ഹരിതകർമ്മസേന നഷ്ടപ്പെടുത്തുന്ന തൊഴിൽ അവകാശങ്ങൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഹരിത കേരള മിഷന്റെ ഭാ​ഗമായാണ് 2013-ൽ ഹരിതകർമ്മസേന എന്ന ആശയം രൂപീകരിക്കപ്പെടുന്നത്. സുസ്ഥിര മാലിന്യസംസ്കരണ രീതികളിലൂടെ കേരളത്തെ ഒരു മാലിന്യമുക്ത ​സംസ്ഥാനമാക്കുകയും, മാലിന്യസംസ്കരണ മേഖലയിൽ കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുകയും വഴി മാലിന്യസംസ്കരണത്തിന്റെ പ്രാധാന്യത്തെപ്പറ്റി വ്യക്തികളിൽ അവബോധമുണ്ടാക്കുകയുമാണ് പദ്ധതി വഴി ലക്ഷ്യമാക്കിയിരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് മാലിന്യങ്ങൾ ശേഖരിക്കുകയും, കൊണ്ടുപോവുകയും, സംസ്കരിക്കുകയും, പുനരുപയോ​ഗിക്കുകയുമാണ് ഹരിതകർമ്മസേനയുടെ കർത്തവ്യങ്ങൾ. വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും അജൈവമാലിന്യങ്ങൾ ശേഖരിക്കുകയും സ്വഭാവത്തിന് അനുസരിച്ച് അവ വേർതിരിക്കുകയുമാണ് സേനാം​ഗങ്ങൾ ചെയ്യുന്നത്. ഇതിനായി ഇവർ ഒരു നിശ്ചിത തുക ഫീസായി ഈടാക്കുകയും ചെയ്യുന്നു. ഇതിനെ യൂസർഫീ എന്നാണ് പറയുന്നത്. 2021-ൽ മാലിന്യശേഖരണത്തിലൂടെ 6.59 കോടി രൂപ നേടിയെന്ന് അവകാശപ്പെടുന്നുണ്ട്. എന്നാൽ ഹരിതകർമ്മസേന വന്നതോടെ ഈ തൊഴിൽ മേഖലയുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങൾ പലവിധത്തിലുള്ള പ്രതിസന്ധി സൃഷ്ടിക്കുന്നതായാണ് വർഷങ്ങളായി മാലിന്യ സംസ്കരണ രം​ഗത്ത് പ്രവർത്തിക്കുന്ന ഒരു വിഭാ​ഗം തൊഴിലാളികൾ പറയുന്നത്. കൊച്ചി കോർപ്പറേഷൻ പരിധിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അത്തരത്തിലുള്ള പരാതികൾ ഉന്നയിച്ചുകൊണ്ട് സമരരം​ഗത്തേക്ക് എത്തിയിരിക്കുന്നത്. ഹരിതകർമ്മസേന എന്ന രീതിയിലേക്ക് മാറുന്നതിന് മുമ്പ് ലഭിച്ചിരുന്ന വേതനമോ ആനുകൂല്യങ്ങളോ ഇപ്പോൾ ലഭിക്കുന്നില്ലെന്നും കോർപ്പറേഷൻ അധികൃതർ ഇക്കാര്യങ്ങൾ പരി​ഗണിക്കുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു.

കൊച്ചി ന​ഗരസഭ പരിധിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സംഘടനയായ മാലിന്യ തൊഴിലാളി യൂണിയൻ (ടി.യു.സി.ഐ) ഒരു വർഷമായി സമരത്തിലാണ്. മാലിന്യ ശേഖരണ തൊഴിലാളികളുടെ കൂലി 200 രൂപയിൽ നിന്ന് 150 ആയി വെട്ടിക്കുറച്ചതിനെ തുടർന്നാണ് 2023ൽ സമരം ആരംഭിക്കുന്നത്. മാലിന്യ ശേഖരണ മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളെ, തൊഴിലാളികളായി അംഗീകരിക്കുക എന്നതാണ് ഇവർ മുന്നോട്ട് വയ്ക്കുന്ന ഒരു പ്രധാന മുദ്രാവാക്യം. ജൈവമാലിന്യവും അജൈവമാലിന്യങ്ങളും ശേഖരിക്കുന്നതിന് കൂലിയായി 150 രൂപയാണ് മാലിന്യ ശേഖരണ തൊഴിലാളികൾക്ക് ഏഴ് വർഷം മുമ്പ്  കോർപ്പറേഷൻ തീരുമാനിച്ചത്. അതുതന്നെ 2023-ൽ വീണ്ടും പുതുക്കി നിശ്ചയിക്കുക ആണ് ചെയ്തത്. ഭൂരിപക്ഷം തൊഴിലാളികളെയും നിർബന്ധിതമായി ഹരിതകർമ്മസേനയിൽ അം​ഗങ്ങളാക്കിയതായും യൂണിയൻ പരാതിപ്പെടുന്നു. പ്രതിമാസം 35,000 രൂപ കിട്ടുമെന്നും ഇതിലൂടെ തൊഴിലാളികളെ സംരഭകരാക്കി മാറ്റുമെന്നും ആയിരുന്നു ഹരിതകർമ്മസേന രൂപീകൃതമായപ്പോൾ നൽകിയ വാ​ഗ്ദാനം. 35 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന കൊച്ചി കോർപ്പറേഷനിലെ തൊഴിലാളികളാണ് ഹരിതകർമ്മസേനയിലേക്ക് മാറിയത്. ഹരിതകർമ്മസേനയായ ശേഷം ജോലിഭാരം കൂടുകയും തൊഴിലവകാശങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്ന് സമരത്തിൽ പങ്കുചേരുന്ന മാലിന്യശേഖരണ തൊഴിലാളിയായ സുമ പറയുന്നു.

