വധശിക്ഷ ഒഴിവാക്കാതെ എന്ത് നിയമഭേദ​ഗതി?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഇന്ത്യൻ ക്രിമിനൽ നടപടി നിയമത്തിലും ശിക്ഷാ നിയമത്തിലും തെളിവെടുപ്പ് നിയമത്തിലും പേരിലടക്കം അടിമുടി മാറ്റങ്ങൾ കൊണ്ടുവരുന്ന മൂന്ന് ബില്ലുകളാണ് ആഭ്യന്തരമന്ത്രി പാർലമെന്റിൽ കഴിഞ്ഞയാഴ്ച അവതരിപ്പിച്ചത്. ദീർഘകാലമായി മാറ്റേണ്ടതുണ്ടെന്ന് വിലയിരുത്തപ്പെടുന്ന യു.എ.പി.എ പോലുള്ള നിയമങ്ങളൊന്നും തന്നെ മാറ്റിയിട്ടില്ല; കൊളോണിയൽ കാലഘട്ടത്തിന്റെ അവശിഷ്ടങ്ങളായി ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തിൽ അവശേഷിക്കേണ്ടതില്ലാത്ത അപ്രസക്ത നിയമങ്ങൾ പലതും മാറ്റിയിട്ടില്ല. സാമാന്യ നീതിയുടെ വീക്ഷണകോണിൽ നോക്കിയാൽ യാതൊരു പ്രസക്തിയുമില്ലാത്തതും 130 ലേറെ രാജ്യങ്ങൾ ഉപേക്ഷിച്ചുകഴിഞ്ഞതുമായ വധശിക്ഷ എന്ന ക്രൂരമായ ഏർപ്പാടും മാറ്റിയിട്ടില്ല. ജനാധിപത്യത്തിന്റെ ചട്ടക്കൂട് നിലനിൽക്കുമ്പോഴും ഭരണകൂടത്തിന്റെ സ്വേച്ഛാധികാരത്തിന് വന്നുചേരുന്ന ജനകീയ തടസ്സങ്ങളെ കൈകാര്യം ചെയ്യാൻ പര്യാപ്തമായ വകുപ്പുകൾ ബ്രിട്ടീഷുകാർ രണ്ടു നൂറ്റാണ്ടു മുമ്പ് എഴുതിച്ചേർത്തത് ഉൾപ്പെടെ നിലനിർത്തിക്കൊണ്ടുള്ള ഒരു ഭേദഗതിയാണ് വന്നിട്ടുള്ളത് എന്ന് നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു. നീതിയുടെ സമത്വപൂർണമായ വിതരണവും ഏറ്റവും ദുർബലനായ പൗരന്റെ അവകാശസംരക്ഷണവുമുൾപ്പെടുന്ന നിയമപാലനമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാൽ ഹ്രസ്വദൃഷ്ടികളും കേവലം അധികാരം നിലനിർത്തുന്നതിൽമാത്രം തത്പരരുമായ ഭരണാധികാരികൾക്ക് ജനാധിപത്യപരമായ ഇത്തരം വിശാല കാഴ്ചപ്പാട് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് സാഹസമായിരിക്കും. നിയമങ്ങളിൽ കാലാനുസൃതമായ പരിഷ്കരണം ആവശ്യമാണ് എന്നതിൽ തർക്കമില്ല. എന്നാൽ, വിശദമായ പൊതുചർച്ചകൾക്ക് ശേഷവും, പൗരസമൂഹത്തിന് പരമാവധി പ്രയോജനപ്പെടുന്ന വിധത്തിൽ സമകാലികമാക്കിയും മാത്രമേ പ്രസ്തുത ബില്ലുകൾ നിയമമാക്കാവൂ. വധശിക്ഷപോലുള്ള, മധ്യകാലഘട്ടത്തിന്റെ ജീർണാവശിഷ്ടങ്ങൾ പുതുക്കിയ നിയമത്തിൽ ഉണ്ടാവരുത്.

ഭാരതീയ ന്യായ സംഹിത ബിൽ അമിത് ഷാ പാർലമെന്റിൽ അവതരിപ്പിക്കുന്നു.

