Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ലോകത്തെമ്പാടുമുള്ള 50ൽ അധികം രാജ്യങ്ങളിലായി പ്രകൃതിദുരന്തങ്ങൾ, സംഘർഷങ്ങൾ, യുദ്ധങ്ങൾ, അഭയാർത്ഥി പ്രതിസന്ധികൾ, രോഗബാധകൾ എന്നീ മേഖലകളിൽ ദുരന്തലഘൂകരണത്തിനായി പ്രവർത്തിക്കുന്ന ഡോ. ഉണ്ണി കൃഷ്ണൻ, ജനകീയാരോഗ്യ പ്രവർത്തകൻ ഡോ. സഫറുള്ള ചൗധരിയെ അനുസ്മരിക്കുന്നു. ഡോ. സഫറുള്ളയുടെ ബംഗ്ലാദേശിലെ ഗൊണശാസ്തായ കേന്ദ്രത്തിൽ വച്ച് 2000ൽ നടന്ന ആദ്യ പീപ്പിൾസ് ഹെൽത്ത് അസംബ്ലിയുടെ മീഡിയ, കാമ്പയിൻ കോ-ഓർഡിനേറ്ററായിരുന്നു ഡോ. ഉണ്ണി കൃഷ്ണൻ. ഇക്വഡോറിലെ ക്യൂൻകയിൽ നടന്ന രണ്ടാമത്തെ പീപ്പിൾസ് ഹെൽത്ത് അസംബ്ലിയുടെ അന്താരാഷ്ട്ര സംഘാടക സമിതി അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഡോ. സഫറുള്ളയോടൊപ്പമുണ്ടായിരുന്ന അനുഭവങ്ങളും ഗൊണശാസ്തായ കേന്ദ്രം പകർന്നുതന്ന കാഴ്ചപ്പാടുകളും പങ്കുവയ്ക്കുന്നു ഡോ. ഉണ്ണി കൃഷ്ണൻ.
1982-83 കാലത്ത് യൂണിവേഴ്സിറ്റി തലത്തിൽ പഠിക്കുമ്പോഴാണ് ഡോ. സഫറുള്ള ചൗധരിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഞാൻ ആദ്യമായി അറിയുന്നത്. ബംഗ്ലാദേശ് ഡ്രഗ് പോളിസിയെക്കുറിച്ച് അന്ന് ഞാൻ കേട്ടിട്ടുണ്ടായിരുന്നു. 1985ൽ രമൺ മഗ്സസെ അവാർഡ് അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. അദ്ദേഹം ഇന്ത്യയിലേക്ക് എത്തുന്നതും കേരളത്തിൽ വരുന്നതും അതിനുശേഷമാണ്. ഇവിടെ വച്ച് എനിക്ക് അദ്ദേഹത്തെ കേൾക്കാൻ അവസരം ലഭിച്ചു. അത് വളരെ വലിയ പ്രോചദനം നൽകി. ആദ്യ കേൾവിയിൽ തന്നെ അദ്ദേഹത്തിന്റെ ആശയങ്ങൾ വല്ലാതെ സ്വാധിനിച്ചു എന്ന് പറയാം. വിദ്യാർത്ഥി എന്ന നിലയിലാണ് ഞാൻ അദ്ദേഹവുമായി ആദ്യം ഇടപെടുന്നത്. വിദ്യാർത്ഥി ആയിരുന്ന കാലത്തുതന്നെ അദ്ദേഹത്തെ കാണാൻ കഴിഞ്ഞു എന്നത് ജീവിതത്തെ പിന്നീട് വലിയ രീതിയിൽ മാറ്റിമറിച്ചു.
