ജീവിച്ചിരിക്കുമ്പോള്‍ ഞങ്ങൾ നടത്തുന്ന പോരാട്ടത്തിനാണ് പിന്തുണ വേണ്ടത്

ഡല്‍ഹി സര്‍വകലാശാലയ്ക്ക് മുന്നിലെ സമരത്തിൽ ഡോ. ഋതു സിം​ഗ്. ഫോട്ടോ: Bhumika Saraswati

ഡൽഹി സർവകലാശാലക്ക് മുന്നിൽ നിങ്ങൾ തുടങ്ങിവച്ച സമരം 180 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണല്ലോ. ഈ സമരത്തിലേക്ക് എത്താനിടയായ സാഹചര്യം വിശദമാക്കാമോ?

അങ്ങേയറ്റം ജാതിയമായ രീതിയിൽ പെരുമാറുന്ന വ്യക്തിയാണ് ദോലത് റാം കോളേജ് പ്രൊഫസർ ആയ സവിതാ റോയ്. 2019 നവംബറില്‍ ഞങ്ങളുടെ പി.എച്.ഡി കോണ്‍വൊക്കേഷന്‍ പരിപാടിക്കിടയില്‍ സവിതാ റോയ് എനിക്കെതിരെ ജാതീയമായ പരാമര്‍ശം നടത്തിയത് എന്റെ ഒരു സുഹൃത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഞങ്ങള്‍ അവര്‍ക്കെതിരെ അന്ന് പരസ്യമായി പ്രതികരിക്കാനൊരുങ്ങിയതാണ്. പക്ഷേ അത് ഞങ്ങളുടെ പി.എച്ച്.ഡിയെ ബാധിക്കുമല്ലോ എന്നോര്‍ത്ത് ക്ഷമ പാലിച്ചു.

2019 ആഗസ്റ്റിൽ അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസർ ആയി ഞാന്‍ ഈ കോളേജില്‍ ജോയിൻ ചെയ്തപ്പോൾ സമാനമായ രീതിയില്‍ സവിത പെരുമാറി. ഒരു ദലിത്‌ അധ്യാപികയായ എനിക്ക് വിദ്യാർത്ഥികള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയും ജാതിക്കെതിരെയും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനും വേണ്ടി ഞാന്‍ ശബ്ദമുയര്‍ത്തിയതും അവരെ പ്രകോപിപ്പിച്ചിരിക്കാം. അവര്‍ എന്റെ വസ്ത്രധാരണ രീതിയെ കുറിച്ച് മോശമായ രീതിയില്‍ കമന്റ് നടത്തി. സഹപ്രവർത്തകരോട് എന്നെ കുറിച്ച് മോശമായി സംസാരിക്കുകയും ഞാനുമായി സഹകരിച്ചാല്‍ അവരുടെ ഭാവി അപകടത്തിലാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവരുടെ ഇത്തരത്തിലുള്ള പ്രവർത്തികളെല്ലാം സഹിച്ച് ഏതാണ്ട് ആറ് മാസം ഞാന്‍ അവിടെ ജോലി ചെയ്തു. ആറ് മാസത്തിന് ശേഷം കോവിഡ് കാരണം കോളേജ് അടച്ചു. തുടർന്ന് 2020 ഓഗസ്റ്റിൽ റീജോയിൻ ചെയ്യാൻ പോയപ്പോൾ എനിക്ക് മാത്രം അവര്‍ ജോയിന്‍ ലെറ്റർ തന്നില്ല. അഡ്ഹോക് പ്രൊഫസര്‍മാരെ ജോലിയില്‍ നിന്നും പിരിച്ചുവിടരുത് എന്ന് മാനവശേഷി വിഭവ മന്ത്രാലയത്തിന്റെ നിയാമാവലിയില്‍ കൃത്യമായി പറയുന്നുണ്ട്. അന്യായമായി എന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ 2020 ആഗസ്റ്റിൽ ഏതാണ്ട് 10 ദിവസത്തോളം ഞാന്‍ ദൗലത്ത് റാം കോളേജിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. കോവിഡ് സമയത്ത് പ്രതിഷേധിച്ചതിന് അവര്‍ എനിക്കെതിരെ പകർച്ചവ്യാധി നിയമപ്രാകാരം പൊലീസ് കേസെടുത്തു. ഈ സമയത്ത് അവര്‍ എന്റെ തസ്തികയിലേക്ക് ആളെ എടുക്കാൻ വേണ്ടി ഇന്റര്‍വ്യൂ നടത്താൻ തുടങ്ങി എന്ന് അറിഞ്ഞപ്പോള്‍ അതിനെതിരെ സ്റ്റേ ഓര്‍ഡര്‍ ആവശ്യപ്പെട്ടുകൊണ്ട് ഞാന്‍ കോടതിയെ സമീപിച്ചു.

