‘വൃത്തി’കെട്ട ക്വിയർ ശരീരങ്ങളുടെ ഡേറ്റിങ് ജീവിതം

“Caste taught me everything I knew about sexuality. When I first saw your gorgeous, luminous smile on my phone, I knew that my desire had already been fixed by caste. I had been trained to know what good looks are (Brahmin), what good queerness is (English-speaking), and what attractive background is (urban rich). You were casteless because you had all of these.”- Dhrubo Jyoti

ജാതി കൊണ്ട് തകർക്കപ്പെട്ട നമ്മുടെ ഹൃദയങ്ങളെ സ്നേഹം കൊണ്ട് ഒരുമിപ്പിക്കാനാകില്ലെന്ന് ധ്രുബോ ജ്യോതി എഴുതുന്നുണ്ട്. ഒരുമിച്ച് കിടക്കുമ്പോൾ എന്റെ ജാതി നിങ്ങൾക്കറിയാമെങ്കിൽ നിങ്ങൾ എന്റെ ശരീരത്തിൽ നിന്ന് എത്രമാത്രം പിന്മാറുമെന്നും ധ്രുബോ ചിന്തിക്കുന്നു.

രണ്ട് വർഷം മുന്നേ ഡേറ്റിങ് ആപ്പിൽ പരിചയപ്പെട്ട ഒരു വ്യക്തിയ്ക്ക് ഫോട്ടോ അയച്ചുകൊടുത്തപ്പോൾ ‘നിനക്ക് വൃത്തിയില്ലെന്ന’ മറുപടിയാണ് എനിക്ക് നേരിടേണ്ടിവന്നത്. ഞാൻ രണ്ട് നേരവും കുളിക്കാറുണ്ടായിരുന്നു. എന്നിട്ടും അയാൾ എനിക്ക് വൃത്തിയില്ലെന്ന് പറഞ്ഞു. ഞാൻ കറുത്തിട്ടായിരുന്നു. നിലനിൽക്കുന്ന സൗന്ദര്യസങ്കൽപ്പങ്ങളോട് തട്ടിച്ചുനോക്കിയാൽ യാതൊരു മൂല്യവുമില്ലാത്ത ശരീരം. ഈ അനുഭവം എന്റെ ശരീരത്തിന്റെ സങ്കീർണ്ണതകളെ തിരിച്ചറിയാനേറെ സഹായിക്കുകയുണ്ടായി. ഡേറ്റിങ്ങ് അപ്പുകളിൽ ‘കറുപ്പ്’ ഒട്ടും സ്വീകാര്യമല്ലാത്ത നിറമാകുന്നുണ്ട്. നിങ്ങളുടെ ടാപ്പുകളും നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ വിരൽ നീക്കുകയെന്നതും നിങ്ങളുടെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ശരീരത്തിന്റെ നിറവും ശേഷീപരതയുമെല്ലാം നിർണ്ണയിക്കുന്നുണ്ട്

ധ്രുബോ ജ്യോതി

ആദ്യമായി ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈലുണ്ടാക്കി ഡേറ്റിങ് ലോകത്തേക്ക് പ്രവേശിക്കുമ്പോൾ എന്റെ ദലിത് സുഹൃത്ത് വ്യാജമായ പേരിനൊപ്പം ഒരു മേൽജാതിവാൽ കൂട്ടിചേർത്തിരുന്നു. ശരീരവും മുഖവും ഓണലൈൻ ലോകത്തിലൂടെ ബ്രൗസ് ചെയ്യുമ്പോൾ ഉപേക്ഷിക്കാനായെങ്കിലും ‘ജാതി’ അവന് ഉപേക്ഷിക്കാനായില്ല. മേൽജാതിവാൽ പേരിനൊപ്പം ചേർക്കുന്നതിലൂടെ വിർച്വൽ ഇടങ്ങളിൽപ്പോലും ലഭിക്കുന്ന സ്വീകാര്യതയെ കുറിച്ച് അവന് അറിയാമായിരുന്നു. ‘ഇന്ത്യയിൽ ലൈംഗികത വിപണനം ചെയ്യാനായുള്ള കറൻസിയാണ് ജാതി’യെന്ന് ധ്രുബോ എഴുതുന്നുണ്ട്.

‘ഡേറ്റിങ്’ തീർച്ചയായും എല്ലാ മനുഷ്യർക്കും ഒരേ അനുഭവമല്ല വാഗ്ദാനം ചെയ്യുന്നതെന്ന് വെളിപ്പെടുത്താനുള്ള ശ്രമമായാണ് ഈ ലേഖനം നിലനിൽക്കുന്നത്. വ്യക്തിപരമായ ചില അനുഭവങ്ങളും ദലിത്-ബഹുജൻ-ഡിസേബിൾഡ് പരിസരങ്ങളിൽ നിന്നുമുള്ള സുഹൃത്തുക്കളുമായുള്ള പല സമയങ്ങളിലായുണ്ടായ സംസാരങ്ങളും ഈ ലേഖനത്തിന് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ‘ഡേറ്റിങ് ലൈക്ക് സവർണ്ണ’ എന്ന തലക്കെട്ടിൽ സ്വാഡിലിൽ പ്രസിദ്ധീകരിച്ച രവികാന്ദ് കിസാനയുടെ ലേഖനം ഇങ്ങനെയൊരു വിഷയത്തെ കുറിച്ചെഴുതാൻ പ്രചോദനമായിട്ടുണ്ട്.

