ഡിസബിലിറ്റി എന്നത് സമൂഹത്തിന്റെ നിർമ്മിതിയാണ്

ലോകത്തിലെ വിവിധ രാജ്യങ്ങൾ ജൂലൈ മാസം ‘ഡിസബിലിറ്റി പ്രൈഡ്’ മാസമായി ആചരിക്കുന്നു. ഡിസേബിള്‍ഡായ വ്യക്തികള്‍ക്ക് സമൂഹത്തില്‍ ദൃശ്യത നല്‍കാനും അവരെ അംഗീകരിക്കാനുമുള്ള ബോധവത്കരണം പൊതുസമൂഹത്തില്‍ നടത്തുന്നതിനായാണ് ഡിസബിലിറ്റി പ്രൈഡ് മാസം ആചരിക്കുന്നത്. ലോകമെമ്പാടും ആധിപത്യം പുലർത്തുന്ന ‘ableism’ എന്ന വിവേചന ചിന്ത ഡിസേബിള്‍ഡായ വ്യക്തികള്‍ക്ക് സൃഷ്ടിക്കുന്ന അപമാനങ്ങൾ, അതിലൂടെ അവരുടെ ദൈനംദിന ജീവിതത്തില്‍ ഉണ്ടാകുന്ന തടസങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിക്കുകയാണ് ഗവേഷകയും, ഡിസബിലിറ്റി അവകാശ പ്രവര്‍ത്തകയുമായ ഡോ. ശാരദാ ദേവി വി. കേരള യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇം​ഗ്ലീഷിൽ നിന്നും പി.എച്ച്.ഡി പൂർത്തിയാക്കിയ, ഡിസേബിൾഡ് വ്യക്തിയും വീൽചെയർ ഉപയോക്താവുമായ ഡോ. ശാരദാ ദേവി നടത്തുന്ന ശ്രമങ്ങൾ മുഖ്യധാരാ സമൂഹത്തിൽ ഡിസേബിൾഡ് വ്യക്തികളുടെ സ്ഥാനവും മനുഷ്യാവകാശങ്ങളും ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

ഡിസബിലിറ്റിയെക്കുറിച്ചുള്ള പൊതുബോധത്തെ തിരുത്താന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയെന്ന നിലയ്ക്ക് ഡിസബിലിറ്റി പ്രൈഡ് മാസത്തെ എങ്ങനെയാണ് കാണുന്നത്? ഡിസബിലിറ്റി പ്രൈഡ് മാസത്തിന്റെ പ്രാധാന്യം വിവരിക്കാമോ?

തീർച്ചയായും. 1990 ജൂലൈ 26 ന് അമേരിക്കയിൽ Americans with Disabilities Act (ADA) നിലവിൽ വന്നതിന്റെ സ്മരണാർത്ഥം ആണ് ജൂലൈ മാസം ഡിസബിലിറ്റി പ്രൈഡ് മാസമായി ലോകത്ത് പലയിടങ്ങളിലും ആചരിക്കുന്നത്. അമേരിക്കയിൽ മാത്രം പ്രസക്തമായ ഒന്നല്ല ഈ ആക്റ്റ്. ലോകത്ത് ഡിസബിലിറ്റികളുള്ള വ്യക്തികളുടെ അവകാശസംരക്ഷണത്തിന് നിലവിൽ വന്ന ആദ്യ നിയമനിർമാണം എന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ഇതിന്റെ പാത പിന്തുടർന്ന് മറ്റു പല രാജ്യങ്ങളും തങ്ങളുടേതായ നിയമനിർമ്മാണങ്ങൾ നടത്തി. ഐക്യരാഷ്ട്രസഭയുടെ ഡിസബിലിറ്റികളുള്ള വ്യക്തികളുടെ അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി നിലവിൽവരുന്നതിന് ADA പ്രേരണയായിട്ടുണ്ട്. ഈ ഉടമ്പടിയിൽ ഇന്ത്യ അടക്കം ധാരാളം രാജ്യങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഡിസബിലിറ്റി പ്രൈഡ് മാസാചരണം നമ്മുടെ രാജ്യത്തെ സംബന്ധിച്ചും പ്രധാനപ്പെട്ട ഒന്നാണ്.