താമസിയാതെ കേസ് ഡൽഹി ഹൈക്കോടതിക്ക് മുമ്പാകെ എത്തി. ഞാന്‍ ഗുണനിലവാരം കുറഞ്ഞ ഒരദ്ധ്യാപികയാണെന്നും ക്ലാസില്‍ ദലിത്‌/ നോണ്‍-ദലിത്‌ പ്രസംഗം നടത്തലാണ് എന്റെ പണിയെന്നും എനിക്കെതിരെ പല വിദ്യാര്‍ഥികളും പരാതിപ്പെട്ടിട്ടുണ്ടെന്നും അതിനാലാണ് കരാര്‍ പുതുക്കാത്തത് എന്നും അവര്‍ കോടതിയില്‍ വാദിച്ചു. കോടതി തെളിവ് ആവശ്യപ്പെട്ടപ്പോള്‍ അവര്‍ എനിക്കെതിരെ ബി.എ സൈക്കോളജി വിദ്യാര്‍ഥികള്‍ എഴുതി എന്ന നിലയില്‍ ഒരു പേജുള്ള കത്ത് സമര്‍പ്പിച്ചു. ഏത് വിദ്യാര്‍ഥികള്‍? ഒന്നാം വര്‍ഷമോ രണ്ടാം വര്‍ഷമോ അതോ ഫൈനല്‍ ഇയറോ എന്നത് വ്യക്തമായിരുന്നില്ല. ആ കത്ത് വ്യാജമാണ് എന്നത് വളരെ വ്യക്തമായിരുന്നു. ആ കത്ത് ചലഞ്ച് ചെയ്തുകൊണ്ട് ഞാന്‍ ഡല്‍ഹി ഹൈക്കോടതിയിലും എസ്.സി കമ്മിഷനിലും പരാതിപ്പെട്ടു. കോവിഡ് ആയതു കാരണം വളരെ കഴിഞ്ഞായിരുന്നു ഹിയറിംഗ് നടന്നത്. എസ്.സി കമ്മിഷനിലേക്ക് കേസ് എത്തിയപ്പോള്‍ നേരത്തെ സമര്‍പിച്ച ഒരു പേജ് കത്തിന്റെ കൂടെ പുതുതായി രണ്ട് പേജും കൂടെ ഉണ്ടായിരുന്നു!. അതില്‍ 35 വിദ്യാര്‍ഥികളുടെ പേരും ഒപ്പും കൂടെ ചേര്‍ത്തിരുന്നു. പക്ഷേ, ഒപ്പിട്ട ആ 35 വിദ്യാര്‍ഥികളില്‍ ഒരാളെപ്പോലും ഞാന്‍ പഠിപ്പിച്ചിട്ടില്ലായിരുന്നു. തെളിവുകള്‍ വ്യാജമാണ് എന്ന് ബോധ്യപ്പെട്ടപ്പോള്‍ കമ്മിഷന്‍ സവിത റോയിക്കെതിരെ സ്യു മോട്ടോ എഫ്.ഐ.ആര്‍ എടുക്കാന്‍ ഉത്തരവിട്ടു. കമ്മിഷന്റെ ഉത്തരവ് പ്രകാരം സവിത റോയിക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ അടക്കം ചുമത്തി കേസെടുത്തു. എന്നാൽ നിയമവ്യവസ്ഥയെ പരിഹസിച്ചുകൊണ്ട് രണ്ടു വര്‍ഷത്തില്‍ അധികമായി ഈ ക്രിമിനല്‍ പ്രിന്‍സിപ്പല്‍ തൽസ്ഥാനത്ത് തുടരുകയാണ്. സാക്ഷികളെയും എന്നെ പിന്തുന്നക്കുന്നവരെയും അവരുടെ സില്‍ബന്ദികളായ സംഘികളെക്കൊണ്ട് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നു. അവരുടെ സസ്പെന്‍ഷന്‍ ആവശ്യപ്പെട്ടുകൊണ്ട് 2023 ആഗസ്റ്റ് 28 മുതല്‍ ഞാന്‍ തെരുവില്‍ സമരം ചെയ്യുകയാണ്. പക്ഷേ, ഇവിടുത്തെ മുഴുവന്‍ അധികാരികളും ഒത്തുചേര്‍ന്ന് സവിത റോയി എന്ന ആര്‍.എസ്.എസ് ദല്ലാളിനെ സംരക്ഷിക്കുകയാണ്.

സവിതാ റോയ് മുമ്പ് പലരോടും ജാതീയമായ വിവേചനം നടത്തിയിട്ടുണ്ട് എന്നത് ശരിയാണോ?

സവിത റോയ് പതിവു കുറ്റവാളിയാണ്. അവര്‍ മുന്നേ ഫിസിക്സ് വകുപ്പ് അസോസിയേറ്റ് പ്രൊഫസര്‍ ആയി ജോലി ചെയ്ത കാളിന്ദി കോളേജില്‍ പല ജൂനിയര്‍ സ്റ്റാഫിനോടും സമാനമായ രീതിയില്‍ വിവേചനം നടത്തിയിട്ടുണ്ട്. അവിടെയുള്ള രണ്ട് മുസ്ലീം ടീച്ചര്‍മാരും, ദലിത്‌ വിഭാഗത്തില്‍പ്പെടുന്ന ടീച്ചര്‍മാരും അവര്‍ക്കെതിരെ 2012 ലും 2013ലും പരാതി കൊടുത്തിട്ടുണ്ട്. അങ്ങേയറ്റം ജാതീയമായി പെരുമാറുന്ന വ്യക്തിയാണ് സവിത. പാര്‍ശ്വവത്കൃത സമുദായത്തില്‍പ്പെട്ട പല അധ്യാപകരെയും അപകീർത്തിപ്പെടുത്താനും വിദ്യാർത്ഥികളെ കൊണ്ട് വ്യാജ പരാതി കൊടുപ്പിക്കാനും ഇവര്‍ ശ്രമിച്ചിട്ടുണ്ട്. അന്ന് എസ്.സി വിഭാഗത്തില്‍പ്പെട്ട അനുല മൗര്യ ആയിരുന്നു കാളിന്ദിയിലെ പ്രിന്‍സിപ്പല്‍. സവിതാ റോയ് തന്നെ മാനസികാമായി ബുദ്ധിമുട്ടിക്കുന്നു എന്നും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന ആളുകളോട് ശത്രുതാ മനോഭാവത്തില്‍ പെരുമാറുന്ന ഈ വ്യക്തിയെ കോളേജില്‍ നിന്നും ടെര്‍മിനേറ്റ് ചെയ്യണമെന്നും
ആവശ്യപ്പെട്ടുകൊണ്ട് ആ പ്രിന്‍സിപ്പല്‍ യൂണിവേഴ്സിറ്റി അധികൃതർക്ക് 2012 ലും, 2012ലും 2014ൽ വിദ്യാഭ്യാസ മന്ത്രാലയത്തിനും രാജിസ്ട്രാര്‍ക്കും പരാതി കൊടുത്തിരുന്നു. പക്ഷേ, ഒരു നടപടിയും ഉണ്ടായില്ല.

സമരത്തിനിടയിൽ ഡോ. ഋതു സിം​ഗ്. ഫോട്ടോ: Bhumika Saraswati

സവിതാ റോയിയുടെ ബി.ജെ.പി ബന്ധത്തെ കുറിച്ച് പറയാമോ?

സവിതാ റോയ് സംഘപരിവാറിന്റെ ദല്ലാൾ ആണ്. ഡല്‍ഹിയിലെ ബി.ജെ.പിയുടെ എസ്.സി മോര്‍ച്ച ജനറല്‍ സെക്രട്ടറിയും ശ്യാമ പ്രസാദ് മുഖര്‍ജി കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറുമായ രാജ്കുമാര്‍ ഫുല്‍വാരിയയെ ഞാന്‍ കൊടുത്ത കേസ് അവസാനിപ്പിക്കുവാന്‍ വേണ്ടിയും എന്റെ പ്രതിഷേധം അവസാനിപ്പിക്കാനുള്ള നടപടിയെടുക്കാൻ വേണ്ടിയും പാർലമെന്ററി കമ്മിറ്റിയുടെ എസ്.സി-എസ്.ടി ക്ഷേമകാര്യ ചെയര്‍മാന്‍ ആയ കിരിത് പ്രേംജിഭായി സോളങ്കിയുടെ അടുത്തേക്ക് അയച്ചിട്ടുണ്ട് എന്ന് സവിതാ റോയി സമ്മതിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിട്ടുണ്ട്. സവിതാ റോയി രണവീര്‍ സേനയുടെ അംഗമായിരുന്നു. ഒരു ഗുണ്ടയെ പോലെയായിരുന്നു അവര്‍ പെരുമാറിയത്. ആരുടെ താളത്തിനനുസരിച്ചാണ് അവര്‍ തുള്ളുന്നത് എന്നതിനും ആര്‍ക്കുവേണ്ടിയാണ് അവര്‍ പണിയെടുക്കുന്നത് എന്നതിനും ആയിരക്കണക്കിന് തെളിവുകള്‍ ഞങ്ങളുടെ കൈയിലുണ്ട്. അവര്‍ക്ക് സംഘപരിവാര്‍ പിന്തുണയില്ലെങ്കില്‍ ഇതിനകം ജയിലില്‍ ആകേണ്ടതായിരുന്നു. ഹിന്ദു കോളേജില്‍ ജാതിയമായി വിവേചനം നേരിട്ട അഡ്ഹോക് പ്രൊഫസര്‍ സമർവീര്‍ സിംഗ് ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനായി. ജമ്മു സര്‍വകലാശാലയിലെ ജാതീയതയ്ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ലൈംഗികാരോപണം നേരിട്ട് ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട പ്രൊഫസര്‍ ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തു. ഇനിയും പ്രതികരിച്ചിട്ടില്ലെങ്കില്‍ ഞാനും മരിച്ചു പോകും എന്ന അവസ്ഥ വന്നപ്പോഴായിരുന്നു ഞാന്‍ പോരാടാന്‍ തീരുമാനിച്ചത്.

