പെണ്ണ് : തെയ്യവും മാലാഖയും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കണ്ണൂർ ചെറുകുന്ന് തെക്കുമ്പാട് കൂലോത്തെ ദേവക്കൂത്ത് തികച്ചും വ്യതിരിക്തമായ ഒരു തെയ്യാനുഭവം തന്നെയാണ്. തെയ്യാട്ട രംഗത്ത് ഒരു സ്ത്രീ കോലധാരിണിയായി വരുന്ന ഒരേയൊരു സങ്കേതമാണിത്. പുരുഷാധിപത്യ വ്യവസ്ഥിതികൾ അതിൻ്റെ വെന്നിക്കൊടി പാറിക്കുന്നത് തുടരുന്ന ഇക്കാലത്ത് ദേവക്കൂത്തിൻ്റെ പ്രാധാന്യം അത്യധികപ്രസക്തം തന്നെ. രണ്ട് മൂന്ന് ദശകങ്ങൾക്ക് മുമ്പുവരെ തെയ്യം പുറപ്പാടിന് സ്ത്രീകളുടെ പങ്കാളിത്തം പതിവുണ്ടായിരുന്നു. തോറ്റംപാട്ട് പാടിക്കൊണ്ട് മലയി, മലയൻ പണിക്കരുടെ കൂടെ നിന്നിരുന്ന രീതികളെല്ലാം പാടേ മാറി. ഇന്ന് തെയ്യമെന്നത് ഏതാണ്ട് പൂർണ്ണമായും പുരുഷ കേന്ദ്രീകൃതമായ രീതിയിലേക്ക് എത്തിയിട്ടുണ്ട്. പ്രബലമായും അമ്മദൈവാരാധനയായ തെയ്യാട്ടത്തിൽ ശക്തിയുടെ വിവിധ രൂപങ്ങളെ കെട്ടിയാടുന്നത് പുരുഷന്മാരാണ് എന്നത് വലിയ വൈരുധ്യം പോലുമാണ്. സ്ത്രീകൾ തോറ്റം പാടുന്ന പാരമ്പര്യത്തിൽ ഉപേക്ഷ വന്നതോടെ ഈ രംഗം ഏതാണ്ട് പൂർണമായും പുരുഷ കേന്ദ്രീകൃതമായി എന്നു തന്നെ പറയണം. അവിടെയാണ് തെക്കുമ്പാട് കൂലോത്തെ ദേവക്കൂത്ത് വ്യതിരിക്തമായി നിൽക്കുന്നത്. ദേവക്കൂത്ത് അഥവാ വള്ളിയമ്മക്കൂത്ത് എന്ന തെയ്യം കെട്ടാൻ സ്ത്രീ തന്നെ രംഗത്തിറങ്ങിയേ പറ്റൂ. അതാണ് പൂർവ്വാചാരം. കാലത്തിൻ്റെ കുത്തൊഴുക്കിൽ പല പൂർവ്വാചാരങ്ങൾക്കും സംഭവിച്ച ലോപം വള്ളിക്കൂത്തിനും സംഭവിച്ചിരുന്നു. തുടർച്ചയില്ലാതെ പത്തുപതിനഞ്ച് വർഷം അത് മുടങ്ങിപ്പോയിരുന്നു.

ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിന് പടിഞ്ഞാറ് മാറിയാണ് പ്രാചീനമായ തെക്കുമ്പാട് കൂലോം – തായക്കാവ് ആരാധനാ സങ്കേതങ്ങൾ നിലകൊള്ളുന്നത്. ചിറക്കൽ കോവിലകത്തിൻ്റെ അധീനതയിൽ അവരുടെ കുലഭരദേവതയായ മാടായിക്കാവിലച്ചി തിരുവർക്കാട്ട് ഭഗവതി കോലസ്വരൂപത്തിങ്കൽ തായ് തന്നെയാണ് കാവിൽ പ്രധാനം. ചിറക്കൽ കോവിലകത്തിൻ്റെ അനുബന്ധിയായ ചുഴലി സ്വരൂപത്തിൻ്റെ അധിഷ്ഠാന ഭരദേവതയായ ചുഴലി ഭഗവതി, നീരിയോട്ട് സ്വരൂപത്തിൻ്റെ കരിഞ്ചാമുണ്ഡിയമ്മ, അള്ളട സ്വരൂപത്തിൻ്റെ വേട്ടയ്ക്കൊരുമകൻ തുടങ്ങിയ ഒട്ടനവധി തെയ്യക്കോലങ്ങൾ ഇവിടെ കെട്ടിയാടപ്പെടുമ്പൊഴും ദേവക്കൂത്ത് പ്രത്യേകം മാനനീയ സാന്നിധ്യമായി കണക്കാക്കപ്പെടുന്നു.