രവികാന്ദ് കിസാന

ഡേറ്റിങ് ആപ്പിൽ സ്ഥിരമായി കേൾക്കേണ്ടിവന്ന ഒരു പഴിയെന്ന രീതിയിലാണ് വൃത്തികെട്ട ശരീരങ്ങളെന്ന് ലേഖനത്തിൽ ഉപയോഗിക്കുന്നത്. ഇന്ത്യൻ സാഹചര്യത്തിൽ ‘വൃത്തി’ ജാതിശുദ്ധിയുമായി ബന്ധപ്പെട്ടതാണ്. ‘വൃത്തി’കെട്ട ശരീരങ്ങൾ ശരീരത്തിന്റെ ജാതിശുദ്ധിയെ ചോദ്യംചെയ്യുന്ന ശരീരങ്ങളാണ്. അധീശ സൗന്ദര്യ സങ്കല്പങ്ങളെയും മാനകങ്ങളെയും വൃത്തികെട്ട ശരീരങ്ങൾ പ്രതിസന്ധിയിലാഴ്ത്തുന്നു. ഈ മട്ടിൽ രാഷ്ട്രീയമായ ഊന്നലുകളോടെയാണ് ‘വൃത്തി’കെട്ട ശരീരങ്ങളെന്ന് ലേഖനത്തിൽ ഉപയോഗിക്കുന്നത്.

ഗ്രൈൻഡർ, ടിൻഡർ, ബ്ലൂഡ് തുടങ്ങിയ ഡേറ്റിങ് ആപ്പുകളിൽ നിന്നുണ്ടായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം എഴുതുന്നത്.

ഗ്രൈൻഡറും സ്വവർഗ്ഗ (ലൈംഗിക) സംസ്ക്കാരവും

ക്വിയർ വ്യക്തികൾക്കായുള്ള ഡേറ്റിംഗ് അപ്ലിക്കേഷനാണ് ഗ്രൈൻഡർ. വ്യക്തിഗത പ്രൊഫൈലുകൾ സൃഷ്ടിക്കാനും ജി.പി.എസ് സൗകര്യം പ്രയോജനപ്പെടുത്തി തൊട്ടടുത്ത പ്രദേശങ്ങളിലുള്ള വ്യക്തികളെ പരിചയപ്പെടാനും ഗ്രൈൻഡർ അനുവദിക്കുന്നു. ഫിൽട്ടർ ക്രമീകരണത്തെ ആശ്രയിച്ച് സമീപത്തുള്ളതും വിദൂരവുമായ പ്രൊഫൈലുകൾ കാണാൻ സാധിക്കുന്നതാണ്. വ്യക്തികൾ തമ്മിൽ ടാപ്പുചെയ്യാനും, ചാറ്റുചെയ്യാനും, ചിത്രങ്ങൾ അയയ്ക്കാനും, വീഡിയോ കോൾ ചെയ്യാനും, കൃത്യമായ ലൊക്കേഷൻ പങ്കിടാനുമുള്ള ഓപ്‌ഷനിതിലുണ്ട്.

ഗ്രൈൻഡർ

ഗ്രൈൻഡറിന് മുന്നേ പ്ലാനറ്റ് റോമിയോ, ബ്ലൂഡ് തുടങ്ങിയ ഡേറ്റിങ് ആപ്പുകളാണ് സജീവമായിരുന്നത്. ഗ്രൈൻഡറിന്റെ വലിയ തോതിലുള്ള പ്രചാരത്തിന് മുന്നേ, ഫേസ്‌ബുക്കിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ചാണ് ക്വിയർ വ്യക്തികൾ പരസ്പരം ബന്ധപ്പെട്ടിരുന്നത്. ഉൾപ്രദേശങ്ങളിൽ വരെ ഉപഭോക്താക്കളുള്ള വിധം കഴിഞ്ഞ വർഷങ്ങളായി ഗ്രൈൻഡർ വലിയ തോതിൽ ക്വിയർ മനുഷ്യരാൽ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ടിൻഡർ, ബംബിൾ തുടങ്ങിയ ഡേറ്റിങ് ആപ്പുകൾ പൊതുവേ പലർക്കും പരിചിതമായിരിക്കും. ഗ്രൈൻഡർ പൊതുവേ ഒരു ഹുക്ക് അപ്പ് ആപ്പ് എന്ന നിലയിലാണ് പ്രസിദ്ധം. ഈ ഡേറ്റിങ് ആപ്പുകളിളെല്ലാം നിശ്ചിത തുക നിങ്ങൾ അടക്കുകയാണെങ്കിൽ പ്രീമിയം സേവനങ്ങൾ ലഭ്യമാകും. നിങ്ങളുടെ ഫിൽറ്ററിങ് കുറേക്കൂടി മെച്ചപ്പെടുത്താം, അല്ലെങ്കിൽ നിങ്ങൾക്ക് കൂടുതൽ പ്രൊഫൈലുകൾ കാണാനായേക്കും!

