അത്ര എളുപ്പമായിരുന്നില്ല സ്വപ്നത്തിലേക്കുള്ള പടവുകൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

നേരെ നിൽക്കാനൊ ഇരിക്കാനൊ കഴിയാത്ത ഈ കുട്ടിയെ എന്തിനാണ് സ്കൂളിൽ ചേ‍‍ർക്കുന്നത്? അധ്യാപകരിൽ നിന്നും ബന്ധുക്കളിൽ നിന്നുപോലും ഈ ചോദ്യം നിരന്തരം കേൾക്കേണ്ടി വന്നിട്ടുണ്ട് എനിക്കും രക്ഷിതാക്കൾക്കും. ഇവിടെ പഠിപ്പിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് പല വിദ്യാലയങ്ങളും എന്നെ പുറന്തള്ളിയിട്ടുണ്ട്. എന്നാൽ ഏറെ കാത്തിരിപ്പിന് ശേഷം ഞാൻ ഒന്നാം ക്ലാസ്സിൽ ചേ‍ർന്നത് തനിച്ചായിരുന്നില്ല. തിരക്കിട്ട വീട്ടു പണികൾക്കിടയിലും എന്നെയും കൂട്ടി സ്കൂളിലെത്തിയിരുന്നത് ഉമ്മയായിരുന്നു. ക്ലാസ്സ് മുറിയിൽ ഞാൻ ഇരിക്കുമ്പോൾ വരാന്തയിൽ ഉമ്മ കാത്തിരിക്കും. വരാന്തയിൽ നിന്ന് നോക്കിയാൽ ക്ലാസിലിരിക്കുന്ന എന്നെ കാണാൻ പാകത്തിനാണ് ഉമ്മയിരിക്കുക. അന്ന് ഉപ്പ ഒരു പൊടിമില്ല് നടത്തുകയിരുന്നു. മില്ലിലെ പണിക്കാ‍ർക്ക് ഊണുകൊടുക്കുന്നതിന് ഉച്ചയാവുമ്പോഴേക്കും ഉമ്മയ്ക്ക് വീട്ടിലേക്ക് മടങ്ങേണ്ടതിനാൽ ഉച്ചവരെ മാത്രമെ എനിക്ക് ക്ലാസ്സിലിരിക്കാൻ കഴിഞ്ഞിരുന്നുള്ളു.

ഒന്നാം ക്ലാസ്സിൽ കുട്ടികളോടൊന്നിച്ച് ബെഞ്ചിൽ ഇരിക്കാൻ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല. നേരെ ഇരുത്തിയാൽ പോലും ചാഞ്ഞുപോകുന്ന ഞാൻ ക്ലാസ്സിൽ എന്നെ ഇരുത്താറുള്ള പ്ലാസ്റ്റിക് കസേരയിൽ നിന്നും മറിഞ്ഞു വീണു, പരിക്കുപറ്റി. എന്നിട്ടും സ്കൂളിൽ പോവണമെന്ന് വാശി പിടിച്ചപ്പോൾ ഇക്കാക്ക എനിക്കായി ഒരു കസേര ഉണ്ടാക്കിതന്നു. റൈറ്റിങ് പാഡ് ഉള്ളൊരു കസേരയായിരുന്നത്. ചെരിഞ്ഞു പോയാലും മറിഞ്ഞു വീഴാതെ ഇരിക്കാനാകുന്ന ആ കസേരയുടെ കാലുകൾക്കിടയിൽ ബാ​ഗുവെക്കാനുള്ള ഒരു അറയുമുണ്ടായിരുന്നു. അതിലിരുന്നാണ് പിന്നെ ‌ഞാൻ എട്ടാം ക്ലാസ്സുവരെ പഠിച്ചത്. അതോടെ വരാന്തയിൽ ഉമ്മയുടെ കൂട്ടില്ലാതെ തന്നെ ഞാൻ ക്ലാസ്സിൽ ഇരിക്കാൻ തുടങ്ങി. എങ്കിലും ഉച്ചയ്ക്കുള്ള ഇന്റ‍ർവെല്ലാവുമ്പോൾ വീട്ടിലേക്ക് കൂട്ടാനായി ഉമ്മയെത്തും. ഉച്ചയ്ക്ക് സ്കൂളിൽ നിന്നിറങ്ങിയാൽ ഫിസിയോ തെറാപ്പി സെന്ററിലായിരുന്നു പരിശീലനം. കാല് പൊക്കാനും, താഴ്ത്താനും, കാൽപ്പാദം അനക്കാനും, കൈയ്യിന് പിടിത്തം കിട്ടാനുമെല്ലാമുള്ള വ്യായമങ്ങളായിരുന്നു അവിടെ ചെയ്തിരുന്നത്. മൂന്നാം ക്ലാസിലായപ്പോൾ മുഴുവൻ സമയവും ക്ലാസ്സിൽ ഇരിക്കാൻ എനിക്കു കൊതിയായി. അതിനായി ഉപ്പയ്ക്കും ഉമ്മയ്ക്കും മൂന്നുനേരവും സ്കൂളിൽ വരേണ്ടി വന്നു. ഉപ്പയുടെ ജീപ്പിലായിരുന്നു ഞാൻ സ്കൂളിലെത്തിയിരുന്നത്. കെ.എൽ. 9 ബി 1276. ആരോ​ഗ്യപ്രശ്നങ്ങൾ കാരണം ഞാൻ രണ്ടാം ക്ലാസ്സിൽ എത്തിയപ്പോഴേക്കും ഉപ്പയ്ക്ക് എന്നെ എടുക്കാൻ കഴിയാതായി. ജീപ്പിൽ നിന്നും എന്നെയെടുത്ത് ഉമ്മയെന്നെ ക്ലാസ്സിൽ കൊണ്ടിരുത്തും. തിരിച്ചു പോയി ഉച്ചയ്ക്ക് വീണ്ടും വന്ന് ചോ‍റ് തരും. വീട്ടിലേക്ക് കൂട്ടാനായി അവർ വൈകുന്നേരം വീണ്ടും വരും.