മാലിന്യശേഖരണ തൊഴിലാളിയായ സുമ

ഇഎസ്ഐ, പിഎഫ് പോലെയുള്ള ആനൂകൂല്യങ്ങളൊന്നും തൊഴിലാളികൾക്ക് ഇതുവരെ ലഭ്യമാക്കിയിട്ടില്ല എന്ന് ഇവർ പരാതിപ്പെടുന്നു. ഇതിന് പുറമേ കൺസോഷ്യം ഫീ എന്ന പേരിൽ തൊഴിലാളികളുടെ കൈയിൽ നിന്ന് യൂസർഫീയുടെ പത്ത് ശതമാനം കൂടി ഈടാക്കുന്നുണ്ട്. മാലിന്യവുമായി അടുത്ത് ഇടപഴകുന്ന ഇവർക്ക് സെപ്റ്റിക് ആയാൽ ഒരു ഇ‍ഞ്ചക്ഷൻ പോലും ലഭിക്കാനുള്ള സാഹചര്യം ഇപ്പോഴില്ല. ഹരിതകർമ്മസേനയിൽ പ്രവർത്തിക്കാനുള്ള താല്പര്യമില്ലായ്മ തൊഴിലാളികൾ ഇപ്പോൾ പരസ്യമായി തന്നെ പ്രകടിപ്പിക്കുന്നുണ്ട്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ഏഴ് മണി വരെ എന്ന രീതിയിൽ തൊഴിൽ സമയം ക്രമീകരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. തുച്ഛമായ ശമ്പളത്തിൽ ഇത്രയധികം നേരം തൊഴിൽ ചെയ്യേണ്ടി വരുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം തന്നെയാണ്. [2024 ഫെബ്രുവരി 12ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ നൽകിയ മറുപടിയിൽ ഹരിതകർമ്മസേനയ്ക്ക് ശരാശരി ലഭിയ്ക്കുന്ന പ്രതിഫലം ഒരു മാസം 5000 മുതൽ 30,000 വരെയാണെന്ന് പരാമർശിയ്ക്കുന്നുണ്ട്. തൊഴിലാളികളുടെ അടിസ്ഥാന വേതനം വളരെ കുറവാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്].

ഹരിതകർമ്മസേനയുടെ വേതന നിരക്ക് പരാമർശിച്ച് മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ നൽകിയ മറുപടി

“പി.എഫ് പോലുള്ള ആനൂകൂല്യങ്ങൾ ഈ തൊഴിലാളികൾക്ക് ലഭ്യമാക്കാൻ സാധ്യകളുണ്ടോയെന്ന് അറിയില്ല. അടിസ്ഥാന സുരക്ഷയ്ക്ക് ആവശ്യമായ ​ഗ്ലൗസുകളോ, പിക്കറുകളോ ലഭ്യമാക്കാത്തത് കൊണ്ട് മാലിന്യവുമായി അടുത്ത് ഇടപഴകുന്ന ഇവർക്ക് സാംക്രമിക രോഗസാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അലവൻസ് ലഭ്യമാക്കേണ്ടത് പ്രധാനമാണ്. കോർപ്പറേഷന്റെ ഭാ‌​ഗത്ത് മാലിന്യം ശേഖരിക്കാനുള്ള വാഹനം കൃത്യസമയത്ത് ലഭ്യമാക്കാത്തതുകൊണ്ട്, തൊഴിലാളികൾക്ക് ഈ ശേഖരിച്ച മാലിന്യങ്ങളുമായി ദീർഘനേരം കാത്തിരിക്കേണ്ടി വരുന്നുണ്ട്. സമയബന്ധിതമായി ഇത്തരം കാര്യങ്ങളിൽ കോർപ്പറേഷൻ ഇടപെടണം എന്നത് ഞങ്ങളുടെ ഒരു പ്രധാന ആവശ്യമാണ്. കൊച്ചിയിലെ മാലിന്യങ്ങൾ വർഷങ്ങളായി ശേഖരിച്ചിരുന്നത് മാലിന്യശേഖരണ തൊഴിലാളികളാണ്, ഇപ്പോഴാണ് അത് ഹരിതകർമ്മസേനയായി മാറിയത്.” കൊച്ചി ന​ഗരസഭ പ്രതിപക്ഷ നേതാവ് ആന്റണി കുര്യത്തറ പറഞ്ഞു.