ഡേറ്റിങ് ആപ്പുകളുടെ ജാതി, നിറം, വംശം

“ഗേ/ബൈസെക്ഷ്വൽ എല്ലാം നായന്മാരും നമ്പൂതിരിമാരും മേനോന്മാരുമാണല്ലോ. പറയരും പുലയനും തട്ടാനും ജോലിത്തിരക്കിലായിരിക്കുമല്ലേ”- ഫേസ്ബുക്കിലെ ഒരു വ്യാജ പ്രൊഫൈലിൽ ശ്രദ്ധിച്ച പോസ്റ്റാണിത്. ഈ പോസ്റ്റ് ഡേറ്റിങ് ആപ്പുകളിലെ ജാതിയെപ്പറ്റി ചിന്തിക്കാൻ സഹായിച്ചേക്കും. ഡേറ്റിങ് ആപ്പുകളിൽ അദൃശ്യരായിരിക്കുന്ന ശരീരങ്ങളെവിടെയാണ് ?

ക്വിയർ ഡേറ്റിങ് സ്പെസുകളിൽ തന്റെ ജാതി ഒരിക്കലും തിരിച്ചറിയരുതെന്ന് എന്റെ മറ്റൊരു സുഹൃത്തും ആഗ്രഹിച്ചിരുന്നു. ‘ജാതീയമായ കീഴാളത’ ലൈംഗികതയെ മുൻനിർത്തിയുള്ള സ്ഥലങ്ങളിലേക്കുള്ള വിലങ്ങുതടിയാണെന്ന തിരിച്ചറിവ് അവനുണ്ടായിരുന്നു. ഇതിനാൽ തന്നെ മേൽ ജാതി വാലുകൾ ഉപയോഗിക്കേണ്ട അവസ്ഥ ദലിത് സുഹൃത്തുക്കൾക്കുണ്ടായിരുന്നു.

പ്ലാനറ്റ് റോമിയോ

“ഞാൻ നായർ ജാതിവാലാണ് ഉപയോഗിച്ചിരുന്നത്. മിക്കവാറും രണ്ട് തരം മെസേജുകളാണ് എന്റെ ഇൻബോക്സിൽ വന്നിരുന്നത്. നിങ്ങൾ ശരിക്കും നായരാണോ ? ഞാനും നായരാണ്.”- ഞങ്ങൾ ചിരിച്ചു. മേൽ ജാതി ഹിന്ദുക്കൾക്ക് മാത്രമായുള്ള പ്രത്യേക ഗ്രൂപ്പുകളൊക്കെ നിലവിലുണ്ടായിരുന്നെന്ന് ചില സുഹൃത്തുക്കൾ പറഞ്ഞു. ഈ ഗ്രൂപ്പുകളിലേക്ക് പ്രവേശനം ലഭിക്കാൻ ജാതി പ്രധാന ഘടകമായിരുന്നു. ജാതി തുറന്നുപറയൽ ദലിത്-ബഹുജൻ ക്വിയർ മനുഷ്യരെ സംബന്ധിച്ചിടത്തോളം വലിയ സാഹസികതയായിരുന്നു. മേൽ ജാതി ഹിന്ദു പശ്ചാത്തലമുള്ളവർക്ക് കൂടുതൽ സാധ്യതകൾ ഡേറ്റിങ് ആപ്പുകൾ അനുവദിക്കുന്നുണ്ട്. മൂല്യമുള്ള ശരീരങ്ങളായാണ് സവർണ്ണ ശരീരങ്ങൾ ഡേറ്റിങ് ഇടങ്ങളിലും എണ്ണപ്പെടുന്നത്. ഇംഗ്ലീഷ് ഭാഷയിലുണ്ടായിരിക്കേണ്ട മിടുക്ക് നിങ്ങൾക്ക് ഡേറ്റിങ്ങിൽ ഒരു മൂലധനമായേക്കാം. നിങ്ങളുടെ സംസാരം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവയും ഡേറ്റിങ്ങിൽ ഗുണം ചെയ്‌തേക്കും. ‘Educated only’ എന്ന ടാഗ് മിക്ക പ്രൊഫൈലിലും കാണാറുണ്ട്.

