

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


സാമ്പത്തിക പ്രയാസങ്ങൾ കാരണം പഴയ വീട് വിറ്റതിന് ശേഷമാണ് 2016ൽ സി.കെ കൃഷ്ണനും കുടുംബവും തൃശൂർ ഏങ്ങണ്ടിയൂരുള്ള പങ്കൻതോട് കോളനിയിലേക്ക് താമസം മാറ്റുന്നത്. ഏതൊരു കുടുംബത്തെയും പോലെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള പറിച്ചുനടലുമായി പൊരുത്തപ്പെടാൻ അവരും സമയമെടുത്തു. കൃഷ്ണൻ ചേറ്റുവ ഹാർബറിലെ ലോഡിംഗ് തൊഴിലാളിയായിരുന്നു. ഭാര്യ ഓമന ഒരു ഡെന്റൽ ക്ലിനിക്കിൽ ജോലി ചെയ്തിരുന്നു, മൂത്തമകനായ വിഷ്ണുവിനെ ഗൾഫിലേക്ക് അയച്ചു. ഇളയ മകൻ വിനായക് സി.കെ (വിനായകൻ) മണ്ണുത്തിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കാൻ ചേർന്നു. എന്നാൽ 2017 ജൂലൈ 17 ആ കുടുംബത്തിന്റെ ജീവിതം മാറ്റിമറിച്ച ദിവസമായി മാറി.
“ഞാൻ ഹാർബറിൽ നിൽക്കുമ്പോൾ അവനെന്നെ വിളിച്ചതാ… ‘ഞാൻ പോവാണ് ട്ടാ അച്ഛാ’ എന്ന് പറഞ്ഞു. ഞാൻ ദേ വരുന്നെന്ന് അവനോട് പറഞ്ഞു. പിന്നെ ഫോൺ വിളിച്ചിട്ട് അവൻ എടുക്കുന്നുമില്ല. അങ്ങനെ ഞാൻ ഓടിയെത്തി. അന്ന് ജനലിന്റെയവിടെ ടാർപായ മാത്രമേ കെട്ടിയിരുന്നുള്ളൂ. ടാർപായ വലിച്ചുകീറിയപ്പൊ അമ്മയുടെ സാരിയിൽ അവൻ ഞാണ്ട് നിൽക്കുന്നതാണ് കണ്ടത്. വാതിൽ ചവിട്ടിപൊളിച്ചു, അപ്പോഴേക്ക് എല്ലാരും ഓടിവന്നു. എന്നെ അവൻ വിളിച്ചതാ… പക്ഷേ അപ്പോഴേക്ക് എല്ലാം കഴിഞ്ഞിരുന്നു…” ഏഴ് വർഷത്തിന് ശേഷം ആ ദിവസം ഓർത്തെടുക്കുമ്പോഴും കൃഷ്ണന് ശബ്ദം ഇടറുന്നുണ്ടായിരുന്നു. സമൂഹം മറന്നുതുടങ്ങിയെങ്കിലും മകന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പോരാട്ടത്തിൽ സി.കെ കൃഷ്ണൻ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്. അതിന്റെ ഫലമായി പ്രതീക്ഷ നൽകുന്ന പല പുരോഗതിയും അടുത്തിടെ ഈ കേസിലുണ്ടായി.


പൊലീസ് ക്രൂരതയ്ക്ക് സർക്കാർ സംരക്ഷണം
തന്റെ സുഹൃത്തായ ഒരു പെൺകുട്ടിക്കൊപ്പം പാവറട്ടി മധുക്കരയിൽ സംസാരിച്ച് നിൽക്കുമ്പോഴാണ് 2017 ജൂലൈ 17ന് വിനായക് എന്ന പതിനെട്ട് വയസ്സുകാരനെയും മറ്റൊരു സുഹൃത്തായ ശരത് എന്നയാളെയും സമീപത്ത് ഒരു മാല മോഷണം നടന്നുവെന്ന് ആരോപിച്ച് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ശേഷം കെ. സാജൻ, പി.ടി ശ്രീജിത്ത് എന്നീ സിവിൽ പൊലീസ് ഓഫീസർമാരുടെ ക്രൂരമായ കസ്റ്റഡി മർദ്ദനത്തിനും ജാതി അധിക്ഷേപത്തിനും മാനസിക പീഡനത്തിനും വിനായകും സുഹൃത്തും വിധേയരാകേണ്ടിവന്നു. വിനായകിന്റെ ജാതിയും കറുത്ത നിറവും നീട്ടി വളർത്തിയ മുടിയുമായിരുന്നു അത്തരത്തിലൊരു ഹീനമായ പ്രവൃത്തി ചെയ്യാൻ പൊലീസിന്റെ പൊതുബോധത്തെ പ്രേരിപ്പിച്ചത് എന്നത് വ്യക്തമായ കാര്യമാണ്. ഹാർബറിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിനായകിന്റെ അച്ഛൻ കൃഷ്ണനോട് 2500 രൂപയുമായി സ്റ്റേഷനിലേക്ക് വരണം, മകനെ ഒരു പെൺകുട്ടിക്കൊപ്പം കസ്റ്റഡിയിലെടുത്തിട്ടുണ്ട് എന്ന് പറഞ്ഞാണ് സ്റ്റേഷനിൽ നിന്നും വിളിപ്പിക്കുന്നത്. സ്റ്റേഷനിലെത്തിയ കൃഷ്ണനോട് മകന്റെ മുഖത്തടിക്കാനാണ് സാജൻ എന്ന പൊലീസുകാരൻ ആക്രോശിച്ചത്. ഇതിന് വിസമ്മതിച്ച കൃഷ്ണനോട് പൊലീസുകാർ കയർത്ത് സംസാരിച്ചു. സ്വന്തം ഇഷ്ടപ്രകാരം വിനായക് വളർത്തിയ മുടി മുറിപ്പിക്കണമെന്ന് കൃഷ്ണനോട് പൊലീസുകാർ ഭീഷണി സ്വരത്തിൽ പറഞ്ഞു. പേടി കാരണം സ്റ്റേഷനിൽ നിന്നും വരുന്ന വഴി വിനയാകിന്റെ മുടി വെട്ടിയിരുന്നു. തന്നെ ശാരീരികമായും മാനസികമായും ജാതി പറഞ്ഞും പീഡിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് സ്റ്റേഷനിലുണ്ടായ കാര്യങ്ങൾ അന്വേഷിച്ചവരോട് വിനായക് അന്ന് പറഞ്ഞിരുന്നുവെന്നാണ് സാക്ഷിമൊഴികൾ. എന്നാൽ പൊലീസ് സ്റ്റേഷനിൽ നിന്നും ഏൽക്കേണ്ടി വന്ന അതിക്രൂരമായ പീഡനങ്ങളിൽ മനംനൊന്ത് പിറ്റേദിവസം വിനായക് വീട്ടിൽ വച്ച് ജീവനൊടുക്കുകയായിരുന്നു.


