കലാപഗൂഢാലോചനയിൽ പ്രതിയാക്കപ്പെട്ട ഒരു പുസ്തകം

“To the innocent children who lost their lives at the BRD medical college Gorakhpur, in August 2017 and the brave parents who have endured limitless grief and a grave betrayal”

”ഗൊരഖ്പൂർ ബി.ആർ.ഡി മെഡിക്കൽ കോളേജിൽ 2017 ആഗസ്റ്റിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധിയായ കുഞ്ഞുങ്ങൾക്ക്, അവസാനമില്ലാത്ത ദുഃഖവും കടുത്ത വഞ്ചനയും സഹിക്കേണ്ടിവന്ന അവരുടെ ധീരരായ രക്ഷിതാക്കൾക്ക്.”- ‘ദ ഗൊരഖ്പൂർ ഹോസ്പിറ്റൽ ട്രാജഡി-എ ഡോക്ടേഴ്സ് മെമ്മയർ ഓഫ് എ ഡെഡ്ലി മെഡിക്കൽ ക്രെെസിസ്’ എന്ന പുസ്തകത്തിന്റെ സമർപ്പണ വാചകം ഇപ്രകാരമാണ്. ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടേണ്ടതാണ് അധികാരികളില്‍ നിന്നും വിവേചനപരമായ പീഡനം നേരിട്ട ഒരു പൗരൻ, കുട്ടികളുടെ ഡോക്ടറായ ഡോ. കഫീൽ ഖാൻ എഴുതിയ ഈ പുസ്തകം.

ഇന്ത്യയിലെ ആരോഗ്യമേഖലയുടെ തകര്‍ച്ചയെ തുറന്നുകാണിക്കുന്ന ഡോ. കഫീൽ ഖാന്റെ അനുഭവത്തെയും രാഷ്ട്രീയത്തെയും ഉത്തര്‍പ്രദേശ് സർക്കാർ ഇപ്പോഴും ഭയക്കുന്നു എന്നാണ് ഈ ഡിസംബര്‍ ഒന്നിന് ലക്‌നൗ സൗത്തിലെ കൃഷ്ണാനഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌.ഐ.ആര്‍ സൂചിപ്പിക്കുന്നത്. ‘ദ ഗൊരഖ്പൂർ ഹോസ്പിറ്റൽ ട്രാജഡി എ ഡോക്ടേഴ്സ് മെമ്മയർ ഓഫ് എ ഡെഡ്ലി മെഡിക്കൽ ക്രെെസിസ്’ എന്ന പുസ്തകത്തിനെതിരെയാണ് എഫ്.ഐ.ആർ ഫയൽ ചെയ്തിരിക്കുന്നത്. മനീഷ് കുമാർ ശുക്ല എന്ന യുവാവ് പുസ്തകത്തിനെതിരെ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്.ഐ.ആറിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 ബി (ദേശീയ ഉദ്ഗ്രഥനം, അഖണ്ഡത, ഭരണഘടനയോടുള്ള വിശ്വാസം എന്നീ കാര്യങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പരാമര്‍ശമോ പ്രസിദ്ധീകരണമോ നടത്തുക, ഏതെങ്കിലും മത/ജാതി/ഭാഷാ/വംശ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ ഇന്ത്യന്‍ പൗരര്‍ എന്ന നിലയില്‍ അവകാശ ലംഘനങ്ങള്‍ നടക്കുന്നു എന്ന് പ്രചരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറ്റവല്‍ക്കരിക്കുന്നു), 143 (നിയമവിരുദ്ധമായ കൂട്ടംചേരലിനെതിരെ), 465 (വ്യാജരേഖ ഉണ്ടാക്കുന്നതിനെതിരെ), 467 (വ്യാജരേഖ മൂല്യമുള്ള വസ്തുവായി ഉപയോഗിക്കുന്നതിനെതിരെ) 471 (ഗൂഢലക്ഷ്യങ്ങളോടെ ഒരു വ്യാജരേഖ ഉപയോഗിക്കുന്നതിനെതിരെ), 504 (ഉദ്ദേശ്യത്തോടുകൂടിയുള്ള അപഹസിക്കൽ, പൊതുസമാധാനം തകർക്കുന്ന രീതിയിൽ ഇടപെടൽ നടത്തൽ എന്നിവയ്ക്കെതിരെ), 505 (പൊതുസമൂഹത്തില്‍ ഭയമുണ്ടാക്കുന്ന തരത്തിലോ സര്‍ക്കാരിനെതിരെയോ ഏതെങ്കിലും ജനവിഭാഗത്തിനെതിരെയോ പ്രസ്താവന നടത്തുകയോ അങ്ങനെയൊന്ന് പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതിനെതിരെ), 298 (മതവികാരങ്ങൾ വ്രണപ്പെടുത്തുന്ന പ്രവൃത്തികൾ ചെയ്യുക, വാക്കുകൾ ഉപയോഗിക്കുക എന്നിവയെ്ക്കതിരെ) ,295 (ഉദ്ദേശ്യത്തോടുകൂടി അന്യമത വിശ്വാസിയുടെ ആരാധനാസ്ഥലം കയ്യേറുക), 295 എ, പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ഓഫ് ബുക്‌സ് നിയമത്തിലെ 3, 12 വകുപ്പുകൾ എന്നീ വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. എഫ്‌.ഐ.ആറില്‍ ഡോ. കഫീല്‍ ഖാനെ കൂടാതെ തിരിച്ചറിയപ്പെടാത്ത നാലോ അഞ്ചോ പേരെ കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്. പരാതിയുടെ പ്രധാന ആരോപണം ഈ പുസ്തകം ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള പ്രചരണത്തിനായി ഉപയോഗിക്കപ്പെടുന്നു എന്നാണ്. പുസ്തകം കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണ് എന്ന് പരാതിക്കാരൻ ആരോപിക്കുന്നു. അതിനുള്ള പ്രാദേശിക ഗൂഢാലോചനയെക്കുറിച്ച് വിവരം നല്‍കുകയാണ് താന്‍ ചെയ്യുന്നത് എന്നാണ് പരാതിക്കാരന്‍ പറയുന്നത്. അതും അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തിലാണ് ഈ എഫ്‌.ഐ.ആര്‍ വന്നത് എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയും അതിൽ ബി.ജെ.പിക്ക് അധികാരം ഇല്ലാതിരുന്ന രണ്ട് സംസ്ഥാനങ്ങളിൽ- രാജസ്ഥാനിലും ഛത്തീസ്ഗഢിലും ബി.ജെ.പി അധികാരത്തിൽ വരികയും ചെയ്തിന് പിന്നാലെയാണ് ദേശീയ മാധ്യമങ്ങളിൽ ഈ പുസ്തകത്തിനെതിരായ കേസും ഡോ. കഫീൽ ഖാനും വീണ്ടും വാർത്തയായി വരുന്നത്. കോൺഗ്രസ് സർക്കാരിന്റെ ക്ഷണ പ്രകാരം ഉത്തർപ്രദേശിൽ നിന്നും മാറി ഡോ. കഫീൽ കുറച്ചുകാലമായി രാജസ്ഥാനിൽ പ്രവർത്തിച്ചിരുന്നു. 2017ൽ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ​​ഗൊരഖ്പൂരിലുള്ള ബി.ആര്‍.സി മെഡിക്കല്‍ കോളജില്‍ ജീവവായു കിട്ടാതെ 60 പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തിൽ യു.പി സർക്കാരിന്റെ വീഴ്ചകൾ തുറന്നുകാണിച്ചതോടെയാണ് ഡോ. കഫീൽ ഖാൻ വേട്ടയാടപ്പെടുന്നത്. ​ഗൊരഖ്പൂർ സംഭവവുമായി ബന്ധപ്പെട്ടും അലിഗഡ് മുസ്ലീം സർവ്വകലാശാലയിൽ പൗരത്വബില്ലുമായി ബന്ധപ്പെട്ട് നടത്തിയ പ്രസം​ഗത്തിന്റെ പേരിലുമെല്ലാം അദ്ദേഹത്തിന്റെ പേരിൽ വ്യാജമായ കേസുകൾ ചുമത്തപ്പെടുകയും ജയിൽ വാസം അനുഭവിക്കേണ്ടി വരുകയും ചെയ്തു. കുട്ടികളുടെ കൂട്ടമരണത്തിനു പിന്നിലെ സർക്കാർ അനാസ്ഥ പുറംലോകം അറിയാൻ കാരണമായതിന്റെ പേരിൽ യുപി സർക്കാർ ഒന്നിന് പിറകേ ഒന്നായി അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു. ഈ അനുഭവങ്ങളാണ് ‘ദ ഗൊരഖ്പൂർ ഹോസ്പിറ്റൽ ട്രാജഡി എ ഡോക്ടേഴ്സ് മെമ്മയർ ഓഫ് എ ഡെഡ്ലി മെഡിക്കൽ ക്രെെസിസ്’ എന്ന പുസ്തകത്തിൽ അദ്ദേഹം വിശദീകരിക്കുന്നത്.

