ഡി.വൈ ചന്ദ്രചൂഢ്: ഒത്തുതീർപ്പുകളുടെയും വൈരുധ്യങ്ങളുടെയും ‘ലിബറൽ ന്യായാധിപൻ’

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ജസ്റ്റിസ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഢ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷവും അദ്ദേഹത്തിന്റെ വിധിന്യായങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. ചീഫ് ജസ്റ്റിസ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തീർച്ചയായും വിലയിരുത്തപ്പെടണം. അതോടൊപ്പം പ്രധാനമാണ് നമ്മുടെ നീതിന്യായ വ്യവസ്ഥ ഏത് ദിശയിലേക്കാണ് നീങ്ങുന്നത് എന്ന് വിശകലനം ചെയ്യുന്നതും, നീതിന്യായ വ്യവസ്ഥ നമ്മുടെ ജനാധിപത്യ സംവിധാനത്തെ ശാക്തീകരിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതും. അതിലേക്കുള്ള വ്യക്തവും നിർണ്ണായകവുമായ തെളിവുകൾ ലഭിക്കാൻ രണ്ട് വർഷം നീണ്ട സേവന കാലാവധി ലഭിച്ച ജസ്റ്റിസ് ചന്ദ്രചൂഢിന്റെ വിധിന്യായങ്ങളും കോടതിക്ക് പുറത്തുള്ള അദ്ദേഹത്തിന്റെ വ്യവഹാരങ്ങളും പരിശോധിക്കുന്നത് സഹായകരമാവും.

ഹാർവാർഡ്-വിദ്യാഭ്യാസമുള്ള ഡി.വൈ ചന്ദ്രചൂഢ് ഒരു ഹൈക്കോടതിയുടെ തലവനാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു. അദ്ദേഹത്തിന്റെ പിതാവും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സേവനം അനുഷ്ടിച്ചയാളാണ്. ഇന്ത്യയിലെ 1.4 ബില്യൺ പൗരന്മാർക്ക് നീതി ലഭിക്കാനുള്ള അവസാനത്തെ ആശ്രയമായ സുപ്രീം കോടതിയിൽ ജസ്റ്റിസ് ചന്ദ്രചൂഢ് എട്ട് വർഷത്തിലധികം ജഡ്ജിയായും രണ്ട് വർഷം ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ ഇന്ത്യയിലെ “ആദ്യ സെലിബ്രിറ്റി ജഡ്ജി” എന്നും “റോക്ക്സ്റ്റാർ ജഡ്ജി” എന്നും മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിക്കുകയുണ്ടായി. സമീപകാലത്ത് രണ്ട് വർഷക്കാലയളവിൽ പദവിയിൽ തുടരാനുള്ള അപൂർവ്വ അവസരം ലഭിച്ച അദ്ദേഹം സുപ്രധാനമായ 93 വിധിന്യായങ്ങൾ പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസായിരുന്നു. ഇത് അദ്ദേഹത്തിൻ്റെ നാല് മുൻഗാമികൾ ഒരുമിച്ച് ചെയ്തതിനേക്കാൾ കൂടുതലാണ്. കൂടാതെ ഡിജിറ്റലൈസേഷൻ, കോടതി ഹിയറിംഗുകളുടെ തത്സമയ സംപ്രേക്ഷണം എന്നിവയുടെ കാര്യത്തിൽ അദ്ദേഹം കൈക്കൊണ്ട നടപടികൾ ഏറെ ശ്രദ്ധപിടിച്ചുപറ്റി. ഈ കാലയളവിൽ വ്യക്തി സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, ലിംഗനില, LGBTQ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സൂക്ഷ്മവും പുരോഗമനപരവുമായ വിധിന്യായങ്ങളുടെ പേരിലും അദ്ദേഹം ശ്രദ്ധനേടുകയുണ്ടായി. സ്വവർഗരതിയെ കുറ്റകരമല്ലാതാക്കുകയും ആർത്തവമുള്ള സ്ത്രീകൾക്ക് ശബരിമല ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുകയും ചെയ്ത സുപ്രധാന വിധികൾ അതിന് ഉദാഹരണമാണ്. സ്വകാര്യതയ്ക്കുള്ള അവകാശത്തെയും വിയോജിക്കാനുള്ള അവകാശത്തെയും കുറിച്ചുള്ള അദ്ദേഹത്തിൻ്റെ പ്രസ്താവനകളും ഏറെ ചർച്ച ചെയ്യപ്പെട്ടു.