നദ ഫാത്തിമ

എത്താനാവാത്ത അകലങ്ങൾ, എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങൾ

സ്കൂളിൽ പഠിക്കുമ്പോൾ പി.ടി പിരീഡിന് വേണ്ടിയായിരിക്കും എല്ലാവരും കൊതിച്ചിരിക്കുക. എന്നാൽ എനിക്കത് തനിച്ചിരിക്കിലിൻ്റെയും ഒറ്റപ്പെടലിന്റെയും പിരീഡായിരുന്നു. പി.ടി കഴിയുന്നതും കാത്ത്, കുട്ടികൾ ആരെങ്കിലും കടന്നുവന്നിരുന്നെങ്കിൽ എന്ന പ്രതീക്ഷയിൽ ക്ലാസ്സ് മുറിയുടെ വാതിൽക്കലേക്ക് നോക്കിയിരിക്കേണ്ടി വരും. കളിക്കാനുള്ള ഗ്രൗണ്ട് ദൂരെയായതിനാൽ ഒരിക്കൽ പോലും ഞാൻ ഗ്രൗണ്ടിൽ പോയിട്ടില്ല. സ്കൂൾ ടൂറു മുതൽ കോളേജിലെ ഇൻഡസ്ട്രിയൽ വിസിറ്റ് വരെ ഒന്നിലും കുട്ടുകാരുമൊത്ത് പോയതിന്റെ ഒരു അനുഭവം പോലും എൻ്റെ കയ്യിലില്ല. ഇരുന്ന് മൂത്രമൊഴിക്കാനുള്ള ഒരു ടോയിലറ്റ് പോലും ആ സ്കൂളിൽ ഉണ്ടായിരുന്നില്ല. മൂത്രമൊഴിക്കാൻ മുട്ടിയാലും അത് പിടിച്ചുവെച്ച് ആരോടും പറയാതെ ഇരുന്നിരുന്നെനിക്ക് യൂറിൻ ഇൻഫെക്ഷൻ വന്നു. എൻ്റെ ആവശ്യങ്ങൾ പരിഗണിക്കപ്പെടാനായി ഉപ്പ സ്കൂൾ പി.ടി.എ പ്രസിഡണ്ടായി. ഉപ്പയുടെ മേൽനോട്ടത്തിൽ ടോയിലറ്റ് സൗകര്യമുണ്ടാക്കി. സ്കൂൾ മുതൽ കോളേജ് വരെ ഞാൻ നേരിട്ട പ്രധാന പ്രശ്നം ടോയിലറ്റായിരുന്നു. അധികാരം ഉണ്ടെങ്കിൽ മാത്രമെ ഞങ്ങളുടെ ശബ്ദം കേൾക്കു എന്ന് മനസ്സിലാക്കിയാണ് ഉപ്പ പി.ടി.എ പ്രസിഡണ്ട് ആയതും സ്കൂളിൽ ഒരു differently abled ടോയ്ലറ്റ് സാധ്യമാക്കിയതും. വിദ്യാലയങ്ങൾ മാറുമ്പോഴും പ്രതിസന്ധികൾക്ക് മാറ്റമൊന്നും വന്നില്ല.

എൻ്റെ പോരാട്ടങ്ങളും തുടർന്നുകൊണ്ടേയിരുന്നു. വിദ്യാലയങ്ങളിൽ വരുന്ന ജനപ്രതിനിധികളെ എല്ലാം കണ്ട് ആവശ്യങ്ങളും ആകുലതകളും അറിയിച്ചു. പരാതികളും നിവേദനങ്ങളും കൊടുത്തു. അവരുടെ മുമ്പിൽ എല്ലാം ഉടനെ ചെയ്തു കൊടുത്തോളാം എന്നു പറഞ്ഞവർ പിന്നീടൊന്നും ചെയ്തതേയില്ല. ഫണ്ടില്ല എന്ന ന്യായം ആവ‍‍ർത്തിച്ചുകൊണ്ടേയിരുന്നു. ഹൈസ്ക്കൂൾ പഠനത്തിനായി മറ്റൊരു സ്കൂളിൽ ചേർന്നു. അവിടെയും ടോയിലറ്റുണ്ടായിരുന്നില്ല. നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്ന് ഒടുവിൽ അവർ ഒരു ടോയിലറ്റ് നിർമ്മിച്ചു തന്നു. എന്നാൽ എനിക്ക് എത്താനാവാത്ത ഉയരത്തിലായിരുന്നു ആ ടോയ്ലറ്റ് നിർമ്മിച്ചത്. കുത്തനെ ഉള്ളതായിരുന്നു അങ്ങോട്ടെത്താനുള്ള റാമ്പ്. അതിലൂടെ ടോയിലറ്റിൽ പോയി വരിക വളരെയേറെ അപകടകരമായിരുന്നു. അതിനാൽ ആ ടോയിലറ്റ് ഉപയോഗിക്കാൻ എനിക്ക് കഴിഞ്ഞതേയില്ല.