കൊച്ചിയിൽ സ്ഥാപിച്ചിരിക്കുന്ന മാലിന്യസംഭരണി

വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുക മാത്രമാണ് ഹരിതകർമ്മസേനയുടെ കടമ. വീടുകളിലും സ്ഥാപനങ്ങളിലുമായി മാസത്തിൽ ഒരിയ്ക്കൽ പ്ലാസ്റ്റിക് ശേഖരണം നടത്തുന്ന സേനാം​ഗങ്ങൾക്ക് അപ്പോൾ തന്നെ 100 രൂപ കൂലി ലഭ്യമാകുന്നുണ്ട്. കൊച്ചിയിലെ മാലിന്യ ശേഖരണ തൊഴിലാളികൾ സ്ഥിരമായി വീടുകളിൽ നിന്നും എല്ലാതരത്തിലുള്ള മാലിന്യങ്ങളും ശേഖരിയ്ക്കുന്നവരാണ്. ദിവസേന എല്ലാത്തരം മാലിന്യങ്ങളും ശേഖരിക്കാനുള്ള നിർദ്ദേശത്തിന് അനുസരിച്ച് പ്രവർത്തിച്ചിട്ടും തൊഴിലാളികൾക്ക് ഒരു വീട്ടിൽ നിന്ന് ഒരു മാസം ലഭ്യമാകുന്ന തുക 150 രൂപയാണ്. 100 വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുമ്പോൾ ഒരു തൊഴിലാളിയ്ക്ക് 15,000 രൂപയാണ് മാസ വരുമാനമായി കിട്ടുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങളുടെ സ്വഭാവമനുസരിച്ച് വീടുകളിൽ നിന്ന് അധികമായി ഒരു തുകയും നൽകിയിരുന്നു. ആഴ്ചയിൽ രണ്ട് അല്ലെങ്കിൽ മാസത്തിൽ ഒന്ന് എന്ന കണക്കിൽ ഹരിതകർമ്മസേന മാലിന്യശേഖരണം നടത്തുമ്പോൾ അവർക്ക് നൂറ് രൂപ മാത്രമാവും ലഭ്യമാവുക.യൂസ‌ർഫീ ഇനത്തിൽ ലഭ്യമാകുന്ന തുക നിലവിൽ ഏജൻസിയുടെ അക്കൗണ്ടിലേയ്ക്ക് ക്യൂആർകോഡ് സ്കാനിം​ഗ് വഴിയാണ് എത്തുന്നത്.

മാലിന്യ ശേഖരണം ഹരിതകർമ്മസേനയ്ക്ക് മുമ്പ്

ഹരിതകർമ്മസേന നിലവിൽ വരുന്നതിന് മുമ്പും തൊഴിലാളികൾക്ക് അടിസ്ഥാന വേതനം എന്നൊരു സമ്പ്രദായം നിലവിൽ ഇല്ലായിരുന്നു. ഇവർക്ക് വേതനം നൽകിയിരുന്നത് കോർപ്പറേഷൻ ആയിരുന്നില്ല. ന​ഗരങ്ങളിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിച്ചിരുന്ന തൊഴിലാളികൾക്ക് കൂലി നൽകിയിരുന്നത് അതാത് സ്ഥാപനങ്ങൾ ആയിരുന്നു. കോർപ്പറേഷന്റെ ഭാ​ഗത്ത് നിന്നുള്ള യാതൊരു ആനുകൂല്യങ്ങളും ലഭ്യമായിരുന്നില്ല. ഒരു വീട്ടിൽ നിന്ന് പ്രതിമാസം 150 രൂപ വച്ച് ലഭിക്കുമായിരുന്നു. അതിൽ ജൈവ-അജൈവമാലിന്യങ്ങൾ ഉൾപ്പെട്ടിരുന്നു. ഇൻഷുറൻസോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഒന്നും തന്നെ ലഭ്യമാകാതിരുന്ന ഇവർക്ക് നൽകിയിരുന്ന തുക 200 രൂപയായി വീട്ടുകാർ തന്നെ പിന്നീട് കൂട്ടി നൽകുകയായിരുന്നു. ഹരിതകർമ്മസേന വന്നതിന് ശേഷം കൗൺസിലുകൾ കൂടി ഏഴ് വർഷം മുമ്പത്തെ കണക്ക് അനുസരിച്ചുള്ള 150 രൂപ തന്നെ നൽകാനാണ് തീരുമാനമായത്.

“തൊഴിലാളികൾ ശേഖരിക്കുന്ന മാലിന്യങ്ങൾ കോർപ്പറേഷന്റെ കീഴിലുള്ള വാഹനത്തിൽ കയറ്റി വിടും. അവ നേരെ ബ്രഹ്മപുരത്തേയ്ക്ക് എത്തിക്കുകയാണ്. ശേഖരിക്കപ്പെടുന്ന മാലിന്യങ്ങൾ കരാർ പ്രകാരം വാങ്ങാൻ രണ്ട് കമ്പനികളെ ഏൽപ്പിച്ചിരുന്നു. ശുചിത്വ മിഷന്റെ നിയമപ്രകാരം ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്ക്കരിക്കാൻ സംവിധാനങ്ങളുള്ള കമ്പനികൾക്ക് മാത്രമേ കരാർ നൽകാൻ പാടുള്ളൂ. ക്ലീൻകേരള പോലുള്ള സ്ഥാപനങ്ങൾ ഈ മാലിന്യങ്ങൾ എന്തു ചെയ്യുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല. ഏഴ് രൂപ നിരക്കിൽ ആണ് കോർപ്പറേഷനിൽ നിന്ന് ഈ കമ്പനികൾ മാലിന്യം വാങ്ങുന്നത്. പ്ലാസ്റ്റിക് മാലിന്യ സംസ്കരണം ശരിയായ രീതിയിൽ നടക്കാത്തത് കാരണമാണ് റോഡ് സൈഡുകളിൽ മാലിന്യം കെട്ടി കി‌ടക്കുന്നതും മഴ വരുമ്പോൾ ഇവ കാരണം കാനകൾ അടയുന്നതും കൊച്ചിയിലെ വെള്ളക്കെട്ടിന് കാരണമാകുന്നതും.” ടി.യു.സി.ഐ സെക്രട്ടറിയും കൊച്ചി കോർപ്പറേഷൻ പരിധിയിൽ ജോലി ചെയ്യുന്ന മാലിന്യശേഖരണ തൊഴിലാളിയുമായ പി.എൻ ബാബു പറഞ്ഞു.

ടി.യു.സി.ഐ സംഘടിപ്പിച്ച ധർണയിൽ സംസാരിക്കുന്ന പി.എൻ ബാബു

തൊഴിലാളികളുടെ വേതനം വിഴുങ്ങുന്ന കൺസോഷ്യം

ഹരിതകർമ്മസേനയുടെ ബൈലോ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ഭരണസമിതിയാണ് കൺസോഷ്യം. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ അതാത് ഡിവിഷനിലെ തൊഴിലാളികൾ എന്നിവരാണ് കൺസോഷ്യത്തിലെ അം​ഗങ്ങൾ. ഹരിതകർമ്മസേനയുടെ വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും ഹരിത സംരഭകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തുകയുമാണ് കൺസോഷ്യത്തിന്റെ ചുമതല. അം​ഗങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കുന്നതിനും ക്ഷേമത്തിനുമായി കൺസോർഷ്യം ഒരു നിശ്ചിത തുക വേതനത്തിൽ നിന്ന് കോർപ്പസ് ഫണ്ടായി സ്വരൂപിക്കുന്നു. എന്നാൽ ഇതുവരെ സ്വരൂപിക്കപ്പെട്ട തുക കൊണ്ട് യാതൊരു തരത്തിലുള്ള പ്രവർത്തനങ്ങളും നടത്തിയിട്ടില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. കൺസോഷ്യം രൂപീകരിക്കുന്നതിന് പിന്നിലെ ഉദ്ദേശങ്ങൾ തൊഴിലാളികളോട് വ്യക്തമാക്കിയിട്ടില്ലെന്നും മറ്റ് ഡിവിഷനുകളിൽ കൺസോഷ്യം രൂപീകരണം കൊണ്ടുണ്ടായ ദുരനുഭവങ്ങൾ ഭയപ്പെടുത്തുന്നുവെന്നും മാലിന്യശേഖരണ തൊഴിലാളിയായ ഷിബു പറയുന്നു.

