ഉഭയജീവികൾക്ക് വേണം അഭയം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഭൂമിയിലെ ഉഭയജീവികളിൽ 41 ശതമാനവും കടുത്ത വംശനാശ ഭീഷണിയിൽ ആണെന്നും അതിന് മുഖ്യകാരണം കാലാവസ്ഥാ വ്യതിയാനമാണെന്നും 2023 ഒക്ടോബർ 4ന് പുറത്തിറങ്ങിയ നേച്ചർ മാ​ഗസിനിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പറയുന്നു. ആയിരത്തിലേറെ വിദഗ്ധർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഈ റിപ്പോർട്ടിന്റെ രചനയിൽ മലയാളികളായ രണ്ട് ഉഭയജീവി ഗവേഷകർ പങ്കാളികളായിട്ടുണ്ട്, സത്യഭാമ ദാസ് ബിജുവും സന്ദീപ് ദാസും. ഈ റിപ്പോർട്ടിന്റെയും വന്യജീവിവാരത്തിന്റെയും പശ്ചാത്തലത്തിൽ സന്ദീപ് ​ദാസ് സംസാരിക്കുന്നു.

നീലക്കുറുഞ്ഞി പൂവിന് മേൽ വട്ടമിടുന്ന തേനീച്ചയുടെ അതിമനോഹരമായ ചിത്രം, 2019 ലെ കേരളാ സ്റ്റേറ്റ് വൈൽഡ് ലൈഫ് ഫോട്ടോ​​ഗ്രാഫർ അവാ‍ർഡ് സന്ദീപിനു നേടിത്തന്നു. ക്യാമറയുമായി കാടു കയറുന്നവർ കാണാറുള്ള കാഴ്ച്ചകളിൽ നിന്നും വ്യത്യസ്തമാണ് സന്ദീപിന്റെ മാക്രോ ഫോട്ടോ​​ഗ്രാഫുകൾ. കാണപ്പെടാത്ത ജീവന്റെ തുടിപ്പുകൾ അവ കാഴ്ച്ചവെക്കുന്നു. കാട്ടിലേക്കുള്ള യാത്രകളെയും, ക്യാമറയിലൂടെ കാണുന്ന കാടിനെയും, മറക്കാനാവാത്ത ചിത്രങ്ങൾ പക‍ർത്തിയ നിമിഷങ്ങളെയും ഓർമ്മിക്കാമോ ?

എപ്പോഴും പറയാറുള്ളതു പോലെ, ഞാൻ ഒരു ആക്സിഡന്റൽ ഫോട്ടോഗ്രാഫറാണ്. പഠനം നടത്തുമ്പോൾ കാണുന്നവയെ റെക്കോർഡ് ചെയ്യുവാനും പഠനാവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താനുമാണ് ഫോട്ടോഗ്രഫി തുടങ്ങുന്നത്. ഫോട്ടോഗ്രഫിയുടെ ബേസിക്ക്സ് പോലും അന്ന് അറിയുമായിരുന്നില്ല. പലരുടെയും ഫോട്ടോഗ്രാഫുകൾ കണ്ടാണ് പഠിക്കുന്നത്. പ്രവീൺ പി മോഹൻദാസ് എന്ന ഫോട്ടോഗ്രാഫറുടെ ഫോട്ടോഗ്രാഫുകൾ കണ്ടിട്ടാണ് ഞാൻ ഫോട്ടോ എടുത്ത് തുടങ്ങുന്നത്. പതിയെ നമ്മുടേതായിട്ടുള്ള ഒരു കാഴ്ച്ച രൂപപ്പെടുകയാണുണ്ടായത്.

പ്രകൃതിയിലെ എല്ലാ ജീവികളുടെയും ചിത്രങ്ങൾ എടുക്കുന്നത് ഇഷ്ടമാണെങ്കിലും, പഠന മേഖലയിലുള്ള ജീവികളെ ജനങ്ങളിലേക്ക് എത്തിക്കുവാനും അവയെ ജനകീയമാക്കുവാനുമാണ് മാക്രോ ഫോട്ടോഗ്രഫിയിൽ ശ്രദ്ധിച്ച് തുടങ്ങിയത്. അതേസമയം ആ ജീവികളുടെ ആവാസവ്യവസ്ഥയുടെ ഒരു വൈഡർ പെർസ്പെക്ടീവ് കാണിക്കാനുള്ള ആഗ്രഹവുമുണ്ട്. ഇത്തരത്തിലുള്ള ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ആവശ്യമായ ഉപകരണങ്ങൾ നൽകുന്ന ഐഡിയ വൈൽഡ് (idea wild) എന്ന ഒരു സംഘടനയുണ്ട്, അവരുടെ പിന്തുണയോടു കൂടി ഒരു വൈഡ് ആംഗിൾ മാക്രോ ലെൻസ് കിട്ടുകയുണ്ടായി. അതിലൂടെയാണ് വൈഡ് ആംഗിൾ മാക്രോ പെർസ്പെക്ടീവ്സ് എടുത്തു തുടങ്ങുന്നത്. ആ കാഴ്ച്ചപ്പാടിലാണ് നീലക്കുറിഞ്ഞിയിലേക്ക് വരുന്ന തേനീച്ചയുടെ ചിത്രമെടുക്കുന്നത്. സാധാരണ കാണുന്ന കാഴ്ച്ചകളിൽ നിന്നും വ്യത്യസ്തമായ ഒരു കാഴ്ച്ച അവതരിപ്പിക്കുക എന്ന കാഴ്ച്ചപ്പാടിലാണ് അത്തരം ചിത്രങ്ങൾ എടുക്കുന്നത്.

Kurinji and the bee. കടപ്പാട്: സന്ദീപ് ദാസ്

ഫീൽഡിൽ പോകുന്ന ഒരു ബയോളജിസ്റ്റ് എന്ന നിലയിൽ പലപ്പോഴും പലകാര്യങ്ങളും വളരെ ആകസ്മികമായി കാണാറുണ്ട്. എന്നാൽ ഒരുപാട് വർഷങ്ങളായി പുറകെ നടക്കുന്നതുകൊണ്ട് കണ്ട് കിട്ടുന്ന കാഴ്ച്ചകളുമുണ്ട്. മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങളുണ്ട്. എന്നാൽ ഇങ്ങനെ ചോദിക്കുമ്പോൾ എപ്പോഴും എന്റെ മനസ്സിലേക്ക് വരുന്നത് ഒരിക്കൽ അഗസ്ത്യമല പ്രദേശത്ത് തവളകളെ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പുലർച്ചെ ഒരു കരടിയുമായി വളരെ ക്ലോസ് എൻകൌണ്ടർ ഉണ്ടായതാണ്. ആ ചിത്രമാണ് ഒരിക്കൽ കൂട് മാസികയുടെയും പിന്നീട് സാൻക്ച്വറി ഏഷ്യയുടെ (Sanctuary Asia Magazine) കവറായിട്ടുമൊക്കെ വരികയുണ്ടായത്.

Sloth Bear. കടപ്പാട്: സന്ദീപ് ദാസ്

വ‍ർഷം മുഴുവൻ മണ്ണിനടിയിൽ മറഞ്ഞിരിക്കുകയും വർഷത്തിൽ ഒരിക്കൽ മാത്രം പ്രജനനത്തിനായി പുറത്തു വരികയും ചെയ്യുന്ന, പാതാള തവള, മാവിലി തവള, പന്നിമൂക്കൻ തവള എന്നെല്ലാം മലയാളികൾ വിളിക്കുന്ന പർപ്പിൾ ഫ്രോ​ഗിനെ ഒരു പതിറ്റാണ്ടിലേറെ കാലമായി നിരീക്ഷിക്കുകയും പഠിക്കുകയുമാണ് സന്ദീപ്. ഈ പ്രവ‍ർത്തനങ്ങൾക്ക് സുവോളജി സ്റ്റഡി ഓഫ് ലണ്ടൻ ‘എഡ്ജ് ഫെല്ലോഷിപ്പ്’ നൽകി. വ‍‍ർഷം മുഴുവൻ മറഞ്ഞിരിക്കുന്ന ഒരു ജീവിയെ പഠനവിധേയമാക്കിയതെങ്ങനെയാണ് ? മാവേലി തവളയെ കേരളത്തിന്റെ ഔദ്യോ​ഗിക തവളയായി പ്രഖ്യാപിക്കണമെന്ന് സന്ദീപ് ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണ് ?