ഡോ. കഫീൽ ഖാൻ ജയിൽ മോചിതനായപ്പോൾ. കടപ്പാട്:rediff.com

2017 മുതല്‍ 2023 വരെയുള്ള ഡോ. കഫീല്‍ ഖാന്റെ പ്രവര്‍ത്തനങ്ങളെല്ലാം നടന്നത് മൂന്ന് തവണയായി ഉണ്ടായ അറസ്റ്റുകളുടെയും മാസങ്ങളും വര്‍ഷങ്ങളും നീണ്ട തടവുശിക്ഷയുടെയും ഇടയിലാണ്. ആരോഗ്യത്തെ ജനാധിപത്യവത്കരിക്കാനും, പൊതുമേഖലയിലുള്ള പ്രാഥമിക ചികിത്സാ സംവിധാനങ്ങൾ എല്ലാവര്‍ക്കും ലഭ്യമാകേണ്ട അടിസ്ഥാന അവകാശമാണെന്ന് ഈ വ്യവസ്ഥയെ വീണ്ടും ബോധ്യപ്പെടുത്താനുമുള്ള ശ്രമങ്ങളാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം. വസ്തുതയുടെ പിൻബലമില്ലാതെ, ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത ഈ എഫ്‌.ഐ.ആറില്‍ പറയുന്ന രീതിയിലുള്ള ഭീകരവാദമോ സര്‍ക്കാരിനെ അട്ടിമറിക്കുവാനുള്ള ഗൂഢാലോചനയോ ഒന്നും ഈ പുസ്തകം വായനക്കാരുമായി പങ്കുവയ്ക്കുന്നില്ല. 2018 മുതല്‍ ഇതുവരെ ഈ സംഭവവുമായി ബന്ധപ്പെട്ട് നടത്താന്‍ കഴിഞ്ഞ റിപ്പോർട്ടിങ്ങിന്റെയും അന്വേഷണങ്ങളുടെയും അതിലൂടെ ലഭിച്ച അറിവുകളുടെയും അടിസ്ഥാനത്തില്‍, ഈ പുസ്തകത്തിനെ മുൻനിർത്തി ഡോ. കഫീൽ ഖാനെതിരെ ഉയര്‍ന്നിട്ടുള്ള കുറ്റാരോപണങ്ങള്‍ ഒന്നും തന്നെ കോടതിക്ക് മുന്നില്‍ നിലനില്‍ക്കാന്‍ പോകുന്നവയല്ല എന്ന് ഉറപ്പിച്ച് പറയാൻ കഴിയും.

