Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
കേരളത്തിലെ ദലിത് സാഹിത്യം വിപുലമാക്കിയ ചരിത്രകാരനായിരുന്നു ദലിത് ബന്ധു എന്ന് വിശേഷിപ്പിക്കുന്ന എന്‍.കെ ജോസ്. അദ്ദേഹത്തിന്റെ പഠനങ്ങളെല്ലാം കീഴാള ചരിത്രം (Subaltern history) അല്ലെങ്കില്‍ തദ്ദേശീയ ചരിത്രം (indigenous history) എന്ന തലത്തിലാണ് അറിയപ്പെടുന്നത്. തമസ്‌കരിക്കപ്പെട്ട ചരിത്രത്തെ വെളിച്ചത്ത് കൊണ്ടുവന്നു എന്ന സവിശേഷതയാണ് അദ്ദേഹത്തിനുള്ളത്. മേല്‍ക്കോയ്മാ പക്ഷക്കാര്‍ നല്‍കുന്ന ചരിത്ര വ്യാഖ്യാനങ്ങളില്‍ നിന്നും വ്യത്യസ്തമായി അധസ്ഥിത പക്ഷത്ത് നിന്നും വിഷയങ്ങളെ അവതരിപ്പിക്കുന്ന രീതിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. വിജയിച്ചവന്റെ മാത്രമല്ല പരാജയപ്പെട്ടവന്റേതുകൂടിയാണ് ചരിത്രം എന്നാണ് ജോസ് പറഞ്ഞത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സാഹിത്യങ്ങള്‍ ദലിത് സാഹിത്യം എന്ന നിലക്കാണ് അറിയപ്പെടുന്നത്. ജോസ് രചിച്ച 141 കൃതികളില്‍ 93 എണ്ണവും ദലിത് സാഹിത്യമായിരുന്നു. 28 എണ്ണം നസ്രാണീ സാഹിത്യങ്ങളായിരുന്നു. 23-ാമത്തെ വയസിലാണ് ജോസ് തന്റെ ആദ്യ കൃതിയായ ‘മുതലാളിത്തം ഇന്ത്യയില്‍’ പുറത്തിറക്കിയത്. ‘ആരാണ് ഇന്ത്യന്‍ മുസ്ലിങ്ങള്‍’ എന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാന കൃതി. ദലിത് സാഹിത്യത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് 1990ല്‍ ദലിത് സംഘടനകളുടെ ഏകോപന സമിതി എന്‍.കെ ജോസിന് ‘ദലിത് ബന്ധു’ എന്ന പദവി നല്‍കി ആദരിച്ചത്. അതിനുശേഷം ജോസ് തന്റെ രചനകളില്‍ ദലിത് ബന്ധു എന്ന തൂലികാനാമം ഉപയോഗിച്ചു തുടങ്ങി. ദലിത് സാഹിത്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ് യാദൃശ്ചികമായിരുന്നു. അതിനുമുമ്പ് തികഞ്ഞ കത്തോലിക്കാ വിശ്വാസിയും ഗാന്ധിയന്‍ ആദര്‍ശങ്ങളോടും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളോടും മമതയുണ്ടായിരുന്ന ആദര്‍ശവാനായിരുന്നു അദ്ദേഹം. ജോസിന്റെ രാഷ്ട്രീയ നിലപാടുകള്‍ വിവിധ കാലങ്ങളിലായി പരിണമിച്ചതായി കാണാന്‍ സാധിക്കും. അവസാന കാലത്ത് താന്‍ ഒരു മതത്തിലും ദൈവത്തിലും വിശ്വസിക്കുന്നില്ലെന്ന് തുറന്ന് പറയുകയും ചെയ്തു. ‘ഒരു ക്രൈസ്തവനായി ജനിച്ച ഞാന്‍ ഒരു മനുഷ്യനായി മരിക്കാന്‍ ആഗ്രഹിക്കുന്നു’വെന്നാണ് ജോസ് തന്റെ ആത്മകഥയുടെ ആമുഖത്തില്‍ പറഞ്ഞത്. വിശ്വാസിയല്ലാത്ത തനിക്ക് പള്ളി ഖബറില്‍ ഇടമുണ്ടാവില്ലെന്ന് കരുതി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു നടപടി അദ്ദേഹം തന്റെ ജീവിതത്തില്‍ സ്വീകരിച്ചിരുന്നു. തന്റെ വീട്ടുമുറ്റത്ത് തന്നെ ഒരു ശവകല്ലറ ഒരുക്കുകയും അതില്‍ അടക്കം ചെയ്യാന്‍ ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കല്ലറയില്‍ കൊത്തി വച്ചിരിക്കുന്ന വാക്കുകള്‍ ഇങ്ങനെയാണ്: ‘നീ എത്ര നേടിയാലും ഒടുവില്‍ എത്തുന്നത് ഇവിടെയായിരിക്കും.’
