Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
തൈകളെല്ലാം വൃക്ഷങ്ങളായി വളരില്ലല്ലോ. അതുകൊണ്ട് അകാലമരണത്തിനും കുട്ടികൾക്ക് അർഹതയുണ്ട്. മൊഴിഞ്ഞത് ഡോ. ജാനസ് കൊർസാക് (Dr. Janusz Korczak); കുട്ടികളുടെ മാഗ്നകാർട്ടയിൽ. സോക്രട്ടീസ്, മാർട്ടിൻ ലൂഥർ കിംഗ്, മദർ തെരേസ എന്നിവർക്ക് സമശീർഷനായ പോളണ്ടിലെ എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനും. അദ്ദേഹത്തിന്റെ ആദ്യത്തെ ആഹ്വാനമാണ് സ്വന്തം എന്ന ഭാവഭേദമില്ലാതെ എല്ലാ കുഞ്ഞുങ്ങളെയും സ്നേഹിക്കുക എന്നത്. ഉറപ്പാക്കാം ഓരോ ശിശുവിന്റെയും സ്നേഹിക്കപ്പെടാനുള്ള അവകാശം. സ്വാർത്ഥതയിലമരുന്ന മർത്യർക്കെതിരെ പടവാളോങ്ങുകയാണ് കൊർസാക്. ചുറ്റുപാടുകളും ചുറ്റുവട്ടക്കാരും നല്ലതാവണം നാം സുരക്ഷിതരും സന്തോഷഭരിതരുമാകുവാൻ. സംഗതമാണ് ഈ സങ്കല്പനം, പരിസ്ഥിതി നാശത്തിന്റെയും കുട്ടികൾക്കെതിരെ വീടിനകത്തും പുറത്തുമുള്ള അതിക്രമങ്ങളുടെയും വിപത്ക്കാലത്ത്.
പൈതങ്ങൾ ബഹുമാനിക്കപ്പെടണമെന്നും അവർക്ക് വളരാനും അവരുടെ വ്യക്തിത്വം വികസിപ്പിക്കാനുമുള്ള അനുയോജ്യ വാതാവരണം സൃഷ്ടിക്കണമെന്നും മാഗ്നകാർട്ട വിളംബരം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അന്താരാഷ്ട്ര ഉടമ്പടി ഉരുവപ്പെട്ടത് കൊർസാകിന്റെ ചിന്തകളിൽ നിന്ന്. അദ്ദേഹത്തിന്റെ (1879-1942) ജന്മശതാബ്ദി 1979 ൽ ആചരിക്കപ്പെട്ടത് കുട്ടികളുടെ വർഷമായി. എല്ലാ മക്കളോടുമുള്ള അനാദരവ്, അവഗണന എന്നിവയോടൊപ്പം അവരുടെ വിശപ്പും ചൂഷണവും തിരക്കേറിയ സാഹചര്യങ്ങളും ഇല്ലാതാക്കുക. കുട്ടികൾ നാളത്തെ പൗരരല്ല, ഇന്നത്തെ പൗരർ. അവരുടെ അവകാശമാണ് സ്വയം താൻ എന്താണോ അത് ആയിരിക്കുക എന്നത്. മറ്റുള്ളവരുടെ ആഗ്രഹങ്ങൾ അനുസരിച്ച് വാർപ്പുമാതൃകകൾ ആകാൻ വിധിക്കപ്പെട്ടവരല്ല അവർ. പരിപൂർണരല്ല ബാലർ. ചൊല്ലിലും ചെയ്തിയിലും അപാകതകളുണ്ടാകാം, തോൽവി സംഭവിക്കാം. ഒന്നാം സമ്മാനം ലഭിക്കാൻ അടയാളപ്പെടുത്തിയ ഭാഗ്യക്കുറിയല്ല അവർ. സമീപിക്കേണ്ടത് സഗൗരവം.