മുടി നീട്ടി വളർത്തിയത് കൊണ്ടുതന്നെ മുടിയിൽ ബലമായി കൂട്ടിപിടിച്ച് വലിക്കുകയും, ശക്തിയിൽ മുടിയിൽ പിടിച്ച് വട്ടം കറക്കുകയും, കാൽപാദങ്ങളിലെ തള്ളവിരലുകളിൽ ബൂട്ടിട്ട് ഞെരുക്കുകയും മുതുകിൽ കുനിച്ചു നിർത്തി കൈമുട്ട് കൊണ്ട് ഇടിക്കുകയും, കാൽകൊണ്ട് ഇടതുതുടയിലും ജനനേന്ദ്രിയത്തിലും ചവിട്ടുകയും, നെഞ്ചിന് കീഴെ ഇരുഭാഗത്തും മുലഞെട്ടുകളിൽ പിടിച്ച് ഞെരിക്കുകയും ഇടതുനെഞ്ചിന് കീഴെ കൈകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും, കാൽമുട്ടിന് പരിക്ക് പറ്റാവുന്ന രീതിയിൽ ശരീരം പൊക്കി മുകളിൽ നിന്നും ശരീരം താഴേക്ക് ഇടുകയും ചെയ്തിട്ടുണ്ടെന്ന് സംഭവം നടന്നതിന് പിന്നാലെ അച്ഛൻ കൃഷ്ണൻ നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്. അതിക്രൂരമായ കസ്റ്റഡി മർദ്ദനത്തിനാണ് വിനായക് വിധേയനായത് എന്ന് വ്യക്തമായിരുന്നിട്ടും ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും തുടക്കം മുതൽ കേസ് അട്ടിമറിക്കുന്നതിനും പ്രതികളായ സാജൻ, ശ്രീജിത്ത് എന്നീ പൊലീസുകാരെ സംരക്ഷിക്കുന്നതിനുമാണ് ശ്രമിച്ചത്. ആത്മഹത്യാ പ്രേരണകുറ്റമായ 306-ാം വകുപ്പ് ചുമത്താതെ, പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമം മാത്രം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. വിനായക് ആത്മഹത്യ ചെയ്യാൻ കാരണക്കാരായ പൊലീസുകാരെ സസ്പെന്റ് ചെയ്തതിന് ശേഷം വേഗം തന്നെ സർവീസിൽ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. വിനായകിന്റെ മരണത്തിൽ പൊലീസുകാർക്ക് പങ്കുണ്ടെന്ന കുടുംബത്തിന്റെ പരാതി മുഖ്യമന്ത്രിക്കും വിവിധ പൊലീസ് അധികാരികൾക്കും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും നൽകിയിട്ടും ഒന്നും പരിഗണിക്കപ്പെട്ടില്ല. പ്രതികളായ പൊലീസുകാർക്ക് എല്ലാവിധ സംരക്ഷണവും സർക്കാർ ഒരുക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ഏഴ് വർഷവും കണ്ടത്. കൂടാതെ, പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിൽ നിന്നും ഭാഗികമായി ലഭിച്ച സമാശ്വാസ തുക തിരികെ അടക്കേണ്ടി വരുമെന്നും വകുപ്പ് ഉദ്യോഗസ്ഥർ കൃഷ്ണനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വിനായകിന്റെ അച്ഛൻ കൃഷ്ണന്റെയും ദലിത് സമുദായ മുന്നണി (DSM)യുടെയും ഏഴ് വർഷം നീണ്ട നിയമപോരാട്ടത്തിനാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. പ്രതികളായ സാജൻ, ശ്രീജിത്ത് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി കേസെടുക്കുവാൻ 2024 ഡിസംബർ 12 ന് തൃശൂർ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ കോടതി (Special Court for SC/ST (PoA) Cases) ഉത്തരവിട്ടത് കേസിൽ നിർണ്ണായക വഴിത്തിരിവായി മാറി.
വിനായകിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കസ്റ്റഡി മർദ്ദനം നടന്നിട്ടുണ്ട് എന്നാണ് വ്യക്തമാക്കുന്നത്. തലയ്ക്കും നെഞ്ചിലും മർദ്ദനമേറ്റതിന്റെ അടയാളങ്ങൾ, കാലിൽ ബൂട്ട് ഉപയോഗിച്ച് ചവിട്ടിയതിന്റെ പാടുകൾ, തലയിൽ നിന്നും മൂക്കിലേക്കുള്ള നാഡികളിൽ മുറിവുകൾ, തലയുടെ ഇടതുവശത്തും പിറകുവശത്തും പാടുകൾ, കൂടാതെ ശരീരത്തിന്റെ മറ്റിടങ്ങളിലും ക്രൂരമായ മർദ്ദനമേറ്റ പാടുകൾ എന്നിവയെല്ലാം നാല് പേജുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. എൻ.എ ബലറാം, അസിസ്റ്റൻറ് പൊലീസ് സർജൻ ഡോ. രാഖിൻ കെ.ബി എന്നിവരാണ് റിപ്പോർട്ട് തയ്യാറാക്കിയത്.


പൊലീസ് സ്റ്റേഷനിൽ നടന്നതെന്ത്?
“എന്റെ മോനെ പിടിച്ചിട്ടുണ്ടെന്ന് പറഞ്ഞ് പാവറട്ടി സ്റ്റേഷനിൽ നിന്നും ഫോൺ വന്നു. അത് കേട്ട് ഞാൻ പോയപ്പോൾ അവനും കൂട്ടുകാരൻ ശരത്തും സ്റ്റേഷനിൽ നിൽക്കുന്നുണ്ടായിരുന്നു. സാജൻ എന്ന പൊലീസുകാരൻ വിനായകന്റെ ഷർട്ട് പൊക്കിയിട്ട് ‘ഇതെന്ത് കോലമാണ്, ഇങ്ങനെയാണോ പാന്റ് ഇടുന്നതെന്ന്’ എന്നോട് ചോദിച്ചു. അവൻ മുടിയും നന്നായി വളർത്തിയിരുന്നു അന്ന്. ഇങ്ങനെയാണോ മക്കളെ വളർത്തേണ്ടത് എന്നാണ് സാജൻ എന്ന പൊലീസുകാരൻ എന്നോടന്ന് ചോദിച്ചത്. എന്റെ മക്കൾക്ക് ഓരോ ഫാഷനുണ്ടാവും അതവരുടെ വ്യക്തിപരമായ കാര്യമല്ലേ എന്നാണ് ഞാൻ തിരിച്ച് അപ്പോൾ ചോദിച്ചത്. അയാളുടെ മക്കളെയെല്ലാം അയാൾ അടിച്ചിട്ടാണ് വളർത്തുന്നത് എന്നാണയാൾ മറുപടി പറഞ്ഞത്. എന്നാൽ എന്റെ മക്കളെ അടിച്ച് വളർത്തേണ്ട അവസ്ഥയിലെത്തിയിട്ടില്ല എന്ന് ഞാൻ അയാൾക്ക് മറുപടി കൊടുത്തു. അത് കഴിഞ്ഞ് എന്നോട് മകന്റെ മുഖത്ത് അടിക്കാനാണ് സാജൻ പറയുന്നത്. എന്റെ മകനെ അടിച്ചുവളർത്തേണ്ട കാര്യമില്ലെന്ന് ഞാൻ പറഞ്ഞു. പിന്നീട് എന്നോട് അയാൾ കയർത്ത് സംസാരിച്ചു.” കൃഷ്ണൻ ആ ദിവസത്തെ സംഭവങ്ങൾ വിശദീകരിച്ചു.