ദലിത് ബന്ധുവിന്റെ ഇക്കാലമത്രെയുമുള്ള സേവനങ്ങളും സംഭാവനകളും പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന് കിട്ടിയ അംഗീകാരം തുലോം തുച്ഛമാണ്. പക്ഷേ, അദ്ദേഹം തിരസ്‌കൃതനാക്കപ്പെടാനുള്ള മര്‍മ്മപ്രധാനമായ കാരണം സ്വാഭാവികമായും അദ്ദേഹത്തിന്റെ സംഭാവനകള്‍ തന്നെയാണെന്നതാണ് അതിന്റെ വൈരുധ്യം. അതായത്, പൊതുബോധത്തിന്റെയും മേല്‍ക്കോയ്മാ വാദത്തിന്റെയും കടക്കല്‍ വാൾ വയ്ക്കുന്ന പരിപാടിയായിരുന്നു അദ്ദേഹം നടത്തിയത്. ‘അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടാണല്ലോ എന്റെ ചരിത്രമെഴുത്ത്’ എന്ന് ജോസ് തന്നെ പറഞ്ഞിരുന്നു. വൈകിയാണെങ്കിലും 2020ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. ഡിഎച്ച്ആര്‍എം, എസ്ഡിപിഐ തുടങ്ങിയ ദലിത് പിന്നോക്ക സംഘടനകളും കൂട്ടായ്മകളും അദ്ദേഹത്തിന് പലകാലങ്ങളിലായി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന് കിട്ടിയ സര്‍വ്വ അംഗീകാരങ്ങളും അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്ന കാഴ്ച്ചപ്പെട്ടകത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളതായി കാണാം.
അംബിക മാര്‍ക്കറ്റിൽ ജീവിച്ചിരുന്ന ആ മനുഷ്യന്റെ കഥ
1929 ഫെബ്രുവരി രണ്ടിന് വൈക്കത്ത് വെച്ചൂര്‍ ഗ്രാമത്തില്‍ കുര്യന്റെയും മറിയാമ്മയുടെയും മൂത്ത മകനായി ജനിച്ചു. ജോസ് ജനിച്ച ദിനം തദ്ദേശീയ ചരിത്രദിനമായി ദലിത് സംഘടനകള്‍ ആചരിക്കുന്നുണ്ട്. ജോസിന് അഞ്ച് ഉടപ്പിറപ്പുകള്‍ ഉണ്ട്. അംബിക മാര്‍ക്കറ്റിലെ ‘നമശിവായം’ എന്നാണ് അദ്ദേഹത്തിന്റെ കുടുംബ പേര്. വെച്ചൂരിലെ തന്റെ ആ പ്രദേശത്തിന് അംബിക മാര്‍ക്കറ്റ് എന്ന പേര് നാമകരണം ചെയ്തത് എന്‍.കെ ജോസ് ആണ്. ‘ഇവിടെ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു ആ മനുഷ്യന്റെ കഥ’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയില്‍ അതിനെക്കുറിച്ച് എല്ലാം വിശദമായിട്ട് പ്രതിപാദിച്ചിട്ടുണ്ട്. വെച്ചൂര്‍ ദേവിവിലാസം സ്‌കൂള്‍, ഉല്ലല എന്‍എസ്എസ് സ്‌കൂള്‍, ചേര്‍ത്തല ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. ശേഷം എസ്.എച്ച് തേവരയിലും എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിലും ഉപരി വിദ്യാഭ്യാസം നേടി. ആ കാലങ്ങളിലെല്ലാം താനൊരു തികഞ്ഞ കത്തോലിക്കാ വിശ്വാസിയാണെന്നായിരുന്നു ജോസ് പറയുന്നത്. പഠിക്കുന്ന കാലയളവില്‍ ധാരാളമായി വായിക്കുന്ന പ്രകൃതമായിരുന്നു. ഒരുപാട് പ്രതിസന്ധികള്‍ അഭിമുഖീകരിച്ചാണ് ജോസ് തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വിദ്യാഭ്യാസ കാലയളവില്‍ സജീവ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലും ജോസ് ഇടപെട്ടിരുന്നു. ഇക്കാലയളവില്‍ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിനോട് പ്രത്യേക താല്പര്യം