“കൺസോർഷ്യം നിലവിൽ വന്ന മരട്, കളമശേരി ന​ഗരസഭകളിലൊന്നും തന്നെ ഇത് വിജയകരമായതായി കേട്ടിട്ടില്ല. മാലിന്യശേഖരണത്തിലൂടെ 30,000 രൂപ വരെ നേടിയിരുന്ന സഹോദരിമാരുണ്ട് കൊച്ചിയിൽ. കൺസോഷ്യം രൂപീകരണത്തിന് ശേഷം ഇവരുടെ കൂലി 14000 ആയി ചുരുങ്ങി. ബാക്കിയുള്ള പൈസ അവരുടെ പേരിൽ ബാങ്കുകളിൽ കിടക്കുന്നുണ്ട്. ഈ വിഷയത്തെപ്പറ്റി ചോദിച്ചറിയാൻ ചെന്നപ്പോൾ ന​ഗരസഭ മറുപടി നൽകിയിരുന്നില്ല. പതിനായിരം രൂപയാണ് ഞങ്ങളുടെ വേതനമെങ്കിൽ അതിൽ ഒരു 2000 രൂപ കൺസോഷ്യത്തിൽ പിടിച്ചിടും. അതുകൊണ്ടുള്ള ​ഗുണം കിട്ടുമെന്ന പ്രതീക്ഷ ഞങ്ങൾക്കില്ല.”

മാലിന്യങ്ങൾ കോർപ്പറേഷൻ വാഹനത്തിൽ കയറ്റുന്ന ഷിബു

വെളുപ്പിന് നാല് മണി മുതലുള്ള മാലിന്യശേഖരണം കഴിഞ്ഞ് രാവിലെ പതിനൊന്ന് മണിവരെ കാത്ത് നിന്നതിന് ശേഷമാണ് പലപ്പോഴും മാലിന്യം കൊണ്ടുപോകാൻ വാഹനമെത്തുന്നത്. വാഹനം വരുന്നത് വരെ വിശ്രമിക്കാനോ കാത്തിരിക്കാനോ ഒരു സംവിധാനം തൊഴിലാളികൾക്ക് നൽകിയിട്ടില്ല. വിശ്രമിക്കാനായി ഒരു സ്ഥലം കണ്ടെത്തിയാൽ മാലിന്യത്തിന്റെ ദുർ​ഗന്ധം അനുഭവപ്പെടുന്നു എന്ന പരാതി ഉന്നയിച്ചുകൊണ്ട് പ്രദേശവാസികൾ തൊഴിലാളികളെ ആ സ്ഥലങ്ങളിൽ നിന്ന് മാറ്റാറുണ്ട്. 365 ദിവസവും ഈ ദുർ​ഗന്ധം ​​അനുഭവിച്ച് ജോലി ചെയ്യുന്ന തൊഴിലാളികളുടെ അവസ്ഥ ഒരു തരത്തിലും പരിഗണിക്കപ്പെടുന്നില്ല. തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊക്കെ അവർ തന്നെയാണ് ഒരുക്കുന്നത്. സ്ത്രീകൾക്ക് അടിസ്ഥാനമായ ടോയ്ലറ്റ് സംവിധാനങ്ങളൊന്നും ലഭ്യമാക്കിയിട്ടില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇത്തരം സംരഭങ്ങൾക്ക് ലേബർ ആക്ട് പ്രകാരം ആവശ്യമായ ആനൂകൂല്യങ്ങൾ അനുവദിച്ച് നൽകാൻ സർക്കാർ ബാധ്യസ്ഥരാണ്. കോർപ്പസ് ഫണ്ട് എന്ന പേരിൽ തൊഴിലാളികളിൽ നിന്ന് ഈടാക്കുന്ന തുക കൊണ്ട് എന്തു ചെയ്യുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വരുത്താൻ കോർപ്പറേഷനോ മറ്റ് ബദ്ധപ്പെട്ട അധികാരികൾക്കോ കഴിഞ്ഞിട്ടില്ല.