അത് വലിയൊരു ചലഞ്ചാണ്. 2003 ൽ ശാസ്ത്രലോകം ഈ തവളയെ തിരിച്ചറിഞ്ഞെങ്കിലും ഒരുപാട് വർഷങ്ങൾക്ക് ശേഷം ഏതാണ്ട് 2012 ആവുന്ന സമയത്താണ് ഇതിന്റെ പ്രജനനവും മറ്റുകാര്യങ്ങളുമെല്ലാം മനസ്സിലാവുന്നത്. പിന്നീടും ഏറെ കാലത്തെ പഠനങ്ങൾക്ക് ശേഷമാണ് വർഷത്തിൽ ഒരിക്കൽ ഒരു ദിവസം ഏതാനും മണിക്കൂറുകൾ മാത്രമാണ് ഈ തവള പുറത്തുവരുന്നത് എന്ന് തിരിച്ചറിയുന്നത്. ഇതിന്റെ പ്രജനനം എങ്ങനെയാണ്, മുട്ടയിട്ട ശേഷം എത്ര നാളുകൾക്കകം കുഞ്ഞുങ്ങൾ വളരും, ഒരിക്കൽ ഇന്ത്യയും ആഫ്രിക്കയും ഒന്നായിരുന്നു എന്നതിന്റെ ജീവിച്ചിരിക്കുന്ന തെളിവാണിത് എന്നെല്ലാം ഇന്ന് നമുക്കറിയാം. എന്നാൽ വ‍ർഷത്തിൽ ഒരിക്കൽ പുറത്തുവന്ന് മണ്ണിനടിയിലേക്ക് മടങ്ങിയാൽ പിന്നീട് ഒരു വർഷം മുഴുവൻ മണ്ണിനടിയിൽ എന്തു ചെയ്യുന്നു എന്നതിൽ ഊഹങ്ങളും അനുമാനങ്ങളുമല്ലാതെ നമുക്കിന്നും ഏറെ അറിവില്ല. അതൊരു വസ്തുതയാണ്. അതിനാൽ തന്നെ പഠനം തുടങ്ങുന്ന സമയത്ത് എങ്ങനെ പഠിക്കും എന്നത് വലിയൊരു ചലഞ്ചായിരുന്നു. കഴിഞ്ഞ ഏഴെട്ട് വർഷങ്ങളായി നമ്മൾ പഠനം നടത്തുന്ന ഇടങ്ങളിൽ ഇവ ഓരോ വ‍ർഷവും മഴക്കാലത്ത് എന്ന് പുറത്തുവരുമെന്ന് ഇപ്പോൾ കൃത്യമായി പ്രവചിക്കാൻ കഴിയുന്നത് ഇവ കരയുന്നതും, പുറത്തു വരുന്നതും വ‍‍ർഷങ്ങൾ നിരീക്ഷിച്ചതിന്റെ ഫലമാണ്. കാലാവസ്ഥയും ആവാസവ്യവസ്ഥയും അനുസരിച്ച് ഓരോ ഇടത്തും വ്യത്യസ്ത സമയങ്ങളിലാണ് ഇവ പുറത്തുവരുന്നത്.

Purple Frog/Mahabali Frog. കടപ്പാട്: സന്ദീപ് ദാസ്

മണ്ണിനടിയിൽ മറഞ്ഞിരിക്കുന്ന ഈ തവളയക്ക് ദൃശ്യത ലഭിക്കുന്നതിനായാണ് സംസ്ഥാന തവളയായി പ്രഖ്യാപിക്കണം എന്ന പ്രൊപ്പോസൽ മുന്നോട്ടുവെച്ചിട്ടുള്ളത്. ആനയും കടുവയും പോലെയുള്ള ജീവികളുടെ സംരക്ഷണവും സംരക്ഷണ പ്രാധാന്യവും സംസാരിക്കുമ്പോൾ വലിയ ജീവികളായതിനാൽ അതിന്റെ പ്രാധാന്യം വിശദീകരിക്കേണ്ടതില്ല. എന്നാൽ തവളയും പാമ്പും പോലെയുള്ള, വളരെ ചെറുപ്പം മുതലെ അറപ്പോടെയും പേടിയോടെയും കാണാൻ നമ്മുടെ ചുറ്റുപാടുകൾ പഠിപ്പിക്കുന്ന ജീവികളെ, പഠിക്കുകയും സംരക്ഷിക്കുകയും വേണം എന്ന് പറയുമ്പോൾ അതു മനസ്സിലാക്കാൻ പ്രയാസമായിരിക്കും. ഈ ഫെല്ലോഷിപ്പ് കിട്ടി പഠിക്കുന്ന സമയത്ത് ആദ്യം നേരിട്ടിരുന്ന വെല്ലുവിളി ഇവയെ കുറിച്ച് സംസാരിക്കുക എന്നുള്ളതായിരുന്നു. ഒരു സ്കൂളിൽ നൂറോ ഇരുന്നൂറോ പേരോട് സംസാരിക്കുമ്പോൾ ഒന്നോ രണ്ടോ പേരായിരിക്കും ഇവയെ കുറിച്ച് കേട്ടിട്ടുണ്ടാവുക. അവ‍ർ ഈ മേഖലയുമായി ബന്ധമുള്ളവരോ താത്പര്യമുള്ളവരോ ആയിരിക്കും.ആ അവസരത്തിലാണ് ഈ ഫെല്ലോഷിപ്പിന്റെ ഭാ​ഗമായി മഡഗാസ്കറിലായിരിക്കുമ്പോൾ ലെമൂറുകളുടെ സംരക്ഷണത്തിനായി പ്രവർത്തിച്ചിട്ടുള്ള അമേരിക്കൻ ശാസ്ത്രജ്ഞ പട്രീഷ്യ റൈറ്റിനെ (Patricia Wright) കണ്ടുമുട്ടുന്നത്.
For the Love of Lemurs: My Life in the Wilds of Madagascar എന്ന അവരുടെ പുസ്തകം വളരെ പ്രശസ്തമാണ്. പട്രീഷ്യയുടെ പ്രഭാഷണത്തിൽ ഉടനീളം സൂചിപ്പിച്ചിട്ടുള്ള ഒരു കാര്യം, നിങ്ങൾ ഏതു ജീവിയെ കുറിച്ച് പഠിക്കുകയും സംരക്ഷിക്കുവാനായി ശ്രമിക്കുകയും ചെയ്യുകയാണെങ്കിലും, ആ ജീവി സംരക്ഷിക്കപ്പെടണം എന്നുണ്ടെങ്കിൽ പൊതുജനത്തിനും പോളിസി മേക്കേ‍‍ഴ്സിനും എല്ലാ സ്റ്റേക്ക്ഹോൾഡേ‍ർസിനും ആ ജീവിയെ കുറിച്ച് അറിവുണ്ടായിരിക്കണം. അങ്ങനെയാണ് ഈ ജീവിയെ എങ്ങനെ ജനകീയമാക്കും എന്നു ചിന്തിച്ച് തുടങ്ങുന്നത്.

