ആരോഗ്യ സംവിധാനങ്ങൾ അവഗണിക്കുന്ന സ്വാഭാവിക പ്രതിരോധശേഷി

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ അവഗണിക്കുന്ന സ്വാഭാവിക പ്രതിരോധശേഷി (Natural Immunity) യുടെ പ്രാധാന്യത്തെക്കുറിച്ച് പറയാമോ?

സ്വാഭാവിക പ്രതിരോധ ശേഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ഏറെക്കാലമായി നമുക്ക് അറിവുള്ളതാണ്. ഒരു വൈറസ് ഒരു ശരീരത്തിൽ കടന്നാൽ അത് അവിടെ 10 -15 ദിവസം ഉണ്ടാകും. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിനും മറ്റും ഈ വൈറസിനെ ഈ കാലയളവിൽ അടുത്തറിയാൻ ഇങ്ങനെ അവസരം ഉണ്ടാകും. ശരീരത്തിന് അതിന്റെ ഓർമ്മ നിൽനിർത്താൻ കഴിയും. അതിനെ തുടർന്ന് ശരീരം ആന്റി ബോഡി ഉൽപ്പാദിപ്പിക്കുന്നു. തുടർന്ന് രണ്ട് വർഷത്തോളം വളരെ ശക്തമായ പ്രതിരോധ സംവിധാനം ഈ വൈറസിനെതിരെ ശരീരം സ്വീകരിക്കുന്നു. അതേസമയം വാക്‌സിനേഷൻ ചെയ്യുമ്പോൾ ശരീരത്തിന് വൈറസിന്റെ ഭാഗികമായ അറിവ് മാത്രമേ നൽകുന്നുള്ളൂ. സ്വാഭാവികമായും ശരീരത്തിന് കൂടുതൽ അറിവുള്ളത് ശരീരത്തിൽ 15 ദിവസത്തോളം ഉണ്ടായിരുന്ന പൂർണ്ണ വൈറസിനെയാണ്. അതുകൊണ്ടുതന്നെ ശരീരത്തിന് കൂടുതൽ പ്രതിരോധം ഒരുക്കാൻ സ്വാഭാവിക പ്രതിരോധശേഷിക്ക് കഴിയും എന്നത് ആർക്കും മനസിലാവുന്ന കാര്യമാണ്. എന്നാൽ നമുക്ക് എപ്പോഴും സ്വാഭാവിക പ്രതിരോധശേഷിയെ പൂർണ്ണമായും ആശ്രയിക്കാൻ കഴിയില്ല. അതേസമയം അതിന്റെ പ്രാധാന്യത്തെ അവഗണിക്കാൻ കഴിയില്ല. സാധാരണഗതിയിൽ വാക്‌സിൻ കണ്ടുപിടിക്കുന്നതിനു മുൻപ് തന്നെ സ്വാഭാവിക പ്രതിരോധശേഷി ജനങ്ങൾക്ക് ലഭിക്കുകയും ചെയ്യും. അത് തുടർന്നുള്ള പ്രതിരോധ കുത്തിവയ്പ്പിൻ്റെ ആഘാതം കുറയ്ക്കും ചെയ്യും.

representational image

കോവിഡ് കാലത്ത് ചെയ്തതുപോലെ, പകർച്ചവ്യാധിക്കാലത്ത് എല്ലാവരും വീട്ടിനുള്ളിൽ അടച്ചമുറിക്കുള്ളിൽ കഴിയുന്നത് ഒട്ടും ആരോഗ്യകരമല്ല. സൂര്യപ്രകാശം ലഭിക്കാതെ നിങ്ങളുടെ ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അഭാവം ഉണ്ടാകും. കൂടാതെ ഒരാളുടെ പ്രതിരോധ സംവിധാനം കാര്യക്ഷമമാവാതിരിക്കുകയാണ് ഇത്തരം സാഹചര്യത്തിൽ സംഭവിക്കുക. മനുഷ്യർ കൂടുതൽ രോഗങ്ങൾക്ക് അടിമയാവാനുള്ള സാഹചര്യമാണ് ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ ഉണ്ടാക്കുക. നമ്മൾ കോവിഡ് കാലത്ത് കേട്ട മറ്റൊരു കാര്യമാണ് വാക്‌സിനും സ്വാഭാവിക വൈറസ് ബാധയും ചേർന്ന് നൽകുന്ന ‘ഹൈബ്രിഡ് ഇമ്മ്യൂണിറ്റി’ എന്നത്. ഇത് മെഡിക്കൽ സയൻസിൽ നേരത്തെ ഉണ്ടായിരുന്ന കാര്യമല്ല.