പൊലീസ് സ്റ്റേഷനിൽ സി.സി.ടി.വി ക്യാമറ ഉണ്ടായിരുന്നെന്നും, എന്നാൽ പൊലീസുകാർ വിനായകിനെ മർദ്ദിക്കുന്ന സമയത്ത് ക്യാമറ ഓഫ് ആക്കുകയും താൻ മർദ്ദിക്കുന്ന സമയത്ത് ക്യാമറ ഓൺ ആക്കുകയും ചെയ്താൽ, പിന്നീട് എന്തെങ്കിലുമുണ്ടായാൽ അത് അച്ഛൻ തല്ലിയത് കൊണ്ടാണന്ന വാദം പൊലീസ് മുന്നോട്ടുവയ്ക്കുമായിരുന്നു എന്ന് കൃഷ്ണൻ സംശയിക്കുന്നു. “എസ്.ഐ വന്നതിന് ശേഷമാണ് ഞങ്ങളെ വിട്ടത്. അപ്പുറത്തെ ബാർബർ ഷോപ്പിൽ നിന്നും മുടി വെട്ടിക്കാനും സാജൻ പറയുന്നുണ്ടായിരുന്നു. അത് ഞാൻ വെട്ടിച്ചോളാം ഇവിടെ നിന്ന് ചെയ്യേണ്ട ആവശ്യമില്ലെന്ന് ഞാൻ പറഞ്ഞു. എസ്.ഐ വന്നപ്പോൾ ബൈക്ക് എടുത്ത് കൊണ്ടുപോവാൻ പറഞ്ഞിരുന്നു. പക്ഷേ സാജൻ വന്നിട്ട് ബൈക്ക് ഒരാഴ്ച കഴിഞ്ഞിട്ട് എടുത്താൽ മതിയെന്ന് പറഞ്ഞു. വരുന്ന വഴി വേറെയൊരു ഷോപ്പിൽ നിന്നും മുടിവെട്ടി, ഇനി അതിന്റെ പേരിൽ ഒരു പ്രശ്നവും വരണ്ടെന്ന് വിചാരിച്ചു. അവനെ തറവാട്ടിൽ കൊണ്ടാക്കി ഞാൻ വീണ്ടും ഹാർബറിലേക്ക് പോയി. അമ്മയോട് ആണ് എല്ലാ കാര്യങ്ങളും പറഞ്ഞത്. മോനെ അവര് ഉപദ്രവിച്ചിട്ടുണ്ടെന്ന് അവളാണ് എന്നോട് പറഞ്ഞത്. ഹാർബറിൽ ഒരു മീറ്റിങ്ങുണ്ടായതുകൊണ്ടാണ് ഞാൻ പോയത്. പോവാൻ നേരം വിളിച്ച് നോക്കിയപ്പൊ അവനവിടെ കിടക്കുകയായിരുന്നു, ഹാർബറിൽ നിന്നും വന്നിട്ട് ഹോസ്പിറ്റലിൽ കൊണ്ടുപോവാം എന്ന ഉദ്ദേശത്തിലാണ് ഞാൻ തിരികെ വന്നത്. ഹാർബറിൽ നിൽക്കുമ്പോൾ മോൻ എന്നെ വിളിച്ചതാ.. ‘ഞാൻ പോവാണ് ട്ടാ അച്ഛാ’ എന്ന് പറഞ്ഞു.. ഞാൻ ദേ വരുന്നെന്ന് പറഞ്ഞു. പിന്നെ ഫോൺ വിളിച്ചിട്ട് ഇവൻ എടുക്കുന്നുമില്ല. അങ്ങനെ ഞാൻ ഓടിയെത്തി. അന്ന് ജനലിന്റെയവിടെ ടാർപായ മാത്രമേ കെട്ടിയിരുന്നുള്ളൂ. ടാർപായ വലിച്ചുകീറിയപ്പൊ അമ്മയുടെ സാരിയിൽ ഞാണ്ട് നിൽക്കുന്നതാണ് കണ്ടത്. വാതിൽ ചവിട്ടിപൊളിച്ചു, അപ്പോഴേക്ക് എല്ലാവരും ഓടിവന്നു. എന്നെ അവൻ വിളിച്ചതാ.. പക്ഷേ അപ്പോഴേക്ക് എല്ലാം കഴിഞ്ഞിരുന്നു. ആ സമയത്ത് ഇവൻ കൊറേ ആൾക്കാരെ വിളിച്ചിരുന്നു. ആ പെൺകുട്ടിയെ വിളിച്ചിരുന്നു. അവളും വന്നിരുന്നു. അത് കഴിഞ്ഞ് എന്റെ ചേട്ടൻ പോയിട്ടാണ് വാടാനപ്പള്ളി സ്റ്റേഷനിൽ കേസ് കൊടുക്കുന്നത്.” കൃഷ്ണൻ തുടർന്നു.


പത്രത്തിലും ടിവിയിലും മാത്രമേ പൊലീസ് മർദ്ദനത്തിൽ മരണപ്പെട്ടു എന്ന വാർത്തകൾ കണ്ടിട്ടുള്ളൂവെന്നും തന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ ഒരു കേസിന്റെ പേരിലും പൊലീസ് സ്റ്റേഷനിൽ കയറിയിട്ടില്ലെന്നും ഒരു കളവോ പിടിച്ചുപറിയോ ഒന്നും ജീവിതത്തിൽ ഇതുവരെ ചെയ്തിട്ടില്ലെന്നും നിറഞ്ഞ കണ്ണുകളോടെ കൃഷ്ണൻ പറഞ്ഞു. “അവൻ മണ്ണുത്തിയിൽ ബ്യൂട്ടീഷ്യൻ കോഴ്സ് പഠിക്കാൻ ചേർന്നിരുന്നു. പഞ്ചവാദ്യം പഠിച്ചിട്ടുണ്ട്, ഉത്സവങ്ങൾക്കൊക്കെ കൊട്ടാൻ പോകുമായിരുന്നു. അവനെ അറിയാത്ത ആരുമുണ്ടാവില്ല നാട്ടിൽ. ഏതേലും വീട്ടിലൊക്കെ എന്തേലും പണിയുണ്ടേൽ ഫ്രീ ആയിട്ട് ചെയ്തുകൊടുക്കും. പൈസയൊന്നും വാങ്ങില്ല. ഞാനൊരു ദിവസം ചന്തപ്പടിയിൽ പണിക്ക് പോയപ്പോൾ അവൻ ഒരു വീട്ടിലിരുന്ന് അവർക്ക് ടാങ്ക് ക്ലീൻ ചെയ്ത് കൊടുക്കുകയായിരുന്നു.” കൃഷ്ണൻ മകനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു.
അധികാരികളുടെ സമീപനം
വിനായകിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വിവിധ സ്ഥലങ്ങളിൽ കൊടുത്തിരുന്നെന്നും, എന്നാൽ അതിലൊന്നും തന്നെ യാതൊരു വിധ നടപടികളും കുറ്റക്കാരായ പൊലീസുകാർക്കെതിരെ എടുത്തില്ലെന്നും വിനായകിന്റെ അച്ഛൻ സി.കെ കൃഷ്ണൻ കേരളീയത്തോട് പറയുന്നു. “കേസുമായി ബന്ധപ്പെട്ട് ഞാനും എന്റെ ഭാര്യയും മൂത്തമകനും കൂടി മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ തിരുവനന്തപുരത്ത് പോയിരുന്നു. വേറെ ഒരാളുടെ റെക്കമെന്റേഷനിലാണ് പോയത്. അന്ന് അദ്ദേഹം പറഞ്ഞത്, ‘കരച്ചിലൊന്നും വേണ്ട എല്ലാം അറിയുന്നുണ്ട്’ എന്നായിരുന്നു. പിന്നീട് ഒരു പ്രതികരണവും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. ആ സമയത്ത് പല കേസുകൾ കൊടുത്തിട്ടുണ്ടായിരുന്നു. ലോകായുക്തയിൽ ഒരെണ്ണം, പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയിൽ ഒരെണ്ണം. ലോകായുക്തയിൽ കേസ് കൊടുത്തതുകൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്ന് പിന്നീടാണ് ഞങ്ങൾക്ക് മനസിലായത്. പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയിൽ എറണാകുളത്താണ് കേസ് കൊടുത്തത്. അതിൽ അവർക്കൊന്നും ചെയ്യാൻ കഴിയില്ലെന്നുമറിഞ്ഞു. അങ്ങനെയാണ് തൃശൂർ എസ്.എസി/ എസ്.ടി കോടതിയിൽ കേസ് കൊടുക്കുന്നത്. അധികാരികളുടെ ഭാഗത്ത് നിന്നും കേസ് ഒന്നുമല്ലാതെയാക്കാനുള്ള നീക്കങ്ങളായിരുന്നു ഉണ്ടായിരുന്നത്.” കൃഷ്ണൻ പറയുന്നു.
“വലിയ നടപടികളൊന്നും തന്നെ ഉണ്ടാവാതെയിരുന്നപ്പോഴാണ് ദലിത് സമുദായ മുന്നണിയുടെ ഷൈജു വാടാനപ്പള്ളി ഇതിൽ ഇടപെടുന്നത്. അങ്ങനെയാണ് ഇപ്പോൾ രണ്ടാമത് അന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ആദ്യം ക്രൈംബ്രാഞ്ച് തന്നെയാണ് അന്വേഷിച്ചത്. അവരുടെ അടുത്ത് മൊഴികളൊക്കെ കൊടുത്തു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തുന്ന 306-ാം വകുപ്പ് ഇടാൻ വേണ്ടിയാണ് നമ്മൾ കേസ് പുനരന്വേഷിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. പക്ഷേ അവർ കുറ്റപത്രം സമർപ്പിച്ചപ്പോൾ 306 അതിലും ഇട്ടിട്ടില്ല. കോടതിയിൽ നിന്നാണ് പിന്നീട് 306 ഇട്ടത്. കുറ്റവാളികളായ പൊലീസുകാരെ പിന്തുണച്ചാണ് ഉല്ലാസ് എന്ന ഉദ്യോഗസ്ഥൻ അന്വേഷണം നടത്തിയത്. സാജൻ, ശ്രീജിത്ത് എന്നീ പൊലീസുകാർക്ക് ജാമ്യം കിട്ടുമോ എന്നൊന്നും അറിയില്ല.” കൃഷ്ണൻ കൂട്ടിച്ചേർത്തു.