എന്നാൽ ഇന്ത്യ എന്ന മഹാരാജ്യം ഇലക്ടറൽ ഡെമോക്രസിയിൽ നിന്നും ഇലക്ടറൽ ഓട്ടോക്രസിയിലേക്ക് കഴിഞ്ഞ പത്ത് വർഷത്തിനകം മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് ലോകം വിലയിരുത്തുന്ന നിർണ്ണായക കാലത്ത് നമ്മുടെ ഭരണഘടനാ മൂല്യങ്ങളുടെ കാവലാളാവേണ്ട പരമോന്നത നീതിന്യായ സംവിധാനം എന്ത് ഇടപെടൽ നടത്തി എന്നത് ഏറെ പ്രധാനമാണ്. നോട്ട് നിരോധനം, റഫാൽ അഴിമതി, കോവിഡ് കാലത്തെ ദുരിതങ്ങൾ, പുൽവാമ ആക്രമണം, പെഗാസസ്‌, ഫെഡറൽ സംവിധാനങ്ങളുടെ അട്ടിമറി, കർഷക സമരം, കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ, പൗരത്വ നിയമ ഭേദഗതി, മാധ്യമ സ്വാതന്ത്ര്യം തടയൽ, മണിപ്പൂർ വിഷയം, കശ്മീരിന്റെ സ്വതന്ത്ര പദവി എടുത്ത് കളയൽ, പ്രതിപക്ഷ നേതാക്കളെ കേസിൽ കുടുക്കൽ, ഇലക്ഷൻ കമ്മീഷനെതിരെയുള്ള പരാതി, ഇ വി എം അടക്കം തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികൾ, ഇലക്ടറൽ ബോണ്ട്, അദാനി വിഷയം, ഗ്യാൻവ്യാപി അവകാശവാദം, ബാബരി മസ്ജിദ് പൊളിച്ചത് തുടങ്ങി ഒട്ടനവധി നിർണ്ണായക വിഷയങ്ങൾ കോടതി മുറിയിലേക്കെത്തിയിട്ടും കേന്ദ്ര സർക്കാരിനെ അലോസരപ്പെടുത്തുന്ന ഒരു ഇടപെടലും കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സുപ്രീം കോടതിയിൽ നിന്നും ഉണ്ടായില്ല എന്ന് കാണാം. ഇത് നമ്മുടെ നീതിന്യായ വ്യവസ്ഥ സഞ്ചരിക്കുന്ന ദിശയെ അടയാളപ്പെടുത്തുന്നു.