നാരദൻ

ഒരിക്കൽ തെക്കുമ്പാട് എന്ന ഈ ദ്വീപഭൂമിയുടെ മനോഹാരിത കണ്ട് ഗഗനചാരികളായ ചില ദേവാംഗനമാർ മണ്ണിലറങ്ങി വന്നതായാണ് കഥ. പുഴയും പൂങ്കാവും കടലും ഒത്തിണങ്ങി സ്വർഗനന്ദനത്തെയും അതിശയിപ്പിക്കുന്ന ഭൂമി. കളിച്ചും ചിരിച്ചും പലവർണ്ണം തിങ്ങിയ പൂക്കൾ ശേഖരിച്ചും നടന്ന് മതിമറന്നുപോയ ദേവാംഗനമാരിലൊരാൾ കൂട്ടം തെറ്റി ദ്വീപിൽ ഒറ്റപ്പെട്ടു പോയത്രേ. ഇരുട്ടാകും മുമ്പ് മറ്റുള്ള ദേവാംഗനമാരെയും കൊണ്ട് അവരുടെ വിമാനം ദേവലോകം പൂകിക്കഴിഞ്ഞിട്ടും നമ്മുടെ കഥാനായിക, ഈ നാടിൻ്റെ ഭംഗിയിൽ മതിമയങ്ങി തെക്കുമ്പാട് താഴെക്കാവിൽ വിഷമിച്ചു നിൽക്കയാണ്. വഴിതെറ്റിയലഞ്ഞ് വള്ളിച്ചുറ്റുകളിൽ പിണഞ്ഞ ആ ദേവാംഗനയെ അതുവഴി വന്ന നാടുവാഴി കണ്ടെടുക്കുയാണ്. കേരളവർമയെന്ന ആ നാടുവാഴിയുടെ നാമമാണത്രേ വള്ളിയമ്മക്കൂത്തിൻ്റെ വരവിളിയിൽ അനുസ്മരിക്കപ്പെടുന്നത്. തമ്പുരാൻ പച്ചോല കൊണ്ട് കുച്ചിൽ കെട്ടി കുടിയിരുത്തിയെങ്കിലും കൂടിയ നാട്ടുകാർ സമാധാനിപ്പിച്ചു കൊണ്ടിരുന്നെങ്കിലും ഭൂമിയിലകപ്പെട്ട ദേവകന്യാവ് തൊന്തരപ്പെടുകയാണ്.

ആ കരച്ചിലുയരുന്നത് ത്രിലോകസഞ്ചാരിയായ നാരദരുടെ കാതിലെത്തുന്നു. അവരുടെ ഉത്തരീയവും അംഗവസ്ത്രവും അതിനകം മുള്ളിൽ കുരുങ്ങി നാനാവിധമായിരുന്നു. ഉടുത്ത ചേലയ്ക്കൊരു മറുചേലയും കൊണ്ട് കടുകാവരു തുംബുരു നാരദരേ എന്ന വിളിയാണ് തോറ്റത്തിൽ കേൾക്കുന്നത്.

“അജ്ഞനക്കോലും കണ്ണാടിയും കൊണ്ട് കടുകാ വരു തുംബുരു നാരദരേ കളഭകസ്തൂരിയും കുങ്കുമവും കൊണ്ട് കടുകാവരു തുംബുരു നാരദരേ…” (തോറ്റം) എന്നിങ്ങനെയുള്ള അഭ്യർത്ഥനകൾക്ക് ഫലമുണ്ടായി.

വലംകയ്യിൽ ചേലയും ചുഴറ്റി നാമവീണയുമായി നാരദർ ഇറങ്ങി വരുന്നുന്നതും ഇരുവരും ചേർന്ന് പിന്നീട് വിണ്ണിലേക്കുയർന്ന് പോകുന്നതുമാണ് ദേവക്കൂത്തിൻ്റെ പുരാവൃത്തം. നാരദരും തെയ്യത്തിൽ ഇടക്കുവെച്ച് രംഗപ്രവേശം ചെയ്യുന്ന രീതിയിലാണ് അരങ്ങത്തെ കലാശങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.

