

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കാൽ നൂറ്റാണ്ടിനുശേഷം ഇന്ദ്രപ്രസ്ഥത്തിൽ താമര വിരിഞ്ഞിരിക്കുന്നു. ബിജെപി എഴുപതിൽ 48 സീറ്റുകൾ കരസ്ഥമാക്കി അധികാരത്തിലേറാന്‍ പോകുന്നു. തലസ്ഥാന നഗരി പിടിച്ചടക്കാനുള്ള ബിജെപിയുടെ യാത്ര അത്ര അനായാസമായിരുന്നില്ല. പല തവണ തിരിച്ചടികൾ ഏറ്റുവാങ്ങിയ ഒന്നായിരുന്നു അത്. ആർഎസ്എസ് / ബിജെപിയുടെ ചരിത്രം തന്നെ അങ്ങിനെയൊക്കെയാണ്. മൂന്നു തവണ നിരോധിക്കപ്പെട്ട, രാജ്യദ്രോഹികളെന്ന് രാജ്യം മുദ്ര കുത്തിയ, ആർഎസ്എസ് ആണ് ബിജെപിയെ നയിക്കുന്നതെന്നത് ഇന്നൊരു രഹസ്യമല്ല. നിരവധി തിരിച്ചടികള്‍ ഏറ്റുവാങ്ങി, പലതവണ നിലംപരിശായി, അവിടെ നിന്നെല്ലാം വീണ്ടും വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ് വന്നാണ് ഇന്ന് ആർഎസ്എസ് / ബിജെപി കേന്ദ്ര ഭരണം കയ്യാളുന്നത്.


രാഷ്‌ട്ര പിതാവിനെ വെടി വെച്ച് കൊന്ന കുറ്റത്തിനാണ് ആർഎസ്എസ് ആദ്യമായി നിരോധിക്കപ്പെടുന്നത്. അന്ന് രാജ്യദ്രോഹികളായി മുദ്ര കുത്തപ്പെട്ടവർ ഇന്ന് ദേശസ്നേഹികളായി മാറിയിരിക്കുന്നു. അവരെ ചോദ്യം ചെയ്യുകയോ വിമർശിക്കുകയോ ചെയ്യുന്നവർ ദേശ ദ്രോഹികളും. ആർഎസ്എസിന്റെ രാഷ്ട്രീയ മുഖമായ ബിജെപി (അന്നത്തെ ജനസംഘം) ആക്കാലങ്ങളിൽ, തങ്ങൾക്ക് ആർഎസ്എസുമായുള്ള ബന്ധം പുറത്തു പറയാൻ ധൈര്യ പ്പെട്ടിരുന്നില്ല. ഗാന്ധിജിയുടെ കൊലപാതകത്തിലുള്ള പങ്ക് അവരെ അതിൽ നിന്നും വിലക്കി. പിൽക്കാലത്ത് സംഗതികളാകെ മാറ്റി മറിക്കാൻ അവർക്ക് കഴിഞ്ഞു. ക്ഷമയോടെയുള്ള, ചിട്ടയായ പ്രവർത്തനത്തിലൂടെ, ഗീബൽസിയൻ നുണകളുടെ തുടർച്ചയായ ആവർത്തനങ്ങളിലൂടെ അവർ അതിനെയെല്ലാം മറികടന്നു. ഗാന്ധിവധത്തിലൂടെ സംജാതമായ അസ്പൃശ്യതയെല്ലാം വളരെ വിദഗ്ദമായി പതുക്കെ പതുക്കെ, ക്ഷമയോടെ മാറ്റിയെടുത്ത് അവർ ദേശഭക്തിയുടെ വക്താക്കളും, പ്രതീകങ്ങളുമായി മാറി. ഒരുകാലത്ത് ആർഎസ്എസുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞിരുന്ന ബിജെപി നേതാക്കള്‍, അഭിമാനത്തോടെ തങ്ങൾ ആർഎസ്എസുകാരാണെന്ന് അവകാശപ്പെട്ട് തുടങ്ങി. നമ്മുടെ പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയുമെല്ലാം അങ്ങിനെ അവകാശപ്പെടുന്നവരാണ്. അങ്ങിനെ പതുക്കെ പതുക്കെ ആർഎസ്എസും ബിജെപിയും മുഖ്യധാരാ രാഷ്ട്രീയത്തിൽ സ്വീകാര്യത നേടിയെടുത്തു.