ഗൊണശാസ്തായ കേന്ദ്രം സ്ഥിതി ചെയ്യുന്ന സാവർ ഗ്രാമത്തിലെ പൊതുജനാരോഗ്യ സംരംഭത്തെക്കുറിച്ച് അറിയുന്നതിനായി ഞാൻ ആദ്യം അവിടെ എത്തുമ്പോൾ കാണുന്ന ചിത്രം ഒരു പെൺകുട്ടി ഷോൾഡർ ബാഗുമായി സൈക്കിളിൽ പോകുന്നതാണ്. ആ ബാഗിൽ രക്ത സാമ്പിൾ എടുക്കാനുള്ള സ്ലൈഡ്സ്, സൂചികൾ, മൈക്രോസ്കോപ് എന്നിവയാണ് ഉണ്ടായിരുന്നത്. ലാബോറട്ടറിയിൽ വേണ്ട അടിസ്ഥാന സംവിധാനങ്ങളുമായി ഒരു പെൺകുട്ടി സൈക്കിളിൽ പോകുന്നു. ഗ്രാമീണ ബംഗ്ലേദേശിന്റെ അന്നത്തെ സാഹചര്യം നോക്കിയാൽ, അതായത് ഞാൻ പോകുന്നത് 90 കളുടെ തുടക്കത്തിലാണ്, സങ്കൽപ്പിക്കാൻ പ്രയാസമുള്ള കാഴ്ചയായിരുന്നു അത്. ഗൊണശാസ്തായ കേന്ദ്രയുടെ പ്രവർത്തനങ്ങളുള്ള ഗ്രാമങ്ങളിൽ പക്ഷെ ഇത് ഒരു പതിവ് കാഴ്ചയാണ്, വിപ്ലവാത്മകമായ ഒരു കാഴ്ച. തന്റെ പ്രവർത്തനങ്ങളിൽ യുവതയെ പ്രത്യേകിച്ച് സ്ത്രീകളെ ഉൾപ്പെടുത്തേണ്ടുന്നതിന്റെ പ്രാധാന്യം പ്രത്യേകം മനസ്സിലാക്കിയിരുന്നു സഫറുള്ള ചൗധരി. പൊതുജനാരോഗ്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് എല്ലാ ആളുകൾക്കും ഏറ്റവും ഉയർന്ന ആരോഗ്യനില കൈവരിക്കാൻ അവകാശമുണ്ട് എന്നതായിരുന്നു. ജോർജ് ഓർവെൽ പറഞ്ഞതുപോലെ, എല്ലാവരും തുല്യരാണ്, ചിലർ കൂടുതൽ തുല്യരാണ് എന്ന സാഹചര്യമുണ്ടല്ലോ. എന്നാൽ എല്ലാവർക്കും ഒരുപോലെ ആരോഗ്യ അവകാശം ഉണ്ട്, നഗരത്തിലായാലും ഗ്രാമത്തിലായാലും എന്ന് സഫറുള്ള ഉറച്ച് വിശ്വസിച്ചു.
ആരോഗ്യത്തെ സംബന്ധിച്ച് മെഡിക്കൽ വശങ്ങൾക്ക് മാത്രമല്ല അദ്ദേഹം പ്രാമുഖ്യം നൽകിയത്. തീർച്ചയായും അതിന് പ്രാമുഖ്യം നൽകിയിരുന്നു, പക്ഷെ അതായിരുന്നില്ല മുഖ്യ പരിഗണന. അനുഭവ പരിചയമുള്ള ഡോക്ടറും കാർഡിയോ വാസ്കുലാർ സർജനും ആണ് അദ്ദേഹം. എന്നാൽ ആരോഗ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഡോക്ടർമാരിലും മരുന്നുകളിലും മാത്രം ഒതുങ്ങി നിന്നില്ല. ഉയർന്ന സാക്ഷരതാ തോതുള്ള കേരളത്തിൽ പോലും നമ്മൾ കരുതുന്നത് ഡോക്ടർമാർക്കും മരുന്നുകൾക്കും മാത്രമാണ് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ നിർണ്ണായക സ്ഥാനമുള്ളത് എന്നാണ്. നഴ്സുമാരുടെ പങ്ക്, ലാബ് ടെക്നീഷ്യൻസിന്റെ പങ്ക്, ആരോഗ്യ സേവനങ്ങൾ വില്ലേജുകളിൽ എത്തിച്ചേരേണ്ടുന്നതിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങൾ വേണ്ടത്ര പരിഗണിക്കപ്പെടാറില്ല. ആശുപത്രി കേന്ദ്രീകൃതമായ സമീപനത്തേക്കാൾ ഏറ്റവും ആവശ്യകതയുള്ള സമൂഹങ്ങളിലേക്ക് ചികിത്സാ സംവിധാനങ്ങൾ എത്തിച്ചേരുക എന്നതും പ്രധാനമാണ്. ശാരീരിക-മാനസിക ആരോഗ്യം ഉറപ്പാക്കൽ മാത്രമല്ല പൊതുജനാരോഗ്യം എന്നും ആരോഗ്യത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ നിർണ്ണയം എന്നത് പ്രധാനമാണെന്നും സഫറുള്ളയ്ക്ക് നന്നായി അറിയുമായിരുന്നു. ജനങ്ങൾക്ക് പ്രമുഖ്യം നൽകുന്ന അദ്ദേഹത്തിന്റെ ആരോഗ്യനയത്തിന്റെ അടിസ്ഥാനം സഹാനുഭൂതിയായിരുന്നു.
മരുന്ന് നിർമ്മാണ മേഖലയിലേക്ക് കടന്നുവന്ന ഗൊണശാസ്തായയുടെ ആശയം ലാഭമായിരുന്നില്ല, ജനങ്ങളും ശാസ്ത്രവുമാണ് മുഖ്യം എന്നതായിരുന്നു. എൺപതുകളിൽ അത് വളരെ പ്രധാനപ്പെട്ട ചിന്തയായിരുന്നു. മരുന്ന് കമ്പനികൾ ജനങ്ങളുടെ ആരോഗ്യത്തിൽ പിടിമുറുക്കിയ, ഔഷധ നിർമ്മാണ വ്യവസായം ആരോഗ്യമേഖലയെ നിയന്ത്രിച്ചിരുന്ന കാലമാണത്. മരുന്നുകൾ രോഗങ്ങൾ തേടി നടന്ന കാലം. ഗൊണശാസ്തായ ഔഷധ നിർമ്മാണത്തിൽ ഒരു ബദലായി ഉയർന്നുവന്നു, ജനങ്ങളുടെ ആരോഗ്യത്തെ ലാഭത്തിന് മേലെ നിർത്തിക്കൊണ്ട്. അദ്ദേഹം ചെയ്ത ഒരു പ്രധാന കാര്യം ഔഷധ നിർമ്മാണ വ്യവസായവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന മിത്ത് പൊളിച്ചു എന്നതാണ്. അന്നുവരെ നിലനിന്നിരുന്ന ഒരു തോന്നൽ പടിഞ്ഞാറൻ രാജ്യങ്ങളിലെ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, പ്രത്യേകിച്ച് മൾട്ടിനാഷണൽ കമ്പനികൾക്ക് മാത്രമേ മരുന്ന് നിർമ്മിക്കാൻ കഴിയൂ എന്നതായിരുന്നു. അദ്ദേഹം ഫാർമസ്യൂട്ടിക്കൽ സയൻസിനെയും നിർമ്മാണത്തെയും വ്യവസായത്തെയും ആ മിത്തിൽ നിന്നും മോചിപ്പിച്ചു. പാശ്ചാത്യ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ പറയുന്നതുപോലെ സങ്കീർണ്ണമല്ല മരുന്ന് നിർമ്മാണം എന്ന് തെളിയിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനി ബംഗ്ലാദേശിലെ ഗ്രാമത്തിൽ വരെ സാധ്യമാണെന്ന് അദ്ദേഹം തെളിയിച്ചു. മൾട്ടിനാഷണൽ കമ്പനികളെ ഇത് പിടിച്ചുലച്ചു. കാരണം, ശാസ്ത്രവും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മിത്തുകൾ തകർക്കപ്പെടുമ്പോൾ ആദ്യം സംഭവിക്കുന്നത് ജനങ്ങൾ ശക്തിപ്പെടുന്നു എന്നതാണ്.