എഫ്.ഐ.ആറിലെ വിവരണം ഇങ്ങനെയാണ്,

“ഡിസംബർ ഒന്നാം തീയ്യതി നാലോ അഞ്ചോ ആളുകൾ കടയുടെ മറവിൽനിന്ന് സംസ്ഥാന സർക്കാരിനെയും സംസ്ഥാന മന്ത്രിമാരെയും ഉന്നത അധികാരികളെയും കുറിച്ച് മോശമായ ഭാഷയിൽ സംസാരിക്കുന്നത് കേട്ടു. ഇത് ഫോണിലൂടെ പറയുകയായിരുന്നു. കലാപത്തിലൂടെ സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് അവർ സംസാരിച്ചിരുന്നത്. ഞാൻ എതിർത്ത് ഒന്നും പറയാതെ അവർ പറയുന്നത് കേട്ടു. അവർ പറഞ്ഞത്, ഡോ. കഫീൽ ഖാൻ രഹസ്യമായി ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് രഹസ്യമായിത്തന്നെ പ്രചരിപ്പിക്കുന്നുണ്ട്. ഈ പുസ്തകം ഉപയോഗിച്ച് സ്വന്തം ആളുകളുടെ ഒരു രഹസ്യ പദ്ധതിക്ക് വേണ്ടി ഫണ്ട് സമാഹരിക്കുകയും ചെയ്യുന്നുണ്ട് എന്നിങ്ങനെയാണ് എന്നാണ് പരാതിക്കാരൻ അറിഞ്ഞതായി പറയുന്നത്.

ഈ പുസ്തകത്തിൽ ഡോ. കഫീൽ ഖാൻ ഗൊരഖ്പൂർ മെഡിക്കൽ കോളേജിൽ നടന്ന കുട്ടികളുടെ മരണത്തെക്കുറിച്ചുള്ള സത്യങ്ങളാണ് പറയുന്നത്. ഈ പുസ്തകം പ്രചരിപ്പിക്കുന്നതോടൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഈ പുസ്തകം തന്റെ സമുദായത്തിൽ നിന്നുളള എല്ലാവരുടെയും അടുത്തെത്തിക്കുക എന്ന ലക്ഷ്യവും എഴുത്തുകാരനുണ്ട് എന്ന് പരാതിക്കാരൻ ആരോപിക്കുന്നു. ഡോ. കഫീൽ ഖാൻന്റെ ആളുകൾ സർക്കാരിനെതിരെ വിദ്വേഷം പടർത്തുന്നവരിൽ കൂടുതലാണ്. പ്രദേശത്ത് കലാപമുണ്ടാക്കാൻ കഴിയുന്ന ഇവർ തീവ്രവാദികളാകാനും സാധ്യതയുണ്ട്. അതുകൊണ്ട് ഇവരുമായി സംസാരിക്കുന്നത് ഉചിതമാകില്ല എന്ന് മനസ്സിലാക്കി എന്റെ സുഹൃത്തുക്കളെ ഫോണിൽ വിളിച്ചുവരുത്തി. ഞങ്ങളെ കണ്ടതോടെ ഈ ആളുകൾ ഇരുട്ടിലേക്ക് ഓടിരക്ഷപ്പെടുകയും ചെയ്തു. അവരുടെ കയ്യിൽ ബോംബ് ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ നമ്മൾ അവരെ പിന്തുടർന്ന് പോയില്ല. ഓടുന്നതിനിടെ അവരുടെ കയ്യിൽ നിന്നും ഒരു പുസ്തകം താഴെ വീണു. പിന്നീട് പുസ്തകം എടുത്തു നോക്കിയതായി പറയുന്ന പരാതിക്കാരൻ അതിൽ ലേഖകന്റെയോ പ്രസാധകരുടെയോ പേരുവിവരങ്ങൾ ഇല്ലായിരുന്നു എന്നും പറയുന്നു.

ദ ഗൊരഖ്പൂർ ഹോസ്പിറ്റൽ ട്രാജഡി കവർ

ഈ എഫ്ഐആർ തനിക്കെതിരെയുള്ള പീഡനം തുടരാനുള്ള സർക്കാരിന്റെ അടുത്ത നീക്കമാണെന്ന് ഡോ. കഫീൽ ഖാൻ പ്രതികരിച്ചു. ഈ എഫ്ഐആർ അടിസ്ഥാനമില്ലാത്തതാണെന്നും ഫിക്ഷൻ രൂപത്തിലുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ആ സംഭവത്തിന് ശേഷം സർക്കാർ മെഡിക്കൽ കോളേജിന് ധാരാളം പണം നൽകി, എല്ലാ കടവും അവർ അടച്ചുതീർത്തു. പക്ഷേ ജീവൻ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ ഇനി തിരിച്ചുവരികയില്ല.” 2018 മെയ് മാസം സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് എറണാകുളത്ത് വച്ച് നടത്തിയ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ നൽകിയ അഭിമുഖത്തിൽ ഡോ. കഫീൽ പറഞ്ഞിരുന്നു.

