Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
നഷ്ടബോധങ്ങളില്ലാതെ തന്റെ ജീവിതകാലങ്ങളെ എഴുതി പകർത്തിയ ദേവകി നിലയങ്ങോട് അന്തരിച്ചു. നമ്പൂതിരി സമുദായത്തിനകത്തെ പരമ്പരാഗത ജീവിതത്തിന്റെ ഓർമ്മയെഴുത്തുകളിലൂടെയാണ് ദേവകി നിലയങ്ങോട് ശ്രദ്ധിക്കപ്പെടുന്നത്. നഷ്ടബോധങ്ങളില്ലാതെ – ഒരു അന്തർജനത്തിന്റെ ആത്മകഥ, യാത്ര: കാട്ടിലും നാട്ടിലും, വാതിൽ പുറപ്പാട് എന്നിവയാണ് കൃതികൾ. Antharjanam: Memoirs of a Namboodiri Woman , Before the Break of Dawn: Secrets of the Namboodiri Women എന്നീ പരിഭാഷകളിലൂടെ ഇംഗ്ലീഷിലും വായിക്കപ്പെട്ടു. നഷ്ടബോധങ്ങളില്ലാതെ എന്ന ആത്മകഥയ്ക്ക് അവതാരിക എഴുതിയത് കവി ആറ്റൂർ രവിവർമ്മയാണ്. ദേവകി നിലയങ്ങോടിന്റെ ആത്മഭാഷണങ്ങളുടെ ഉണ്മയെ വായിച്ചെടുത്ത ആറ്റൂർ, നമ്പൂതിരി സമുദായത്തിലെ പരിഷ്ക്കരണ പ്രസ്ഥാന കാലത്തെ സാഹിത്യ സൃഷ്ടികളിൽ നിന്നും ദേവകി നിലയങ്ങോടിന്റെ രചനകളെ വ്യതിരിക്തമായി അടയാളപ്പെടുത്തുന്നു.
ഈ ചെറുരചനയിലെ വസ്തുതകൾ പലതും നാം മുമ്പു കണ്ടു മറന്നവതന്നെ. എന്നാൽ അന്നു കണ്ണു ചെല്ലാത്ത ചില അകങ്ങളും ഇടങ്ങളും മൂലകളും കാട്ടിത്തരുന്നുണ്ട് ശ്രീമതി ദേവകി അന്തർജ്ജനം. പരിഷ്കരണക്കലിയോടെ, വൈകാരികതയോടെ, എതിർപ്പോടെ കാണലായിരുന്നു മുമ്പ്. രക്ഷപ്പെടാൻ പഴുതുനോക്കുന്ന തടവുപുള്ളികൾ കാണുന്ന തടവുകെട്ടായിരുന്നു അത്. ഇന്നു ചരിത്രത്തിന്റെ അടയാളമായി സെല്ലുലാർ ജയിൽ ചെന്നു കാണുന്നതുപോലെ ചങ്ങലകളും തൂക്കുകുരുക്കുകളും താഴുകളും ചിലപ്പോൾ കട്ടപിടിച്ച നെടുവീർപ്പുകളും നമുക്കു തൊടാം.
ഇത് ഓർമ്മയുടെ അകന്ന നിസ്സംഗമായ കൊഴുപ്പു നീക്കിയ കാഴ്ച. ഇതിന്റെ രേഖപ്പെടുത്തിവെക്കൽ വരും തലമുറ ചെപ്പേടുപോലെ ശ്രദ്ധിച്ചു വായിച്ചേക്കാം.
നമ്പൂതിരിമാരിലെ പുതിയ തലമുറയ്ക്കുപോലും ഈ ലോകം ഇപ്പോൾ അന്യമായിരിക്കും. ‘ഋതുമതി’യിലെ പല തലമുറയിൽ പെട്ട നമ്പൂതിരി കഥാപാത്രങ്ങളുടെ ഭാഷ അവരുടെ പേരക്കുട്ടികൾക്കു മൊഴിമാറ്റം ചെയ്തുകൊടുക്കേണ്ടി വരുമെന്ന് പ്രേംജി പറയാറുണ്ടായിരുന്നു. ഇതിൽ ചൂണ്ടിക്കാണിക്കുന്ന ഇടങ്ങളൊന്നും ഇപ്പോൾ ചെന്നാൽ കാണില്ല. മുതിർന്നവർ ഉള്ളിൽ ഇപ്പോഴും ഈ രണ്ടു ലോകവും കൊണ്ടുനടക്കുന്നു.