എഴുതി തീരാത്ത ഉത്തരക്കടലാസുകൾ

ഓരോ ക്ലാസ്സ് കഴിയുമ്പോഴും കയ്യക്ഷരം മെച്ചപ്പെടുത്തുകയും കൂടുതൽ വേഗത്തിൽ എഴുതാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു. എങ്കിലും മറ്റുള്ള കുട്ടികളെ അപേക്ഷിച്ച് ഞാൻ വളരെ പുറകിലായിരുന്നു. പരീക്ഷാസമയത്തിനുള്ളിൽ ചോദ്യപേപ്പറിലെ പാതി ചോദ്യങ്ങൾക്ക് പോലും ഉത്തരം എഴുതാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ഇതുകൊണ്ടുതന്നെ ഉത്തരപേപ്പർ ലഭിക്കുമ്പോൾ പലപ്പോഴും മാർക്ക് കുറവായിരിക്കും. ഉത്തരങ്ങൾ എല്ലാം അറിഞ്ഞിട്ടും മാർക്ക് കുറയുന്നത് എനിക്ക് വലിയ വിഷമമുണ്ടാക്കി. പതിയെ മാത്രം എഴുതാൻ കഴിയുന്നതുകൊണ്ട് തന്നെ അറിയാവുന്ന പല ഉത്തരങ്ങളും എഴുതി തീർക്കാൻ കഴിയില്ല. അതിനാൽ ക്ലാസ്സിൽ ഉത്തരകടലാസ്സുകൾ വിതരണം ചെയ്യുമ്പോൾ മാർക്ക് കുറഞ്ഞതിന്റെ പേരിൽ സഹപാഠികളുടെയും അധ്യാപകരുടെയും മുമ്പിൽ തലകുനിച്ചിരുന്നിട്ടുണ്ട് ഞാൻ. പരീക്ഷക്ക് സഹായിക്കാൻ സ്ക്രൈബ് എന്ന സംവിധാനമുണ്ടെന്ന് ഞാനറിഞ്ഞത് പത്താം ക്ലാസ്സിലാണ്. പക്ഷേ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. സ്ക്രൈബ് എഴുതാൻ വരുന്ന പല കുട്ടികൾക്കും ഞാൻ പറഞ്ഞുകൊടുക്കുന്ന ഉത്തരങ്ങൾ പകർത്തിയെഴുതാൻ പ്രയാസമായിരുന്നു. ഒരു വാചകം തന്നെ പലവട്ടം പറഞ്ഞുകൊടുക്കേണ്ടി വരും. എന്നുമാത്രമല്ല പല വാക്കുകളും അവർക്ക് പുതിയതായിരിക്കും. അതെല്ലാം ആവർത്തിക്കേണ്ടി വരും. അതോടെ എഴുതേണ്ട ഉത്തരങ്ങൾ തന്നെ മറന്നുപോവും. മാറ്റം വരുത്തി പറയേണ്ടി വരുമ്പോൾ ഉത്തരങ്ങളുടെ ഘടന തന്നെ മാറിപ്പോകും. കഷ്ടപ്പെട്ടു പഠിച്ച ഉത്തരങ്ങൾ പറഞ്ഞുകൊടുക്കുമ്പോഴും എഴുതി തരാൻ വിരസത കാണിക്കുന്ന സ്ക്രൈബുകളെയും എനിക്ക് കിട്ടിയിട്ടുണ്ട്. പരീക്ഷക്കാലത്ത് സിലബസുകൾ പഠിച്ചു തീർക്കാൻ മറ്റു കുട്ടികൾ വ്യാകുലപ്പെടുമ്പോൾ പഠിച്ചതെല്ലാം ആരെഴുതുമെന്നുള്ള ചോദ്യത്തിന് മുമ്പിൽ ഉത്തരമില്ലാതിരിക്കും ഞാൻ.

സ്ക്രൈബ് എഴുതാനുള്ള ആ കുട്ടി എക്സാം ഹാളിന്റെ പടി കടന്നുവരും വരെ ആധി അനുഭവിക്കുന്നവരാണ് എന്നെപ്പോലെയുള്ള ഓരോ കുട്ടികളും. അവർക്ക് എന്തെങ്കിലും അസുഖം പിടിച്ചാൽ തന്നെ ഞങ്ങളുടെ ഭാവി ഒരു ചോദ്യചിഹ്നം ആവും. ഏകാഗ്രതയോടെ എഴുതേണ്ട പരീക്ഷകൾ ഇങ്ങനെ വേവലാതികൾക്കിടയിൽ എഴുതേണ്ടി വരുമ്പോൾ ഉത്തര പേപ്പറുകളിൽ മാർക്ക് കുറയും. ഈ പ്രയാസങ്ങൾ പരിഹരിക്കുന്നതിനായി എന്നെ പോലെയുള്ളവർക്ക് സമാധാനത്തോടെ പരീക്ഷകൾ എഴുതുന്നതിന് സ്ക്രൈബിനെക്കാൾ മികച്ച ഒരു സംവിധാനം കണ്ടെത്തേണ്ടതുണ്ട്. മാർക്കുകളുടെ തൂക്കത്തിൽ മാത്രം കുട്ടികളുടെ എബിലിറ്റി കണക്കാക്കുന്ന ഈ സമൂഹത്തിൽ എല്ലായ്പ്പോഴും കാണാതെ പോകുന്നത് ഞങ്ങളുടെ കഠിനപ്രയത്നമാണ്.

പരീക്ഷ ഡ്യൂട്ടിയ്ക്ക് ഇൻവിജിലേറ്റേർസ് ആയി വരുന്നവരിൽ രണ്ടുതരക്കാർ ഉണ്ടായിരുന്നു, തങ്ങളെകൊണ്ട് കഴിയുന്ന സഹായങ്ങളെല്ലാം ചെയ്തു കൊടുക്കണമെന്ന ദൃഢനിശ്ചയം ഉള്ളവരും എത്രയും പെട്ടെന്ന് വീട്ടിലെത്തണം എന്ന് വിചാരിക്കുന്നവരും. പരീക്ഷ എഴുതുമ്പോൾ നേരിട്ടിട്ടുള്ള ഏറ്റവും വലിയ പ്രശ്നം ഇൻവിജിലേറ്ററുമാരുടെ മോശം പെരുമാറ്റമാണ്. സ്ക്രൈബ് ഉപയോഗിച്ച് പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളും പഠനത്തിൽ പുറകോട്ടാണെന്നും അവർക്ക് ആവശ്യം ജയിക്കാനുള്ള മാർക്ക്, മാത്രമാണെന്നുമുള്ള പൊതുധാരണ പലപ്പോഴും എന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അതുപോലെ ഞങ്ങളുടെ പരീക്ഷാ ഹാളിൽ ഡ്യൂട്ടി ചോദിച്ചു വാങ്ങിയെത്തുന്ന പല അധ്യാപകരും നേരത്തെ കഴിഞ്ഞു പോകാമെന്ന് വിചാരിച്ചാണ് ചോദ്യക്കടലാസുകളുമായി കടന്നുവരാറുള്ളത്. അതിനാൽ ‌മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം എഴുതണമെന്ന എന്റെ ആവശ്യം അവർ ഗൗനിക്കുകയില്ല.
‘‘പാസാവാൻ ഉള്ളതൊക്കെ ഇതിൽ എഴുതിയിട്ടുണ്ട്.’’
‘‘നിങ്ങളൊക്കെ എങ്ങനെ ആയാലും പാസാവും.’’
‘‘പുസ്തകം നോക്കി എഴുതിയിട്ടല്ലെ നീയൊക്കെ ഇവിടെ വരെ എത്തിയത് ?!’’
എന്നിങ്ങനെയെല്ലാം പരിഹാസിച്ച ഇൻവിജിലേറ്റർമാരുണ്ട്. പരീക്ഷ എഴുതി തീർക്കേണ്ട സമയത്ത് പരീക്ഷ കൺട്രോളറെയും പ്രിൻസിപ്പാളെയുമെല്ലാം കണ്ടു സംസാരിക്കേണ്ട സ്ഥിതിയും സുപരിചിതമാണ്. പഠിക്കാനുള്ള വിഷയങ്ങളിൽ ഏറ്റവും ഇഷ്ടമുള്ളതായതിനാൽ നല്ല ആത്മവിശ്വാസത്തോടു കൂടിയായിരുന്നു ഞാൻ പ്ലസ് വണ്ണിലെ സോഷ്യോളജി എക്സാമിന് പോയത്. എന്നാൽ എനിക്ക് അനുവദിച്ചിട്ടുളള പരീക്ഷാമുറി മുകളിലായിരുന്നു. താഴയുള്ള ഒരു ക്ലാസിൽ ഇരുന്ന് പരീക്ഷ എഴുതാൻ അനുമതി കിട്ടിയെന്ന അറിയിപ്പിന്റെ ബലത്തിൽ ഞാനും എന്റെ സ്ക്രൈബും താഴെയുള്ള പരീക്ഷാ ഹാളിൽ ഇരിപ്പുറപ്പിച്ചിരുന്നു. പക്ഷേ, തന്റെ കയ്യിലുള്ള ലിസ്റ്റിൽ എന്റെ പേരില്ലെന്ന് പറഞ്ഞ് ചോദ്യപേപ്പറും ഉത്തര കടലാസും തരാൻ ഇൻവിജിലേറ്റർ വിസമ്മതിച്ചു. പത്ത് മിനിറ്റിലേറെ കഴിഞ്ഞാണ് മറ്റൊരു അധ്യാപകന്റെ സഹായത്തിലാണ്
എനിക്ക് പരീക്ഷ എഴുതാനുള്ള ചോദ്യപേപ്പർ കിട്ടിയത്. മറ്റ് കുട്ടികളെല്ലാം എഴുതി തുടങ്ങിയ ശേഷമാണ് ഞാൻ പരീക്ഷ എഴുതി തുടങ്ങിയതെന്നാലും അവർക്ക് എഴുതി അവസാനിപ്പിക്കാനുള്ള സമയം മാത്രമാണ് എനിക്കു കിട്ടിയിത്. “ഇത്ര സമയം മാത്രമേ നിനക്ക് നൽകാനാവൂ’’ എന്ന് പറഞ്ഞു ആ അധ്യാപകൻ എൻ്റെ ഉത്തരകടലാസ് പിടിച്ചുവാങ്ങി. ഇത്തരം ദുരനുഭവങ്ങൾക്കിടയിൽ അപൂർവ്വം നല്ല ഓർമ്മകളും പരീക്ഷാഹാളുകളിലുണ്ടായിട്ടുണ്ട്.

