂള്‍ഡ് കാസ്റ്റസ് എന്നാക്കണമെന്ന ചര്‍ച്ചയില്‍ “അയിത്തം നിലനില്‍ക്കുവോളം ‘ഹരിജന്‍’ എന്ന പേര്, ഒരു പട്ടിയെ ‘നെപ്പോളിയന്‍’ എന്നോ ‘ഹിറ്റ്ലര്‍ ‘ എന്നോ വിളിക്കുന്നതു പോലെയാണ്” എന്ന് ശക്തമായ അഭിപ്രായമാണ് ദാക്ഷായണി ഉന്നയിക്കുന്നത്. ജാതിവ്യവസ്ഥയെയും അയിത്തത്തെയും വിമോചനത്തെയും സംബന്ധിച്ച വ്യക്തമായ ധാരണയും ബോധ്യവും ദാക്ഷായണി വേലായുധനുണ്ടായിരുന്നു.

പ്രൊവിഷണല്‍ പാര്‍ലിമെന്റില്‍ 1950 ജനുവരി 28 ശനി മുതല്‍ 1952 മാർച്ച് 4 ചൊവ്വ വരെ ദാക്ഷായണി വേലായുധന്‍ നടത്തിയ പ്രസംഗങ്ങളും ഉന്നയിച്ച ചോദ്യങ്ങളും പാര്‍ലിമെന്റ് രേഖകളില്‍ നിന്നെടുത്ത് തര്‍ജ്ജമ ചെയ്ത് ഗ്രന്ഥകാരന്‍ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. താന്‍ പ്രതിനിധാനം ചെയ്യുന്ന ജനതയ്ക്കും നാടിനും വേണ്ടിയാണ് ദാക്ഷായണി വേലായുധന്‍ സഭയില്‍ സംസാരിച്ചത്. അവര്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ മിക്കതും അടിസ്ഥാനജനതയുടെ ദൈനംദിനപ്രശ്നങ്ങളെ അവലംബിച്ചിട്ടുള്ളതായിരുന്നു. തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുറയ്ക്കേണ്ട ആവശ്യത്തെക്കുറിച്ച് 1952 -53 പൊതുബജറ്റിന്റെ ചര്‍ച്ചയില്‍ ദാക്ഷായണി വേലായുനന്‍ സംസാരിക്കുന്നുണ്ട്. ദാക്ഷായണിയുടെ പാര്‍ലിമെന്റിലെ അവസാന പ്രസംഗമായിരുന്നു അത്. ആ കാര്യം ഉന്നയിക്കുന്ന ചോദ്യത്തിനിടെ അവര്‍ സൂചിപ്പിക്കുന്നുണ്ട്. തേങ്ങയും വെളിച്ചെണ്ണയും എല്ലാ മനുഷ്യര്‍ക്കും വാങ്ങാന്‍ സാധിക്കുന്ന വിധം വില കുറയണം എന്നാണ് ദാക്ഷായണി പറയുന്നത്. “കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ” എന്ന അടിസ്ഥാന താത്പര്യത്തിലാണ് അവര്‍ സഭയില്‍ പ്രസംഗിച്ചത്. വെളിച്ചെണ്ണയുടെ ദൈനംദിന ഉപയോഗങ്ങള്‍ എണ്ണി പറഞ്ഞാണ് തന്റെ വാദത്തെ അവര്‍ സാധൂകരിക്കുന്നത്. ചരക്ക് ഗതാഗതം സുഗമമാക്കാന്‍ നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാത പുനരുദ്ധരിക്കണം എന്ന് റെയില്‍വേ ബജറ്റില്‍ ദാക്ഷായണി ആവശ്യപ്പെടുന്നു. കുടിയിറക്കപ്പെട്ട മനുഷ്യരുടെ പുനരധിവാസം, പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിദേശപഠനം, കേന്ദ്രഭരണ പ്രദേശങ്ങളിലെ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ്, കാലവര്‍ഷത്തില്‍ കടമുറികള്‍ തകര്‍ന്നത്, റെയില്‍വേ ബോര്‍ഡ് ഒഴിവാക്കുക, കുട്ടികളുടെ സൗജന്യയാത്രയുടെ പ്രായം കൂട്ടുക തുടങ്ങിയ ആവശ്യങ്ങളില്‍ പ്രധാനമായും സഭയില്‍ സംസാരിച്ചത്. ചില ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ലഭിച്ചു. ചില ചോദ്യങ്ങളുടെ ഉത്തരം സഭാംഗങ്ങളുടെ മുന്നിലെ രേഖകളില്‍ ഉണ്ടെന്ന മറുപടിയാണ് ലഭിച്ചത്. വിവിധ പ്രശ്നങ്ങളിലേക്ക് സഭയുടെ ശ്രദ്ധ ക്ഷണിക്കാനും ഒരു രാജ്യത്തിന്റെ ആരംഭഘട്ടത്തിലെ ആശങ്കകള്‍ പങ്കുവെക്കാനും ദാക്ഷായണിക്ക് സഭയില്‍ സാധിച്ചു.

