Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ഇന്ന്, ഒക്ടോബർ 12ന് ഉത്തരേന്ത്യ ദസറ ആഘോഷിക്കുകയാണ്. വടക്കേ ഇന്ത്യയിലെങ്ങും രാവണന്റെ പടുകൂറ്റൻ കോലങ്ങളുണ്ടാക്കി അതിനുള്ളിൽ വെടിമരുന്നും പടക്കങ്ങളും നിറച്ച് ആഘോഷപൂർവ്വം കത്തിക്കുന്നു. രാമന്റെ വിജയവും, രാവണന്റെ മരണവുമാണ് ഇതിലൂടെ കൊണ്ടാടപ്പെടുന്നത്. രാവണനോടൊപ്പം സഹോദരൻ കുംഭകർണന്റെയും, മേഘനാഥന്റയും കോലങ്ങൾ കൂടി കത്തിക്കുമെങ്കിലും ‘രാവണ ദഹന’മാണ് പ്രധാനം. രാവണനെ ദഹിപ്പിക്കുന്ന ഈ ആചാരത്തെക്കുറിച്ച് രാവണ പക്ഷത്ത് നിന്ന് ഒരാലോചന നടത്തുകയാണ് ഇവിടെ.
രാവണന്റെ ശരീരം രക്തം വാർന്നൊഴുകി അവസാനം നിശ്ചലമായിരിക്കുന്നു. ലങ്കയാകെ സ്തംഭനാവസ്ഥയിലാണ്. സന്ധ്യ മയങ്ങിയിട്ടും വീടുകളിലൊന്നിലും ദീപങ്ങള്‍ തെളിഞ്ഞിട്ടില്ല. ലങ്കാനിവാസികൾ തങ്ങളുടെ പ്രതാപിയും അഭിമാനിയുമായ ലങ്കേശന്റെ പരാജയവും, മരണവും വിശ്വസിക്കാനാവാതെ അതീവ ദുഖത്തിലാണ്. എന്നാൽ വിഭീഷണ ഭവനം മാത്രം വെളിച്ചത്തിൽ കുളിച്ച് നിൽക്കുന്നു. അവിടെയെല്ലാവരും ആഘോഷത്തിലാണ്. ശ്രീരാമനും, ലക്ഷ്മണനും ഏറെ തിരക്കിലും ഉത്സാഹത്തിലുമാണ്. നാളെ വിഭീഷണന്റെ രാജാഭിഷേകമാണ്. നിര്‍ദ്ദേശങ്ങള്‍ക്ക് കാതോര്‍ത്ത് ഹനുമാന്‍ നിഴല്‍ പോലെ കൂടെയുണ്ട്.
രാമന്‍ രാജാവിന്റെ അതിഥിമന്ദിരത്തില്‍ സസുഖം അന്തിയുറങ്ങി. എന്നാൽ ലക്ഷ്മണന്‍ ഏറെ ക്ഷുഭിതനായിരുന്നു. എന്തുകൊണ്ട് ജേഷ്ഠൻ സീതയെ കൊണ്ടുവരാന്‍ അശോകവനിയിൽ പോകുന്നില്ല? എങ്ങനെ ജേഷ്ഠനിത്ര ക്രൂരനാകാന്‍ കഴിയുന്നു? എന്തെങ്കിലും പറയാനാകുന്നുമില്ല. കഴിഞ്ഞ 14 വർഷം എന്തുമാത്രം നരകയാതനകളാണ് പാവം ജേഷ്ഠത്തിയമ്മ, സീത അനുഭവിച്ചത്. രാജകൊട്ടാരത്തിന്റെ സമൃദ്ധിയിൽ സസുഖം വാഴേണ്ടവൾ, എല്ലാം ഉപേക്ഷിച്ച് ഭർത്താവിനോപ്പം അലഞ്ഞവൾ!
രാജാഭിഷേകത്തിനു ശേഷം രാമന്‍ ഹനുമാനെ പറഞ്ഞയക്കുന്നു, സീതക്കുള്ള സന്ദേശവു മായി… ‘രാവണന്‍ വധിക്കപ്പെട്ടിരിക്കുന്നു… ഇനി വിഭീഷണനാണ് ലങ്കേശന്‍’.