നാഷനൽ ലോ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായിരുന്ന ഡോ. രൺബീർ സിങ് ചെയർമാനായ ഒരു കമ്മിറ്റിയെ ഇന്ത്യൻ ശിക്ഷാ നിയമം പുനരവലോകനം ചെയ്യാനും പരിഷ്കരിക്കാനുമുള്ള ചുമതല നൽകി 2020ൽ നിയോഗിച്ചിരുന്നു. അതിന്റെ നിർദ്ദേശങ്ങളുൾപ്പെടുത്തി മൂന്ന് ബില്ലുകളാണ് ആഗസ്ത് 11 ന് പാർലമെന്റിൽ അവതരിപ്പിച്ച് സ്റ്റാൻഡിങ്ങ് കമ്മിറ്റിക്ക് വിട്ടത്: 1860 ലെ ഇന്ത്യൻ പീനൽ കോഡിന് (IPC) പകരം ഭാരതീയ ന്യായ സംഹിത (BNS); 1973 ലെ ക്രിമിനൽ പ്രൊസീജ്യർ കോഡിന് (CrPC) പകരം ഭാരതീയ നാഗരിക സുരക്ഷാ സംഹിത (BNSS); 1872 ലെ ഇന്ത്യൻ എവിഡൻസ് ആക്റ്റിന് (IEA) പകരം ഭാരതീയ സാക്ഷ്യ ബിൽ (BS). “വ്യക്തി, സമൂഹം, രാഷ്ട്രം ഇവയുടെ സുരക്ഷയും ഭദ്രതയും ഉറപ്പുവരുത്തുകയും വ്യക്തിക്ക് നീതി, അന്തസ്സ്, തനതായ മൂല്യം എന്നിവ ഉറപ്പ് നൽകുന്ന ഭരണഘടനാ തത്വങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് തത്വാധിഷ്ഠിതവും ഫലപ്രദവും കാര്യക്ഷമവുമായ രീതിയിൽ പരിഷ്കരണ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യാൻ” ആയിരുന്നു കമ്മിറ്റിയെ നിയോഗിച്ചത്.

511 വിഭാഗങ്ങളുള്ള IPC ക്ക് പകരമായി വന്ന BNS ൽ 356 വിഭാഗങ്ങളാണള്ളത്. 175 വകുപ്പുകളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്; എട്ട് പുതിയ വകുപ്പുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്; 22 വകുപ്പുകൾ നീക്കം ചെയ്തിട്ടുണ്ട്. ചില പ്രധാന മാറ്റങ്ങൾ ചുരുക്കത്തിൽ താഴെ കൊടുക്കുന്നു:

‘രാജ്യദ്രോഹകുറ്റം’ കൈകാര്യം ചെയ്യുന്ന 124 Aയ്ക്ക് പകരം വന്നത് BSN 150 ആണ്. ‘രാജ്യദ്രോഹം’ എന്നതിന് പകരം ‘വിധ്വംസക പ്രവർത്തനങ്ങൾ’ എന്ന് മാറ്റിയത് അതിന്റെ വ്യാപ്തിയും അവ്യക്തതയും കൂട്ടാനേ ഉപകരിക്കൂ എന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ മൂന്നു വർഷം തടവ് ശിക്ഷ കിട്ടുന്ന 124 A ക്ക് പകരം 7 വർഷം തടവ് കിട്ടുന്ന 150 ഏർപ്പെടുത്തിയിട്ടും ‘രാജ്യദ്രോഹകുറ്റം’ നീക്കം ചെയ്തു എന്നാണ് സർക്കാർ വക്താക്കൾ അവകാശപ്പെടുന്നത്! പേര് മാറ്റി, എന്നിട്ട് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി എന്നു മാത്രം. ഒപ്പം കൂടുതൽ കർക്കശമായ ശിക്ഷ കൂട്ടിച്ചേർത്തു.

