വിവരാവകാശ നിയമം സംരക്ഷിക്കാൻ സ്ത്രീകളുടെ ​ഗ്രാമസഭ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കേന്ദ്ര സർക്കാർ പുറത്തുവിട്ട ഒരു കരട് ബില്ലിനെതിരെ വനിതകളുടെ ഗ്രാമസഭയിൽ സ്ത്രീകൾ ഒറ്റക്കെട്ടായി നിന്ന് ഒരു പ്രമേയം പാസാക്കിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഒരു ബില്ലിനെയും അതിലെ നയങ്ങളെയും വിമർശിച്ചുകൊണ്ട് ഗ്രാമസഭ പ്രമേയം പാസാക്കുന്ന അപൂർവ്വ സംഭവം നടന്നത് മറ്റെങ്ങുമല്ല, കേരളത്തിലെ വയനാട് ജില്ലയിലുള്ള എടവക എന്ന ഗ്രാമപഞ്ചായത്തിൽ. പഞ്ചായത്തിന്റെ ക്ഷേമ പ്രവർത്തനങ്ങളെയും തദ്ദേശീയമായ ജനകീയ പ്രശ്നങ്ങളെയും കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർക്കപ്പെടുന്ന ഗ്രാമസഭ ഒരു കേന്ദ്ര നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ ഒത്തുചേരുകയായിരുന്നു. കേന്ദ്ര സർക്കാർ പുറത്തുവിട്ട കരട് ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണ ബിൽ, 2022 ന് എതിരെയാണ് ഗ്രാമസഭയുടെ പ്രമേയം. വിവരാവകാശ നിയമം 2005ലെ സുപ്രധാന വ്യവസ്ഥകളിൽ ഭേദഗതികൾ നിർദ്ദേശിക്കുന്ന ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണ ബിൽ, വിവരങ്ങൾ ലഭിക്കാനുള്ള പൗരരുടെ അവകാശത്തെ സാരമായി ബാധിക്കും എന്ന് ചൂണ്ടിക്കാണിച്ചാണ് ഗ്രാമസഭ പ്രമേയം പാസാക്കിയിരിക്കുന്നത്. പൊതുവെ, വിവരാവകാശ നിയമത്തെ ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും നിർജ്ജീവമാക്കാൻ ശ്രമിക്കുന്ന കാലത്താണ് പഞ്ചായത്ത് ഭരണസമിതിയുടെ കൂടെ പിന്തുണയോടെ ഇത്തരത്തിൽ ഒരു ഗ്രാമസഭ എടവകയിൽ വിളിച്ചുചേർക്കപ്പെട്ടത്. ജനങ്ങളും തദ്ദേശ ജനപ്രതിനിധിളും ചേർന്ന് നടത്തിയ ഈ ഇടപെടൽ ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണ ബില്ലിന്റെ പ്രശ്നങ്ങളെക്കുറിച്ചും ഭരണസുതാര്യതയെക്കുറിച്ചുമുള്ള നിരവധി ചർച്ചകൾക്ക് വഴി തുറക്കുന്നു.

2022 ഡിസംബർ പതിനെട്ടിനാണ് ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണ ബില്ലിന്റെ കരട് കേന്ദ്ര സർക്കാർ പുറത്തുവിട്ടത്. നേരത്തെ പാർലമെന്റിൽ അവതരിപ്പിച്ച കരട് പിൻവലിച്ച് പുതിയ ബിൽ അവതരിപ്പിച്ചപ്പോൾ കൂടുതൽ സമഗ്രമായ നിയമനിർമ്മാർണം നടത്തുകയാണെന്ന് കേന്ദ്രം അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ വിവരാവകാശം നിയമം നൽകുന്ന പല സാധ്യതകളെയും വിവരസംരക്ഷണത്തിന്റെ പേരിൽ ഇല്ലാതാക്കുന്നതാണ് പുതിയ ബിൽ എന്ന തരത്തിൽ വിവരാവകാശ നിയമ ആക്ടിവിസ്റ്റുകൾ എതിർപ്പ് ഉയർത്തിയിരുന്നു. ആ സാഹചര്യത്തിലാണ് വിവരാവകാശ നിയമത്തിന്റെ അന്തസത്ത തന്നെ മാറ്റിമറിക്കാൻ പോകുന്നതാണ് ഈ ഭേദഗതിയെന്ന് ചൂണ്ടിക്കാണിച്ച് സ്ത്രീകൾ മാത്രമുള്ള ഗ്രാമസഭ മുന്നോട്ടുവരുകയും നിയമം ഭേദഗതി ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്രഗവൺമെന്റിനോടും ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസാക്കിയിരിക്കുന്നതും.