നദ ഫാത്തിമ

പത്താം ക്ലാസിലെ ഗണിത പരീക്ഷയ്ക്ക് വന്ന ഇൻവിജിലേറ്ററുടെ മുഖം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. പൊതുവെ ഗണിതം എനിക്ക് പേടിയായിരുന്നു. ചോദ്യങ്ങൾക്കു മുമ്പിൽ ആശങ്കപ്പെട്ടിരിക്കുന്ന എന്നെ കണ്ട് ആ അധ്യാപകൻ പറഞ്ഞു, ‘’ഇതെത്ര ടഫ് ഒന്നുമല്ല മോളെ.., ഒന്നും മനസ്സിരുത്തി വായിച്ചാൽ മതി. ഉത്തരം നിനക്ക് കിട്ടും.’’ ചോദിക്കാതെ തന്നെ എക്സ്ട്രാ ടൈം തന്ന് എൻറെ ആത്മവിശ്വാസം കൂട്ടിയ ആ അധ്യാപകൻ പോകുമ്പോൾ പറഞ്ഞു, ‘‘പഠിക്കണം, പഠിച്ചു ജോലി നേടണം ട്ടോ.’’ അതുപോലെ പ്ലസ് ടു ഇംഗ്ലീഷ് പരീക്ഷയ്ക്ക് വന്ന അധ്യാപകനും എന്നെ അത്ഭുതപ്പെടുത്തി. ‘‘നീ എഴുതി തീർത്തിട്ടേ ഞാൻ വീട്ടിൽ പോകു, നീ സമാധാനമായിട്ട് എഴുതിയാൽ മതി.’’
അദ്ദേഹം ഒരു ഇംഗ്ലീഷ് അധ്യാപകൻ ആയിരുന്നുവെന്ന് ആ പരീക്ഷ എഴുതുമ്പോൾ എനിക്കറിയില്ലായിരുന്നു. അദ്ദേഹം എന്റെ ഉത്തരങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്റെ അടുത്ത് നിന്ന് ഉത്തരകടലാസുകൾ വാങ്ങി തിരിച്ചുപോകുമ്പോൾ അദ്ദേഹം പറഞ്ഞു. “നീ പേടിക്കണ്ട, നിനക്ക് നല്ല മാർക്കുണ്ടാവും!” പരീക്ഷാ ഹാളിൽ നിന്നിറങ്ങി പരീക്ഷയെ കുറിച്ച് വാതോരതെ പറയുന്ന എന്നെയും അത് കേട്ട് നിൽക്കുന്ന എൻ്റെ സ്കൂളിലെ പ്രിയപ്പെട്ട അധ്യാപകനെയും കണ്ട് അദ്ദേഹം പറഞ്ഞ നല്ല വാക്കുകൾ എനിക്ക് മറക്കാനാവില്ല.

‘‘നിങ്ങൾ പഠിപ്പിക്കുന്ന കുട്ടികളിൽ ഏറ്റവും ഇന്റലിജന്റായ കുട്ടിയാണിവൾ. ഇവളെ വിദ്യാർത്ഥിയായി കിട്ടിയ നിങ്ങൾ ഭാഗ്യവാനാണ്. ഇവളുടെ വിജയം ഒരു അധ്യാപകൻ എന്ന നിലയിൽ നിങ്ങളുടെ കൂടി വിജയമാണ്.”