ഗ്രൈൻഡർ ചാറ്റുകളിലൊന്ന്

ഡേറ്റിങ് ആപ്പുകളിലെ അതിഭീകരമായ വിവേചനങ്ങൾക്ക് സാർവലൗകികമായ സ്വഭാവമുണ്ട്. ഈ വിവേചനങ്ങളും അവഗണനകളും വ്യക്തികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജാതിയും വംശവും ശരീരവുമെല്ലാം ഒളിപ്പിച്ചുവെച്ച് ഡേറ്റിങ് ആപ്പ് ഉപയോഗിക്കേണ്ടിവരുന്നത് നേരിട്ടേക്കാവുന്ന വിവേചനങ്ങളെ കുറിച്ച് ധാരണയുള്ളതിനാലാണ്. കറുത്തവർഗ്ഗക്കാരായ മനുഷ്യർ ഗ്രൈൻഡറിൽ നേരിടുന്ന വംശീയ വിവേചനങ്ങളെ കുറിച്ചുള്ള പഠനങ്ങളുണ്ടായിട്ടുണ്ട്.  “I don’t date Black men,” “Not attracted to Latinos” തുടങ്ങിയ ടാഗുകൾക്ക് ഗ്രൈൻഡറിൽ വലിയ സ്വീകാര്യതയുണ്ട്. വംശീയത പേറുന്ന ഈ ടാഗുകളെ വ്യക്തികളുടെ ചോയ്സായി ന്യായീകരിക്കാൻ കഴിയുകയില്ല. ‘Sexual Racism’ എന്ന് വിളിക്കുന്ന ഈ പുറന്തള്ളലുകളിൽ വംശീയതയുടെ ചരിത്രമുണ്ട്. വംശീയതയുടെ അടിസ്ഥാനത്തിൽ വ്യക്തികളുടെ പ്രൊഫൈലുകൾ ഫിൽറ്റർ ചെയ്യാനുള്ള സൗകര്യം പോലും ഗ്രൈൻഡറിലുണ്ടായിരുന്നു. ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്നുണ്ടായ വലിയ പ്രതിഷേധങ്ങളോട് ഐക്യദാർഢ്യപ്പെട്ടാണ് ഗ്രൈൻഡർ ഈ റേഷ്യൽ ഫിൽറ്ററിങ് സൗകര്യം ഒഴിവാക്കുന്നത്.

ജോർജ് ഫ്ലോയിഡ് ചുമർ ചിത്രങ്ങളിലൊന്ന് കടപ്പാട് : bbc.com

വളരെ ക്രൂരമായ തെറിവിളികളും ബോഡി ഷെയ്മിങ്ങും ഡേറ്റിങ് ആപ്പുകളിൽ നേരിട്ട ഒരു വ്യക്തിയെന്ന നിലയിൽ, ഇത് ഡേറ്റിങ് ആപ്പുകളുടെ പ്രശ്നമെന്നതിനേക്കാൾ നമ്മൾ ജീവിക്കുന്ന സമൂഹത്തിന്റെ പ്രശ്നമായി തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ ചുറ്റിലും നടക്കുന്ന പ്രോഗ്രസീവ്-പൊളിറ്റിക്കൽ കറക്ട്നെസ്സ് ചർച്ചകളുടെ ഭാരമൊന്നും ഡേറ്റിങ്ങിനിടയിലെ ശരീരങ്ങൾ പേറണമെന്നില്ല. അതിനാൽ ബോഡി ഷെയിമിങ്ങിനെ കുറിച്ച് ഫേസ്‌ബുക്കിൽ ഉപന്യാസം എഴുതുന്ന ഒരാൾക്ക് ഡേറ്റിങ് ആപ്പിലെ കറുത്ത ശരീരത്തെ ഒരു സങ്കോചവുമില്ലാതെ ബ്ലോക്ക് ചെയ്യാനായേക്കും. ‘കാരണം, നിങ്ങൾ എന്റെ ചോയ്‌സല്ല’

തെരഞ്ഞെടുപ്പുകൾ പുറന്തള്ളലുകൾ; നിങ്ങളുടെ ചോയ്സ് എപ്പോഴും നിഷ്‌കളങ്കമാകില്ല!

“ഡേറ്റിങ് ആപ്പ് ഉപയോഗിച്ചുതുടങ്ങുന്ന സമയങ്ങളിൽ ഫോട്ടോ ചോദിച്ച് അയച്ചുകൊടുത്താൽ  ചിലർ ബ്ലോക്ക് ചെയ്യാറുണ്ട്. അത് വല്ലാത്ത അവസ്ഥയാണ്. കാരണങ്ങൾ പറയാതെയാണ് ഈ ബ്ലോക്കിങ്. നിങ്ങൾ എന്റെ ചോയ്സല്ല എന്നെങ്കിലും പറയാമല്ലോ.”- സംസാരത്തിനിടയിൽ എന്റെ സുഹൃത്ത് പരാതിപ്പെട്ടു.

വ്യക്തിപരമായ വിവരങ്ങളൊന്നും തുറന്നുപറയാതെ ഒരു മുഖംമൂടിയിട്ടാണ് മിക്ക ആളുകളും ഗ്രൈൻഡർ ഉൾപ്പെടെയുള്ള ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നത്. ഈ സാധ്യത പലർക്കും ചൂഷണം ചെയ്യാനും കഴിഞ്ഞേക്കും. ചാറ്റിങ്ങിനിടയിൽ ഫോട്ടോ അയച്ചുകൊടുക്കുന്നതോടെ നമ്മളുടെ മുഖംമൂടി അഴിയുന്നു. അപ്പുറത്തെ ആൾ നമുക്ക് അപ്പോഴും അപരിചിതനാണ്. അയാൾക്ക് നമ്മളുടെ ശരീരം സ്വീകാര്യമല്ലെങ്കിൽ തീർച്ചയായും നമ്മളെ നിഷ്‌കരുണം അയാൾ ബ്ലോക്ക് ചെയ്യും.  ഇത് പ്രതികൂലമായി ബാധിക്കുന്നത് ഫോട്ടോ അയച്ചുകൊടുത്ത വ്യക്തിയെയാണ്. ‘എന്റെ ഫോട്ടോ അയാൾ ദുരുപയോഗം ചെയ്യുമോ, അറിയുന്ന ആളായിരിക്കുമോ’ തുടങ്ങി പല ആശങ്കകളും ഉണ്ടായേക്കാം. ഗ്രൈൻഡർ പോലുള്ള ആപ്പുകൾ ഉപയോഗിച്ച് ക്വിയർ മനുഷ്യരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