ചരിത്രത്തിൽ ഇത്രയും വേഗതയിൽ ഒരു രോഗത്തിന് എതിരെ വാക്‌സിൻ കണ്ടുപിടിക്കുന്നത് കോവിഡ് കാലത്താണല്ലോ. ഒരുപക്ഷേ സ്വാഭാവിക പ്രതിരോധ ശേഷിയിലൂടെ മനുഷ്യർ കോവിഡിനെ പ്രധിരോധിച്ചാൽ വാക്സിന് മാർക്കറ്റ് ലഭിക്കില്ല എന്നതായിരിക്കുമോ തിരക്ക് പിടിച്ച്, പരീക്ഷണ-നിരീക്ഷണ ഘട്ടങ്ങളെയും കാലത്തെയും മറികടന്ന് വാക്സിൻ വിപണിയിലെത്തിക്കാനുള്ള കാരണം?

തീർച്ചയായും. വിപണി തന്നെയാണ് അതിന്റെ പ്രേരക ശക്തി. ഇത് സാധാരണ ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. ഹെർഡ്‌ ഇമ്മ്യൂണിറ്റി (Herd immunity) യുടെ പ്രാധാന്യം അവഗണിക്കപ്പെടുകയാണുണ്ടായത്.

ആരോഗ്യത്തിൻ്റെ സാമൂഹിക നിർണ്ണയ ഘടകങ്ങളുടെ (social determinants of health) പ്രാധാന്യത്തെക്കുറിച്ചും അത് എന്തുമാത്രം ഇക്കാലത്ത് അവഗണിക്കപ്പെടുന്നുവെന്നും പറയാമോ?

മനുഷ്യന്റെ ആരോഗ്യത്തിന് ശുദ്ധമായ വായു, കുടിവെള്ളം, പോഷക സമൃദ്ധമായ ആഹാരം, സാമ്പത്തികവും സാമൂഹികവുമായ സുരക്ഷിതത്വം എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങൾ പങ്ക്‌ വഹിക്കുന്നുണ്ട്. അതുപോലെ സാമൂഹികമായ ഇടപെടൽ, പങ്കുവയ്ക്കൽ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ ഉണ്ട്. പരസ്പരം കൈ കൊടുക്കുന്നതും ആലിംഗനം ചെയ്യുന്നതുപോലും പ്രധാനമാണ്. നല്ല സാമൂഹ്യ ബന്ധങ്ങളും ആരോഗ്യത്തിന് അനിവാര്യമാണ്. Endotoxins, Oxytocin എന്നിവ ഉൽപ്പാദിപ്പിക്കാൻ സാമൂഹ്യ ഇടപെടൽ മനുഷ്യന് ആവശ്യമാണ്. സാമൂഹിക അകലം സൂക്ഷിക്കലും ഒറ്റപ്പെടലും ഒക്കെ മനുഷ്യാരോഗ്യത്തെ മോശമായാണ് ബാധിക്കുക. ജീവനില്ലാത്ത ശരീരം ചുമയിലൂടെയോ മറ്റോ വൈറസ് വ്യാപിപ്പിക്കുന്നില്ല. എന്നാൽ രോഗികളായിരുന്നവരുടെ ശരീരം മറവുചെയ്യുമ്പോൾ എടുത്ത പ്രോട്ടോകോൾ പോലും മനുഷ്യരെ ആവശ്യത്തിലധികം വൈകാരികമായി ഒറ്റപ്പെടുത്തുന്നതും ഭീതി ജനിപ്പിക്കുന്നതുമായിരുന്നു. കൂടാതെ ശ്വാസകോശ രോഗങ്ങൾ അടച്ചമുറിയിൽ വ്യാപിക്കാൻ കൂടുതൽ സാധ്യതയാണ് ഉള്ളത്. ചെറിയ വീട്ടിൽ കൂടുതൽ ആളുകൾ കഴിയുന്ന ഇന്ത്യയിലെ വീടുകളിൽ കോവിഡ് വ്യാപിപ്പിക്കാനാണ് ലോക്ക്ഡൗൺ കാരണമായത്. ശാസ്ത്രത്തെ വികലമാക്കുകയും സമൂഹത്തെ വിഭജിക്കുകയുമാണ് കോവിഡ് കാലത്തെ പ്രോട്ടോകോൾ ചെയ്‌തത്‌. അങ്ങനെ പൊലീസ് സ്റ്റേറ്റ് ഉണ്ടാവുകയാണ് ചെയ്തത്. അതിന്റെ തുടർച്ചയാണ് പകർച്ചവ്യാധി ഉടമ്പടിയിലൂടെ WHO ലക്ഷ്യം വയ്ക്കുന്നത്.