ഭാരതീയ ന്യായ സംഹിത ബിൽ

‘രാഷ്ട്രത്തിനെതിരായ കുറ്റകൃത്യങ്ങൾ’ എന്ന അദ്ധ്യായത്തിൽ ഇന്ത്യയുടെ പരമാധികാരം ഐക്യം അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ‘ഭീകരവാദം’ ആദ്യമായാണ് നിർവചനത്തോടെ ആക്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയ്ക്ക് ഭീഷണിയായ എന്തെങ്കിലും കൃത്യം ഇവിടെയോ വിദേശത്തോ വച്ച് നടത്തുന്ന ആളാണ് ഭീകരവാദി. ബഹുജനങ്ങളെ, അവരിൽ എതെങ്കിലും വിഭാഗത്തെ ഭയപ്പെടുത്തുകയോ ക്രമസമാധാനത്തിന് ഭംഗം വരുത്തുകയോ ചെയ്യുന്ന ആളും ഭീകരവാദിയാണ്. സ്വത്ത് നശിപ്പിച്ചാൽ അത് ഭീകരവാദ പ്രവർത്തനമാണ്. സർക്കാരിനെ ഭീഷണിപ്പെടുത്തുന്നതും പ്രകോപിപ്പിക്കുന്നതും ഭീകരവാദ പ്രവർത്തനമാണെന്ന് മറ്റൊരിടത്ത് പറയുന്നുണ്ട്. സർക്കാരിനെ പ്രകോപിപ്പിക്കുന്നത് എന്തുമാവാം. അതിനെ ഭീകരവാദമായി മുദ്രകുത്താം. രാഷ്ട്രീയ എതിരാളികളെ നേരിടാൻ ഈ വകുപ്പ് ദുരുപയോഗിക്കപ്പെടുമെന്ന് കപിൽ സിബൽ പ്രസ്താവിച്ചിട്ടുണ്ട്.

മാനനഷ്ടം വരുത്തുന്ന രീതിയിൽ അപഖ്യാതി വരുത്തുന്ന കുറ്റത്തിന് രണ്ട് വർഷം തടവോ പിഴയോ രണ്ടും കൂടിയോ ഒപ്പം സമൂഹ സേവനവും ചേർത്താണ് ശിക്ഷ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

ആൾക്കൂട്ട അക്രമണത്തിന് വധശിക്ഷ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഇത് ആദ്യമായാണ്. 7 വർഷം തടവോ ആജീവനാന്ത തടവോ എന്ന ശിക്ഷാ നിർദ്ദേശത്തിന് പുറമെയാണ് ഇത് കൂടി ശുപാർശ ചെയ്യുന്നത്.

വിവാഹം, ജോലി, സ്ഥാനക്കയറ്റം ഇവയുടെ പേരിലോ ആൾമാറാട്ടം നടത്തിയോ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് കുറ്റകൃത്യമാണ്.

വ്യഭിചാരം (adultery) കുറ്റമായി കണക്കാക്കുന്ന IPC 497 വകുപ്പ് ഭരണഘടനാവിരുദ്ധമെന്ന 2018ലെ സുപ്രീം കോടതി വിധിയുടെ വെളിച്ചത്തിൽ, അത് റദ്ദാക്കിയിട്ടുണ്ട്.

ഉഭയസമ്മതത്തോടെ മുതിർന്നവർ തമ്മിലുള്ള സ്വവർഗ്ഗ രതി IPC 377 പ്രകാരം ശിക്ഷാർഹമായിരുന്നത് ഇപ്പോൾ റദ്ദാക്കിയിട്ടുണ്ട്.

വിവാഹിതനായ ഒരാൾ ഭാര്യയുമായി പുലർത്തുന്ന ലൈംഗിക ബന്ധം ബലാത്സംഗമാവില്ല എന്ന് പറഞ്ഞുകൊണ്ട് വിവാഹത്തിനകത്തെ ബലാത്സംഗത്തെ നിയമവിധേയമാക്കിയിട്ടുണ്ട്.

കൊലയ്ക്ക് IPC 302 പ്രകാരമുള്ള വധശിക്ഷ നിലനിർത്തിയിട്ടുണ്ട്. വകുപ്പ് 101 ആക്കി എന്നു മാത്രം. വധശിക്ഷയും ആജീവനാന്തം തടവും അതേപടി തുടരും.