ഗ്രൈൻഡർ പ്രൊഫൈലുകളിലൊന്ന്

‘എനിക്ക് കറുത്ത ശരീരങ്ങൾ ഇഷ്ടമല്ല, സ്ത്രൈണതയുള്ള ശരീരങ്ങൾ ഇഷ്ടമല്ല, തടിച്ച/മെലിഞ്ഞ ശരീരങ്ങൾ ഇഷ്ടമല്ല’ തുടങ്ങിയ പ്രത്യേക ചോയ്സുകൾ പലരും ഗ്രൈൻഡർ പ്രൊഫൈലുകളിൽ  എഴുതിയിടാറുണ്ട്. ഈ തെരഞ്ഞെടുക്കലുകൾ ഒട്ടും നിഷ്‌കളങ്കമല്ല. വൈയക്തികമായ ഇഷ്ടമെന്ന രീതിയിൽ ഈ താല്പര്യങ്ങളെ ചുരുക്കി മനസ്സിലാക്കാനുമാകില്ല. നമ്മുടെ ചോയ്സ് വളരെ സ്വാഭാവികമായി തോന്നാം. നമ്മൾ ജീവിക്കുന്ന സമൂഹവും നമ്മുടെ അനുഭവങ്ങളുമെല്ലാം ഈ ചോയ്സിനെ സ്വാധീനിക്കുന്നുണ്ട്.

ഒരു വെളുത്ത ശരീരം കാണുമ്പോൾ സ്വാഭാവികമായി നിങ്ങൾക്ക് ഇഷ്ടം തോന്നുകയും കറുത്ത ശരീരം കാണുമ്പോൾ എന്റെ ചോയ്‌സല്ലെന്ന ന്യായത്താൽ ആ പ്രൊഫൈൽ ബ്ലോക്ക് ചെയ്യാനും തോന്നുന്നുണ്ടെങ്കിൽ ആ പ്രവൃത്തി കൃത്യമായും പ്രത്യയശാസ്ത്രപരമാണ്. നമ്മുടെ ചോയ്സുകളെയും മുൻഗണനകളെയും രൂപീകരിക്കുന്നത് നമ്മുടെ സാമൂഹിക ചുറ്റുപാടുകളാണ്. നിലനിൽക്കുന്ന സവർണ്ണ സൗന്ദര്യബോധവും ജാതിയുമെല്ലാം നിങ്ങളുടെ നിഷ്‌കളങ്കമായ ഒരു സ്വൈപ്പിനെ പോലും നിയന്ത്രിക്കുന്നുണ്ടെന്ന് അർത്ഥം.

മാനക’ ശരീരങ്ങളും ഡേറ്റിങ്ങും

നമ്മുടെ മാധ്യമ സംസ്ക്കാരം വാർപ്പുമാതൃകകളെ നിർമ്മിക്കാൻ മിടുക്ക് കാണിക്കാറുണ്ട്. ഡേറ്റിങ് ആപ്പുകളിൽ സ്വീകരിക്കപ്പെടുന്നതും നിലവിലെ സൗന്ദര്യസങ്കല്പങ്ങളോട് ചേർന്നുനിൽക്കുന്നതുമായ ശരീരങ്ങളെയാണ് മാനക ശരീരങ്ങൾ സൂചിപ്പിക്കുന്നത്. ഈ മാനകശരീരങ്ങളോട് തട്ടിച്ചുനോക്കിയാണ് നിങ്ങളുടെ മൂല്യത്തെ നിർണ്ണയിക്കുക. മാനകങ്ങൾക്കൊത്ത ശരീരം എല്ലാവരാലും സ്വീകരിക്കപ്പെടുകയും ഭൂരിപക്ഷത്തിന്റെയും ചോയ്സായി മാറുകയും ചെയ്യുന്നു. ഗേ ഡേറ്റിങ് ആപ്പുകളെ സംബന്ധിച്ചിടത്തോളം വെളുത്ത ‘പ്രത്യേക’ ശരീരപ്രകൃതമുള്ള ശരീരങ്ങളാണ് എല്ലാവരാലും ആഗ്രഹിക്കപ്പെടുന്നത്.

