

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ഭാഗം -1
സ്വകാര്യവൽക്കരണം ആരോഗ്യരംഗത്ത് സൃഷ്ടിച്ച ആഘാതങ്ങളും ലോകാരോഗ്യ സംഘടന പൂർണ്ണമായും വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമായി മാറിയതിന്റെ പ്രതിഫലനങ്ങളും കുറഞ്ഞ മരണനിരക്കുള്ള വൈറസ് ബാധയുടെ കാര്യത്തിൽ മാത്രം താത്പര്യമെടുക്കുന്ന മരുന്ന് വിപണിയുടെ പ്രശ്നങ്ങളും വിശദമാക്കുന്നു പ്രമുഖ ആരോഗ്യ വിദഗ്ധനായ ഡോ. അമിതാവ് ബാനർജി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ജനിച്ച ഡോ. അമിതാവ് ബാനർജി ഒരു സാംക്രമികരോഗ ശാസ്ത്ര വിദഗ്ധനാണ് (Epidemiologist). ഇപ്പോൾ ഡോ. അമിതാവ് ബാനർജി പൂനെയിലെ ഡോ. ഡി.വൈ പാട്ടീൽ മെഡിക്കൽ കോളേജിലെ പ്രൊഫസർ എമറിറ്റസായി പ്രവർത്തിക്കുന്നു. രണ്ട് ദശാബ്ദക്കാലം സായുധ സേനയിൽ എപ്പിഡമിയോളജിസ്റ്റായി സേവനമനുഷ്ഠിച്ച അദ്ദേഹം അടുത്തിടെ സ്റ്റാൻഡ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടുകയുണ്ടായി. ‘കോവിഡ്-19 പാൻഡെമിക്: എ തേർഡ് ഐ’ എന്ന പുസ്തകം അദ്ദേഹം രചിച്ചിട്ടുണ്ട്.
ദീർഘകാലമായി കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ അനുഭവ പരിചയമുള്ള താങ്കൾ ഇന്ത്യയിലെ പൊതുജനാരോഗ്യ സംവിധാനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ച് പറയാമോ?
വളരെ പ്രധാനപ്പെട്ടതും എന്നാൽ ഏറെ സങ്കീർണ്ണവുമായ ഒരു ചോദ്യമാണിത്. സ്വാതന്ത്ര്യത്തിന് മുൻപും നമ്മുടെ പൊതുജനാരോഗ്യ സംവിധാനങ്ങൾ ഏറെ തകരാറുപിടിച്ചതായിരുന്നു. കൊളോണിയൽ ഭരണകൂടം ഇന്ത്യൻ ചികിത്സ സമ്പ്രദായങ്ങൾ പലരീതിയിലും അടിച്ചമർത്തുകയും ആധുനിക ചികിത്സയെ ഏകപക്ഷീയമായി പ്രോത്സാഹിപ്പികുകയുമായിരുന്നു ചെയ്തത്. സ്വാതന്ത്ര്യത്തിന് മുൻപ് ആരോഗ്യ രംഗത്തെ പുരോഗമന പ്രവർത്തനങ്ങൾ നിർദ്ദേശിക്കാനായി ബ്രിട്ടീഷ് സർക്കാർ ജോസഫ് ബോറെ കമ്മറ്റിക്ക് രൂപം നൽകിയിരുന്നു. ഡോക്ടറായായിരുന്ന ജോസഫ് ബോറെ വളരെ പ്രധാനപ്പെട്ട റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചത്. തുല്യനീതി ഉറപ്പാക്കുന്ന ആരോഗ്യ സംവിധാനങ്ങളുടെ രൂപീകരണമായിരുന്നു അദ്ദേഹം നിർദ്ദേശിച്ചത്. പതിനായിരം മുതൽ മുപ്പതിനായിരം വരുന്ന ഗ്രാമീണർക്കായി 75 ബെഡുകളും ആറ് ഡോക്ടർമാരും ഉള്ള പ്രൈമറി ഹെൽത്ത് സെന്റർ, താലൂക്ക് തലത്തിൽ 600 ബെഡുകളും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുള്ള സെക്കന്ററി ഹോസ്പിറ്റൽ, പിന്നെ ജില്ലാ തലത്തിൽ 2500 ബെഡുകളും ആധുനിക സംവിധാനങ്ങളും ഉള്ള മൂന്നാമത്തെ ആശുപത്രിയുമാണ് അദ്ദേഹം ആ കാലത്ത് തന്നെ നിർദ്ദേശിച്ചത്. എന്നാൽ 1960 കാലഘട്ടത്തിലും ഒരു ലക്ഷം ആളുകൾക്ക് ഒരു ഡോക്ടർ എന്ന നിലയിൽ ആയിരുന്നു ഇന്ത്യയിലെ അവസ്ഥ. പിന്നീട് ഇത് മുപ്പതിനായിരം ആളുകൾക്ക് ഒരു ഡോക്ടറും 6 -7 ബെഡുകളും എന്ന സ്ഥിതിയുണ്ടായി. എന്നാൽ ബോർ കമ്മറ്റിയുടെ നിർദ്ദേശങ്ങൾ മുഴുവനായും അന്നും നടപ്പാക്കുകയുണ്ടായില്ല. ജില്ലാ ആശുപത്രികളിൽ പോലും ആവശ്യത്തിന് ഡോക്ടർമാരും മറ്റ് സ്റ്റാഫും ഇല്ലാത്ത അവസ്ഥ തന്നെയായിരുന്നു. അന്നൊക്കെ മാതൃ ശിശു മരണ നിരക്ക് വലിയ തോതിലായിരുന്നു. ഒരു ലക്ഷം പേരിൽ നൂറ് സ്ത്രീകൾ പ്രസവാനന്തരം മരണപ്പെടുമായിരുന്നു.