ചെറായി രാമദാസിന്റെ ലേഖനം ദേശാഭിമാനി പ്രസിദ്ധീകരിച്ച് (2006 ) പന്ത്രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് ദാക്ഷായണി വേലായുധനെ ആദരിച്ചുകൊണ്ട് സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ സംഭാവന നൽകിയ സ്ത്രീകൾക്ക് നൽകുന്ന ‘ദാക്ഷായണി വേലായുധൻ അവാർഡ്’ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. രണ്ടു കോടി രൂപയാണ് അവാർഡിനായി ബജറ്റിൽ വകയിരുത്തിയത്. 2019 ജനുവരി 31 ന് നിയമസഭയിൽ ‘കേരള ബജറ്റ് 2019’ അവതരണ വേളയിൽ കേരള ധനമന്ത്രി ഡോ. തോമസ് ഐസക്ക് ഇത് പ്രഖ്യാപിച്ചു. വല്ലാര്‍പാടം-പനമ്പുകാട് ദ്വീപിലെ പട്ടികജാതി വനിത വ്യവസായ കേന്ദ്രത്തിന്റെ ആസ്ഥാനത്തിന് ‘ദാക്ഷായണി വേലായുധന്‍ സ്മാരക മന്ദിരം’ എന്ന് പേരിടാന്‍ 2019 ല്‍ മുളവുകാട് ഗ്രാമപഞ്ചായത്ത് ഭരണാസമിതി തീരുമാനിച്ചു.

ചെറായി രാംദാസ്

കാലടി സംസ്കൃത സര്‍വകലാശാലയില്‍ ‘ദാക്ഷായണി വേലായുധന്‍ സെന്റര്‍ ഫോര്‍ വിമെന്‍സ് സ്റ്റഡീസ്’ രാധിക വെമുല ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ അക്കാദമിക രംഗം ദാക്ഷായണി വേലായുധനെ ആദരിച്ച സന്ദര്‍ഭമായിരുന്നു അത്. ദീര്‍ഘകാലത്തിനുശേഷം ഒരാളുടെ ഓര്‍മ്മ സമൂഹമനസ്സില്‍ സജീവമായ ദിനങ്ങളായിരുന്നു അത്. അതുവരെ സവിശേഷമായി ഓര്‍മ്മിക്കാത്ത ഒരു വ്യക്തിക്കുള്ള ആദരവായിരുന്നു ഈ ഓര്‍മ്മ. നൂറ്റിപതിനൊന്നാം ജന്മദിനത്തിന്റെ വേളയില്‍ ജാതികോയ്മയോടും പുരുഷാധികാരത്തോടും സാമൂഹിക വിവേചനത്തോടും ഒരുപോലെ പടപൊരുതിയ ദാക്ഷായണി വേലായുധന്റെ കര്‍മ്മനിരതമായ ജീവിതത്തിന്റെ ഓര്‍മ്മകളിലേക്ക് നാം കടന്നുചെല്ലുന്നു. ഭരണഘടന അപകടാവസ്ഥയില്‍ എത്തിയ വര്‍ത്തമാനകാല ഇന്ത്യയില്‍, ഭരണഘടനാ മൂല്യങ്ങള്‍ക്ക് പരിഗണന നഷ്ടമാവുകയും ബ്രാഹ്മണ്യം കല്പിച്ചുകൊടുത്ത സെങ്കോലിലേക്ക് ഭരണകൂടം ചുവടുമാറി ചവിട്ടുകയും ചെയ്ത സാഹചര്യത്തില്‍ ദാക്ഷായണി വേലായുധന്‍ എന്ന ഭരണഘടന നിര്‍മ്മാണ സഭാംഗത്തിന്റെ, നിരവധി ചോദ്യങ്ങളുയര്‍ത്തിയ ധീരയായ വ്യക്തിത്വത്തിന്റെ, കര്‍മ്മോന്മുഖമായ ജീവിതത്തിന്റെ ഓര്‍മ്മ വളരെ പ്രസക്തമാണ്. പ്രണത പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ ‘കാല ശാസനകള്‍ക്ക് കീഴടങ്ങാത്ത ദാക്ഷായണി വേലായുധന്‍ – Unsung Life of the only Dalit women in constituent Assembly’ എന്ന പുസ്തകത്തിൽ ഷാനാവസ് എം.എ കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read