ബഹിഷ്കരണങ്ങൾക്ക് നടുവിൽ ഒരു ഒറ്റമുറി വീട്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

റോഡിനരികിലുള്ള മൂന്നര സെന്റ് ഭൂമിയിലെ ഒറ്റമുറി വീടിന്റെ അടുക്കളയിൽ നിന്നും റോഡിലേക്ക് അൽപ്പം തള്ളി നിൽക്കുന്ന ഒരു ഷീറ്റ് അനധികൃത നിർമ്മാണമായി പരി​ഗണിക്കാൻ കഴിയുമോ? സ്ത്രീകൾ മാത്രമുള്ള ആ ദലിത് കുടുംബത്തിന്റെ ഏക ആശ്രയമായ പൊതു പൈപ്പിൽ നിന്നും ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം ഓസ് വഴി വീട്ടിലേക്ക് വെള്ളമെടുക്കുന്നത് ഒരു കുറ്റമായി കണക്കാക്കാൻ കഴിയുമോ? നിയമത്തിന്റെ കണ്ണിലൂടെ മാത്രം നോക്കിയാൽ നടപടികൾക്ക് കാരണമാകുന്ന അനധികൃത ഇടപെടലുകളാണ് ഇത് രണ്ടും. നിയമം ആ രീതിയിൽ തന്നെയാണ് ഇക്കാര്യങ്ങൾ പരി​ഗണിച്ചതും. വൃദ്ധയായ ഒരു സ്ത്രീയും വിദ്യാർത്ഥികളായ രണ്ട് പെൺകുട്ടികളും അവർക്ക് ആശ്രയമായ പ്രസന്ന എന്ന വരുമാനമുള്ള ഏക കുടുംബാം​ഗവും ഉൾപ്പെടുന്ന ആ വീട്ടുകാരുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ ഒട്ടും പരി​ഗണിക്കാതെയാണ് നിയമവും അത് നിർദയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന സംവിധാനങ്ങളും അവരോട് ഇന്ന് പെരുമാറുന്നത്. ഈ നടപടികൾക്കെല്ലാം കാരണക്കാരായ അയൽക്കാർ അവരെ ഒറ്റപ്പെടുത്തുന്നതിന്റെ അനുഭവങ്ങൾ കൂടിയാണ് ഈ കുടുംബത്തിന് പറയാനുള്ളത്. ആ മൂന്നര സെന്റ് സ്ഥലത്ത് നിന്നും അവർ ഒഴിഞ്ഞുപോയാൽ റോഡിന് വീതി കൂട്ടാമെന്ന് കരുതുന്നവരും ചുറ്റമുണ്ട്. ജീവിക്കാൻ അനുവദിക്കാത്തതരത്തിലുള്ള സാമൂഹ്യ ബഹിഷ്കരണമാണ് പെരുമ്പാവൂർ ന​ഗരസഭ പരിധിയിൽ താമസിക്കുന്ന ഈ ദലിത് കുടുംബത്തിന് നേരിടേണ്ടിവരുന്നത്.

പെരുമ്പാവൂർ നഗരസഭാ 24-ാം വാർഡിൽ കടുവാൾ വടക്കേക്കര പറമ്പിലാണ് പ്രസന്നയും കുടുംബവും വർഷങ്ങളായി താമസിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് പ്രസന്നയുടെ അച്ഛൻ വാങ്ങിയ മൂന്നര സെന്റ് ഭൂമിയിലെ ഒറ്റമുറി വീട്ടിലുള്ളത് പ്രസന്നയും രണ്ട് പെൺമക്കളും വൃദ്ധയായ അമ്മയുമാണ്. വീടിന് തൊട്ടുമുന്നിലുള്ള പൊതു ടാപ്പിൽ നിന്നാണ് ഗാർഹിക ആവശ്യങ്ങൾക്കായി അവർ വെള്ളമെടുത്തിരുന്നത്. എന്നാൽ 2023 മെയ് 4ന് ഒരു മുന്നറിയിപ്പുമില്ലാതെ ആ പൊതുടാപ്പ് വാട്ടർ അതോറിറ്റി ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി നിർത്തലാക്കുകയായിരുന്നു. അതോടെ നാല് സ്ത്രീകൾ മാത്രമുള്ള ആ വീട്ടിലേക്ക് കുടിവെള്ളത്തിന്റെ വരവ് നിലച്ചു. വെള്ളമെടുക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയിലേക്ക് പരാതികൾ ആ കുടുംബത്തെ എത്തിച്ചു.