representational image

ശരിയായ ആരോഗ്യം എന്നത് രോഗ ചികിത്സയല്ലല്ലോ, എങ്ങനെ ഒരു മനുഷ്യന് ശാരീരിക മാനസിക സ്വാസ്ഥ്യം കൈവരിക്കാം എന്നതാണല്ലോ. ഇപ്പോൾ സമൂഹം വൈദ്യവൽക്കരണത്തിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതെന്ന് കരുതുന്നുണ്ടോ?

ഒരാളുടെ ശരീരം സമഗ്രമായി പരിശോധനകൾക്ക് വിധേയമാകാത്ത ഒരു അവസ്ഥയാണ് ഇക്കാലത്ത് ആരോഗ്യം എന്നാണ് ഞാൻ കരുതുന്നത്. കാരണം നിങ്ങളുടെ ശരീരം പരിശോധിച്ചാൽ എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തുകയും നിങ്ങൾ ആജീവനാന്തം രോഗിയായി മാറുകയും ചെയ്യും എന്ന അവസ്ഥ സംജാതമായിരിക്കുന്നു. നിർമ്മിത ബുദ്ധി ഉപയോഗിച്ച് അർബുദ സാധ്യതകൾ കണ്ടെത്താൻ കഴിയും. മിക്ക മനുഷ്യരിലും അത് അർബുദ സാധ്യത കണ്ടെത്തിയേക്കാം. അത് കണ്ടെത്തുന്ന സാങ്കേതികവിദ്യ നിങ്ങളെ ഒരു രോഗിയായി പ്രഖ്യാപിക്കും.

മനുഷ്യന്റെ ആരോഗ്യത്തിന് ശുദ്ധമായ വായു, കുടിവെള്ളം, പോഷക സമൃദ്ധമായ ആഹാരം, സാമ്പത്തികവും സാമൂഹികവുമായ സുരക്ഷിതത്വം എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങൾ പങ്ക്‌ വഹിക്കുന്നുണ്ട് എന്ന് പറഞ്ഞല്ലോ. അതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയാമോ?

നല്ല മോഡേൺ മെഡിസിൻ ഡോക്ടർക്ക് അവർ നൽകുന്ന മരുന്നുകൾ പാർശ്വഫലങ്ങൾ ഉണ്ടാക്കും എന്ന് നന്നായി അറിയാം. നിർഭാഗ്യവശാൽ ഇപ്പോൾ വിപണിയാണ് എല്ലാം നിയന്ത്രിക്കുന്നത്. ഹിപ്പോക്രിറ്റസിന്റെ കാലം മുതൽ ആരോഗ്യത്തെ നിർണ്ണയിക്കുന്നത് മരുന്നല്ല എന്നറിയാമായിരുന്നു. ശാരീരിരിക വ്യായാമം ഏറെ പ്രധാനപ്പെട്ടതാണ്. അത് ശരീരത്തിന് ആവശ്യമുള്ള ഒട്ടനധി രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കും. സംസ്‌ക്കരിച്ച ഭക്ഷണത്തിന്റെയും പഞ്ചസാരയുടെയും അധിക ഉപയോഗവും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ശരീര വണ്ണം കൂടുന്നതും രോഗകാരണമാകും. പഴങ്ങളും പച്ചക്കറികളും ആരോഗ്യത്തിന് അനിവാര്യമാണ്. അതുപോലെ പ്രധാനമാണ് സാമൂഹിക സുരക്ഷയും മാനസിക ആരോഗ്യവും. ഇതെല്ലം ആധുനിക വൈദ്യശാസ്ത്ര ടെക്സ്റ്റ് ബുക്കുകളിൽ ഉണ്ട്. എന്നാൽ അമിത മരുന്നുപയോഗമാണ് ഇപ്പോൾ നടക്കുന്നത്. ആളുകൾ കരുതുന്നത്  മരുന്നുകൾക്ക് അത്ഭുത ശക്തിയുണ്ടെന്നാണ്. അതുകാരണം ആധുനിക വൈദ്യത്തിന്റെ നല്ല വശങ്ങളെ പ്രയോജനപ്പെടുത്താൻ കഴിയാത്ത സ്ഥിതിയാണ്.