വിഷയത്തിലേക്ക് തിരിച്ചു വരാം. ഡൽഹിയിൽ അധികാരത്തിലേക്ക് തിരിച്ചു വരാൻ സംഘപരിവാർ പിന്നിട്ട വഴികൾ പരിശോധിക്കുന്നത് കേവലം കൗതുകകരം മാത്രമല്ല, ഭയപ്പെടുത്തുന്നതും കൂടിയാണ്. വംശീയതയുടെ, ഏകാധിപത്യത്തിന്റെ, ഫാസിസ്റ്റ് വഴികളാണവ. ജനാധിപത്യപരമായി ബഹുഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രിയ സംസ്ഥാന സർക്കാരിനെ എങ്ങിനെയെല്ലാം ശ്വാസം മുട്ടിച്ചു ജനങ്ങൾക്കെതിരെ തിരിക്കാമോ, ആ വഴികളെല്ലാം കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി തലസ്ഥാന നഗരിയായ ഡൽഹിയിൽ ബിജെപി പരീക്ഷിച്ചു കൊണ്ടിരുന്നു. കേന്ദ്രഭരണകൂടത്തിന്റെ മൂക്കിനു താഴെ, അവരെ വെല്ലുവിളിച്ചുകൊണ്ടും, പരിഹസിച്ചുകൊണ്ടും ഒരു ജനപ്രിയ സർക്കാർ തുടർച്ചയായി വിജയിച്ചു കയറുന്നത് ബിജെപിക്ക് സഹിക്കാവുന്നതിലും ഏറെയായിരുന്നു. മാത്രമല്ല, ആം ആദ്മി പാർട്ടി പഞ്ചാബ്, ഗുജറാത്ത്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും പതുക്കെ പതുക്കെ പടർന്നു പിടിക്കുകയായിരുന്നു. കേന്ദ്ര ഭരണകൂടത്തിന്റെ സകലമാന മെഷീനറികളും തെരഞ്ഞെടുപ്പിൽ എഎപിക്കും, കെജ്രിവാളിനും എതിരെ വളരെ ചിട്ടയായി ഉപയോഗിച്ച് കൊണ്ടിരുന്നു. കേന്ദ്രമന്ത്രിമാരും, ബിജെപി മുഖ്യമന്ത്രിമാരും ഡൽഹിയിൽ തമ്പടിച്ച് പ്രചരണം നടത്തി. കെജ്രിവാളിന്റെ ക്ലീൻ ഇമേജ് തകർക്കുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. മദ്യനയ അഴിമതി ആരോപണത്തിലൂടെ ആദ്യം സിസോഡിയയെയും, പിന്നീട് കെജ്രിവാളിനെ തന്നെയും കേസിൽപ്പെടുത്തി ജയിലിലടച്ചു. ഒരു വർഷത്തിലധികം രണ്ടു പേരും നിയമത്തിന്റെ നൂലാമാലകളിലായിരുന്നു. തുടക്കം മുതൽ അഴിമതി രഹിത സർക്കാർ എന്ന കെജ്രിവാൾ ഉണ്ടാക്കിയെടുത്ത ഇമേജ് ഇല്ലാതാക്കാന്‍ ബിജെപി അഹോരാത്രം പണിയെടുത്തു. സോഷ്യൽ മീഡിയയിൽ 270 ഓളം ജീവനക്കാർ (Paid emplyoyees) മൂന്നു ഷിഫ്റ്റുകളിലായി പണിയെടുക്കുന്നുണ്ടെന്ന് എന്റെ ഒരു മാധ്യമസുഹൃത്ത് തെളിവുകള്‍ നിരത്തി പറയുന്നു. ഇവർ ദിവസവും നൂറു കണക്കിന് നുണക്കഥകൾ റീലുകളിലൂടെയും, വീഡിയോകളിലൂടെയും സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇവ വൈറൽ ആകുമ്പോൾ അവർക്ക്, ശമ്പളത്തിന് പുറമെ പ്രത്യേക പാരിതോഷികം നൽകുന്നു. സോഷ്യൽ മീഡിയയിൽ മാത്രമല്ല, രാഷ്ട്രീയ പ്രവർത്തനം തന്നെ പ്രൈഫഷനലൈസ് ചെയ്യുന്ന ഒരു രീതി ബിജെപിയും, ആർഎസ്എസും കുറച്ചുകാലമായി നടപ്പാക്കി വരുന്നു. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇവര്‍ യുവാക്കളെ വളരെ ആകര്‍ഷകമായ ശമ്പളത്തില്‍ റിക്രൂട്ട് /ഹയര്‍ ചെയ്യുന്നു. എക്സ്പേര്‍ട്ട് മാനേജ്മെന്റ് വഴി ഇവര്‍ക്ക് അത്യാവശ്യം ട്രെയിനിംഗ് നല്‍കി ഇവരെ പ്രചരണത്തിനിറക്കുന്നു. ഇതാദ്യം വളരെ വിജയകരമായി പരീക്ഷിക്കപ്പെടുന്നത് ത്രിപുരയിലാണ്. രൂക്ഷമായ തൊഴിലില്ലായ്മ നിലനില്‍ക്കുന്ന രാജ്യത്ത് ഇത്തരം ജോലികള്‍ക്ക് യുവാക്കള്‍ സുലഭാമാണല്ലോ. അവരുടെ വ്യക്തിപരമായ രാഷ്ട്രീയമെല്ലാം മാറ്റിവെച്ച് ഹയര്‍ ചെയ്യപ്പെട്ട പാര്‍ട്ടിക്ക് വേണ്ടി തികച്ചും യാന്ത്രികമായി ഇവര്‍ പ്രചരണത്തിനിറങ്ങുന്നു. അങ്ങിനെ രാഷ്ട്രീയ പ്രവര്‍ത്തനം പ്രൊഫഷണലൈസ് ചെയ്യുന്നു. മലയാളി യുവാക്കള്‍ പോലും ഇത്തവണ ഇത്തരത്തില്‍ ഡല്‍ഹിയിലെ ചേരികളിലും, റീസെറ്റില്‍മെന്റ് കോളനികളിലും പ്രചരണത്തിനിറങ്ങിയിട്ടുണ്ടെന്ന് മാധ്യമ സുഹൃത്ത് കൂട്ടിച്ചേര്‍ക്കുന്നു.
ഡൽഹിയിലെ 70 മണ്ഡലങ്ങളിലായി നാൽപ്പത്തിനായിരത്തിലധികം സ്ത്രീകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള കുടുംബയോഗങ്ങളാണ് ബിജെപി /ആർഎസ്എസ് സംഘടിപ്പിച്ചത്. ഡൽഹിയിലെ 56% സീറ്റുകളിൽ 75% ഹിന്ദുക്കളത്രേ. അവരെ സ്വാധീനിക്കുന്നതിന് വേണ്ടി നടത്തിയ മൃദു ഹിന്ദുത്വ നീക്കങ്ങളും (ബജരംഗ് ഭക്തി, രാം മന്ദിർ പ്രേമം) ഫലം കണ്ടില്ലെന്ന് മാത്രമല്ല, ബൂമറാങ് ആവുകയും ചെയ്തുവെന്നു തോന്നുന്നു. ന്യൂനപക്ഷങ്ങളെ ചെറിയ തോതിലെങ്കിലും അകറ്റാനും, മതേതര പക്ഷത്തെ ആശയക്കുഴപ്പത്തിലാക്കാനുമേ ഇത്തരം അവസരവാദ നിലപാടുകൾ സഹായിച്ചുള്ളൂ എന്നാണ് തോന്നുന്നത്. കോൺഗ്രസ് അടക്കമുള്ള മതേതര കക്ഷികളുമായി ധാരണയുണ്ടാക്കാൻ കഴിയാത്തതും തീർച്ചയായും പരാജയത്തിനുള്ള ഒരു കാരണം തന്നെ. കോൺഗ്രസ് തങ്ങളുടെ വോട്ടു നില നേരിയതോതിലെങ്കിലും മെച്ചപ്പെടുത്തിയിട്ടുണ്ട്.