“തൻ്റെ വിധിന്യായങ്ങളിൽ, ഭാവിയിലെ കേസുകൾക്ക് ഒരു മാതൃകയായി ഉപയോഗിക്കാവുന്ന തരത്തിൽ നിയമത്തെ ജസ്റ്റിസ് ചന്ദ്രചൂഢ് സമർത്ഥമായി വ്യാഖ്യാനിക്കും. എന്നാൽ ഏതെങ്കിലും വിഷയത്തിൽ കേന്ദ്ര സർക്കാർ വൻ തിരിച്ചടി നേരിടുന്ന ഘട്ടം വന്നപ്പോഴൊക്കെ സ്വതന്ത്രമായി നീതി നിർവഹിക്കുന്നതിൽ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. അങ്ങനെ സർക്കാർ പരുക്കുകളേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.” ചന്ദ്രചൂഢിന്റെ റെക്കോർഡ് ഒരു ‘മിക്സഡ് ബാഗ്‌’ ആണെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ചന്ദർ ഉദയ് സിംഗ് ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് പേരുവെളിപ്പടുത്താതെ സംഭാവന നൽകാൻ അനുവദിക്കുന്ന സർക്കാർ പദ്ധതിയായ ഇലക്ട്‌റൽ ബോണ്ട് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും എന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാൽ അങ്ങനെ രാഷ്ട്രീയ പാർട്ടികൾ സമാഹരിച്ച കോടിക്കണക്കായ പണം പിടിച്ചെടുക്കാനോ, നിയമവിരുദ്ധമായി കാര്യം ചെയ്തതിന് ഉത്തരവാദികളായവരെ ശിക്ഷിക്കാനോ, ഒഴുകിയെത്തിയ പണത്തിന്റെ സ്രോതസുകൾ അന്വേഷിക്കാനോ കോടതി തയ്യാറായില്ല എന്ന് കാണാം. ‘ഓപ്പറേഷൻ വിജയിച്ചു, പക്ഷേ രോഗി മരിച്ചു’ എന്ന ചൊല്ലിനെ ഓർമ്മിപ്പിക്കുന്നതാണ് ഈ നടപടി എന്നാണ് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ലോകൂർ ഇതിനെ വിശേഷിപ്പിച്ചത്. അതുപോലെ, മഹാരാഷ്ട്രയിൽ ഒരു രാഷ്ട്രീയ പ്രതിസന്ധി വന്നപ്പോഴും ഫെഡറൽ സംവിധാനത്തെക്കുറിച്ച് ഡൽഹി സംസ്ഥാനത്ത് അധികാര തർക്കം വന്നപ്പോഴും അദ്ദേഹത്തിൻ്റെ വിധികൾ കേന്ദ്ര സർക്കാരിന് അനുകൂലമായിരുന്നു എന്ന് ചന്ദർ ഉദയ് സിംഗ് ഓർമ്മിപ്പിക്കുന്നു. ഇങ്ങനെ ഭൂരിപക്ഷ ദേശീയതയുടെ പേരിൽ ഏകാധിപത്യം നടപ്പാക്കുന്ന നരേന്ദ്രമോദി നയിക്കുന്ന ബിജെപി സർക്കാരിനെ നിയന്ത്രിക്കുന്ന നടപടികൾ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചവരെയെല്ലാം അദ്ദേഹം കടുത്ത നിരാശയിലാഴ്ത്തി.

ദുഷ്യന്ത് ദവെ

മുൻ സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡൻ്റും മുതിർന്ന അഭിഭാഷകനുമായ ദുഷ്യന്ത് ദവെ ‘ദി വയറി’ന് വേണ്ടി കരൺ ഥാപ്പറിന് നൽകിയ ഒരു അഭിമുഖത്തിൽ പൊട്ടിക്കരയുകയും ജസ്റ്റിസ് ചന്ദ്രചൂഡിനെ ശക്തമായി വിമർശിക്കുകയും ചെയ്തത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 1947 ആഗസ്റ്റ് 15-ന് ശേഷം ആരാധനാലയത്തിൻ്റെ മതപരമായ സ്വഭാവത്തിൽ മാറ്റം വരുത്താൻ 1991-ലെ ആരാധനാലയ നിയമം (Places of Worship Act of 1991) അനുവദിക്കുന്നില്ലെങ്കിലും “ആരാധനാലയത്തിൻ്റെ മതപരമായ സ്വഭാവം കണ്ടെത്തുന്നതിന് വ്യക്തമായ വിലക്കില്ല” എന്ന ജസ്റ്റിസ് ചന്ദ്രചൂഢിൻ്റെ 2022 മെയ് വിധിയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളിൽ വേദനിച്ചുകൊണ്ടായിരുന്നു അദ്ദേഹം വികാരാധീനനായി സംസാരിച്ചത്. ഉത്തർപ്രദേശിലെ ഗ്യാൻവ്യാപി പള്ളിയുടെ മേൽ ഹിന്ദു സംഘടനകൾ ഉന്നയിച്ച അവകാശവാദത്തിന് അനുകൂലമായ കീഴ് കോടതി വിധിക്കെതിരെ മുസ്ലീം വിഭാഗം സുപ്രീം കോടതിയിലെത്തിയപ്പോഴായിരുന്നു സർവ്വേ നടത്താൻ അനുമതി നൽകുന്ന ഈ വിധിയുണ്ടാകുന്നത്. ഇത് മഥുരയിലെ ഷാഹി ഈദ്ഗാഹ്, ലഖ്‌നൗവിലെ തീലെ വാലി മസ്ജിദ്, ഇപ്പോൾ സംഭലിലെ ജുമാ മസ്ജിദ്, അജ്മീർ ദർഗ എന്നിവയ്ക്ക് മേലുള്ള ഹിന്ദു സംഘടനകളുടെ അവകാശവാദങ്ങൾക്ക് ഇന്ധനമായി മാറി. ഉത്തർപ്രദേശിലെ സംഭൽ ജില്ലയിലെ ചന്ദൗസിലുള്ള ഷാഹി ജുമാമസ്ജിദ് സർവേ നടപടിയിൽ പ്രതിഷേധിച്ചവർക്ക് നേർക്കുണ്ടായ വെടിവയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നമ്മുടെ സാമൂഹ്യ സൗഹാർദ്ദവും മതേതര മൂല്യങ്ങളും തകർക്കാൻ ജസ്റ്റിസ് ചന്ദ്രചൂഢിന്റെ വിധി കാരണമാവുന്നു എന്ന ആശങ്കയാണ് ദുഷ്യന്ത് ദവെ അഭിമുഖത്തിൽ പങ്കുവച്ചത്. ചിലരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ നിയമവ്യവസ്ഥയെ തകർക്കുകയും സമൂഹത്തെ വിഭജിക്കുകയും ചെയ്യുന്ന കാര്യമാണ് ചന്ദ്രചൂഢ് ചെയ്തതെന്ന് ദവെ ചൂണ്ടിക്കാട്ടുന്നു.