എന്തുകൊണ്ടാണ് മനുഷ്യ ശരീരത്തിൽ വൈറസ് ആക്രമണം ഇപ്പോൾ പതിവായിരിക്കുന്നത്?

ഇന്ന് ശാസ്ത്ര സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിന്റെ ഫലമായി നമുക്ക് ധാരാളം പുതിയ ഉപകരണങ്ങൾ ഉണ്ട്. അതുപയോഗിച്ച് കണ്ടുപിടിക്കുന്നതെല്ലാം നിമിഷങ്ങൾക്കകം ജനങ്ങളിലെത്തിക്കാൻ തയ്യാറായി നിൽക്കുന്ന മാധ്യമങ്ങൾ ഉണ്ട്. വൈറസുകളുടെ പുതിയ പേരുകൾ കേൾക്കുന്നത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന സ്ഥിതിയാണുള്ളത്. ഇതിന്റെ ഗുണം പല തട്ടിലുളള ആളുകൾ അനുഭവിക്കുന്നുണ്ട്. മരുന്ന് വ്യവസായം മാത്രമല്ല, അക്കാദമിക ബുദ്ധിജീവികൾ, രാഷ്ട്രീയക്കാർ  ഒക്കെ ഇതിന്റെ ഗുണഭോക്താക്കളാണ്. അക്കാദമിക രംഗത്തുള്ളവർക്ക് പുതിയ പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ ഫണ്ടും അതുവഴി പ്രശസ്തിയും ലഭിക്കുന്നു. വൈറസുകൾ മനുഷ്യരാശിയുടെ ഉദയത്തിനു മുൻപേ ഭൂമിയിൽ ഉള്ളവയാണെന്ന കാര്യം നമ്മൾ മറക്കുകയും ചെയ്യും.

സാംക്രമികരോഗ ശാസ്ത്രം (epidemiology ) ചെസ്സ്കളി പോലെയാണെന്ന് താങ്കൾ എഴുതിയതായി വായിച്ചു. അത് ഒന്ന് വിശദീകരിക്കാമോ?

മനുഷ്യന്റെ ആരോഗ്യ കാര്യത്തിൽ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും പാരിസ്ഥിതികവുമായ ഒട്ടനവധി ഘടകങ്ങൾ നിർണ്ണായക പങ്ക്  വഹിക്കുന്നുണ്ടല്ലോ. അതിൽ രോഗാണുക്കൾ എന്നത് ഒരു ഘടകം മാത്രമാണ്. എന്നാൽ ആരോഗ്യ രംഗം ഇന്ന് പരിഗണിക്കുന്നത് ഈ ഘടകത്തെ മാത്രമാണ്. ചെസ്സുകളിക്കുമ്പോൾ എതിരാളിയുടെ വിവിധ പടയാളികളുടെ മുന്നേറ്റങ്ങളെ പരിഗണിച്ചു വേണം കളിക്കാൻ. ഒരു ശത്രുവിൽ  മാത്രം ശ്രദ്ധകേന്ദ്രീകരിച്ചാൽ നിങ്ങൾ തോൽക്കും. ഇത് ആരോഗ്യകാര്യത്തിലും ബാധകമാണെന്നാണ് ഞാൻ ഉദ്ദേശിച്ചത്.

ഇന്ത്യയിൽ പുരാതനകാലം മുതൽ നിലവിലുണ്ടായിരുന്ന ചികിത്സാ സമ്പ്രദായങ്ങൾ ഉണ്ടല്ലോ. ഇന്ന് ആധുനിക വൈദ്യത്തിന്റെ അപ്രമാദിത്വം കാരണം അവ നേരിടുന്ന പ്രതിസന്ധികളെക്കിറിച്ച് പറയാമോ?