കൂട്ടുകാരൊത്തുള്ള യാത്രകൾ

സ്കൂളിൽ നിന്ന് ഓരോ തവണ വിനോദയാത്രയ്ക്കും പഠനയാത്രയ്ക്കും പോകുമ്പോഴും എന്നെയും കൂട്ടി എന്റെ കുടുംബം ഒരു കുഞ്ഞു യാത്ര നടത്തും. കൂട്ടുകാരോടൊപ്പം യാത്ര പോവാനുള്ള ആഗ്രഹം ഇപ്പോഴും വണ്ടി കിട്ടാതിരിക്കുന്നു. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ കൂട്ടുകാരുമൊത്തുള്ള ഒരു യാത്ര സഫലമാകും എന്ന് എനിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നത് ബിരുദ പഠന കാലഘട്ടത്തിലായിരുന്നു. എവിടേക്ക്
പോകണം എന്ന് തീരുമാനമെടുക്കാം ! അതിനാൽ യാത്രയിൽ അവർ എന്നെയും ഉൾപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചു. കാരണം സ്കൂളിൽ നിന്നും വിപരീതമായി കോളേജിലെ സഹപാഠികളിൽ നിന്നും എനിക്ക് കുറച്ചു കൂടി പിന്തുണ കിട്ടിയിരുന്നു. രണ്ടാം നിലയിലെ ഡിപ്പാർട്ട്മെന്റിലേക്ക് കൈപിടിച്ചു കയറ്റിയതും ക്ലാസ് കഴിയുമ്പോൾ പടികൾ ഇറക്കിയതും കൂടെ പഠിക്കുന്ന സഹപാഠികൾ തന്നെയായിരുന്നു. ക്ലാസ് തുടങ്ങി രണ്ടാം ദിവസം തന്നെ ഇനി ഞങ്ങൾ ഇവളെ നോക്കിക്കോളാം എന്ന് പറഞ്ഞു ഉമ്മയെയും കാക്കയെയും തിരിച്ചയച്ചത് എനിക്ക് ആദ്യത്തെ അനുഭവമായിരുന്നു. എന്നാൽ പഠനയാത്രയുടെ കാര്യത്തിൽ ഞാൻ പ്രതീക്ഷിച്ച മാറ്റങ്ങൾ ഒന്നും തന്നെ കോളേജിലുമുണ്ടായില്ല. കാരണം സഹപാഠികൾക്കിടയിൽ ചിലർ മാത്രമായിരുന്നു എന്നെയും കൂടെ കൂട്ടാൻ ആഗ്രഹിച്ചത്. ഞാൻ അതുവരെ
അനുഭവിച്ചിട്ടില്ലാത്ത സന്തോഷങ്ങൾക്ക് വേണ്ടി മുന്നിട്ടിറങ്ങിയതും അവർ കുറച്ചു പേർ മാത്രമായിരുന്നു. ക്ലാസിലെ ഭൂരിഭാഗം കുട്ടികളുടെ തീരുമാനവും എനിക്കു വരാൻ കഴിയാത്ത സ്ഥലങ്ങളിലേക്ക് തന്നെ യാത്ര പോവണമെന്നായിരുന്നു. ഡിഗ്രി പൂർത്തിയാവുന്നതിനു മുമ്പ് രണ്ടുതവണ അവർ യാത്ര പോയി. ആദ്യ യാത്രയ്ക്ക് ട്രക്കിങ്ങിനുള്ള സ്ഥലം തിരഞ്ഞെടുത്തപ്പോൾ ചോദിക്കാതെ തന്നെ അവർ തന്ന പ്രതീക്ഷയായിരുന്നു രണ്ടാമത്തെ യാത്ര. എന്നാൽ അവിടെയും അവസാന നിമിഷം ഞാൻ പുറത്തായി. ഇങ്ങനെ പഠനത്തിന്റെ ഭാഗമായുള്ള യാത്രകളിൽ നിന്നു പോലും ഞാൻ നിരന്തരം മാറ്റിനിർത്തപ്പെട്ടത് ഭിന്നശേഷിക്കാർക്ക് ദുർഘടമായ സ്ഥിരം വിനോദ കേന്ദ്രങ്ങളിലേക്ക് മാത്രം യാത്രകൾ സംഘടിപ്പിക്കുന്നതിനാലാണ്.

‘Acceptance’ ഒരു ചെറിയ വാക്കല്ല

‘Acceptance’ എന്ന വാക്കിന് മറ്റുള്ളവർ പ്രതീക്ഷിക്കുന്നതിലും വലിയ പങ്കാണ് എന്റെ ജീവിതത്തിലുള്ളത്. എന്നെ ഞാനായി സ്വീകരിക്കുക എളുപ്പമല്ലെന്ന് തിരിച്ചറിയാൻ എനിക്ക് ഏറെക്കാലമൊന്നും വേണ്ടി വന്നില്ല. സമപ്രായക്കാരായ കുട്ടികൾക്കൊന്നും എന്റെ സാന്നിധ്യം ഇഷ്ടമായിരുന്നില്ല. ഓടിച്ചാടി കളിച്ചിരുന്ന അവർക്ക് ഞാനെപ്പോഴും അധികപ്പറ്റായിരുന്നു. പലപ്പോഴും മുതിർന്നവരുടെ വാക്ക് നിരസിക്കാനാവാതെ അവരെന്നെ കളിക്കാൻ കൂട്ടുമായിരുന്നു. എന്നാൽ അവരുടെ നോട്ടം വിട്ടുകഴിഞ്ഞാൽ അവർ ഓടിപ്പോയ ദൂരത്തേക്ക് നോക്കി ഇരിക്കേണ്ടി വരും എല്ലായപ്പോഴും എനിക്ക്. എൻ്റടുത്തുള്ള കളിപ്പാട്ടത്തിന്റെ ശേഖരം കണ്ട് മാത്രമായിരുന്നു അവർ കളിക്കാൻ വന്നിരുന്നത്. വീട്ടിൽ ഇരിക്കുന്ന കുട്ടി ആയതുകൊണ്ട് തന്നെ എനിക്ക് കളിക്കാനും പഠിക്കാനുമുള്ള ഒരുപാട് കളിപ്പാട്ടങ്ങളും പുസ്തകങ്ങളും പ്രിയപ്പെട്ടവർ സമ്മാനിച്ചിരുന്നു. എന്നാൽ കൂട്ടുകാരുടെ ഈ അവഗണനയാണ് എന്നെ പഠനത്തിലേക്ക് നയിച്ചത്. എന്നും എന്നോടൊത്ത് കളിക്കാൻ വന്നിരുന്ന സമപ്രായക്കാരിയായ എന്റെ കസിൻ പെട്ടെന്ന് ഒരു ദിവസം പുത്തൻ യൂണിഫോമണിഞ്ഞ് ബാഗുമിട്ടു വന്ന് ആവേശത്തോടെ എന്നോട് പറഞ്ഞു, “ഇനി നിന്റെ കൂടെ കളിക്കാൻ ഒരിക്കലും ഞാൻ വരില്ല. ഞാൻ ഇനി സ്കൂളിൽ പോവാ. അവിടെ എനിക്ക് പുതിയ കൂട്ടുകാരെ കിട്ടും, നിന്റെ ടോയ്സുമായി നീ ഇവിടെ ഒറ്റയ്ക്കിരുന്നോ.’’