തടിച്ച ശരീരപ്രകൃതമുള്ള ഒരു സുഹൃത്ത് നിരന്തരം ഡേറ്റിങ് ആപ്പിൽ നേരിട്ട ഒറ്റപ്പെടലിനെ കുറിച്ചു പറഞ്ഞു; ‘തടിച്ച എന്റെ ശരീരം അനാരോഗ്യത്തിന്റെ ലക്ഷണമായാണ് അവിടെ എണ്ണപ്പെടുന്നത്’. തടി കൂടിയ ശരീരങ്ങളുടെ ലൈംഗിക റോളിനെ കുറിച്ച് മുൻവിധികളും നിലനിൽക്കുന്നുണ്ട്. അനാരോഗ്യത്തിന്റെ ലക്ഷണമായി തടിച്ചതും മെലിഞ്ഞതുമായ ശരീരങ്ങളെ തിരിച്ചറിഞ്ഞ് അവഗണിക്കപ്പെടുമ്പോൾ ജിമ്മിലൊക്കെ പോയി നിർമ്മിച്ചെടുക്കുന്ന ഒരുറച്ച ശരീരം മാനകമായി സ്വീകരിക്കപ്പെടുന്നു. ഇത്തരം ദൃഢ ശരീരങ്ങൾ സൃഷ്ടിച്ചെടുക്കാൻ സിസ്-ഗേ പുരുഷന്മാർക്ക് പ്രത്യേക തിടുക്കമുണ്ട്. ലൈംഗിക റോളിനെ സംബന്ധിച്ച ഉറച്ച ധാരണകൾ ഗേ പുരുഷന്മാർക്കിടയിലുണ്ട്. ചില പ്രത്യേക സന്ദർഭങ്ങളിൽ വിട്ടുവീഴ്ച്ചകളൊക്കെ ഇതിന്റെ കാര്യത്തിൽ സംഭവിക്കുന്നത് സാധാരണമാണ്. പക്ഷെ മിക്ക സന്ദർഭങ്ങളിലും ലൈംഗിക റോൾ വ്യക്തികളെ അധിക്ഷേപിക്കാനും ഉപയോഗിക്കപ്പെടാറുണ്ട്.

മാനകശരീരങ്ങളില്ലാത്തവരുമായി ഹുക്ക് അപ്പ് ഉണ്ടാകുന്ന സന്ദർഭങ്ങളുണ്ടായാൽ തന്നെ ഈ ശരീരങ്ങൾ ലൈംഗികമായി പാസീവായിരിക്കണമെന്ന നിർബന്ധം പലരും വെയ്ക്കാറുണ്ടെന്ന് സംസാരിച്ച സുഹൃത്തുക്കൾ സമ്മതിക്കുകയുണ്ടായി. ലൈംഗികസുഖം അനുഭവിക്കുന്ന ശരീരങ്ങളായി മാനകേതര ശരീരങ്ങൾ മാറുന്നില്ല. ഞാൻ കറുത്തിരുന്നാൽ, എന്റെ ജാതി അറിഞ്ഞാൽ നിങ്ങൾ എന്റെ ശരീരത്തിൽ നിന്നും എത്ര ദൂരം പിന്മാറുമെന്ന ചോദ്യം രൂപപ്പെടുന്നതിന്റെ കാരണവും മറ്റൊന്നുമല്ല.

നിങ്ങൾക്ക് ഒരു മുറിയുണ്ടോ ?

ഗ്രൈൻഡർ പോലുള്ള ആപ്പുകൾ വഴി ഒരു പങ്കാളിയെ കണ്ടെത്തിയാലും നിങ്ങൾക്ക് ഒരു മുറിയുണ്ടാകേണ്ടത് അത്യാവശ്യമാണ്.  ഡേറ്റിങ് ആപ്പുകളിലെ പ്രധാനപ്പെട്ട ചോദ്യങ്ങളിൽ ഒന്നാണ് ‘സ്ഥലമുണ്ടോ?’-എന്നത്. ലൈംഗികാവിഷ്ക്കാരങ്ങൾ സാധ്യമാക്കാൻ ഈ സ്വകാര്യസ്ഥലം പ്രധാനമാണ്. ഈ സ്വകാര്യത എല്ലാ മനുഷ്യർക്കും ലഭ്യമാകണമെന്നില്ല. ചേരികളിൽ താമസിക്കുന്ന മനുഷ്യർ, ഒറ്റമുറിയുള്ള വീടുകളിൽ താമസിക്കുന്ന മനുഷ്യർ തുടങ്ങി പലർക്കും സ്വന്തമായ ഒരു മുറിയുണ്ടാകണമെന്നില്ല. IPC 377 ഭാഗികമായി റദ്ദ് ചെയ്തുകൊണ്ടുള്ള വിധിയെ ചുറ്റിപ്പറ്റിയുണ്ടായ വലിയ വിമർശനങ്ങളിലൊന്ന് ആഷ്‌ലി ടെല്ലിസിന്റേതായിരുന്നു. ഈ വിധി ഉപരിവർഗ്ഗജീവിതം നയിക്കുന്ന ക്വിയർ വ്യക്തികൾക്ക് ‛സ്വകാര്യത’യിൽ ലൈംഗികബന്ധത്തിലേർപ്പെടാനുള്ള നിയമപരമായ സാധുതയേർപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നാണ് ടെല്ലിസിന്റെ അഭിപ്രായം.