വള്ളിയമ്മ

കോലസ്വരൂപത്തിലെ വംശീയപാരമ്പര്യ ജന്മാവകാശം

സ്വരൂപവാഴ്ചക്കാലത്ത് ചിറക്കൽ കോവിലകം നിശ്ചയിച്ച ഒന്നാം സ്ഥാനികനായ മലയസമുദായത്തിലെ പള്ളിയറയിൽ വടക്കും കൂറൻ്റെ ജന്മാവകാശമാണ് ദേവക്കൂത്ത്. വടക്കും കൂറനെന്നത് തെയ്യാട്ടരംഗത്തെ സ്ഥാനപ്പേരാണ്. അവരുടെ തറവാട്ടിൽ വിവാഹിതരായി എത്തുന്ന സ്ത്രീകൾ അഥവാ പെരുമലയൻ്റെ ഇണങ്ങത്തിയാണ് തെയ്യം നിർവ്വഹിക്കേണ്ടത്. നാരദൻ കെട്ടാനുള്ള അവകാശം മൂത്ത ചെറുകുന്നോൻ എന്ന് സ്ഥാനപ്പേരുകാരായ മലയൻ പണിക്കരുടെ കുടുംബത്തിനാണ്. സംഗീതജ്ഞനായ കാഞ്ഞങ്ങാട് രാമചന്ദ്രൻ്റെയും മറ്റും കുടുംബമാണിത്. തുലാം 25 ന് ദേവക്കൂത്ത് കെട്ടാനുള്ള അടയാളം വാങ്ങി നിയോഗം ഏറ്റെടുത്താൽ കൂലോത്ത് നിന്ന് ഏറ്റുവാങ്ങുന്ന സംസ്കൃതത്തിലുള്ളതായി പറയപ്പെടുന്ന ‘പള്ളിമാല’ എന്ന പ്രമാണഗ്രന്ഥം തൊട്ടുതൊഴുത് കോലധാരിണിക്ക് പിന്നീട് വീട്ടിൽ ഏകാന്ത പഠനധ്യാന സാധനകളാണ്. മത്സ്യമാംസാദികൾ പാടേ വർജിച്ച് വ്രതസാധനകളിലൂടെ കടന്നുപോകണം. ധനു 5 നാണ് ദേവക്കൂത്ത്. ധനു മൂന്നിന് ഉച്ചതിരിഞ്ഞ് സർവ്വാഭരണ വിഭൂഷിതയായി ഇല്ലത്തമ്മയുടെ വേഷവിധാനങ്ങളോടെ യത്രേ കോലധാരിണി കസവുടുത്ത് ഇറങ്ങും. ബന്ധപ്പെട്ട ക്ഷേത്രങ്ങൾ തൊഴുത് സഹായികളോടൊപ്പം പെൺതെയ്യക്കാരി വള്ളുവൻ കടവിലെത്തും.

കടവത്തെ ആൽത്തറയിൽ ഗ്രന്ഥവും മടക്കും താലവും വെച്ച് വണങ്ങുന്ന ചടങ്ങുകളുണ്ട്. തുടർന്ന് അവിടെ നിയുക്തനായ വള്ളുവക്കുറുപ്പ് രണ്ടു വള്ളങ്ങൾ കൂട്ടിക്കെട്ടിയ ചങ്ങാടത്തിലേറ്റി കോലധാരിണിയെയും സ്ത്രീസഹായിയെയും കാവിന് സമീപം കടവിലെത്തിച്ച് ഇറക്കും. ഗ്രന്ഥവും താലവുമായെത്തുന്ന കോലധാരിണിയെ അവിടെ തെക്കുമ്പാട് കൂലോം അധികാരികളും ചിറക്കൽ കോവിലകത്ത് നിന്ന് ആചാരം നേടിയ മുഴുവൻ ആചാരക്കാരും പെരുമലയരും സ്ഥാനികരുമടക്കം ഈ ദേവകന്യാവിൻ്റെ കോലധാരിണിയെ എതിരേൽക്കാൻ എത്തിക്കൊള്ളണമെന്നാണ് നിയമം. മറ്റ് കോലങ്ങൾക്കുള്ള അവകാശിയായ മാടായിപ്പെരുവണ്ണാനടങ്ങുന്ന അവകാശികളും മൂത്തച്ഛന്മാരും പാലമൃതൻ മുതലായി താലപ്പൊലി വാദ്യങ്ങളോടെ എതിരേറ്റ് വള്ളിയമ്മക്കൂത്തിനുള്ള കോലധാരിണിയെ തെക്കുമ്പാട് കൂലോം നടയിലെത്തിക്കണമെന്നാണ് കണക്ക്. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ കുച്ചിൽ എന്ന ഓലക്കുടിലിനകത്ത് കോലധാരിണിയും സഹായിയും കുടിയിരിക്കും. ധനു നാലിന് പൂർണമായും കുച്ചിലിൽ ഏകാന്തധ്യാനത്തിലിരിക്കുന്ന കോലധാരിണി അഞ്ചാം തീയതി രാവിലെ 10 മണിയാകുമ്പോഴാണ് ദേവക്കൂത്തായി അരങ്ങിന് മുന്നിലേക്ക് രൂപാന്തരപ്പെടുന്നത്.