നദ ഫാത്തിമ

കണ്ടു പരിചയിച്ച സിനിമകളിലെ പോലെ സ്കൂളിൽ പോയാൽ കുറെ പുസ്തകങ്ങളും പിന്നെ കുറെ കൂട്ടുകാരെയും കിട്ടും എന്ന മിഥ്യാധാരണയിലാണ് ഞാൻ വിദ്യാഭ്യാസ ജീവിതത്തിന് തുടക്കം കുറിച്ചത്. പക്ഷേ, പ്രതീക്ഷിച്ചതൊന്നും സ്കൂളിൽ നിന്നും എനിക്ക് കിട്ടിയില്ല. ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസ്സിൽ എനിക്ക് കൂട്ടുകാരനായിരുന്നത് ഒരേ ഒരാൾ മാത്രമായിരുന്നു, മുഹമ്മദ് ഇർഫാൻ. പഠിക്കാൻ മിടുക്കനായ ഇർഫാൻ എനിക്ക് എഴുതി തീർക്കാനാവാത്ത നോട്ടുകൾ എഴുതിത്തന്നും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള പാഠങ്ങൾ ഒരു മുഷിപ്പും കൂടാതെ വീണ്ടും വീണ്ടും പറഞ്ഞു തന്നും കിട്ടുന്ന സമയങ്ങളിൽ എല്ലാം എന്നെക്കൊണ്ട് സ്വയം എഴുതിപ്പിച്ചും പാഠങ്ങൾ ഉറക്കെ വായിപ്പിച്ചും എന്റെ കൂടെ നിന്നു. ഉച്ചഭക്ഷണത്തിന് സമയമായാൽ എന്റെ കൈകഴുകിപ്പിക്കുന്നതും ചോറ് തിന്നാൻ കൂട്ടിരിക്കുന്നതും അവനായിരുന്നു. വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം ഞാൻ പങ്കിടുന്നതും അവനോട് മാത്രമായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളുമായി വിഭജിച്ച് പല പഠന പ്രവർത്തനങ്ങളും നൽകുമ്പോഴും അവന്റെ ഗ്രൂപ്പിൽ തന്നെ എന്നെ ഉൾപ്പെടുത്താൻ ഇർഫാൻ ആവശ്യപ്പെടും. ഇത്തരം ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെ മറ്റാരും കാണാതിരുന്ന എന്നിലെ കഴിവുകളെ തിരിച്ചറിയാനും പരിപോഷപ്പിക്കുവാനും അവന് കഴിഞ്ഞു.

അതുപോലെ ഞാൻ മറക്കാൻ പാടില്ലാത്ത ഒരു പേരാണ് സമ്സീർ ഇക്കയുടെത്. എൻ്റെ കാക്കയുടെ കോളേജ് കൂട്ടുകാരൻ. കഴുത്ത് പൂർണമായി ഉറച്ചിട്ടില്ലാത്തതുകൊണ്ട് ഉമ്മയും കാക്കയും ഉപ്പയും എടുത്ത് നടന്ന് കാണിച്ചുതരുന്ന കാഴ്ചകളാണ് എനിക്ക് പുറംലോകമെന്ന് പറയാനുണ്ടായിരുന്നത്. ഈ കൂട്ടത്തിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെയാണ് സമ്സീർ ഇക്കയുടെ വരവ്. കമ്പൈൻ സ്റ്റഡിക്ക് വന്നിരുന്ന ഇക്ക എനിക്കായി പാട്ടു പാടി തരാൻ തുടങ്ങി. ഇക്കയുടെ പാട്ടുകളിലൂടെ ഞാൻ മറ്റൊരു ലോകം കണ്ടു. പിന്നെ പിന്നെ എന്നെ കാണാൻ ആയി മൂപ്പരുടെ വരവ്. കൂടെയുള്ള സമയത്തെല്ലാം കാക്കാന്റെ കയ്യിൽ പോലും കൊടുക്കാതെ എന്നെ എടുത്തു പാട്ടുപാടി നടക്കും. ഇന്നും ഏത് വേദനയും ശമിപ്പിക്കുന്ന മരുന്നാണ് എനിക്ക് പാട്ടുകൾ. അത്രമാത്രം എന്നെ ആശ്വസിപ്പിക്കാൻ, എന്നെ ഉൾക്കൊള്ളാൻ മറ്റാർക്കും മറ്റൊന്നിനും കഴിയില്ല.

ദുരിതങ്ങളുടെ പങ്കുപറ്റുകാരി

‘വയ്യാത്ത കുട്ടി’ ആയതിനാൽ അധ്യാപകർ എനിക്ക് പ്രതേക പരിഗണന നൽകുന്നത് ഉൾക്കൊള്ളാൻ കഴിയാത്ത സഹപാഠികൾ എല്ലാ ക്ലാസുകളിലും കൂടെയുണ്ടായിരുന്നു. പഠിക്കുന്ന ക്ലാസ്സ് വൃത്തിയാക്കുക എന്നത് യു.പി ക്ലാസ്സുകളിലെ ഒരു ദിനവൃത്തി ആയിരുന്നു. ‘‘ഞങ്ങളെല്ലാവരും അടിച്ചുവാരുന്നുണ്ടല്ലോ… ഇവളു മാത്രം ഒന്നും ചെയ്യില്ല. ഇവളുടെ പണി കൂടി ഞങ്ങൾ എടുക്കണം.’’ ക്ലാസ്സിലെ കുട്ടികൾ പറഞ്ഞ പരാതിയാണിത്. അധ്യാപകരിൽ എത്തിക്കഴിഞ്ഞാൽ ഈ പരാതി രമ്യമായി പരിഹരിക്കപ്പെട്ടേക്കാം. എന്നാൽ പരാതിക്കാരായ കുട്ടികൾക്ക് എന്നോടുള്ള വിരോധം കൂടാൻ മാത്രമെ അതുപകരിക്കു. എന്തുചെയ്യണം എന്ന് അറിയാതിരിക്കുമ്പോഴാണ് എന്റെ ആകുലത തിരിച്ചറിഞ്ഞിട്ടെന്ന പോലെ ഒട്ടും പ്രതീക്ഷിക്കാതെ ഇർഫാൻ ആ തീരുമാനം എടുത്തത്. അവൻ അവരോട് പറഞ്ഞു, ‘‘ഇനി ആഴ്ചയിൽ രണ്ടു പ്രാവശ്യം ഞാൻ അടിച്ചു വാരാം. ഒന്ന് എന്റേതും മറ്റേത് നദയുടെതും!’’