തോന്നി. സോഷ്യലിസ്റ്റ് നേതാക്കളുമായി സമ്പര്‍ക്കവും ഉണ്ടായിരുന്നു. എന്തുകൊണ്ട് സോഷ്യലിസം (why socialism) എന്ന ജയപ്രകാശ് നാരായണന്റെ കൃതി ജോസ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഇക്കാലത്തിലാണ്. ആല്‍ബര്‍ട്ട്‌സിലെ പഠനത്തിനുശേഷം ഒരു പത്രത്തില്‍ കണ്ട പരസ്യമായിരുന്നു വാര്‍ദ്ധയിലെ സേവാഗ്രാമിൽ ഗാന്ധിസത്തെക്കുറിച്ചുള്ള പഠനത്തിലേക്ക് എത്തിച്ചത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കന്മാര്‍ തന്നെയായിരുന്നു അന്ന് ഗാന്ധിയന്‍ വക്താക്കള്‍. അവിടെവച്ച് ജയപ്രകാശ് നാരായണനുമായി ജോസ് കൂടുതല്‍ അടുത്തു. യൂറോപ്പ്യന്‍ സോഷ്യലിസത്തില്‍ ഗാന്ധിയന്‍ ആദര്‍ശം ഉള്‍പ്പെടുത്തുമ്പോഴാണ് ഇന്ത്യന്‍ സോഷ്യലിസം രൂപം കൊള്ളുന്നതെന്ന് ജോസ് നിര്‍വചിച്ചു.
സോഷ്യലിസത്തിൽ നിന്നും കത്തോലിക്കാ കോൺഗ്രസിലേക്ക്
ഉത്തരേന്ത്യയിലെ പഠനത്തിനും പരിശീലനത്തിനും ശേഷം ജോസ് സജീവ രാഷ്ട്രീയത്തിന്റെ ഭാഗമായി. 1953-55 വര്‍ഷങ്ങളില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയായി മാറി. അതുവരെയും കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് സോഷ്യലിസ്റ്റ് ധാര എന്ന നിലക്കാണ് സോഷ്യലിസ്റ്റ് പ്രസ്ഥാനം പ്രവര്‍ത്തിച്ചതെങ്കിലും പിന്നീട് കോണ്‍ഗ്രസില്‍ നിന്നും അടര്‍ന്നുപോയി സ്വതന്ത്ര പ്രസ്ഥാനമായി സോഷ്യലിസ്റ്റ് പാര്‍ട്ടി മാറി. 1952ലെ തെരഞ്ഞെടുപ്പില്‍ സംഭവിച്ച തോല്‍വിയെ കുറിച്ച് അവലോകനം ചെയ്യാന്‍ മധ്യപ്രദേശിലെ ബേത്തൂളില്‍ വിളിച്ചുകൂട്ടിയ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കണ്‍വെന്‍ഷനില്‍ ജോസും പങ്കെടുത്തിരുന്നു. റാം മനോഹര്‍ ലോഹ്യയും ആ കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തനത്തിനായി വിവാഹം കഴിക്കാത്ത 10 പ്രവര്‍ത്തകര്‍ വീതം ഓരോ സംസ്ഥാനത്ത് നിന്നും ഉണ്ടാവേണ്ടതുണ്ടെന്ന് ലോഹ്യ വിവരിച്ചപ്പോള്‍ അത് ഏറ്റെടുത്തവരില്‍ ജോസും ഉള്‍പ്പെട്ടിരുന്നു. ആചാര്യ കൃപലാനിയുടെ കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി ജയപ്രകാശ് നാരായണന്റെ ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ലയിച്ച് ഒന്നാകാന്‍ തീരുമാനിച്ചത് 1952 ലെ തെരഞ്ഞെടുപ്പിന് ശേഷമാണ്. അങ്ങനെയാണ് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടത്. പിന്നീട് കേരളത്തിലെത്തിയ ജോസ് ആ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായി. കേരളത്തില്‍ പട്ടം താണുപിള്ള പാര്‍ട്ടി ചെയര്‍മാനാകുകയും തിരുകൊച്ചി മുഖ്യമന്ത്രിയാവുകയും ഉണ്ടായി. 1955ലെ മാര്‍ത്താണ്ഡത്തെ ഉപതെരഞ്ഞെടുപ്പും തുടര്‍ന്നുണ്ടായ വെടിവെപ്പും വിഷയത്തില്‍ പട്ടം താണുപിള്ളയും എന്‍.കെ ജോസും തമ്മിലുണ്ടായ ഭിന്നിപ്പ് ജോസിന്റെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തില്‍ നിന്നുള്ള വിരാമം കുറിച്ചു.
സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായുള്ള ബന്ധവിച്ഛേദനത്തിന് ശേഷം ജോസ് തന്റെ വീട്ടിലേക്ക് മടങ്ങി. ദീര്‍ഘനാളത്തെ അലച്ചിലിന് ശേഷമായിരുന്നു ജോസിന്റെ മടക്കം. വീട്ടില്‍ മടങ്ങി എത്തിയ ജോസിനെ എത്രയും പെട്ടന്ന് വിവാഹം കഴിപ്പിക്കണമെന്നായിരുന്നു വീട്ടുകാര്‍ക്ക്. സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനത്തിടയ്ക്ക് ശീലിച്ച ബ്രഹ്മചര്യത്തിന് ഇനി പ്രസക്തിയില്ലെന്ന് തിരിച്ചറിഞ്ഞ ജോസ് അങ്ങനെ തങ്കമ്മയെ വിവാഹം കഴിച്ചു. ഒപ്പം, നാട്ടില്‍ നിലയുറപ്പിച്ച സ്ഥിതിക്ക് യാദൃശ്ചികമായി പള്ളിയും പട്ടക്കാരുമായി പ്രവര്‍ത്തനം തുടങ്ങി. ദേശീയ തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനവും സംഘാടനവുമൊക്കെയായി നടന്ന ജോസിന്റെ സംഘാടന അനുഭവം പ്രാദേശികമായി അദ്ദേഹത്തെ വലിയ സ്വീകാര്യനാക്കിയിരുന്നു. അങ്ങനെ കത്തോലിക്കാ കോണ്‍ഗ്രസിന്റെ സംസ്ഥാന തലത്തിലും ജോസ് ഭാരവാഹിത്തത്തിലേക്ക് ഉയര്‍ന്നിരുന്നു. അപ്പോള്‍പോലും ജോസ് തന്റെ പഠന പ്രവര്‍ത്തനത്തില്‍ യാതൊരു കുറവും വരുത്തിയിരുന്നില്ല. വസ്തുനിഷ്ഠമായി ചരിത്രം പഠിക്കുന്നതില്‍ ജോസ് സജീവമായിരുന്നു. അത്തരത്തില്‍ ജോസ് പഠിച്ച് കണ്ടെത്തിയ ധാരാളം വിപ്ലവകരമായ പഠനങ്ങള്‍ വലിയ കോളിളക്കം സൃഷ്ടിച്ചവയാണ്. മേലാള ചരിത്രത്തിന് ബദലായി കീഴാളപക്ഷ രചനകള്‍ സൃഷ്ടിച്ചുകൊണ്ട് ജോസ് അടിസ്ഥാനവര്‍ഗ്ഗത്തോട് നീതി കാണിക്കാന്‍ പരിശ്രമിച്ചു. ജോസിന്റെ പഠനം മൂലം വീണുടഞ്ഞ വിഗ്രഹങ്ങള്‍ ധാരാളമാണ്. ഗാന്ധിയും വേലുത്തമ്പി ദളവയും തിരുവിതാംകൂര്‍ രാജാക്കന്മാരും തുടങ്ങി ഒട്ടനവധി ബിംബങ്ങളുടെ യഥാര്‍ത്ഥ ചരിത്രം ജോസ് വെളിച്ചത്ത് കൊണ്ടുവന്നു.