എടവക ​ഗ്രാമപഞ്ചായത്ത് കാര്യാലയം

“സാധാരണക്കാരന്റെ വിവരങ്ങൾ അറിയുന്നതിനുള്ള അവകാശം പാടെ ഇല്ലാതാകാൻ പോന്നതാണ് ബി.ജെ.പി സർക്കാർ മുന്നോട്ടുവച്ച ഈ ബില്ല്. വിവരവാകാശ നിയമം ഉപയോഗപ്പെടുത്തിയിരുന്ന സാധാരണ ജനങ്ങളിൽ നിയമത്തിന്റെ ഭേദഗതി കൊണ്ടുവന്നേക്കാവുന്ന സുതാര്യമല്ലാത്ത ഭരണസംവിധാനങ്ങളെക്കുറിച്ച് അവബോധരാകാൻ കൂടിയാണ് പ്രേമയം പാസ്സാക്കിയത്.” ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജെൻസി ബിനോയ് കേരളീയത്തോട് പറഞ്ഞു. നിയമ ഭേദഗതി മൂലം ഇല്ലാതായേക്കാവുന്ന വിവരാവകാശ നിയമത്തെക്കുറിച്ച് കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും നിയമം പിൻവലിക്കണെമെന്ന തുറന്ന കത്ത് പ്രധാനമന്ത്രിയിലേക്ക് എത്തിക്കാനുമാണ് എടവക പഞ്ചായത് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന പ്രതീക്ഷയും ജെൻസി പങ്കുവെച്ചു.

പ്രദീപ് മാസ്റ്റർ

പൗരന്മാരുടെ വിവരാവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളും നടപടിക്രമങ്ങളും നിശ്ചയിക്കുന്ന ഇന്ത്യൻ പാർലമെന്റിന്റെ നിയമമാണ് വിവരാവകാശം (ആർ.ടി.ഐ). വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ ഇന്ത്യയിലെ ഏതൊരു പൗരനും ഒരു ‘പബ്ലിക് അതോറിറ്റി’യിൽ നിന്ന് വിവരങ്ങൾ അഭ്യർത്ഥിക്കാനുള്ള അവകാശം നൽകുന്നു. ആർ.ടി.ഐ പ്രകാരമുള്ള അപേക്ഷ ലഭിച്ചാൽ ബന്ധപ്പെട്ട അധികാരികൾ പരമാവധി വേഗത്തിൽ അതല്ലെങ്കിൽ മുപ്പത് ദിവസത്തിനുള്ളിലോ മറുപടി നൽകേണ്ടതുണ്ട്. പരാതിക്കാരന്റെ ജീവനും സ്വാതന്ത്ര്യവും ഉൾപ്പെടുന്ന വിഷയത്തിൽ, 48 മണിക്കൂറിനുള്ളിൽ വിവരങ്ങൾ നൽകാൻ അധികാരികൾ ബാധ്യസ്ഥരാണ്.

ഇന്ത്യൻ ഭരണഘടന പ്രകാരം വിവരാവകാശം മൗലിക അവകാശമായി കണക്കാക്കുന്നില്ലെങ്കിലും, ആർട്ടിക്കിൾ 19(1) (a)യും ആർട്ടിക്കിൾ 21 ഉം വിവരാവകാശ നിയമത്തെക്കുറിച്ച് വ്യക്തമാകുന്നുണ്ട്. വിവരാവകാശ നിയമപ്രകാരം പൗരർക്ക് എല്ലാ വിവരങ്ങളും അറിയുന്നതിനുള്ള അവകാശം നിലവിലുണ്ട്. നിയമത്തിന്റെ സെക്ഷൻ 8 (1) പ്രകാരം 10 തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് ആർ.ടി.ഐ വഴി അറിയാൻ കഴിയില്ല. എന്നാൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണ ബിൽ വിവരാവകാശ നിയമത്തിന് മേൽ കരിനിഴൽ വീഴ്ത്താൻ പാകത്തിലുള്ളതാണ്.

ജെൻസി ബിനോയ്

വ്യക്തി​ഗത വിവരങ്ങൾ പരിരക്ഷിക്കപ്പെടുമോ ?