For the Love of Lemurs: My Life in the Wilds of Madagascar-കവർ

ഇവ കാണപ്പെടുന്ന ഇടുക്കിയിലെയൊ, സൈലന്റ് വാലിയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലെയൊ ആളുകൾക്ക്, പ്രതേകിച്ചും ആദിവാസികൾക്ക് ഇതിനെ കുറിച്ച് നല്ല ധാരണയുണ്ട്. ഇത് എപ്പോൾ പുറത്തുവരും എന്നെല്ലാം അവ‍ർക്കറിയാം. ഇതിന് ആണിനും പെണ്ണിനും പേരുകളുണ്ട്. പല ഔഷധഗുണങ്ങളും ഉണ്ടെന്ന വിശ്വാസത്തിൽ അവർ അതിനെ കഴിക്കുന്നുണ്ട്. പക്ഷേ, അതിനപ്പുറത്തേക്ക്, ഇവയെ സംരക്ഷിക്കുന്നതിനായി ശ്രമിക്കുമ്പോൾ, തീരുമാനമെടുക്കുന്ന ആളുകൾ അല്ലെങ്കിൽ തീരുമാനം എടുക്കേണ്ട ആളുകൾ, ഇവ‍ർക്കൊക്കെ ഇതിനെ അറിയുമോ എന്ന ചോദ്യമുണ്ട്. അങ്ങനെയാണ്, വർഷത്തിൽ ഒരിക്കൽ മാത്രം പാതാളത്തിൽ നിന്നും എത്തുന്ന മഹാബലി എന്ന കഥാപാത്രവുമായി ഇതിനെ ബന്ധിപ്പിച്ചുകൂടെ എന്ന ആലോചനയുണ്ടാകുന്നത്. മൂന്ന്, നാല് വ‍‍ർഷം അങ്ങനെ ക്യാമ്പയിൻ നടത്തി. അപ്പോഴും ആളുകളിലേക്ക് എത്തുന്നതിന് പരിമിതികളുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് 2019 ൽ സംസ്ഥാന ചിത്രശലഭത്തെ പ്രഖ്യാപിക്കുന്നത്. അപ്പോൾ എന്തുകൊണ്ട് ഒരു സംസ്ഥാന ഉഭയജീവിയെ നിർ‍ദേശിച്ചുകൂടാ എന്ന് ആലോചിക്കുന്നതും പ്രൊപ്പോസൽ എഴുതുന്നതുമെല്ലാം.

പാതാളതവളയുടെ ബന്ധുക്കളെല്ലാം സീഷെൽസ് (Seychelles) ദ്വീപിലാണ്. രണ്ട് ഭൂഖണ്ഡങ്ങൾക്കിടയിലെ ജീവികൾ തമ്മിൽ എങ്ങനെ ബന്ധുത്വം വന്നു ? ആഫ്രിക്കയിൽ നിന്നും വേ‍ർപ്പെട്ടുവന്നതാണ് ഇന്ത്യ എന്നതിന് ജീവിച്ചിരിക്കുന്ന തെളിവാണിത്. ഡിനോസറുകളോടൊപ്പം ഭൂമിയിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ഒരു ജീവിയാണിത്, ഒരു ലിവിങ്ങ് ഫോസിലാണ്. ഇതൊന്നും പോരാഞ്ഞ് മഹാബലിയോട് സാമ്യമുള്ളതുമാണ്. ഉഭയജീവികളെല്ലാം ശുദ്ധജലസ്രോതസുകളുടെ സൂചകങ്ങളാണ്. വേനലിൽ വറ്റിപ്പോവുകയും ആദ്യ മഴയ്ക്ക് പുനർജനിക്കുകയും ചെയ്യുന്ന അരുവികളിലാണ് ഇവരൊക്കെ പ്രജനനം നടത്തുന്നത്. ഇത്തരത്തിലുള്ള ആവാസവ്യവസ്ഥയുടെയും അതിനോട് ചുറ്റിപ്പറ്റിയുള്ള എല്ലാ ജീവികളുടെയും സംരക്ഷണമാണ് ലക്ഷ്യമാക്കുന്നത്. ഒരു കടുവയെ സംരക്ഷിക്കുമ്പോൾ ആ കാട് മുഴുവൻ സംരക്ഷിക്കപ്പെടും എന്നതുപോലെ ഒരു അമ്പർലാ സ്പീഷീസ് (umbrella species) ആയി വർത്തിക്കുന്ന ജീവിയാണ് പാതാള തവള. ഈ കാര്യങ്ങളെല്ലാം മുൻനിർത്തിയാണ് പാതാള തവളയെ സംസ്ഥാന തവളയായി ശുപാർശ ചെയ്തിട്ടുള്ളത്.

മഹാബലി തവളയെ പരിചയപ്പെടുത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ചിത്രം.

ഐ.യു.സി.എൻ ​ഗ്ലോബൽ ആംഫീബിയൻ അസെസ്മെന്റിന്റെ നേതൃത്വത്തിൽ നടന്ന നേച്ചർ ജേർണലിൽ ഈ ലക്കം പ്രസിദ്ധീകരിച്ച ഉഭയ ജീവികളെ മുൻനിർത്തിയുള്ള പുതിയ പഠനത്തിന്റെ ഭാ​ഗമായിട്ടുള്ളത് രണ്ട് മലയാളികളാണ്. ഫ്രോ​ഗ്മാൻ ഓഫ് ഇന്ത്യ എന്ന് അറിയപ്പെടുന്ന സത്യഭാമ ദാസ് ബിജുവും സന്ദീപ് ദാസും. നിരവധി ​ശാസ്ത്രജ്ഞരും ​ഗവേഷകരുമെല്ലാം പങ്കെടുത്തിട്ടുള്ള ഈ ​ഗവേഷണത്തിലെ പങ്കാളിത്തത്തെ കുറിച്ച് പറയാമോ ? പഠനത്തിന്റെ ഫലങ്ങളെ എങ്ങനെ വിലയിരുത്തുന്നു ? കൂടുതൽ രൂക്ഷമായ ഒരു സാഹചര്യത്തെ അല്ലെ പുതിയ പഠനം വെളിപ്പെടുത്തുന്നത് ?

തീർച്ചയായും ഒരു രൂക്ഷമായ സാഹചര്യമാണ് പഠനം വെളിപ്പെടുത്തുന്നത്. എങ്കിൽ പോലും സന്തോഷമുള്ള കാര്യങ്ങളുമുണ്ട്. പശ്ചിമഘട്ടത്തിൽ വംശനാശ ഭീഷണി നേരിടുന്ന ഒരുപാട് ജീവികളുണ്ട് എന്ന് പറയപ്പെടുമ്പോൾ പോലും, വളരെയേറെ ഭീഷണിനേരിടുന്നതായി കണക്കാക്കിയിരുന്ന ജീവികളിൽ പലതും അങ്ങനെയല്ല. സംരക്ഷിത പ്രദേശങ്ങളിൽ കൂടുതൽ ഇടങ്ങളിൽ അവയെ കാണുന്നുണ്ട് എന്ന നല്ല വാർത്തയും കിട്ടുന്നുണ്ട്.

സാധാരണയായി ഒരുപാട് സമയമെടുക്കുന്നതാണ് ഇത്തരം അസെസ്മെന്റുകൾ. ഓരോ സ്ഥലങ്ങളിലും ഇതിന്റെ എക്സ്പെർട്ടുകൾ ഒന്നിച്ചിരിക്കുകയും, വിവരങ്ങൾ തമ്മിൽ ചർച്ച ചെയ്യുകയും ക്രോഡീകരിക്കുകയും ചെയ്യുന്ന വലിയൊരു പ്രോസസാണ്. പക്ഷെ കോവിഡ് കാലഘട്ടത്തിലാണ് ഈ അസെസ്മെന്റ് വന്നത് എന്നതുകൊണ്ട് തന്നെ മണിക്കൂറുകൾ നീണ്ട ഒരുപാട് ഓൺലൈൻ മീറ്റിങ്ങുകളിലൂടെയാണ് ഈ അസ്സെസ്സ്മെന്റ് കടന്നുപോയത്. ഇതിന്റെ ഭാഗമായി അറുപതോളം മീറ്റിങ്ങുകളിൽ ഇരുന്നിട്ടുണ്ട് എന്നാണ് എന്റെ ഓർമ. ഇത്തരം മീറ്റിങ്ങുകളിലെല്ലാം നമ്മൾ ഡിസ്ട്രിബ്യൂഷൻ ഡാറ്റ ഷെയർ ചെയ്യുകയും അവ നേരിടുന്ന ഭീഷണികൾ വിലയിരുത്തുകയും ചെയ്യുന്നു. അങ്ങനെ ഗവേഷകരുടെയും ശാസ്ത്രജ്ഞരുടെയും കൂട്ടായ്മയിലൂടെയാണ് ഈ അസെസ്മെന്റ് നടക്കുന്നത്.