ആന്റിബയോട്ടിക്കുകളുടെ കണ്ടുപിടുത്തം, നിരന്തരം പുരോഗമിക്കുന്ന ഗവേഷണം, പ്രത്യേകിച്ചും ശസ്ത്രക്രിയയിലെ നൂതന രീതികൾ തുടങ്ങിയവ കാരണം ആധുനിക വൈദ്യശാസ്ത്രത്തിന് ഇന്ന് ഏറെ മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ നല്ലൊരു ശതമാനം രോഗങ്ങളും ശമിക്കാൻ ആധുനികവൈദ്യം തന്നെ പിന്തുടരണം എന്നില്ല. ഭക്ഷണ ക്രമീകരണം ഒക്കെ ശ്രദ്ധിച്ച് മറ്റു മരുന്നുകൾ കഴിച്ചും ഒരുപാട് രോഗങ്ങൾ മാറ്റാൻ കഴിയും. വേറൊരു കാര്യം നമ്മുടെ ശരീരത്തിന് തന്നെ സ്വയം രോഗശമനം വരുത്താനുള്ള കഴിവുണ്ടെന്ന കാര്യം നമ്മൾ മറക്കരുത്. ഗ്രാമ പ്രദേശങ്ങളിലൊക്കെ രോഗബാധയുടെ തുടക്കത്തിൽ വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തത് ആണ് രോഗം ഗുരുതരമാവാനുള്ള കാരണം.

ഇന്ന് ആധുനിക വൈദ്യത്തെപ്പോലെ മറ്റ് വൈദ്യ മേഖലകളും നിലനിൽപ്പിന് വേണ്ടി വിപണിവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നുകാണാം. കൂടാതെ ആയുർവേദം, ഹോമിയോപ്പതി തുടങ്ങിയ വൈദ്യശാസ്ത്ര മേഖലകളിൽ കൂടുതൽ ഗവേഷണം നടക്കേണ്ടതുണ്ട്. ആധുനിക വൈദ്യം ഒരു വ്യവസായമായതുകൊണ്ടാണ് മറ്റു വൈദ്യ മേഖലകളെ അംഗീകരിക്കാത്തതും പലപ്പോഴും ഇകഴ്ത്തിക്കാട്ടുന്നതും. ആയുർവേദത്തിലും ദോഷകരമായ മരുന്നുകൾ ഉണ്ടാകാം. മരുന്നുകൾ എല്ലാം ശരീരത്തിന് ഗുണകരം ആവണമെന്നില്ല. അത് പാർശ്വഫലങ്ങൾ സൃഷ്ടിക്കാം.

ഗവേഷണത്തിന് ആവശ്യമുള്ള ഫണ്ട് ലഭിക്കാത്തത് ആയിരിക്കുമോ മറ്റു വൈദ്യശാസ്ത്ര മേഖലകളെ മുന്നോട്ടുനയിക്കാൻ തടസ്സമായി നിൽക്കുന്നത്?

ഒരുപാട് കാലമായി പുതിയ ഗവേഷണങ്ങൾ നടക്കാതെ പലതും നിശ്ചലമായിരിക്കുകയാണ്. ഗവേഷണത്തിന്റെ ആധുനിക ടൂളുകൾ ഉപയോഗിക്കുകയും വിദ്യാർത്ഥികളായ യുവ ജനതയെ അതിനായി പ്രയോജനപ്പെടുത്തുകയും വേണം. ഇപ്പോൾ അതിനൊക്കെ ലഭ്യമായ ഫണ്ടും അവസരങ്ങളും പ്രയോജനപ്പെടുത്തുന്നുണ്ടോ എന്നത് തന്നെ സംശയമാണ്. ആയുർവേദം അടക്കമുള്ള വൈദ്യരംഗങ്ങളിലെ ഒരുവിഭാഗം കരുതുന്നത് പുതിയ അന്വേഷണങ്ങൾ ആവശ്യമില്ലെന്നാണ്. അതിന്റെ ആചാര്യന്മാർ കണ്ടുപിടിച്ചത് മതി എന്നാണ്. അന്നുള്ളവർക്ക് പുതിയ കാലത്ത് ലഭ്യമായ സാങ്കേതിക വിദ്യയും അറിവും ഉണ്ടായിരുന്നില്ലെന്ന് അവർ പരിഗണിക്കുന്നില്ല. പുതിയ കാലത്തിനനുസരിച്ച് മുന്നോട്ടുപോകാനുള്ള വൈമുഖ്യം വളരെ പ്രബലമാണ്. അവരിൽ ചിലർ വൈറസ് എന്നൊന്നില്ല എന്നൊക്കെ വിശ്വസിക്കുന്നവരാണ്. ഇത് ആധുനിക വൈദ്യത്തിൽ മാത്രം വിശ്വസിക്കുന്നവർക്ക് മറ്റുള്ളവയെ കപട ശാസ്ത്രം എന്ന് വിളിക്കാനുള്ള അവസരമൊരുക്കുകയാണ്. സാമ്പ്രദായിക അറിവുകളിൽ മാത്രം വിശസിച്ച് മുന്നോട്ടുപോവുക ആർക്കും സാധ്യമല്ലല്ലോ. നമുക്ക് വേണ്ടത് സംവാദങ്ങളും ചർച്ചകളും പരസ്പ്പര ബഹുമാനവുമാണ്. ഒരു വൈദ്യശാഖ മറ്റൊന്നിനോട് യുദ്ധം പ്രഖ്യാപിക്കുന്നതും ശത്രുതാപരമായി  പെരുമാറുന്നതും മനുഷ്യരാശിക്ക് ആശാസ്യമല്ല.