അംബുജാക്ഷിയമ്മ

സാധാരണ തെയ്യങ്ങളുടെ ചടുല നടകളിൽ നിന്നും രൗദ്രഭാവങ്ങളിൽ നിന്നും വിഭിന്നമായി പതിഞ്ഞ ആട്ടപ്രകാരവും ലളിതമായ ആഹാര്യഭംഗിയുമാണ് ദേവക്കൂത്ത് – നാരദൻ തെയ്യങ്ങളിൽ കാണാൻ കഴിയുക. ദേവസുന്ദരിയുടെയും നാരദ ബ്രഹ്മർഷിയുടെയും സാത്വികഭാവം വിളിച്ചോതുന്നുണ്ടത്. ദേവക്കൂത്ത് നടയ്ക്കലെത്തി തൊഴുതുകൂപ്പി വരവിളിയും ഗണപതിത്തോറ്റവും പാടി നീട്ടിക്കഴിയുമ്പോൾ നടയിൽ ചുറ്റും കൂടിയിരിക്കുന്ന സദസ്സിനൊപ്പം ഇരിപ്പുറപ്പിച്ച കൂടെയുള്ള സ്ത്രീകൾ പാട്ട് ഏറ്റെടുക്കുകയായി. ദേവസുന്ദരി തിരുനടനം തുടങ്ങുകയായി.

ഇതര കേരളീയ നൃത്തരീതികളിൽ കാണാവുന്നതുപോലെ നർത്തകി സാഹിത്യത്തെ അഭിനയിച്ച് ഫലിപ്പിച്ചും കൊണ്ട് അരങ്ങുവട്ടത്തിനകത്ത് പരിക്രമണം ചെയ്യുകയും വരികളോ താളവട്ടമോ മാറുമ്പോൾ സ്വയംഭ്രമണം ചെയ്യുകയും ചെയ്യുന്ന മട്ടിലാണ് ഇവിടെയും നൃത്തം. മന്ദചലനങ്ങളിൽ ലാസ്യനടനമുണർത്തുന്ന പാട്ട് കുമ്മിയടിപ്പാട്ടിനെ ഓർമയിൽ കൊണ്ടുവരാം. തലപ്പാളിയോടൊപ്പം തലയിൽ തൊപ്പാരം, തലപ്പൂ, ചുയിപ്പ് തുടങ്ങിയ ആഭരണങ്ങളണിഞ്ഞ് ചെമന്ന കുപ്പായവും ഞൊറിഞ്ഞ വെളിമ്പനുടുത്തുകെട്ടുമായി പ്രത്യക്ഷപ്പെടുന്ന ദേവക്കൂത്തിന് മാൻ കണ്ണെഴുത്തും നെറ്റിയിൽ ചന്ദ്രക്കല തെളിയുന്ന തേപ്പും കുറി എന്ന മുഖത്തെഴുത്തുമാണ്. കാലിൽ തെയ്യത്തിനു പതിവുള്ള ഓട്ടു ചിലമ്പിൻ്റെ സ്ഥാനത്ത് വെള്ളിക്കിങ്ങിണി കെട്ടിയ പാദസരം ദേവകന്യാവിൻ്റെ ശാലീനഭാവം വിളിച്ചോതുന്നു.