ഇവരുടെ ഈ ഗൂഡപദ്ധതികളെക്കുറിച്ച് എനിക്ക് കൃത്യമായ ബോധ്യമുള്ളതിനാലാണ് ഞാന്‍ പോരാടാന്‍ തീരുമാനിച്ചത്. അവരുടെ മുന്നില്‍ കീഴടങ്ങാതെ നീതിലഭിക്കും വരെ പോരാടാന്‍ ഞാന്‍ തീരുമാനിച്ചു. എനിക്ക് മരിക്കേണ്ട, നിലനില്‍പ്പിന് വേണ്ടി പോരാടണം. എന്റെ തലമുറയ്ക്കും അടുത്ത തലമുറയ്ക്കും വേണ്ടി എനിക്ക് പോരാടിയേ പറ്റൂ. ദലിത്‌-ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ആത്മഹത്യയില്‍ അഭയം പ്രാപിക്കേണ്ടിവരുന്ന ഈ ജാതീയമായ സാമൂഹ്യ സ്ഥിതി അവസാനിച്ചേ മതിയാകൂ. എന്റെ ഉള്ളില്‍ ഞാന്‍ ഓരോ ദിവസവും മരിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു. എനിക്ക് സമാധാനത്തോടെ ശ്വാസമെടുക്കാന്‍ പോലുമുള്ള ഒരവസ്ഥ ഉണ്ടായിരുന്നില്ല. പോരാടുകയല്ലാതെ നമുക്ക് മുന്നില്‍ വേറെ വഴിയില്ല. ഇത് എന്റെ മാത്രം പോരാട്ടമല്ല. അടിച്ചമർത്തപ്പെടുകയും പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്തിട്ടുള്ള എല്ലാ ആളുകള്‍ക്കും വേണ്ടിയുള്ള പോരാട്ടമാണ്.

താങ്കളുടെ സമരത്തിന്‌ പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ പോസ്റ്റ് ചെയ്ത വിഡിയോ ഞാന്‍ ശ്രദ്ധിച്ചു. അതില്‍ നിങ്ങള്‍ വിദ്യാർത്ഥികളോടും ആക്ട്ടിവിസ്റ്റുകളോടും മാത്രമല്ല മുഴുവന്‍ ബഹുജന്‍ വിഭാഗത്തിനോടും നിങ്ങളുടെ സമരത്തെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എന്തുകൊണ്ടാണ് ഇത്തരമൊരു വിശാല രാഷ്ട്രീയ നയം?

ബഹുജന്‍ സമുദായം മാത്രമല്ല, ബ്രാഹ്‌മണനും ക്ഷത്രിയനും രജ്പുതും അടക്കം ഇവിടെയുള്ള മുഴുവന്‍ സമൂഹത്തിന്റെ പിന്തുണയുമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. നീതിയുടെയും ന്യായത്തിന്റെയും അടിസ്ഥാന തത്വങ്ങള്‍ മനസ്സിലാക്കുന്ന ആര്‍ക്കും എന്റെ സമരത്തില്‍ പങ്കുചേരാം. മനുഷ്യത്വത്തിനുവേണ്ടി പോരാടാന്‍ തയ്യാറായ എതൊരു വ്യക്തിക്കും ഈ സമരത്തിന്റെ പങ്കാളിയാകാം. സര്‍വകലാശാലകളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നുമാണ് സമൂഹത്തില്‍ നടക്കുന്ന പല വിപ്ലവങ്ങളുടെയും തുടക്കം. ആ വിദ്യാഭ്യാസ വ്യവസ്ഥയെ തന്നെ തകര്‍ത്ത് കളഞ്ഞാല്‍ എതിര്‍പ്പുകളുടെ ശക്തി കുറയും എന്ന് അവര്‍ക്ക് കൃത്യമായി അറിയാം. വിദ്യാഭ്യാസ വ്യവസ്ഥയെ തകര്‍ത്താല്‍ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ മയക്കി കിടത്താമെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം. വിദ്യാഭ്യാസ മേഖലയെ തകര്‍ത്താല്‍ അവര്‍ക്ക് എളുപ്പത്തില്‍ അംബേദ്കറിനെ മതഗ്രന്ഥങ്ങള്‍ കൊണ്ട് മറച്ചുവെക്കാം. അത്തരം പുസ്തകങ്ങള്‍ വായിച്ചു വളരുന്ന തലമുറ, സമൂഹത്തില്‍ ഭൂരിഭാഗം വരുന്ന ജനത ദൈവങ്ങളുടെ കാലില്‍ നിന്നാണ് ജനനം കൊണ്ടത് എന്ന് വിശ്വസിച്ച്, അങ്ങേയറ്റം ജാതീയമായ രീതിയില്‍ ആയിരിക്കും പെരുമാറുക. ഈ രാജ്യത്തെ ജനങ്ങള്‍ ശാസ്ത്രീയമായി ഉയര്‍ന്ന അവബോധം പുലര്‍ത്തുകയും യുക്തിസഹമായി ചിന്തിക്കുകയും ചെയ്യുന്നവരാകണം എന്നാണ് എന്റെ ആഗ്രഹം. അതിനുവേണ്ടി വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാത്തരം പ്രവണതകളെയും നമ്മള്‍ കൂട്ടായി എതിർത്തേ തീരൂ. സര്‍വകലാശാലകള്‍ എല്ലാവർക്കും വേണ്ടിയുള്ളതാണ്. അതുകൊണ്ട് അതിനെ സംരക്ഷിക്കുക എന്നത് എല്ലാവരുടെയും ബാധ്യതയാണ്.