നമ്പൂതിരി സമുദായപരിഷ്കരണപ്രസ്ഥാനം മലയാളഭാഷക്കും സാഹിത്യത്തിനും ചിലതു കൊടുത്തുപോയിട്ടുണ്ട്. വി.ടി., എം.ആർ.ബി., പ്രേംജി എന്നിവർ മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരാണല്ലോ. എഴുതിയും നടിപ്പിച്ചും കഥിച്ചും ചൊല്ലിച്ചും ആണ് അവർ എതിരാളികളേയും മതം മാറ്റിയത്. എരിപുളി മധുരകയ്പുകളുള്ള ഒരു നാക്ക് അവർ നമ്മുടെ ഗദ്യത്തിനു കൊടുത്തിട്ടുണ്ട്. എന്നാൽ ആ മൊഴിക്ക് കഥകളി വേഷംപോലെ ഒരലങ്കാരപ്പകിട്ടുണ്ടായിരുന്നു. അതു എപ്പോഴും അഭിസംബോധന ചെയ്യുന്ന പ്രഭാഷണത്തിന്റെ, അരങ്ങിന്റെ, പത്രത്തിന്റെ മുഴങ്ങുന്ന മൊഴിയായിരുന്നു. അതു പെണ്ണിനെ പറ്റി ഉൽക്കണ്ഠയോടെ സംസാരിക്കുന്ന ആൺമൊഴിയായിരുന്നു.
ലളിതാംബിക അന്തർജ്ജനത്തിന്റെ ‘അഗ്നിസാക്ഷി’യിൽ ഇതു ഏറെ ദാർശനികമായും ഭാരതീയമായും പല പാഠങ്ങൾ കലർന്നും പരിണമിക്കുന്നതും കാണാം. നേർത്ത, ചെറുചൂടെഴും മലനാട്ടാറ് മഞ്ഞുകട്ടത്തണുപ്പുള്ള രുദ്രപ്രയാഗയായി മാറും പോലെ.
ഇവരെപ്പോലെ വരമൊഴി തന്റെ ആയുധമോ കൈവെളിച്ചമോ ആക്കിയവരല്ല ഈ ചരിത്രമുരുവിടുന്ന ശ്രീമതി ദേവകി അന്തർജ്ജനം. വായനക്കാരെ ഉദ്ദേശിച്ച് അവർ എന്തെങ്കിലും എഴുതിയതായും അറിയില്ല. തന്നോടോ അടുപ്പമുള്ള ഉറ്റോരോടോ പറയും വിധമാണ് അവരുടേത്.
അടുക്കളയുടേയും കുളക്കടവിന്റെയും പത്തുപൂവിന്റെയും ഇരിക്കണമ്മമാരുടെയും ലോകത്തെയാണ് അവർ ഓർക്കുന്നത്. കഥകളിയും പഞ്ചാരിയും മണിപ്രവാളവും വേദാദ്ധ്യായനവും ഈ അകത്തിന്നു പുറത്താണ്. നെല്ലിക്കപോലെ പിന്നെ മധുരിക്കുന്നതുമല്ലാ അവർക്ക് അക്കാലം.
അതിനാൽ ഇത് വാമൊഴികൃതി. ഇപ്പോൾ പലേടത്തും കുറേശ്ശെയായി ഇത് വിളയിച്ചെടുക്കുന്നുണ്ട്. വൻതോതിൽ യാന്ത്രികമായി ഉത്പാദിപ്പിക്കുന്ന രുചികളോടുള്ള വിയോജിപ്പുമുണ്ടാകാമതിൽ. കേട്ടു പകർത്തുന്ന ഓലി നാടകൾ നടപ്പിൽ വന്നതുകൊണ്ടുമാകാം.
ഈ വാമൊഴി, രചനയുടെ ഘടനയെ തന്നെ മാറ്റുന്നു. അതിന്റെ വ്യാകരണവും വേറെ. തെറ്റ് ഇതിൽ ശരിയാകും. പാഠ്യഭാഷയുണ്ടാക്കുന്നവർക്ക് അലോസരമാകും. കട്ട് അടുക്കി വച്ചു ക്രമത്തിൽ ചൊവ്വ ചെയ്യുന്ന പ്രബന്ധച്ചുമർപ്പണിയല്ല. നീളുന്ന വള്ളിയുടേതുപോലെയാണ് ഇതിന്റെ ഗതി. ഉള്ളിലൂടെയുള്ള. തിരയലെന്നു പറയാം. മറന്നു പോകാത്ത ചെറിയ വസ്തുക്കൾ, സംഭവങ്ങൾ, വേളകൾ, പാടുകൾ. ഇതു വെളിപ്പെടുത്തുന്നു. മറന്നവയെ കണ്ടെത്തുന്നു.