ഡിസബിലിറ്റി എന്ന സ്വത്വം മോശമായ ഒന്നല്ല. സമൂഹം ആണ് അത് സൃഷ്ടിക്കുന്നത്. അതിനാൽ ഡിസബിലിറ്റികളുള്ള വ്യക്തികൾ തങ്ങളുടെ ഡിസേബിൾഡ് സ്വത്വത്തെക്കുറിച്ച് ഓർത്ത് ദുഖിക്കുകയല്ല, അഭിമാനിക്കുകയാണ് വേണ്ടത്. അവരുടെ കുറ്റം കൊണ്ടല്ല അവർ ഡിസബിലിറ്റി മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്. സമൂഹം അവരുടെ ആവശ്യങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകാത്തത് കൊണ്ടാണ് അവർ ഡിസേബിൾഡ് ആയിത്തീരുന്നത്. ഡിസബിലിറ്റി പ്രൈഡ് മാസം ആചരിക്കുന്നതിന്റെ ഒരു പ്രധാന ലക്ഷ്യം ഡിസബിലിറ്റികളുള്ള വ്യക്തികളുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധവത്കരണം നടത്തുക എന്നതാണ്.

ഡോ. ശാരദാ ദേവി വി

ഇക്കാലയളവില്‍ ശാരദയെ പോലുള്ള നിരവധി വ്യക്തികളുടെ പ്രയത്‌നങ്ങളുടെ ഫലമായി നിരവധി മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പോസിറ്റീവായ എന്തൊക്കെ മാറ്റങ്ങളാണ് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്?

ഞാൻ പ്രധാനമായും വ്യക്തികളുടെ മനോഭാവത്തിൽ മാറ്റങ്ങൾ വരുത്താനാണ് ശ്രമിക്കാറുള്ളത്. ഞാൻ പ്രവർത്തിക്കുന്നത് അക്കാഡമിക് മേഖലയിലാണ്. ഒരു ഗവേഷക എന്ന നിലയിൽ എന്റെ ഉത്തരവാദിത്തം ഡിസബിലിറ്റിയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ വ്യത്യാസം വരുത്തുക എന്നതാണ്. ആളുകളുടെ മനോഭാവം മാറണം. അത് വഴി മാത്രമേ മറ്റ് മാറ്റങ്ങൾ സാധ്യമാകൂ. ഒരുപാടു പേരിൽ അത്തരം മാറ്റങ്ങൾ വന്നിട്ടുള്ളത് അറിയാൻ സാധിച്ചിട്ടുണ്ട്.

2019 ൽ ബംഗളൂരു ക്രിസ്തു ജയന്തി കോളേജിൽ ഡിസബിലിറ്റി സ്റ്റഡീസ് അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുത്തതിലൂടെ അവിടെയുള്ളവർക്ക് ബോധവത്കരണം നൽകാൻ സാധിച്ചു. കോളേജ് മാനേജ്മെന്റ് അതിനുശേഷം ക്യാമ്പസ്‌ കൂടുതൽ ഡിസബിലിറ്റി ഇൻക്ലൂസീവാക്കാൻ ആവശ്യമുള്ള നടപടികൾ സ്വീകരിച്ചുവെന്ന് പിന്നീട് അറിഞ്ഞു. അതറിഞ്ഞപ്പോൾ ഒരു സംതൃപ്തി തോന്നി. എന്റെ പൂർവ വിദ്യാർഥികൾ ഇപ്പോൾ ഡിസബിലിറ്റിയെ കുറിച്ച് അനുതാപത്തോടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അതിന് എന്റെ സ്വാധീനം ഉണ്ടായിട്ടുണ്ട് എന്ന് അവർ പറഞ്ഞപ്പോൾ സന്തോഷം തോന്നി.