“അക്യൂട്ട് എന്‍സിഫലൈറ്റിസ് സിന്‍ഡ്രോം തലച്ചോറിനെയാണ് ബാധിക്കുന്നത്. എന്‍സിഫലൈറ്റിസ് സിന്‍ഡ്രോമില്‍ തന്നെ പല രോഗങ്ങളുണ്ട്, അതില്‍ ഒന്നാണ് ജാപനീസ് എന്‍സിഫലൈറ്റിസ്. 1971ല്‍ ജപാനില്‍ തുടങ്ങുകയും ജാപനീസ് എന്‍സിഫലൈറ്റിസ് വാക്‌സിനിലൂടെ അവിടെ ഇതിനെ ഉന്മൂലനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടന ഇവിടെയും ഈ വാക്‌സിന്‍ ലഭ്യമാക്കുന്നുണ്ട്. വാക്‌സിനേഷന്‍ കൃത്യമായി നടക്കാത്തതിനാല്‍ ആകാം ഇവിടെ പ്രതിരോധം അസാധ്യമാകുന്നത്. ഇവയില്‍ 40 ശതമാനം കേസുകള്‍ എലികളില്‍ കാണപ്പെടുന്ന ചെള്ളില്‍ വളരുന്ന സ്‌ക്രബ് ടൈഫസ് എന്ന ബാക്റ്റീരിയ കാരണമാണ് എന്നാണ് ഐ.സി.എം.ആര്‍ പറയുന്നത്. മഴക്കാലത്ത് എലികള്‍ വീടുകള്‍ക്കുള്ളില്‍ പെരുകുമ്പോഴാണ് കുഞ്ഞുങ്ങളിലേക്ക് രോഗം എത്തിച്ചേരുന്നത്”.

“എന്‍സിഫലൈറ്റിസ് അതിവേഗം വ്യാപിക്കുന്നതാണ്, ഒരു കുട്ടിക്ക് പനി തുടങ്ങിക്കഴിഞ്ഞാല്‍ അതുമുതലാണ് ചികിത്സ തുടങ്ങേണ്ടത്. ഇല്ലെങ്കില്‍ കുട്ടി കോമയിലേക്ക് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പിന്നെ രക്ഷപ്പെടുത്താന്‍ കഴിയില്ല. ഉത്തര്‍പ്രദേശിലെ അടിസ്ഥാന ആരോഗ്യ സംവിധാനങ്ങള്‍ വെള്ളാനയെ പോലെയാണ്. കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും സ്റ്റാഫ് ഉണ്ടാകുകയില്ല, മരുന്നുകള്‍ ഉണ്ടാകുകയില്ല, 24 മണിക്കൂര്‍ പ്രവര്‍ത്തനം ഉണ്ടാകുകയില്ല. അതാണ് മെച്ചപ്പെടുത്തേണ്ടത്. മരിച്ച കുഞ്ഞുങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ 99 ശതമാനം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന് കാണാം. നല്ല സാനിറ്റേഷന്‍ സൗകര്യമില്ല, സുരക്ഷിതമായ കുടിവെള്ളം ലഭ്യമല്ല, പോഷകാഹാരം കിട്ടുന്നില്ല, ഇതാണ് ഇവരില്‍ പ്രതിരോധശേഷി കുറയാന്‍ കാരണം.” ഡോക്റ്റർ തുടർന്ന് വിശദീകരിച്ചു.

ഡോ. കഫീൽ ഖാൻ അലി​ഗഢ് സർവ്വകലാശാലയിൽ സംസാരിക്കുന്നു. കടപ്പാട്: scroll

2018ൽ ഉത്തർപ്രദേശിലെ ബഹ്‌റൈച് ജില്ലാ ആശുപത്രിയിലും കുഞ്ഞുങ്ങളുടെ കൂട്ടമരണങ്ങളുണ്ടായി. നിഗൂഢ രോഗം കാരണമാണ് മരണമുണ്ടായതെന്ന് ആശുപത്രി വാർത്ത നൽകിയപ്പോൾ മെഡിക്കൽ ടീമിനൊപ്പം വസ്തുതാന്വേഷണം നടത്താൻ ആവശ്യമായ അനുമതി നേടിയ ശേഷം ഡോ. കഫീൽ ഖാൻ അവിടെ പോവുകയും വസ്തുതാന്വേഷണം നടത്തി വാർത്താസമ്മേളനം നടത്താൻ പോകുന്നതിന് മുന്നേതന്നെ രോഗികളെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. എൻസിഫലെെറ്റിസ് കാരണമാണ് അവിടെയും കുഞ്ഞുങ്ങൾ മരിച്ചത്.

2019 ജൂണില്‍ ബിഹാറിലെ മുസഫര്‍പൂര്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കൊളേജില്‍ പനി ബാധിച്ച് മുന്നൂറോളം കുഞ്ഞുങ്ങള്‍ മരിച്ചപ്പോള്‍ ഡോ. കഫീല്‍ ഖാന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം കണ്ടെത്തിയത് ആ പനി എന്‍സിഫലൈറ്റിസ് ആണെന്നാണ്. ശുദ്ധമായ കുടിവെള്ളം ഇല്ല, പോഷകാഹാരമില്ലായ്മ, വാക്‌സിനേഷന്‍ പൂര്‍ണമല്ല, കടുത്ത ചൂട്, സാനിറ്റേഷന്‍ പ്രശ്‌നങ്ങള്‍ എന്നിവയാണ് കാരണങ്ങളായി കണ്ടെത്തിയത്. മരിച്ച കുഞ്ഞുങ്ങളില്‍ ഭൂരിഭാഗവും മഹാദലിത് വിഭാഗത്തിലുള്ളവരായിരുന്നു.