ഒറ്റമുറി വീടിനോട് ചേർന്ന് ഷീറ്റുകൊണ്ട് കെട്ടിയ അടുക്കള. ഫോട്ടോ: ആരതി എം.ആർ

“അന്ന് ഞാൻ ജോലിക്ക് പോയിരുന്നില്ല. പല്ലെടുക്കാനായി ഹോസ്പിറ്റലിൽ പോകാൻ അവധിയിലായിരുന്നു. ഏകദേശം മൂന്ന് മണിയോടെ ടാപ്പിന് മുന്നിൽ ആളുകളെ കണ്ട് അന്വേഷിച്ചപ്പോഴാണ് വെള്ളം പാഴാക്കുന്നുവെന്ന പരാതിയെ തുടർന്ന് കണക്ഷൻ നിർത്തലാക്കുന്നുവെന്ന് പറഞ്ഞത്.” പ്രസന്ന പറഞ്ഞു.

പെരുമ്പാവൂരിൽ ന​ഗരത്തിൽ പ്രവർത്തിക്കുന്ന ‘ക്ലാസിയോ’ എന്ന റസ്റ്റോറന്റിലെ ജീവനക്കാരിയാണ് പ്രസന്ന എന്ന അമ്പത് വയസുകാരി. അവിടെ വച്ചാണ് അവരെ കാണുന്നതും ഹോട്ടൽ ജോലിയുടെ തിരക്കിനിടയിൽ അവർ സംസാരിക്കുന്നതും. വീടിന്റെ ചായ്പ്പിൽ ഷീറ്റും ടാർപ്പോളിനും വെച്ച് കെട്ടിയ ഒരു അടുക്കളയായിരുന്നു അവർക്കുണ്ടായിരുന്നത്. അവിടേക്ക് മുൻസിപ്പാലിറ്റി സൗജന്യമായി നൽകിയ പൈപ്പ് കണക്ഷൻ നിലച്ചിട്ട് മാസങ്ങളാകുന്നു. വെള്ളക്കരം അടയ്ക്കാനുള്ളതിന്റെ കുടിശ്ശിക കൂടിയതിനെ തുടർന്നാണ് വീട്ടിലേക്കുള്ള പൈപ്പ് നിർത്തലാക്കിയത്. “ഒരിക്കൽ 2000 രൂപ ബിൽ വന്നു. അത് അടയ്ക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ അത് പതിനായിരം രൂപയ്ക്ക് മേലെ കുടിശ്ശികയായി. എന്റെ രണ്ട് മക്കളും പഠിക്കുന്ന കുട്ടികളാണ്. ലാബ് ടെക്നീഷ്യന് പഠിക്കുന്ന മൂത്ത മകളുടെ പഠനച്ചിലവ് പോലും പലരുടെയും സഹായത്താലാണ് തുടരുന്നത്. ഈ ഹോട്ടലിൽ പണിക്ക് നിൽക്കുന്ന ഞാനെങ്ങനെയാണ് ഇത്രയും വലിയ തുക വാട്ടർ ബിൽ അടയ്ക്കുക?” പ്രസന്ന ചോദിക്കുന്നു.

വീടിന് മുന്നിലെ പൊതുടാപ്പ്. ഫോട്ടോ: ആരതി എം.ആർ

വീട്ടിലേക്ക് എത്തിയിരുന്ന വെള്ളം നിലച്ചതോടെയാണ് വീടിനോട് ചേർന്ന റോഡിലുള്ള പൊതുടാപ്പിൽ നിന്ന് ഗാർഹിക ആവശ്യങ്ങൾക്ക് പ്രസന്നയുടെ കുടുംബം വെള്ളമെടുക്കാൻ തുടങ്ങിയത്. എന്നാൽ ഓസിട്ട് വീട്ടിലേക്കുള്ള വെള്ളമെടുക്കുന്നുവെന്ന അയൽവാസികളുടെ പരാതിയിലാണ് വാട്ടർ അതോറിറ്റി യാതൊരു മുന്നറിയിപ്പുമില്ലാതെ വാട്ടർ കണക്ഷൻ നിർത്തലാക്കിയത്.