ഈ കഴിഞ്ഞ വനിതാ ദിനത്തിൽ തിരുവനന്തപുരം ഫെഡറൽ ബാങ്കിൽ അതിഥിയായി എന്നെ ക്ഷണിച്ചിരുന്നു. ഡയസിലേക്ക് കയറാൻ ഒരു പടിയുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ താഴെ നിന്നു സംസാരിക്കാം എന്ന് പറഞ്ഞു. എന്നാൽ സംഘാടകർ എനിക്ക് വേണ്ടി മാത്രം ഒരു നല്ല റാമ്പ് നിർമ്മിച്ചു. കൃത്യം അളവിൽ നിർമ്മിച്ച ഒരു റാമ്പ്. എനിക്ക് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. കുറഞ്ഞ സമയം കൊണ്ട് അവർക്ക് അക്സസിബിലിറ്റിയുടെ പ്രാധാന്യം മനസിലായി എന്നതാണ് ഇവിടെ ശ്രദ്ധേയമായ കാര്യം. ഇങ്ങനെ പലരിലും attitudinal change കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. മുകളിൽ സൂചിപ്പിച്ചവ ഏതാനും ഉദാഹരണങ്ങൾ മാത്രം.

ന്യൂയോർക്കിൽ 2017ൽ നടന്ന ഡിസബിലിറ്റി പ്രൈഡ് മാർച്ച്

പെരിന്തല്‍മണ്ണയില്‍ ഡിസേബിള്‍ഡായ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത വാര്‍ത്ത ശ്രദ്ധിച്ചു കാണുമല്ലോ. ഡിസേബിള്‍ഡ് വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എന്തൊക്കെ നടപടികളാണ് സര്‍ക്കാരും പൊതുസമൂഹവും സ്വീകരിക്കേണ്ടത്?

പെരിന്തൽമണ്ണയിലേതിന് സമാനമായി നമ്മൾ അറിഞ്ഞതും അറിയാത്തതുമായ നിരവധി സംഭവങ്ങൾ നടക്കുന്നുണ്ട്. പ്രധാനമായും സമൂഹത്തിന്റെ മനോഭാവം തന്നെയാണ് ഒരു പ്രശ്നം. ഡിസബിലിറ്റികൾ ഉള്ള സ്ത്രീകൾക്കും പെൺകുട്ടികൾക്കും ശാക്തീകരണം നൽകുന്നതിനെക്കുറിച്ച് ഒക്കെ The Rights of Persons with Disabilities (RPWD) ആക്ടിൽ വിശദമാക്കിയിട്ടുള്ളതാണ്. അവയൊന്നും നടപ്പിലാക്കപ്പെടുന്നില്ല എന്നേയുള്ളൂ. സമൂഹം ഇപ്പോഴും ചാരിറ്റി മാതൃകയിലാണ് ഡിസബിലിറ്റികളുള്ള വ്യക്തികളുടെ വിഷയങ്ങളെ സമീപിക്കുന്നത്. അതുകൊണ്ട് തന്നെ അരികുവത്കരിക്കപ്പെട്ട ഡിസബിലിറ്റികളുള്ള വ്യക്തികൾ കൂടുതൽ അരികുവത്കരണം നേരിടേണ്ടി വരുന്നു. പലർക്കും പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ല. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് പോലും അറിയാത്തവർ ഇക്കൂട്ടത്തിലുണ്ട്. അവരെ ചതികളിൽപ്പെടുത്താൻ എളുപ്പമാണ്. അവകാശങ്ങൾ ഔദാര്യമായി മാറുന്നു. പെരിന്തൽമണ്ണയിലെ സംഭവം അതിനൊരുദാഹരണം മാത്രം.

കേരളത്തിലെ അക്കാദമിക മേഖല എങ്ങനെയാണ് ഡിസബിലിറ്റിയെ കൈകാര്യം ചെയ്യുന്നത്? ഡിസേബിള്‍ഡായ വ്യക്തികളുടെ അക്കാദമിക ജീവിതത്തിന് എത്രത്തോളം സാധ്യതകള്‍ നിലവിലെ ഉന്നതവിദ്യാഭ്യാസരംഗം പ്രദാനം ചെയ്യുന്നുണ്ട്?