മകന്റെ മരണശേഷം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ മോശം അനുഭവങ്ങളും കൃഷ്ണൻ കേരളീയത്തോട് പറയുന്നു. “മകൻ മരിച്ച ദിവസം വൈകുന്നേരം അന്ന് തൃശ്ശൂർ ഐ.ജിയായിരുന്ന പി. വിജയൻ വീട്ടിലേക്ക് വന്നു. എന്നിട്ട് എന്നെ കുറച്ച് അപ്പുറത്തേക്ക് മാറ്റി നിർത്തിയിട്ട് പോക്കറ്റിലേക്ക് ഒരു അയ്യായിരം രൂപ വെച്ചുതന്നു. ‘ഇത് വെച്ചോ, കാശിനൊക്കെ ബുദ്ധിമുട്ട് കാണുമല്ലോ’ എന്ന് പറഞ്ഞു. എനിക്ക് കാശൊന്നും വേണ്ട സാറേ, എന്റേലുണ്ട് എന്നും പറഞ്ഞ് ഞാനത് തിരിച്ചുകൊടുത്തു. ആ സാർ എന്റെ ചേട്ടനോട് പിന്നീട് പറഞ്ഞത് ‘അവന് ഞാൻ അയ്യായിരം രൂപ കൊടുത്തിട്ട് അവൻ മേടിച്ചില്ല’ എന്നായിരുന്നു. അത് മാത്രമല്ല പ്രതിഷേധത്തിന്റെ ഭാഗമായി ഒരു ധർണ്ണ നടത്തിയിരുന്നു, അത് കഴിഞ്ഞ് ഇതേ ഐ.ജിയെ അദ്ദേഹത്തിന്റെ ഓഫീസിൽ വെച്ച് കണ്ടപ്പോൾ വിനായക് കഞ്ചാവ് വലിക്കുന്ന പയ്യനാണെന്ന് തനിക്ക് അറിയാമെന്നാണ് പി. വിജയൻ ഞങ്ങളോട് പറഞ്ഞത്. എന്ത് വർത്താനമാണ് സാറേ പറയുന്നത് എന്ന് ചോദിച്ചപ്പോഴാണ് അയാൾ പറഞ്ഞത് തിരുത്തിയത്. ഇത് കൂടാതെ തൃശൂർ സ്റ്റേഷനിൽ പോയപ്പോൾ ഒരു പോലീസുകാരൻ എന്നോട് ചോദിച്ചിട്ടുണ്ട്, ‘നിന്റെ മനസ്സിൽ കള്ളത്തരമുണ്ടല്ലോ, നിന്റെ മോൻ മരിച്ചതിൽ നിനക്കും ഒരു പങ്കില്ലേ’ എന്ന്.”
ആഘാതം താങ്ങാനാവാതെ അമ്മയും
വിനായകിന്റെ മരണം ഏറ്റവും കൂടുതൽ ബാധിച്ചത് അമ്മ ഓമനയെയാണ്. മകന്റെ മരണം സൃഷ്ടിച്ച ആഘാതത്തെ തുടർന്ന് രണ്ട് വർഷത്തിന് ശേഷം ഹൃദയാഘാതത്തിൽ അമ്മയും മരണപ്പെട്ടു. മകന്റെ മരണശേഷം ജോലിക്ക് പോലും പോവാൻ സാധിക്കാതെ ഓമന ഒരേയിരുപ്പായിരുന്നുവെന്നാണ് കൃഷ്ണൻ പറയുന്നത്. ആരോടും സംസാരിക്കാതെ, ഭക്ഷണം കഴിക്കാതെ അവൻ ആത്മഹത്യ ചെയ്ത മുറിയിലേക്ക് നോക്കി ഇരിക്കും എന്ന് വിനായകിന്റെ സഹോദരൻ വിഷ്ണുവും ഓർമ്മിക്കുന്നു. അതൊഴിവാക്കാൻ വേണ്ടി ആ മുറി പുതുക്കി പണിഞ്ഞെന്നും വിഷ്ണു പറഞ്ഞു.


“എന്തായാലും എന്റെ കുടുബം നശിച്ചു. ഇളയ മകനും ഭാര്യയും പോയി. ഞാനും മൂത്ത മകനും മാത്രമേയുള്ളൂ. ഞാനൊക്കെ പണിക്ക് പോയി കഴിഞ്ഞാൽ ചിലപ്പൊ പാതിരാത്രിക്കാണ് വീട്ടിലേക്ക് വരുന്നത്. ചെലപ്പൊ നേരം വെളുക്കും. അങ്ങനത്തെ ഒരു പണിയാണ്. അപ്പൊ നമുക്ക് ഒരു ഗ്ലാസ് വെള്ളം എടുത്ത് തരാൻ പോലും ആരുമില്ലാതെയായി. ഭാര്യ മരിച്ചിട്ട് ഇപ്പോൾ അഞ്ച് വർഷമായി. വിനായകിന്റെ മരണം അവളെ മാനസികമായി വളരെയധികം ബാധിച്ചിരുന്നു. അവൻ പോയതിന് ശേഷം ഒരേയിരുപ്പ് തന്നെയായിരുന്നു. ആ സമയത്ത് വാടാനപള്ളിയിൽ ഒരു ഡെന്റൽ ക്ലിനിക്കിൽ ജോലിക്ക് പോയിരുന്നു. വിനായകൻ മരിച്ചതിന് ശേഷം ജോലിക്ക് പോവാനും കഴിഞ്ഞിരുന്നില്ല. വീട്ടിൽ തന്നെയിരുപ്പായി, സുഖമില്ലാണ്ടായി, ഒന്നും ചെയ്യാൻ പറ്റാതെ അങ്ങനെയിരിക്കും. ഇങ്ങനെ വീട്ടിലിരുന്ന് മുഷിയണ്ട ആ ജോലിക്ക് തന്നെ പൊയ്ക്കോ എന്നൊക്കെ ഞാൻ പറഞ്ഞുനോക്കിയിരുന്നു. പക്ഷേ ആൾക്ക് അതിന് കഴിഞ്ഞില്ല. എപ്പോഴും കരച്ചിലായിരുന്നു. പതിനെട്ട് വയസ്സ് വരെ ഒരു മകനെ വളർത്തി പെട്ടെന്നൊരു ദിവസം അവൻ പോയികഴിഞ്ഞാൽ അച്ഛനെക്കാളും അമ്മയ്ക്കാവും ഏറ്റവും കൂടുതൽ വിഷമം. ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്.” കൃഷ്ണൻ പറയുന്നു.
നിറവേറ്റാൻ കഴിയാതെ പോയ സ്വപ്നങ്ങൾ
അനിയന് ഒരു ബ്യൂട്ടീഷ്യൻ ഷോപ്പ് സ്വന്തമായിട്ട് ഇട്ടുകൊടുക്കണം, അവന് ബൈക്ക് വാങ്ങി കൊടുക്കണം, അവൻ സ്നേഹിച്ചിരുന്ന ആ പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരാനുള്ള കാര്യങ്ങൾ ചെയ്യണം, അച്ഛനെയും അമ്മയെയും നല്ല പോലെ നോക്കണം തുടങ്ങി ചെറിയ സ്വപ്നങ്ങൾ നിറവേറ്റാൻ വേണ്ടിയായിരുന്നു വിഷ്ണു ഗൾഫിൽ ജോലിക്ക് പോയത്. അവിടെ ഒരു സർവീസ് സെന്ററിലായിരുന്നു ജോലി. പക്ഷേ വിനായകിന്റെ മരണത്തോടെ വിഷ്ണു അതെല്ലാം ഉപേക്ഷിച്ചു. ഇന്ന് തൃശ്ശൂരുള്ള ഒരു ഫിനാൻസ് സ്ഥാപനത്തിൽ ചെറിയ ശമ്പളത്തിലാണ് വിഷ്ണു ജോലി ചെയ്യുന്നത്. അനിയന് വേണ്ടി കണ്ട സ്വപ്നങ്ങൾ ആ ഇരുപത്തിയെട്ട് വയസുകാരന് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. മരണത്തിന് കാരണക്കാരായ പൊലീസുകാർ ശിക്ഷിക്കപ്പെടണം എന്നതാണ് വിഷ്ണുവിന്റെയും പ്രധാന ആവശ്യം. വിനായകിന്റെയും അമ്മയുടെയും മരണശേഷം കൃത്യമായി ഭക്ഷണം കഴിക്കാൻ പോലും തോന്നാറില്ല എന്നും വിഷ്ണു പറയുന്നു.