ഡോ: എസ് ഡി ബിജു (സത്യഭാമ ദാസ് ബിജു ) കടപ്പാട്: വിക്കിപീഡിയ

പ്രധാനമായും പശ്ചിമഘട്ടത്തിലെ ഉഭയ ജീവികളെ കുറിച്ചുള്ള ഡാറ്റയാണ് എന്റെ കോൺട്രിബ്യൂഷൻ. അസെസ്മെന്റിന്റെ ഒരു റിപ്പോർട്ട് State of the World’s Amphibians പുറത്തുവന്നു. അതിനോടൊപ്പമാണ് നേച്ചറിലെ (Nature) പഠനവും വന്നിട്ടുള്ളത്. 1200 ഓളം ആളുകൾ ഈ അസെസ്മെന്റിൽ പങ്കെടുത്തിട്ടുണ്ട്. നാൽപ്പതോളം ഗവേഷകർ ഇന്ത്യയിൽ നിന്നും വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതിൽ വളരെയധികം വിവരങ്ങൾ പങ്കുവെച്ചിട്ടുള്ള നൂറ്റി ഇരുപതോളം ആളുകളാണ് നേച്ചർ ജേണലിൽ രചയിതാക്കളായിട്ടുള്ളത്.

2286 സ്പീഷീസുകളെയാണ് ഈ പഠനത്തിൽ പുതുതായി വിലയിരുത്തപ്പെട്ടിട്ടുള്ളത്. പുതിയ സ്പീഷിസുകളെ കണ്ടെത്താനുള്ള നിരവധി ഉദ്യമങ്ങളിൽ സന്ദീപ് പങ്കാളിയായിട്ടുണ്ടല്ലോ. ഒരു പുതിയ ജീവജാലത്തെ കണ്ടെത്തിയ അനുഭവവും പഠനവിധേയമാക്കുന്ന രീതിയും പങ്കുവെക്കാമോ ?

ഇത്രയധികം സ്പീഷീസുകളെ പുതുതായി വിലയിരുത്തി എന്ന് പറയുമ്പോഴും മുൻ അസെസ്മെന്റ് ഉണ്ടായിട്ടുള്ളത് 2004 ലാണ്. ഏതാണ്ട് 20 വർഷം ആവുമ്പോഴാണ് ഈ അസെസ്മെന്റ് ചെയ്യുന്നത്. ഈ കാലയളവിൽ സാങ്കേതികതയിൽ വന്ന പുരോഗതി വളരെ സഹായകരമായിട്ടുണ്ട്. പണ്ട്, ഒരു തവളയാവട്ടെ, പല്ലിയാവട്ടെ, പാമ്പാവട്ടെ, ഇത്തരത്തിൽ ഉള്ള ജീവികളെ കാണുമ്പോൾ അവയുടെ ബാഹ്യമായിട്ടുള്ള വ്യത്യാസങ്ങളും, ചിലയിടങ്ങളിൽ ആന്തരികമായ വ്യതിയാനങ്ങളും മനസ്സിലാക്കിയിട്ടാണ് പുതിയ ഇനങ്ങളെ തിരിച്ചറിയാറുള്ളത്. ഇന്ന് അങ്ങനെയല്ല, തവളയാണെങ്കിൽ തവളയുടെ മോർഫോളജി, ബാഹ്യസാദൃശ്യങ്ങളും പ്രത്യേകതകളും എന്നിവയെല്ലാം എടുക്കും. മറ്റൊന്ന് അവരുടെ ശബ്ദം, കരച്ചിൽ വളരെ യുണീക്കാണ്. ഇണയെ ആകർഷിക്കാനും സ്വജാതിയിലുള്ള മറ്റ് ആൺ തവളകളെ അകറ്റാനുമാണ് തവളകൾ പലപ്പോഴും ശബ്ദിക്കുന്നത്. അങ്ങനെ അവ ടെറിറ്ററി മെയിന്റെയിൻ ചെയ്യുന്നു. ഈ കരച്ചിലിന്റെ കാര്യത്തിൽ പല സ്പീഷീസുകളും തമ്മിൽ വ്യത്യാസമുണ്ടാകും. സാങ്കേതിക പുരോഗതിയുടെ ഫലമായി ഇപ്പോൾ കുറച്ചു കാലങ്ങളായി ജനിതക വ്യത്യാസങ്ങളും പരിശോധിക്കപ്പെടുന്നു. ഇങ്ങനെയെല്ലാം ഒരുപാട് പുതിയ ഇനങ്ങൾ കണ്ടത്തപ്പെടുന്നു. ഇതുവരെ ഇരുപത്തിരണ്ടോളം ജീവികളെ ഇങ്ങനെ കണ്ടെത്താനും പേരുകൊടുക്കാനും കഴിഞ്ഞിട്ടുണ്ട്.

Galaxy Frog. കടപ്പാട്: സന്ദീപ് ദാസ്

എന്റെ തീസീസ് സൂപ്പർവൈസർ കൂടിയായിട്ടുള്ള ഈസയുടെ പേരിൽ നാമകരണം ചെയ്ത ഒരു പല്ലിയുണ്ട്. അട്ടപ്പാടിയിൽ നിന്നാണ് സുഹൃത്തുക്കൾ അതിനെ കാണുന്നതും സംശയം പറയുന്നതും. അങ്ങനെ അതിനെ കാണാനായി പോയി. അതിനോട് ഏറ്റവും അടുത്തു നിൽക്കുന്ന പല്ലിയിൽ നിന്നും എന്തൊക്കെ വ്യത്യാസങ്ങളുണ്ട് എന്ന് മനസ്സിലാക്കാൻ ശ്രമിച്ചു. ശരീരത്തിലെ ശൽക്കങ്ങളുടെ ക്രമീകരണത്തിനുള്ള വ്യത്യാസവും, കൈകാലുകളുടെ ഉൾപ്പെടെ ശരീരത്തിന്റെ വലുപ്പത്തിലുള്ള വ്യത്യാസവും എല്ലാം കണക്കാക്കിക്കൊണ്ട് ഒരു പുതിയ ഇനമായി തിരിച്ചറിയുകയും ബാഹ്യമായും ആന്തരികമായുമുള്ള വ്യതിയാനങ്ങളാൽ ഇതൊരു പുതിയ സ്പീഷീസ് ആണെന്ന് പ്രബന്ധം എഴുതി ഈ മേഖലയിലെ ഒരു ജേർണലിന് അയച്ചു. എക്സ്പേർട്ട് റിവ്യൂവിലൂടെ വിലയിരുത്തിയതിനു ശേഷം അവരത് അംഗീകരിച്ചു. എന്നാൽ ചില സമയങ്ങളിൽ റിവ്യൂവേർസായിട്ടുള്ള എക്സ്പർട്ടുകൾ സംശയങ്ങൾ ഉന്നയിക്കാം. ഇങ്ങനെ ഒരു ജേർണലിൽ പ്രസിദ്ധീകരിക്കപ്പെടുമ്പോഴാണ് പുതിയ ഒരു സ്പീഷീസ് അടയാളപ്പെടുന്നത്. പുതുതായി കണ്ടെത്തുന്ന ജീവികൾക്ക് പേരിടുന്നതിൽ സുവോളജിക്കൽ നാമകരണം നടത്തുന്ന അന്താരാഷ്ട്ര കമ്മീഷൻ (International Code Of Zoological Nomenclature) നിർദ്ദേശങ്ങളുണ്ട്. അതുപ്രകാരമാണ് പേരിടുന്നത്. കുറച്ചു കാലം മുൻപ് വന്ന മാറ്റങ്ങൾ പ്രകാരം ഇപ്പോൾ സ്വന്തം ഭാഷയിലും പേരിടാവുന്നതാണ്. മലയാളം പേരുകളുള്ള ഒരുപാട് ജീവികളെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും.