കത്തോലിക്കാ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കായിരുന്നു നിലയ്ക്കല്‍ സംഭവമുണ്ടായത്. 1983 മാര്‍ച്ച് 24ന് ആയിരുന്നു നിലയ്ക്കല്‍ ‘തോമാശ്ലീഹായുടെ കുരിശ്’ കണ്ടെടുക്കപ്പെട്ടതും അതിനെത്തുടര്‍ന്നുണ്ടായ കോലാഹലങ്ങളും. വിഷയത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായി. എന്നാല്‍ ജോസിന്റെ നിലപാട് വ്യത്യസ്തമായിരുന്നു. കണ്ടെടുക്കപ്പെട്ട കുരിശ് തോമാശീഹായുടേതല്ലെന്ന് അദ്ദേഹം വസ്തുതാപരമായി തെളിയിച്ചു. ജോസിന്റെ ആ നിലപാട് കത്തോലിക്കാ കോണ്‍ഗ്രസുമായി അദ്ദേഹം തെറ്റിപിരിയുന്നതിന് കാരണമായി.
വൈക്കം സത്യാഗ്രഹം എന്ന പ്രഹേളിക
കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവമായിരുന്നു വൈക്കം സത്യാഗ്രഹം. പ്രസ്തുത വിഷയത്തെക്കുറിച്ച് അദ്ദേഹം വളരെ ആഴത്തില്‍ പഠിക്കുകയും പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തു. ആ പഠനങ്ങള്‍ കേരളത്തിലെ സാംസ്‌കാരിക മണ്ഡലങ്ങളില്‍ വലിയ പ്രക്ഷുബ്ധത സൃഷ്ടിച്ചു. കാരണം, പ്രസ്തുത ‘നവോത്ഥാന’ വിഷയത്തില്‍ അടിഞ്ഞ് കൂടിയിരുന്ന ധാരണകളെ പൊളിച്ചടുക്കുന്ന പല വസ്തുതകളും ജോസ് തന്റെ പഠനത്തില്‍ വിവരിച്ചിരുന്നു. അഞ്ച് ഗ്രന്ഥങ്ങള്‍ ആ വിഷയത്തില്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ‘വൈക്കം സത്യാഗ്രഹത്തിന്റെ മറവില്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യാന്‍ എത്തിയത് ബിഎസ്പി സ്ഥാപകനായ കാന്‍ഷിറാം ആയിരുന്നു. വേദിയില്‍ കാന്‍ഷിറാം നടത്തിയ പ്രസംഗം വലിയ കോലിളക്കം സൃഷ്ടിച്ചു. ഗാന്ധിയുടെ ജാതിബോധത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ആ പ്രസംഗം. കോണ്‍ഗ്രസുകാര്‍ ഉറഞ്ഞു തുള്ളിയ പ്രസംഗമായിരുന്നു അത്. എന്നാല്‍ കാന്‍ഷിറാമിന്റെ ആ പ്രസംഗത്തില്‍ നോട്ട്സ് തയ്യാറാക്കി കൊടുത്തിരുന്നത് ജോസ് ആയിരുന്നു. അയ്യന്‍ങ്കാളി പുലയരില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന സ്വത്വബോധവും സ്വാതന്ത്ര്യദാഹവും അട്ടിമറിക്കാന്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പരിണമിപ്പിച്ച പരിപാടിയായിരുന്നു വൈക്കം സത്യഗ്രഹം എന്നാണ് ജോസ് കണ്ടെത്തുന്നതും വിവരിക്കുന്നതും.