“ചെക്കീ മലരല്ലോ തോട്ടത്തിലെല്ലാം
ചെക്കീ മലരോ കൊയ്യാമോ തോഴീ
കൃഷ്ണമലരല്ലോ തോട്ടത്തിലെല്ലാം കൃഷ്ണമലരോ കൊയ്യാമോ തോഴീ” (തോറ്റം)

ഈണത്തിൻ്റെ പിറകേ കൂടിയാൽ ഈ തുടക്കം കർണ്ണാടകസംഗീതത്തിലെ നീലാംബരി രാഗത്തിൽ ചെന്നെത്തുന്നതായി കാണുന്നു. നാരദൻ വന്നെത്തുന്ന ഘട്ടത്തിൽ പാട്ട് പുതിയൊരു രീതിയിലേക്ക് മാറുന്നുണ്ട്. അപ്പോഴും അതിൻ്റെ ഭാവം നീലാംബരിയുടെ ഛായയിൽ തന്നെയാണെന്നാലും അന്യസ്വരങ്ങൾ കടന്നുവരുന്നതായി മനസ്സിലാക്കുന്നു. അതാണ് ഫോക്. മനുഷ്യൻ ഒരു ദിക്കുനോക്കി ധീരമായി നടക്കാൻ തുടങ്ങിയ ശേഷമാണല്ലോ നിയതമായ വഴിയുണ്ടാകുന്നത്. വഴികൾ ഉണ്ടാകുന്നതിനും മുമ്പുള്ള നടത്തത്തെ ഓർമ്മിപ്പിക്കുമ്പോൾ ഫോകിനെ അത് വല്ലാത്തൊരു പ്രാഗ്ബോധവുമായി ബന്ധിപ്പിക്കുന്നുണ്ട്. വർണങ്ങളിലും ചമയങ്ങളിലും പുതുങ്ങിയാലും തെയ്യത്തിൻ്റെ തോറ്റം പാട്ടീണത്തിൽ, താളക്കണക്കൊപ്പിച്ചുള്ള കലാശങ്ങളിൽ ആ പ്രാക് ചൈതന്യം പല പ്രകാരത്തിൽ ഇന്നും ചാലിട്ടൊഴുകും.

ദേവക്കൂത്തിലെ ആത്മീയതലം

മുകളിൽ നിന്നും താഴെ നിന്നും ശാഖികളിലെ പൂനുള്ളിയെടുക്കുന്ന മുദ്രകൾ കാണിച്ചുകൊണ്ടാണ് ദേവക്കൂത്തിൻ്റെ ആട്ടച്ചുവടുകൾ. അതിനെ ജ്ഞാനമുദ്രയായ ചിന്മുദ്രയെന്ന് വഴികൾ താണ്ടാൻ തുടങ്ങിയ മനസ്സ് കണ്ടെത്തിയേക്കാം. പൂനുള്ളുന്നത് ജ്ഞാനമുദ്ര കാട്ടുന്നതായി ചിന്തിച്ച് നോക്കിയാലോ – ആലോചനാമൃതമാകും അത്. നമ്മൾ ഒരിടത്ത് പെട്ടുപോകുമ്പൊഴും ഉഴലുമ്പൊഴും എവിടെ നിന്നെങ്കിലും വന്നെത്തി വഴി തുറക്കുന്നത് അറിവാണല്ലോ. അങ്ങനെ നോക്കിയാൽ ത്രിലോകസഞ്ചാരിയായ അറിവുതന്നെയാകണം നാരദൻ. മതിമയങ്ങി വഴിമുട്ടിനിൽക്കുമ്പോൾ വന്നെത്തുന്ന അറിവും ബോധവും തന്നെ ശരണം. കണ്ണും പുരികവുമെന്ന മുഖത്തെഴുത്തുമായി തൂവെള്ള തറ്റുടുത്തും മെയ്യാകെ ചന്ദനം വരഞ്ഞുമാണ് നാരദരുടെ പ്രൗഢമായ എഴുന്നള്ളത്ത്. തലപ്പാളിയോടൊപ്പം ശിരസ്സിൽ തൊപ്പാരം, തലപ്പൂ, കഴുത്തിൽ വനമാല പൂണൂൽ എന്നിവയാണ് വേഷം.

തെക്കുമ്പാട് കൂലോത്തെ ദേവക്കൂത്ത്

ദേവലോകം പോലും കണ്ട് കൊതിച്ച് വന്നിറങ്ങിയ നാട് എന്ന സങ്കൽപ്പസമൃദ്ധിയാണ് ഇത്തരം മിത്തുകളിൽ ജീവത്തായിരിക്കുന്നത്. അത്തരം മിത്തുകളും അതിൻ്റെ ആവിഷ്കാരമായ തെയ്യാട്ട അരങ്ങുമെല്ലാം കഞ്ഞിക്കുവകയില്ലാത്ത കാലങ്ങളിലും ഇന്നാടിനെ ജീവിതവ്യമാക്കി നിലനിലനിർത്തിപ്പോന്നിരിക്കാം. മിത്തുകൾ തീർച്ചയായും അത്തരം ആത്മബലങ്ങളെ ഉൾക്കൊള്ളുന്നവയാണ്.

