ജി.എം കടുകിനെതിരെ വീണ്ടും കർഷകർ

ജനിതകമാറ്റം വരുത്തിയ കടുകിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഭിന്ന വിധിയെ തുടർന്ന് ജി.എം വിളകൾക്കെതിരെ ‍ദക്ഷിണേന്ത്യയിലെ കർഷക സംഘടനാ കൂട്ടായ്മകൾ ഒത്തുചേർന്നു. ദക്ഷിണേന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലെയും കർഷക സംഘടനാ നേതാക്കളും, കർഷക അവകാശ പ്രവർത്തകരും, ആദിവാസികളും, സ്ത്രീകളുമുൾപ്പടെയുള്ളവരുടെ സാന്നിധ്യത്തിൽ‌ 2024 സെപ്റ്റംബർ 29 ന് ഹൈദരാബാദിൽ വെച്ച് നടന്ന കോൺക്ലേവ് ജി.എം വിളകൾക്കെതിരെ പ്രമേയം പാസാക്കി. ജി.എം കടുക് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ ജനറ്റിക് എൻജിനിയറിങ് അപ്രൈസൽ കമ്മിറ്റി (ജി.ഇ.എ.സി) 2022-ൽ അനുമതി നൽകിയിരുന്നു. ഇതിനെതിരെ ഫയൽചെയ്ത ഹർജികളിലാണ് 2024 ജൂലൈ 23 ന് ഭിന്ന വിധി വന്നത്. ജി.എം കടുകിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയുമായി മുന്നോട്ടുപോകില്ലെന്ന് 2023 നവംബറിൽ കേന്ദ്രം സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ, അന്ന് നൽകിയ ഉറപ്പ് പിൻവലിക്കാൻ കേന്ദ്ര സർക്കാർ പിന്നീട് സുപ്രീം കോടതിയുടെ അനുമതി തേടുകയുണ്ടായി. ജി.എം കടുകിന് അനുമതി നൽകാൻ കേന്ദ്രസർക്കാർ വീണ്ടും ശ്രമിക്കുന്നതിനെതിരെയാണ് കർഷക സംഘടനകൾ രംഗത്ത് വന്നിരിക്കുന്നത്.

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നാല് മാസത്തിനുള്ളിൽ കർഷകരുടെ പ്രതിനിധികളെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പൊതു കൂടിയാലോചനകളിലൂടെ ജി.എം വിളകൾ സംബന്ധിച്ച ഒരു ദേശീയ നയം രൂപീകരിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ കർഷക സംഘടനകൾ സ്വാഗതം ചെയ്തു. ജനിതകമാറ്റം വരുത്തിയ വിത്തുകളും ജന്തുക്കളും ഇന്ത്യൻ ഭക്ഷ്യ-കൃഷി സമ്പ്രദായങ്ങളിൽ ആവശ്യമില്ല, പരമാധികാരമുള്ളതും പ്രകൃതിയെ സംരക്ഷിക്കുന്നതുമായ കൃഷിയാണ് ഇന്ത്യയിലെ കർഷകർ ആഗ്രഹിക്കുന്നത്, ഇന്ത്യയിൽ ജനിതകമാറ്റം വരുത്തിയ വിളകൾ അനുവദിക്കാനാവില്ല എന്ന് പ്രമേയം പറയുന്നു.

ജനിതകമാറ്റം വരുത്തിയ (Genetically Modified) കടുക് ഇനമായ ഡി.എം.എച്ച്-11 വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന് 2022 ഒക്ടോബറിലാണ് കേന്ദ്ര സർക്കാർ ആദ്യം അനുമതി നൽകുന്നത്. വിത്തുൽപ്പാദനത്തിനും പരീക്ഷണത്തിനും അനുമതി നൽകിയ ജനറ്റിക്ക് എഞ്ചിനീയറിങ് അപ്രൈസല്‍ കമ്മറ്റിയുടെ അനുമതിക്കെതിരെ അന്നുമുതൽ നിയമപോരാട്ടം നടക്കുന്നുണ്ട്. ഹർജികളിൽ വാദം കേട്ട ജസ്റ്റിസുമാരായ ബി.വി നാഗരത്ന, സഞ്ജയ് കരോൽ എന്നിവരുടെ ബെഞ്ച് വ്യത്യസ്ത വിധി പ്രഖ്യാപിക്കുകയുമാണുണ്ടായത്. ജനറ്റിക് എൻജിനിയറിങ്ങ്‌ അപ്രൈസൽ കമ്മിറ്റിയും വനം പരിസ്ഥിതി മന്ത്രാലയവും നൽകിയ അംഗീകാരം റദ്ദാക്കേണ്ടതില്ലെന്നും കേന്ദ്ര സർക്കാരിന്റെ കർശന മേൽനോട്ടം മതിയെന്നുമായിരുന്നു ജസ്‌റ്റിസ്‌ സഞ്‌ജയ്‌ കരോളിന്റെ വിധി. എന്നാൽ ജസ്‌റ്റിസ്‌ ബി.വി നാഗരത്ന അംഗീകാരം റദ്ദാക്കുകയായിരുന്നു. ഫുഡ്‌സേഫ്‌റ്റി ആൻഡ്‌ സ്‌റ്റാൻഡേർഡ്സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ (എഫ്‌.എസ്‌.എസ്‌.എ.ഐ) ജനിതകമാറ്റം വരുത്തിയ കടുക്‌ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പഠനം നടത്തിയിട്ടില്ലെന്ന് പറഞ്ഞ ജസ്‌റ്റിസ്‌ ബി.വി നാഗരത്ന ആരോഗ്യത്തെ ഇത് എങ്ങനെ ബാധിക്കുമെന്ന് സൂക്ഷമമായി പരിശോധിക്കാതെ തിടുക്കത്തിലെടുത്ത തീരുമാനമാണിതെന്നും വിധിയിൽ പ്രസ്താവിച്ചു. ഭിന്നവിധി ഉണ്ടായതിനെത്തുടർന്ന്, ഹർജികൾ വിശാല ബെഞ്ചിന് വിടാനായി ചീഫ്‌ ജസ്‌റ്റിസിനോട്‌ ആവശ്യപ്പെടാൻ കോടതി രജിസ്‌ട്രിയോട്‌ നിർദേശിച്ചു.