സ്വന്തം നോട്ട് തന്നെ കൂട്ടുകാരുടെ സഹായത്താൽ പൂർത്തീകരിക്കുന്നതിനാൽ ചെറിയ തെറ്റിനൊന്നും എനിക്ക് ഇമ്പോസിഷൻ തരാൻ ടീച്ചേഴ്സ് തയ്യാറായിരുന്നില്ല. പത്താം ക്ലാസ്സിൽ ഒരിക്കൽ ഇതുമൊരു പ്രശ്നമായി ഉന്നയിക്കപ്പെട്ടു. പഠിപ്പിച്ച പാഠങ്ങളിൽ നിന്നും ഹിന്ദി ടീച്ചർ ചോദ്യം ചോദിക്കും. ഉത്തരം തെറ്റിച്ചാൽ ആ വാക്കും അതിന്റെ അർത്ഥവും 25 പ്രാവശ്യം അടുത്ത ക്ലാസിന് മുമ്പ് എഴുതി കാണിക്കണം. ഒരാളോട് 5 മുതൽ 10 വരെ ചോദ്യം ചോദിക്കുമ്പോൾ എഴുതേണ്ടി വരുന്ന ഇമ്പോസിഷനുകളുടെ എണ്ണവും കൂടും. എന്നാൽ എനിക്കു മാത്രം മിക്കപ്പോഴും ഇമ്പോസിഷനിൽ നിന്നും ഇളവ് കിട്ടും. ഈ പരിഗണന ചില കുട്ടികൾക്ക് അംഗീകരിക്കാനായില്ല. ഒരിക്കൽ ഹിന്ദി ക്ലാസ്സിൽവെച്ച് അവർ ടീച്ചറോട് പരാതിപ്പെട്ടു. അന്ന് തൊട്ട് ഞാനും ഇമ്പോസിഷൻ എഴുതിത്തുടങ്ങി. അവരുടെ ആനന്ദങ്ങളിൽ നിന്നെല്ലാം എന്നെ മാറ്റി നിർത്തിയപ്പോഴും ദുരിതങ്ങളിലെല്ലാം എന്നെ പങ്കാളിയാക്കിയ ആ സഹപാഠികൾ ആരെങ്കിലും ഇപ്പോൾ എന്നെ ഓർക്കുന്നുണ്ടാവുമോ ?

വാക്കുകൾ അഥവാ മുറിവുകൾ

സ്വന്തമായി വാഹനം ഉണ്ടെങ്കിലും അത് ഉപയോഗിക്കരുത് ! ഡോക്ടറുടെ ഉപദേശമായിരുന്നു. അതിനാൽ ഓർമ്മവെച്ച കാലം തൊട്ട് എന്റെ യാത്രകൾ ബസ്സിലായിരുന്നു. കൂടുതൽ ആളുകളെ കാണാനും പരിചയപ്പെടാനുമായിരുന്നു ഡോക്ടറുടെ ഈ ഉപദേശം. ‘‘എന്റെ കുട്ടി ഇല്ലാതെ ഞാനെങ്ങോട്ടും പോവില്ല’’ എപ്പോഴും എല്ലാ പരിപാടികൾക്കും ഉമ്മ എന്നെ കൊണ്ടുപോകുമായിരുന്നു. ആളുകളെ കാണാനും അവരോട് സംസാരിക്കാനുമുള്ള ആഗ്രഹം പുറത്തേക്ക് പോകാനുള്ള വലിയ കാരണമായി. പക്ഷേ പ്രതീക്ഷിച്ച പോലെ ഒന്നും തന്നെ സംഭവിച്ചില്ല. എന്നെ കണ്ടാലും കുട്ടികൾ ആരും മിണ്ടാൻ വരില്ല. മുതിർന്നവരാകട്ടെ,
‘‘ഈ കുട്ടിക്ക് ഇപ്പോഴും നടക്കാനായില്ലേ ?!’’
‘‘എന്തൊരു വിധിയാണിത് !’’
‘‘ഈ കുട്ടിയെ നോക്കി ജീവിതം കളയാനാണല്ലോ അവരുടെ വിധി… ’’
എന്നിങ്ങനെ ഓരോ കുറ്റപ്പെടുത്തലുകളിൽ ആശ്വാസം കണ്ടെത്തും. ഈ വാക്കുകൾ എന്റെ ഉള്ളിൽ ഉണ്ടാക്കുന്ന മുറിവുകളെ കുറിച്ചൊന്നും ചിന്തിക്കാൻ അവർക്ക് സമയമില്ലല്ലോ. വളരും തോറും പൊതുവിടങ്ങളിൽ ഞാൻ പ്രത്യക്ഷപ്പെടുന്നത് വളരെ കുറഞ്ഞു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പോയാൽ തന്നെ, ആരെങ്കിലും സഹതാപം പറഞ്ഞുകൊണ്ട് വന്നാൽ അതൊരു ചിരിയിൽ തടുത്ത് നിർത്താൻ ഞാൻ പഠിച്ചു. എന്റെ ലോകത്തിൽ സന്തോഷവതിയായിരിക്കാനും, ചിലപ്പോഴൊക്കെ ചിരിച്ചുകൊണ്ട് നല്ല മറുപടി കൊടുക്കാനും ഞാൻ പഠിച്ചു.