രാജ്യദ്രോഹകുറ്റ നിയമത്തിന്റെ ദുരുപയോഗത്തിനെതിരെ നടന്ന പ്രകടനം. കടപ്പാട്: apnews.com

കൂടുന്ന കസ്റ്റഡിക്കാലയളവ്

90 ദിവസത്തിനകം കുറ്റത്തിന് ചാർജ് ഷീറ്റ് ഫയൽ ചെയ്യണം (ഇപ്പോൾ ഇവിടെ ഇത് 60 ദിവസത്തിനകമാണ്. സ്കോട്ലണ്ടിൽ ഒരാളെ ചാർജ്ജ് ഷീറ്റ് നൽകാതെ തടവിൽ വയ്ക്കാവുന്ന സമയം പരമാവധി 6 മണിക്കൂർ മാത്രമാണെന്നു കൂടി ഓർക്കണം) എന്നിട്ടും, കോടതിക്ക് വേണമെങ്കിൽ 90 ദിവസം കൂടി നൽകാം. മൊത്തത്തിൽ 180 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി വിചാരണയ്ക്കയക്കണം; വിചാരണയ്ക്ക് ശേഷം 30 ദിവസത്തിനകം വിധി പറയണം എന്നൊക്കെയാണ് പുതിയ നിർദ്ദേശങ്ങൾ. ആളുകളെ അനാവശ്യമായി തടവിൽ പാർപ്പിക്കുന്നതിന്റെ കാലയളവ് കുറയ്ക്കുവാൻ ലോകമെമ്പാടും നിയമശാസ്ത്രവും ശിക്ഷാനിയമവും മാറ്റങ്ങൾ വരുത്തുമ്പോൾ ഇവിടെ അതിന് നേർ വിപരീതമായി കസ്റ്റഡിക്കാലയളവ് കൂട്ടുകയാണ്- ഭീകരവാദം നേരിടാൻ മാത്രമല്ല; ഏത് കുറ്റത്തിനും !

വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കൈ കടത്തലുകൾ പരമാവധി കുറയ്ക്കുവാനാണ് ശിക്ഷാ നിയമപരിഷ്കരണങ്ങൾ നടത്തപ്പെടാറുള്ളത്. അവ അധികൃതർ ദുരുപയോഗപ്പെടുത്താനുള്ള സാധ്യത എത്രകണ്ട് കുറയുമോ അത്രകണ്ട് പൗരർക്ക് നീതി ലഭിക്കും. പൗരരെ സംരക്ഷിക്കുക എന്നതാണ് നിയമത്തിന്റെ ധർമ്മം. എന്നാൽ ഇത് മിക്കപ്പോഴും പരാജയപ്പെടുന്നു. സമത്വത്തിലും തുല്യതയിലും അധിഷ്ഠിതമായി നീതി നടപ്പിലാക്കപ്പെടാത്തതിനാൽ നിയമവ്യവസ്ഥ തന്നെ വിശ്വാസ പ്രതിസന്ധി നേരിടുന്നുണ്ട് എന്ന് നാഷനൽ ലോ യൂണിവേഴ്സിറ്റിയുടെ പ്രിൻസിപ്പൽ ജി.എസ് ബാജ്പൈ ചൂണ്ടിക്കാട്ടുന്നുണ്ട്. നിയമങ്ങൾ കർശനമാക്കുന്നതുകൊണ്ട് മാത്രം ശിക്ഷാ നിയമത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം വർദ്ധിക്കില്ല. ഏട്ടിലെ പശു പുല്ലു തിന്നില്ല. ദുർബലരും ദരിദ്രരും എളുപ്പം ഇരകളാക്കാവുന്നവരുമായ സാധാരണ മനുഷ്യർക്ക് നീതി ലഭിക്കുവാൻ ഈ നിയമങ്ങൾ പര്യാപ്തമാണോ എന്നതാണ് കാതലായ പ്രശ്നം. “ശിക്ഷാ നിയമം സർക്കാരുകൾ മിക്കപ്പോഴും പ്രയോജനപ്പെടുത്തുന്നത് അവയ്ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ്; ഭരണകൂട നിലപാടുകളെ സാധൂകരിക്കുവാനാണ്… ഇരകളുടെ അവകാശങ്ങൾ, പങ്കാളിത്തം, വെറുപ്പു കലർന്ന കുറ്റങ്ങൾ, ജാമ്യം, ശിക്ഷാ ചട്ടക്കൂടുകൾ, നിയമ സഹായം തുടങ്ങിയവ ഇതിലുൾപ്പെടുത്താൻ കൂടുതൽ ഇടം നൽകണം.” (ബി.എസ് ബാജ്പൈ).