ഉഭയജീവികളുടെ വംശനാശത്തിന് പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളത് രോഗങ്ങളെയാണല്ലോ. ഡെൻഡ്രോബാറ്റിഡിസ് (ബി.ടി) എന്ന മൈക്രോസ്കോപ്പിക്ക് ഫംഗസിലൂടെ പകരുന്ന കെട്രിഡിയോമൈക്കോസിസ് വലിയ ഭീഷണിയുയർത്തുന്നു. സലാമാന്ദ്രിവോറൻസ് എന്ന കൈട്രഡ് ഫംഗസ് യൂറോപ്പിൽ വെല്ലുവിളിയുയർത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം ഫംഗസുകൾ എങ്ങനെയാണ് ഉഭയജീവികളെ ബാധിക്കുന്നത് ? അവയുടെ വംശനാശത്തിന് കാരണമാകുന്നത് ?

ഉഭയജീവികളെ ബാധിക്കുന്ന രോഗങ്ങളിൽ വളരെ പ്രധാനമായ ഒന്നാണ് കെട്രിഡ് ഫംഗസ് അല്ലെങ്കിൽ കെട്രിഡിയോമൈക്കോസിസ് എന്ന് പറയുന്നത്. ഇതിന് കാരണക്കാരനാവുന്നത് തവളകളിൽ, ബട്രാക്കൊക്കെട്രിയം ഡെൻഡ്രോബൈറ്റിഡിസ് (Batrachochytrium dendrobatidis) എന്ന് പറയുന്ന സ്പീഷീസും സലമാണ്ടറുകളിൽ ബട്രാക്കൊക്കെട്രിയം സലാമന്ദ്രിവോറൻസ് (batrachochytrium salamandrivorans) എന്നു പറയുന്ന സ്പീഷീസുമാണ്. അതിൽ സലമാന്ദ്രിവോറൻസ്, സാലമാണ്ടറുകളെ കൊല്ലുന്ന എന്ന് അർത്ഥം വരുന്ന ഡെൻഡ്രോബൈറ്റിഡിസിൽ ഡെൻഡ്രോബാറ്റിഡേ എന്ന ഒരു വിഭാഗം തവളകളിൽ നിന്നും കണ്ടെത്തിയിട്ടുള്ളതുമാണ്.

1990 കളിൽ ഓസ്ട്രേലിയൻ പ്രദേശങ്ങളിലാണ് കെട്രിഡ് ഫംഗസിനെ കണ്ടു തുടങ്ങുന്നത്. കൂട്ടമായി ഉഭയജീവികൾ ചത്തുപോകുന്ന ഒരു അവസ്ഥയാണ് ഉണ്ടായിരുന്നത്. പിന്നീട് വിശദമായ പഠനങ്ങളിലൂടെയാണ് ഫംഗസ് ബാധ തിരിച്ചറിയുന്നത്. ഈ ഫംഗസ് ഇവരുടെ ത്വക്കിലുള്ള കെരാറ്റിനെയാണ് ബാധിക്കുന്നത്. വളരെ ലോലമായ ത്വക്കാണ് ഉഭയജീവികളുടേത്. ത്വക്കിലൂടെയും ശ്വാസകോശത്തിലൂടെയും ശ്വസിക്കുന്നവരാണ് ഉഭയജീവികൾ. ചില ഉഭയജീവികളാവട്ടെ ത്വക്കിലൂടെ മാത്രം ശ്വസിക്കുന്നവരുമാണ്. ഇതേ ത്വക്കിലൂടെ തന്നെ ഇവർ വായു എക്സ്ചേഞ്ച് ചെയ്യുകയും ഇലക്ട്രോബൈറ്റ്സും വെള്ളവും എല്ലാം ആഗിരണം ചെയ്യുന്നു. ഈ ഫംഗസ് ബാധ കൂടുന്ന അവസരത്തിൽ ഈ പ്രവർത്തനങ്ങൾ നടക്കാതെ വരികയും ഓക്സിജൻ ഡെഫിഷ്യൻസി വരികയും ഹൃദയസ്തംഭനം ഉണ്ടാവുകയും ചത്തു പോവുകയും ചെയ്യുന്നു. ഈ ഒരു ഫംഗസ് ആക്ടീവ് ആവുന്നത് 17 മുതൽ 25 ഡിഗ്രി സെൽഷ്യസ് ചൂട് വരുന്ന സമയത്താണ്. അതുകൊണ്ടുതന്നെ ചൂടു കുറഞ്ഞ സ്ഥലങ്ങളിൽ ആഗോള താപനം ഇതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നു. ഇന്ത്യയിൽ ഉൾപ്പെടെ ലോകത്തിന്റെ പല ഇടങ്ങളിൽ ഈ രോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ അത്രയേറെ മരണങ്ങൾ ഉണ്ടായിട്ടില്ല. നമ്മുടെ കാലാവസ്ഥയാണ് അതിനെ തടുക്കുന്നത്. എന്നാൽ സെൻട്രൽ അമേരിക്കയിലെയും, സൗത്ത് അമേരിക്കയിലെയും ചില രാജ്യങ്ങളിലും ആഫ്രിക്കയിലെയും ഓസ്ട്രേലിയയിലെയും ചില പ്രദേശങ്ങളിലും ഇവ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്താണ് സലമാണ്ടറുകളെയും ഇതു ബാധിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇവ പകരുവാനുള്ള സാധ്യതകളുമുണ്ട്.

Large Ghat Tree Frog. കടപ്പാട്: സന്ദീപ് ദാസ്

ഇന്ത്യയിലെ പശ്ചിമഘട്ടത്തിന്റെ കാഴ്ച്ചപ്പാടിൽ നോക്കുകയാണെങ്കിൽ നമുക്ക് വരാൻ പോകുന്ന വലിയൊരു ഭീഷണി, കോവിഡ് കാലത്ത് നമ്മൾ കണ്ടതാണ്. കോവിഡ് കാലത്ത് വളരെയധികം വളർച്ചയുണ്ടായ വ്യവസായമാണ് പെറ്റ് ട്രേഡ് അല്ലെങ്കിൽ പെറ്റ് ഇൻഡസ്ട്രി എന്നു പറയുന്നത്. അതിന്റെ ഭാഗമായി പല രാജ്യങ്ങളിൽ നിന്നുമുള്ള ജീവികളെ നമ്മുടെ രാജ്യത്ത് കൊണ്ടുവന്നു വളർത്താനായി വിൽക്കുന്നുണ്ട്. ഇഗ്വാനകളും, കുരങ്ങുകളും, മുതലകളും ഉൾപ്പെടെ കങ്കാരുവിനെ വരെ നമ്മുടെ രാജ്യത്തെ പല സ്ഥലങ്ങളിൽ നിന്നും പിടിച്ചിട്ടുണ്ട്. മറ്റു പല രാജ്യങ്ങളിലും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികളെ വളർത്താനായി ഇവിടേക്ക് കൊണ്ടുവരുന്നുണ്ട്. അതുപോലെ പലതരത്തിലുള്ള സലമാണ്ടറുകളും തവളകളുമെല്ലാം ഇങ്ങനെ വളർത്താൻ വേണ്ടി കൊണ്ടുവരുന്നുണ്ട്. കെട്രിഡ് ഫംഗസ് ബാധിച്ചിട്ടുള്ള സ്ഥലങ്ങളിൽ നിന്നും കൊണ്ടുവരുന്ന ജീവികളിലും ഈ രോ​ഗാണുക്കൾ ഉണ്ടാവും. ഇവിടെയുള്ള ജീവികളിലേക്ക് രോ​ഗാണുക്കൾ പടരാനുള്ള സാധ്യത വളരെയധികമുണ്ട്. ഇവയുടെ വാഹകരായി തിരിച്ചറിഞ്ഞിട്ടുള്ള ജീവികളിൽ പലതും ഇന്ന് ഈ പെറ്റ് ട്രേഡിന്റെ ഭാ​ഗമായി മാ‍ർക്കറ്റുകളിൽ കാണാനാവും. അത് പേടിപ്പെടുത്തുന്ന കാര്യമാണ്.