കേരളത്തിൽ വേനൽ കടുത്ത സമയത്തും ഇവർക്ക് വലിയ ദുരിതം നേരിടേണ്ടി വന്നിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിയ്ക്കും ഒരു മണിയ്ക്കും ആണ് ശേഖരിച്ച് വച്ചിട്ടുള്ള മാലിന്യം കൊണ്ടുപോകാനുള്ള കോർപ്പറേഷന്റെ കീഴിലുള്ള വാഹനം എത്തിയിരുന്നത്. വാഹനം എത്തുന്നത് വരെ തൊഴിലാളികൾക്ക് വെയിലത്ത് തന്നെ ഇരിയ്ക്കേണ്ടി വന്നിട്ടുണ്ട്. കോർപ്പറേഷൻ വാഹനത്തിൽ മാലിന്യം ശേഖരിയ്ക്കാൻ എത്തുന്ന തൊഴിലാളികൾ സ്ഥിര നിയമിതരാണ്. അവരുടെ അടിസ്ഥാന വേതനം പ്രതിദിനം 1500 രൂപയാണ്. മാത്രമല്ല പിഎഫ്, ഇഎസ്ഐ മുതലായ ആനൂകൂല്യങ്ങളെല്ലാം ഇവർക്ക് ലഭ്യവുമാണ്. മാലിന്യ ശേഖരണ രം​ഗത്ത് ജോലി ചെയ്യുന്ന ഒരു വിഭാ​ഗത്തിന് മാത്രം ഈ ആനൂകൂല്യങ്ങളെല്ലാം ലഭ്യമാക്കിയിട്ട് മറ്റൊരു വിഭാ​ഗത്തോട് അവ​ഗണ കാണിക്കുന്നതിനെതിരെയും വ്യാപകമായ പരാതിയുണ്ട്.

ഹരിതകർമ്മസേന നിലവിൽ വന്നതിന് ശേഷം അനുഭവിക്കുന്ന മാനസിക സംഘർഷം ചെറുതല്ലെന്നും, കൂലി വർധനവ് നടപ്പാക്കണമെന്നും ഷിബു പറയുന്നു.

“വർഷങ്ങളായി ഈ തൊഴിൽ ചെയ്ത് പോരുന്ന ആളാണ് ഞാൻ. പക്ഷേ അന്നൊന്നും ഇല്ലാത്ത തരത്തിലുള്ള മാനസിക ബുദ്ധിമുട്ടാണ് ഈ ഒരു വർഷം കൊണ്ട് അനുഭവിക്കുന്നത്. ഇവർ പറയുന്ന ഹരിതകർമ്മസേനയുടെ ജോലികൾ ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ അതിന് അനുസരിച്ച കൂലി ഞങ്ങൾക്ക് കിട്ടണം.​ മെഡിലീവ് പോലുള്ള ഒരുപാട് ആനുകൂല്യങ്ങൾ സ്ഥിരജോലിക്കാർക്ക് നൽകിയിട്ടുണ്ട്. അവരുടെ ജോലിയേക്കാൾ ഹെവി വർക്ക് ആണ് ഞങ്ങൾ ചെയ്യുന്നത്. ആ ഞങ്ങൾക്ക് ഇത്ര വർഷങ്ങളായിട്ടും യാതൊരു തരത്തിലുള്ള ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടില്ല. ആനുകൂല്യങ്ങൾ ലഭ്യമാകാതിരുന്നതിൽ ഞങ്ങൾക്ക് വലിയ പരിഭവങ്ങളൊന്നുമുണ്ടായിരുന്നില്ല. കാരണം അപ്പോഴൊക്കെ ഞങ്ങളുടെ പൈസ ഞങ്ങളുടെ കൈയിൽ തന്നെയാണ് കിട്ടിയിരുന്നത്.”‌

പച്ചാളത്തെ മാലിന്യശേഖരണ പോയിന്റ്

‌കൺസോഷ്യത്തിന്റെ തീരുമാനപ്രകാരം വീടുകളിൽ ക്യൂആർകോഡ് പതിപ്പിച്ചിട്ടുണ്ട്. മാലിന്യം നൽകാതിരിക്കുന്നവരെ തിരിച്ചറിയാനാണ് ഇത്തരമൊരു നീക്കമെന്നാണ് ഇതിന് നൽകിയിരിക്കുന്ന വിശദീകരണം. എന്നാൽ ഈ ക്യൂർ കോഡിലെ അക്കൗണ്ട് ബാങ്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. യൂസർഫീ ഇനത്തിൽ ലഭ്യമാകുന്ന തൊഴിലാളികളുടെ വേതനം നേരിട്ട് കമ്പനിയുടെ അക്കൗണ്ടിലേക്കാവും എത്തുക.