“ഗർഭപാത്രത്തിൽ മുഴയും ഫാറ്റി ലിവറും വന്നതിൽപ്പിന്നെ വെള്ളം ബക്കറ്റിൽ പിടിച്ച് വീട്ടിലെത്തിക്കാൻ കഴിയാതെയായി. അതോടെയാണ് ഓസിട്ട് വീട്ടിലേക്കുള്ള വെള്ളം പിടിക്കാൻ തുടങ്ങിയത്. പകൽ സമയം ഓസിട്ട് വെള്ളമെടുത്താൽ നാട്ടുകാർക്ക് ശല്യമാകുമെന്ന് കരുതി രാത്രിയിലാണ് വീട്ടിലേക്കുള്ള വെള്ളം പിടിച്ചുവെക്കുന്നത്. എന്നിട്ടും നാട്ടുകാർ പരാതി കൊടുത്തു. ശരിക്കും അതല്ല കാരണം. വഴി വീതികൂട്ടാൻ ഞങ്ങൾ ഭൂമി നൽകാതായതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.” പ്രസന്ന പറയുന്നു.

വെള്ളം മുട്ടിച്ച വഴി പ്രശ്നം

പ്രസന്നയുടെ ഒറ്റമുറി വീട്ടിനരികിലൂടെ പോകുന്ന, സലിം കോർട്ടേഴ്സിലേക്കുള്ള റോഡിലേക്ക് അടുക്കളയ്ക്കായി കെട്ടിയുണ്ടാക്കിയ ഷീറ്റ് തള്ളിനിൽക്കുന്നുവെന്ന് കാണിച്ച് അയൽവാസി പെരുമ്പാവൂർ നഗരസഭയിൽ പരാതി നൽകിയിരുന്നു. പക്ഷേ ഷീറ്റ് നിൽക്കുന്ന ഭൂമി തന്റെ സർവേകല്ല് പരിധിക്കുള്ളിലാണെന്നാണ് പ്രസന്ന അവകാശപ്പെടുന്നത്. എന്നാൽ റോഡിലേക്ക് അൽപ്പം തള്ളി നിൽക്കുന്ന ഷീറ്റിനെ അനധികൃത നിർമ്മാണമായാണ് പെരുമ്പാവൂർ ന​ഗരസഭ കണ്ടത്. പരാതി ലഭിച്ച പിന്നാലെ അടുക്കള പൊളിച്ച് കളയാനാണ് പെരുമ്പാവൂർ നഗരസഭ ഇവരോട് ആവശ്യപ്പെട്ടത്. എന്നാൽ പ്രസന്ന അതിന് വഴങ്ങാതായതോടെയാണ് നാട്ടുകാർ തങ്ങളെ ഒറ്റപ്പെടുത്താനും അനാവശ്യ കാരണങ്ങൾക്ക് പൊലീസ് കേസ് നൽകാനും തുടങ്ങിയതെന്നും അവർ പറയുന്നു.

പ്രസന്ന

പ്രസന്നയുടെ വീടിന് അരികിലൂടെയുള്ള വഴി വികസിപ്പിക്കണം എന്ന നിലപാടിൽ നാട്ടുകാർ ഒറ്റക്കെട്ടായാണ് നിൽക്കുന്നത്. വഴി വികസിപ്പിക്കുക എന്ന ആവശ്യത്തിന്റെ അർത്ഥം മൂന്നര സെന്റ് മാത്രമുള്ള പ്രസന്നയും കുടുംബവും അവിടെ നിന്നും ഒഴിഞ്ഞുപോവുക എന്നതാണ്. “അച്ഛൻ ഈ സ്ഥലം വാങ്ങുമ്പോൾ മുതലേ ഇവിടുള്ളവർക്ക് എതിർപ്പുകൾ ഉണ്ടായിരുന്നു. ഹരിജനായവർക്ക് ഭൂമി കൊടുക്കരുതെന്നുള്ള ആവശ്യമാണ് അന്ന് നാട്ടുകാർക്ക് ഉണ്ടായിരുന്നത്. ഇന്നവർക്ക് വഴി നൽകണം. ആദ്യമൊന്നും ഞങ്ങൾ പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ തിരിച്ച് പ്രതികരിച്ചു തുടങ്ങിയപ്പോഴാണ് പല തരത്തിലുള്ള ഉപദ്രവങ്ങൾ തുടരുന്നത്. കുടിവെള്ളം മുട്ടിക്കുക എന്നൊക്കെ പറഞ്ഞാൽ അറ്റകൈ അല്ലേ?” പ്രസന്ന ചോദിക്കുന്നു.