“വൈകീട്ട് എല്ലാവരും ജോലി കഴിഞ്ഞ് എത്താൻ ഏഴ് മണിയൊക്കെ ആവും, പിന്നെ ഞങ്ങൾ നാല് പേരും മാത്രമാണ്. ടിവി കണ്ടിരിക്കുക, ഭക്ഷണം കഴിക്കുക അങ്ങനെയാണ് പിന്നെ. അവന് ഒരു നായക്കുട്ടിയുണ്ടായിരുന്നു. അവൻ പറഞ്ഞിട്ട് ഞാൻ മേടിച്ചുകൊണ്ടുവന്നതാണ്. അതിനെ എന്നും രാവിലെ പുഴേൽ കൊണ്ടുപോയി കുളിപ്പിക്കും. വെറുതേയിരിക്കില്ല ആൾ, എന്തേലും ഇങ്ങനെ ചെയ്തോണ്ടിരിക്കണം. ഞാൻ ഗൾഫിൽ പോയത് തന്നെ അവന് വേണ്ടിയിട്ടാണ്. അച്ഛൻ എന്നോട് പറഞ്ഞിരുന്നു അവന് ബ്യൂട്ടീഷ്യന്റെ ഒരു കടയിട്ട് കൊടുക്കാൻ. അപ്പോ അത് ചെയ്യാൻ പ്ലാനുണ്ടായിരുന്നു. അവന് അതല്ലേ ഇഷ്ടം. സലൂൺ എന്നതൊക്കെ അക്കാലത്ത് ട്രെൻഡിംഗ് ആയി വന്ന സമയമാണ്. അവൻ ഇല്ലാതായതിൽ പിന്നെ ഞങ്ങൾ മൂന്ന് പേരും ഇല്ലാണ്ടായി. അവന്റെ വിടവ് നികത്താൻ ഒരിക്കലും കഴിയില്ല.” വിഷ്ണു പറഞ്ഞു.


“അന്ന് അച്ഛന്റെയും അമ്മയുടെയും ഫോണീന്ന് എനിക്ക് കോൾ വന്നു. പൈസ ഇട്ടുകൊടുക്കേണ്ട സമയമായിട്ടുണ്ടായിരുന്നു, അതിനാവും എന്നുകരുതി. ഞാൻ ഉച്ചയ്ക്ക് അങ്ങോട്ട് തിരിച്ചുവിളിച്ചു. അപ്പോഴാണ് ‘ഉണ്ണിയ്ക്ക് വയ്യ നീയൊന്ന് വായോ’ എന്ന് പറയുന്നത്. എന്നെ കാണണം എന്ന് പറഞ്ഞു. എനിക്ക് എന്തോ പന്തികേട് തോന്നി. ഞാൻ അപ്പൊ തന്നെ അച്ഛനെ തിരിച്ചുവിളിച്ചു. അപ്പൊ അച്ഛനാണ് പറഞ്ഞത്… ഗൾഫിൽ നിന്ന് എന്നെ വിട്ടില്ല, അനിയനല്ലേ മരിച്ചത് എന്തിനാണ് പോവുന്നതെന്നാണ് അവർ ചോദിക്കുന്നത്. അവസാനം എനിക്ക് ജോലിയും വേണ്ട ഒന്നും വേണ്ട എന്ന് പറഞ്ഞാണ് അവിടെന്ന് ഇറങ്ങിപോന്നത്. 2017 ജനുവരിയിലാണ് ഞാൻ ഗൾഫിലേക്ക് പോകുന്നത്. അവിടെ ഒരു സർവീസ് സെന്ററിലായിരുന്നു ജോലി. ഇവിടെന്ന് കൊണ്ടുപോയ ആൾ പറ്റിച്ചതാണ്. കണ്ടെയ്നറിന്റെ ബോഗിയിലായിരുന്നു താമസമൊക്കെ. കൊണ്ടുപോകുമ്പോ അങ്ങനെയൊന്നുമല്ല പറഞ്ഞിരുന്നത്. പക്ഷേ അതൊന്നും വീട്ടിൽ അറിയിച്ചിരുന്നില്ല. ഞങ്ങൾ മൂന്ന് വയസ്സിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ, കൂട്ടുകാരെ പോലെയായിരുന്നു. എവിടെ പോയാലും ഒരുമിച്ചേ പോവാറൊള്ളൂ. ഗൾഫിൽ പോയ സമയത്തും എപ്പോഴും എന്നെ വിളിക്കുമായിരുന്നു. മേളത്തിന് കൊട്ടാൻ പോവുമ്പോ രാത്രിയൊക്കെ വിളിക്കും, ഒരുപാട് പ്രതീക്ഷിച്ചിരുന്നു ഞങ്ങൾ. ഞങ്ങളുടെ ജീവിതം ഞങ്ങൾ തന്നെ തീരുമാനിക്കുന്ന തരത്തിലായിരുന്നു മുന്നോട്ട് പോയിരുന്നത്. സത്യം പറഞ്ഞാൽ ഞങ്ങൾ കൊറേ മനകോട്ട കെട്ടിയിരുന്നു. അവൻ പോയതോട് കൂടി ഞങ്ങൾ ഒന്നുമല്ലാതെയായി. മൊത്തം കയ്യീന്ന് പോയി. വീട്ടിലേക്ക് കേറാൻ തോന്നാറില്ല. അമ്മയും ഉറങ്ങാതെ കൊറേ കാലമിരുന്നു, അവനെ കുറിച്ച് ആലോചിച്ച് ആലോചിച്ചാണ് അമ്മയ്ക്ക് അറ്റാക്ക് വന്നത്. താനും അച്ഛനും ഇങ്ങനെ ജീവിക്കുന്നുണ്ടെന്ന് മാത്രമെയുള്ളൂ.” വിഷ്ണു സങ്കടത്തോടെ അവരുടെ അവസ്ഥ വിശദീകരിച്ചു.


“അച്ഛന് രാത്രിയിൽ ഉറക്കമില്ല. വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് ജീവിതം കടന്നുപോവുന്നത്. ഇവന്റെ കേസിൽ മാത്രമാണ് ഇനിയുള്ള പ്രതീക്ഷ. ഈ കേസ് ഞങ്ങളുടെ കൈവിട്ട് പോയതായിരുന്നു. ഞങ്ങളുടെ വീട്ടിൽ ജനത്തിരക്കായിരുന്നു ആ സമയത്ത്. ഓരോരുത്തരും വരും, അവർ പറയുന്നിടത്ത് പോണം, ഒരു കൂട്ടർക്ക് ഇഷ്ടമില്ലാത്ത സ്ഥലത്ത് പോയാൽ മറ്റവർക്ക് പറ്റില്ല. അവസാനം അവര് തമ്മിൽ അടിച്ച് പിരിഞ്ഞ് ഞങ്ങൾ മാത്രം ഒറ്റയ്ക്കായി. മുടി മുറിക്കാൻ പറഞ്ഞതിന് യുവാവ് ആത്മഹത്യ ചെയ്തു എന്നാണ് ഇവിടുത്തെ മാധ്യമങ്ങൾ ആദ്യം വാർത്തകൊടുത്തത്. ഞങ്ങൾ വിളിച്ച് അത് ചോദ്യം ചെയ്തപ്പോഴാണ് തിരുത്തിയത്. ഷൈജു ഏട്ടന്റെ ഒറ്റ തീരുമാനത്തിലാണ് ഈ കേസ് ഇന്നിവിടെ വരെ എത്തിയത്. നിങ്ങൾ എന്റെ കൂടെ നിൽക്കുമോ എന്ന ഷൈജു ഏട്ടന്റെ ഒറ്റ ചോദ്യത്തിന്റെ ഫലമാണ് ഇതെല്ലാം. ലോകായുക്തയിൽ പോകണ്ടാ എന്ന് ഷൈജു ഏട്ടൻ പറഞ്ഞിരുന്നു. അന്ന് പക്ഷേ നമുക്ക് അതിനെ കുറിച്ച് അറിയില്ലായിരുന്നു. ഒരുപാട് നന്ദിയുണ്ട് ആളോട്. അവസാനം വരെ ഞങ്ങൾ പോരാടുക തന്നെ ചെയ്യും. മുൻപുണ്ടായിരുന്ന സുരേഷ്കുമാർ എന്ന അഡ്വക്കേറ്റിന് ഓരോ മാസവും പതിനായിരം രൂപയാണ് കൊടുത്തത്. അയാൾ ഒന്നും ചെയ്തില്ല. ഒരു ദിവസം അയാളുടെ ഓഫീസിൽ ഇരുന്ന് കൊറേ ചർച്ച ചെയ്തതിന് ശേഷം കേസ് തീർന്നു എന്നാണ് അയാൾ പറഞ്ഞത്.” വിഷ്ണു പറയുന്നു.