പുതിയ നിമയത്തിലൂടെ ഡാറ്റാ പരിരക്ഷണം ഉറപ്പാക്കപ്പെട്ടാൽ അത് ഡിജിറ്റൽ ബിസിനസിനെ കാര്യമായി സഹായിക്കും എന്നാണ് ഡിജിറ്റൽ ടെക്നോളജി മേഖലയിൽ പ്രവർത്തിക്കുന്നവർ പ്രതീക്ഷിക്കുന്നത്. സ്റ്റാർട്ടപ്പുകളെ നവീകരിക്കാനും അവയ്ക്ക് വളരാൻ മതിയായ ഇടം നൽകാനും സഹായിക്കുന്ന തരത്തിലുള്ളതാണ് നിയമത്തിന്റെ ഉള്ളടക്കമെന്ന് ഇന്റർനെറ്റ് ആന്റ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐ.എ.എം.എ.ഐ) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഉപയോക്താക്കളുടെ താല്പര്യങ്ങളും നവീകരണവും സാമ്പത്തിക വളർച്ചയും സന്തുലിതമാക്കുന്നതിനുള്ള കരട് ബില്ലിലെ ഡാറ്റാ പരിരക്ഷണ ചട്ടക്കൂട് ഡിജിറ്റൽ ബിസിനസുകളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും 2025 ഓടെ ഇന്ത്യയെ ഒരു ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയാക്കുന്നതിനും സഹായിക്കുമെന്നും ഐ.എ.എം.എ.ഐ പ്രസ്താവന പറയുന്നു. നിലവിൽ കരട് രൂപത്തിലാണ് ബില്ല്. ഒരു വശത്ത് പൗരരുടെ അവകാശങ്ങളും കടമകളും വിവരിക്കുന്ന നിയമനിർമ്മാണമാണ് ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണ ബില്ലെങ്കിൽ മറുവശത്ത് വിശ്വാസത്തിലധിഷ്ഠിതമായി ശേഖരിച്ച ഡാറ്റ നിയമപരമായി ഉപയോഗിക്കാനുള്ള സാധ്യതകളുമുണ്ട്. ഡാറ്റ എക്കണോമിയുമായി ബന്ധപ്പെട്ടതാണ് ഈ ബില്ല്. സ്ഥാപനങ്ങൾ വ്യക്തിഗത ഡാറ്റയുടെ ശേഖരണവും ഉപയോഗവും നിയമാനുസൃതവും വ്യക്തികൾക്ക് സുതാര്യവുമായ രീതിയിൽ നടത്തണം എന്നതാണ് ഇതിന്റെ ആദ്യത്തെ തത്വം. വിവരങ്ങളുടെ ശേഖരണം നിർദ്ദിഷ്ട ആവശ്യത്തിന് ആവശ്യമായ ആളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തും എന്നതാണ് മറ്റൊരു തത്വം. ഡാറ്റാ പ്രൊട്ടക്ഷൻ, അക്കൗണ്ടബിലിറ്റി, ഡാറ്റ പ്രോസസ്സ് ചെയ്യാനുള്ള ഉത്തരവാദിത്തം എന്നിവ ഡാറ്റ ശേഖരിക്കുന്ന വ്യക്തിയുടേതാണ്, കൂടാതെ ശേഖരിക്കുന്ന ഡാറ്റ ദുർവിനയോഗം ചെയ്യാതെ സംരക്ഷിക്കപ്പെടും. ഒരു വ്യക്തിക്ക് സ്വന്തം ഡേറ്റാ പരിശോധിക്കാനും അതുമല്ലെങ്കിൽ ആവശ്യാനുസരണം അത് ഇല്ലാതാക്കാനും, പരിഷ്‌ക്കരിക്കാനും അവകാശമുണ്ട്

എന്നാൽ കരട് ബില്ല് പരിശോധിക്കുമ്പോൾ കേന്ദ്ര സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന നിയമം വിവരാവകാശ നിയമത്തിന്റെ ചിറകുകൾ അരിഞ്ഞുകളയുന്ന വാൾ ഒളിച്ചു കടത്തുന്ന ഒന്നാണെന്ന് വിവരാവകാശ നിയമ പ്രവർത്തകനായ സുഹൈൽ പറയുന്നു. “സർക്കാർ മുന്നോട്ടുവച്ച ബില്ലിൽ സെക്ടഷൻ 12 ഒരു വ്യക്തിയെ (person) നിർവ്വചിക്കുന്നുണ്ട്. ഏതെങ്കിലും ഒരു വ്യക്തിയോ, സ്റ്റേറ്റോ, ഹിന്ദു അവിഭക്ത കുടുംബത്തെയോ, സ്ഥാപനമോ വ്യക്തികളുടെ ഒരു കൂട്ടായ്മയോ അല്ലെങ്കിൽ വ്യക്തികളുടെ ഒരു സംഘമോ ഈ വ്യക്തിയുടെ നിർവ്വചനത്തിൽ ഉൾപ്പെടും. തന്മൂലം ഈ ബില്ലിന്റെ പിൻബലത്തിൽ വ്യക്തിക്ക് തന്റെ വ്യക്തിഗത വിവരങ്ങൾ രഹസ്യമാക്കി നിലനിർത്താൻ കഴിയും. ഈ നിർവചനത്തിൽ സ്റേറ്റും ഭാഗമായതുകൊണ്ട് തന്നെ വിവരാവകാശ നിയമം ഉപയോഗിച്ച് പല വിവരങ്ങളും ശേഖരിക്കാൻ പറ്റാതെ വരും.” അതുകൊണ്ട് തന്നെ ഈ ബില്ല് ആർ.ടി.ഐ ആക്ടിനെ നിഷ്‌ഫലമാക്കുമെന്ന് നിസംശയം പറയാമെന്ന് സുഹൈൽ കേരളീയത്തോട് പറഞ്ഞു.