ആയുർവേദ മരുന്ന് നിർമ്മാണം, representational image

ആധുനിക വൈദ്യത്തിന്റെ രീതിശാസ്ത്രം മാനദണ്ഡമാക്കി മറ്റ് വൈദ്യ മേഖലകളെ വിലയിരുത്തുന്നത് ശരിയാണോ?

ശാസ്ത്രം എന്നത് ഒരു പ്രക്രിയയാണ്. ഓരോന്നിനും അതിന്റേതായ വ്യത്യസ്‌ത രീതിശാസ്ത്രങ്ങൾ ഉണ്ട്. മനുഷ്യനെ സംബന്ധിച്ചുള്ള എല്ലാ അറിവും ഇന്നും ശാസ്ത്രത്തിനില്ല. അത് നിരന്തരം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. ഓരോ മനുഷ്യനിലും സവിശേഷമായ ശരീര പ്രകൃതി കാണാം. അത് ഒരു യന്ത്രസമാനമായി പ്രവൃത്തിക്കുന്ന സംവിധാനമില്ല. അതുകൊണ്ടുതന്നെ ഓരോ രോഗങ്ങളും ഓരോ മനുഷ്യരിലും വ്യത്യസ്തമായ പ്രതികരണങ്ങൾ ഉണ്ടാക്കിയെന്ന് വരാം. അതുകൊണ്ട് ഒരു മരുന്ന് ലോകത്തുള്ള എല്ലാവർക്കുമായി നൽകുന്നത് ഫലപ്രദമാകണമെന്നില്ല. അതുപോലെ പ്രധാനമാണ് മനുഷ്യ മനസും ശരീരവുമായുള്ള പ്രതിപ്രവർത്തനം. അതുപോലെ ശാസ്ത്രത്തിന് അജ്ഞാതമായ ഒട്ടനവധി കാര്യങ്ങൾ മനുഷ്യരുടെ ആരോഗ്യത്തെ നിർണ്ണയിക്കുന്നുണ്ട്. അനിശ്ചിതത്വം (Uncertainity) കൂടി ചേർന്നതാണ് ശാസ്ത്രം. ശാസ്ത്രം അന്തിമമല്ല എന്നാണു ഞാൻ കരുതുന്നത്.

പൊതുജന ആരോഗ്യ മേഖലയിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) ന്റെ പങ്ക് എങ്ങനെയാണ് ഡോക്ടർ വിലയിരുത്തുന്നത്?