വിലക്കപ്പെട്ട സ്വപ്നങ്ങൾ

‘‘അവൾ മറ്റുള്ളവരെ പോലെ ആയിരുന്നെങ്കിൽ ഒരു കൈത്താങ്ങായിരുന്നേനെ’’ അറിയാതെയാണെങ്കിൽ പോലും പലപ്പോഴും ഉമ്മ പോലും പറയുന്നത് കേട്ടിട്ടുണ്ട്. ചിലയിടങ്ങളിലേക്ക് എത്തിച്ചേരാൻ എന്നെ ആരെങ്കിലും എടുത്തുവയ്ക്കേണ്ട സാഹചര്യം വരാറുണ്ട്. മറ്റുള്ളവരുടെ ആരോഗ്യത്തെ ചൂഷണം ചെയ്യുന്ന ഈ പ്രവർത്തി ചെയ്യിപ്പിക്കാൻ എനിക്കൊരു താൽപര്യവും ഉണ്ടാവില്ല. ഒരു മടിയും കൂടാതെ ഞാൻ എടുക്കാൻ വേണ്ടി കൈ ഉയർത്തുന്നുണ്ടെങ്കിൽ അത് എന്റെ കാക്കയുടെ നേർക്കായിരിക്കും. പിന്നെ എന്റെ ഏറ്റവും അടുത്ത മൂന്ന് സുഹൃത്തുക്കൾക്കും. അവർ എടുക്കുമ്പോൾ മാത്രമാണ് മനസ്സിൽ ആ കുറ്റബോധം ഇല്ലാതിരിക്കുന്നുള്ളു. കാക്ക എന്നെ എടുക്കാൻ പോകുമ്പോൾ എന്റെ മുഖത്ത് വിടരുന്ന ചിരി കാണുന്നവർ പറയും,”ഇപ്പോഴും ഒരു വയസ്സാണെന്നാ വിചാരം.” അതുകേട്ട് മുഖം മങ്ങുമ്പോൾ കാക്ക അവരോട് പറയാറുണ്ട്, ‘‘എനിക്ക് കെൽപ്പുള്ള കാലത്തോളം ഞാൻ അവളെ എടുക്കും’’.

ഉമ്മ സുഹറബി, ഉപ്പ അഹമ്മദ്, സഹോദരൻ മുഹമ്മദ് നൈസൽ, സഹോദരി നസിയ

എത്രയൊക്കെ പഠിച്ചാലും സമ്പാദിച്ചാലും എത്ര നല്ല ജോലി നേടിയാലും പലരുടെയും കണ്ണിൽ എന്റെ ജീവിതം എന്നും imperfect ആയിരിക്കും. മത്സരങ്ങളുടെ ഈ ലോകത്ത് ഞാൻ നേരിടുന്ന ഏറ്റവും വലിയ ആകുലത ജോലി നേടുക എന്നുള്ളതാണ്. സംവരണങ്ങളുടെ ബലത്തിലും പഠിക്കാൻ അത്ര മോശമല്ലാത്തതുകൊണ്ടു പി.എസ്.സി പോലെയുള്ള പരീക്ഷയിലൂടെ കുറച്ച് കഷ്ടപ്പെട്ടാണെങ്കിലും ജോലി കണ്ടെത്താൻ സാധിക്കും. പക്ഷേ, എനിക്ക് ഇഷ്ടമുള്ള ജോലിയല്ലേ ഞാൻ തിരഞ്ഞെടുക്കേണ്ടത് ? ആ ജോലി നേടിയെടുത്താൽ മാത്രമേ ഇത്രകാലം എന്റെ സ്വപ്നങ്ങളെ പിന്തുടർന്നതിനുള്ള ഫലം കിട്ടുകയുള്ളൂ. ഒരു വരുമാനമാർഗ്ഗം കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെങ്കിൽ ഇത്ര ദൂരം സഞ്ചരിക്കേണ്ടിയിരുന്നില്ല. മാധ്യമപ്രവർത്തനമാണ് എൻ്റെ സ്വപ്നം. Wheelchair anchor അല്ലെങ്കിൽ Rj ആയി ജോലി ചെയ്യണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുമ്പോഴും ജീവിതത്തിൽ എന്നല്ല സിനിമകളിൽ പോലും അങ്ങനെ ഒരാളെ ഇതുവരെ കണ്ടിട്ടില്ല. ഈ സ്വപ്നം കാണാൻ ഞാൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും അതുതന്നെ. എനിക്ക് പ്രചോദനമായ പാക്കിസ്ഥാനി മാധ്യമ പ്രവർത്തക മുനീബാ മസാരി പോലും ജന്മനാ ഡിസേബിൾ ആയിരുന്നില്ല. ഞാൻ ആരെയൊക്കെ ചൂണ്ടികാണിച്ചാലും അവർ ഒന്നുകിൽ ഡിസേബിൾഡ് ആവുന്നതിന് മുമ്പെ കഴിവ് തെളിയിച്ചവരാവും, അല്ലെങ്കിൽ ജന്മനാ ഡിസേബിൾഡ് ആണെങ്കിലും സ്വപ്നം കാണാനുള്ള സാമ്പത്തിക സാധുതയുണ്ടാവും. പക്ഷേ എന്നെ പോലെ ഒരു മിഡിൽ ക്ലാസ് മലയാളി മുസ്ലീം കുടുംബത്തിലെ ഒരു ഡിസേബിൾഡ് പെൺകുട്ടിക്ക് സ്വപ്നങ്ങളെല്ലാം വിലക്കപ്പെട്ടതാണ്. എന്നാൽ ചരിത്രം സൃഷ്ടിക്കാനാണ് എനിക്കിഷ്ട്ടം. എൻ്റെ സ്വപ്നത്തിലേക്കുള്ള പടികളായിരുന്നു ഇപ്പോൾ ഞാൻ പഠിക്കുന്ന കാലിക്കറ്റ് സർവ്വകലാശാലയിലെ റേഡിയോ സി.യു.വിലേത്. അനുഗ്രഹീത സംഗീതജ്ഞൻ എം.എസ് ബാബുരാജിനെ അനുസ്മരിക്കുന്ന റേഡിയോ പ്രോഗ്രാമിലൂടെ ഒരു ആർ.ജെ ആയി ഞാൻ എൻ്റെ ശബ്ദം കേൾപ്പിച്ച് തുടങ്ങിയിരിക്കുന്നു. എന്നാൽ പഠനം കഴിഞ്ഞിറങ്ങിയാൽ എനിക്ക് ഒരവസരം തരാൻ മലയാളത്തിലെ ഏതെങ്കിലും റേഡിയോ ചാനൽ തയ്യാറാകുമോ ?

Also Read

11 minutes read October 27, 2024 1:35 pm