ഡൽഹി സർവ്വകലാശാല വികസിപ്പിച്ചെടുത്തതാണ് ജനിതകമാറ്റം വരുത്തിയ കടുക്. ഒരു പൊതുമേഖലാ സ്ഥാപനത്തിൽ വികസിപ്പിച്ചു എന്നതുകൊണ്ട് ഈ സാങ്കേതികവിദ്യയുടെ അപകടം കുറയുന്നില്ലെന്നും ഇക്കാര്യത്തിൽ ജൈവസുരക്ഷ ഒരു പ്രശ്നം തന്നെയാണെന്നും ചൂണ്ടിക്കാട്ടിയാണ് കർഷക സംഘടനകൾ കോടതിയെ സമീപിച്ചിട്ടുള്ളത്.

ജനിതകമാറ്റം വരുത്തിയ കടുകിനെതിരെ ന്യൂഡൽഹിയിൽ നടന്ന പ്രതിഷേധം(ഫയൽ ഫോട്ടോ) കടപ്പാട്: thehindu.com

പ്രമേയം ആവശ്യപ്പെടുന്നത്

‘ജിഎം വിളകളുടെ പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ പോളിസി’ക്ക് പകരം ‘ബയോസേഫ്റ്റി പ്രൊട്ടക്ഷൻ പോളിസി’ (ജൈവസുരക്ഷ സംരക്ഷണ നയം) രൂപീകരിക്കുക എന്ന നിർദ്ദേശമാണ് കർഷക സംഘടനകൾ മുന്നോട്ട് വെക്കുന്നത്. ജൈവ സുരക്ഷ സംരക്ഷണ നയത്തിൽ ജൈവ സുരക്ഷ, ജൈവ ഭദ്രത എന്നിവക്കൊപ്പം സാമൂഹിക-സാമ്പത്തിക കാര്യങ്ങൾ കൂടി കണക്കിലെടുത്ത് മുൻകരുതലോടും ജാഗ്രതയോടും കേന്ദ്ര സർക്കാർ പ്രവർത്തിക്കണം. അപകടസാധ്യതയുള്ളതും, കർഷകർക്ക് ആവശ്യമില്ലാത്തതതുമായ ഒരു സാങ്കേതികവിദ്യയും സർക്കാർ കർഷകരെ അടിച്ചേൽപ്പിക്കരുത്. തുറന്ന സംവാദങ്ങളിലൂടെ ജൈവസുരക്ഷ സംരക്ഷണ നയം വികസിപ്പിക്കാൻ വനം-പരിസ്ഥിതി മന്ത്രാലയം നേതൃത്വം നൽകണം. നയ രൂപീകരണ കൂടിയാലോചനകളിൽ സംസ്ഥാന സർക്കാരുകളെ ഉൾപ്പെടുത്തുകയും പൊതുതാൽപ്പര്യത്തിനനുസരിച്ച് നിലപാട് സ്വീകരിക്കുകയും വേണം. ആധുനിക ബയോടെക്‌നോളജി ചെലവേറിയതും സുരക്ഷിതമല്ലാത്തതുമാണ്, അത് വ്യാജ വാഗ്ദാനങ്ങൾ നൽകുന്നതും കാർഷിക സമ്പ്രദായത്തെ തന്നെ നിയന്ത്രിക്കാൻ ശേഷിയുള്ളതുമായതിനാൽ അതിനെ തള്ളിക്കളയണമെന്നും കർഷക സംഘടനാ കൂട്ടായ്മ പറയുന്നു. വിത്തുകളിലും ജനിതക വസ്തുക്കളിലും ബൗദ്ധിക സ്വത്തവകാശം (IPR) വഴിയുള്ള കോർപ്പറേറ്റ് നിയന്ത്രണം അനുവദിക്കില്ലെന്നും പ്രസ്താവനയിലെ നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.