ഡോക്ടറുടെ പുസ്തകം പരിഭാഷപ്പെടുത്തുമ്പോൾ

പരിഭാഷയുടെ സാധ്യത അത് ഭാഷയാല്‍ അപരിചിതരായ ആളുകള്‍ക്കിടയില്‍ ആശയവിനിമയം നടത്തുന്നു എന്നതാണ്. ഇന്ത്യ പോലെ വ്യത്യസ്തമായ, സ്വത്വങ്ങള്‍ക്കൊപ്പം സംഘര്‍ഷാവസ്ഥകള്‍ പേറുന്നൊരു സാമൂഹികതയില്‍, മൊഴിമാറ്റത്തിന്റെ ആവശ്യവും സാധ്യതയും വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല എന്നാണ് ഈ പുസ്തകം ‘ഓക്‌സിജന്‍, ഒരു ഡോക്ടറുടെ ഓര്‍മക്കുറിപ്പുകള്‍’ എന്ന പേരില്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തപ്പോള്‍ തോന്നിയത്. നാലുമാസം കൊണ്ട് ചെയ്‌തെടുത്തതാണ് ഈ പരിഭാഷ. പുസ്തകത്തിലുടനീളം ഒരേതരം ഭാഷ, വായിച്ചെടുത്ത അതേ ഒഴുക്കില്‍ ഏറെ തടസ്സങ്ങളില്ലാതെ സൂക്ഷിക്കാന്‍ കഴിഞ്ഞു. പുസ്തകം ഉള്ളടക്കിയ വേദനയെ സാധ്യമായ രീതിയിലെല്ലാം പകര്‍ത്താന്‍ കഴിയണം എന്ന തീരുമാനം കൊണ്ട് കഴിഞ്ഞതാണത്. വാക്കാല്‍ അതേപടിയുള്ള മൊഴിമാറ്റം വേണമെന്നില്ല എന്ന് എഴുത്തുകാരന്‍ പറഞ്ഞിരുന്നു. എന്നാൽ ഒരു വാക്കുപോലും എടുത്തുമാറ്റാന്‍ കഴിയുന്ന രീതിയിലല്ല ഇതെഴുതിയിരിക്കുന്നത്, അത്രമാത്രം വിവരങ്ങളും സമയരേഖകളും അടങ്ങിയതാണ് ഈ പുസ്തകത്തിലെ ഓരോ വരിയും. ഒരു മനോഗതം പോലും രൂപം മാറ്റിയെഴുതിയാല്‍ അത് നീതിപൂര്‍ണമായ വിവര്‍ത്തനം ആകുകയില്ല എന്ന് തോന്നിക്കുന്ന രീതിയില്‍ ആണ് ഈ പുസ്തകത്തിന്റെ എഴുത്ത്. ഇതൊരു വെര്‍ബല്‍ ഡോക്യുമെന്ററി ആണ്.

ഓക്സിജൻ കവർ

രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാളം, കന്നഡ, തമിഴ്, മറാത്തി, ഉര്‍ദു, ഹിന്ദി എന്നീ ഭാഷകളിലേക്ക്, അതിലൂടെ പതിനായിരക്കണക്കിന് ആളുകളിലേക്ക് ഈ പുസ്തകത്തിന് കടന്നുചെല്ലാന്‍ കഴിഞ്ഞു. സര്‍ക്കാര്‍ കുറ്റവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന പുസ്തകം വിവിധ ഭാഷകളിലായി, സമാന്തരമായി ഈ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നു.

2023 സെപ്തംബറില്‍, ഓര്‍മ്മക്കുറിപ്പുകളുടെ തമിഴ് പരിഭാഷ, ‘ഗോരഖ്പൂര്‍ മരുത്തുവമണൈ തുയര സംഭവം: ഒരു മരുത്തുവരിന്‍ നിനൈവുഗള്‍’/എസ് സുബ്ബറാവു, പ്രകാശിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ ഡോ .കഫീല്‍ ഖാന്‍ പറഞ്ഞു, “ഓരോ തവണ നമ്മള്‍ ഗൊരഖ്പൂര്‍ ദുരന്തത്തെക്കുറിച്ച് പറയുമ്പോഴും രണ്ടുപേരെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്- യോഗി ആദിത്യനാഥ്, ഡോ. കഫീല്‍ ഖാന്‍ എന്നിവരെക്കുറിച്ച്. ആരും മരിച്ച കുഞ്ഞുങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. ഞാന്‍ അവര്‍ക്കുവേണ്ടി എഴുതിയതാണ് ഈ പുസ്തകം. അവര്‍ ഈ ലോകത്തേക്ക് വന്നത് ഏത് ജാതിയിലും മതത്തിലുംപെട്ടവരാണ് എന്നറിഞ്ഞുകൊണ്ടല്ല, പക്ഷേ ദരിദ്രര്‍ എന്ന ഒരൊറ്റ സമുദായത്തിൽപ്പെട്ടവരായിരുന്നു അവരെല്ലാം.”