അറുപത് ശതമാനം ജനങ്ങളും ജീവിക്കുന്നത് ഗ്രാമത്തിലാണ്. എന്നാൽ 80 ശതമാനം ആരോഗ്യ സേവനങ്ങളും ഉള്ളത് നഗരങ്ങളിലാണ്. ക്രിക്കറ്റിലും ഫുട്‌ബോളിലും ഭൂരിപക്ഷം കളിക്കാരും ഒരു സ്ഥലത്തു കേന്ദ്രീകരിച്ചാൽ ഫലപ്രദമായി കളിക്കാൻ പറ്റുമോ? കളിക്കാരെ പലസ്ഥലങ്ങളിലായി വിന്യസിച്ചാലല്ലേ ശരിയായി കളി ജയിക്കാൻ കഴിയുള്ളൂ? അതേ സ്ഥിതിയാണ് ആരോഗ്യ രംഗം നേരിടുന്നത്. കൂടാതെ ഒരുപാട് വ്യാജ ഡോക്ടർമാർ ഗ്രാമങ്ങളെ ചൂഷണം ചെയ്യുന്നുണ്ട്. സാമ്പത്തിക പരിമിതികൾ മൂലം ആണ് ആരോഗ്യ സംവിധാനങ്ങൾ ഇത്രയും പരിതാപകരമായി തുടരുന്നത്. ഇന്നും ആരോഗ്യ രംഗത്തിന് വേണ്ടിയുള്ള പൊതു ബജറ്റ് ഏറെ പരിമിതമാണ്.
ഉദാരവൽക്കരണ നയങ്ങൾക്ക് ശേഷമാണ് ആരോഗ്യ മേഖല വൻതോതിൽ സ്വകാര്യ മേഖലയ്ക്കായി തുറന്നുകൊടുത്ത്. ഒട്ടനവധി സ്വകാര്യ മെഡിക്കൽ കോളേജുകൾ ആരംഭിച്ചു. ഇന്ന് ഏകദേശം 50 ശതമാനം മെഡിക്കൽ കോളേജുകൾ സ്വകാര്യ മേഖലയിലാണ്. നഴ്സിംഗ് കോളേജുകളും ഇതേ സ്ഥിതിയിലാണ്. ആരോഗ്യ മേഖലയിൽ നിന്നും സർക്കാർ ഏതാണ്ട് പിൻവാങ്ങിയ സ്ഥിതിയാണ്. ഇതേ സ്ഥിതി തന്നെയാണ് വിദ്യാഭ്യാസ മേഖലയിലും. സ്വകാര്യ മേഖലയ്ക്ക് സർക്കാരിനെ ആശ്രയിക്കാതെ നിലനിൽക്കുകയും ലാഭം ഉണ്ടാക്കുകയും വേണം. അതിന്റെ ദുരിതം ഏറ്റുവാങ്ങേണ്ടി വരുന്നത് സാധാരണ ജനങ്ങളാണ്. പ്രത്യേകിച്ചും ഗ്രാമീണർ. കൂടുതൽ ഡോക്ടർമാരും സേവനം അനുഷ്ഠിക്കുന്നത് നഗരങ്ങളിലാണ്. ആശുപത്രികളും ഉള്ളത് അവിടെയാണ്. ഗ്രാമ/താലൂക്ക് തലങ്ങളിലുള്ള ആരോഗ്യ സംവിധാനങ്ങളാണ് ഏറ്റവും പരിതാപകരമായി തുടരുന്നത്. സർക്കാർ പണം മുടക്കുന്നത് വലിയ നഗരങ്ങളിലെ AIMS പോലുള്ള വലിയ ആശുപത്രികൾക്കാണ്. അത്ര സങ്കീർണ്ണമല്ലാത്ത രോഗങ്ങൾക്കുള്ള ചികിത്സ സംവിധാനങ്ങൾ അവഗണിക്കപ്പെടുകയാണ്.