“വിവരാവകാശ നിയമപ്രകാരം പൗരർക്ക് രാജ്യത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും അവകാശപ്പെടാനുള്ള അധികാരം നിലവിലുണ്ട്. എന്നാൽ, നിയമത്തിന്റെ സെക്ഷൻ 8 (1) പ്രകാരം 10 തരം വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമല്ല.എന്നാൽ സെക്ഷൻ 8 (1) ( j ) പ്രകാരം വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റും പൊതു താല്പര്യമാണെങ്കിൽ ആർ.ടി.ഐ അപേക്ഷയിലൂടെ ലഭ്യമാക്കേണ്ടതുണ്ട്. എന്നാൽ സർക്കാർ നിർദേശിച്ച ഭേദഗതി അനുസരിച് കേന്ദ്ര പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അല്ലെങ്കിൽ സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അല്ലെങ്കിൽ അപ്പീൽ അതോറിറ്റി ഏതെങ്കിലും വിവരങ്ങൾ പൊതുതാത്പര്യമായി പരിഗണിക്കാത്ത പക്ഷം അപേക്ഷ നിലനിൽക്കാതെ വരും. പൊതു താല്പര്യങ്ങൾക്കും (public interest) ബില്ലിൽ കേന്ദ്ര സർക്കാർ അർഥം നൽകുന്നുണ്ട്. ഓരോ സമൂഹത്തെ സംബന്ധിച്ചു പൊതുതാല്പര്യം വ്യത്യാസപ്പെട്ടിരിക്കും. അത്തമൊരു സാഹചര്യത്തിൽ പൊതുതാത്പര്യത്തിനെ കൃത്യമായ ഒരു നിർവ്വചനത്തിന് കുടകീഴിൽ എത്തിക്കാൻ എങ്ങനെ കഴിയും?” സുഹൈൽ ചോദിക്കുന്നു.

വിവരാവകാശ നിയമം സംരക്ഷിക്കുന്നതിന് വേണ്ടി നടന്ന സമരം. കടപ്പാട്: scroll

ഇതുവരെ നിലനിന്നിരുന്ന രീതിയനുസരിച്ച് ഏറ്റവും കൂടുതൽ ആളുകൾ പിന്തുണക്കുന്നതിനെ പൊതു താൽപ്പര്യമെന്ന് കരുതിപോന്നിരുന്നെങ്കിൽ സർക്കാരിന്റെ നിർവ്വചന പ്രകാരം രാജ്യത്തത്തിന്റെ അഖണ്ഡതയെയും, സുരക്ഷയെയും ബാധിക്കുന്ന വിവരങ്ങളാണ് പൊതു താൽപ്പര്യം. ബില്ലിൽ ഇത്തരത്തിൽ ഏഴോളം പൊതു താൽപ്പര്യങ്ങൾ സർക്കാർ മുന്നോട്ടുവയ്ക്കുന്നുണ്ട്. അഴിമതി, ലോ ആൻഡ് ഓർഡർ തുടങ്ങിയവ ഈ പൊതു താൽപ്പര്യങ്ങളിൽ സർക്കാർ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ വരും കാലങ്ങളിൽ അഴിമതി പോലുള്ള കാര്യങ്ങൾ പൊതു താൽപ്പര്യമായി ഉന്നയിക്കാൻ കഴിയാതെ വരുകയും വിവരവാകാശ നിയമം വഴി ഇത്തരം വിവരങ്ങൾ ലഭ്യമല്ലാത്തയായി തീരുകയും ചെയ്യും. സർക്കാർ നിർവ്വചിച്ചവ മാത്രം എങ്ങനെയാണ് പൊതു താൽപ്പര്യമായി തീരുക? അതിനപ്പുറം പൊതുസമൂഹത്തിൽ ഉയർന്നുവന്നേക്കാവുന്ന പ്രശ്‌നങ്ങളെ കണക്കിൽ എടുക്കാതെയും, ഭരണകൂടത്തെ സുതാര്യമല്ലാതാക്കി തീർക്കുകയുമാണ് പുതിയ നിയമസംവിധാനങ്ങൾ എന്നും സുഹൈൽ ആരോപിക്കുന്നു.