അന്തിമ വിശകലനത്തിൽ, ഇന്ത്യൻ ജനാധിപത്യത്തിന്റെ പുറംതോടുകൾ പൊട്ടിക്കാതെ ഒരു പതിറ്റാണ്ടായി തുടരുന്ന ഏകാധിപത്യ ഭരണകൂട വ്യവസ്ഥ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്നതിന് കൂട്ടുനിൽക്കുന്ന നടപടികൾ അതി വിദഗ്‌ധമായി നടപ്പാക്കുകയായിരുന്നു അദ്ദേഹം എന്ന് കാണാനാകും. കേസുകൾ തീർപ്പാക്കുന്നതിനുള്ള ജഡ്ജി എന്ന നിലയിൽ മാത്രമല്ല, ഒരു ഭരണാധികാരി (administrator) എന്ന നിലയിലും നിരാശയാണ് അദ്ദേഹം നൽകിയത് എന്നും നിയമരംഗത്തെ പല വിദഗ്ധരും വിലയിരുത്തുന്നു. തീവ്ര വലതുപക്ഷത്തിന് തന്നാലാവുംവിധം വിടുപണി ചെയ്ത ലിബറൽ ന്യായാധിപൻ ആയിട്ടായിരിക്കും ജസ്റ്റിസ് ചന്ദ്രചൂഢ് വിലയിരുത്തപ്പെടുക എന്നും.

പ്രൊഫ. ജി.എൻ സായിബാബയെപ്പോലുള്ള ഇന്ത്യയിലെ വൈജ്ഞാനിക രംഗത്തെ സമുന്നതരെയും സ്റ്റാൻ സ്വാമി, സുധ ഭരദ്വാരാജ് തുടങ്ങിയ മനുഷ്യാവകാശ പ്രവർത്തകരെയും ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും പോലുള്ള വിദ്യാർത്ഥികളെയും പ്രതിപക്ഷ നേതാക്കളെയും ഒന്നൊന്നായി തടവറയിലടയ്ക്കുന്ന ഫാസിസ്റ്റ് ഭരണകൂട നടപടികളോട് എന്ത് സമീപനം അദ്ദേഹം സ്വീകരിച്ചു എന്ന് പരിശോധിച്ചാൽ ജസ്റ്റിസ് ചന്ദ്രചൂഢിന്റെ ഭരണകൂട വിധേയത്വം തിരിച്ചറിയാൻ കഴിയും. ഇതിനിടയിൽ ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ രാജ്യം കുത്തനെ താഴെ പോകുന്നതും നാം കണ്ടു. ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെപ്പോലുള്ള കറപുരണ്ട ന്യായാധിപരിൽ നിന്നും ഏറെ വ്യത്യസ്തനല്ല ജസ്റ്റിസ് ചന്ദ്രചൂഢ് എന്ന് കാണാം. ദീർഘനാളായി സുപ്രീം കോടതിയുടെ മുമ്പാകെ നിലനിൽക്കുന്നതും രാജ്യത്തെ ആകമാനം ബാധിക്കുന്നതുമായ പൗരത്വ ഭേദഗതി (സിഎഎ) യുമായി ബന്ധപ്പെട്ട കേസ് എന്തുകൊണ്ട് തന്റെ കാലയളവിൽ ഒഴിവാക്കപ്പെട്ടു എന്നതും സർക്കാരിനെ ബുദ്ധിമുട്ടിക്കാതെ ഒഴിഞ്ഞു മാറുന്ന ചന്ദ്രചൂഢിന്റെ നയത്തെ വെളിപ്പെടുത്തുന്നു.