സാധാരണ മനുഷ്യർക്ക് ചികിത്സയ്ക്കായി വലിയ പണം മുടക്കേണ്ട അവസ്ഥയാണ്. സർക്കാർ ഇൻഷുറൻസ് നൽകുന്നതാകട്ടെ സ്വകാര്യ മേഖലയ്ക്കാണ്. Ayushman Bharat PM-JAY സ്‌കീമുകളിലെ ആശുപത്രികൾ കൂടുതലും നഗരങ്ങളിലുള്ള കോർപ്പറേറ്റ് ആശുപത്രികളാണ്. ആരോഗ്യരംഗത്തെ ഗവേഷണങ്ങളെയും എന്തിനു ICMR നെ പോലും നിയന്ത്രിക്കുന്നത് സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളാണ്. ICMR ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനുമായി ഗവേഷണ കാര്യത്തിൽ കൈകോർത്തു കഴിഞ്ഞു. മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ പോലുള്ള വൻകിട സംഘടനകളാണ് പല സർക്കാർ സ്ഥാപനങ്ങളിലും ഫണ്ടിംഗ് നടത്തുന്നത്. Public Health Foundation of India (PHFI) അതിനുവേണ്ടി ഇന്ത്യയിൽ ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ പിന്തുണയോടുകൂടിയാണ് പ്രവൃത്തിക്കുന്നുന്നത്. കൂടാതെ വേറെയും ഒരുപാട് സർക്കാർ ഇതര സംഘടനകൾ ഇന്ത്യയിൽ പ്രവൃത്തിക്കുന്നുണ്ട്. പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പിൽ നടക്കുന്ന പല ഇടപാടുകളും സ്വകാര്യ താൽപ്പര്യങ്ങളെ സംരക്ഷിക്കുന്നതാണ്.


സ്വകാര്യവൽക്കരണത്തിന്റെ ഈ കാലത്ത് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ലോകാരോഗ്യ സംഘടന (WHO) നടത്തുന്ന ഇടപെടലുകളെക്കുറിച്ചു പറയാമോ? എങ്ങനെയാണ് ഒരു രാഷ്ട്രത്തിന്റെ പരമാധികാരത്തിലേക്ക് പകർച്ചവ്യാധി ഉടമ്പടിയിലൂടെയും (Pandemic Treaty) മറ്റും WHO കൈകടത്തുന്നത്?
WHO ആരംഭിച്ചത് ആഗോള തലത്തിൽ ആരോഗ്യ കാര്യങ്ങൾ ഏകോപിപ്പിക്കാൻ വേണ്ടിയായിരുന്നു. ആരോഗ്യ രംഗത്തെ സ്ഥിതിവിവരക്കണക്കുകളും മറ്റും ശേഖരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുകയൊക്കെയായിരുന്നു ലക്ഷ്യം. അതുപോലെ രാഷ്ട്രങ്ങൾക്ക് സാങ്കേതിക വിദഗ്ധോപദേശം നൽകാനും. 2005 ൽ ഭേദഗതി ചെയ്ത ഇന്റർനാഷൻ ഹെൽത്ത് റെഗുലേഷൻ (IHR) പോലും അപകടകരമായിരുന്നില്ല. എന്നാൽ കഴിഞ്ഞ മഹാമാരിക്കാലത്ത് WHO അതിന്റെ എല്ലാ വ്യവസ്ഥകളും കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഇടപെട്ടത്. യഥാർത്ഥത്തിൽ ആരോഗ്യ നയപരിപാടികൾ രൂപീകരിക്കേണ്ടത് അതാത് രാജ്യങ്ങളാണ്. അങ്ങനെയാണ് ഒരുപാട് നിയന്ത്രണങ്ങളും ലോക്ഡൗൺ ഒക്കെ നിലവിൽ വന്നത്. അതുപോലെ നിർബന്ധിത വാക്സിനേഷൻ നടപ്പാക്കിയതും.
മഹാമാരിക്ക് ശേഷം അക്കാലയളവിൽ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ചുള്ള ശരിയായ ഓഡിറ്റ് നടത്തേണ്ടതായിരുന്നു. ശരിയായ നടപടികൾ എന്തൊക്കെയായിരുന്നു, എവിടെയൊക്കെ തെറ്റ് പറ്റി എന്നൊക്കെ പരിശോധിക്കുന്നതിന് പകരം ആഗോള പകർച്ചവാധി ഉടമ്പടി കൊണ്ടുവരികയാണ് WHO ചെയ്‌തത്. അതോടൊപ്പം ഇന്റർനാഷൻ ഹെൽത്ത് റെഗുലേഷനി (2005) ൽ കഴിഞ്ഞ വർഷം ഭേദഗതികളും കൊണ്ടുവന്നു. നൂറോളം പേജുകൾ ഉണ്ടായിരുന്ന ആ രേഖയിൽ ഏതാണ് 300 ഭേദഗതികളാണ് WHO കൊണ്ടുവന്നത്. രാഷ്ട്രങ്ങളെ WHO നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കാൻ ബാധ്യസ്ഥമാകുന്ന രീതിയിലാണ് അത് ചെയ്തിരിക്കുന്നത്. അതോടെ സ്വതന്ത്ര രാഷ്ട്രങ്ങളുടെ മേൽ നിയമപരമായി അധികാരമുള്ള സ്ഥാപനമായി WHO മാറുകയും ചെയ്യുന്നു. അതിന്റെ ഭാഗമായി എപ്പോൾ വേണമെങ്കിലും പകർച്ചവ്യാധി നിയന്ത്രണങ്ങൾ രാഷ്ട്രങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയും. നേരത്തെ നിർദ്ദേശങ്ങൾ ആയിരുന്നു എങ്കിൽ രാജ്യങ്ങൾ ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നതോടു കൂടി അത് ഓർഡർ ആയിമാറുകയാണ്. അതോടുകൂടി പ്രാദേശിക ഭരണകൂടങ്ങൾക്ക് വ്യക്തികളെയും കുടുംബങ്ങളെയും നിർബന്ധിത പരിശോധന, ചികിത്സ, നിയന്ത്രണങ്ങൾക്ക് ഒക്കെ വിധേയമാക്കാം. ഇത്തരം നടപടികളോട് വിയോജിക്കുകയോ ബദലുകൾ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ ശിക്ഷിക്കാനും വ്യവസ്ഥകൾ ഉണ്ടാകും. യഥാർത്ഥത്തിൽ ഇത് ശാസ്ത്രീയ നടപടി അല്ല. യഥാർത്ഥ ശാസ്ത്രം ബദൽ സാധ്യതകളും വിയോജിപ്പുകളും അനിശ്ചിതത്വങ്ങളും ഉൾച്ചേർന്നതാണ്.