രാമന്‍ അശോകവനിയിലേക്ക് ഓടിയെത്തുമെന്നും തന്നെ വാരി പുണരുമെന്നും ധരിച്ച സീതക്ക് തെറ്റി. ഹനുമാനോടൊപ്പം രാമ സവിധത്തിലേക്ക് മടങ്ങുമ്പോള്‍ വൈദേഹിയോര്‍ത്തു കൊണ്ടിരുന്നു. കൊട്ടാരവും നാടുമുപേക്ഷിച്ച് രാമനോടൊപ്പം ഇറങ്ങിത്തിരിച്ച് എന്തെല്ലാം ദുരിതങ്ങളും ത്യാഗങ്ങളുമാണ് കഴിഞ്ഞ പതിനാല് വര്‍ഷമായി അനുഭവിക്കേണ്ടി വന്നത്. ഒരുവര്‍ഷമായി അശോകവനിയില്‍ രാമനെ പിരിഞ്ഞ് രാവണന്റെ തടവിലുമാണ്. യുദ്ധം കഴിഞ്ഞാല്‍ കാണാന്‍ രാമന്‍ ഓടിവരുമെന്നു കരുതി. ആശ്ലേഷത്തിലമര്‍ന്ന് രാമന്റെ ചുമലില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ വിരഹ ദുഖവും സങ്കടങ്ങളും ഇറക്കി ആശ്വാസം കൊള്ളാമെന്ന് കരുതി. എന്നിട്ടിപ്പോള്‍ ഈ കുരങ്ങന്‍, ഹനുമാനെ പറഞ്ഞുവിട്ടിരിക്കുന്നു. പെണ്ണിന്റെ, സ്വന്തം പത്നിയുടെ മനസ്സറിയാത്തവന്‍. ഇതു ‘മര്യാദ രാമ’നല്ല, മര്യാദ കെട്ട രാമന്‍. സീതക്കാദ്യമായി രാമനോട് പുച്ഛവും വെറുപ്പും തോന്നി. ഹനുമാനോടിങ്ങിനെ ചോദിച്ചു. “എന്തെ രാമന്‍ എഴുന്നള്ളിയില്ല?” “പരപുരുഷന്റെ അധീനതയില്‍ ഒരു വർഷം കഴിഞ്ഞിട്ടും പത്നിയായി സ്വീകരിക്കുന്നുണ്ടല്ലോ, അത് തന്നെ രാമന്റെ മഹാമനസ്ക്കതയാണ്.” ഹനുമാന്റെ സ്വരത്തിലെ അവജ്ഞയും അഹങ്കാരവും സീത ദുഖത്തോടെ തിരിച്ചറിഞ്ഞു.
വീണ്ടും വഴിനീളെ സീതയോര്‍ത്തുകൊണ്ടിരുന്നു. രാവണന്‍ എത്രയോ ഭേദം. പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നത് നേരുതന്നെ. എങ്കിലും മാന്യമായെ പെരുമാറിയിട്ടുള്ളൂ. അശോകവനിയില്‍ എത്തിയ ശേഷമാണ് മനസ്സമാധാനമായി ഒന്നുറങ്ങിയിട്ടുള്ളത്. രാവണന്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. കാവല്‍ക്കാരോടൊപ്പം പരിചാരികമാര്‍ എപ്പോഴും കൂടെ. രാമനേക്കാള്‍ ഒരു പെണ്ണായ തന്റെ മനസ്സ് അറിഞ്ഞിരുന്ന പരിചാരികമാര്‍.
രാമന്റെ തനിനിറം മനസ്സിലാക്കാന്‍ പിന്നെയും സമയമെടുത്തു സീതയ്ക്ക്. സീതയുടെ ചാരിത്ര്യത്തെ ഏതോ ഒരു പ്രജ ചോദ്യം ചെയ്തുവത്രേ. യാതോരു മടിയുമില്ലാതെ ഗര്‍ഭിണിയായ സീതയെ കാട്ടിലുപേക്ഷിക്കാന്‍ വിധിച്ചു രാജാവ് ‘മര്യാദ രാമന്‍’. ദലിതനായ വാല്മീകിയാണ് സീതയെ രക്ഷിച്ച് തന്റെ ആശ്രമത്തില്‍ കൊണ്ടുവന്ന് സംരക്ഷിച്ചത്.
ആശ്രമത്തിലിരുന്ന് സീത രാവണനെ കുറിച്ചോര്‍ത്തിരിക്കാം, ദുഖത്തോടെ. മഹാപണ്ഡിതനും, അതി ശക്തിശാലിയും, സംഗീതജ്ഞനും, അഭിമാനിയുമായ ആ ദ്രാവിഡ രാജാവിനെ കുറിച്ച്. അദ്ദേഹത്തിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ച് അദ്ദേഹത്തെ പരിഹസിച്ചതിനെ കുറിച്ച്. ദുഃഖിപ്പിച്ചതിനെ കുറിച്ച്. തന്റെ ഭർത്താവിന്റെ അപദാനങ്ങൾ പാടിപ്പുകഴ്ത്തി അപമാനിച്ചതിനെ കുറിച്ച്. അദ്ദേഹത്തിന്റെ വധത്തിന് കാരണമായതിനെ കുറിച്ച്. രാമനെപ്പോലെ സ്വാർത്ഥിയും അധികാരമോഹിയും, സ്ത്രീത്വത്തെ ബഹുമാനിക്കാത്തവനുമായ മര്യാദകെട്ട ‘മര്യാദ രാമനെ’ കാത്തിരുന്നതിലെ വിഡ്ഢിത്തത്തെ കുറിച്ച്.
ഡൽഹിയിലിരുന്ന് ഈ കുറിപ്പ് എഴുതുമ്പോൾ, രാവണനെ കത്തിക്കുന്നതിന്റെ ബഹളം പുറത്തു കേള്‍ക്കാം. ദസ്സറ എന്ന അസംബന്ധത്തിന്റെ ശബ്ദം, ആണധികാരത്തിന്റെ, ആണഹന്തയുടെ ശബ്ദം.