കേരളത്തിലെ അക്കാദമിക മേഖലയിൽ ഡിസബിലിറ്റി എന്ന ഇന്റർസെക്ഷന്റെ പ്രാതിനിധ്യം പൊതുവെ കുറവാണെന്ന് പറയാം. മറ്റു ഇന്റർസെക്ഷണൽ വ്യവഹാരങ്ങൾ പോലെ ഡിസബിലിറ്റി വ്യവഹാരത്തെ ചർച്ച ചെയ്യുന്നില്ല. പലപ്പോഴും ഏബ്ലിയിസം പ്രകടമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഡിസബിലിറ്റികളുള്ള വ്യക്തികളുടെ എണ്ണം പരിശോധിച്ചാൽ കുറവാണെന്ന് മനസിലാകും. അതിന് പല കാരണങ്ങൾ ഉണ്ട്. അക്സസ്സിബിലിറ്റി ഒരു പ്രധാന കാരണമാണ്. എന്നെപ്പോലെ ഒരു വീൽചെയർ യൂസറിനെ സംബന്ധിച്ച് അതാണ് പ്രധാന പ്രശ്നം. അക്കാദമികപരമായ ഏബ്ലിയിസം പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്.

ഡിസബിലിറ്റി ഒരു പഠനവിഷയമായിട്ട് പുതിയ കാലത്ത് വരുന്നുണ്ടല്ലോ. അതിനെയെങ്ങനെയാണ് സമീപിക്കുന്നത്?

ഡിസബിലിറ്റി സ്റ്റഡീസ് ഇവിടെ വളർന്നുവരുന്ന ഒരു പഠന മേഖലയാണ്. അതിൽ കൂടുതൽ പഠനങ്ങൾ വളരെ അത്യാവശ്യം ആണ്. എന്നാൽ ഗവേഷണ നൈതികത ഉറപ്പുവരുത്തേണ്ടതുണ്ട്. പലപ്പോഴും അത് സംഭവിക്കുന്നില്ല എന്നത് നിരാശ ഉളവാക്കുന്നുണ്ട്.

ഡിസബിലിറ്റിയെയും ഇന്റര്‍സെക്ഷണാലിറ്റിയെയും എങ്ങനെയാണ് മനസിലാക്കുന്നത്?

ഡിസബിലിറ്റി എന്ന പ്രതിഭാസം സാർവത്രികമാണ് (universal phenomenon). മറ്റ് എല്ലാ ഇന്റർസെക്ഷനുകളുമായും ഒരുപാടു തരത്തിൽ ഡിസബിലിറ്റിക്ക് ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഡിസബിലിറ്റികളുള്ള രണ്ട് വ്യക്തികളുടെ ജീവിതാനുഭവങ്ങൾ, അവർ നേരിടുന്ന വിവേചനം എല്ലാം വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന്, ഗ്രാമപ്രദേശത്തെ വിദ്യാഭ്യാസം ഇല്ലാത്ത ഡിസബിലിറ്റിയുള്ള ഒരു സ്ത്രീ നേരിടുന്ന പ്രശ്നങ്ങൾ നഗരത്തിലുള്ള അഭ്യസ്തവിദ്യനായ ഡിസബിലിറ്റിയുള്ള ഒരു പുരുഷൻ നേരിടുന്ന പ്രശ്നങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും.

കൂടുതല്‍ ഇന്‍ക്ലൂസിവിറ്റി ഉറപ്പാക്കാന്‍ നിലവിലുള്ള നയങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്നാണ് വിചാരിക്കുന്നത്?

കുറച്ചു കൂടി അവകാശ-കേന്ദ്രീകൃതം ആകാനുണ്ട് എന്ന് തോന്നിയിട്ടുണ്ട്. The Rights of Persons with Disabilities (RPWD) Act ആക്റ്റിൽ പരാമർശിച്ചിട്ടുള്ള കാര്യങ്ങൾ കർശനമായി നടപ്പിലാക്കപ്പെടേണ്ടതുണ്ട്. പൊതുബോധവും മാറേണ്ടതുണ്ട്.