ഇപ്പോൾ WHO ഒരു ശാസ്ത്രീയ സംഘടന എന്നതിൽ നിന്നും സ്വേച്ഛാധിപത്യ സ്ഥാപനമായി മാറിയിരിക്കുന്നു. അതിന്റെ പ്രധാന കാരണം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി WHO യ്ക്ക് വേണ്ട മുഖ്യ ധനസഹായം ലഭിക്കുന്നത് സ്വകാര്യ ഏജൻസികളിൽ നിന്നാണ്. അതിൽ പ്രധാനികളാണ് Bill & Melinda Gates Foundation. അതോടെ WHO ഇപ്പോൾ ആരോഗ്യ കാര്യങ്ങളിൽ നിന്നും അകന്നുപോയ്ക്കൊണ്ടിരിക്കുകയാണ്. ആരോഗ്യം എന്നാൽ ശുദ്ധമായ ജലം, ശുചിത്വം, പോഷകാഹാരം തുടങ്ങിയവയാണ്. ആഫ്രിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ഒരുപാട് കുട്ടികൾ പോഷക ദാരിദ്ര്യം അനുഭവിക്കുകയും മരണമടയുകയുമാണ്. മലേറിയ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമായിരുന്നിട്ടും കോങ്കോയിൽ മലേറിയയും പോഷകക്കുറവും കാരണം 3 -5 ശതമാനം കുട്ടികൾ മരണമടയുകയാണ്. അപ്പോൾ WHO ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് വാക്‌സിനേഷൻ നൽകുന്നതിനാണ്. ആരോഗ്യം വർധിപ്പിക്കാനുള്ള യാതൊരു ശ്രമവും ഉണ്ടാകുന്നുമില്ല. WHO ഇപ്പോൾ പൂർണ്ണമായും വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. അതിലേക്ക് തെരഞ്ഞെടുപ്പ് നടത്താതെ ആളുകളെ നോമിനേറ്റ് ചെയ്യുകയാണ് ഇപ്പോൾ. വലിയ ഫാർമ കമ്പനികളാണ് അതിനെ നിയന്ത്രിക്കുന്ന ഒരു ഘടകം. Dr Jeremy Farrar ആണ് അതിന്റെ ചീഫ് സയന്റിസ്റ്റ്. അതിന് മുൻപ് അദ്ദേഹം സർക്കാരിതര സംഘടനയായ Wellcome Trust ന്റെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്നു.
യഥാർത്ഥത്തിൽ WHO എന്താണ് ചെയ്യേണ്ടത്?
യഥാർത്ഥത്തിൽ WHO ഡേറ്റ ശേഖരിക്കുകയും രാഷ്ട്രങ്ങൾക്ക് അറിവും നിർദ്ദേശങ്ങളും നൽകുകയാണ് വേണ്ടത്. ഇപ്പോൾ അത് നയപരമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. കാരണം ഓരോ രാഷ്ട്രത്തിനും വ്യത്യസ്ത്യമായ ജനസഞ്ചയമാണ്. ഓരോന്നിന്റെയും സാംസ്‌കാരികവും പാരിസ്ഥിതികവും ജനസംഖ്യാപരവുമായ വൈവിധ്യങ്ങൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ആരോഗ്യം എന്നത് ലോകത്ത് എല്ലായിടത്തും ഒരുപോലെ അല്ല. അതുകൊണ്ടുതന്നെ ആരോഗ്യ നയങ്ങൾ വികേന്ദ്രീകൃതമായി ഉണ്ടാക്കുകയും നടപ്പാക്കുകയുമാണ് വേണ്ടത്. എന്നാൽ ഇപ്പോൾ WHO എല്ലാവർക്കും വേണ്ടി കേന്ദ്രീകൃത ആരോഗ്യ നയം അടിച്ചേൽപ്പിക്കുകയാണ്.


ലോകാരോഗ്യ സംഘടനയുടെ പകർച്ചവ്യാധി ഉടമ്പടിയോടുള്ള ഇന്ത്യയുടെ സമീപനം എന്താണ്? ഇന്ത്യ അതിൽ ഒപ്പുവയ്ക്കാൻ ആണോ സാധ്യത ?