വധശിക്ഷയ്ക്കെതിരെ നടന്ന പ്രതിഷേധം. കടപ്പാട്: scroll

വധശിക്ഷയ്ക്കായുള്ള മുറവിളികൾ

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റങ്ങൾക്കും ആൾക്കൂട്ട കൊലപാതകങ്ങൾക്കും ബലാത്സംഗത്തിനും മറ്റും വധശിക്ഷ നൽകണമെന്ന മുറവിളികൾ പലപ്പോഴും ഉയർന്നുവരാറുണ്ട്. അവയെ പരിഗണിച്ചു കൊണ്ടാവണം പുതിയ ബില്ലിൽ വധശിക്ഷ പലതിനും ഏർപ്പെടുത്തിയിട്ടുള്ളത്. പക്ഷെ ഇവിടെ നാം ഓർക്കേണ്ട കാര്യം മഹാഭൂരിപക്ഷം രാജ്യങ്ങളും യു.എൻ നിർദ്ദേശപ്രകാരം വധശിക്ഷ എന്നെന്നേക്കുമായി നിർത്തലാക്കിക്കഴിഞ്ഞു എന്നുള്ളതാണ്. ഔപചാരികമായി നിയമത്തിലൂടെ നിർത്തിയിട്ടില്ലാത്ത പല രാജ്യങ്ങളും ഫലത്തിൽ വധശിക്ഷ നടപ്പിലാക്കാതിരിക്കുകയോ അതിന് മൊറട്ടോറിയം പ്രഖ്യാപിക്കുകയോ ചെയ്തിട്ടുണ്ട്. ഇന്ത്യയും വധശിക്ഷ നിർത്തലാക്കും എന്ന് യു.എൻ, ആംനെസ്റ്റി പോലുള്ള അന്താരാഷ്ട്രവേദികളിൽ പ്രതീക്ഷ ഉയർന്നിരുന്നു. എന്നാൽ, ശിക്ഷാനിയമം അടിമുടി പരിഷ്കരിക്കുന്ന ഈ സന്ദർഭത്തിൽ വധശിക്ഷ റദ്ദാക്കാൻ നീക്കമില്ല എന്നു മാത്രമല്ല പുതിയ ചില കുറ്റങ്ങൾക്ക് കൂടി അത് ബാധകമാക്കാനാണ് ബില്ലിൽ ശ്രമം നടന്നിട്ടുള്ളത്. ഇന്ത്യയിലെ ഒട്ടേറെ നിയമവിദഗ്ദ്ധരുടെയും ന്യായാധിപരുടെയും സീനിയർ അഭിഭാഷകരുടെയും നിയമ സർവകലാശാലകളുടെയും നിയമഗവേഷണ സ്ഥാപനങ്ങളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും ഒക്കെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു വധശിക്ഷ എന്ന ക്രൂരത അവസാനിപ്പിക്കുക എന്നത്. ഏത് തരത്തിലും കുറ്റങ്ങളുടെ തീക്ഷ്ണത കുറയ്ക്കുവാൻ സഹായകമാകാത്തതും നിരപരാധികൾ ഇരകളാക്കപ്പെടുന്നതുമായ വധശിക്ഷ എന്ന കാലഹരണപ്പെട്ട അപരിഷ്കൃത ശിക്ഷാരീതി ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്തിന് ഒട്ടും അനുയോജ്യമല്ല എന്ന് പലകുറി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. നിയമം പരിഷ്കരിക്കുന്ന ഘട്ടത്തിലും അധികൃതർ ഇക്കാര്യം ശ്രദ്ധിക്കുന്നില്ലെങ്കിൽ ഇനിയും നമ്മൾ അതിനുവേണ്ടി ഉച്ചത്തിൽ ശബ്ദമുയർത്തേണ്ടി വരും.

Also Read

5 minutes read August 18, 2023 2:13 pm