ഡിസബിലിറ്റി അവകാശങ്ങൾക്കായി 1990ൽ ഫിലാഡൽഫിയയിൽ നടന്ന പ്രതിഷേധം. കടപ്പാട്:arts.gov

ഡിസബിലിറ്റിയെ, ജന്‍ഡര്‍ മൈനോറിറ്റികളെ, അഭിസംബോധന ചെയ്യാന്‍ പലപ്പോഴും പ്രാദേശിക ഭാഷകള്‍ക്ക് പരിമിതിയുള്ളതായി തോന്നിയിട്ടുണ്ട്. ഇതിനെ എങ്ങനെ മറികടക്കാം? ഉചിതമായ വാക്കുകള്‍, പ്രയോഗങ്ങള്‍ ഉപയോഗിക്കുക എന്നത് എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്?

ഉണ്ട്. ഭാഷക്ക് സമൂഹത്തിന് മേൽ വലിയ സ്വാധീനം ചെലുത്താൻ കഴിയും എന്നത് ഒരു വസ്തുതയാണ്. പ്രത്യേകിച്ചും പാർശ്വവത്ക്കരിക്കപ്പെട്ടവരെ സംബന്ധിച്ച്. ഡിസബിലിറ്റിയുടെ കാര്യം എടുത്താൽ പൊതുസമൂഹം കൂടുതലും ഉപയോഗിക്കുന്നത് ആലങ്കാരിക പദപ്രയോഗങ്ങൾ ആണ്. ഇംഗ്ലീഷിൽ euphemism എന്ന് പറയും. ‘ഭിന്നശേഷി’, ‘ദിവ്യാംഗർ’ എന്നിവ ഉദാഹരണങ്ങൾ. അവകാശകേന്ദ്രീകൃതമല്ല ഇത്തരം പദപ്രയോഗങ്ങൾ. അവ യാഥാർഥ്യത്തെ മറച്ചുപിടിക്കുന്നു. പ്രാദേശിക ഭാഷകളിൽ ഡിസബിലിറ്റിക്ക് തത്തുല്യമായ വാക്കില്ല. ഞാൻ ഉൾപ്പെടെ ചിലർ ഡിസബിലിറ്റി എന്ന വാക്ക് തന്നെയാണ് മലയാളത്തിലും ഉപയോഗിക്കുന്നത്. ഓരോ വൈകല്യം ഉള്ളവർക്കും ചില സൗകര്യങ്ങളും സംവിധാനങ്ങളും ഉണ്ടെങ്കിൽ നല്ല രീതിയിൽ ജീവിക്കാൻ സാധിക്കും. അതിന് സാധിക്കാതെ വരുന്നത് സമൂഹം കാരണമാണ്, അപ്പോഴാണ് ഡിസബിലിറ്റി ഉണ്ടാകുന്നത്.

നഴ്‌സുമാരെ, അമ്മമാരെ ഒക്കെ മഹത്വവൽക്കരിക്കാറുണ്ട് സമൂഹം. അവർ മാലാഖാമാരാണെന്നും ദൈവത്തിന്റെ രൂപങ്ങൾ ആണെന്നും ഒക്കെ സമൂഹം വാഴ്ത്താറുണ്ട്. അതിലൂടെ അവർ നേരിടുന്ന പ്രശ്‌നങ്ങളെ അദൃശ്യമാക്കാൻ ആണ് സമൂഹം ശ്രമിക്കുന്നത്. അതിനെതിരെ അവരിൽ പലരും പ്രതിഷേധിക്കുന്നത് നാം കണ്ടിട്ടുണ്ട്. ഇതുപോലെ തന്നെയാണ് സമൂഹത്തിൽ നിന്നും പ്രശ്നങ്ങൾ നേരിടുന്ന, അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ള ഞാൻ ഉൾപ്പെടെ പല ഡിസേബിൾഡ് വ്യക്തികൾക്കും, ഞങ്ങളെ ഡിഫറന്റ്ലി ഏബിൾഡ് എന്നും ദിവ്യാംഗർ എന്നും സ്പെഷ്യലി ഏ​ബിൾഡ് എന്നും മറ്റുള്ളവർ വിളിക്കുമ്പോൾ തോന്നുക. ആ വിളികളിൽ സമൂഹം ഞങ്ങളോടുള്ള ഉത്തരവാദിത്തം ഒതുക്കാൻ ശ്രമിക്കുന്നു. ഞങ്ങൾക്ക് ആവശ്യമായ സാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കിത്തരാതിരിക്കാൻ അമാനുഷിക പരിവേഷം ഞങ്ങൾക്ക് ചാർത്തിത്തരുന്നു. സൂപ്പർ ഹ്യൂമൻ ആയവർക്ക് സഹായങ്ങളോ സപ്പോർട്ടോ കൊടുക്കേണ്ട ആവശ്യമില്ലല്ലോ. അവർ സമൂഹം ഉണ്ടാക്കുന്ന ഓരോ പ്രശ്നത്തെയും അതിജീവിച്ചുകൊള്ളും, അപ്പോൾ നമുക്ക് അവരെ കൂടുതൽ വാഴ്ത്താം എന്നതാണ് പൊതുബോധം. ആ പൊതുബോധത്തിന് സമൂഹത്തിലുള്ള പ്രശ്നങ്ങൾ തുറന്നുപറയുന്ന ഡിസേബിൾഡ് വ്യക്തികളെ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്.