ചില വികസിത രാജ്യങ്ങൾ ഈ ഉടമ്പടിയിലെ ചില വ്യവസ്ഥകൾ അംഗീകരിച്ചിട്ടില്ല. അതാണ് ഒപ്പുവയ്ക്കൽ നീണ്ടുപോവുന്നത്. അത് അവരുടെ നയപരമായ സ്വാതന്ത്ര്യത്തിന് വേണ്ടിയൊന്നുമല്ല, പകർച്ചവ്യാധിക്കാലത്ത് വാക്സിൻ മറ്റ് രാജ്യങ്ങൾക്കിടയിൽ വിതരണം ചെയ്യുന്നത് സംബന്ധിച്ചാണ്. ഇന്ത്യ ഈ ഉടമ്പടിയുടെ കാര്യം ചർച്ച ചെയ്യുന്നേയില്ല. അനിൽ പ്രസാദ് ഹെഗ്‌ഡെ എന്ന ഒരു എം.പി മാത്രമാണ് കഴിഞ്ഞ വർഷം ഈ വിഷയം രാജ്യസഭയിൽ ഉന്നയിച്ചത്. അതിനുശേഷം ഒരാൾ പോലും ഈ വിഷയം പാർലമെന്റിൽ ഉന്നയിച്ചിട്ടില്ല. ഇത് മാധ്യമങ്ങളും ചർച്ച ചെയ്യുന്നില്ല. മിക്കവാറും ഇന്ത്യ അതിൽ ഒപ്പുവയ്ക്കാനാണ് സാധ്യത. കാരണം എന്നാൽ മാത്രമേ പല ഫണ്ടും ഇന്ത്യക്ക് ലഭിക്കുകയുള്ളൂ. സിറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോ ടെക് തുടങ്ങിയ വാക്‌സിൻ നിർമ്മാണ കമ്പനികളും നിയന്ത്രിക്കുന്നത് Bill & Melinda Gates Foundation തന്നെയാണ്. ഫാർമസ്യൂട്ടിറ്റിക്കൽ കമ്പനികൾ ഇലക്ട്‌റൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് നൽകിയത് നേരത്തെ പുറത്തുവന്നിരുന്നല്ലോ. അവരാണ് സർക്കാരിന്റെ നയപരിപാടികൾ തീരുമാനിക്കുന്നത്. സ്വതന്ത്രവും വികേന്ദ്രീകൃതവുമായ തീരുമാനങ്ങൾ എടുക്കുന്ന രീതി നമ്മുടെ രാജ്യത്ത് അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു.
കേരള നിയമസഭ കഴിഞ്ഞ വർഷം പുതിയ ഹെൽത്ത് ബില്ല് കൊണ്ടുവന്നിരുന്നു. അതും ഈ ആഗോള നയങ്ങളുടെ സ്വാധീനത്തിൽ ആയിരിക്കുമോ?
തീർച്ചയായും. മാത്രവുമല്ല ഡ്രാക്കോണിയാൻ എന്ന് വിശേഷിപ്പിക്കാനുന്ന ഒരു ബില്ലാണത്. കേരളം പോലുള്ള ഒരു സംസ്ഥാനം അത് WHO യുടെ പകർച്ചവ്യാധി കരാറുമായി ചേർന്ന് പോകുന്ന തരത്തിലാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തിയ കാര്യമാണ്. പകർച്ചവ്യാധിക്കാലം പ്രഖ്യാപിക്കാനും സ്റ്റേറ്റിന് അസാധാരണ നടപടികൾ കൈക്കൊള്ളാനുമുള്ള വ്യവസ്ഥകൾ അതിൽ ഉണ്ട്. അത് ജനങ്ങളുടെ ജീവിത അവകാശത്തിനും താല്പര്യങ്ങൾക്കും എതിരാണ്. പകർച്ചവ്യാധിയുടെ പേരിൽ വാക്‌സിൻ അടക്കമുള്ള കാര്യങ്ങൾ അതിലൂടെ അടിച്ചേൽപ്പിക്കാൻ കഴിയും. അന്തിമമായി അത് ജനജീവിതം നിയന്ത്രിക്കാനുള്ള ഒരു ആയുധം ആണ്.
WHO കൊണ്ടുവന്ന വൺ ഹെൽത്ത് എന്ന ആശയത്തെ ഡോക്ടർ എങ്ങനെയാണ് വിലയിരുത്തുന്നത്?