ദോലത് റാം കോളേജിന് മുന്നിലെ സമരം. കടപ്പാട്:fb

ഒരു ദലിത്‌ വ്യക്തി അതിക്രമത്തിനിരയായാലോ അവര്‍ കൊല്ലപ്പെട്ടാലോ പല മാധ്യമങ്ങളും അത് വാർത്തയാക്കും. എന്നാല്‍ അനീതിക്കെതിരെ അവര്‍ നടത്തുന്ന ചെറുത്തുനില്‍പ്പുകൾക്കും തെരുവില്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്കും അര്‍ഹമായ വാര്‍ത്താപ്രാധാന്യം ലഭിക്കുന്നില്ല എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. ഈ വിഷയത്തില്‍ എന്താണ് താങ്കളുടെ അനുഭവം?

ഞങ്ങളുടെ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന ഭൂമിക സരസ്വതി എന്ന മാധ്യമപ്രവർത്തകയോട് സംഭാഷണത്തിനിടെ ഞാന്‍ സൂചിപ്പിച്ച ഒരു കാര്യമുണ്ടായിരുന്നു. ഈ സമരത്തിനിടയില്‍ ഞാനോ മറ്റേതെങ്കിലും സുഹൃത്തോ മരണപ്പെടുകയാണെങ്കില്‍ അത് വാർത്തയാക്കാൻ വേണ്ടി ഇവിടെ ക്യാമറകള്‍ നിറയും. കാരണം ഞങ്ങളെക്കാള്‍ ആ സഹതാപതരംഗം കൊണ്ട് ഗുണം അവര്‍ക്കാണ്. അവരുടെ വാര്‍ത്തകളുടെ വ്യൂവര്‍ഷിപ്പ് കൂടാനും അവരുടെ കരിയര്‍ ബില്‍ഡ് ചെയ്യാനും അവര്‍ക്ക് ഫെല്ലോഷിപ്പുകള്‍ക്ക് വേണ്ടി അപേക്ഷിക്കുവാനും പുരോഗമന ത്വരയെ തൃപ്തിപ്പെടുത്തുവാനും ഞങ്ങളുടെ ശവശരീരങ്ങളും കദന കഥകളും സഹായിക്കും. യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ നീതിക്കും ന്യായത്തിനും വേണ്ടി ഞങ്ങള്‍ നടത്തുന്ന പോരാട്ടത്തിനാണ് അവരുടെ പിന്തുണ വേണ്ടത്. ജാതീയമായി നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ തെരുവില്‍ ഞങ്ങള്‍ ജനകീയ ചെറുത്തുനില്‍പ്പുകള്‍ തീര്‍ക്കുമ്പോള്‍ ഭൂരിഭാഗം ജേർണലിസ്റ്റുകളുടെ ക്യാമറകളും പേനകളും അത് രേഖപ്പെടുത്തുന്നില്ല. അനീതികളെ ജനങ്ങള്‍ തെരുവില്‍ എങ്ങനെയാണ് ചെറുത്തുനില്‍ക്കുന്നത് എന്നും അതിനെതിരെ എങ്ങനെ പോരാടുന്നു എന്നും പൊതുജനങ്ങളെ കാണിക്കാന്‍ ഇവര്‍ ബാധ്യസ്ഥരാണ്. ഇവിടെയുള്ള പ്രധാന മാധ്യമങ്ങള്‍ ഞങ്ങളുടെ സമരത്തിനെ പൂര്‍ണ്ണമായും അവഗണിച്ച മട്ടാണ്. സമാന്തര മാധ്യമങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നവരും ഒരു ‘pick and choose’ നിലപാട് ആണ്. നോണ്‍ ഗോദി മീഡിയയില്‍ പോലും ഇത്തരം ചെറുത്തുനില്പുകള്‍ക്ക് അര്‍ഹമായ വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നില്ല എന്നത് ദുഖകരമാണ്.

രോഹിത് വെമുല, പായല്‍ തടവി, ഫാത്തിമ അങ്ങനെ ജാതി-മത വിവേചനം കാരണം ഒരുപാട് വ്യവസ്ഥാപിത കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്നേ കേരളത്തിലെ എം.ജി സര്‍വകലാശാലയിലെ ദീപ മോഹനന്‍ എന്ന ഗവേഷക നിങ്ങളുടേതിന് സമാനമായ രീതിയില്‍ സമരം ചെയ്തിട്ടുണ്ട്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആകമാനം നടക്കുന്ന ജാതീയ വിവേചനങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്?

ഈ അടുത്ത കാലത്തായി വിദ്യാർത്ഥികള്‍ക്കെതിരെയുള്ള ജാതി വിവേചനത്തിന്റെ സ്വഭാവം മാറിയിട്ടുണ്ട്. മുൻ കാലങ്ങളിലേത് പോലെ പ്രത്യക്ഷമായി തെറി പറയുകയും ഉപദ്രവിക്കുകയും ചെയ്യുന്ന രീതിക്ക് മാറ്റം സംഭവിച്ചിട്ടുണ്ട്. എവിടെ വെച്ചു ചെയ്യണം എന്നതിനെ കുറിച്ച് അവര്‍ക്ക് കൃത്യമായ നയമുണ്ട്. ഇവിടെ നിലവിലുള്ള അട്രോസിറ്റി ആക്ട്‌ ഉള്‍പ്പെടെയുള്ള നിയമങ്ങളും, ഭരണഘടനയും കാരണം ഒരു പരിധിവരെ അവര്‍ക്ക് പരസ്യമായ രീതിയില്‍ വിവേചനം നടത്താന്‍ സാധിക്കുകയില്ല. Exploring the emerging complexities of caste identities; caste identities following the study of the teachers of delhi university എന്നതായിരുന്നു എന്റെ പി.എച്ച്.ഡി റിസര്‍ച് വിഷയം. അതിനുവേണ്ടി ഞാന്‍ യൂണിവേഴ്സിറ്റിയിലെ ഒരുപാട് അധ്യാപകരുമായി സംസാരിച്ചിരുന്നു. സർവകലാശാലക്കുള്ളില്‍ നടക്കുന്ന ജാതിവിവേചനങ്ങളെക്കുറിച്ച് വളരെ വിശദമായി ഞാന്‍ എന്റെ തീസിസില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ദലിത്‌-ന്യൂനപക്ഷ സമുദായത്തില്‍ ഉൾപ്പെടുന്ന അധ്യാപകരുടെ വസ്ത്രധാരണത്തെ കുറിച്ച് മോശമായി പരാമര്‍ശിക്കുകയും അവരെ സ്വഭാവഹത്യ നടത്തുകയും ചെയ്യുക, അവരുടെ അക്കാദമിക് അവസരങ്ങള്‍ക്ക് തടയിടുക, വലതുപക്ഷ-ബ്രാഹ്മണ്യ രാഷ്ട്രീയത്തിന് ഓശാന പാടുന്ന ആളുകളെയും അവരുടെ വരിധിയില്‍ നില്‍ക്കുന്നവരെയും അനധികൃതമായി നിയമിക്കുക്കയും അവരെ സ്ഥിരപ്പെടുത്തുകയും ചെയ്യുക, ജാതിവിരുദ്ധ രാഷ്ട്രീയം പ്രകടമാക്കുന്ന ടീച്ചർമാര്‍ക്കെതിരെ വിദ്യാർത്ഥികളെ തിരിച്ചുവിടുക, ദലിത്‌-ന്യൂനപക്ഷ അധ്യാപകരുടെ നിലനില്‍പ്പ്‌ തന്നെ ഭീഷണിപ്പെടുത്തുന്ന രീതിയില്‍ കോളേജ് ക്യാമ്പസുകളെ പരുവപ്പെടുത്തുക എന്നിങ്ങനെ പല രീതികള്‍ ഉപയോഗിച്ചുകൊണ്ട് ഒന്നുകില്‍ അധ്യാപകരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയോ അല്ലെങ്കില്‍ ജോലി രാജിവെക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്ന രീതിയിലാണ് ക്യാമ്പസിനുള്ളിലെ ജാതീയത. ഈ അടുത്ത് പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം ദലിത്-ഒ.ബി.സി സമുദായത്തിലെ ഒരുപാട് വിദ്യാർത്ഥികൾ ജാതീയമായ വിവേചനങ്ങള്‍ കാരണം പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്തായി നൂറ് കണക്കിന് അഡ്ഹോക് പ്രൊഫസർമാരും 15-20 വർഷം പ്രവര്‍ത്തിപരിചയം ഉള്ള അധ്യാപകരുമാണ് അന്യായമായി സ്ഥലം മാറ്റപ്പെടുകയും പിരിച്ചുവിടപ്പെടുകയും ചെയ്തിട്ടുള്ളത്. അവര്‍ക്കെല്ലാം പകരം ഇന്ന് പല കോളേജുകളിലും സംഘപരിവാര്‍ ദല്ലാൾമാരെ നിയമിച്ചിരിക്കുകയാണ്.