എന്നെ ആകർഷിച്ച മറ്റൊരു കാര്യം ദുരന്തങ്ങളും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവാണ്. ദുരന്തങ്ങൾ സാധാരണ മനുഷ്യരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ബംഗ്ലാദേശ് വിമോചന പോരാട്ടം നടക്കുമ്പോൾ അദ്ദേഹം ആ രീതിയിലാണ് ഇടപെട്ടത്. മരുന്നുകളെയും ആരോഗ്യ പരിപാലനത്തെയും പോലെ പ്രധാനമാണ് സഹാനുഭൂതിയെന്ന് തിരിച്ചറിഞ്ഞ മനുഷ്യനായിരുന്നു അദ്ദേഹം. എല്ലാ മനുഷ്യരും തുല്യരാണെന്ന് തിരിച്ചറിയുമ്പോഴും ദരിദ്രർ കൂടുതൽ പരിഗണന അർഹിക്കുന്നതായി അദ്ദേഹം വിശ്വസിച്ചു. അത് സഫറുള്ള സൂക്ഷിച്ച വളരെ പ്രധാന മൂല്യമായിരുന്നു. പലരെയും സ്വാധീനിച്ച ഒരു മൂല്യം.
ഫാർമസ്യൂട്ടിക്കൽ നിർമ്മാണത്തിൽ ഡബ്ല്യു.എച്ച്.ഒ പറയുന്ന പ്രകാരമുള്ള പല പരിശോധനകളും നടത്തേണ്ടതുണ്ട്, നിർമ്മണ-വിതരണ സ്റ്റാൻഡേർഡുകൾ നിലനിർത്തേണ്ടതുണ്ട്, ജനറിക് മരുന്നുകളുമായി ബന്ധപ്പെട്ട ഡബ്ല്യു.എച്ച്.ഒ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമുണ്ട്. മാർക്കറ്റിൽ പോയി ഒരു മരുന്ന് തിരഞ്ഞാൽ അതിന് വളരെ വ്യത്യസ്തമായ ബ്രാൻഡുകൾ ഉള്ളതായി കാണാം. ഒരേ ഉള്ളടക്കം പല പേരിൽ വരുന്നു. ചില കമ്പനികൾ ഗുണനിലവാരം കർശനമായി ഉറപ്പുവരുന്നു എന്ന പേരിൽ വില കൂട്ടി വിൽക്കാറുണ്ട്. ഗുണനിലവാരം ഉറപ്പുവരുത്തുമ്പോൾ തന്നെ ന്യായമായ വിലയിൽ മരുന്ന് നിർമ്മിക്കാൻ കഴിയും എന്നതാണ് സഫറുള്ള തെളിയിച്ചത്. ആരോഗ്യത്തെ ഡോക്ടറുടെയോ മരുന്നിന്റെയോ വീക്ഷണകോണിൽ കൂടി മാത്രം കാണുന്ന ഒരാൾക്ക് അതിന് കഴിയില്ല. ആരോഗ്യത്തെ സാമൂഹികവും രാഷ്ട്രീയവുമായ കാഴ്ച്ചപ്പാടിൽ കൂടിയാണ് സഫറുള്ള കണ്ടിരുന്നത് എന്നതുകൊണ്ടാണ് അദ്ദേഹത്തിന് അത് സാധിച്ചത്. ദരിദ്രരായ ജനങ്ങൾ, തൊഴിലില്ലാത്തവർ, മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്നവർ, അസമത്വം അനുഭവിക്കുന്നവർ അവരെ പ്രത്യേകം മനസ്സിലാക്കി എന്ത് പിന്തുണയാണ് ആരോഗ്യമേഖലയ്ക്ക് അവർക്കായി നൽകാൻ കഴിയുന്നതെന്ന് അദ്ദേഹം ചിന്തിച്ചു. എങ്ങനെ അത് പ്രായോഗികമാക്കാം എന്ന് ആലോചിച്ചു.
ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട പീപ്പിൾസ് ഹെൽത്ത് അസംബ്ലി സാവറിലെ ഗൊണശാസ്തായ കേന്ദ്രയിൽ വച്ച് 2000ൽ സംഘടിപ്പിക്കുന്നതിലും നേതൃത്വപരമായ പങ്കുവഹിച്ചത് ഡോ. സഫറുള്ളയായിരുന്നു. നൂറിലധികം രാജ്യങ്ങളിൽ നിന്നും ഡോക്ടർമാരെയും നഴ്സുമാരെയും ഹെൽത്ത് ആക്ടിവിസ്റ്റുകളെയും സാമൂഹ്യപ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും ആഗോള മാധ്യമങ്ങളുടെ പ്രതിനിധികളെയും ഒന്നിച്ചുചേർക്കുന്നതിന് ഹെൽത്ത് അസംബ്ലിക്ക് കഴിഞ്ഞു. പീപ്പിൾസ് ഹെൽത്ത് അസംബ്ലി പുറത്തിറക്കിയ പീപ്പിൾസ് ഹെൽത്ത് ചാർട്ടർ ലോകത്തെമ്പാടുമുള്ള പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് ഇന്നും ഒരു ആധികാരിക രേഖയാണ്.
വർഷങ്ങൾക്ക് ശേഷം ഞാൻ കാണുമ്പോൾ അദ്ദേഹം ചികിത്സയിൽ ആയിരുന്നു. വൃക്ക തകരാറിലായി ധാക്കയിലെ ഒരു ആശുപത്രിയിൽ അദ്ദേഹത്തിന് ഡയാലിസിസ് നടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആശുപത്രിയിൽ അതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. അന്ന് അദ്ദേഹം എന്നോട് പറഞ്ഞ ഒരനുഭവമുണ്ട്. ഒരു ദിവസം ആശുപത്രി റിസപ്ഷനിൽ ഡയാലിസിസ് ചെയ്യാനായി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. വേറെയും ആളുകൾ അടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. അക്കൂട്ടത്തിലുണ്ടായിരുന്ന പ്രായമായ ഒരമ്മ കരയുന്നത് അദ്ദേഹം കണ്ടു. അദ്ദേഹം അവരുമായി സംസാരിച്ചു. അമ്മ പറഞ്ഞു, അവരുടെ മകനും ഡയാലിസിസിനായി കാത്തിരിക്കുകയാണ്. അവർക്ക് പണം കുറവാണ്. ആശുപത്രി ചിലവുകൾക്കുള്ള പണം കണ്ടെത്തുന്നതിനായി അവർക്ക് അവരുടെ റിക്ഷ വിൽക്കേണ്ടി വന്നു. അവർ മരണത്തെ മുന്നിൽ കാണുന്നു. അദ്ദേഹത്തിന് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല. അദ്ദേഹം ധാക്കയിലെ ചില സുഹൃത്തുക്കളെ വിളിച്ചു. ഒരു ഡയാലിസിസ് സെന്റർ ദരിദ്രർക്കായി തുടങ്ങാൻ പണം സമാഹരിക്കാൻ ആലോചിച്ചു. വൈകാതെ ഒരു ഡയാലിസിസ് മെഷീൻ ഗൊണശാസ്തായയിൽ എത്തി. സഫറുള്ളയ്ക്ക് വേണ്ടിയല്ല, അദ്ദേഹം മുമ്പ് പോയിരുന്ന ഹോസ്പിറ്റലിൽ തന്നെ ഡയാലിസിസ് തുടർന്നു. പിന്നീടൊരിക്കൽ ഞാൻ ഗൊണശാസ്തായയിൽ എത്തുമ്പോൾ നിരവധി ഡയാലിസിസ് മെഷീനുകൾ അവിടെ പ്രവർത്തിക്കുന്നതായി കണ്ടു. നിരവധിപേർ അതിനെ ആശ്രയിക്കുന്നുണ്ടായിരുന്നു, ന്യായമായ നിരക്കിൽ. ദരിദ്രരായ ജനങ്ങളെ സഫറുള്ളയും ഗൊണശാസ്തായയും ഒരിക്കലും ഉപേക്ഷിക്കില്ല.