“എല്ലാ വർഷവും ആഗസ്റ്റില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നത് പതിവാണ്” എന്ന് ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ് ലാഘവത്തോടെ നടത്തിയ പ്രസ്താവനയും കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടത് ഓക്‌സിജന്‍ കിട്ടാതെയാണ് എന്ന് വ്യക്തമാക്കുന്ന, പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച ഡോക്യുമെന്റേഷന്‍ നടത്തിയിട്ടില്ല എന്ന വസ്തുതയും ഈ മരണങ്ങളെ ഒരു ഭീകരവ്യവസ്ഥകളുടെ അടയാളമാക്കുന്നത് എങ്ങനെയെന്നും ഡോ. കഫീല്‍ ഖാന്റെ പുസ്തകം ഓർമിപ്പിക്കുന്നുണ്ട്. ഓർമ്മക്കുറിപ്പുകൾ ചിലത് ഓർമ്മപ്പെടുത്താനുള്ള എഴുത്താകുന്നത് അങ്ങനെയാണ്. ഓക്സിജൻ ഇല്ലാത്തത് കാരണമാണ് മരണങ്ങൾ ഉണ്ടായതെന്ന് എവിടെയും പറയേണ്ടതില്ലെന്ന് ഔദ്യോഗിക തീരുമാനം ഉണ്ടായി. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട രക്ഷിതാക്കളെ കൊണ്ട് കുട്ടി മരിച്ചത് രോഗം കാരണമാണെന്ന സത്യവാങ്മൂലം എഴുതിച്ചു, ഓക്സിജൻ ഇല്ലാതായിരുന്നെങ്കിലും ഡോക്ടർമാർ സിലിണ്ടറുകൾ സംഘടിപ്പിച്ചിരുന്നു എന്നും. ആഗസ്റ്റ് 12 ന് നടന്ന ഉന്നതതല യോഗത്തിലും ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരുന്ന കുഞ്ഞുങ്ങൾ പ്രാഥമിക പരിഗണന ആയിരുന്നില്ലെന്നും ഡോക്ടർ ഓർക്കുന്നുണ്ട്. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ രാജീവ് മിശ്രയും ഓക്സിജൻ വിതരണ ചുമതലയുള്ള അനസ്തീഷ്യ വിഭാഗം മേധാവി ഡോ. സതീഷ് കുമാറും മൂന്ന് അക്കൗണ്ടന്റുമാരും കുറ്റാരോപിതരായി. ബഡ്ജറ്റ് തുക ഏപ്രിലിൽ തന്നെ ലഭ്യമായിരുന്നിട്ടും ഓക്സിജൻ വിതരണക്കാരായ പുഷ്പ സെയ്ൽ‍സിന്റെ പേയ്മെന്റ് എന്തുകൊണ്ട് നടത്തിയില്ല എന്ന ചോദ്യം ഉത്തരം കിട്ടാതെ ബാക്കിയാകുകയും ചെയ്തു. ഓക്സിജൻ സിലിണ്ടറുകൾക്കായുള്ള തിരച്ചിലിനിടയിൽ ഇതാദ്യത്തെ തവണയല്ല സർക്കാരിന്റെ ഭാഗത്ത് നിന്ന് ഓക്സിജൻ വിതരണക്കാർക്കെതിരെ ഈ സമീപനം ഉണ്ടായത് എന്നും ഡോ. കഫീൽ ഖാൻ അറിയുന്നുണ്ട്.

2017 ആഗസ്റ്റ് 10 മുതൽ 22 വരെ ആശുപത്രിക്കകത്ത് സംഭവിച്ചത് എന്താണെന്നും ഏതെല്ലാം അധികാരികളെ ഈ പ്രതിസന്ധിക്കിടെ സമീപിച്ചുവെന്നും അവർ ഓരോരുത്തരും പറഞ്ഞതെന്താണെന്നുമുള്ള ഒരു സാമൂഹ്യരേഖകൂടിയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കമെന്ന് വലിയൊരർത്ഥത്തിൽ മനസ്സിലാക്കിയത് പുസ്തകം മൊഴിമാറ്റം ചെയ്യാനായി രണ്ടാം തവണയും വായിച്ചപ്പോളാണ്. പുസ്തകം താഴെവെക്കാൻ കഴിയാത്ത രീതിയിൽ, വേദന സംവദിക്കുന്ന ഒന്നായിരുന്നു ആദ്യത്തെ വായന. എവിടെയാണോ അവിടേക്ക് വായനക്കാരിയെ കൂടെ കൂട്ടിക്കൊണ്ടാണ് ഈ പുസ്തകത്തിന്റെ യാത്ര. ഈ പുസ്തകം വായിക്കുക എന്നതും, അന്ന് നടന്ന സംഭവങ്ങളെ വിശദാംശങ്ങളോടുകൂടി മനസ്സിലാക്കുക എന്നതും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്.

​ഗൊരഖ്പൂർ ആശുപത്രിയിൽ എൻസിഫലെെറ്റിസ് വാർഡിൽ ചികിത്സയിൽ കഴിയുന്ന കുട്ടികൾ. ഫയൽ ചിത്രം