വിവരാവകാശ നിയമമനുസരിച്ച് പാർലമെന്റിനോ സംസ്ഥാന നിയമസഭയ്ക്കോ വിവരങ്ങൾ അറിയാനുള്ള സമാനാവകാശം രാജ്യത്തെ എല്ലാ പൗരർക്കും ഉണ്ട്. എന്നാൽ സെക്ഷൻ 8 ലെ ഈ ഭാഗം പൂർണമായി ഒഴിവാക്കിയിട്ടാണ് കേന്ദ്രസർക്കാർ പുതിയ ബിൽ അവതരിപ്പിക്കുന്നത്. പാർലമെന്റ് പാസാക്കിയ മറ്റു നിയമങ്ങൾ ഇംഗ്ലീഷിന് പുറമെയുള്ള പ്രാദേശിക ഭാഷകളിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണ ബിൽ ഇംഗ്ലീഷിൽ മാത്രം പ്രസിദ്ധീകരിച്ചത് സർക്കാർ ബില്ലിൽ വച്ച് പുലർത്തുന്ന കൃത്യമായ അജണ്ടയുടെയും, ‌‌‌വിവരാവകാശ നിയമത്തെ ഉപയോഗിഗിക്കുന്ന സാധാരണ ജനങ്ങളിൽ നിന്ന് മറച്ചുപിടിക്കുന്നതിന്റെയും ഭാഗമാണെന്നും സൂഹൈൽ വ്യക്തമാക്കുന്നു. ഒരു വ്യക്തിയുടെ വിവരങ്ങൾ മറച്ചുവെക്കുന്ന ലാഘവത്തോടെ ഒരു സ്റ്റേറ്റിന്റെ വിവരങ്ങൾ മറച്ചുവെക്കുക, സർക്കാർ നിർദേശിച്ചവ മാത്രം ‌പൊതു താൽപ്പര്യമാവുക എന്നിവയിലൂടെ നിലവിലെ ഭരണ സംവിധാനം എത്രത്തോളം ജനവിരു​ദ്ധമായിത്തീരും എന്ന ആശങ്ക സൂഹൈലിന്റെ വാക്കുകളിൽ നിറഞ്ഞുനിന്നു.

“കേന്ദ്ര സർക്കാർ നിയമത്തെ ഭേദഗതി ചെയ്യുന്നതുമായി സംബന്ധിച്ച് പൊതു ജനങ്ങളിൽ നിന്ന് അഭിപ്രായം ശേഖരിച്ചിരുന്നു. ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ ബിൽ പ്രകാരം വ്യക്തിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങൾ ലഭിക്കാതെ വരും. അഴിമതിയും കെടുകാര്യസ്ഥത്തെയും പുറത്തുകൊണ്ടുവരുന്ന വഴികൾക്ക് വിലങ്ങ് തടിയാകുന്ന നിയമത്തിനെ ചോദ്യം ചെയ്യുന്നതിന്റെ ആവശ്യകത മനസിലാക്കിയാണ് പ്രമേയം അവതരിപ്പിക്കുനുള്ള തീരുമാനത്തിലേക്ക് എത്തിചേർന്നത്.” എടവക ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് പ്രദീപ് മാസ്റ്റർ പറയുന്നു. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളും, അവ തെളിയിക്കപ്പെടാതെ പോകാനുള്ള ആശങ്കയും കണക്കിലെടുത്താണ് ബില്ലിനെതിരെ സ്ത്രീകൾ മാത്രമുള്ള ഗ്രാമസഭ മുന്നോട്ടുവന്നത്. നിയമമം ഭേദഗതി ചെയ്യാനുള്ള സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ് അവതരിപ്പിച്ച പ്രമേയം സഭ പാസ്സാക്കുകയായിരുന്നുവെന്നും പ്രദീപ് മാസ്റ്റർ കേരളീയത്തോട് വ്യക്തമാക്കി.

“ഇങ്ങനെപോയാൽ ജങ്ങൾക്ക് ഭരണസംവിധാനത്തിലുള്ള വിശ്വാസം നിലനിർത്താൻ എങ്ങനെ കഴിയും? അഴിമതി വിമുക്തം എന്നത് പേപ്പറിൽ മാത്രം ഒതുങ്ങുമോ ഇനി? സർക്കാർ വകുപ്പുകൾക്ക് വസ്തുതകൾ ജനങ്ങളിൽ നിന്ന് മറച്ചുപിടിക്കാൻ വിവരാവകാശ നിയമം നിലവിലുള്ളതിനാൽ സാധിച്ചിരുന്നില്ല. ഈ നിയമമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചതിലൂടെ വിവരങ്ങൾ അറിയുന്നതിനുള്ള ജനങ്ങളുടെ അവകാശത്തെ അത് ബാധിക്കില്ലേ?” ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണ ബില്ല് സംബന്ധിച്ച പ്രദീപ് മാസ്റ്ററിന്റെ ആശങ്കൾ അവസാനിക്കുന്നില്ല. ബില്ലിനെക്കുറിച്ചുള്ള ആശങ്കകൾ കൂടുതൽപ്പേരിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തിലാണ് എടവക ഗ്രാമപഞ്ചായത്തെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമസഭയിൽ അവതരിപ്പിച്ച പ്രമേയം

2023 ജനുവരി 9 ന് എടവക ഗ്രാമപഞ്ചായത്ത് വനിതകളുടെ ഗ്രാമസഭയിൽ അവതരിപ്പിക്കുന്ന പ്രമേയം.