ആർക്കും ഒരപായവും വരുത്തില്ല എന്ന പ്രതിജ്ഞയുമായാണ് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ ഈ രംഗത്തേക്ക് വരുന്നത്. ആരോഗ്യത്തെക്കുറിച്ചുള്ള സമഗ്രമായ കാഴ്ച്ചപ്പാട് എന്നത് ഉയർന്ന ആരോഗ്യ നിലവാരം കൈവരിക്കുന്നത് മരുന്നും ശസ്ത്രക്രിയയും വഴിയല്ല എന്നതാണ്. പോഷകമൂല്യമുള്ള ഭക്ഷണം, വ്യായാമം, പ്രകൃതിയുമായുള്ള ബന്ധം… ഇതെല്ലാം പ്രധാനമാണ്. ആ കാഴ്ച്ചപ്പാടിൽ നിന്നാണ് പരമ്പരാഗത ആരോഗ്യ സംവിധാനങ്ങളെക്കൂടി ചികിത്സയിൽ കോർത്തിണക്കാൻ സഫറുള്ള ശ്രമിച്ചത്. അങ്ങനെ ആയുർവേദ ചികിത്സയും അദ്ദേഹം ഹോസ്പിറ്റലിൽ ഉൾപ്പെടുത്തി. ആരോഗ്യ പരിരക്ഷയുടെ ശാസ്ത്രം എന്നത് അറിവും, വൈദഗ്ധ്യവും, പ്രയോഗശേഷിയും, വിശ്വാസ്യതയും, അനുഭവജ്ഞാനവും, തെളിവും ഉൾച്ചേർന്നതാണല്ലോ. സഫറുള്ള ഉറച്ചുനിന്നത് അറിവ്, പ്രയോഗശേഷി, തെളിവ് എന്നതിലാണ്. അതുകൊണ്ടാണ് അദ്ദേഹം ഡോ. വിജയനെ പോലെ ഒരു മികച്ച ആയുർവേദ ചികിത്സകനെ കേരളത്തിൽ നിന്നും കൊണ്ടുപോയത്. ഗൊണശാസ്തായ ആശുപത്രിയിൽ വിവിധ ഡിപ്പാർട്ടമെന്റുകൾ അവരവരുടെ യൂണിറ്റിന്റെ നേട്ടത്തിന് വേണ്ടിയല്ല, ജനങ്ങളുടെ പൊതുവായ ആരോഗ്യത്തിനായാണ് നിലകൊള്ളുന്നത്. വിവിധ ചികിത്സാ സമ്പ്രദായങ്ങളെ ഒന്നിച്ചുചേർത്ത് എങ്ങനെ പരസ്പരപൂരകമായ ചുമതലകൾ നിർവഹിക്കാം എന്ന് സഫറുള്ള ചിന്തിച്ചു. വളരെ ധീരമായ ഒരു പരീക്ഷണമായിരുന്നു അത്. മനുഷ്യത്വം എന്ന ആശയത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയിലൂടെയും പൊതുജനാരോഗ്യത്തിനായുള്ള പോരാട്ടങ്ങളിലൂടെയും ഡോ. സഫറുള്ള ചൗധരി സൃഷ്ടിച്ച ആശയലോകം അനേകർക്ക് പ്രചോദനമായി തുടരും.