വീടുകളിൽ നിന്ന് മാലിന്യം ശേഖരിയ്ക്കുമ്പോൾ പോലും അതാത് വീട്ടുകാർ പറയുന്നത് അനുസരിക്കണമെന്ന നിർദ്ദേശമാണ് സർക്കാർ തൊഴിലാളികൾക്ക് നൽകിയിരിക്കുന്നത്. പഞ്ചായത്തുകളിൽ മാസത്തിൽ ഒരു തവണയാണ് ഹരിതകർമ്മസേന മാലിന്യം ശേഖരിക്കാറുള്ളത്. എന്നാൽ കൊച്ചി പോലൊരു ന​ഗരത്തിൽ അത് ഒരിക്കലും മതിയാകില്ല. ആഴ്ചയിൽ ഒരു തവണയെങ്കിലും മാലിന്യം ശേഖരിച്ചാൽ മാത്രമേ ഒരു പരിധി വരെ കൊച്ചിയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമാകൂ. ഗ്രാമങ്ങളെ അപേക്ഷിച്ച് ന​ഗരങ്ങളിൽ മാലിന്യം കൂടുതൽ ഉണ്ടാകുന്നതിനാൽ ​ഗ്രാമങ്ങളിലെ ഹരിതകർമ്മസേനയുടെ ബൈലോ ഉപയോ​ഗിച്ച് ന​ഗരങ്ങളെ പ്രവർത്തിപ്പിക്കുക അപ്രായോ​ഗികമാണ്.

വർഷങ്ങളായി ഈ മേഖലയിൽ തൊഴിൽ ചെയ്ത് വരുന്ന തൊഴിലാളികൾ ഹരിതകർമ്മസേനയുടെ ബൈലോ പ്രകാരം പ്രവർത്തിക്കാൻ തയ്യാറല്ലെന്നും, കൺസോഷ്യത്തിൽ കിടക്കുന്ന ലക്ഷക്കണക്കിന് രൂപ ഉടൻ ലഭിക്കണമെന്നും ആവശ്യപ്പെടുന്നതായി ഷിബു കൂട്ടിചേർക്കുന്നു.

“ഹരിതകർമ്മസേന എന്നത് മാറ്റി ഞങ്ങളെ മാലിന്യശേഖരണ തൊഴിലാളികൾ എന്ന് തന്നെ അഭിസംബോധന ചെയ്യുന്നതിനാണ് താൽപര്യം. മാലിന്യം ശേഖരിച്ച് വണ്ടിയിൽ കയറ്റി അയയ്ക്കുന്ന തൊഴിലാളികൾ ആണ് ഞങ്ങൾ. നിശ്ചിത പ്രായം പൂർത്തീകരിച്ച് ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ അതിന്റേതായ ആനൂകൂല്യങ്ങൾ ഞങ്ങൾക്ക് കിട്ടില്ല. നിലവിലുള്ള ബൈലോ പൊളിച്ചെഴുതി കോർപ്പറേഷന്റെ ഘടനയ്ക്ക് അനുസരിച്ച് പ്രവർത്തിയ്ക്കുന്ന ബൈലോ തയ്യാറാക്കണം. മെഡിക്ലയിം പോലുള്ള സംവിധാനങ്ങളൊന്നും സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ശരിയാക്കി തരാത്തത് കൊണ്ട് ‍ഞങ്ങൾ തന്നെ സ്വന്തമായി മെഡിക്കൽ ഇൻഷുറൻസ് എടുത്തിരിക്കുകയാണ്. ഇലക്ഷന് ശേഷം കൂടാനിരിയ്ക്കുന്ന മീറ്റിം​ഗിൽ ഈ വിഷയം ഒരു അജണ്ടയായി വച്ച് പ്രമേയം പാസാക്കാമെന്ന് ഞങ്ങളുടെ ഡിവിഷനിലെ കൗൺസിലർ ഉറപ്പ് നൽകിയിട്ടുണ്ട്. മാലിന്യങ്ങൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകാൻ വാഹനങ്ങളൊന്നും അനുവദിച്ച് തന്നിട്ടില്ല. ഉന്തുവണ്ടിയിൽ വച്ച് ഉന്തിയാണ് ഇതെല്ലാം കൊണ്ടുപോകുന്നത്.”