ഡൽഹി യൂണിവേഴ്സിറ്റിയുടെ മതിലിൽ എഴുതിയ പ്രതിഷേധ മുദ്രാവാക്യങ്ങൾ. ഫോട്ടോ: Bhumika Saraswati

ഡൽഹി സർവകലാശാലയിൽ പ്രകടമാകുന്ന കാവിവത്കരണത്തെ കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്?

ഡല്‍ഹി സര്‍വകലാശാലയെ അവര്‍ ഏതാണ്ട് പൂര്‍ണമായി കാവിവത്കരിച്ച നിലയിലാണ്. സമരവേദിയില്‍ ഞങ്ങള്‍ സ്ഥാപിച്ച അംബേദ്കറിന്റെ ഫ്ലക്സ് എടുത്തുമാറ്റി അതിന് പകരം അവര്‍ ശ്രീരാമന്റെ ചിത്രം സ്ഥാപിച്ചു. പൊലീസിന്റെ സഹായത്താല്‍ ബലം പ്രയോഗിച്ച് ഞങ്ങളുടെ സമരം അവസാനിപ്പിച്ച് അവര്‍ അവിടെ പുണ്യാഹം തളിച്ച് ശുദ്ധികലശം നടത്തി. ഞങ്ങളുടെ സമരവേദിയില്‍ മൊത്തം അവര്‍ കാവിത്തോരണങ്ങള്‍ കൊണ്ട് നിറച്ചു. ജയ്‌ഭീം vs ജയ്‌ ശ്രീറാം എന്ന ആഖ്യാനം കൊണ്ടുവരാനാണ് അവരുടെ ശ്രമം. എന്നാല്‍ ഭീംറാവു അംബേദ്‌കര്‍ മുന്നോട്ടുവെച്ച ഭരണഘടന എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. അത് എല്ലാവർക്കും തുല്യാവകാശം ഉറപ്പുവരുത്തുന്നു. ഫെബ്രുവരി 6ന് ഞങ്ങള്‍ ജയ്‌ ഭീം മുദ്രാവാക്യം മുഴക്കിയപ്പോള്‍ അവര്‍ ഞങ്ങളെ നേരിട്ടത് ജയ്‌ ശ്രീറാം മുഴക്കിയായിരുന്നു. ദൈവങ്ങളെ ഉപയോഗിച്ച് അവര്‍ ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. പക്ഷേ ഈ കാവിവത്കരണത്തെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കും. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നീല നിറത്തിന്റെ രാഷ്ട്രീയത്തില്‍ ആണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. നീല വിശാലമായ ആകാശത്തിന്റെ നിറമാണ്. ആകാശം എല്ലാ ജീവജാലങ്ങളെയും ഉള്‍ക്കൊള്ളുന്നു. അവയോടൊക്കെ തുല്യമായ രീതിയില്‍ പെരുമാറുന്നു. ചൂടായാലും തണുപ്പായാലും എല്ലാവർക്കും തുല്യമായ രീതിയില്‍ പകുത്തുകൊടുക്കുന്നു. അതിനാല്‍ നീല തുല്യതയുടെ നിറമാണ്. ദലിതരും, ന്യൂനപക്ഷവും, അടിച്ചമര്‍ത്തപ്പെട്ടവരും, ബ്രാഹ്മണനും, ക്ഷത്രിയനുമെല്ലാം നീല നിറത്തിന് മുന്നില്‍ തുല്യരാണ്. ഒരു നിറമുപയോഗിച്ച് ആളുകളെ ഭയപ്പെടുത്തുവാനും തെരുവില്‍ അടിച്ചുകൊല്ലുവാനും മുസ്ലീങ്ങളെ അടിച്ചമര്‍ത്തുവാനും ക്യാമ്പസുകളെ നിശബ്ദരാക്കുവാനുമുള്ള ശ്രമങ്ങളെ ഞങ്ങള്‍ അനുവദിക്കുകയില്ല.

ഫെബ്രുവരി 6ന് നിങ്ങള്‍ നടത്തിയ പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് അതിക്രമത്തെ കുറിച്ച് സംസാരിക്കാമോ?