അതൊരു സുതാര്യവും സ്വതന്ത്രവും തുറന്നതുമായ സംവിധാനം അല്ല. അവർ വൻകിട മരുന്ന് കമ്പനികളുടെ നിയന്ത്രണത്തിലാണ്. അവർക്ക് മറ്റു വൈദ്യശാഖകളുടെ പ്രവർത്തനത്തിൽ താല്പര്യമൊന്നുമില്ല. ആധുനിക വൈദ്യം മാത്രം നിലനിന്നാൽ മതി എന്നാണ് അതിന്റെ നിലപാട്. കുറച്ചു വർഷങ്ങൾക്ക് മുൻപ് മറ്റു വൈദ്യ ശാഖകളിലുള്ള ഡോകടർമാർക്ക് ഫാർമക്കോളജി പഠിച്ചുകൊണ്ട് ഒരു  ബ്രിഡ്ജ് കോഴ്സ് നടത്താനുള്ള പദ്ധതി വിഭാവനം ചെയ്യപ്പെട്ടിരുന്നു. അത് വളരെ ശക്തമായി എതിർക്കുകയാണ് IMA ചെയ്‌തത്‌. എന്നാൽ വൻകിട കോർപ്പറേറ്റ് ആശുപത്രികൾ മറ്റ് വൈദ്യ ശാഖകളിൽ നിന്നും പരിശീലനം നേടിയ ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ചൈനയിലും തായ്‌ലാന്റിലും ഒക്കെ ആധുനിക വൈദ്യം പഠിപ്പിക്കുന്ന മെഡിക്കൽ കോളേജുകളിൽ പരമ്പരാഗത വൈദ്യവും പഠിപ്പിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ എല്ലാം വെവ്വേറെയാണ് കൈകാര്യം ചെയ്യുന്നത്.

സംയോജിത ചികിത്സ (integrated approach) ആണ് നല്ലത് എന്നാണോ ഡോക്ടർ പറയുന്നത്?

ഏത ചികിത്സയും മികച്ച രീതിയിലുള്ള പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷമേ പരിശീലിക്കാവൂ. അത്യാവശ്യ ഘട്ടങ്ങളിൽ ശസ്ത്രക്രിയ ആവശ്യമായി വരും. അത് ആധുനിക വൈദ്യത്തിന്റെ വലിയ സംഭാവനയാണത്. വിട്ടുമാറാത്ത പല രോഗങ്ങൾക്കും ഏതു ചികിത്സയാണ് ഫലപ്രദമെന്ന് നിർണ്ണയിക്കാനുതകുന്ന ഒരു സംവിധാനം നമുക്ക് വേണം. സംയോജിത ചികിത്സ ഒരു നല്ല സാധ്യതയാണ്. ഏതു ചികിത്സയിലും  മനുഷ്യന്റെ ആരോഗ്യമായിരിക്കണം അന്തിമമായ ലക്ഷ്യം. ഒരുപാട് കാലം മരുന്ന് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. അത് കിഡ്‌നി, കരൾ തുടങ്ങിയ അവയവങ്ങളെ മോശമാക്കും. ജീവിത ശൈലിയിലെയും ഭക്ഷണത്തിലെയും ക്രമീകരണങ്ങൾ  കൊണ്ട് പല രോഗങ്ങളും മാറ്റാൻ കഴിയും എന്നത് മറക്കരുത്.

Covid-19 Pandemic: A Third Eye, ബുക്ക് കവർ

Covid-19 Pandemic: A Third Eye എന്ന ഡോക്ടറുടെ പുസ്തകത്തെക്കുറിച്ച് പറയാമോ?

കോവിഡ് കാലത്ത് നാഷണൽ ഹെറാൾഡിലെ മുതിർന്ന പത്രപ്രവർത്തകൻ എന്നോട് പ്രതിവാര കോളം ചെയ്യാമോ എന്ന് ചോദിച്ചതിനെ തുടർന്നാണ് അത് എഴുതാൻ തുടങ്ങിയത്. ആ കാലത്തു നടക്കുന്ന പലതും ശാസ്ത്രീയമല്ലെന്ന് ഞാൻ നിരീക്ഷിച്ചിരുന്നു. കുട്ടികൾക്ക് കോവിഡ്  വാക്സിൻ നൽകുന്നത് തെറ്റാണെന്നൊക്കെ ഞാൻ അന്ന് ചൂണ്ടിക്കാണിച്ചിരുന്നു. നാഷണൽ ഹെറാൾഡിന്റെ വെബ്‌സൈറ്റിൽ അത് ഇപ്പോഴും ലഭ്യമാണ്. അതിൽ നിന്നും തെരഞ്ഞെടുത്ത എഴുത്തുകൾ ചേർത്താണ് ആ പുസ്തകം പ്രസിദ്ധീകരിച്ചത്. ഞാൻ അപ്പോൾ കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്മെന്റിൽ സേവനമനുഷ്ടിക്കുകയായിരുന്നു. അവിടെ ഞങ്ങൾ ഡേറ്റ വിശകലനം ചെയ്യുന്നുണ്ടായിരുന്നു. ഏഷ്യ, ആഫ്രിക്ക രാജ്യങ്ങൾ വളരെ കുറച്ചു മാത്രമേ കോവിഡ് ബാധ ഉണ്ടായുള്ളൂ എന്ന് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. അതുപോലെ പ്രായം, അമിത ഭാരം എന്നിവ ഒരു പ്രധാന ഘടകമായി ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.