1980 നും 2004 നും ഇടയ്ക്കുള്ള ഉഭയജീവികളെ കുറിച്ചുള്ള പഠനത്തിൽ 6 ജീവിവർഗങ്ങളായിരുന്നു കാലാവസ്ഥാ വ്യതിയാനം മൂലം വംശനാശ ഭീഷണി നേരിട്ടിരുന്നത് എങ്കിൽ 2004 നും 2022 നും ഇടയിലുള്ള പുതിയ പഠനത്തിൽ 119 ജീവിവർഗങ്ങളെ കലാവസ്ഥാ വ്യതിയാനം വംശനാശ ഭീഷണിയിലേക്ക് നയിച്ചിരിക്കുന്നു. രോഗബാധയിൽ നിന്നും കാലാവസ്ഥാ വ്യതിയാനം ഉഭയജീവികളുടെ വംശനാശത്തിന്റെ പ്രഥമ കാരണമായി മാറുന്നു. ഇത്തരം സ്പീഷീസ് – സ്പെസിഫിക്കായ കാലാവസ്ഥാ പഠനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് നൽകുന്ന പുതിയ തിരിച്ചറിവുകൾ എന്തെല്ലാമാണ് ?

നേരത്തെ കെട്രിഡിന്റെ കാര്യം പറഞ്ഞല്ലോ, ആ​ഗോളതാപനം മൂലം കെട്രി‍ഡ് ഫം​ഗസ് ബാധ അതില്ലാത്ത ഇടങ്ങളിലേക്ക് എത്തുന്നു. അതുപോലെതന്നെ 2004 ൽ കാലാവസ്ഥാ വ്യതിയാനം മൂലം വംശനാശ ഭീഷണി നേരിട്ടിരുന്നത് 4 ജീവികൾ ആയിരുന്നെങ്കിൽ ഇന്നത് 120 ഓളം ഉഭയജീവിവ‍ർ​ഗങ്ങൾക്ക് വംശനാശഭീഷണി ഉയ‍ർത്തുന്നുണ്ട്. ഈ പഠനത്തിൽ വിവരങ്ങൾ ശേഖരിച്ചതു പോലെ വിപുലമായ വിവര ശേഖരണത്തിനുള്ള സാധ്യത മുൻപ് ഉണ്ടായിരുന്നില്ല എന്നതും കണക്കാക്കേണ്ടതാണ്. മാത്രമല്ല, കാലാവസ്ഥയിലുണ്ടായ മാറ്റം, IPCC എല്ലാം human induced climate change എന്ന് കാലാവസ്ഥാവ്യതിയാനത്തെ വിശേഷിപ്പിക്കുന്ന ഒരു അവസ്ഥയിലാണ് നമ്മളുള്ളത്. അമ്പതോ നൂറോ വ‍ർഷത്തിനുള്ളിൽ പ്രവചിക്കപ്പെടുന്ന ദുരന്തങ്ങൾ പത്തു വ‍ർഷത്തിനുള്ളിൽ കാണപ്പെടുന്നു. ഇതിനു മുൻപ് ഉണ്ടായതിന്റെ നാലോ അഞ്ചോ ഇരട്ടി വേ​ഗത്തിലാണ് ഈ പത്തു വ‍ർഷത്തിനുള്ളിൽ എക്സ്ട്രീം ക്ലൈമെറ്റിക്ക് ഇവന്റ്സ് ഉണ്ടായിട്ടുള്ളത് എന്ന പഠനങ്ങളാണ് നമുക്ക് മുൻപിലുള്ളത്. രോ​ഗാവസ്ഥയായാലും, കാലാവസ്ഥയുടെ വ്യതിയാനമായാലും ജീവജാലങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.

ഒരു ഉദാഹരണത്തിലൂടെ ഇതു മനസ്സിലാക്കാം. ചൂട് കൂടുന്ന ഒരു കാലാവസ്ഥയിൽ നിന്നും നല്ലൊരു കാലാവസ്ഥയുള്ള ഇടങ്ങളിലേക്ക് മാറാൻ ജീവികൾ ശ്രമിക്കും. അത്തരത്തിലുള്ള മൂവ്മെന്റ്സ് ലോകത്തിന്റെ പലഭാ​ഗങ്ങളിലും പഠനവിധേയമായിട്ടുണ്ട്. ഇവിടെ നല്ല കാലാവസ്ഥയുള്ള സ്ഥലം മൂന്നാറാണ് എന്ന് വിചാരിക്കുക. താഴെയുള്ള തവളകൾ മുകളിൽ ചൂട് കുറവുള്ള സ്ഥലങ്ങളിലേക്ക് കയറുകയാണ്. എന്നാൽ അപ്പോൾ അവർ എത്തി നിൽക്കുന്ന ഇടത്ത് അവിടെയുള്ള തവളകൾ അവിടെ മാത്രം കാണപ്പെടുന്ന തവളകൾ അവ‍ർ എന്തു ചെയ്യും? അവിടെ ചൂട് കൂടുമ്പോൾ അവ‍ർ എവിടേക്ക് പോകും? വംശനാശം സംഭവിക്കുന്ന ഒരു അവസ്ഥയിലേക്കായിരിക്കും അവ‍ പോകുന്നത്. ഇത്രയും ദ്രുത​ഗതിയിലുള്ള ഒരു കാലാവസ്ഥാവ്യതിയാനം തികച്ചും ആശങ്കപ്പെടുത്തുന്ന ഒരു അവസ്ഥയിലൂടെയാണ് നമ്മെ കൊണ്ടുപോകുന്നത്.

Starry Night Frog. കടപ്പാട്: സന്ദീപ് ദാസ്

എന്റെ പ്രായത്തിന്റെ ഒരു കാലഘട്ടത്തിൽ നോക്കിയാൽ തന്നെ, ഈ കഴിഞ്ഞ കുറച്ചു വ‍ർഷങ്ങൾക്കുള്ളിൽ ഞാൻ താമസിക്കുന്ന തൃശ്ശൂരിൽ വന്ന മാറ്റം, തൃശ്ശൂരിലെ ചൂടിൽ വന്ന മാറ്റം അല്ലെങ്കിൽ ഇത്രയും കാലം കേരളത്തിൽ പഠനം നടത്തിയിട്ടുള്ള പല വനപ്രദേശങ്ങളിലും കഴിഞ്ഞ മൂന്നോ അഞ്ചോ വർഷം മുൻപ് ഉണ്ടായിരുന്നതിൽ നിന്നും വളരെ വ്യത്യസ്തമായിട്ടാണ് കാലാവസ്ഥയുള്ളത്. നേരത്തെ സൂചിപ്പിച്ചതു പോലെ 2011 മുതൽ പാതാള തവളയെ പഠിച്ചുകൊണ്ടിരിക്കുന്നു. ഇത്രയും വ‍ർഷങ്ങൾ സ്ഥിരമായി പല ഇടങ്ങളിൽ പഠിക്കുന്നതുകൊണ്ട് തന്നെ അവിടെ വരുന്ന മാറ്റം നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. മൺസൂണിനൊപ്പം പരിണമിച്ച ജീവികളാണ് ഇവയെന്ന് പറയാൻ സാധിക്കുമായിരുന്നു. സാധാരണ ഇവ മുട്ടയിട്ട് ഏതാണ്ട് ആറേഴ് ദിവസത്തിനുള്ളിൽ മഴ പെയ്യേണ്ടതാണ്. മണ്ണിനടിയിൽ ഇരുന്ന് ഇത്ര ദിവസത്തിനുള്ളിൽ ശക്തമായ മഴ പെയ്യും എന്ന് ഈ തവള എങ്ങനെ അറിയുന്നു എന്നത് ഇപ്പോഴും നി​ഗൂഢമാണ്. കഴിഞ്ഞ നാലു വ‍ർഷങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ വർഷം നമ്മൾ പഠിച്ച 12 സൈറ്റുകളിൽ മുട്ടയിട്ടിട്ട് അടുത്ത മഴ പെയ്യുന്നത് 21 ദിവസത്തിന് ശേഷമാണ്. 21 ദിവസത്തിനുള്ളിൽ അവ‍ർ മുട്ടയിട്ട തോട് വറ്റി, അവ‍ർ ഇട്ട മുട്ടകൾ എല്ലാം നഷ്ട്ടപ്പെട്ട അവസ്ഥയിലേക്ക് പോയി. ഇത്തരത്തിൽ കാലാവസ്ഥാ മാറ്റം മൂലം ഈ ജീവികൾ വളരെ പെട്ടെന്നു തന്നെ ഇല്ലാതായേക്കാം.

ഉഭയജീവികൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്ന് ആവാസ വ്യവസ്ഥയുടെ നാശവും വിഘടനവുമാണ്. ഇത്തരത്തിലുള്ള പാരിസ്ഥിതിക അസ്വസ്ഥതകൾ, പ്രത്യേകിച്ചും ആവാസവ്യവസ്ഥയിൽ വരുന്ന വിഘടനം (fragmentation) ഉഭയജീവികളെ ഇത്രമേൽ ബാധിക്കുന്നത് എന്തുകൊണ്ടാണ് ? ഇത്തരം മാറ്റങ്ങളോട് അവ പ്രതികരിക്കുന്നത് എങ്ങനെയെല്ലാമാണ് ?

ഉഭയജീവികൾ മാത്രമല്ല എല്ലാ ജീവികളും നേരിടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് ആവാസവ്യവസ്ഥയുടെ വിഘടനം. ഉഭയജീവികളെ സംബന്ധിച്ചിടത്തോളം, നമ്മുടെ നാട്ടിൻപുറങ്ങളിലെ തണ്ണീ‍ർതടങ്ങളിലൊക്കെ വളരെയേറെ കാണപ്പെട്ടിരുന്ന പോക്കാച്ചി തവള മാക്കാച്ചി തവള എന്നൊക്കെ പറയപ്പെട്ടിരുന്ന, മഴക്കാലങ്ങളിൽ വ്യാപകമായി വേട്ടയാടപ്പെട്ടിരുന്ന തവള, ഇന്ന് വന്യജീവി സംരക്ഷണ പ്രകാരം സംരക്ഷിക്കപ്പെടുന്നു. എന്നാൽ ഒരു കോഴി കുഞ്ഞിനെ ഒക്കെ പിടിച്ചിരുന്നു എന്ന് പ്രായമായവ‍ർ പറയുന്ന ഈ തവളയ്ക്ക് ഇന്ന് ആ വലിപ്പമൊന്നുമില്ല. ചതുപ്പുകളിലും തണ്ണീ‍ർത്തടങ്ങളിലുമാണ് നമ്മുടെ നാട്ടിൽ തവളകൾ ഏറെയും കാണപ്പെടുന്നത്. ഇന്ന് നമുക്ക് അത്തരം സ്ഥലങ്ങൾ കുറവാണ്. ഉണ്ടെങ്കിൽ തന്നെയും അതിരുകെട്ടിയും മതിലുകെട്ടിയും ഒക്കെ വേ‍ർതിരിച്ചിട്ടുണ്ടാവും. വ‍ർഷാവർഷം ഒരു തവള പ്രജനനത്തിനായി ചെന്നിരുന്ന ഒരിടത്തേക്ക് എത്താൻ ഈ അതിരുകെട്ടുകൾ തടസ്സമാകും. അല്ലെങ്കിൽ ഇതിനിടയിൽ ഒരു റോഡ് വരികയാണെങ്കിൽ വലിയൊരു ശതമാനം തവളകൾക്കും പ്രജനനം നടത്താനായി അപ്പുറത്ത് എത്താൻ സാധിക്കില്ല. തവളകൾക്കാണെങ്കിൽ വർഷം മുഴുവൻ പ്രജനനം നടത്താനും സാധിക്കില്ല. പ്രധാനമായും മഴക്കാലത്തെയാണ് അവ‍ർ പ്രജനനത്തിനായി ആശ്രയിക്കുന്നത്. മുട്ടയ്ക്ക് ആവരണം ഇല്ല എന്നതുകൊണ്ട് തന്നെ ഈ മുട്ട ഇവർക്ക് വെള്ളത്തിലിടണം, അതു വിരിഞ്ഞ് വാൽമാക്രി വരണം. ഇവരെ സംബന്ധിച്ചെടുത്തോളം മഴക്കാലമായിക്കഴിഞ്ഞാൽ ഇണചേരുക, കുഞ്ഞുങ്ങളെ ഉണ്ടാക്കുക എന്നുള്ളതാണ് ജീവിതക്രമം. അതുകൊണ്ട് തന്നെ ആ മഴയ്ക്ക് അവിടെ കിട്ടുന്ന വെള്ളത്തിൽ പ്രജനനം ചെയ്യാനുള്ള ത്വരയിലായിരിക്കും. അതുകൊണ്ട് ഈ പറഞ്ഞ റോഡ് മുറിച്ചു കടക്കുമ്പോൾ വണ്ടി കേറി ചാവുന്ന വളരെ സങ്കടകരമായ അവസ്ഥകളുണ്ടാവുന്നു.

വൻതോതിലുള്ള കാർഷികവൃത്തി ഉഭയജീവികളുടെ നിലനിൽപ്പിന് ഭീഷണി ഉയർത്തുന്നതായും പഠനം സൂചിപ്പിക്കുന്നുണ്ടല്ലോ. ഏതെല്ലാം തരത്തിലുള്ള കൃഷിരീതികളാണ് ഉഭയജീവികളുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്നത് ?

വൻതോതിലുള്ള കാ‍ർഷികവൃത്തി ഒരു വലിയ പ്രശ്നമായി പഠനത്തിൽ സൂചിപ്പിക്കുന്നുണ്ട്. കൃഷി എന്നു പറയുമ്പോൾ പെട്ടെന്ന് നമ്മുടെ ചുറ്റുപാടിലുള്ള കൃഷി എന്ന തരത്തിലാണ് നമ്മൾ ആലോചിക്കുക. ആഫ്രിക്കൻ പ്രദേശങ്ങളിലോ, സൗത്ത് ഈസ്റ്റേൺ പ്രദേശങ്ങളിലൊ അല്ലെങ്കിൽ സൗത്ത് അമേരിക്കൻ പ്രദേശങ്ങളിലോ കൃഷിക്കായി നടക്കുന്ന വ്യാപകമായ വനനശീകരണമാണ് ഇതിൽ പ്രധാനമായും സൂചിപ്പിച്ചിട്ടുള്ളത്. ആവാസവ്യവസ്ഥയുടെ ശോഷണമാണ് അതിലൂടെ സംഭവിക്കുന്നത്. ഇത്തരത്തിലുള്ള വൻതോതിലുള്ള കൃഷി ആ ആവാസ വ്യവസ്ഥയിൽ ഉണ്ടാക്കാൻ ഇടയുള്ള മാറ്റങ്ങൾ ഉഭയജീവികൾക്ക് ഭീഷണിയായി മാറുന്നു. സ്റ്റേറ്റ് ഓഫ് ദി വേൾഡ് ആംഫീബിയൻ റിപ്പോ‍ർട്ട് എടുക്കുകയാണെങ്കിൽ ഉഭയജീവികൾ വലിയ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ സൗത്ത് അമേരിക്കയും, സെൻട്രൽ ആഫ്രിക്ക, സൗത്ത് ആഫ്രിക്കൻ പ്രദേശങ്ങൾ, അല്ലെങ്കിൽ മഡ​ഗാസ്ക്ക‍ർ ദ്വീപ് സമൂഹവും, ഇന്ത്യയിലെ പശ്ചിമഘട്ടത്തിലും എല്ലാം ഇവ‍ർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് വനനശീകരണമാണ്.