ഫെബ്രുവരി 6ന് ഞങ്ങള്‍ ആഹ്വാനം ചെയ്ത പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്കകത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ആളുകളാണ് എത്തിയത്. ഡല്‍ഹി മെട്രോ വിശ്വവിദ്യാലയ മെട്രോ സ്റ്റേഷനില്‍ നിര്‍ത്തിയില്ല. പകരം അതിനടുത്തുള്ള സ്റ്റേഷനുകളായ ജി.ടി.ബി നഗറിലും വിധാന്‍സഭയിലുമാണ് നിര്‍ത്തിയത്. പ്രതിഷേധത്തിൽ പങ്കെടുക്കാന്‍ വന്ന ഭൂരിഭാഗം പേരെയും പൊലീസ് മെട്രോ സ്റ്റേഷന് മുന്നില്‍ വെച്ച് തടയുകയും ബലം പ്രയോഗിച്ച് പിരിച്ചുവിടുകയും ചെയ്തു. നൂറു കണക്കിന് ആളുകളെയാണ് പൊലീസ് തടഞ്ഞുവച്ചത്. പല ആളുകളെയും പൊലീസ് ബലം പ്രയോഗിച്ച് നിലത്തുകൂടെ വലിച്ചിഴച്ചാണ് ബസിലേക്ക് കൊണ്ടുപോയത്. സംഭവ സ്ഥലത്ത് 144 പ്രഖ്യാപിച്ച പൊലീസ് മാധ്യമപ്രവർത്തകരെയും തടഞ്ഞു. ആയിരക്കണക്കിന് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ സി.ആര്‍.പി.എഫിന്റെ ഭാഗമായ സശസ്ത്ര സീമാ ബല്‍ (SSB) ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

ഫെബ്രുവരി 5ന് നിങ്ങളുടെ സുഹൃത്തും സമരത്തില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്ന ഭീം ആര്‍മി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ നേതാവായ അശുതോഷ് ബോധിനെ ആര്‍.എസ്.എസ് ബന്ധമുള്ള ഗുണ്ടകള്‍ അക്രമിച്ചു എന്ന് നിങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ടായിരുന്നല്ലോ. എന്താണ് അന്ന് സംഭവിച്ചത്?

ഫെബ്രുവരി 5ന് വൈകിട്ട് ആറ് മണിക്ക് സര്‍വകലാശാലയുടെ നാലാം നമ്പര്‍ ഗേറ്റിന് മുന്നില്‍ വെച്ചാണ് ആ സംഭവം നടന്നത്. സംഭവസ്ഥലത്ത് എത്താന്‍ ഞാന്‍ രണ്ടു മിനിട്ട് താമസിച്ചതിനാലാണ് അവര്‍ക്ക് എന്നെ ആക്രമിക്കാന്‍ സാധിക്കാതിരുന്നത്. ‘സവിതാ റോയിയെക്കുറിച്ച് നിനക്ക് ശരിക്കറിയില്ല, അവരെ നിനക്കൊന്നും ചെയ്യാന്‍ സാധിക്കുകയില്ല’ എന്ന് അലറിക്കൊണ്ട് അശുതോഷിനെ വളഞ്ഞ ആര്‍.എസ്.എസ് ഗുണ്ടകള്‍ കത്തി ഉപയോഗിച്ചും വടികള്‍ ഉപയോഗിച്ചും അശുതോഷിനെ ക്രൂരമായി മര്‍ദിച്ചു. അയാളുടെ ദേഹത്തേക്ക് അവര്‍ തിളച്ച ചായ ഒഴിച്ചു. ശരീരത്തിന്റെ പല ഭാഗങ്ങളിലും കത്തി കൊണ്ടുള്ള മുറിവും പൊള്ളലുമേറ്റ അശുതോഷിനെ ഞങ്ങള്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഫെബ്രുവരി 6 ന് ഞങ്ങള്‍ ആഹ്വാനം ചെയ്ത വലിയ പ്രക്ഷോഭം തകര്‍ക്കാന്‍ വേണ്ടിയാണ് അവര്‍ തലേദിവസം അശുതോഷിനെ ആക്രമിച്ചത്. പക്ഷേ അവരുടെ പ്ലാനുകളെല്ലാം പൊളിച്ച്, അന്ന് ആറ് മണിക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട അശുതോഷ് തന്റെ പരിക്കുകള്‍ ഡ്രസ് ചെയ്തതിന് ശേഷം അന്ന് രാത്രി പത്തു മണിക്ക് തന്നെ സമരവേദിയില്‍ തിരിച്ചെത്തി. ഞങ്ങളെ ശാരീരികമായി തകര്‍ത്തു കളഞ്ഞാലും ഞങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെയും ഞങ്ങളുയർത്തുന്ന ആശയത്തെയും തകര്‍ക്കാനാവില്ല എന്ന സന്ദേശം നല്‍കാന്‍ വേണ്ടിയാണ് അശുതോഷ് അത് ചെയ്തത്.

യൂണിവേഴ്സിറ്റി ​ഗേറ്റിന് മുന്നിലെ ഋതുവിന്റെ പ്രതിഷേധം. ​ഗേറ്റിൽ ജയ്ശ്രീറാം എന്ന ബാനർ കെട്ടിയിരിക്കുന്നതും കാണാം. ഫോട്ടോ: Bhumika Saraswati

180 ദിവസത്തോളമായി നിങ്ങള്‍ തെരുവില്‍ പോരാടുകയാണല്ലോ. കൂടാതെ നിങ്ങള്‍ ‘യൂണിവേഴ്സിറ്റി ഓണ്‍ സ്ട്രീറ്റ്സ്’ എന്ന ആശയത്തെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. നീതി നിഷേധിക്കപ്പെടുമ്പോള്‍ നാം തെരുവിലറങ്ങേണ്ട ആവശ്യകത എന്താണ്?

എന്നെ അന്യായമായി അവര്‍ കോളേജില്‍ നിന്നും പുറത്താക്കിയതിന് ശേഷം തെരുവില്‍ ഇരുന്ന് ആലോചിച്ചപ്പോയാണ് ‘ജോലിയല്ല നീതിയാണ് വേണ്ടത്’ എന്ന ബോധ്യം എനിക്കുണ്ടായത്. പക്ഷേ എനിക്ക് ആളുകളെ പഠിപ്പിക്കണം. അത് കോളേജിനകത്ത് വേണോ പുറത്ത് വേണോ എന്നത് എന്റെ തീരുമാനമാണ്. അതുകൊണ്ട് ആളുകളെ വിളിച്ച് ചേര്‍ത്തുകൊണ്ട് തെരുവ് ക്ലാസ്മുറിയാക്കി മാറ്റാൻ ഞാന്‍ തീരുമാനിച്ചു. പഠിക്കാനും പോരാടാനും പറ്റുന്ന ഉത്തമ ഇടമാണ് തെരുവുകള്‍. ജനാധിപത്യത്തില്‍ പാർലമെന്റിന് വഴി തെറ്റുമ്പോള്‍ നമ്മുടെ തെരുവുകള്‍ ഒരിക്കലും വിജനമായിരിക്കരുത്. പാര്‍ലമെന്റുകള്‍ നിശബ്ദമാകുന്ന കാലത്ത് തെരുവുകളില്‍ നിന്നാണ് ശബ്ദമുയരേണ്ടത്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയേ തീരൂ. ജനാധിപത്യത്തില്‍ ജനങ്ങളാണ് രാജാവ്. നമ്മൾ തിരഞ്ഞെടുത്ത കൂലിക്കാരായ ഇവിടുത്തെ അധികാരി വര്‍ഗങ്ങള്‍ നമ്മുടെ നേര്‍ക്ക്‌ ലാത്തി പ്രയോഗിക്കുകയും ടിയര്‍ ഗ്യാസുകള്‍ പ്രയോഗിക്കുകയും പെല്ലറ്റ് ആക്രമണം നടത്തുകയും ചെയ്യുന്നത് നമുക്ക് എങ്ങനെയാണ് സഹിക്കാന്‍ കഴിയുന്നത്.