നീതി വൈകിപ്പിക്കുന്ന വ്യവസ്ഥിതി
ഏഴ് വർഷം നീണ്ട കേസിന്റെ നാൾവഴികളെ കുറിച്ചും കേസിന്റെ ഓരോ ഘട്ടത്തിലും അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയെ കുറിച്ചും കേസിന്റെ തുടക്കം മുതൽ വിനായകിന്റെ കുടുംബത്തിനൊപ്പമുണ്ടായിരുന്ന ദലിത് സമുദായ മുന്നണി (DSM) സംസ്ഥാന കമ്മറ്റിയംഗം ഷൈജു വാടാനപ്പള്ളി വിശദമാക്കുന്നു. “കേസിന്റെ തുടക്കത്തിൽ ലോകായുക്തയിൽ പോവുന്നതിനൊപ്പം മനുഷ്യാവകാശ കമ്മീഷൻ, പട്ടികജാതി കമ്മീഷൻ തുടങ്ങിയവയിലെല്ലാം പരാതി നൽകിയിരുന്നു. പല രാഷ്ട്രീയ നേതൃത്വങ്ങൾ തുടക്കസമയത്ത് കേസിൽ ഇടപെട്ടെങ്കിലും കേസിന്റെ മെറിറ്റിലേക്ക് പോവാൻ അവരാരും തയ്യാറായിരുന്നില്ല. നമ്മൾ ആ സമയത്ത് ജസ്റ്റിസ് ഫോർ വിനായകൻ എന്ന ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരുന്നു. അന്ന് കേസുമായി ബന്ധപ്പെട്ട് നമുക്ക് അതിൽ അധികം ഇടപെടാൻ സാധിച്ചിരുന്നില്ല. ലോകായുക്തയിൽ പോയിരുന്ന സമയത്ത് നമ്മൾ എസ്.പിക്ക് ഒരു പരാതി കൊടുത്തിരുന്നു. 306 ചേർക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു ആ പരാതി നൽകിയത്. മുഖ്യമന്ത്രി, പ്രധാനമന്ത്രി, ബാലവകാശ കമ്മീഷൻ, വകുപ്പ് മന്ത്രി തുടങ്ങിയവർക്കൊക്കെ ആക്ഷൻ കൗൺസിലിന്റെ ഭാഗമായി പരാതി സമർപ്പിച്ചിരുന്നു. വിവിധ സമര പരിപാടികളും നടത്തി. തിരുവോണ നാളിൽ തൃശ്ശൂർ കോർപ്പറേഷന് മുന്നിൽ വിനായകിന് നീതി ഉറപ്പാക്കുക, വിനായകിനെ മർദ്ദിച്ച പൊലീസുകാരെ അറസ്റ്റ് ചെയ്യുക, വിനായകിന്റെ കുടുംബത്തിന് കേരള സർക്കാർ 50 ലക്ഷം രൂപ ധനസഹായം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഉപവാസം നടത്തി.”
ലോകായുക്തയിൽ പ്രതികളെ സഹായിക്കുന്ന രീതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഫിറോസ് എം. ഷഫീഖിന്റെ ഇടപെടലുകൾ നടന്നതെന്ന് ഷൈജു വാടാനപ്പള്ളി സംശയം ഉന്നയിക്കുന്നു. അത്തരമൊരു വിമർശനം വന്നതോടെ ഫിറോസ് എം. ഷഫീഖിനെ ആ സ്ഥാനത്ത് നിന്നും മാറ്റുകയും പകരം തങ്ങളോട് ആലോചിച്ച് എസ്.പി ഉണ്ണിരാജനെ നിയമിച്ചുവെന്നും, ഉണ്ണിരാജൻ വന്നതിന് ശേഷമാണ് പട്ടികജാതി അതിക്രമ നിരോധന നിയമത്തിന്റെ വകുപ്പ് കേസിൽ വരുന്നതെന്നും ഷൈജു വാടാനപ്പിള്ളി പറയുന്നു. “അതുവരെ നിസാരമായ ചെറിയ വകുപ്പുകൾ മാത്രമാണ് ഇട്ടിരുന്നത്. പക്ഷേ പ്രതികളായ പൊലീസുകാർക്ക് അതിന് മുൻപ് ജില്ലാ കോടതിയിൽ നിന്നും ജാമ്യം കിട്ടുകയും, അവരെ സർവീസിൽ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. കുറ്റപത്രം സമർപ്പിച്ചെങ്കിലും പിന്നീട് വളരെ മന്ദഗതിയിലാണ് കേസ് പോയത്. ദേശീയ പട്ടികജാതി കമ്മീഷൻ ഇടപ്പെട്ടതിനെ തുടർന്നാണ് വിനായകിന്റെ കുടുംബത്തിന് ധനസഹായത്തിന്റെ ആദ്യ ഗഡു കൊടുക്കാനും കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ സർവീസിൽ ജോലി കൊടുക്കാനും ഉത്തരവായത്. ആദ്യ കുറ്റപത്രത്തിലുണ്ടായിരുന്നത് വളരെ ദുർബലമായ വകുപ്പുകളാണെന്നും അതുകൊണ്ട് തന്നെ ധനസഹായം തന്നത് തിരിച്ചുതരേണ്ടി വരുമെന്നും വിനായകിന്റെ കുടുംബത്തോട് അധികാരികൾ പറയുകയുണ്ടായി. സഹോദരന് ജോലി ലഭിക്കേണ്ടത് നഷ്ടപ്പെടുമെന്ന അവസ്ഥ വരെ വന്നു, അത്തരത്തിൽ ദുർബലമായ കുറ്റപത്രം കൊണ്ടും അധികാരികളുടെ അനാവസ്ഥ കൊണ്ടും ഇല്ലാതെയാവേണ്ട ഒരു കേസായിരുന്നു വിനായകിന്റേത് എന്ന് ഷൈജു പറയുന്നു.
“മകളുടെ അസുഖവുമായി ബന്ധപ്പെട്ട് ഒരു ഒന്നര വർഷം എനിക്ക് ഇതിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നിരുന്നു. അതുകഴിഞ്ഞ് തിരിച്ചുവന്നതിന് ശേഷമാണ് വീണ്ടും പഴയ ആക്ഷൻ കൗൺസിലിന്റെ ആളുകളെയെല്ലാം സമീപിക്കുകയും, കേസ് തോറ്റാലും ജയിച്ചാലും വിനായകിന്റെ കുടുംബത്തോടൊപ്പം നിൽക്കേണ്ടതുണ്ട് അത് നമ്മുടെ ഉത്തരവാദിത്തമാണ് എന്ന തീരുമാനത്തിലെത്തുകയും ചെയ്യുന്നത്. കുറേ ആളുകൾ പ്രത്യേകിച്ച് താല്പര്യമൊന്നും കാണിച്ചില്ലെങ്കിലും ദലിത് സമുദായ മുന്നണിയുടെ നേതൃത്വത്തിൽ ചർച്ച നടത്തുകയും നമ്മൾ കുടുംബത്തോടൊപ്പം തന്നെ നിൽക്കുകയും ചെയ്തു. അങ്ങനെയാണ് പുതിയൊരു വക്കീലിനെ പോയി കാണുന്നതും കേസ് വിശദമായി പഠിച്ചതിന് ശേഷം അദ്ദേഹം മുഖ്യമന്ത്രിക്ക് കൊടുക്കാനായി ഒരു പരാതി തയ്യാറാക്കി നൽകുകയും ചെയ്തത്. മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ നമുക്ക് മറുപടി വരുന്നത് കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നാണ്. പി.എ ഉല്ലാസ് ആണ് കേസുമായി ബന്ധപ്പെട്ട് അവസാനമായി കുറ്റപത്രം കൊടുത്തത്. ഈ ഉല്ലാസിന്റെ അന്വേഷണത്തിൽ നമ്മൾ തൃപ്തരെല്ലെന്നും പ്രതികളായ പൊലീസുകാരെ അയാൾ സംരക്ഷിക്കുന്നുവെന്നും കാണിച്ചാണ് മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുന്നത്. പക്ഷേ മറുപടി കിട്ടുന്നത് ഇതേ ഉല്ലാസിൽ നിന്നാണ്. താൻ ഈ കേസ് സത്യസന്ധമായി അന്വേഷിച്ചുവെന്നും ഞങ്ങൾ ഉന്നയിച്ച കാര്യങ്ങൾ ഇതിൽ നിലനിൽക്കില്ലെന്നുമാണ് അയാൾ അതിന് മറുപടി തന്നത്.” ഈ മറുപടിയുമായാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും തുടർന്ന് ഹൈക്കോടതിയിലെ വാദത്തിന് ശേഷം വിചാരണക്കോടതിയിലെ കേസിന്റെ തുടർ നടപടികൾ നിർത്തിവെയ്ക്കാൻ ഉത്തരവ് ലഭിച്ചുവെന്നും ഷൈജു വാടാനപ്പള്ളി പറഞ്ഞു.