ആഷ്‌ലി ടെല്ലിസ്

അവിടെ സ്വന്തമായി കിടപ്പറയില്ലാത്ത ക്വിയർ വ്യക്തികളുടെ ലൈംഗിക ജീവിതവും നിലനിൽപ്പുമൊന്നും വിഷയമേയല്ല. ഇന്ത്യൻ സാഹചര്യത്തിലാകട്ടെ വിമത ലൈംഗികതയുടെ ഇടങ്ങളേറെയും പൊതുസ്ഥലങ്ങളാണ്. സ്വന്തമായി ഒരു മുറിയില്ലാത്ത മനുഷ്യർ ഒരു ചുമരിന്റെയോ മരത്തിന്റെയോ മറവിലിരുന്നാണ് ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നത്. ലൈംഗിക തൊഴിലിൽ ഏർപ്പെടുന്ന ട്രാൻസ് ജെൻഡർ വ്യക്തികളുടെ സ്ഥിതിയും മറ്റൊന്നല്ല. ഈ വ്യക്തികൾക്ക് കോടതിവിധി ഏത് നിലയിലാണ് പ്രയോജനപ്പെടുന്നതെന്ന ചോദ്യമാണ് ടെല്ലിസ് ഉന്നയിക്കാൻ ശ്രമിച്ചത്. ഈ വിമർശനം പല നിലയിൽ സാധുതയുള്ളതാണ്. ഇന്ത്യൻ സാഹചര്യത്തിൽ ക്വിയർ രാഷ്ട്രീയത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള ഏകദേശ ധാരണ ഈ വിമർശനത്തിലുള്ളടങ്ങിയിട്ടുണ്ട്. സ്വയംഭോഗം ചെയ്യാൻ പോലും സ്വന്തമായി ഒരു മുറിയില്ലാത്ത മനുഷ്യർക്ക് എങ്ങനെയാണ് ലിംഗതന്മയെയും ലൈംഗികതയെയും കുറിച്ച് സംസാരിക്കാനൊക്കുന്നത് ? ഇന്ത്യൻ സാഹചര്യത്തിൽ സ്വന്തമായ ‘മുറി’യെ സംബന്ധിച്ച ചോദ്യം ജാതീയവും വർഗ്ഗപരവുമായ കെട്ടുപാടുകളുള്ളതാണെന്ന് സാരം. സ്വന്തമായ ഭൂമിയില്ലാത്ത മനുഷ്യർക്ക് സ്വന്തമായ മുറി ദൂരകാഴ്ച്ചയിൽ പോലുമുണ്ടാകണമെന്നില്ല.   

ലൈംഗികമായ ആവശ്യങ്ങൾക്കായി പൊതുമൂത്രപ്പുരകളിലും മറ്റും പ്രത്യക്ഷപ്പെടുന്ന മനുഷ്യരെ പലപ്പോഴും ‘ചീത്ത’ ശരീരങ്ങളായാണ് ‘പ്രീമിയം’ ഡേറ്റിങ് സാധ്യതകളുള്ള ക്വിയർ മനുഷ്യർ എണ്ണാറുള്ളത്. ഈയിടെ ഒരു സുഹൃത്ത് പറഞ്ഞു; “അവർക്കൊന്നും വൃത്തിയുണ്ടാകില്ല. എയ്ഡ്സൊക്കെയുണ്ടാകും.” മാന്യവും സുരക്ഷിതവുമായ ശരീരങ്ങളായി സ്വയം തിരിച്ചറിയുകയും കൃത്യമായ അകലം ഇതര ശരീരങ്ങളോട് പാലിക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണമാണിത്. സ്വന്തമായ മുറിയുള്ള ഒന്നിലധികം പങ്കാളികളുണ്ടായേക്കാവുന്ന സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളിലേർപ്പെടുന്ന ആർക്കും ലൈംഗികരോഗങ്ങളുണ്ടാകാം. അങ്ങനെയെങ്കിൽ പൊതുസ്ഥലങ്ങളിൽ ക്രൂയിസിങ് ചെയ്യുന്ന ശരീരങ്ങൾ സുരക്ഷിതരല്ലെന്ന ധാരണയെ രൂപപ്പെടുത്തുന്നത് വരേണ്യമായ ബോധം തന്നെയാണ്. സ്വന്തമായ മുറിയും സ്വകാര്യതയും ഇല്ലാത്ത ശരീരങ്ങൾ മുൻവിധികളുടെ സൈറ്റായി പരിണമിക്കുന്നുണ്ട്. ​ഗ്രൈൻഡറിൽ പ്രത്യക്ഷപ്പെടുന്ന അതിഥിതൊഴിലാളികളുടെ പ്രൊഫൈലുകളോടും വലിയ അസഹിഷ്ണുത പലരും പ്രകടിപ്പിക്കാറുണ്ട്.

ശരീരത്തിന്റെയും കാമനകളുടെയും വീണ്ടെടുപ്പ്

കറുത്തിരുണ്ട ഒരു വ്യക്തി ക്വിയർ ഡേറ്റിങ് സ്‌പേസിൽ സ്വീകാര്യനാണോ? ഒരു ഡിസേബിൾഡ് വ്യക്തിയോ ?