എൻസിഫലെെറ്റിസ് വാർഡിൽ ചികിത്സയിലായിരുന്ന കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമാകാൻ കാരണമായ സർക്കാർ അനാസ്ഥയുടെ പശ്ചാത്തലവും പിന്നീട് സംഭവിച്ചതുമെല്ലാം രേഖപ്പെടുത്തുന്ന ഈ പുസ്തകം, ഉത്തർപ്രദേശിലെ ജയിൽ സംവിധാനത്തെ കുറിച്ചും അതിനകത്ത് ജാതിയും അധികാരവും പണവും എങ്ങനെ പ്രവർത്തിക്കുന്നു എന്നതും തുറന്നുകാട്ടുന്നുണ്ട്. 2017ല്‍ മാധ്യമങ്ങളോട് സംസാരിച്ച, ആ ആശുപത്രിയിലെ ഒരേയൊരു ഡോക്ടര്‍ എന്ന നിലയില്‍ ഡോ. കഫീല്‍ ഖാന് പിന്നീട് നേരിടേണ്ടി വന്നത് 2018 വരെ നീണ്ട തടവുശിക്ഷയാണ്. ഭരണകൂടം കാരണമുണ്ടായ പ്രതിസന്ധിയെ നേരിടാൻ ശ്രമിച്ചതിന് ശിക്ഷയായി മൂന്നു തവണ അറസ്റ്റ് ചെയ്യുകയും വിവിധ സാഹചര്യങ്ങളിലായി കുടുംബാംഗങ്ങൾ ഉൾപ്പെടെ ആക്രമിക്കപ്പെടുകയും ചെയ്യുന്ന രീതിയിലുള്ള വിദ്വേഷ കുറ്റകൃത്യങ്ങളിലേക്കാണ് പിന്നീട് ഡോക്ടറുടെ ജീവിതത്തിന്റെ ഗതിമാറ്റപ്പെട്ടത്. മെഡിക്കല്‍ പുസ്തകങ്ങള്‍ മാത്രം വായിച്ചിരുന്ന കഫീൽ ഖാൻ ഡോ. ബി.ആര്‍ അംബേദ്കറിനെ വായിക്കുന്നത് ജയിലില്‍നിന്നാണെന്ന് പറയുന്നുണ്ട്. 2022ല്‍ അദ്ദേഹത്തെ സര്‍ക്കാര്‍ ഡോക്ടർ പദവിയില്‍ നിന്നും പുറത്താക്കുന്നതുവരെ ഭരണകൂട നടപടികള്‍ നീണ്ടു. അതുവരെയുള്ള കാലയളവില്‍ സ്വതന്ത്ര കൂട്ടായ്മകളുടെ ഭാഗമായി ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൗജന്യ മെഡിക്കല്‍ ക്യാംപുകള്‍ നടത്തുകയും പ്രളയ ദുരിതാശ്വാസ മെഡിക്കല്‍ ക്യാംപുകള്‍ നടത്തുകയും ചെയ്തു അദ്ദേഹം. ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗരേഖ, ഹെല്‍ത് ഫോര്‍ ഓള്‍ എന്ന ക്യാംപെയ്‌നിലൂടെ ജനപ്രതിനിധികള്‍ക്ക് മുന്നില്‍ അദ്ദേഹം എത്തിച്ചെങ്കിലും അതൊന്നും വേണ്ടരീതിയില്‍ ഏറ്റെടുക്കപ്പെട്ടിട്ടില്ല.

ജാപനീസ് എൻസിഫലൈറ്റിസ് ഒരു സാംക്രമികരോഗമാണ്, രോഗബാധയുണ്ടായിക്കഴിഞ്ഞാൽ കുഞ്ഞുങ്ങളുടെ തലച്ചോറിലും നാഡീവ്യവസ്ഥയിലും സാരമായ മാറ്റങ്ങളുണ്ടാക്കുകയും ശാരീരിക വൈകല്യങ്ങളിൽ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യുന്ന രോഗം. കുട്ടികൾ മരിച്ച സംഭവത്തിന് ശേഷം ഗൊരഖ്പൂർ കേന്ദ്രീകരിച്ചുകൊണ്ട് നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളിലൂടെ ജാപനീസ് എൻസിഫലെെറ്റിസ് രോഗബാധിതരുടെ എണ്ണം പൂജ്യത്തിലെത്തിക്കാൻ തനിക്ക് കഴിഞ്ഞുവെന്ന വാദം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നയിക്കുകയുണ്ടായി. 2020ൽ ഒരു റിപോർട്ടിന് വേണ്ടി സംസാരിച്ചപ്പോൾ, ഗൊരഖ്പൂർ സ്വദേശിയായ മാധ്യമപ്രവർത്തകൻ മനോജ് കുമാർ സിങ് പറഞ്ഞത്, 2017ന് ശേഷം സർക്കാരിൽനിന്നും വിവരങ്ങൾ കിട്ടുക എളുപ്പമല്ലാതായിട്ടുണ്ട് എന്നാണ്. എൻസിഫലെെറ്റിസ് രോഗബാധയുടെ തോത് 70 ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് സർക്കാർ അവകാശപ്പെടുകയും നാഷണൽ വെക്റ്റർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്റെ കണക്കുകളിൽ കുറവ് കാണിക്കുന്നുണ്ടെങ്കിലും വിവരങ്ങൾ വളച്ചൊടിക്കപ്പെടുന്നതായി കരുതുന്നുവെന്ന് മനോജ് കുമാർ പറഞ്ഞു. ലക്ഷണങ്ങൾ വ്യത്യസ്തമാണെങ്കിലും കേസുകൾ അക്യൂട്ട് ഫെബ്രെെൽ ഇൽനെസ്സ് ആയും പട്ടികപ്പെടുത്തുന്നുണ്ടെന്നും തന്റെ ഗ്രൗണ്ട് റിപോർട്ടിങ് കാലയളവിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായതായി തോന്നിയിട്ടില്ലെന്നും മനോജ് അന്ന് പറഞ്ഞിരുന്നു.