ദലിതിസം എന്ന ചിതറിയവരുടെ പ്രത്യയശാസ്ത്രം
ദലിത് എന്ന വാക്കിന്റെ അര്‍ത്ഥം ചിതറിയവര്‍ എന്നാണ്. ഈജിപ്ത്, മെസപ്പെടോമിയന്‍ സംസ്‌കാരങ്ങളേക്കാളും സൈന്ധവ സംസ്‌കാരം ലോകത്തിലെ ഏറ്റവും മികച്ച സംസ്‌കാരമായിരുന്നു. ആ സംസ്‌കാരത്തില്‍ ജീവിച്ചിരുന്നവരാണ് ഇന്ത്യയിലെ അടിസ്ഥാന ജനത. ഉദ്ദേശം 3500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയ്ക്ക് പുറത്ത് നിന്ന് നായാടികളായ ആര്യന്മാര്‍ കടന്നുവന്ന് സൈന്ധവരെ കീഴ്‌പ്പെടുത്തുകയും എല്ലാം തങ്ങളുടേതാക്കി മാറ്റുകയും ചെയ്തു. ദക്ഷിണ ഭാഗത്തേക്ക് രക്ഷതേടിയ അവരെ അവിടെയും ആര്യന്മാര്‍ കടന്ന് കയറി ആട്ടിപ്പായിച്ചു. അങ്ങനെ ചിതറപ്പെട്ടവരാണ് ദലിതര്‍. അതുമായി ബന്ധപ്പെട്ട് ഉണ്ടായതാണ് രാമായണം, മഹാഭാരതം തുടങ്ങിയ സാഹിത്യങ്ങള്‍. അധ്വാനിക്കുന്ന ആരുടേതുമായ ഇവിടത്തെ ഭൂമിയെല്ലാം ബ്രാഹ്മണരുടേതാക്കി മാറ്റുവാനാണ് ‘പരശുരാമന്റെ മഴു’ കഥ ഉണ്ടാക്കിത്തീര്‍ത്തത്. അതോടുകൂടിയാണ് ഭൂമിയെല്ലാം ബ്രാഹ്മണരുടേതായി മാറിയത്. ഏതൊരു ജനതയേയാണോ ബ്രാഹ്മണ്യം തരിപ്പണമാക്കിയത് അവരുടെ പിന്‍മുറക്കാരെ തങ്ങളുടെ ചൊല്‍പ്പടിയിലാക്കാന്‍ സൃഷ്ടിച്ച മതസങ്കല്‍പ്പമാണ് ‘ഹിന്ദുയിസം’ എന്ന് ജോസ് തന്റെ സാഹിത്യങ്ങളില്‍ വിവരിച്ചു. ഇന്ത്യയില്‍ രണ്ട് പ്രത്യയശാസ്ത്രങ്ങളേ ഉള്ളൂവെന്നാണ് ജോസ് വിവരിക്കുന്നത്-ഹിന്ദുത്വയും ദലിതിസവും. ഹിന്ദുത്വം സങ്കുചിതപരമാണെങ്കില്‍ ദലിതിസം ഏറ്റവും പുരോഗമനപരവും വിശാല അര്‍ത്ഥത്തിലുള്ള ഒന്നാണെന്നും അദ്ദേഹം വിവരിച്ചു. നിലവില്‍ തിരസ്‌കൃതരാക്കപ്പെട്ട ജനതയുടെ വിമോചനത്തിന് ബ്രാഹ്മണ്യ മേല്‍ക്കോയ്മയുള്ള പാര്‍ട്ടികള്‍ക്ക് സാധിക്കുകയില്ലെന്നും ജോസ് വാദിച്ചു. ഗാന്ധിയും നെഹ്‌റുവും ലോഹ്യയും ഇന്ത്യയുടെ ദലിതുകളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലായെന്ന് നടിച്ചതായി, അങ്ങനെയൊരു സ്വത്വം തന്നെ അംഗീകരിച്ചില്ലായെന്നിടത്താണ് പ്രശ്‌നത്തിന്റെ കാതല്‍ എന്ന് ജോസ് പറഞ്ഞു.
ജോസിന്റെ കൃതികളെല്ലാം ദലിത് ഉണര്‍വിനെ ശക്തിപ്പെടുത്തുന്നവയാണ്. സമകാലിക സംഭവങ്ങളെ ചരിത്രപരമായി നോക്കിക്കാണുകയും വിമര്‍ശിക്കുകയും ചെയ്യുന്ന രീതിയാണ് ദലിത് ബന്ധുവായ എന്‍.കെ ജോസ് സ്വീകരിച്ചിട്ടുള്ളത്. ആര്യബ്രാഹ്മണ്യത്തിന്റെ രാഷ്ട്രീയ ജിഹ്വ എന്നാണ് അദ്ദേഹം ബി.ജെ.പിയെ വിവക്ഷിക്കുന്നത്. ഹിന്ദുത്വ ബ്രാഹ്മണ്യം അടിസ്ഥാന ജനവിഭാഗത്തിലുണ്ടാക്കിയ സ്വാധീനത്തെ കൃത്യമായി വിശകലനം ചെയ്യാന്‍ ജോസിന് കഴിഞ്ഞിട്ടുണ്ട്. ബ്രാഹ്മണ്യം സൃഷ്ടിച്ചിട്ടുള്ള പൊതുബോധത്തെ പൊളിച്ചെഴുതാന്‍ ദലിത് ബന്ധുവിന്റെ കൃതികള്‍ക്ക് സാധിക്കുമെന്നാണ് മനസ്സിലാവുന്നത്.