നമ്മൾ ഇന്ത്യയിലെ ജനങ്ങൾ നീണ്ട സമരത്തിന്റെയും, അതിന്റെ തുടർച്ചയായുള്ള വളരെ ഗൗരവമായ കൂടിയാലോചനകളുടെയും, ഉത്തമമായ ബോധ്യത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങൾ പരമാധികാരികളും ഭരണാധികാരികളുമായിട്ടുള്ള ഒരു ഭരണക്രമം നിർമ്മിച്ചെടുത്തു. പൗരന്മാരാണ് രാഷ്ട്രത്തിന്റെ പരമാധികാരികൾ എന്നത്, ഭംഗി വാക്കിനും അപ്പുറം അറിവും ബോധവുമുള്ള പൗരജനങ്ങളുടെ ബോധപൂർവ്വമായ ഇടപെടലിന് ജനാധിപത്യ ഭരണക്രമത്തിൽ ഇടമുണ്ടെന്നും, അത് നിയമപരമായി തന്നെ സ്ഥാപിച്ചെടുക്കുന്നതിനും വിവരാവകാശ നിയമം വഴിയൊരുക്കി. അതുകൊണ്ടുതന്നെ ഇന്ത്യയിലെ വിവരാവകാശ നിയമം ലോകത്തിലെ ഏറ്റവും മികച്ച സുതാര്യ നിയമങ്ങളിലൊന്നായി വിലയിരുത്തപ്പെടുകയും ചെയ്തു. നേരത്തെ സൂചിപ്പിച്ചതുപോലെ, പൗരന്മാരാണ് രാഷ്ട്രത്തിന്റെ അധികാരികൾ എന്ന ഈ നിയമം തിരിച്ചറിയുന്നു, അംഗീകരിക്കുന്നു. അവരാണ് സർക്കാരിന്റെ യഥാർത്ഥ ഭരണാധികാരികളും ഉടമകളും എന്ന് ഉറപ്പാക്കുന്നു. സ്വാഭാവികമായി വിവരാവകാശ നിയമം ജനങ്ങൾക്ക് അവരുടെ സർക്കാരിൽ നിന്നുള്ള എല്ലാ വിവരങ്ങളും അറിയാനുള്ള അവരുടെ അവകാശത്തെ അംഗീകരിക്കുന്നു. അതായത് പൗരന്മാരുടെ ഉടമസ്ഥതയിൽ നടക്കുന്ന ഒരു ഭരണക്രമം ആണ് ജനാധിപത്യ റിപ്പബ്ലിക് എന്ന ബോധ്യത്തിൽ നിന്ന്, വിവരാവകാശം ഒരു മൗലീകാവകാശമായി അംഗീകരിക്കപ്പെടുകയും നിരന്തരമായ ജനകീയ സമരങ്ങളുടെ ഫലമായി വിവരാവകാശ നിയമം 2005 നിലവിൽ വരികയും ചെയ്തു.
ഈ നിയമത്തിലെ ഏറ്റവും വലിയ പ്രത്യേകത വിവരം ജനങ്ങൾക്ക് ഇടതടവില്ലാതെ ലഭ്യമാക്കുക എന്നുള്ള സാഹചര്യം ഉണ്ടാക്കുന്ന സുതാര്യതയുള്ള ഒരു ഭരണക്രമം സൃഷ്ടിക്കപ്പെടാൻ ആദ്യപടിയായി എന്നുള്ളതാണ്. അതുകൊണ്ടുതന്നെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 8,9 പ്രകാരം വെളിപ്പെടുത്തൽ നിന്നൊഴിവാക്കിയിട്ടുള്ള കാര്യങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം തന്നെ നിർബന്ധമായും പൗരന്മാർക്ക് സ്വമേധയാ ലഭ്യമാകുന്ന ഒരു നിയമവ്യവസ്ഥ നിലവിൽ വരുന്നതിനു വേണ്ടി വിവരാവകാശ നിയമം പശ്ചാത്തലം ഒരുക്കുന്നു. ജനങ്ങൾക്ക് സർക്കാരിന്റെ യഥാർത്ഥ ഭരണാധികാരികളും ഉടമകളും ആകുന്നു അതുകൊണ്ടുതന്നെ ജനങ്ങൾക്ക് വേണ്ടി ഫയലുകളും മറ്റും കൈകാര്യം ചെയ്യുന്ന അധികാരസ്ഥാനത്തുള്ളവരുടെ എല്ലാ പ്രവർത്തികളും, തീരുമാനങ്ങളും അതിന് കാരണമാകുന്ന കാര്യങ്ങളും പൊതുവേ വെളിപ്പെടുത്തപ്പെട്ട ഒരു കാര്യമായി വിലയിരുത്തപ്പെട്ടു. അതിനായി വിവരാവകാശ നിയമത്തിലെ സെക്ഷൻ 4 പ്രകാരം, ആളുകൾ ആവശ്യപ്പെടാതെ തന്നെ ഭരണവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക വിവരങ്ങളും സ്വമേധയാ വെളിപ്പെടുത്താനും ഈ നിയമം വ്യവസ്ഥ ചെയ്തു.