ഇരകളാക്കപ്പെട്ടതോടൊപ്പം ശബ്ദമില്ലാതാക്കപ്പെട്ടവർ കൂടിയാണ് ഗൊരഖ്പൂർ മെഡിക്കൽ കൊളേജിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾ. കൂടുതൽ കുഞ്ഞുങ്ങൾ ഇങ്ങനെ കൊല ചെയ്യപ്പെടാതിരിക്കാനുള്ള സാഹചര്യം അവിടെയുണ്ടാകുക എന്നതാണ് ജനങ്ങൾക്ക് വേണ്ട ഉറപ്പ്. രോഗമുണ്ടാക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാകുകയും ദുരന്തം ആവർത്തിക്കപ്പെടാതിരിക്കുകയും ചെയ്യണം എന്നതാണ്‌ നീതി. ആ പ്രതിസന്ധിയെ സമയോചിതമായി കൈകാര്യം ചെയ്ത് നിയന്ത്രിച്ച ഡോക്ടറെ ഭരണകൂട സംവിധാനങ്ങളുപയോഗിച്ച് തളർത്തുകയോ നിയന്ത്രിക്കുകയോ പീഡിപ്പിക്കുകയോ പുറത്താക്കുകയോ ചെയ്യാതിരിക്കുക എന്നതാണ് ജീവൻ നഷ്ടപ്പെട്ട കുഞ്ഞുങ്ങളോടുള്ള നീതി. അവരുടെ രക്ഷിതാക്കളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടേണ്ടതാണ്, എന്നാൽ അവർ എവിടെയും പരിഗണിക്കപ്പെട്ടതുമില്ല.

ഡോ. കഫീൽ ഖാൻ‌ നടത്തുന്ന മെഡിക്കൽ ക്യാമ്പ്. കടപ്പാട്:fb

പരാതിക്കാരൻ ആരോപിക്കുന്നതുപോലെ ഡോ. കഫീല്‍ ഖാന്റെ പുസ്തകം രഹസ്യമായി ഇന്ത്യയില്‍ പ്രചരിപ്പിക്കപ്പെടുന്ന ഒന്നല്ല എന്ന് പൊലീസിന് തന്നെ പരിശോധിച്ചാല്‍ വ്യക്തമാകാവുന്നതേ ഉള്ളൂ. ആമസോണ്‍ സ്‌റ്റോറില്‍ പാന്‍ മാക്മില്ലന്‍ പ്രസിദ്ധീകരിച്ച ആ പുസ്തകം ഇപ്പോഴും ലഭ്യമാണ്. ദുരന്തം സംഭവിച്ചപ്പോൾ തന്നെ രക്ഷിതാക്കളെ സർക്കാർ ഭയപ്പെടുത്താൻ ശ്രമിച്ചത് എങ്ങനെയെന്നും ഈ പുസ്തകം വിശദീകരിക്കുന്നുണ്ട്. റാണാ അയ്യൂബ് സ്വയം പ്രസിദ്ധീകരിച്ച ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ദീർഘ അന്വേഷണ റിപ്പോർട്ട് ‘ഗുജറാത്ത് ഫയൽസ്’ നടത്തുന്ന വെളിപ്പെടുത്തലുകൾക്ക് സമാനമാണ് ഡോ. കഫീലിന്റെ ഓർമ്മക്കുറിപ്പുകൾ മുന്നോട്ടുവെക്കുന്ന വസ്തുതകളും. ഉയർന്ന അധികാരികളുടെ അഭാവത്തിലും സഹായകരമായ പ്രതികരണങ്ങൾ കിട്ടാത്ത സാഹചര്യത്തിലും ജീവൻ രക്ഷിക്കുക എന്ന ഉദ്യമത്തിൽ ഡോ. കഫീൽ ഖാൻ പ്രവർത്തിച്ചതെങ്ങനെ എന്ന് വിശദമാക്കുന്ന ഈ പുസ്തകത്തിനെ മുൻനിർത്തി രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആർ ഇന്ത്യയിൽ ആവിഷ്‌കാരങ്ങളെ കുറ്റവത്കരിക്കുന്ന ഇന്ത്യൻ ഭരണകൂടനയങ്ങളെ ബലപ്പെടുത്തുന്നതാണ്. ഇന്ത്യൻ മാധ്യമങ്ങളെയും വാർത്തയെയും നിയന്ത്രിക്കുന്നതിനായി ബ്രിട്ടീഷ് സാമ്രാജ്യത്വ കാലത്ത് കൊണ്ടുവന്ന പ്രസ് ആൻഡ് ബുക്സ് രജിസ്ട്രേഷൻ നിയമത്തിലെ വകുപ്പുകളും ഈ എഫ്ഐആറിൽ ചേർത്തിരിക്കുന്നു എന്നത് ഭയക്കേണ്ട സാഹചര്യം തന്നെയാണ്. പുസ്തകത്തിന്റെ പ്രാഥമികമായ വിവരണത്തിൽ പോലും പരാതിക്കാരൻ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയല്ല. വർഗീയമായ മുൻവിധികളും വിദ്വേഷവും ഈ പരാതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒരു സംസ്ഥാനത്തെ ഒരു മതവിഭാഗത്തിൽ നിന്നുള്ള ജനങ്ങളെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്താൻ പോന്നതാണ് അതിന്റെ സ്വഭാവം. സൗകര്യപൂര്‍വ്വം മറക്കപ്പെട്ടേക്കാവുന്ന സംഭവങ്ങളുടെ ആകെത്തുകയാണ് ഓരോ ദേശീയതയും. അതുകൊണ്ടുതന്നെ എഴുതപ്പെടുന്ന ഓര്‍മ്മകളുടെ നിലനില്‍പ് പോലും അതിന്റെ ശക്തികൊണ്ട്, ഈ എഫ്‌.ഐ.ആര്‍ ഭയക്കുന്നതുപോലെ ഭീഷണിയുള്ളതാകുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 21, 2023 8:09 am