രാഷ്ട്രീയ തടവുകാരെ ദീർഘകാലമായി തടവിൽ പാർപ്പിക്കുന്നത് ഫലപ്രദമായി തടയുന്നതിൽ പരാജയപ്പെട്ടുകൊണ്ട് ജസ്റ്റിസ് ചന്ദ്രചൂഢ് വിവിധ ബെഞ്ചുകളെ കേസുകൾ കേൾക്കാൻ നിയോഗിക്കുന്ന “മാസ്റ്റർ ഓഫ് ദി റോസ്റ്റർ” റോൾ കൈകാര്യം ചെയ്ത രീതിയെ നിരവധി പ്രമുഖ അഭിഭാഷകർ വിമർശിച്ചിട്ടുണ്ട്. ജയിലിൽ കഴിയുന്നവരിൽ ചിലർ ജാമ്യം ലഭിക്കാതെ മരണത്തിന് കീഴടങ്ങുമ്പോഴും ജാമ്യം നൽകേണ്ടത് മാനദണ്ഡമാണെന്നും ഒഴിവാക്കപ്പെടേണ്ടതല്ലെന്നും (bail should be the norm and not the exception) ജസ്റ്റിസ് ചന്ദ്രചൂഢ് കോടതിക്ക് പുറത്ത് പ്രസംഗിച്ച് നടക്കുകയായിരുന്നു. അതേസമയം ജാമ്യം ലഭിക്കേണ്ടവരും വർഷങ്ങളായി അത് നിഷേധിക്കപ്പെട്ടവരുമായ ആളുകൾക്ക് യഥാർത്ഥത്തിൽ ജാമ്യം നിഷേധിക്കപ്പെട്ടത് ആ കേസുകൾ ജാമ്യം നൽകാൻ മടിക്കുന്ന തരത്തിലുള്ള ബെഞ്ചുകൾക്ക് നൽകുന്നതിലൂടെയായിരുന്നു. അതേസമയം അർണാബ് ഗോസ്വാമിയുടേതുപോലുള്ള കേസുകൾ സ്വന്തം ബെഞ്ചിൽ എടുക്കുകയും അദ്ദേഹം ചെയ്തു. കൂടാതെ കോടതിക്കകത്തെ ഇടപെടലുകളെക്കാൾ പുറത്ത് നടത്തിയ പ്രസ്താവനകളിലൂടെ ആ​ഗോള ശ്രദ്ധ നേടാനും തന്റെ ‘ലെഗസി’ക്ക് മോടി കൂട്ടാനും അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നതായും കാണാം. പൗരരുടെ മൗലിക അവകാശങ്ങളെക്കുറിച്ചും തുല്യതയെക്കുറിച്ചും ലിംഗ നീതിയിയെക്കുറിച്ചും സെമിനാറുകളിൽ സംസാരിച്ച് കയ്യടി നേടിയ അദ്ദേഹം ഉൾപ്പെട്ട കൊളീജിയം സുപ്രീം കോടതി ബെഞ്ചിലേക്ക് ശുപാർശ ചെയ്തവരെല്ലാം പുരുഷന്മാരായിരുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ചന്ദ്രചൂഢിൻ്റെ വീട്ടിൽ പ്രാർത്ഥിക്കുന്ന നരേന്ദ്ര മോദി, കടപ്പാട്: hindustantimes