“വിനായകിന്റെ അച്ഛന്റെ ആവശ്യങ്ങൾ പരിഗണിക്കുന്ന രീതിയിലുള്ള നടപടികൾ അവിടെ നിന്ന് ഉണ്ടാവണമെന്നും പുതിയ കോടതി ഉത്തരവിൽ സൂചിപ്പിക്കുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് എസ്.സി/ എസ്.ടി കോടതിയിൽ വാദം നടക്കുന്നതും 2024 ജനുവരി 24 ന് തുടരന്വേഷണം നടത്താൻ കോടതിയിൽ നിന്നും ഓർഡർ വരുന്നതും. രണ്ട് മാസത്തിന് ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്ന് പറഞ്ഞിട്ട് ആറ് മാസം കഴിഞ്ഞാണ് റിപ്പോർട്ട് കൊടുക്കുന്നത്. അവിടെയും അന്വേഷണ ഉദ്യോഗസ്ഥന്റെ ഇടപെടലുകൾ കാണാൻ കഴിയും. വിനായകിന്റെ കൂടെയുണ്ടായിരുന്ന പെൺകുട്ടി, സ്റ്റേഷനിൽ വെച്ച് മർദ്ദനമേറ്റ ശരത്ത് എന്നിവരൊക്കെ ഉണ്ടായിട്ടും പ്രധാനപ്പെട്ട സാക്ഷി മൊഴികളിൽ നിന്നും വ്യതിചലിച്ചുകൊണ്ട് 16, 17 സാക്ഷികളെ ക്വോട്ട് ചെയ്തുകൊണ്ടാണ് റിപ്പോർട്ട് സമർപ്പിച്ചത്. അതുകൊണ്ട് തന്നെ 306 നിലനിലക്കില്ലെന്ന നിഗമനത്തിലേക്കാണ് അത് കൊണ്ടുചെന്നത്തിച്ചത്. അതിനെത്തുടർന്ന് വീണ്ടും കോടതിയിൽ വാദം നടത്തിയതിന്റെ ഭാഗമായിട്ടാണ് 2024 ഡിസംബർ 12 ന് പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുക്കുവാൻ എസ്.സി/ എസ്.ടി കോടതി ഉത്തരവിട്ടത്. ഒരു വർഷത്തോളം ഇതിന് വേണ്ടി മാത്രം പോരാടി.” ഷൈജു വാടാനപ്പള്ളി വിശദമാക്കി.


കുറ്റവും കുറ്റവാളികളും ശിക്ഷയും
കേരള പൊലീസ് എന്നല്ല ഇന്ത്യൻ പൊലീസ് സംവിധാനം തന്നെ ജനങ്ങൾക്കിടയിൽ ഭീതി പരത്തുന്ന, വ്യാപകമായ അടിച്ചമർത്തൽ നടത്താനുള്ള ഒരു സ്ഥാപനമായിട്ടാണ് നിലനിൽക്കുന്നതെന്നാണ് സാമൂഹിക നിരീക്ഷകനും ദലിത് സമുദായ മുന്നണി ചെയർമാനുമായ സണ്ണി എം. കപിക്കാട് പറയുന്നത്. ഇന്ത്യയിലെ പൊലീസ് സേന കൊളോണിയൽ കാലഘട്ടത്തിന്റെ സ്വാഭാവികമായ ഒരു തുടർച്ചയാണെന്നും അതിൽ കാര്യമായ പരിഷ്കരണം നടത്താൻ 75 വർഷം കഴിഞ്ഞിട്ടും ഇന്ത്യാ ഗവണ്മെന്റ് കാര്യമായി ശ്രമിച്ചിട്ടില്ലെന്നും സണ്ണി എം. കപ്പിക്കാട് നിരീക്ഷിക്കുന്നു. “ഇന്ത്യയിലെ മനുഷ്യർ അവരുടെ പരമ്പരാഗത ജീവിത മൂല്യങ്ങളിലും ധാർമ്മികതയിലുമാണ് ജീവിക്കുന്നത്. അതല്ലാതെ ഭരണഘടന വിഭാവനം ചെയ്ത നിയമ ചട്ടക്കൂടിനകത്തല്ല അവരുടെ ജീവിതം മുന്നോട്ട് പോകുന്നത്. കുറച്ചുകൂടി സൂക്ഷ്മമായും അടുത്ത് നിന്നും ഒരു പരിഷ്കരണം നടത്താനുള്ള ഉത്തരവാദിത്വം യഥാർത്ഥത്തിൽ ഗവണ്മെന്റിനുണ്ട്. പൊലീസിന് ട്രെയ്നിങ്ങ് കൊടുക്കുന്ന സ്ഥാപനങ്ങൾ ഇവിടെയുണ്ട്. എന്താണ് ഇവർക്ക് കൊടുക്കുന്ന ട്രെയ്നിങ്ങ് എന്നത് ദുരൂഹമാണ്. പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ പോയതിലും മോശം വീക്ഷണവുമായാണ് ഒരു ഉദ്യോഗസ്ഥനായി തിരിച്ചുവരുന്നത്. പുറത്തുള്ളവരെല്ലാം ക്രിമിനൽസും പ്രശ്നക്കാരുമാണെന്നും അവരെയെല്ലാം കൈകാര്യം ചെയ്യേണ്ടതാണെന്നുമുള്ള ധാരണയിലാണ് അവർ അവരുടെ ഡ്യൂട്ടി ചെയ്യുന്നത്. ഇന്ത്യൻ ശിക്ഷാനിയമമനുസരിച്ച് ഇന്ത്യൻ കോടതികൾ നിലവിൽ വന്ന് ഒരു പൊതു നിയമമുണ്ടായി വരുന്നതിന് മുൻപ് നിലനിന്നിരുന്ന നിയമവ്യവസ്ഥ ജാതിശ്രേണിയിലധിഷ്ഠിതമായിരുന്നു. ഒരു കുറ്റത്തിന് എല്ലാവർക്കും ഒരേ ശിക്ഷ എന്നൊരു നിയമം പുരാതന ഇന്ത്യയിലുണ്ടായിരുന്നില്ല. കുറ്റം വർണ്ണത്തിലാരാണ് ചെയ്യുന്നത്, ജാതിയിലാരാണ് ചെയ്യുന്നത് എന്ന് നോക്കിയാണ് ശിക്ഷ വിധിക്കുന്നത്. ഒരു ബ്രാഹ്മണൻ ഒരു സാഹചര്യത്തിൽ കൊലപാതകം ചെയ്താൽ പോലും വധശിക്ഷയ്ക്ക് വിധിക്കാൻ പാടില്ല എന്ന വ്യവസ്ഥയുള്ള ഒരു രാജ്യമായിരുന്നു ഇന്ത്യ. അതിലൊരു പരിഷ്കരണം നടത്തുക എന്നത് ഏറെ ശ്രദ്ധയോടെയും സമഗ്രതയോടെയും സമീപിക്കേണ്ട ഒരു കാര്യമാണെങ്കിലും ഇന്ത്യൻ പൊലീസ് സംവിധാനം അങ്ങനെ മെനക്കെട്ടിട്ടില്ല, ഈ കാര്യത്തിൽ അടിസ്ഥാനപരമായി ഒരു മാറ്റം വരുത്തണമെന്ന് തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്കകത്തെ ശിക്ഷാവിധികളുടെ പ്രയോഗത്തിൽ പല മുൻവിധികളും കടന്നുവരുന്നുണ്ട്. അതിലൊന്ന് ഉയർന്ന ജാതിക്കാർ താരതമ്യേന മെച്ചപ്പെട്ട മനുഷ്യരാണെന്നും അവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ല എന്നൊരു അന്ധവിശ്വസം നമ്മുടെ സമൂഹത്തിനുണ്ട്. അത് ക്രിമിനോളജിയുടെ അടിസ്ഥാനത്തിൽ മാത്രമല്ല, നമ്മുടെ സോഷ്യൽ എത്തിക്സിന്റെ അടിസ്ഥാനത്തിൽ നോക്കിയാലും ഉന്നതകുലജാതർ എന്ന് വിളിക്കപ്പെടുന്ന മനുഷ്യർ മെച്ചപ്പെട്ടവരാണെന്ന അന്ധവിശ്വാസം സമൂഹത്തിലുണ്ട്.” സണ്ണി എം കപിക്കാട് പറയുന്നു.