അമേരിക്കയിൽ ജനിതകമാറ്റം വരുത്തിയ ആദ്യ വിള വികസിപ്പിച്ച് 30 വർഷത്തിന് ശേഷവും ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളും ജി.എം വിളകളുടെ കൃഷി അനുവദിക്കുന്നില്ല. കടുത്ത നിയന്ത്രണങ്ങൾ അവർ ഏർപ്പെടുത്തിയിട്ടുമുണ്ട്. ചില സീസണുകളിൽ‌ മാത്രം ജി.എം വിളകളുടെ കൃഷി അനുവദിച്ചിരുന്ന രാജ്യങ്ങൾ പോലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. ജനിതക മാറ്റം വരുത്തിയ വിളകളുടെ, പ്രത്യേകിച്ച് ഇന്ത്യയിൽ കാര്യമായ നിയന്ത്രിണങ്ങളില്ലാത്ത ജി.എം വിളകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് നിരവധി ശാസ്ത്ര ജേണലുകൾ വിശദമാക്കുന്നുണ്ടെന്ന വിവരവും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ നിയന്ത്രണ സംവിധാനം അപര്യാപ്തമാണെന്നും ജി.എം വിളകളുടെ നിയന്ത്രണം സംബന്ധിച്ച് ലോകമെമ്പാടും ഇത്തരത്തിൽ പ്രശന്ങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇത് ഏകോപിക്കേണ്ട വിവിധ വകുപ്പുകളും ഏജൻസികളും റെഗുലേറ്ററി ബോഡികളും തമ്മിൽ വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്നും പ്രസ്താവന പറയുന്നു.

സംസ്ഥാന സർക്കാരുകൾ ജനിതകമാറ്റം വരുത്തിയ വിളകളോട് ജാഗ്രത പുലർത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. പലർക്കും ഔപചാരിക നയമുണ്ട്. ജനിതക മാറ്റം വരുത്തിയ വിളകളെ നിരോധിക്കുന്നതിനായി കൃഷിയിലും ആരോഗ്യത്തിലും സംസ്ഥാനങ്ങൾക്കുള്ള ഭരണഘടനാപരമായ അധികാരത്തെ വീണ്ടും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഒരുവശത്ത് ജൈവകൃഷിക്കനുകൂലമായ നയങ്ങൾ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ മറുവശത്ത് ജി.എം വിളകളെ പ്രോത്സാഹിപ്പിക്കുന്നതിലെ വൈരുദ്ധ്യത്തെയും കർഷക സംഘടനകൾ വിമർശിക്കുന്നു.

ജനിതകമാറ്റം വരുത്തിയ കടുകിനെതിരെ നടന്ന പ്രതിഷേധത്തിൽ നിന്ന് (ഫയൽ ചിത്രം) കടപ്പാട്: scientificamerican.com

2010-ൽ ബി.ടി വഴുതനയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടായപ്പോൾ പരിസ്ഥിതി മന്ത്രാലയം രാജ്യത്തെ പ്രത്യേകം തിരഞ്ഞെടുത്ത ഏഴ് സ്ഥലങ്ങളിൽ ജനങ്ങളുമായി കൂടിയാലോചനകൾ സംഘടിപ്പിച്ചിരുന്നു. ഏഴായിരത്തിലധികം ആളുകൾ ഇത് സംബന്ധിച്ച് അഭിപ്രായങ്ങൾ പങ്കുവെച്ചത് അന്നത്തെ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി 25 മണിക്കൂറിലേറെ നേരം കേട്ടിരുന്നു. ജനിതകമാറ്റം വരുത്തിയ വിളകളും ഭക്ഷണവുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളിൽ‌ നിന്നും സ്വയം സംരക്ഷിക്കാനുള്ള പൗരരുടെ ദൃഢനിശ്ചയമാണ് ബിടി വഴുതനയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കുന്നതിലേക്ക് നയിച്ചത്. ജനങ്ങളുടെയും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ചെറുത്തുനിൽപ്പ് കാരണമാണ് 22 വർഷമായി ബിടി പരുത്തിയുടെ അംഗീകാരം ഒഴികെ മറ്റൊരു ജിഎം വിളയ്ക്കും കാർഷികാനുമതി ലഭിക്കാത്തതെന്നും പ്രമേയം പറയുന്നു.

പതിറ്റാണ്ടുകളായി ജി.എം വിളകളെ പ്രതിരോധിക്കുന്നതിൽ നേതൃത്വം നൽകുന്ന കർഷക സംഘടനകൾ ഒരു ജി.എം ഭക്ഷ്യവിളകൾക്കും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് ഉറപ്പാക്കുന്നതിനും ജി.എം വിള ഉൽപന്നങ്ങൾ/വിത്തുകൾ/തീറ്റ എന്നിവയുടെ ഇറക്കുമതി തടയുന്നതിനും വഹിച്ച പങ്ക് പ്രമേയം എടുത്തു പറയുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

4 minutes read October 17, 2024 2:59 pm