1980 മുതൽ 40 വർഷത്തോളം ഡൽഹിയിൽ ജീവിക്കുകയും, മദൻ ലാൽ ഖുറാന, സാഹിബ് സിംഗ് വർമ, സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അരവിന്ദ് കേജ്രിവാൾ തുടങ്ങിയവരുടെയെല്ലാം ഭരണകാലം അടുത്ത് നിരീക്ഷിക്കുകയും അനുഭവിക്കുകയും ചെയ്തയാളാണ് ഈയുള്ളവൻ. 2013-ലാണ് കൊടുങ്കാറ്റ് പോലെ എഎപി ഡൽഹിയിൽ ഭരണത്തിൽ ഏറുന്നത്. അതും ആറുമാസം മാത്രം പ്രായമുള്ളപ്പോൾ. അക്കാലമത്രയും തലസ്ഥാന നഗരം മാറി മാറി ഭരിച്ചു വന്ന കോൺഗ്രസിനെയും, ബിജെപിയെയും ഒരുപോലെ തറപറ്റിച്ചുകൊണ്ടാണ് എഎപി ഭരണം പിടിച്ചെടുക്കുന്നത്. കേന്ദ്ര ഭരണത്തിന്റെ മൂക്കിനു കീഴെ മൂന്നു തെരഞ്ഞെടുപ്പുകളാണ് അവർ തുടര്‍ച്ചയായി ജയിച്ച് കയറിയത്. ഡൽഹി കേരളത്തെ പോലെയോ, കർണാടകത്തെ പോലെയോ പൂർണാധികാരമുള്ള ഒരു സ്റ്റേറ്റ് അല്ലെന്നോർക്കുക. അവിടത്തെ പോലീസ് കേന്ദ്ര ഭരണത്തിൻ കീഴിലാണ്. അത് പോലെ ഭൂമിയുടെ ഉടമസ്ഥത (Delhi Development Authority ), ഉദ്യോഗസ്ഥ ഭരണ സേവനങ്ങൾ തുടങ്ങിയവയെല്ലാം, ലെഫ്റ്റനന്റ് ഗവർണർ വഴി കേന്ദ്രത്തിന്റെ അധീനത്തിലാണ്. ഇത്തരം അധികാരങ്ങളെല്ലാം ദുരുപയോഗംചെയ്ത്, ശ്വാസം മുട്ടിച്ചിട്ടും അതിനെയൊക്കെ അതിജീവിച്ചു ഒന്നര പതിറ്റാണ്ടോളം ഭരണത്തിൽ തുടരാനായി എന്നത് ചില്ലറക്കാര്യമല്ല.