വൈകല്യം അല്ല ഡിസബിലിറ്റി. വൈകല്യം ഡിസബിലിറ്റിയുടെ ഒരു ഭാഗം മാത്രമാണ്. വൈകല്യം + സമൂഹത്തിന്റെ ഇടപെടൽ = ഡിസബിലിറ്റി. ഞാൻ ഒരു വീൽചെയർ യൂസർ ആണ്. എനിക്ക് വീൽചെയർ ഫ്രണ്ട്‌ലി സൗകര്യങ്ങളുടെ അഭാവം കാരണം ഈ സമൂഹത്തിൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഞാൻ പലപ്പോഴും എഴുതുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. ഈ ബുദ്ധിമുട്ടുകളാണ് എന്നെ ഡിസേബിൾഡ് ആക്കുന്നത്, എന്റെ വൈകല്യം അല്ല. ഇത് പോലെ തന്നെയാണ് മറ്റു വൈകല്യങ്ങൾ ഉള്ളവരുടെ കാര്യവും.

നമ്മൾ ഉപയോഗിക്കുന്ന ട്രാൻസ്ജൻഡർ എന്ന വാക്ക് ഇംഗ്ലീഷിൽ നിന്നു സ്വീകരിച്ചതല്ലേ. അതുപോലെതന്നെ ഡിസബിലിറ്റി എന്ന വാക്കും ഉപയോഗിക്കാവുന്നതേയുള്ളു. ജൻഡർ പോലെ ഡിസബിലിറ്റിയും സമൂഹത്തിന്റെ നിർമ്മിതിയാണ്.

ഡിസബിലിറ്റി അവകാശങ്ങൾക്കായി 1990ൽ അറ്റ്ലാന്റ നഗരത്തിൽ നടന്ന മാർച്ച്. കടപ്പാട്:arts.gov

വളരെ കുറച്ച് മാത്രം ചര്‍ച്ച ചെയ്ത് കണ്ടിട്ടുള്ള വിഷയമാണ് ഡിസേബിള്‍ഡ് വ്യക്തികളുടെ പ്രണയം. ഒട്ടുമേ ഇന്‍ക്ലൂസീവല്ലാത്ത ഇന്ത്യ പോലൊരു സ്ഥലത്ത് ഡിസേബിള്‍ഡ് വ്യക്തികളുടെ പ്രണയം എത്രത്തോളം വെല്ലുവിളികള്‍ നിറഞ്ഞതാണ്?