മൊഴിയുടെ ഉറവിടത്തിലേക്ക് കൊണ്ടുപോകുന്നു വാമൊഴിരചന. ഇതിൽ ദേശ ത്തിന്റെയും കാലത്തിന്റെയും കൂട്ടത്തിന്റെയും പാടുകളുണ്ടാകും. പറയാനുള്ള വാസനയും രസവും ഉണ്മയും തള്ളലും തന്നെയാണ് ആവിഷ്കാരത്തിന്റെ മിടുക്ക്. എഴുത്തറിയാത്ത എഴുത്തിൽ ദളിതനും ചിത്രകാരനും നടനും വാദ്യകാരനും അന്തർജ്ജനവും ഒരേ പന്തിയിൽ.
1928ൽ പിറന്ന് പതിനഞ്ച് വയസ്സാകുന്നതുവരെ താൻ വളർന്ന ഇല്ലത്തെ പറ്റിയ ഓർമ്മകളാണ് ഇതിലെ പൂർവ്വഭാഗം. ഈ കാലം ഇല്ലത്തിന്നു പുറത്ത് ക്ഷോഭം നിറഞ്ഞ കാലമാണ്. നമ്പൂതിരിമാർ ജാതിത്തം മടുത്ത് തങ്ങളുടെ വ്യക്തിത്വമില്ലായ്മയെപ്പറ്റി വിചാരങ്ങളും ആധികളും ചെയ്തികളും കൊണ്ട കാലം. അടുക്കളയിൽ നിന്നും അരങ്ങത്തേക്കു നാടകം, നമ്പൂതിരിബില്ല്, ഓലക്കുടയും ശീലപ്പുതപ്പും കളഞ്ഞത്, നമ്പൂതിരി വിദ്യാലയങ്ങൾ തുറപ്പത് എല്ലാം നടന്നുകഴിഞ്ഞു. ആംഗലത്തിന്റെ പുലരി മന്ത്രങ്ങൾ കുട്ടികൾ ഉരുവിട്ടുതുടങ്ങിയിരുന്നു. നാട്ടിൽ ഉപ്പുസത്യാഗ്രഹവും കോവിൽ പ്രവേശനവും വിദേശത്തുണി കത്തിക്കലും നടക്കുന്നു.
എന്നിട്ടും ചില മനവളപ്പുകളും അകത്തളങ്ങളും നാലുകെട്ടുകളും ശ്രീകോവിലുകളും ഇരുട്ടൊഴിയാതെ നിന്നു. ഒടുക്കം മാത്രം മഴയെത്തുന്ന ചില പ്രദേശങ്ങളെപ്പോലെ. യോഗക്ഷേമസഭ മുളക്കാനും പടരാനും വൈകിയ ഇടങ്ങൾ. ഇങ്ങനെയൊരിടത്താണ് ദേവകി അന്തർജ്ജനത്തിന്റെ ബാല്യകൗമാരങ്ങൾ. ബോധത്തിന്റെയും വായനയുടെയും ആഗ്രഹത്തിന്റെയും ശ്രമത്തിന്റെയും ഫലമായി ഇവിടെയും വെളിച്ചം പരക്കുന്നു.
ദേവകി അന്തർജ്ജനത്തിന്റെ തലമുറക്ക് അയവിറക്കാവുന്ന മധുരമുള്ള ശൈശവമില്ല. അവരെ ഉറ്റവർ കൈയിലെടുത്തു ലാളിച്ചിട്ടില്ല. സ്വന്തം അമ്മയുടെ പാലല്ല കുടിക്കുന്നത്. പണിക്കാർ കാട്ടുന്നതും പറയുന്നതുമാണ് പാഠങ്ങൾ. ഋതുമതിയായി പള്ളിക്കൂടത്തിലേക്കു പോക്ക് നിർത്തിവെക്കേണ്ടി വരുന്നതിനേക്കാൾ ദയനീയമാണ് പഠിപ്പു തുടങ്ങുകയേ ചെയ്യാത്ത അവസ്ഥ. കാപ്പി കുടിക്കുന്നതും കൂടി രഹസ്യപ്രവർത്തനം. ഒളിച്ചു കടത്തേണ്ട വസ്തുവാണ് പുസ്തകം. കുറ്റമാണ് വായന.