ഡോ. അമിതാവ് ബാനർജി

താങ്കൾ പ്രാക്ടീസ് ചെയ്യുന്ന ആധുനിക വൈദ്യരംഗത്തെ വിമർശിക്കുകയും സർക്കാർ നയങ്ങൾക്കെതിരെ സംസാരിക്കുകയും ചെയ്യുമ്പോൾ താങ്കളുടെ സഹപ്രവർത്തകരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ഉണ്ടായ പ്രതികരണം എന്തായിരുന്നു?

മെഡിക്കൽ രംഗത്തെ അക്കാദമിക് വിദഗ്ധരിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ എനിക്ക് മോശം പ്രതികരണം നേരിടേണ്ടി വന്നില്ല. പല സഹപ്രവർത്തകരും അവർക്ക് തുറന്ന് സംസാരിക്കാൻ കഴിയാത്തതിന്റെ നിസ്സാഹായത എന്നോട് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ഞാൻ ICMR ന്റെ എത്തിക്കൽ കമ്മറ്റി അംഗവുമായിരുന്നു. അതേസമയം ബെൽജിയത്തിൽ  സേവനം അനുഷ്‌ഠിക്കുകയായിരുന്ന എന്റെ ഒരു സുഹൃത്തിന് ഇത്തരത്തിൽ വിമർശനങ്ങൾ പറഞ്ഞതിന്റെ പേരിൽ ജോലി നഷ്ടമായത് എനിക്കറിയാം. എല്ലാ സ്ഥലത്തും  സഹിഷ്ണുത ഉണ്ടാകണം എന്നില്ല.

ഇന്ത്യയിലെ പൊതുജന ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്താനായി ഡോക്ടർക്ക് എന്താണ് നിർദ്ദേശിക്കാനുള്ളത് ?

നമ്മുടെ പൊതുജനാരോഗ്യം പുരോഗമിക്കാൻ പൊതുജനങ്ങളുടെ ഭാഗത്തിന് നിന്നും അതിനുവേണ്ടിയുള്ള ശക്തമായ മുറവിളി ഉണ്ടാവണം. നിർഭാഗ്യവശാൽ ജനങ്ങൾ കരുതുന്നത് AIIMS പോലുള്ള വലിയ ആശുപത്രികൾ വരുന്നതാണ് ആരോഗ്യത്തിന് വേണ്ടതെന്നാണ്. വളരെ ചെറിയ ഒരു വിഭാഗത്തിന് വേണ്ട ചികിത്സ ഒരുക്കാൻ മാത്രമേ അത്തരം സംവിധാനങ്ങൾക്ക് കഴിയൂ എന്ന് അവർ മനസിലാക്കുന്നില്ല. അതുപോലെ ആശുപത്രിയിൽ ചികിത്സ തേടി പോകാതിരിക്കാനുള്ള  ആരോഗ്യ വഴികളാണ് ഓരോരുത്തരും അന്വേഷിക്കേണ്ടത്. അതുപോലെ രോഗിയെ അടുത്തറിയുന്ന കുടുംബ ഡോക്ടർമാരുടെ സേവനം ആണ് ഏറെ പ്രധാനപ്പെട്ടത്. എന്നാൽ ഹൈ ടെക് ആശുപത്രികളിലാണ് ജനങ്ങൾക്ക് വിശ്വാസം. അമ്പലങ്ങളും പള്ളികളും ആവശ്യപ്പെടുന്നതിന് പകരം ഗ്രാമതലം മുതൽ ആരോഗ്യ സംവിധാനങ്ങൾ ശരിയായി പ്രവൃത്തിക്കാൻ രാഷ്ട്രീയക്കാരോട് ജനങ്ങൾ  ആവശ്യപ്പെടേണ്ടിയിരിക്കുന്നു. അതുപോലെ പ്രധാനപ്പെട്ടതാണ് പൊതു വിദ്യാലയങ്ങളും.

(അവസാനിച്ചു)

Also Read