വരേണ്യമായ ഒരു സ്വഭാവം പലപ്പോഴും ഇത്തരം ഇടങ്ങൾ സൂക്ഷിക്കുന്നുണ്ട്. ഒരു ഘട്ടത്തിൽ എനിക്ക് എന്റെ ശരീരം ഒരു ബാധ്യതയായിപ്പോലും തോന്നിയിരുന്നു. എന്റെ ശരീരം ‘ക്വിയർ’ എന്ന് വിശേഷിപ്പിക്കപ്പെടാൻ യോഗ്യമാണോ എന്ന സംശയവും എനിക്കുണ്ടായിരുന്നു. ‘ഒരു ക്വിയർ വ്യക്തി’ എന്ന് പറയുമ്പോൾ സ്വാഭാവികമായും മനസ്സിലേക്ക് വരുന്ന രൂപത്തിൽ ചില പൊതു സവിശേഷതകളുണ്ടാകും. നമ്മുടെ മാധ്യമങ്ങൾ ഉൾപ്പെടെ നിർമ്മിച്ചെടുത്ത നെറ്റ്ഫ്ലിക്സ് സീരീസുകളുടെയും സിനിമകളുടെയും സ്വാധീനമുള്ള, ഫാഷനബിളായ, ശരീരത്തിലും വസ്ത്രത്തിലും പ്രത്യേക ശ്രദ്ധയുള്ള ഒരു ശരീരം മാത്രമേ ക്വിയറായി യോഗ്യത നേടൂ. ദൃശ്യതയ്ക്കും പ്രതിനിധാനത്തിനും വേണ്ടിയുള്ള വാദം പാടെ പരാജയപ്പെടുന്ന സന്ദർഭം കൂടിയാണ് ഇത്. ഏത് ശരീരങ്ങളാണ് ക്വിയർ ശരീരങ്ങളായി ദൃശ്യത നേടുന്നത് ? സ്വാഭാവികമായും വെളുത്ത-നിലനിൽക്കുന്ന സൗന്ദര്യ സങ്കല്പത്തിനകത്തുള്ള ‘പൂർണ്ണത’യുള്ള ഒരു ശരീരമാകും. ഈ ശരീരഭാവന എന്റെ യാഥാർത്ഥ്യമല്ല. നിലവിൽ, ‘പൂർണ്ണത’യുള്ള, മേൽ സൂചിപ്പിച്ച തരം ട്രാൻസ് ശരീരങ്ങൾക്ക് ദൃശ്യമാധ്യമങ്ങളിൽ സ്വീകാര്യതയുണ്ട്. പക്ഷേ തെരുവിൽ ഭിക്ഷയെടുക്കുന്ന, മുടി വെച്ച, പ്രായം കൊണ്ട് തളർന്ന ഒരു ട്രാൻസ് ശരീരത്തെ ഈ വ്യവഹാരത്തിനുള്ളിൽ എവിടെയാണ് നമ്മൾക്ക് സ്ഥാനപ്പെടുത്താനാകുക?

ആദി

ഈ സങ്കീർണ്ണതകൾക്കുള്ളിൽ ശരീരത്തിന്റെയും കാമനകളുടെയും വീണ്ടെടുപ്പ് പ്രധാനമാണ്. നമ്മൾക്ക്-വൃത്തികെട്ട ശരീരങ്ങൾക്ക്-നമ്മുടെ ശരീരത്തിന്റെ സാധ്യതകളെ തിരിച്ചറിയാനാകേണ്ടതുണ്ട്. സ്വന്തം ശരീരത്തെ സ്നേഹിക്കണമെന്നതിനെ കവിഞ്ഞ് സ്വന്തം ശരീരത്തിന് മേൽ നടക്കുന്ന അവഗണനകളെയും നിരാസങ്ങളെയും കുറേക്കൂടി വിശാലമായ മട്ടിൽ പരിചരിക്കേണ്ടതുണ്ട്. ഇത് വ്യവസ്ഥയുടെ പ്രശ്നമാണെന്നതിനാൽ വ്യക്തികളെ പഴി ചാരുന്നില്ല. നിലനിൽക്കുന്ന വ്യവസ്ഥയുടെ പ്രശ്നമായി ഇവയെല്ലാം തിരിച്ചറിഞ്ഞാൽ മാത്രമേ വിമോചനാത്മകമായ ഒരു നിലയിലേക്ക് ഉയരാനാകൂ. നമ്മുടെ നിരാശകളെയും അരക്ഷിതാവസ്ഥകളെയും രാഷ്ട്രീയ ഊർജ്ജമായി പരിവർത്തിപ്പിക്കാനും മുന്നേറാനും നമുക്കാകട്ടെ. നമ്മുടെ വ്യക്തിപരമായ പ്രശ്നമെന്ന നിലയിലല്ല ഇതിനെ മനസ്സിലാക്കേണ്ടത്. അടിച്ചമർത്തലിന്റേതും ചൂഷണത്തിന്റേതുമായ സുദീർഘമായ ചരിത്രത്തിനകത്ത് ഈ വിഷയത്തെ സ്ഥാനപ്പെടുത്തിയാൽ എളുപ്പമുണ്ട്.

നമ്മൾക്ക് ശരീരത്തെ വീണ്ടെടുക്കാം, ആനന്ദത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഇടമായി.

1. https://www.buzzfeed.com/dhrubojyoti/will-you-buy-me-a-pair-of-shorts

    2. https://theswaddle.com/dating-like-a-savarna/

      3. bit.ly/3gIua7A

      INDEPENDENT,
      IN-DEPTH JOURNALISM
      FOR SOCIAL &
      ECOLOGICAL
      JUSTICE

      keraleeyam-logo

      Support Keraleeyam

      Choose Your Preference

      ₹1000/Year

      ₹2000/2 Years

      ₹500/Year(Students)

      One TimeAny Amount

      Also Read

      June 7, 2023 7:46 am