ജനങ്ങൾക്ക് പൊതുഭരണവും ആയി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാനും അഴിമതി ഇല്ലാതാക്കി ഭരണത്തിൽ സുതാര്യത ഉറപ്പുവരുത്താനും ഈ ജനകീയ നിയമം കൊണ്ട് സാധ്യമായി. എന്നാൽ കേന്ദ്രസർക്കാർ ഇപ്പോൾ വിഭാവനം ചെയ്യുന്ന കരട് ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ല് 2022, വിവരാവകാശ നിയമത്തിലെ സുപ്രധാന വ്യവസ്ഥകളിൽ ഭേദഗതികൾ നിർദ്ദേശിക്കുന്നു. ഇത് വിവരങ്ങൾ ലഭ്യമാക്കാനുള്ള ആളുകളുടെ അവകാശത്തെ കർശനമായി നിയന്ത്രിക്കും. വിവരാവകാശ നിയമത്തിലെ സെക്ഷൻ 8(1)(j) ന് നിർദ്ദേശിച്ചിട്ടുള്ള ഭേദഗതികൾ എല്ലാ വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. സർക്കാർ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് ആവശ്യ സേവനങ്ങളുടെയും ക്ഷേമപരിപാടികളിലും അവ നടപ്പിലാക്കിയതിലും നിരീക്ഷണം നടത്താൻ അഴിമതി കണ്ടുപിടിക്കാനും നിർണായകമായ വ്യക്തിഗത വിവരങ്ങൾ ലഭിക്കുന്നതിൽ നിന്ന് ഈ ഭേദഗതി പൗരന്മാരെ തടയും ആളുകൾക്ക് അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിലും അഴിമതിയും അധികാരത്തിന്റെ ഏകപക്ഷീയമായ ഉപയോഗവും പരിശോധിക്കുന്നതിനും ഇത്തരം വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കേണ്ടതുണ്ട്.

വിവരങ്ങൾ ആക്സസ് ചെയ്യാനുള്ള പൗരന്മാരുടെ അവകാശം പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും അംഗങ്ങൾക്ക് തുല്യമാണെന്ന അടിസ്ഥാന ജനാധിപത്യ തത്വത്തെ അംഗീകരിക്കുന്ന ഒരു സുപ്രധാന വ്യവസ്ഥയും ഈ നിർദ്ധിഷ്ട ബിൽ ഇല്ലാതാക്കുന്നു. “പാർലമെന്റിനോ സംസ്ഥാന നിയമസഭയ്ക്കോ നിഷേധിക്കാൻ കഴിയാത്ത വിവരങ്ങൾ ഒരു വ്യക്തിക്കും നിഷേധിക്കാൻ പാടില്ല” എന്ന് പ്രസ്താവിക്കുന്ന വ്യവസ്ഥ ഈ ഭേദഗതിയിൽ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.

നിർദിഷ്ട ഡാറ്റ പ്രൊട്ടക്ഷൻ ബില്ല് (പോയിന്റ് 30 (2)) വിവരാവകാശ നിയമത്തിൽ ഭേദഗതി നിർദ്ദേശിക്കുന്നു. “8 –1(j ) വിവരം, വ്യക്തത വിവരവുമായി ബന്ധപ്പെട്ടിരിക്കുന്നിടത്തും വിവരം നൽകുന്നതിന് ബാധ്യത ഉണ്ടായിരിക്കുന്നതല്ല” എന്ന രീതിയിൽ സെക്ഷൻ 8 (1)(j ) തിരുത്തുവാൻ ആവശ്യപ്പെടുന്നു. ഈ ഭേദഗതി വരുത്തിയാൽ ഒരു വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിഷേധിക്കപ്പെടുന്ന അവസ്ഥ വരികയും മിക്ക വിവരങ്ങളും ഒരു വ്യക്തിയുമായി ബന്ധപ്പെട്ടതാണ് അതിനാൽ വിവരങ്ങൾ നൽകാൻ ആഗ്രഹിക്കാത്ത ഓഫീസർമാർക്ക് നിയമം നിഷേധിക്കാനുള്ള അവകാശമായി മാറും. ഇപ്പോൾതന്നെ ഈ വ്യവസ്ഥ ഉദ്ധരിച്ചുകൊണ്ട് വ്യാപകമായ വിവര നിഷേധമാണ് നടക്കുന്നത്. “വ്യക്തിപരമായ വിവരമായതിനാൽ അവർ നൽകില്ല” എന്ന നിഷ്കളങ്കമായ പ്രസ്താവനയോടെ വിവരങ്ങൾ നിരസിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള വിവര നിഷേധങ്ങൾ നിയമത്തിന് അനുസൃതമായിരുന്നില്ല അതുകൊണ്ടുതന്നെ ഒട്ടുമിക്കപ്പോഴും അപ്പീൽ നൽകിയും മറ്റും വിവരം ലഭ്യമാകാറുണ്ട്.