എണ്ണിയാൽ തീരാത്ത അമ്മദൈവങ്ങളുടെ നാട്ടിൽ ഒരു സ്ത്രീ കോലധാരിയായി വരുന്ന ഒരേയൊരു രംഗം. മാടായിയിലെ 61കാരിയായ എം.വി അംബുജാക്ഷിയമ്മയാണ് ഇപ്പോഴത്തെ കോലധാരി. വംശപാരമ്പര്യപ്രകാരം മലയികൾ ഒരു കാലത്ത് വടക്കേ മലബാറിലെ ഗൈനക്കോളജിസ്റ്റുകളായിരുന്നു. അന്ന് ഗർഭിണികൾക്ക് പ്രസവവേദന തോന്നിയാൽ മലയിയുടെ വീട്ടിൽ ആളെത്തും. അവർ തൊടിയിലേക്കിറങ്ങി ചില നാട്ടു മരുന്നുകൾ പറിച്ച് പാതിരാത്രിയായാലും ശരി, ചൂട്ടും കത്തിച്ച് പുരയിൽ നിന്നിറങ്ങി ഒരു വരവുണ്ട്. ഗർഭിണിയുടെ വീട്ടിലെത്തിയാൽ ഉമ്മറത്ത് ചൂട്ടു കുത്തിക്കെടുത്തി നേരെ പേറ്ററയിലേക്ക്.

ദേവദൂതിക അഥവാ മാലാഖ

കുഞ്ഞിൻ്റെ തല തിരിഞ്ഞുവന്നാലും മറിഞ്ഞുവന്നാലും അമരത്തിലിരുന്ന് ഉഴിഞ്ഞ് ശരിയാക്കിയെടുക്കും. ഇനി ഇരട്ടക്കുട്ടികളായാലും പരിഭ്രമിക്കണ്ട. അതവർക്ക് നേരത്തേ അറിയാമായിരുന്നു. ഗർഭിണി ഏഴാം മാസമായാൽ അമ്മവീട്ടിലെത്തിയതു മുതൽ പേറ്റിച്ചിയുടെ മേൽനോട്ടത്തിലായിരിക്കും. പ്രസവമുറിക്ക് പുറത്ത് തമ്പുരാക്കന്മാർ ഇരിപ്പുറയ്ക്കാതെ മീശതടവി മുറ്റമളക്കുന്നുണ്ടാകും. രക്തസ്രാവം പെട്ടെന്ന് പിടിച്ചാൽ കിട്ടാതായാലും മലയി പതറില്ല. അതിനുള്ള പോംവഴി തൊടുവിദ്യ അവർക്ക് അനുഗ്രഹമായുണ്ട്. അതാണ് പാരമ്പര്യവിജ്ഞാനം.

ആ കരങ്ങൾ തന്ന പ്രസവരക്ഷയും ആത്മബലവും എന്തെന്ന് ആറുപെറ്റ സ്വന്തം അമ്മ പറഞ്ഞു തന്നത് ലേഖകൻ്റെ ഓർമയിലുണ്ട്. ശരിക്കും ആകാശത്തുനിന്ന് ഇറങ്ങി വന്ന ദേവദൂതികമാർ ഇവരല്ലാതെ മറ്റാരാണ്. ഇന്നും ആധുനിക സമൂഹം നഴ്‌സുമാരെ മാലാഖമാർ എന്ന് വിശേഷിപ്പിച്ച് കാണാറുണ്ട്. ഇപ്പോഴത്തെ കോലധാരിണിയായ അംബുജാക്ഷിയമ്മയും ചെറുപ്പത്തിൽ തന്നെ പ്രസവമെടുപ്പിന് സ്വന്തം അമ്മയോടൊപ്പം പങ്കാളിയായിരുന്നതിൻ്റെ ഓർമ്മകൾ പങ്കുവെക്കുകയുണ്ടായി.