നമ്മുടെ സമൂഹം ഏബ്ലിയിസ്റ്റ് ആണ്. ഭൂരിപക്ഷം നോൺ-ഡിസേബിൾഡ് ആയ സമൂഹത്തിൽ ഡിസബിലിറ്റികളുള്ള വ്യക്തികൾ എല്ലാ രീതിയിലും തരം താഴ്ത്തപ്പെടും. പ്രണയം, വിവാഹം ഒക്കെ അതിൽപ്പെടും. പലപ്പോഴും നമ്മുടെ പൊതുബോധം ഡിസബിലിറ്റികളുള്ള വ്യക്തികളെ ശിശുക്കളായി ചിത്രീകരിക്കുന്നുണ്ട് (infantilisation). അവർക്ക് പ്രണയവും വിവാഹ ജീവിതവും അപ്രാപ്യമാണ് എന്നാണ് സമൂഹത്തിന്റെ പൊതുധാരണ. അല്ലെങ്കിൽ അവർ അതിന് അനുയോജ്യർ അല്ലെന്ന് സമൂഹം ധരിക്കുന്നു. അത് തെറ്റാണ്. ഒരു നോൺ-ഡിസേബിൾഡ് വ്യക്തി ഡിസബിലിറ്റി ഉള്ള ഒരു വ്യക്തിയെ വിവാഹം കഴിക്കുകയോ പ്രണയിക്കുകയോ ചെയ്താൽ സമൂഹം ആ നോൺ-ഡിസേബിൾഡ് വ്യക്തിയെ വലിയ ത്യാഗം ചെയ്തെന്ന രീതിയിൽ മഹത്വവൽക്കരിക്കും. ഇത് കൂടുതൽ സംഭവിക്കുന്നത് ഡിസബിലിറ്റികളുള്ള സ്ത്രീകളും നോൺ-ഡിസേബിൾഡ് പുരുഷന്മാരും തമ്മിലുള്ള ബന്ധങ്ങളിലാണ്. കാരണം നമ്മുടേത് ഒരു പുരുഷകേന്ദ്രീകൃത സമൂഹമാണ്. ഹെട്രോസെക്ഷ്വൽ ബന്ധങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ ക്വീർ ആയ വ്യക്തികളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ഡിസബിലിറ്റികൾ ഉള്ള വ്യക്തികൾ എല്ലാവരും അലൈംഗികരാണ് എന്നത് മറ്റൊരു തെറ്റായ പൊതുബോധം ആണ്.

സർക്കാർ സ്ഥാപനങ്ങൾ വീൽചെയർ സൗഹൃദമാക്കാൻ വേണ്ടി കോഴിക്കോട് നടന്ന സമരം. കടപ്പാട്:thehindu

കാലാവസ്ഥാ വ്യതിയാനം കാരണം തുടരെ തുടരെ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ ഡിസേബിള്‍ഡ് വ്യക്തികളെ സംബന്ധിച്ച് വലിയ പ്രതിസന്ധികള്‍ തീര്‍ക്കാറുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന ഡിസേബിള്‍ഡ് വ്യക്തികള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിലും തുടര്‍ന്നും മുന്‍ഗണന നല്‍കുന്ന തരത്തില്‍ കേരള സമൂഹം സജ്ജമാണോ? എന്താണ് അഭിപ്രായം?

ഇതിനെ സംബന്ധിച്ച് ഒരു പഠനം നടത്തിയതിന് ശേഷം തയ്യാറാക്കപ്പെട്ട ഒരു റിപ്പോർട്ട് വായിച്ചിരുന്നു. അതിൽ ഡിസബിലിറ്റികൾ ഉള്ള വ്യക്തികൾ പ്രകൃതിദുരന്തങ്ങളുടെ സമയത്ത് നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും അവ എങ്ങനെ പരിഹരിക്കണം എന്നതിനെക്കുറിച്ചും പരാമർശിച്ചു കണ്ടിരുന്നു. കേരളത്തിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ എത്രത്തോളം ഡിസബിലിറ്റി ഇൻക്ലൂസീവ് ആണെന്ന് നിശ്ചയമില്ല. പ്രളയത്തിനുശേഷം രൂപകൽപ്പന ചെയ്യപ്പെട്ട വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ സാധിക്കുന്ന വീടുകളുടെ ഡിസൈൻ കണ്ടു. ഒരു പ്ലാറ്റ്ഫോമിന് മുകളിൽ നിലകൊള്ളുന്ന അത്തരം വീടുകളിലേക്ക് കയറുന്നതിന് പടികൾ കയറണം. അതിനാൽത്തന്നെ അവ വീൽചെയർ സൗഹൃദമല്ല. ഡിസെബിലിറ്റികളുള്ള വ്യക്തികളെ കൂടുതൽ പരിഗണിച്ച് നയരൂപീകരണങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്നാണ് അഭിപ്രായം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read