തൊഴിലവകാശ പത്രികയും സ്ത്രീകളുടെ അവകാശങ്ങളും

തൊഴിലവകാശങ്ങളെ പട്ടികപ്പെടുത്തി തയ്യാറാക്കിയ തൊഴിലവകാശ പത്രികയിൽ കൂടുതൽ പ്രധാന്യം നൽകിയിരിക്കുന്നത് സ്ത്രീകളുടെ അവകാശങ്ങൾക്കാണ്. ഇഎസ്ഐ, മെഡിക്ലെയിം, കളക്റ്റിം​ഗ് പോയന്റുകളിൽ വിശ്രമ സൗകര്യം എന്നിവയൊക്കെ ഇത്തരത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ട വാ​ഗ്ദാനങ്ങളായിരുന്നു. ഹരിതകർമ്മസേനയിലേയ്ക്ക് ചേർക്കുന്ന സമയത്ത് എല്ലാത്തരത്തിലുള്ള അവകാശങ്ങളും വാ​ഗ്ദാനം നൽകിയിരുന്നു. എന്നാൽ സ്ത്രീകളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും പരി​ഗണിയ്ക്കപ്പെട്ടിട്ടില്ല. ജോലി പോകുമെന്ന ഭയം കൊണ്ടാണ് തൊഴിലാളികളിൽ ഏറെയും ഹരിതകർമ്മസേനയിൽ അം​ഗങ്ങളാവുന്നത്. 600, 700 കിലോയുള്ള സാധനങ്ങൾ ഉന്തുവണ്ടിയിലാക്കി വലിച്ചാണ് ഇവർ നടക്കുന്നത്. ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് മാസത്തിൽ ആറ് മുതൽ എട്ട് തവണവരെയാണ് മാലിന്യമെടുത്തിരുന്നത്. അതിന് ശേഷമാണ് കോർപ്പറേഷൻ പുതിയ കലണ്ടർ ഉണ്ടാക്കുകയും ആ കലണ്ടർ പ്രകാരം മാസത്തിൽ ഒരു തവണ മാലിന്യമെടുക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയും ചെയ്യുന്നത്. മാസത്തിൽ ഒരിക്കൽ മാലിന്യം ശേഖരിക്കുന്ന രീതി നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.

ടി.സി സുബ്രഹ്മണ്യൻ

മാലിന്യം ശരിയായ രീതിയിൽ സംസ്ക്കരിക്കാനും ശേഖരിക്കാനും മുൻകൈയെടുക്കുന്ന മാലിന്യശേഖരണ തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് ടി.യു.സി.ഐ പ്രസിഡന്റ് ടി.സി സുബ്രഹ്മണ്യൻ കേരളീയത്തോട് പറഞ്ഞു.

“ഒരു ഓഫീസിൽ ആണെങ്കിൽ പോലും കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ മാലിന്യം ഒരു പ്രശ്നമായി തീരില്ലേ. 33 അവകാശങ്ങൾ അടങ്ങുന്ന അവകാശപത്രിക സമർപ്പിച്ചിട്ടും തൊഴിലാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നായ ​ഗ്ലൗസ് കൊടുക്കാൻ പോലും കോർപ്പറേഷന് സാധിച്ചിട്ടില്ല. ഇന്ത്യയിൽ 94 ശതമാനം വരുന്ന തൊഴിലാളികളും ഉള്ളത് അസംഘടിത മേഖലയിലാണ്. അതും കോൺട്രാക്ട് ലേബേഴ്സ് ആണ് കൂടുതൽ. ഉപയോ​ഗിക്കുക വലിച്ചറിയുക എന്നൊരു രീതിയാണ് അവരുടെ കാര്യത്തിൽ സർക്കാർ ചെയ്യുന്നത്. നിലവിൽ 400 രൂപയാണ് തിരുവനന്തപുരത്തൊക്കെ ജൈവമാലിന്യമെടുക്കുന്നവർക്ക് നൽകുന്നത്. അത് വെച്ച് പരിശോധിക്കുമ്പോൾ എറണാകുളത്തെ തൊഴിലാളികളുടെ വേതനത്തിലെ വ്യത്യാസം വ്യക്തമല്ലേ.”

കാൽനൂറ്റാണ്ടിലധികമായി കൊച്ചിയുടെ മാലിന്യ നിർമ്മാർജനത്തിൽ പങ്കുചേരുന്ന ഇവരുടെ അവകാശങ്ങൾ സംരക്ഷിക്കാനോ അടിസ്ഥാന സുരക്ഷ ഉറപ്പുവരുന്നതിനോ ഒരു നടപടിയും ഇതുവരെ സ്വീകരിക്കപ്പെട്ടിട്ടില്ല. അവകാശ നിഷേധങ്ങൾ പതിവാകുമ്പോഴും ന​ഗരത്തെ വൃത്തിയായി തന്നെ സംരക്ഷിക്കാൻ സമരത്തിനും പ്രതിഷേധങ്ങൾക്കുമൊപ്പം തൊഴിൽ തുടരുകയാണ് ഈ തൊഴിലാളികൾ.

(കൊച്ചി കോർപ്പറേഷൻ ഹെൽത്ത് ഉദ്യോ​ഗസ്ഥരെ ബന്ധപ്പെട്ടെങ്കിലും അവർ ഈ വിഷയത്തിൽ പ്രതികരിക്കാൻ സന്നദ്ധമായില്ല).

Also Read

9 minutes read June 21, 2024 3:28 pm