അപ്പോൾ അവർ അപ്ഫന്റെ മക്കളിലൂടെ പുതിയ ലോകത്തിന്റെ അഴകും അലങ്കാരവും മണവും കൊതിയോടെ കുറവോടെ കാണുന്നു. നല്ല അപ്ഫന്മാർ ആണ് പഠിപ്പിന്റെയും ആട്ടത്തിന്റെയും പരിഷ്കാരത്തിന്റെയും പാഠങ്ങൾ കൊണ്ടുവരുന്നത്. ആൺ കോയ്മയുള്ള ഇറുകിയ നമ്പൂതിരി മക്കത്തായവും പെണ്ണരശുള്ള അയഞ്ഞ കവിതകളും ആഖ്യായികകളും ഒളിച്ചു കൊണ്ടുതരുന്നു, ചെറുപ്പക്കാരായ ഏട്ടന്മാർ. ഒക്കിൽ നിന്നും എടുത്തു കീറുവോളം വായിക്കുന്ന മോചനത്തിന്റെ പ്രണയലേഖനം കിട്ടുന്നു. കുറിയേടത്തു താത്രിയുടെ ധിക്കാരത്തെ അന്തർജ്ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു.
ഈ കൃതി ഒന്നിനേയും ഇകഴ്ത്തുകയോ വാഴ്ത്തുകയോ ചെയ്യുന്നില്ല. ഒരു പ്രത്യേക സ്ഥിതിയിൽ മനുഷ്യൻ എങ്ങിനെ പെരുമാറി എന്ന് നിരീക്ഷിക്കുന്ന പോലെയാണ്. സ്വയം പീഡനവും പരപീഡനവും നടത്തുന്ന മുതിർന്നവർ. പുത്തൻ മൊഴിയും പൊരുളും കണ്ടുകൊതിക്കുന്ന ഇളയവർ. പണ്ട് അതിൽ പങ്കാളികളായിരുന്നവർക്ക് ഇങ്ങനെ മാറിനിന്നു ഒരു കാഴ്ച പറ്റില്ല.
വലിയ പാങ്ങില്ലാത്ത നമ്പൂതിരി ഇല്ലങ്ങളെയാണ് നാം വി.ടിയുടെയും മറ്റും രചനകളിൽ പരിചയപ്പെട്ടിട്ടുള്ളത്. ‘പൂമുള്ളി പൂജ്യം’ പോലെയുള്ള ചില ചിത്രങ്ങളേയുള്ളു. ഇതിൽ കാണുന്നത് പല പൂമുഖങ്ങളും അകങ്ങളും ആയിരം പേരുണ്ണുന്ന ഊട്ടുപുരയും പെരുംപായും മുലയൂട്ടമ്മമാരും ഇരിക്കണമ്മക്കൂട്ടങ്ങളും വേദാദ്ധ്യായനവും ഒക്കെയുള്ള ഒരു ഇല്ലസമുച്ചയമാണ്. ദാഹിച്ചു നക്കുമ്പോൾ തൊടാൻ പറ്റാതെ ജലാശയപ്പരപ്പ് താഴ്ന്നുപോകുന്ന ശാപമേറ്റവർ ഇതിൽ പാർക്കുന്നവർ. നാട്ടിലെ പാലെല്ലാം നെയ്യാക്കി കത്തിക്കുമ്പോൾ തന്നെ ഗ്രഹിണി പിടിച്ച കുട്ടികളും അർദ്ധപട്ടിണിക്കാരായ പെണ്ണുങ്ങളും വാത്സല്യവും പ്രണയവും അറിയാതെ ജീവിക്കുന്ന ആണുങ്ങളും. മുമ്പ് പുരുഷാർത്ഥക്കൂത്തിൽ കണ്ട ബ്രാഹ്മണ ജീവിതത്തിന്റെ അവസാനരംഗം ഇരുന്നു പാൽ വാങ്ങുന്ന വാലിയക്കാരനും നിന്ന് അരിയളക്കുന്ന കാര്യസ്ഥനും ഓടുന്ന കുരങ്ങനാട്ടിയുമൊക്കെ ചേർന്ന ഈ കെട്ടിടക്കെട്ട് ദേവകി അന്തർജ്ജനം നമുക്കു തരുന്ന, നമ്പൂതിരിമാരുടെ പഴയ ആവാസ വ്യവസ്ഥയുടെ ഒരു വൻ ചുമർച്ചിത്രമാണ്.