നാടൻ പേറ്റിച്ചിമാരും നവീന ആരോഗ്യ സങ്കൽപ്പനങ്ങളും

അംബുജാക്ഷിയമ്മയ്ക്കുമുമ്പ് വള്ളിയമ്മക്കൂത്തിൻ്റെ കോലധാരിയായിരുന്ന മാടായിയിലെ കാട്ടൂപറമ്പിൽ ലക്ഷ്മിയമ്മ തികഞ്ഞ ഒരു അനുഷ്ഠാന നർത്തകിയത്രേ. അതോടൊപ്പം വംശപാരമ്പര്യമായി പ്രസവമെടുപ്പ് ശുശ്രൂഷകളും ഉണ്ടായിരുന്നു. 2010 വരെ ദേവക്കൂത്തിൽ നിറഞ്ഞാടിയ ലക്ഷ്മിയമ്മ പിന്നീട് അനാരോഗ്യം നിമിത്തം കുടുംബത്തിലെ മറ്റൊരു ഇണങ്ങത്തിയായ അംബുജത്തെ ദേവക്കൂത്തിനായി തയ്യാറാക്കി അയക്കുകയായിരുന്നു. ഗർഭരക്ഷയും ഉഴിച്ചിലും കണക്കില്ലാത്തത്ര പ്രസവമെടുപ്പും ചെയ്ത ഒരു സാമൂഹ്യാരോഗ്യ വിദഗ്ധയുടെ അനുഭവ പരിജ്ഞാന ധന്യതകളാണ് എഴുപത്തിമൂന്നു‌് തികഞ്ഞ വാർധക്യത്തിലും തിളങ്ങുന്ന ലക്ഷ്മിയമ്മയുടെ കണ്ണുകളിൽ.

നവജാതശിശുവിന് പിറന്നു വീണയുടനേ ശ്വാസമെടുക്കാൻ കഴിയാതെ വരുന്ന ചില സന്ദിഗ്ധ ഘട്ടങ്ങളുണ്ട്. അവിടെ എന്തു ചെയ്യണം – ലക്ഷ്മിയമ്മയ്ക്ക് അറിയാം. Perinatal asphyxia എന്ന ആ അവസ്ഥയിൽ സത്വര രക്ഷാനീക്കങ്ങൾ വേണം. Neonatal resuscitation ലൂടെ ഹൃദയമിടിപ്പ് പുനസ്ഥാപിക്കുന്നതുവരെ വേണ്ട നടപടികളിൽ ആധുനിക ശാസ്ത്രം പറയുന്നത് ഇവർ ചെയ്തിരുന്നതിൻ്റെ വികസിതരൂപം തന്നെയാണ്. ഓക്സിലറി നഴ്സ് ആൻ്റ് മിഡ് വൈഫ് (ANM) എന്ന തസ്തികയിൽ ഇപ്പോൾ സർക്കാർ സർവ്വീസിലുള്ളവർ ചെയ്തുവരുന്ന അതേ ആരോഗ്യസേവനങ്ങളാണ് ഇവർ അന്ന് ചെയ്തിരുന്നത് എന്ന് മനസ്സിലാക്കാം.

1960-64 വർഷങ്ങളിൽ നാടൻ സൂതികർമിണികളെ ആധുനിക വൈദ്യശാസ്ത്രരീതികളോട് കണ്ണി ചേർക്കുവാൻ സർക്കാർ ഏർപ്പെടുത്തിയ ഡായിസ് ട്രെയിനിങ്ങിൽ പങ്കെടുത്തതും വയോവൃദ്ധയായ കാട്ടൂപ്പറമ്പിൽ ലക്ഷ്മിയമ്മ ഓർമ്മിച്ചെടുക്കുന്നു. Traditional Birth Attendant (TBA) എന്ന നിലയിൽ നിന്ന് Trained Birth Attendant എന്ന നിലയിലേക്ക് ഉയർന്നതിൻ്റെ അറിവ് ലക്ഷ്മിയമ്മ പറയുന്നതിലുണ്ട്. ഗർഭനിയന്ത്രണങ്ങൾ ഫലപ്രദമായില്ലാത്ത കാലം അഞ്ചും പത്തും പ്രസവിക്കുന്നവരുള്ളപ്പോൾ താനൊറ്റയ്ക്ക് ആയിരത്തിലധികം പ്രസവങ്ങൾ എടുത്തിട്ടുണ്ടാകുമെന്നാണ് ഇവർ ഓർക്കുന്നത്. പക്ഷേ, ആ നിലയ്ക്ക് സർക്കാരിൽ നിന്ന് മറ്റ് അംഗീകാരങ്ങളോ ആനുകൂല്യങ്ങളോ അർഹിക്കും വിധം ഇവരെത്തേടി വന്നതുമില്ല.