ഇതിനിടയിലാണ് മതപരമായ ഒരു ചടങ്ങിന്റെ ഭാഗമായി തന്റെ രാഷ്ട്രീയ വിധേയത്വം വെളിപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി മോദിയോടൊപ്പം വീട്ടിൽ പ്രാർത്ഥിക്കുന്ന വീഡിയോ വൈറലായത്. തുടർന്ന്, ബാബറി മസ്ജിദ്-രാമക്ഷേത്ര തർക്കത്തിന് പരിഹാരത്തിനായി താൻ ദൈവത്തോട് അഭ്യർത്ഥിച്ചുവെന്ന ജസ്റ്റിസ് ചന്ദ്രചൂഢിൻ്റെ പ്രസ്താവന ഇന്ത്യൻ മതേതര മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. (ഒരു മുസ്ലീം മതവിശ്വാസിയായ ഒരു ജഡ്ജ് ഈ പ്രസ്താവന നടത്തിയാൽ ഉണ്ടാവുന്ന പ്രത്യാഘാതം ഓർക്കുക). 2019-ൽ ജസ്റ്റിസ് ചന്ദ്രചൂഢ് ഉൾപ്പെട്ട അഞ്ചംഗ ബെഞ്ച് 1992-ൽ ഹിന്ദുക്കൾ പള്ളി പൊളിച്ചത് നിയമവിരുദ്ധമാണെന്ന് വിധിച്ചുവെങ്കിലും തർക്കഭൂമി ഹിന്ദുക്കൾക്ക് നൽകുകയും പള്ളി പണിയാൻ പ്രത്യേക സ്ഥലവും നൽകുകയും ചെയ്യുകയായിരുന്നു. അങ്ങനെ 2014 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി യുടെ മാനിഫെസ്റ്റോയിൽ ഉണ്ടായിരുന്ന രാമക്ഷേത്ര നിർമ്മാണം യാഥാർഥ്യമാക്കാനുള്ള വഴി തുറക്കപ്പെട്ടു. ഈ വിധിയിലൂടെയാണ് 2024 ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി മോദി തൻ്റെ പാർട്ടിയുടെ ദീർഘകാല വാഗ്ദാനം നിറവേറ്റിക്കൊണ്ട് അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്. അങ്ങനെ സ്വയം ‘ദൈവം’ എന്ന് വാഴ്ത്തിപ്പാടുന്ന മോദിയുടെ അഭിലാഷം ചന്ദ്രചൂഢ് എന്ന ‘മനുഷ്യൻ’ പ്രാർത്ഥനയിലൂടെ നിറവേറ്റി!

നിയമവാഴ്ച, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, മതേതരത്വം തുടങ്ങിയ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടന നിലനിൽക്കുന്ന ഒരു രാജ്യത്തിന്റെ പരമോന്നത കോടതിയിലെ ന്യായാധിപനാണ് സ്വന്തം ദൈവത്തോട് പ്രാർത്ഥിച്ച് സുപ്രധാന കേസിലെ വിധിപറയാൻ വെളിപാട് തേടിയത്. ആധുനിക ഭരണഘടനകൾക്ക് കീഴിൽ, ഭരണഘടന ഔപചാരികമായി നിശ്ചയിക്കുന്ന രാഷ്ട്രീയ പ്രവർത്തനത്തിലൂടെ സ്വന്തം അസ്തിത്വം ഉറപ്പിക്കുന്ന ജനങ്ങളെ അപമാനിക്കൽ കൂടിയാണ് ജസ്റ്റിസ് ചന്ദ്രചൂഢ് ചെയ്തത്. കൂടാതെ തിയോക്രാറ്റിക് സ്റ്റേറ്റ് എന്ന ഭരണകൂട ഇച്ഛയ്ക്ക് നിയമ സംവിധാനത്തിന്റെ ആശിർവാദം ഉറപ്പിക്കലും. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന നിയമ സംവിധാനത്തിലെ അവരുടെ അറിവ് പ്രയോഗിച്ചുകൊണ്ടാണ് ജഡ്ജിമാർ തീരുമാനമെടുക്കേണ്ടത്. ആർട്ടിക്കിൾ 25 പ്രകാരം ഒരു ജഡ്ജിക്ക് തൻ്റെ സ്വകാര്യ പ്രവൃത്തിയായി ദൈവത്തോട് പ്രാർത്ഥിക്കാൻ അർഹതയുണ്ടെങ്കിലും അതിന്റെ അടിസ്ഥാനത്തിൽ കേസുകൾ തീർപ്പാക്കാൻ ആ വ്യക്തിക്ക് അനുവാദമില്ല. 2018ൽ ഹാദിയ കേസിൽ എൻ.ഐ.എ അന്വേഷണം വേണമെന്ന് ഉത്തരവിട്ട സുപ്രീം കോടതിയുടെ അന്നത്തെ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിൽ ചന്ദ്രചൂഢും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രാർത്ഥനയുടെ പൊരുൾ അറിയാൻ അദ്ദേഹത്തിന്റെ പഴയകാലം ഓർക്കുന്നത് സഹായിക്കും.