പൊലീസ് സേനയും ഈ മുൻവിധിയിൽ നിന്ന് മുക്തരല്ലെന്ന് സണ്ണി എം കപിക്കാട് കൂട്ടിചേർക്കുന്നു. ഇത്തരം മുൻവിധി നിലനിൽക്കുന്നതുകൊണ്ട് തന്നെ എപ്പോഴും കുറ്റവാളികളായ സവർണ്ണർ രക്ഷപ്പെടുകയും കീഴ്ത്തട്ട് മനുഷ്യർ പൊലീസ് ഭീകരതയ്ക്കും മർദ്ദനത്തിനും വിധേയരാവുകയും ചെയ്യുന്ന സ്ഥിതി വിശേഷം ഇന്ത്യയിലൊന്നാകെയുണ്ട്. “ലോകത്തിൽ തന്നെ പൊലീസിന്റെ ഇടപെടലുകൾക്ക് റേസിസ്റ്റായ, കാസ്റ്റിസ്റ്റായ, ജെൻഡർ ജസ്റ്റിസുമായി ബന്ധപ്പെട്ട വിവേചനങ്ങളുണ്ട്. ഈയൊരു പശ്ചാത്തലത്തിൽ വേണം നമ്മൾ വിനായകിന്റെ കേസിനെ പരിശോധിക്കാൻ. എന്നാൽ മാത്രമേ എന്തുകൊണ്ടാണ് വെറുതെ നിന്ന വിനായക് പ്രതിയായി മാറുന്നതെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കൂ. അവിടെ ഏതോ ഒരു മാല മോഷണം പോയി എന്നാണ് പറയുന്നത്. മാല മോഷണം പോയാൽ പ്രതികളെ കണ്ടുപിടിക്കേണ്ടത് പൊലീസിന്റെ ജോലിയാണ്. അല്ലാതെ വഴിയിൽ നിൽക്കുന്നവനെ ഭീകരമായി മർദ്ദിക്കുകയല്ല ചെയ്യേണ്ടത്. ഇങ്ങനെ മർദ്ദിക്കുന്നതൊരു കുറ്റകൃത്യമാണെന്ന് പൊതുസമൂഹത്തിനും തോന്നില്ല. ഈ പൊലീസുകാർക്ക് ഇവനായിരിക്കാം എന്ന് തോന്നിയത് എന്തുകൊണ്ടാണ്? അവൻ മെലിഞ്ഞ ഒരു പയ്യനാണ്, കറുത്ത ഒരു പയ്യനാണ്, അവൻ വലിയ സാമ്പത്തികമുള്ള വീട്ടിൽ നിന്നും വരുന്നവനല്ല. ഈ മൂന്ന് കാരണം മതി പൊലീസിന് അവനാണ് കുറ്റവാളിയെന്ന് ഉറപ്പിക്കാൻ. കറുത്തിരിക്കുക, പൈസായില്ലാതെയിരിക്കുക, കോളനികളിൽ ജീവിക്കുക ഈ മൂന്ന് കാരണം മാത്രം മതിയവർക്ക്. ഇങ്ങനെയുള്ള മുൻവിധി ഇന്ത്യൻ സിസ്റ്റത്തിനകത്തുള്ളതും ജാതിയുമായി നേരിട്ട് ബന്ധമുള്ളതും സമൂഹത്തിന്റെ പലവിധ മുൻവിധികളുമായി കൂടികുഴഞ്ഞ ഒരു സ്ഥിതിയിലുമാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച് 24 മണിക്കൂറിനുള്ളിൽ ഒരാൾ ആത്മഹത്യ ചെയ്താൽ സ്വാഭാവികമായും പൊലീസ് പ്രതിയാണ്. പക്ഷേ അത് ഇവിടെ വർക്ക് ആവുന്നില്ല. അതിന് കാരണം വിനായക് ഒരു ദലിതനാണ്, പാവപ്പെട്ടവനാണ് എന്നുള്ളതുകൊണ്ടാണ്. മറിച്ചായിരുന്നെങ്കിൽ കേരളത്തിലെ നിയമ വിദഗ്ദരൊക്കെ വന്നേനെ, വിനായകിന് വേണ്ടി ആരും രംഗത്ത് വന്നില്ല.” സണ്ണി എം കപിക്കാട് ചൂണ്ടിക്കാട്ടുന്നു.


“ആത്മഹത്യ പൊലീസ് അന്വേഷിക്കുന്നു, ഇവനെ മർദ്ദിച്ച പൊലീസുകാർക്ക് അതിൽ പങ്കില്ലെന്ന് റിപ്പോർട്ട് സമർപ്പിക്കുന്നു. ആ റിപ്പോർട്ട് സംശയാസ്പദമാണെന്ന് പോലും ഒരു മേലുദ്യോഗസ്ഥന് തോന്നുന്നില്ല. അങ്ങനെ തോന്നാതിരിക്കുന്നത് പൊലീസുകാരെ രക്ഷിക്കാൻ വേണ്ടി മാത്രമാണ്. കേരളത്തിലെ സവർണ്ണ, സമ്പന്ന വിഭാഗങ്ങൾ ആക്രമണത്തിനോ മറ്റോ വിധേയമായപ്പോൾ പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി നേരിട്ട് ഇടപെട്ട് പ്രതികളായ പൊലീസുകാരെ ശിക്ഷിച്ച ചരിത്രം കേരളത്തിനുണ്ട്. വിനായകിന്റെ കാര്യത്തിൽ അതുണ്ടാവുന്നില്ല. പൊലീസ് സംവിധാനത്തിൽ ജാതി മുൻവിധികൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഈ കേസിൽ കാണാൻ കഴിയും.” സണ്ണി എം കപിക്കാട് പറയുന്നു.
ഇനിയും വൈകുമോ നീതി?
കസ്റ്റഡി കൊലപാതകങ്ങളും പൊലീസ് ഭീകരതയും പതിവ് കാഴ്ചയാവുന്ന കേരളത്തിൽ നിന്നുകൊണ്ട് ഒരച്ഛൻ തന്റെ മകന്റെ നീതിക്ക് വേണ്ടി നടത്തിയ സന്ധിയില്ലാ പോരാട്ടത്തിന്റെ ഫലമാണ് വൈകിയാണെങ്കിലും പ്രതികളായ പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി കേസെടുക്കാൻ വന്ന ഉത്തരവ്. 2025 ജനുവരി 29 ന് വിനായകിന്റെ കുടുംബത്തിന് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് ദലിത് സമുദായ മുന്നണി തൃശൂർ കളക്ട്രേറ്റിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചിരുന്നു. വിനായക് കേസിൽ പ്രതികളായ സാജൻ, ശ്രീജിത്ത് എന്നീ പൊലീസുകാരെ സർവീസിൽ നിന്നും പുറത്താക്കുക, വിനായകിന്റെ കുടുംബത്തിന് അർഹമായ സമാശ്വാസത്തുക അനുവദിക്കുക, വിനായകിന്റെ സഹോദരൻ വിഷ്ണുവിന് സർക്കാർ സർവീസിൽ ജോലി നൽകുക, കേസ് നടത്തിപ്പിലേക്ക് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുക എന്നീ ആവശ്യങ്ങളാണ് സമരം മുന്നോട്ടുവയ്ക്കുന്നത്. ക്രിമിനൽ മനോഭാവവും ജാതിവെറിയും വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും പുലർത്തുന്ന പോലീസുകാർ കസ്റ്റഡി മർദ്ദനത്തിലൂടെ ഇല്ലാതെയാക്കുന്നത് ഒരുപാട് മനുഷ്യരുടെ ജീവിതവും സ്വപ്നങ്ങളുമാണ്. പഴുതുകളില്ലാതെ തുടരന്വേഷണം നടത്തി കുറ്റക്കാരായ സാജൻ, ശ്രീജിത്ത് എന്നീ പൊലീസുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ നൽകുക എന്നത് മാത്രമാണ് വിനായകിന്റെ കേസിലെ നീതി.