പെട്ടെന്ന് കേൾക്കുമ്പോൾ വളരെ പുരോഗമനപരമായ ആശയമായി തോന്നുന്ന ഒന്നാണിത്. പാരിസ്ഥിതികമായ ആരോഗ്യം പരിഗണിക്കുന്നു, ആവാസവ്യവസ്ഥയുടെ ആരോഗ്യമാണ് മനുഷ്യന്റെ ആരോഗ്യം തുടങ്ങിയ കാര്യങ്ങൾ ഒക്കെ അത് പറയുന്നുണ്ട്. കൂടാതെ അത് കാലാവസ്ഥ പ്രതിസന്ധിയെയും പരിഗണിക്കുന്നതായി പറയുന്നു. ഇതെല്ലാം മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നൊക്കെ. എന്നാൽ ഇത് പകർച്ചവ്യാധി നിയമവുമായി ചേർത്ത് വായിക്കുമ്പോൾ ജന്തുജന്യരോഗങ്ങളുടെ പേരിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള ഒരു നയമാണെന്ന് മനസിലാകും. പക്ഷിപ്പനി പോലുള്ളവയുടെ പേരിൽ പോലും അവർക്ക് ഭയപ്പെടുത്തുന്ന മുന്നറിയിപ്പുകൾ കൊണ്ടുവരാൻ കഴിയും. എല്ലാ വർഷവും18,000 – 20,000 മനുഷ്യർ റാബീസ് മൂലം ഇന്ത്യയിൽ മരിക്കുന്നുണ്ട്. 50,000 മനുഷ്യർ പാമ്പ് കടിയേറ്റ് എല്ലാ വർഷവും ഇന്ത്യയിൽ മരിക്കുന്നു. ഇന്ത്യയിൽ ഓരോ മണിക്കൂറിലും 37 പൗരന്മാർ ക്ഷയരോഗം മൂലം മരിക്കുന്നു. 4000 കുട്ടികൾ പലരോഗങ്ങളാൽ ദിവസേന മരിക്കുന്നുണ്ട്. ഇതൊന്നും ആരും സംസാരിക്കാറില്ല. എന്നാൽ ഇതിലൊക്കെ കുറഞ്ഞ മരണ നിരക്കുള്ള രോഗങ്ങളുടെ പേരിൽ ആയിരിക്കും പകർച്ചവ്യാധി നിയമങ്ങളുടെ പേരിൽ കടുത്ത നടപടികൾ എടുക്കുക. എല്ലാവർക്കും താൽപ്പര്യം കുറഞ്ഞ മരണ നിരക്കുള്ള പല വൈറസ് ബാധയിലാണ്.
മുതലാളിത്ത സാമ്പത്തിക ക്രമത്തിന്റെ ഭാഗമായി കോർപ്പറേറ്റുകൾ നടത്തുന്ന ആരോഗ്യരംഗത്തെ ചൂഷണത്തിന് ഭരണകൂടവും കൂട്ട് നിൽക്കുന്നു എന്നതല്ലേ യാഥാർഥ്യം?
വൈറസുകൾക്ക് പുതിയ പേര് നൽകി ജങ്ങളെ ഭയചകിതരാക്കുകയാണ് ഇപ്പോൾ നടക്കുന്ന പ്രധാന കാര്യം. എല്ലാത്തിന്റെയും അന്തിമ ലക്ഷ്യം ഫാർമ കമ്പനികളുടെ ലാഭമാണ്. നേരത്തെ ആയുധ കച്ചവടമായിരുന്നു വലിയ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്ന ഒരു മേഖല. ഇപ്പോൾ അത് ആരോഗ്യ മേഖലയിലേക്ക് മാറിയിരിക്കുന്നു. ജനങ്ങൾ, പ്രത്യേകിച്ചും മധ്യവർഗം ആരോഗ്യത്തെക്കുറിച്ച് ആകുലരാകുന്നു എന്ന് വൻകിട കോർപ്പറേറ്റുകൾക്ക് മനസിലായി. ജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിച്ചുകൊണ്ട് ആയുധ കച്ചവടത്തേക്കാൾ വലിയ ലാഭം കൊയ്യാനാകുമെന്നും അതിലൂടെ ഉണ്ടാക്കാവുന്ന സമ്പത്തിന് പരിധികൾ ഇല്ലെന്നും അവർ തിരിച്ചറിഞ്ഞു. അതിനു വലിയ സഹായമാണ് മാധ്യമങ്ങൾ അവർക്ക് നൽകുന്നത്. അതുപോലെ മെഡിക്കൽ ജേർണലുകളും, ഉദ്യോഗസ്ഥരും, സർക്കാർ സംവിധാനങ്ങളും.
ഭയമാണ് ജനങ്ങളുടെ മേൽ അധികാരവും നിയന്ത്രണങ്ങളും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ആയുധം എന്ന് പറയാം അല്ലെ?
ഭയം അവരുടെ ഉൽപ്പന്നങ്ങൾക്ക് വേണ്ട വിപണി ഒരുക്കുമെന്ന് അവർക്കറിയാം. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത ഭരണകൂടം അതിഷ്ടപ്പെടുന്നു. നേരത്തെ രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ യുദ്ധം ആയിരുന്നു ഭരണകൂടം ഉപയോഗിച്ചത്. ഇപ്പോൾ പകർച്ചവ്യാധി എന്ന യുദ്ധ തന്ത്രം ആണ് ഉപയോഗിക്കുന്നത്. അക്കാദമിക രംഗത്തുള്ളവരും അതിന്റെ ഭാഗമാണ്. അവർക്ക് അതിന് സഹായിക്കുന്ന ഗവേഷണ പ്രബന്ധങ്ങൾ തയ്യാറാക്കാൻ ധാരാളം ഗ്രാൻഡ് ലഭിക്കുന്നുണ്ട്. അതുവഴി പ്രശസ്തിയും. ചുരുക്കത്തിൽ എല്ലാവരും ഈ കളിയുടെ ഭാഗമാണ്.
കോവിഡ് കാലത്ത് ഇന്ത്യൻ ആരോഗ്യ സംവിധാനങ്ങൾ വികസിത രാജ്യങ്ങളുടേതിനേക്കാൾ ഫലപ്രദമായി പ്രവൃത്തിച്ചു എന്ന് കേട്ടിട്ടുണ്ട്. ഇതിൽ വാസ്തവമുണ്ടോ?