മതമേൽക്കോയ്മയുടെ കൂടെ ഭൂവുടമത്തവും കൂടി ചേർന്നു അളിഞ്ഞ സ്ഥാപനങ്ങളായിരുന്നു ഈ കൂറ്റൻ മനകൾ. ഇന്ത്യയിലെ മറ്റു ബ്രാഹ്മണ വിഭാഗങ്ങൾ പൊതുവെ വലിയ ഭൂവുടമകളായിരുന്നില്ല. പുതുലോകത്തിലേക്ക് കടക്കാൻ അവർ ഇത്ര ക്ലേശിച്ചില്ല.
“കണ്ണുകാണാത്തവർ അന്നു ധാരാളമുണ്ടായിരുന്നു”, “പെൺകുട്ടികളെ എഴുത്തു പഠിപ്പിക്കില്ല”, “ആരും കുട്ടികളെ എടുത്തു ലാളിക്കാറില്ല”, “മുണ്ടുപെട്ടിയാണ് ഒരേ സ്വത്ത്”, “ഒരുനാൾ ഏട്ടന്മാരെ കാണാതായി” എന്നിങ്ങനെ അക്കാലത്തെപ്പറ്റി പല ധ്വന്യാത്മകമായ പ്രസ്താവനകളും ഇതിൽ സംഭവിച്ചിട്ടുണ്ട്. കഥകളിക്കമ്പക്കാരനായ നമ്പൂതിരി എന്തുകൊണ്ട് വേഷക്കാരനായില്ല എന്നതിനു ഒരുത്തരം ഇതിലുണ്ട്. ജനിക്കും മുമ്പേ തന്നെ ഒരുവളെ ഭ്രഷ്ടയാക്കുന്നതാണ് നമ്പൂതിരിടെ കടശ്ശിക്കൈയെന്നു ദേവകി അന്തർജ്ജനം.
ചെറുചെറു വാക്യങ്ങളിലൂടെയാണ് ഇതിലെ കഥനം. ഒച്ചപ്പെടുത്തൽ ഒട്ടുമില്ല. വാദ്യത്തിൽ കുറിയ കുറിയ എണ്ണങ്ങൾ വായിക്കുംപോലെ, കുന്നിൻ നെറുകയിലേക്കു കുറിയ കൽപ്പടകൾ പോലെ. മൊന്ത കെട്ടിയ വാചകങ്ങൾ മനസ്സിന്റെ ശൈലിയല്ല. വളരെ വൈകിയായാലും തന്റെ നാവിലെ എഴുത്ത് കണ്ടുപിടിച്ചപോലെയുണ്ട് ഇതിന്റെ രചയിതാവ്.
രസകരമായി ചെറുനേരം കൊണ്ട് ഒരിരിപ്പിനു വായിച്ചു വയ്ക്കാവുന്നതാണ് ഈ കൃതി. എന്നാൽ അതിനുള്ളിലെ കാലം എത്ര മന്ദവും ഭാരിച്ചതും പീഡനകരവും ആയിരുന്നെന്ന് പിന്നീട് പലനേരങ്ങളിൽ നമ്മെ അലോസരപ്പെടുത്താവുന്നതുമാണ്. ഒടുവിൽ വി.ടി ഒഴിച്ചുള്ള തലമുറ കമ്യൂണിസ്റ്റുകാരായി. ആർപ്പുവിളിയിൽ നിന്ന് മുദ്രാവാക്യത്തിലേക്ക് മാറാനെളുപ്പമായിരുന്നു.
എഴുതുന്ന എഴുത്ത് രുചിയുള്ളത്. കൂടുതൽ രുചി എഴുതാത്ത എഴുത്തിന്.
(കടപ്പാട്: നഷ്ടബോധങ്ങളില്ലാതെ എന്ന പുസ്തകത്തിന്റെ മുന്നുരയായി ആറ്റൂർ എഴുതിയ കുറിപ്പ്)