‘ജോലിയല്ല നീതിയാണ് വേണ്ടത്’ എന്ന മുദ്രാവാക്യം ഉയർത്താനുള്ള കാരണം വിശദമാക്കാമോ?

എന്റെ സമരം അവസാനിപ്പിക്കുകായാണെങ്കില്‍ ഞാന്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് എനിക്ക് ജോലി വാങ്ങിത്തരാം എന്ന് പലരും എനിക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്. പക്ഷേ ഈ സമരം ഒരിക്കലും ജോലിക്കും പണത്തിനും വേണ്ടിയുള്ളതല്ല, നീതിക്ക് വേണ്ടിയുള്ളതാണ്. രോഹിത് വെമുല, പായല്‍ തഡ്വി, പ്രൊഫസർ ചന്ദ്രശേഖര്‍ തുടങ്ങി ഒരുപാട് പേരുടെ നീതിക്ക് വേണ്ടിയുള്ളതാണ്. അധികൃതരോട് സമരസപ്പെട്ടുകൊണ്ട് ഞാന്‍ ജോലി സ്വീകരിച്ചാല്‍ ഇന്ന് എനിക്ക് സംഭവിച്ചത് നാളെ മറ്റൊരാള്‍ക്ക്‌ സംഭവിക്കില്ല എന്നതിന് എന്ത് ഗ്യാരണ്ടിയാണുള്ളത്. ഈ നാട്ടില്‍ മറ്റൊരു രോഹിത് വേമുല ഉണ്ടാവില്ല എന്നതിന് എന്തുറപ്പാണുള്ളത്. ആളുകളുടെ പോരാടാനുള്ള ആവേശത്തെ അത് ഇല്ലായ്മ ചെയ്യും. ഈ ദേശത്ത് ആളുകള്‍ക്ക് നീതി ലഭിക്കാറില്ല. നീതി നല്‍കുന്നതിനേക്കാള്‍ ജോലി വാഗ്ദാനം ചെയ്ത് വായടപ്പിക്കുന്നതാണ് അവര്‍ക്ക് എളുപ്പം. 2019ല്‍ എനിക്ക് പിന്തുണ നല്‍കിയ ഒരു ടീച്ചര്‍ ഈ പ്രാവശ്യത്തെ ഡൽഹി യൂണിവേഴ്സിറ്റി ഇലക്ഷന് സംഘപരിവാറിന്റെ അടിമയായി മാറിയിട്ടുണ്ട്. അതിനാല്‍ പണം കൊണ്ടും വാ​ഗ്ദാനങ്ങൾ കൊണ്ടും ഞങ്ങളെ വിലയ്ക്കെടുക്കാന്‍ കഴിയില്ല. നീതി മാത്രമാണ് പരിഹാരം എന്ന് ബോധ്യപ്പെടുത്തേണ്ടത് വളരെയധികം ആവശ്യമാണ്‌.

പ്രാണപ്രതിഷ്ഠാ ദിനത്തില്‍ നടത്തിയ ഭരണഘടനാ ക്ലാസിൽ ഡോ. ഋതു സിം​ഗ്. ഫോട്ടോ: Bhumika Saraswati

അയോധ്യയിലെ പ്രാണപ്രതിഷ്ഠ നടന്ന സാഹചര്യത്തില്‍ ആർട് ഫാക്കൽട്ടിയുടെ മുന്നില്‍ വെച്ച് നിങ്ങള്‍ നടത്തിയ ഭരണഘടനാ ക്ലാസ് ശ്രദ്ധേയമായിരുന്നു. ആ അനുഭവം എങ്ങനെയായിരുന്നു?

പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് സര്‍വകലാശാലയെ അവര്‍ പൂര്‍ണമായി കാവിവത്കരിച്ചു. സര്‍വകലാശാലയുടെ ഗേറ്റിന് മുകളില്‍ അവര്‍ ‘ജയ്‌ശ്രീറാം’ പതിപ്പിച്ച കാവിക്കൊടി നാട്ടി. ഞങ്ങളുടെ സമരം തകര്‍ക്കാന്‍ വേണ്ടി 144 പ്രഖ്യാപിച്ച‍ ഡല്‍ഹി പോലീസ് നോക്കിനിൽക്കെയാണ് സംഘികള്‍ പ്രാണപ്രതിഷ്ഠാ ദിനത്തില്‍ റാലി നടത്തിയത്. ഇവര്‍ക്ക് മറുപടി എന്ന നിലയില്‍ ഞങ്ങള്‍ അന്ന് ‘university on streets’ സംഘടിപ്പിച്ചു. അവിടെ വെച്ച് ഞങ്ങള്‍ ഭരണഘടനയുടെ ആമുഖം വായിക്കുകയും, അതിനുശേഷം ഭരണഘടനാ മൂല്യങ്ങളെ കുറിച്ച് ഞങ്ങളുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത ജനങ്ങള്‍ക്ക് ക്ലാസെടുക്കുകയും അതിനെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. ഇന്ത്യ ഒരു സെക്കുലര്‍ രാഷ്ട്രം ആണ് എന്ന് നമ്മുടെ ഭരണഘടന വളരെ കൃത്യമായി പറയുന്നുണ്ട്. ജയ്‌ശ്രീറാം മുദ്രാവാക്യം മുഴക്കിയാണ് സംഘപരിവാര്‍ അനുകൂലികള്‍ ഞങ്ങളുടെ ക്ലാസിനെ നേരിട്ടത്.

ഫെബ്രുവരി 20ന് താങ്കള്‍ ശംഭു അതിർത്തിയിൽ പോയി കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. പിന്നീട് 22ന് നടന്ന ‘EVM hatao desh bachao’ എന്ന ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനെതിരെയുള്ള പ്രതിഷേധത്തിലും പങ്കെടുത്തിട്ടുണ്ട്. സമരങ്ങളില്‍ ഇത്തരത്തില്‍ ഒരു ഇന്റര്‍സെക്ഷനാലിറ്റി ഉണ്ടാകേണ്ടുന്നതിന്റെ പ്രാധാന്യത്തെ എങ്ങനെയാണ് കാണുന്നത്?