അമിത് ഷായ്ക്കൊപ്പം ചന്ദ്രചൂഢ് കടപ്പാട്: caravanmagazine

മോദിയുടെ വലംകൈയ്യായ അമിത് ഷാ ഉൾപ്പെട്ട കൊലക്കേസ് പരിഗണിക്കുന്ന ജഡ്ജിയായിരുന്ന ബി.എച്ച് ലോയയുടെ ദുരൂഹ മരണത്തിൽ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ ബെഞ്ചിൽ അദ്ദേഹവും ഉണ്ടായിരുന്നു. അതോടൊപ്പം ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢും ഹിമ കോഹ്‌ലിയും അടങ്ങുന്ന ബെഞ്ച് ബിസിസിഐയുടെ ഭരണഘടനയിൽ ഭേദഗതി വരുത്തി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ (ബിസിസിഐ) സെക്രട്ടറിയായി തുടരാൻ അമിത് ഷായുടെ മകൻ ജയ് ഷായെ അനുവദിച്ചതും ഓർക്കാം.

അതുപോലെ പ്രധാനമാണ് ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തുകളയുന്നത് സംബന്ധിച്ച വിധിയും. ആർട്ടിക്കിൾ 370 റദ്ദാക്കൽ 2014ലെ ബിജെപിയുടെ മാനിഫെസ്റ്റോയുടെ ഭാഗമായിരുന്നു. പ്രത്യേക പദവി എടുത്തുകളയുമ്പോൾ ആശയങ്കയുണ്ടെങ്കിലും അത് നേരിടാൻ കേന്ദ്ര സർക്കാരിനെ വിശ്വസിക്കുന്ന സമീപനം ആയിരുന്നു സുപ്രീം കോടതിയുടേത്. ജസ്റ്റിസ് ചന്ദ്രചൂഢിന്റെ ഇത്തരം ഇടപെടലുകൾ വിശകലനം ചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ കാലാവധി ‘ഗുരുതരമായ തെറ്റുകൾ’ നിറഞ്ഞതായിരുന്നു എന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ലോകൂർ കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിൽ പറയുകയുണ്ടായി.

മദൻ ലോകൂർ

നമ്മുടെ ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ഭരണകൂടം നമ്മുടെ രാജ്യത്തെ നയിക്കാതിരിക്കുമ്പോൾ നീതിന്യായ സംവിധാനങ്ങൾ എന്തുകൊണ്ട് നിശബദമാവുകയോ ഭരണകൂട നടപടികൾക്ക് കൂട്ട് നിൽക്കുകയോ ചെയ്യുന്നതിന്റെ സാംഗത്യം മനസിലാക്കാൻ വർഷങ്ങൾക്ക് മുൻപ് ബി.ആർ അംബേദ്ക്കർ പങ്കുവച്ച നിരീക്ഷണം ഓർക്കേണ്ടത് അനിവാര്യമാണ്. ബ്രിട്ടീഷ് ഭരണം അവസാനിക്കുമ്പോൾ ഇന്ത്യയിൽ നിലവിൽ വരിക പ്രിവിലേജുകൾ അനുഭവിക്കുന്ന ഒളിഗാർക്കി ഭരണം ആയിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. അത് ശരിവയ്ക്കുന്നത്തിലേക്കാണ് നമ്മുടെ രാജ്യം എത്തിയിരിക്കുന്നത് എന്ന് കാണാനാകും. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ അംഗീകരിക്കുന്ന സാമൂഹിക ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു ഭരണ സംവിധാനത്തിൽ മാത്രമേ ഇന്ത്യയുടെ ജനാധിപത്യം വിജയിക്കൂ എന്ന് അംബേദ്കർ വിശ്വസിച്ചു. കൂടാതെ സ്ത്രീകളുടെ പുരോഗതികൊണ്ട് ഒരു സമൂഹത്തിൻ്റെ പുരോഗതി അളക്കാൻ കഴിയുമെന്നും. സ്വാതന്ത്ര്യാനന്തരം ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യയുടെ ഗതി നിർണ്ണയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഒളിഗാർക്കിക്ക് മോദിയുടെ വരവോടെ ലെജിറ്റിമസി ലഭിക്കുകയും അവർ വളരെ സജീവമായി നിർണ്ണായക സംവിധാനങ്ങളിലൂടെ തങ്ങളുടെ വലതുപക്ഷ അജണ്ട നടപ്പിലാക്കി തുടങ്ങുകയും ചെയ്തു. അതിൽ തീവ്ര സ്വഭാവം ഉള്ളവവരും ലിബറൽ മുഖം ഉള്ളവരും ഉണ്ട്. രണ്ടാമത്തെ ഗണത്തിൽ പെടുന്നയാളാണ് ജസ്റ്റിസ് ചന്ദ്രചൂഢ് എന്ന് കാണാം. (കുറച്ച് ദിവസം മുമ്പ് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയും ഈ രാജ്യത്ത് ഹിന്ദുക്കളുടെ താത്പര്യ പ്രകാരം മാത്രമേ കാര്യങ്ങള്‍ നടപ്പിലാക്കുകയുള്ളൂവെന്ന് പറയുകയും ചെയ്തത് അലഹബാദ് ഹൈക്കോടതിയായ ജഡ്ജിയായ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവാണെന്നത് മറ്റൊരു ഉദാഹരണം).