കേരളത്തിൽ മറ്റു സംസ്ഥാനങ്ങളുടേതിനേക്കാൾ മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങൾ നിലവിലുണ്ടെന്നത് ശരിയാണ്. അതിന് പല സാമൂഹ്യ രാഷ്ട്രീയ കാരണങ്ങളും ഉണ്ട്. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ഥിതി ഇതിൽ ഇന്നും ഏറെ വ്യത്യസ്തമാണ്. അതേസമയം വികസിത രാജ്യങ്ങളിലും ആരോഗ്യരംഗത്ത് വലിയ പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ആശുപത്രികളിൽ അടിയന്തര പരിചരണത്തിനുള്ള കാലതാമസം കാരണം ഓരോ ആഴ്ചയും 500 പേർ മരിക്കുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു. നാഷണൽ ഹെൽത്ത് സർവീസ് (NHS) ശരിയായി പ്രവൃത്തിക്കുന്നില്ല എന്നും. ആഗോള തലത്തിൽ തന്നെ സർക്കാർ ആരോഗ്യ മേഖലയിൽ നിന്നും പിൻവാങ്ങുകയും സ്വകാര്യ സ്ഥാപനങ്ങൾ അത് ഏറ്റെടുക്കുയും ചെയ്യുന്ന പ്രവണതയാണുള്ളത്.
സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചെലവ് കുത്തനെ ഉയരുന്നത് സാധാരണ മനുഷ്യരുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നില്ലേ?
തീർച്ചയായും. കോർപ്പറേറ്റ് ആശുപത്രികളിൽ ഓരോ മാസവും ഡോക്ടർമാർക്ക് ടാർഗറ്റ് പൂർത്തിയാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് അനാവശ്യ ടെസ്റ്റുകളും ശസ്ത്രക്രിയകളും ചെയ്യേണ്ടി വരുന്നത്. ഇല്ലെങ്കിൽ അവർക്കു ജോലി നഷ്ടപ്പെടും. നാലുദിവസം സെയിഫ് അലിഖാൻ ലീലാവതി ഹോസ്പിറ്റലിൽ ചെറിയ കാര്യങ്ങൾക്ക് ചികിത്സ തേടിയതിന് 35 ലക്ഷം ചെലവായത് വാർത്തയിൽ വന്നിരുന്നു. ഈ സാഹചര്യത്തിൽ ഒരു സാധാരണക്കാരൻ എങ്ങനെ ചികിത്സ തേടും? ഇൻഷുറൻസ് തുക ലഭിക്കാൻ മെഡിക്കൽ എത്തിക്സിന് നിരക്കാത്ത ചികിത്സയാണ് നടന്നത്. കച്ചവടത്തിന് വേണ്ടി നടത്തുന്ന ആശുപത്രികളിൽ ഡോക്ടർമാർക്ക് സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് ഏറെ ദൗർഭാഗ്യകരമായ കാര്യമാണ്.
കോവിഡ് ഉണ്ടാക്കിയ ആരോഗ്യപരവും സാമൂഹികവുമായ ആഘാതങ്ങളെക്കുറിച്ച് പറയാമോ?
മനുഷ്യരുടെ മാനസിക ആരോഗ്യത്തെയാണ് അത് ഏറെ ബാധിച്ചത്. അത് വൈറസ് ഉണ്ടാക്കിയതല്ല, അതിനെ പ്രതിരോധിക്കാനെന്ന പേരിൽ എടുത്ത നടപടികളാണ് അത് സൃഷ്ടിച്ചത്. രോഗബാധയേക്കാൾ ജോലി നഷ്ടപ്പെട്ടതും സമൂഹത്തിൽ ഒറ്റപ്പെട്ടതും കിലോമീറ്ററുകൾ നടക്കേണ്ടി വന്നതുമാണ് തൊഴിലാളികൾ അനുഭവിച്ച ദുരന്തം. അതുണ്ടാക്കിയ പരിഭ്രാന്തിയും ട്രോമയും ഏറെ വലുതാണ്. കോവിഡ് യഥാർത്ഥത്തിൽ മറ്റേത് രോഗവും പോലെയും ഉള്ള ഒന്നായിരുന്നു. ഇത് സാധാരണ ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. എന്നാൽ ഇവിടുത്തെ വരേണ്യവർഗത്തിന് ഇപ്പോഴും അത് മനസിലായിട്ടില്ല. അവർ കോവിഡ് ഉണ്ടാക്കിയ പരിഭ്രാന്തിയിൽ നിന്നും ഇപ്പോഴും മുക്തമായിട്ടില്ല.


അതുപോലെ കോവിഡ് എല്ലാവരെയും ഒരുപോലെയല്ല ബാധിച്ചത് എന്നും താങ്കൾ എഴുതിയതായി വായിച്ചു. അതും സർക്കാർ പരിഗണിക്കാതെ പോയില്ലേ?