വാട്ടർ അതോറിറ്റിയുടെ നിയമപ്രകാരം പൊതുടാപ്പുകളിൽ നിന്ന് ഓസിട്ട് സ്വകാര്യ ആവശ്യങ്ങൾക്ക് വെള്ളമെടുക്കാൻ പാടുള്ളതല്ല. എന്നാൽ സ്ത്രീകൾ മാത്രം താമസിക്കുന്ന ഒരു ദലിത് കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന കണക്ഷൻ നിർത്തലാക്കുന്നത് ശരിയായ നടപടിയല്ലെന്ന് വാർഡ് കൗൺസിലർ സിറാജുദ്ദീൻ അഭിപ്രായപ്പെടുന്നു. എന്നാൽ വാട്ടർ കണക്ഷൻ നിർത്തലാക്കിയതിനെ തുടർന്ന് മുൻ വാർഡ് കൗൺസിലർ മുഖാന്തരം സിറാജുദ്ദീനെ പരാതി അറിയിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചിരുന്നില്ല എന്നാണ് പ്രസന്ന ആരോപിക്കുന്നത്.

പെരുമ്പാവൂർ ന​ഗരസഭ സെക്രട്ടറി പ്രസന്നയ്ക്ക് അയച്ച കത്ത്

നാല് വീടുകൾക്കപ്പുറത്ത് നിന്നാണ് വെള്ളം നിർത്തലാക്കിയതിന് ശേഷം വീട്ടാവശ്യത്തിനുള്ള വെള്ളം പിടിച്ചിരുന്നത്. കളക്ടർക്ക് പരാതി കൊടുത്തതിനെ തുടർന്നാണ് നാല് ദിവസങ്ങൾക്ക് ശേഷം പൊതുടാപ്പിന്റെ കണക്ഷൻ വാട്ടർ അതോറിറ്റി വീണ്ടും ശരിയാക്കിയത്. “ടാപ്പ് വീണ്ടും തുറക്കാനായി വാട്ടർ അതോറിറ്റിയിൽ നിന്ന് വന്നപ്പോൾ സമീപ പ്രദേശത്തുള്ള സ്ത്രീകൾ ഉദ്യോഗസ്ഥരെ വളഞ്ഞ് പ്രശ്നമുണ്ടാക്കിയിരുന്നു. എല്ലാ വീട്ടിലും വാട്ടർ കണക്ഷൻ ഉണ്ടെങ്കിലും പലരും തുണി കഴുകാൻ ഈ പൊതുടാപ്പിനെയാണ് ആശ്രയിക്കുന്നത്. കുടിക്കാൻ വെള്ളമെടുക്കുന്ന പൈപ്പാണെന്നും തുണി കഴുകി അതിന്മേൽ വെക്കരുതെന്നും ഞാൻ പറഞ്ഞതിനെയാണ് ഇവർ വലിയ പ്രശ്നമായി അവതരിപ്പിക്കുന്നത്.” പ്രസന്ന പരിഭവപ്പെട്ടു.

പൊതുടാപ്പിൽ നിന്നുള്ള വെള്ളം വീണ്ടും എടുക്കാൻ കഴിയുന്നുണ്ടെങ്കിലും ആകെയുള്ള മൂന്നര സെന്റ് സ്ഥലത്ത് നിന്നും അവർ ഒഴിഞ്ഞുപോകുന്നതിനുള്ള സമ്മർദ്ദം പലരീതിയിൽ തുടരാൻ ഇടയുണ്ടെന്ന ആശങ്കയിലാണ് ഈ നാല് സ്ത്രീകൾ.

Also Read

4 minutes read May 31, 2023 4:34 pm