ഇന്ത്യയുടെ ഭാവി ഇരുളടഞ്ഞതാണോ? അത് തീരുമാനിക്കുന്നത് ജനാധിപത്യത്തെ ശാക്തീകരിക്കാൻ ജനങ്ങൾ കൈക്കൊള്ളുന്ന നടപടികളാണെന്നു നാഷണൽ ജുഡീഷ്യൽ അക്കാദമി മുൻ ഡയറക്ടർ പ്രൊഫസർ മോഹൻ ഗോപാൽ പറയുന്നു. സ്വാതന്ത്ര്യാനന്തരം അംബേദ്ക്കർ സൂചിപ്പിച്ച ഒളിഗാർക്കി ഭരണത്തിന്റെ ഭാഗമായി ഒരു പ്രത്യേക വിഭാഗം നിയന്ത്രിക്കുന്ന നീതിന്യായ വ്യവസ്ഥയ്ക്ക് അറുതി വരുത്തേണ്ടതുണ്ട്. പകരം ജാതി, ലിംഗം, ഭാഷ, മതം, പ്രദേശം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള പ്രാതിനിധ്യം ഉറപ്പാക്കേണ്ടതുണ്ട്. അങ്ങനെ വൈവിധ്യം (diversity) ഉള്ള പശ്ചാത്തലത്തിൽ നിന്നുള്ള വ്യക്തികളുടെ സാന്നിധ്യം ജുഡീഷ്യറിയിൽ ഉറപ്പാക്കണമെന്നും അദ്ദേഹം പറയുന്നു. അങ്ങനെ മാത്രമേ ഭരണഘടനാമൂല്യങ്ങളും ജനാധിപത്യ സംവിധാനങ്ങളും ഫലവത്തായി നിലനിൽക്കുകയുള്ളൂ. അല്ലെങ്കിൽ ജസ്റ്റിസ് ചന്ദ്രചൂഢിനെപ്പോലുള്ളവരുടെ നിയന്ത്രണത്തിൽ ഭൂരിപക്ഷ ദേശീയതയുടെ വക്താക്കൾ നീതിന്യായ വ്യവസ്ഥയിലൂടെ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. അതിന് അവരെ ഏറ്റവും കൂടുതൽ സഹായിക്കുന്ന സംവിധാനം ആയിരിക്കും ഇന്ത്യയുടെ പരമോന്നത നീതിപീഠം. കാരണം പാർലമെന്റിൽ നടക്കാത്ത കാര്യങ്ങൾ കൂടി അവർക്ക് കോടതികളിലൂടെ നേടിയെടുക്കാൻ സാധിക്കും എന്ന് സുപ്രീം കോടതിയുടെ മാത്രം വിധിന്യായങ്ങൾ പരിശോധിച്ചാൽ മനസിലാകും എന്ന് മോഹൻ ഗോപാൽ നമ്മെ ഓർമ്മിപ്പിക്കുന്നു.

Also Read

8 minutes read December 11, 2024 1:43 pm