നാല് പതിറ്റാണ്ട് കാലത്തെ ഡല്‍ഹി ജീവിതത്തില്‍ കണ്ടതിൽ വെച്ച് ഏറ്റവും ജനക്ഷേമകരമായ നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിയ സർക്കാർ ആയിരുന്നു എഎപിയുടേതെന്ന് നിഷ്പ്രയാസം എനിക്ക് പറയാനാകും. അഴിമതി ഒട്ടുമില്ലെന്ന് പറയാനാകില്ലെങ്കിലും താരതമ്യേനെ കുറക്കാനായിയെന്ന് എഎപി സർക്കാരിന് അവകാശപ്പെടാം. ഇലക്ട്രിസിറ്റി ചാർജ് നേർ പകുതിയാക്കിയതും, വാട്ടർ ബില്ല് 500 ലിറ്റർ വരെ സൗജന്യമാക്കിയതും, വിദ്യാഭ്യാസ രംഗത്ത് വരുത്തിയ ഗുണപരമായ മാറ്റങ്ങളും, സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രയും മറ്റും അവയിൽ ചിലതാണ്. ജനങ്ങൾക്ക് ഇത്തരം സൗജന്യങ്ങളെല്ലാം അനുവദിക്കുമ്പോഴും, മിച്ച ബഡ്ജറ്റ് അവതരിപ്പിച്ചിരുന്ന ഇന്ത്യയിലെ ഏക സംസ്ഥാനാം കൂടിയാണ് ഡൽഹി. അത്തരമൊരു സർക്കാരിനെയാണ് ഡൽഹിയിലെ ജനത തിരസ്കരിച്ചിരിക്കുന്നത്.
ഈ കുറിപ്പ് അവസാനിപ്പിക്കുന്നതിന് മുൻപ് ഡൽഹിയിലെ ഇടതുപക്ഷത്തെക്കുറിച്ച് കൂടി പരാമർശിക്കാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നുന്നു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് ആരംഭിച്ച കാലം മുതൽ ഇടത് പക്ഷ പാർട്ടികൾ (CPIM, CPI) മത്സരിക്കുന്നുണ്ട്. ഇതുവരെ ഒരു സീറ്റ് പോലും നേടാനായിട്ടില്ലെന്ന് മാത്രമല്ല, കെട്ടി വെച്ച പണം പോലും കിട്ടാറില്ല. എങ്ങിനെയാണ് എഎപി എന്ന പാർട്ടി രൂപീകരിക്കപ്പെട്ട് കേവലം ആറു മാസത്തിനുള്ളിൽ രാജ്യത്തെ പ്രമുഖ ദേശീയ പാർട്ടികളായ ബിജപിയേയും കോൺഗ്രസിനെയും ഒരുപോലെ മലര്‍ത്തിയടിച്ച് അധികാരത്തിലേറിയത്? കമ്മ്യൂണിസ്റ്റ് പാർട്ടികളെപ്പോലെ പ്രത്യയ ശാസ്ത്ര പിൻബലമൊ, രാഷ്ട്രീയ പാരമ്പര്യമോ, ഒന്നുമില്ലാത്ത എഎപി എത്ര അനായാസമായാണ് ഡൽഹിയിലെ ജനമനസ്സുകളിലേക്ക് ചേക്കേറിയത്? ഒരു നൂറ്റാണ്ടു മുന്‍പ് 1925ലാണ് ആർഎസ്എസ് സ്ഥാപിതമാകുന്നതും ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയില്‍ ആരംഭിക്കുന്നതും. ഏകദേശം അക്കാലത്ത് തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഇന്ത്യയില്‍ രൂപം കൊള്ളുന്നത്. ഒരു നൂറ്റാണ്ടിനു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയം അര്‍ബുദം പോലെ രാജ്യത്ത് പടര്‍ന്നു പിടിച്ചിരിക്കുന്നു. അതേ സമയം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അനുദിനം ശോഷിച്ച് വരുന്നതെന്തുകൊണ്ട്? ഇടതുപക്ഷ രാഷ്ട്രീയ വിദ്യാർഥികളും, ബുദ്ധിജീവികളും ഗൗരവമായ പഠനത്തിന് വിഷയമാക്കേണ്ട കാര്യമാണിതെന്ന് തോന്നുന്നു.