തെക്കുമ്പാട് കൂലോത്തെ ദേവക്കൂത്ത്

ആരോഗ്യമെന്നതിന് ലോകാരോഗ്യ സംഘടന നൽകുന്ന നിർവചനം കേവലം രോഗപീഡകളില്ലാത്ത അവസ്ഥ എന്നല്ല. അതിലപ്പുറം, ശാരീരികവും മാനസികവും സാമൂഹ്യവുമായ സുസ്ഥിതി എന്നാണ്. ആധുനിക വിജ്ഞാനത്തിൻ്റെ വെളിച്ചത്തിൽ മനുഷ്യവാഴ്‌വിൻ്റെ ഈ തലങ്ങളെയെല്ലാം പരിഗണിച്ചാലേ അത് സമഗ്രമായ ആരോഗ്യ നിർവചനം ആകുന്നുള്ളൂ. ഇതത്രയും ആദ്യമേ തിരിച്ചറിഞ്ഞാണെന്നു തോന്നും ദൈവത്തിരുനടയിൽ ദേവകന്യകയായി ആത്മീയ അനുഗ്രഹം ചൊരിയാനും പ്രസവരക്ഷയ്ക്ക് സൂതികർമ്മിണിയായി ഓടിയെത്താനും മലയികളുടെ വംശപരമ്പര നിയോഗിക്കപ്പെട്ടത്. പ്രശ്നമുള്ള ഗർഭാവസ്ഥയിൽ ഇവരുടെ തച്ചു മന്ത്രവാദം ഗർഭിണിക്ക് ആത്മവിശ്വാസവും മാനസിക ആരോഗ്യവും നൽകും വിധമുള്ളതാണ്. ഉഴിച്ചിൽ എണ്ണകളും പേറ്റുലേഹ്യവുമെല്ലാം തയ്യാറാക്കിക്കൊടുക്കും. ഇതിനെല്ലാം പക്ഷേ, നാമമാത്രമായ പ്രതിഫലമായിരുന്നു അക്കാലം കിട്ടിയിരുന്നത്. അരിയും നെല്ലും തേങ്ങയും എണ്ണയും കൊണ്ട് കുടുംബം പുലർത്തേണ്ടി വന്ന അന്നത്തെ കീഴാളജീവിതത്തിൻ്റെ വിഷമവൃത്തം… വാക്കുകളിൽ വേദനപൊടിയും.

കാട്ടൂപ്പറമ്പിൽ ലക്ഷ്മിയമ്മ, അംബുജാക്ഷിയമ്മ

പൊതുവിൽ തെയ്യക്കാരുടെ ജീവിത പ്രയാസങ്ങൾ ഇക്കാലത്തും വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല എന്നതും കാണാതിരുന്നു കൂടാ. കോളുകൊടുക്കുമ്പോൾ ഇത്രയധികം ആയാസകരമായ തെയ്യത്തിൻ്റെ കോലക്കാരിയെയും അകമ്പടിക്കാരായവരെയും കണക്കിലെടുത്ത് തക്കതായ പ്രതിഫലം നിശ്ചയിക്കാൻ മലബാർ ദേവസ്വം ബോർഡും ജനകീയക്കമ്മിറ്റിയും സത്വരമായി ശ്രദ്ധിക്കേണ്ടതുണ്ട്. വിദേശികൾ പോലും അന്വേഷിച്ചെത്തുമ്പോൾ കോവിലകം പ്രത്യേകമൊരു ആചാരസ്ഥാനപ്പേര് തന്നെ കൽപ്പിച്ചു നൽകി ഉത്തര കേരളത്തിലെ ഒരേയൊരു പെൺതെയ്യക്കാരിക്ക് ഉചിതമായ സ്ഥാനമഹത്വം കൽപ്പിച്ചു കൊടുക്കേണ്ടതുണ്ട്. പെരുമലയൻ എന്നതിന് ഒപ്പം നിൽക്കുന്ന ഒരു സ്ത്രീനാമം വേണ്ടതില്ലേ. പാരമ്പര്യത്തോടുള്ള നമ്മുടെ അഭിനിവേശത്തിൻ്റെ അടുത്ത പടി സർഗാത്മമാകട്ടെ. ഫോക് ലോർ അക്കാദമിയും പെൺതെയ്യക്കാരിയുടെ വിഷയത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഓർക്കുക, ഫോക് ലോർ എന്നത് സാധാരണ മനുഷ്യർ ആർജിച്ചെടുത്ത അനുഭവലോകത്തിൻ്റെ ജ്ഞാനവ്യവസ്ഥിതി കൂടിയാണ്.

Also Read

8 minutes read January 7, 2025 1:26 pm