Cane Turtle. കടപ്പാട്: സന്ദീപ് ദാസ്

സന്തുലിതമായ ഒരു ആവാസ വ്യവസ്ഥയെ നിലനിർത്തേണ്ടുന്നതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതാണ് ഐ.യു.സി.എൻ നടത്തിയിട്ടുള്ള ഈ പഠനം. സംരക്ഷണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി ആവശ്യമായ പോളിസികൾ എന്തെല്ലാമാണ് ? നിർദ്ദേശങ്ങൾ പങ്കുവെക്കാമോ ?

ഉഭയജീവികൾ നേരിടുന്ന പല പ്രശ്നങ്ങളും ഞാൻ സൂചിപ്പിക്കുകയുണ്ടായി. ഒരു ഇന്ത്യൻ അവസ്ഥയിലേക്ക് വരുമ്പോൾ ഇപ്പോഴും പുതിയ ജീവികളെ കണ്ടെത്തിക്കൊണ്ടിരിക്കുന്നുണ്ട് എങ്കിലും ഇനിയങ്ങോട്ട് ഒരുപാട് ഇനങ്ങളെ കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണ്. നമുക്കിവിടെ എവിടെയൊക്കെ എന്തൊക്കെയുണ്ട് എന്നൊരു ഏകദേശ ധാരണയുണ്ട്. പക്ഷേ ഇത് എങ്ങനെ ഇവിടെ ജീവിക്കുന്നു എന്നതിൽ വിശദമായിട്ടുള്ള പഠനങ്ങൾ ഇനിയും വേണ്ടതായിട്ടുണ്ട്. ദീ‍ർഘകാല നിരീക്ഷണ പഠനങ്ങൾ നടക്കേണ്ടതുണ്ട്. ആ​ഗോളതാപനവുമായും, ആവാസവ്യവസ്ഥാ ശോഷണവുമായും ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങളിൽ ഉള്ള പോളിസി മാറ്റങ്ങളാണ് വരേണ്ടത്. നമ്മൾ എപ്പോഴും സൂചിപ്പിക്കുന്നത് പോലെ തന്നെ ലാ‍ർജർ കരിസ്മാറ്റിക്ക് ആനിമൽസ് മാത്രമല്ല, ഇത്തരത്തിലുള്ള ചെറു ജീവികളുടെയും പ്രാധാന്യം മനസ്സിലാക്കപ്പെടേണ്ടതുണ്ട്. ഇവ വലിയൊരു ഇൻസക്ട് കണ്ട്രോൾ ഏജന്റാണ്. ശുദ്ധ ജലസ്രോതസ്സുകളുടെ എക്സലന്റ് ഇന്റിക്കേറ്റേർസാണ്. വളരെ നേരിയ വ്യത്യാസങ്ങൾ പോലും ഏറ്റവും അധികം പ്രതിഫലിക്കുന്ന ഒരു വിഭാ​ഗമാണ് ഉഭയജീവികൾ. ഇവ പരിസ്ഥിതിയിൽ എത്രമാത്രം പ്രധാനമാണെന്നും ഇവ സംരക്ഷിക്കപ്പെടേണ്ടത് എത്രമാത്രം അനിവാര്യമാണെന്നും തിരിച്ചറിഞ്ഞുകൊണ്ടുള്ള പോളിസ് മാറ്റങ്ങൾ വരണം. അത്തരത്തിലുള്ള ഒരു അവബോധം സൃഷ്ടിക്കുകയാണ് നമുക്ക് മുൻപിലുള്ള ഏറ്റവും വലിയ വെല്ലുവിളി.

സന്ദീപ് ദാസ്

വന്യജീവി സംരക്ഷണത്തിനായുള്ള പങ്കാളിത്തങ്ങളെ, വന്യജീവി സംരക്ഷണത്തിനായി പ്രയത്നിക്കുന്ന വ്യക്തികളെയും സംഘടനകളെയും ആദരിച്ചുകൊണ്ടാണ് 2023 ലെ വന്യജീവിവാരം ആചരിക്കപ്പെട്ടത്. ഉ​ര​ഗങ്ങളെയും ഉഭയജീവികളെയും കുറിച്ച് പഠിക്കുന്ന ഹെർപെറ്റോളജിസ്റ്റും അവയെ പകർത്തുന്ന ഒരു ഫോട്ടോ​ഗ്രാഫറുമായ സന്ദീപ് ദാസ്, ഈ വേളയിൽ ഓർക്കുന്ന വ്യക്തികളെയും, സംഘടനകളെയും കുറിച്ച് പറഞ്ഞുകൊണ്ട് ഈ സംഭാഷണം അവസാനിപ്പിക്കാം.

എന്റെ മനസ്സിൽ ആദ്യം വരുന്ന സംഘടന സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടനാണ്. സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടന്റെ എഡ്ജ് ഓഫ് എക്സിസ്റ്റൻ പ്രോഗ്രാം, Evolutionarily Distinct (ED) and Globally Endangered (GE) ലിസ്റ്റിൽ ഉൾപ്പെട്ട ലോകത്തുടനീളം പല പ്രദേശങ്ങളിലുള്ള ജീവികളെ സംരക്ഷിക്കുക എന്ന ആശയം മുൻനിർത്തി പ്രവർത്തിക്കുന്ന യുവ ഗവേഷകരെ പിന്തുണക്കുന്നു.

ഓരോ കാലഘട്ടത്തിലും ഒരുപാട് സംഘടനകളുടെയും കൂടെ പ്രവർത്തിച്ചിട്ടുണ്ട്. അതിൽ ഈ ഒരു കാലഘട്ടത്തിൽ സുപ്രധാനമായ ഇടപെടലുകൾ നടത്തിയിട്ടുള്ള സംഘടനയാണ് സുവോളജിക്കല്‍ സൊസൈറ്റി ഓഫ് ലണ്ടൻ. അവരുടെ നേതൃത്വത്തിൽ ലോകത്തിന്റെ പലയിടങ്ങളിലെ ഉഭയജീവികളെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

വ്യക്തികളെ കുറിച്ച് പറയുകയാണെങ്കിൽ ഒരുപാട് ആളുകളുണ്ട്. ഈ മേഖലയിൽ ഗവേഷണം നടത്തുന്നവരും സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും. ഏറ്റവും ആദ്യം മനസ്സിലേക്ക് വരുന്നത് സർ ഡേവിഡ് ആറ്റൻബറോ ആണ്. അദ്ദേഹത്തിന്റെ ഡോക്യുമെന്ററികൾ ഈ ഒരു മേഖലയിൽ മാത്രം കേന്ദ്രീകരിച്ചിട്ടുള്ളതല്ല. എന്നിരുന്നാലും അദ്ദേഹം നരേറ്റ് ചെയ്തിട്ടുള്ള ലൈഫ് ഇൻ കോൾഡ് ബ്ലഡ് (Life in Cold Blood) എന്ന ഡോക്യുമെന്ററിയിൽ ആംഫീബിയൻ, റപ്ടൈൽസ് എന്നീ എപ്പിസോഡുകൾ ആ കാലഘട്ടത്തിൽ ഈ മേഖലയിലേക്ക് വരാനായി ഏറെ പ്രചോദിപ്പിച്ചിട്ടുണ്ട്.

ഫീച്ചേർഡ് ഇമേജ്: Ghatixalus Magnus. കടപ്പാട്: സന്ദീപ് ദാസ്

Also Read