എന്നാൽ എപ്പോൾ നിർദ്ദേശിച്ചിട്ടുള്ളത് പോലുള്ള നിയമഭേദഗതി നടപ്പിലാക്കിയാൽ വിവരാവകാശ നിയമപ്രകാരമുള്ള ഒട്ടുമിക്ക അപേക്ഷകളും നിരസിക്കാൻ അത് കാരണമാകാം. ഇപ്പോൾതന്നെ ഈ സെക്ഷൻ സർക്കാർ ഉദ്യോഗസ്ഥരുടെ അടക്കം അഴിമതിയോ നിയമവിരുദ്ധമായ പ്രവർത്തികൾ മറക്കാൻ വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. നിയമഭേദഗതി നിലവിൽ വന്നാൽ ഉദാഹരണമായി താഴെ പറയുന്ന കാര്യങ്ങൾ പൊതുജനങ്ങളുടെ പരിശോധനയിൽ നിന്നും ഒഴിവായി പോകും.

1. എം.എൽ.എ ഫണ്ടിന്റെ വിശദാംശം ആവശ്യപ്പെട്ടത് വ്യക്തി വിവരമാണെന്ന് പറഞ്ഞ് നിരസിച്ചു പോകാം. പ്രധാനമന്ത്രി ഫണ്ടിന്റെ ഗുണഭോക്താക്കളുടെ വിശകലങ്ങൾ.

2. ഓഫീസർമാരുടെ മൊത്തം വാർഷിക പ്രകടന വിലയിരുത്തൽ റിപ്പോർട്ടുകൾ (APAR ), വ്യാജ ജാതി സർട്ടിഫിക്കറ്റ്, വ്യാജ സർട്ടിഫിക്കറ്റുകൾ, പരീക്ഷ ഇന്റർവ്യൂ തുടങ്ങിയവയിൽ ലഭിക്കുന്ന മാർക്കുകൾ.

3. ജോലികൾക്കായുള്ള തെരഞ്ഞെടുപ്പുകളിൽ കടുത്ത ഏകപക്ഷീയതയും അഴിമതിയും സംബന്ധിച്ച വിവരങ്ങൾ നിയമങ്ങളിൽ ചട്ടങ്ങൾ പാലിക്കാത്തതും, പ്രഖ്യാപിത വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ആനുപാതികം അല്ലാത്ത ആസ്തികൾ.

4. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യവാങ്മൂലങ്ങളുടെ പരിശോധന.

5. മീറ്റിങ്ങുകളുടെ കുറിപ്പുകളും മിനിറ്റുകളും ഫയൽ പോലും വ്യക്തി വിവരമായി വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിഷേധിക്കാൻ ആകും.

2005ലെ വിവരാവകാശ നിയമത്തിൽ ഡിജിറ്റൽ പോർഷണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിലൂടെ നിർദേശിലുള്ള ഭേദഗതികൾ വിവരാവകാശ നിയമത്തെ അടിസ്ഥാനപരമായി ദുർബലപ്പെടുത്തും. അഴിമതി മൂടിവെക്കപ്പെടും. അഴിമതിക്കാരായ പലരുടെയും വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാവാതെ വരികയും അഴിമതി വർധിക്കുകയും ചെയ്യും എന്ന് സ്വാഭാവികമായും ഞങ്ങൾ സംശയിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. ആയതിനാൽ വിവരാവകാശ നിയമത്തിലെ ഈ ഭേദഗതികളെ ഞങ്ങൾ ശക്തമായി എതിർക്കുന്നു. ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന് വേണ്ടി സുപ്രധാനമായ വിവരാവകാശ നിയമത്തിൽ സെക്ഷൻ 8-1(j) ഭേദഗതി നടത്തരുത് എന്ന് എടവക ഗ്രാമപഞ്ചായത്തിലെ വനിതകളുടെ ഗ്രാമസഭായോഗം ഐക്യകണ്ഠേന ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോടും കേന്ദ്രസർക്കാരിനോടും ആവശ്യപ്പെടുന്നു.

അനുവാദകൻ: ജെൻസി ബിനോയ്‌ (ചെയർപേഴ്സൺ ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി)
അവതാരകൻ: ജെംസീറ ശിഹാബ് (വൈസ് പ്രസിഡന്റ്‌, എടവക ഗ്രാമ പഞ്ചായത്ത്‌ )

Also Read

10 minutes read January 31, 2023 4:30 pm