കുട്ടികളെ സംബന്ധിച്ച കാര്യങ്ങളിൽ ആരായണം അവരുടെ അഭിമതവും സമ്മതവും. ഉദാഹരണത്തിന് മുഖ്യമായും കുട്ടികളെ ബാധിക്കുന്ന ബോധന സമ്പ്രദായത്തിൽ, കരിക്കുലം, കളിസ്ഥലം, പരീക്ഷ, പണിയുന്ന കെട്ടിടം, മേളകൾ, പ്രഭാത-ഉച്ചഭക്ഷണം, സമിതികൾ, സഞ്ചാരം മുതലായവ. കാര്യങ്ങൾ കുട്ടികളുടെ വീക്ഷണത്തിലൂടെ ദർശിക്കാൻ നാം പഠിക്കേണ്ടതുണ്ട്. അഭിനന്ദനമർഹിക്കേണ്ടത് ഓരോ കൊച്ചും അവനവൻ ആയിരിക്കുമ്പോൾ (being themselves), മറ്റുള്ളവരുടെ തനിപകർപ്പുകൾ ആകുമ്പോഴല്ല; അത്തരത്തിൽ ചിട്ട(Mould)പ്പെടുത്തുമ്പോഴുമല്ല. സ്വയം വിധിക്കാനും കൂട്ടുകാരനാൽ വിധിക്കപ്പെടാനുമായി സ്വന്തം കോടതി. അടുത്ത 50 വർഷത്തിനുള്ളിൽ കുട്ടികളുടെ അവകാശം അവ്വിധം സംരക്ഷിക്കുന്ന ബാലകോടതികളില്ലാത്ത വിദ്യാലയങ്ങളോ സ്ഥാപനങ്ങളോ ഉണ്ടാകരുതെന്നാണ് കോർസാകിന്റെ അഭിലാഷം. ജുവനൈൽ നിയമപരിധിയിൽ കുട്ടിയുടെ അവകാശമാണ് സ്വയം പ്രതിരോധം. കുറ്റവാളികളായി അവർ മാറിയതല്ല. കുട്ടികളെ ഇങ്ങനെ പരിവുപ്പെടുത്തിയത്, പരാജയപ്പെടുത്തിയത് സമൂഹമാണ്. അവർക്കുവേണ്ടി നമുക്ക് ചെയ്യാനാകുന്നത് പൂർണ്ണമാകുന്നതുവരെ അക്കാര്യം നാം ഓർമ്മിച്ചുകൊണ്ടേയിരിക്കുക. ദുരുപയോഗ(abuse)ങ്ങളിൽ നിന്ന്, ആക്രമണങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കുക എന്നത് നമ്മുടെ ചുമതല. സർഗ്ഗാത്മകതയുടെ ജ്വാലയിൽ പരിവർത്തിപ്പിച്ചെടുക്കാൻ സൃഷ്ടാവ് നൽകിയ വിലമതിക്കാനാകാത്ത ഉപഹാരമാണ് കുഞ്ഞുങ്ങൾ. അതിനാൽ സുഖദമായ ഭാവിജീവിതത്തിന് പൈതങ്ങളെല്ലാം അർഹരാണ്. അതുകൊണ്ട് കുന്നിടിച്ച്, വൃക്ഷങ്ങൾ കടപുഴക്കി, ജന്തുജീവജാലങ്ങളെ കൊന്നൊടുക്കി അതില്ലാതാക്കരുത്. മാതാപിതാക്കൾക്ക് കൊർസാക് ഉപദേശിച്ച 10 കൽപനകൾ സർവ്വദാ സാർത്ഥകം. അപമാനിക്കരുത് കുട്ടികളെ. ജീവിതപരിചയം കുറവായതിനാൽ പ്രതിസന്ധികൾ അധികമാകുമെന്ന് കരുതി അവരുടെ പ്രശ്നങ്ങളിൽ ഇടപ്പെടേണ്ടതില്ല. നാം നൽകുന്നതും മുതൽമുടക്കുന്നതുമെല്ലാം കുട്ടി തിരിച്ചു തരണമെന്ന് പ്രത്യാശിക്കരുത്. കൃതജ്ഞത എന്നാൽ നാം സന്തതികൾക്ക് ജീവൻ കൊടുത്തതിന് പകരം അവർ പുതുജീവൻ നൽകുമെന്നതാണ്. ഇത്തരം വിചാര ധാരകളാണ് കൊർസാകിനെ ഹിറ്റ്ലറുടെ ഗ്യാസ് ചേമ്പറിലേക്ക് വിധിക്കപ്പെടാൻ കാരണമായത്. അപ്പോഴും ബാലിക-ബാലൻമാരോടൊത്ത് വാഴ്സ തെരുവീഥിയിലൂടെ കുട്ടികളുടെ വിശപ്പിൻ റിപ്പബ്ലിക് പതാകയുമേന്തി അദ്ദേഹം മാർച്ച് ചെയ്യുകയായിരുന്നു.
റഫറൻസ്: പാഠഭേദം ജൂൺ 2023, ബാലസൗഹൃദ തദ്ദേശഭരണം, കില കൈ പുസ്തകം
(വനമിത്ര-ഭൂമിമിത്ര പുരസ്കാരജേതാവും ഇൻസ്പെയർ ഇന്ത്യയുടെ സെക്രട്ടറിയുമാണ് ലേഖകൻ)