നമ്മുക്ക് ഫാസിസത്തില്‍ നിന്നും വിമോചനം ലഭിക്കണമെങ്കില്‍ ഇവിടെയുള്ള എല്ലാ മര്‍ദ്ദിത വിഭാഗങ്ങളും ഐക്യപ്പെടെണ്ടത് വളരെയധികം ആവശ്യമാണ്‌. നമ്മളെയൂട്ടുന്ന കര്‍ഷകന്റെ സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. അതിനാല്‍ ഞങ്ങള്‍ അവിടെപ്പോയി അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. നിങ്ങള്‍ അടിച്ചമർത്തപ്പെടുന്നതുകൊണ്ട് ഞങ്ങള്‍ നിങ്ങളുടെ കൂടെയാണ് അതേപോലെ അവര്‍ ഞങ്ങളെയും അടിച്ചമര്‍ത്തുന്നുണ്ട്. അതിനാല്‍ നമ്മള്‍ ഒരുമിക്കേണ്ടതുണ്ട് എന്ന് ഞാന്‍ കര്‍ഷക സമരവേദിയില്‍ പരാമര്‍ശിക്കുകയും ചെയ്തു. അവരില്‍ പലരും എനിക്ക് പിന്തുണ ഉറപ്പുനല്‍കി. EVM എടുത്തുമാറ്റാന്‍ ഉള്ള സമരം ഇവിടെയുള്ള ഓരോ ആളുകളുടെയും സമരമാണ്. ഈ സര്‍ക്കാര്‍ EVM പിന്‍വലിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ അതില്‍ കൃത്രിമത്വം ഉണ്ട് എന്ന് നമുക്ക് ന്യായമായും സംശയിക്കാം. രാജ്യത്തെ പ്രായപൂര്‍ത്തിയായ മുഴുവന്‍ ജനങ്ങള്‍ക്കും തുല്യമായി ഇവിടുത്തെ ഭരണഘടന വാഗ്ദാനം നല്‍കിയ വോട്ടവകാശത്തിന് മേലുള്ള കടന്നുകയറ്റത്തെ നമ്മള്‍ ഒത്തുചേര്‍ന്ന് ചെറുക്കേണ്ടതുണ്ട്. നമ്മളുടെയെല്ലാം പോരാട്ടം പ്രധാനമായും ഒരു ശക്തിക്കെതിരാണ്. അതിനാല്‍ ആ ഫാസിസ്റ്റ് ശക്തിക്കെതിരെ നമ്മളെല്ലാവരും ഒന്നിക്കണം.

ഫെബ്രുവരി 6ന് നടത്തിയ മാർച്ചിനെതിരെയുണ്ടായ പൊലീസ് അതിക്രമം കാരണം 26ന് നിങ്ങൾ അങ്ങേയറ്റം മുന്നൊരുക്കത്തോടെയാണ് പ്രതിഷേധം നടത്തിയത്. എന്നിട്ട് പോലും അവർ ഫെബ്രുവരി 6ന് ചെയ്തത് പോലെ നിങ്ങളെയെല്ലാവരെയും തടഞ്ഞുവച്ചു. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്?‌

അതെ, അങ്ങേയറ്റം മുന്നൊരുക്കത്തോട് കൂടിയായിരുന്നു ഞങ്ങൾ ഈ പ്രതിഷേധ റാലി ആസൂത്രണം ചെയ്തത്. ഫെബ്രുവരി 25ന് വക്കീലിന്റെ നിർദേശപ്രകാരം ഞാൻ മോറിസ് നഗർ പോലീസ് സ്റ്റേഷൻ SHOയെ വിളിച്ച് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അനുമതി ചോദിച്ചു. കോവിഡ് സമയത്ത് ചെയ്യുന്നത് പോലെ മൂന്ന് വരികളിലായി സമാധാനപരമായി മാർച്ച്‌ ചെയ്യാനായിരുന്നു ഞങ്ങളുടെ തീരുമാനം. പരമാവധി 400 പേർ മാത്രമേ ഉണ്ടാകൂ എന്നും ഞാൻ അവരോട് പറഞ്ഞതാണ്. അത് അദ്ദേഹം അംഗീകരിക്കുകയും ചെയ്തു. പറഞ്ഞത് പ്രകാരം ഞങ്ങൾ റോഡ് ഒന്നും ബ്ലോക്ക്‌ ചെയ്യാതെ നടപ്പാതയിലൂടെയാണ് സമാധാനപരമായി നീങ്ങിയത്. പക്ഷേ, ഫെബ്രുവരി 6ന് സമാനമായ രീതിയിൽ SSB ഉൾപ്പെടെ ഒരുപാട് പൊലീസ് സന്നാഹം അവിടെ ഉണ്ടായിരുന്നു. സമാധാനപരമായി മാർച്ച്‌ നടത്താനൊരുങ്ങിയ ഞങ്ങളെ അവർ ക്രൂരമായി മർദ്ദിക്കുകയും പലരെയും നിലത്തുകൂടെ വലിച്ചിഴച്ച് ബസിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഫെബ്രുവരി 5ന് ആർ.എസ്.എസ് ഗുണ്ടകളുടെ അതിക്രമത്തിൽ കൈക്ക് പരിക്കേറ്റ എന്റെ സുഹൃത്ത് അശുതോഷിന്റെ കഴുത്തിന് പിടിച്ച് വലിച്ചിഴച്ചാണ് കൊണ്ടുപോയത്. മുഖ്യധാരാ മാധ്യമങ്ങൾ ഒന്നും ഏതായാലും ഈ സമരം കവർ ചെയ്യില്ല. അതുകൊണ്ട് ഈ സമരം കവർ ചെയ്യുകയായിരുന്ന ഐഡന്റിറ്റി കാർഡ് ഉള്ള യൂട്യൂബ് മാധ്യമ പ്രവർത്തകരെയും പ്രക്ഷോഭകരുടെ ആളാണെന്ന് പറഞ്ഞുകൊണ്ട് അവർ ഡീറ്റൈൻ ചെയ്തു. ഇത്തവണയും അവർ പല ആളുകളുടെ ഫോട്ടോ എടുക്കുകയും ഡ്രോൺ ഉപയോഗിക്കുകയും ചെയ്തിരുന്നു. ബുരാരി, നരേല, ബവാന എന്നീ പൊലീസ് സ്റ്റേഷനിലേക്കാണ് ആളുകളെ ഡീറ്റയ്ൻ ചെയ്ത് കൊണ്ടുപോയത്. അവിടെ നിന്നും തിരിച്ചുവരാൻ വാഹനമൊന്നും കിട്ടാതെ പലരും ബുദ്ധിമുട്ടി. പൊലീസിൽ നിന്നും ഇത്തരത്തിലുള്ള അപമാനമുണ്ടാകാൻ കാരണമായത് പ്രധാനമായും ഞങ്ങളുടെ ജാതിയാണ്. അമിത് ഷായുടെ നേരിട്ടുള്ള ഓർഡർ പ്രകാരമാണ് ഡൽഹി പോലീസ് പ്രവർത്തിക്കുന്നത്. നിയമവും നീതിയും ഒന്നും അവിടെ വില പോകില്ല. ദലിതുകൾ സ്വത്വാഭിമാനത്തോടെ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നത് ഇവർക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

February 29, 2024 3:25 pm