അതെ. നമ്മുടെ രാജ്യത്ത് കൂടുതലുള്ളത് യുവ ജനങ്ങളാണ്. 69 വയസുവരെയുള്ളവരിൽ Infection Fertility Rate (IFR) 0.03 ശതമാനം മുതൽ 0.05 ശതമാനം വരെ മാത്രമായിരുന്നു. 97 ശതമാനം ജനങ്ങൾ 70 വയസിന് താഴെയുള്ളവരാണ്. ആർ.ടി.പി.സി ആർ ടെസ്റ്റ് പോസിറ്റീവ് ആയിരിക്കുകയും മറ്റ് രോഗം കാരണം മരണപ്പെടുകയും ചെയ്തവരുടേതും കോവിഡ് മരണങ്ങളായാണ് കണക്കാക്കിയത്.
ഈ സാഹചര്യത്തിൽ നിർബന്ധിത വാക്‌സിനേഷൻ അനാവശ്യമായിരുന്നില്ലേ?
അത് തികച്ചും അധാർമ്മികവും കൂടിയായിരുന്നു. കോവിഷീൽഡ് വികസിത രാജ്യങ്ങൾ നിർത്തിവച്ചതുമായിരുന്നു. അതിന്റെ പാർശ്വഫലങ്ങൾ അമ്പത് വയസിന് താഴെയുള്ളവരിലായിരുന്നു കൂടുതൽ. മാത്രവുമല്ല വാക്‌സിനേഷൻ ആരംഭിക്കുമ്പോഴേക്കും 70 ശതമാനം ആളുകൾക്ക് സ്വാഭാവിക പ്രതിരോധശേഷി ലഭിച്ചിരുന്നു. ചില സ്ഥലങ്ങളിൽ 80 ശതമാനം പേർക്ക്. ഈ സാഹചര്യതിൽ നിർബന്ധിത വാക്‌സിനേഷൻ അനാവശ്യമായിരുന്നു. പല രാജ്യങ്ങളിലും വാക്സിനേഷന് ശേഷം മരണ നിരക്കും രോഗബാധയും കൂടുകയാണ് ചെയ്തത്. ഇത് സംബന്ധിച്ച് ഞാൻ കഴിഞ്ഞ വർഷം മാർച്ചിൽ ന്യൂഡൽഹി AIMS ൽ ഒരു പ്രസന്റേഷൻ ചെയ്തിരുന്നു. നിർബന്ധിത വാക്‌സിനേഷൻന്റെ പ്രയോജനം വെളിപ്പെടുത്തുന്ന ഒരു ഡാറ്റയും ഇന്ത്യയിൽ ഇപ്പോഴും ലഭ്യമല്ല. 85 ഓളം രാഷ്ട്രങ്ങളിൽ ഇത് സംബന്ധിച്ച പഠനങ്ങൾ നടന്നിട്ടുണ്ട്.


ഈ അടുത്തകാലത്ത് കുഴഞ്ഞുവീണുള്ള മരണങ്ങൾ കൂടിയതായി പറയപ്പെടുന്നുണ്ട്. പ്രത്യേകിച്ചും യുവാക്കളും മധ്യവയസ്‌ക്കരും. ഇത് സംബന്ധിച്ച് എന്തെങ്കിലും പഠനങ്ങൾ നടന്നിട്ടുണ്ടോ?
കോവിഡ്, വാക്സിനേഷൻ എന്നിവയെ സംബന്ധിച്ച പഠനങ്ങൾ ജേർണലുകളിൽ പ്രസിദ്ധീകരിക്കുക ഏറെ ബുദ്ധിമുട്ടാണ്. പെട്ടെന്നുള്ള മരണ നിരക്ക് 40 ശതമാനം കൂടിയതായി അമേരിക്കയിൽ നടത്തിയ പഠനത്തിൽ പറയുന്നുണ്ട്. ഓസ്‌ട്രേലിയയിലും സമാനമായ ഡേറ്റ ഉണ്ട്. അതുപോലെ ഹൃദയസ്തംഭനം മൂലമുള്ള മരണങ്ങളും കൂടിയതായി പറയുന്നുണ്ട്. എന്നാൽ ഇതൊക്കെ മറച്ചുവെക്കാനുള്ള ശ്രമങ്ങൾ ആണ് നടക്കുന്നത്. അതിന് ആരോഗ്യ രംഗത്തെ വിദഗ്ധരും കൂട്ടുനിൽക്കുകയാണ്. കോവിഷീൽഡ് വാക്‌സിൻ എടുത്തതിനെത്തുടർന്ന് മനുഷ്യർ മരിക്കാൻ ഇടയാതിനെത്തുടർന്ന് യു.കെയിലെ കോടതിയിൽ കേസ് വന്നതിനെ തുടർന്നാണ് കോവിഷീൽഡ് പിൻവലിച്ചത്. ശാസ്ത്ര സമൂഹം അതൊന്നും പൂർണ്ണമായും അംഗീകരിക്കണം എന്നില്ല. കാരണം അവർക്ക് വേണ്ട ഗ്രാൻഡ് ഇത്തരം കമ്പനികൾ നൽകുന്നുണ്ട്. അതേസമയം ഇപ്പോഴത്തെ എല്ലാം ആരോഗ്യ പ്രശനങ്ങളെയും കോവിഡുമായി കൂട്ടിക്കെട്ടുന്നതും ശരിയല്ല. (തുടരും).
ഭാഗം 2 വായിക്കാം: