കുടുംബവാഴ്ചയ്ക്ക് കളമൊരുക്കുന്ന തെരഞ്ഞെടുപ്പുകൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

2023ലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഭാഷണത്തിൽ നിലവിൽ രാജ്യം നേരിടുന്ന മൂന്ന് വെല്ലുവിളികളെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. അഴിമതി, പ്രീണനം, രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന കുടുംബാധിപത്യം എന്നിവയാണ് ആ വെല്ലുവിളികൾ. കോൺഗ്രസിനെയും പ്രതിപക്ഷ പാർട്ടികളെയും ലക്ഷ്യം വച്ചുകൊണ്ടുള്ള തന്ത്രപരമായ രാഷ്ട്രീയ നീക്കമായിരുന്നു ഈ പ്രസംഗം എന്ന നിരീക്ഷണങ്ങൾ പിന്നീട് പുറത്തുവന്നു. കാലങ്ങളായി കോൺഗ്രസിനെതിരെ ബി.ജെ.പി ഉപയോഗിക്കുന്ന ഒരു രാഷ്ട്രീയായുധമാണ് ‘പരിവാർവാദ്’ അഥവാ കോൺഗ്രസ് ഒരു കുടുംബാധിപത്യ പാർട്ടിയാണ് എന്നത്. രാഷ്ട്രീയത്തിലെ കുടുംബാധിപത്യം എന്ന പ്രഭാഷണത്തിലെ സൂചനയിലൂടെ നരേന്ദ്ര മോദി ലക്ഷ്യം വച്ചതും കോൺഗ്രസിനെയായിരുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് ഈ ആരോപണം ബി.ജെ.പി വ്യാപകമായി ഉന്നയിക്കുന്നത്. 2024 തെരഞ്ഞെടുപ്പിലും ഇത് പലപ്പോഴായി ആവർത്തിച്ചു. രാഹുൽ ഗാന്ധിയെ ‘ശഹ്സാദ’ എന്നും കോൺഗ്രസിനെ ‘ഡൽഹി സുൽത്താനേറ്റ്’ എന്നും വിളിച്ചായിരുന്നു ബി.ജെ.പി ആക്ഷേപിച്ചത്. 2014ൽ യു.പിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മോദി നടത്തിയ പരാമർശം അന്ന് ഏറെ ചർച്ചയായിരുന്നു. “അമ്മയും മകനും ചേർന്ന് രാജ്യത്തെ തകർക്കുന്നു. അച്ചനും മകനും ചേർന്ന് ഉത്തർപ്രദേശ് സർക്കാരിനെയും തകർക്കുന്നു” എന്നതായിരുന്നു മോദിയുടെ വാക്കുകൾ. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും കൂടെ മുലായം സിംഗ് യാദവും മകൻ അഖിലേഷ് യാദവുമായിരുന്നു മോദിയുടെ ഉന്നം.

യഥാർഥത്തിൽ കുടുംബാധിപത്യത്തിനെതിരെ പ്രചാരണം നടത്തുന്ന ബി.ജെ.പി അതിൽ നിന്ന് മുക്തമാണോ? എന്താണ് ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ പാർട്ടികളുടെ അവസ്ഥ. ഇന്ത്യൻ രാഷ്ട്രീയത്തിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ള മക്കൾ രാഷ്ട്രീയത്തിലേക്കാണ് ഈ അന്വേഷണം എത്തിച്ചേരുന്നത്. ഇന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളിലും കുടുംബാധിപത്യം ശക്തമായി നിലനിൽക്കുന്നുണ്ട്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടിക പരിശോധിക്കുമ്പോഴും കുടുംബവാഴ്ച കൂടുന്നതായാണ് കാണാ‍ൻ കഴിയുന്നത്. ഇന്ത്യയിൽ നടക്കുന്ന ഓരോ തെരഞ്ഞെടുപ്പുകളും കുടുംബാധിപത്യത്തെ കൂടിയാണ് കൂടുതൽ ഉറപ്പിക്കുന്നത്. നെഹ്റു കുടുംബം, കരുണാനിധി കുടുംബം, യാദവ കുടുംബം, ബാദൽ കുടുംബം, സിന്ധ്യ കുടുംബം… ലിസ്റ്റ് വളരെ വലുതാണ്.

നെഹ്റുവും ഇന്ദിരയും. കടപ്പാട്:Hulton Archive/Getty Images

രാജ്യത്തിന്റെയും കോൺഗ്രസ് പാർട്ടിയുടെയും ഭരണചക്രം ദീർഘകാലം കൈപ്പിടിയിലൊതുക്കിയ നെഹ്റു കുടുംബം തന്നെയാണ് ഇതിലേറ്റവും പ്രമുഖം. 1947 മുതൽ 1964 വരെ നീണ്ട 17 വർഷമാണ് ജവഹർലാൽ നെഹ്റു ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലിരുന്നത്. ഇതേ കാലയളവിൽ അനൗദ്യോഗികമായി പിതാവിന്റെ ഉപദേശക സംഘത്തിന്റെ മുഖ്യചുമതല വഹിച്ച ഇന്ദിരാഗാന്ധി 1966ലാണ് പ്രധാനമന്ത്രി പദത്തിലെത്തുന്നത്. രണ്ട് ഘട്ടങ്ങളിലായി 15 വർഷവും 350 ദിവസവും ഈ പദം അലങ്കരിച്ച ഇന്ദിരയാണ് ഏറ്റവും കൂടുതൽ ഭരണത്തിലേറിയ രണ്ടാമത്തെ പ്രധാനമന്ത്രി. 1959ൽ തന്നെ നെഹ്റുവിന്റെ പിന്തുണയോടെ കോൺഗ്രസ് പ്രസിഡന്റ് ചുമതല ഇന്ദിരാഗാന്ധി വഹിക്കുന്നുണ്ട്. രാജ്യത്തിന്റെ ആറാമത് പ്രധാനമന്ത്രി പദത്തിലെത്തുന്ന രാജീവ് ഗാന്ധിയാണ് നെഹ്റു കുടുംബത്തിൽ നിന്ന് പ്രധാനമന്ത്രി പദത്തിലെത്തിയ മൂന്നാമൻ. കേംബ്രിഡ്ജിലും ലണ്ടനിലെ ഇംപീരിയൽ കോളജിലുമായി പഠനം നടത്തിയ രാജീവ് ഗാന്ധി പൈലറ്റായി ജോലിയിൽ പ്രവേശിച്ചിരുന്നു. രാഷ്ട്രീയത്തിൽ തീരെ തൽപരനായിരുന്നില്ല രാജീവ്. സഞ്ജയ് ഗാന്ധിയുടെ മരണത്തോടെയാണ് രാജീവ് ഗാന്ധി പൊതുരംഗത്തേക്ക് വരുന്നത്. ഇന്ദിരയുടെ മരണത്തോടെ രാജീവിനെ കോൺഗ്രസ് നേതൃത്വം പ്രധാനമന്ത്രി പദത്തിലേക്ക് നാമനിർദേശം ചെയ്യുകയായിരുന്നു. 1984 മുതൽ 1989 വരെയാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രി പദത്തിലിരുന്നത്. 1985 മുതൽ 1991 വരെ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തും രാജീവ് ഗാന്ധി തന്നെയായിരുന്നു. രാജീവിന്റെ മരണ ശേഷമാണ് ഭാര്യ സോണിയാ ഗാന്ധി പതിയെ രാഷ്ട്രീയത്തിലേക്ക് കയറിവരുന്നത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടു കൂടി കോൺഗ്രസ്സ് പാർട്ടിയിൽ നിന്നു തന്നെ സോണിയയുടെ രാഷ്‌ട്രീയ പ്രവേശനത്തിന് വേണ്ടിയുള്ള മുറവിളി ശക്തമായിരുന്നു. എന്നാൽ, അന്ന് സോണിയ ഈ നിർദ്ദേശം നിരസിച്ചതിനെ തുടർന്ന് പി.വി. നരസിംഹ റാവുവിനെ നേതാവായും പ്രധാനമന്ത്രിയായും തെരഞ്ഞെടുക്കുകയാണുണ്ടായത്. പിന്നീട് 1998ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പാണ് സോണിയ രാഷ്‌ട്രീയ പ്രവേശനം നടത്തിയത്. 1998ൽ തന്നെ സോണിയ കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റായി ഔദ്യോഗിക ചുമതല ഏറ്റെടുത്തിരുന്നു. 1999 ലെ തെരഞ്ഞെടുപ്പിൽ, അവർ പാർലമെന്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1998 മുതൽ 2017 വരെയും 2019 മുതൽ 2022 വരെയും നീണ്ട 22 വർഷമാണ് സോണിയ കോൺഗ്രസ് അധ്യക്ഷപദം അലങ്കരിച്ചത്.

സോണിയ ​ഗാന്ധിയും രാജീവ് ​ഗാന്ധിയും. കടപ്പാട്:Getty Images

2004ലാണ് രാഹുൽ ഗാന്ധി രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. കുടുംബ മണ്ഡലമായ അമേഠിയിൽ ജയിച്ച് കയറിയ രാഹുൽ 2019 വരെ അമേഠിയിൽ നിന്ന് തന്നെ ലോക്സഭയെ പ്രതിനീധികരിച്ചു. 2019 മുതൽ 2024 വരെ വയനാട് മണ്ഡലത്തിൽ നിന്നും ജയിച്ചു കയറി. നീണ്ട 37 വർഷം പ്രധാനമന്ത്രിപദവും സ്വാതന്ത്ര്യാനന്തരം നീണ്ട 40 വർഷം കോൺഗ്രസ് പ്രസിഡന്റ് പദവും നെഹ്രു കുടുംബത്തിന്റെ ഭാഗമായിരുന്നു. ഇതിനെയാണ് ബി.ജെ.പി കാലങ്ങളായി ആക്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ കുടുംബവാഴ്ചയുടെ കാര്യത്തിൽ ബി.ജെ.പി എവിടെ നിൽക്കുന്നുവെന്നത് വലിയൊരു ചോദ്യമാണ്. നെഹ്റു കുടുംബം ഇപ്പോഴും മുന്നിൽ നിൽക്കുന്നതുകൊണ്ട് പ്രതിപക്ഷ നിരയ്ക്ക് ഉന്നയിക്കാൻ കഴിയാത്ത ഒരു ചോദ്യം കൂടിയാണത്.

കുടുംബവാഴ്ചയിലെ ബി.ജെ.പി ഇടം

രാഷ്ട്രീയത്തിലെ കുടുംബവാഴ്ച രാജ്യം നേരിടുന്ന വലിയ ഭീഷണിയായി അവതരിപ്പിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടികളെ ആക്രമിക്കുന്ന ബി.ജെ.പിയെയും കുടുംബവാഴ്ച ആഴത്തിൽ പിടികൂടിയിരിക്കുന്നു എന്നാണ് സ്ഥാനാർത്ഥികളുടെയും അധികാര സ്ഥാനത്തുള്ളവരുടെയും കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകുന്നത്. വിവിധ ‌സംസ്ഥാനങ്ങളിൽ ബി.ജെ.പി മുഖ്യമന്ത്രിമാരായിരുന്ന പലരും തങ്ങളുടെ മക്കളുടെയും മരുമക്കളുടെയും മറ്റ് ബന്ധുക്കളുടെയും രാഷ്ട്രീയ ഭാവി ഉറപ്പുവരുത്തിയിട്ടുള്ളവരാണ്. ബാബരി മസ്ജിദ് തകർക്കുന്ന കാലത്ത് യു.പി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിംഗിന്റെ മകൻ രജ്വീർ സിംഗ് ലോക്സഭാ എം.പിയും രജ്വീർ സിംഗിന്റെ മകൻ സന്ദീപ് സിംഗ് യോഗി മന്ത്രിസഭയിൽ മന്ത്രിയുമായിരുന്നു. രണ്ട് തവണ രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന വസുന്ധരരാജ സിന്ധ്യയുടെ മകൻ ദുശ്യന്ത് സിംഗ് ജലവാർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ‌എം.പിയാണ്. നീണ്ട 15 വർഷം ഛത്തീസ്ഗണ്ഡ് മുഖ്യമന്ത്രിയായിരുന്ന രമൺ സിംഗിന്റെ മകൻ അഭിഷേക് സിംഗ് മുൻ ലോക്സഭാംഗമായിരുന്നു. രണ്ട് തവണ ഹിമാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്ന പ്രേംകുമാർ ദൂമാലിന്റെ മകൻ അനുരാഗ് സിംഗ് ടാക്കൂർ കേന്ദ്ര ധനകാര്യ കോർപറേറ്റ് വകുപ്പ് സഹമന്ത്രിയാണ്. മൂന്ന് തവണ രാജസ്ഥാൻ മുഖ്യമന്ത്രിയും ഇന്ത്യയുടെ പതിനൊന്നാമത് ഉപരാഷ്ട്രപതിയുമായിരുന്ന ഭൈറോൺ സിംഗ് ഷെഖാവത്തിന്റെ മരുമകൻ നർപത് സിംഗ് റസ്വി അഞ്ച് തവണ രാജസ്ഥാൻ നിയമസഭാംഗമായിരുന്നു. നർപത് സിംഗ് റസ്വിയുടെ മകൻ അഭിമന്യൂ സിംഗ് റസ്വി നിലവിൽ രാജസ്ഥാൻ യുവമോർച്ച വൈസ് പ്രസിഡന്റാണ്. ഭൈറോൺ സിംഗ് ഷെഖാവത്തിന്റെ പിന്തുടർച്ചക്കാരനായി രാഷ്ട്രീയ നിരീക്ഷകർ മുന്നോട്ടു വെക്കുന്നത് അഭിമന്യുവിനെയാണ്.

മകൻ രജ്വീർ സിംഗ് കല്യാൺ സിംഗിനൊപ്പം. കടപ്പാട്:hindusthantimes

ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിംഗ് വർമയുടെ മകൻ പർവേശ് വർമ വെസ്റ്റ് ഡൽഹിയിൽ നിന്നുള്ള ലോക്സഭാ എം.പിയാണ്. നാല് തവണയാണ് ബി.എസ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയായത്. അദ്ദേഹത്തിന്റെ രണ്ട് മക്കളായ ബി.വൈ രാഘവേന്ദ്രയും ബി.വൈ വിജയേന്ദ്രയും രാഷ്ട്രീയത്തിൽ സജീവം. ബി.വൈ രാഘവേന്ദ്ര ഷിമോഗയെ പ്രതിനിധീകരിച്ച് ലോക്സഭാ എം.പിയും ബി.വൈ വിജയേന്ദ്ര കർണാടക നിയമസഭാംഗവുമാണ്. മധ്യപ്രദേശിന്റെ 16-ാമത് മുഖ്യമന്ത്രിയായിരുന്ന ബാബുലാൽ ഗൗറിന്റെ മകൾ പുരുഷോത്തം ഗൗർ നിലവിൽ ഗോവിന്ദപുരം എം.എൽ.എ ആയി തുടരുന്നു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന സുന്ദർലാൽ പട്വയുടെ മരുമകൻ സുരേന്ദ്ര പട്വ 2008 മുതൽ ബോജ്പൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ്. ഒരു തവണ മധ്യപ്രദേശ് സാംസ്കാരിക ടൂറിസം മന്ത്രിയുമായി. മറ്റൊരു മരുമകൻ മംഗൾ പട്വ മാനസ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും തോറ്റു.

2024 തെരഞ്ഞെടുപ്പിൽ ബി.ജെ.പി ആശ്രയിക്കുന്ന കുടുംബങ്ങൾ

മക്കൾ രാഷ്ട്രീയം ബി.ജെ.പിയെ എത്രത്തോളം ആഴത്തിൽ ബാധിച്ചിട്ടുണ്ടെന്നതിന് തെളിവാണ് 2024 തെരഞ്ഞെടുപ്പ്. പ്രധാനമായും, വിജയത്തിനായി പാർട്ടി ആശ്രയിക്കുന്ന കുടുംബങ്ങൾ തന്നെ ഉദാഹരണം. മധ്യപ്രദേശിലെ സിന്ധ്യ കുടുംബവും ജ്യോതിരാദിത്യ സിന്ധ്യയുമാണ് ബി.ജെ.പിയുടെ പ്രധാന ഐക്കണുകളിലൊന്ന്. ഗ്വാളിയോർ രാജ കുടുംബത്തിന്റെ പിൻഗാമിയെന്ന നിലയിലാണ് മധ്യപ്രദേശിലെ ഗുണയിൽ നിന്ന് ജ്യോതിരാദിത്യ സിന്ധ്യ മത്സരിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവറാവു സിന്ധ്യ ഭാരതീയ ജനസംഘിന്റെയും കോൺഗ്രസിന്റെയും ടിക്കറ്റിലും സ്വതന്ത്രനായും മത്സരിച്ച് ഒമ്പത് തവണ ലോക്സഭായിൽ എത്തിയിട്ടുണ്ട്. ഒറ്റത്തവണ പോലും അദ്ദേഹത്തിന് തോൽവി അറിയേണ്ടി വന്നിട്ടില്ല. ജ്യോതിരാദിത്യ സിന്ധ്യയുടെ മുത്തശ്ശി വിജയരാജ സിന്ധ്യ എട്ട് തവണയാണ് എം.പിയായത്. ജ്യേതിരാദിത്യ സിന്ധ്യയുടെ മകൻ മഹാനാരുമാൻ സിന്ധ്യ പിതാവിന്റെ തെര‍ഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായുണ്ട് എന്നത് പുതിയ ഒരാളുടെ രംഗപ്രവേശനത്തിനുള്ള സൂചനയാണ്. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യ, ശിവരാജ് സിംഗ് മന്ത്രിസഭയിലെ മന്ത്രിയായിരുന്ന യശോദരാജ സിന്ധ്യ എന്നിവരിലേക്ക് കൂടി നീളുന്നതാണ് സിന്ധ്യാ കുടുംബത്തിന്റെ വേര്. യശോദര രാജയുടെ സഹോദരി പത്മാവതിയെ വിവാഹം കഴിച്ചത് ത്രിപുര മഹാരാജാവും മൂന്ന് തവണ ത്രിപുര ഈസ്റ്റ് ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച കിറിത് ബിക്രം കിഷോർ ദേബ് ബർമാൻ ആണ്.

യശോദരാജ സിന്ധ്യയിൽ നിന്നും അനു​ഗ്രഹം സ്വീകരിക്കുന്ന ജ്യോതിരാദിത്യ സിന്ധ്യ. കടപ്പാട്:PTI

ഗ്വാളിയോർ രാജകുടുംബത്തിന്റെ സ്വാധീനം അങ്ങ് രാജസ്ഥാനിലേക്ക് കൂടി വ്യാപിച്ചു കിടക്കുന്നതാണെന്ന് സൂചിപ്പിച്ചല്ലോ. രാജകുടുംബത്തെ മത്സരിപ്പിക്കുന്നതിൽ ബി.ജെ.പി അവിടെയും പിന്നിലല്ല. രണ്ട് തവണ രാജസ്ഥാൻ മുഖ്യമന്ത്രിയായിരുന്ന വസുന്ധരരാജ സിന്ധ്യയുടെ മകൻ ദുശ്യന്ത് സിംഗ് അവിടെ ജനവിധി തേടിയിരുന്നു. 1989 മുതൽ 2003 വരെ ജലവാർ മണ്ഡലത്തിൽ നിന്ന് എം.പിയായിരുന്നു വസുന്ധരരാജ. 2003ൽ വിദേശത്ത് നിന്ന് ഇന്ത്യയിലേക്കെത്തിയ മകൻ ദുശ്യന്ത് 2004ൽ തന്നെ ലോക്സഭയിലേക്ക് മത്സരിക്കുകയും ജയിക്കുകയും ചെയ്യുന്നു. ഇതേ ജലവാരൻ ഉൾക്കൊള്ളുന്ന ജലവാർ-ബാരൻ മണ്ഡലത്തിൽ നിന്ന് നാല് തവണയാണ് ദുശ്യന്ത് എം പിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇപ്പോഴും അത് തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ബിഹാറും ബി.ജെ.പിയുടെ മക്കൾ രാഷ്ട്രീയവും

ബ‍ിഹാറിൽ കുടുംബവാഴ്ചയുടെ ഭാഗമായി ബി.ജെ.പി മാത്രം നാല് സ്ഥാനാർഥികളെയാണ് മത്സരിപ്പിച്ചത്. ബി.ജെ.പി-എൻ.ഡി.എ സഖ്യം ഏഴ് പേരെയും ഇത്തരത്തിൽ മത്സരിപ്പിച്ചിരുന്നു. മൂന്ന് തവണ ലോക്സഭാ എം.പിയായിരുന്ന മദൻ പ്രസാദ് ജയ്സ്വാളിന്റെ മകൻ സഞ്ജയ് ജയ്സ്വാളാണ് ഒരാൾ. 1996, 1998, 1999 വർഷങ്ങളിൽ മദൻപ്രസാദ് വിജയിച്ച ബെട്ടിഹ സീറ്റ് തന്നെയാണ് 2024ൽ മകന് വാങ്ങിച്ചുകൊടുത്തത്. വാജ്പെയ് സർക്കാരിലെ മന്ത്രിയും പത്മശ്രീ ജേതാവുമായ ചന്ദ്രേശ്വർ പ്രസാദ് ഠാക്കൂറിന്റെ മകനാണ് രണ്ടാമൻ. രാജ്യസഭാ എം.പിയായിരുന്ന വിവേക്, നവാഡ ലോക്സഭാ സീറ്റിൽ നിന്നാണ് മത്സരിച്ചത്. അഞ്ച് തവണ എം.പിയും കേന്ദ്രമന്ത്രിയുമായിരുന്ന ഹുകുംദേവ് നാരായൺ യാദവിന്റെ മകനായിരുന്ന അശോക് കുമാർ യാദവാണ് മൂന്നാമൻ. മധുഭാണി ലേക്സഭാ മണ്ഡലത്തിൽ നിന്ന് വീണ്ടും റീനോമിനേറ്റ് ചെയ്യപ്പെടുകയാണ് അശോക് കുമാർ യാദവ്. മുമ്പ് നാല് തവണ പിതാവ് ഹുകുംദേവ് മത്സരിച്ച് ജയിച്ച മണ്ഡലമാണ് മധുഭാണി. ബിഹാറിലെ ഔറംഗാബാദിൽ നിന്ന് രണ്ട് തവണ എം.പിയായിരുന്ന രാം നരേശ് സിംഗിന്റെ മകൻ സുശീൽ കുമാർ സിംഗാണ് നാലാമൻ. നിലവിൽ ഔറംഗാബാദിൽ നിന്ന് തന്നെയുള്ള എം.പിയാണ് സുശീൽ കുമാർ.

സഞ്ജയ് ജയ്സ്വാൾ

മോദിയുടെയും അമിത്ഷായുടെയും നാടായ ഗുജറാത്തിലും ബി.ജെ.പിയുടെ കുടുംബവാഴ്ചക്ക് അറുതിയില്ല എന്നാണ് വ്യക്തമാക്കുന്നത്. ആറ് തവണ എം.എൽ.എയും രണ്ട് തവണ ജാംനഗർ മേയറുമായിരുന്ന ഹേമന്ദ് ഭായ് മാദത്തിന്റെ മകൾ പൂനമ്പെൻ മാദത്തെയാണ് ബി.ജെ.പി ഇത്തവണ ജാംനഗറിൽ മത്സരിപ്പിച്ചത്. ഗുജറാത്തിലെ കേറളു നിയമസഭാ മണ്ഡലത്തിൽ നിന്ന് ആറ് തവണ എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട ശങ്കർജി ഠാക്കൂറിന്റെ മകനായ ഭരത് സിൻഹ ധാഭിയെ പത്താനയിൽ നിന്നും ജനവിധിതേടി.

ആന്ധ്രാപ്രദേശിൽ നിന്ന് തെലുങ്കുദേശം പാർട്ടിയുടെ സ്ഥാപകൻ എൻ.ടി രാമറാവുവിന്റെ മകൾ ഡി പുരന്ദേശ്വരി, മുൻ കേന്ദ്രമന്ത്രി അമരാന്ത് റെഡിയുടെ മകൻ മുൻ മുഖ്യമന്ത്രി കിരൺകുമാർ റെഡി, തെലങ്കാനയിലെ ചിറ്റം നാർസി റെഡിയുടെ മകൾ ഡി.കെ അരുണ… ലിസ്റ്റ് അങ്ങനെ നീളുകയാണ്. കർണാടകയിൽ മകൻ കാന്തേഷിന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന്, മുതിർന്ന ബി.ജെ.പി നേതാവായിരുന്ന കെ.എസ് ഈശ്വരപ്പ സ്വതന്ത്രനായാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യുരപ്പയുടെ മകനും സിറ്റിംഗ് എം.പിയുമായ രാഘവേന്ദ്ര മത്സരിക്കുന്ന ശിവമോഖ മണ്ഡലത്തിൽ തന്നെയാണ് കെ.എസ് ഈശ്വരപ്പയും മത്സരിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗിന്റെ മകൻ പങ്കജ് സിം​ഗ് ഉത്തർ പ്രദേശിലെ നോയിഡ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയാണ്. മുൻ കേന്ദ്രമന്ത്രിയും ഡൽഹി മുൻ മുഖ്യമന്ത്രിയുമായിരുന്ന സുഷമ സ്വരാജിന്റെ മകൾ ബാൻസുരി സ്വരാജ് ഇക്കുറി ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് ജനവിധി തേടി. ഗുസ്തി താരങ്ങളെ പീഡിപ്പിച്ച കേസിൽ വിവാദത്തിലായ നിലവിലെ ലോക്സഭാ എം.പി ബ്രിജ്ഭൂഷൺ സിംഗിന്റെ മകൻ കരൺ ഭൂഷൺ സിംഗും മത്സരരംഗത്തുണ്ട്. പിതാവിന്റെ മണ്ഡലമായ യു.പിയിലെ കൈസർഗഞ്ചിൽ നിന്ന് തന്നെയാണ് കരൺഭൂഷൺ സിംഗ് മത്സരിക്കുന്നത്. ലൈംഗികാരോപണ കേസ് നിലനിൽക്കുന്നതു കാരണം മത്സരിക്കാൻ കഴിയാതെ വന്നതോടെ ബ്രിജ്ഭൂഷൺ മകനെ നിർദ്ദേശിക്കുകയായിരുന്നു. മകന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി തന്നെ ബ്രിജ്ഭൂഷൺ പങ്കുചേർന്നു. കുടുംബവാഴ്ചയിൽ മറ്റെല്ലാ പാർട്ടികളെയും പിന്നിലാക്കി ബി.ജെ.പി കുതിക്കുന്ന കാഴ്ചയാണ് 2024 ൽ കാണാനാകുന്നത്.

മകൻ കരൺ ഭൂഷൺ സിം​ഗിനൊപ്പം ബ്രിജ്ഭൂഷൺ. കടപ്പാട്:indiatoday

മഹാരാഷ്ട്രയിലെ പൊളിറ്റിക്കൽ ഡൈനാസ്റ്റിയും എൻ.സി.പിയുടെ തകർച്ചയും

കഴിഞ്ഞ ആറ് വർഷങ്ങൾക്കിടയിൽ വലിയ രാഷ്ട്രീയ നാടകങ്ങൾക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. മറാത്ത രാഷ്ട്രീയത്തിലെ പ്രധാനികളായ എൻ.സി.പിയും ശിവസേനയും നെടുകെ പിളർന്ന കാലം. എൻ.സി.പിയിൽ ശരത് പവാറിന്റെ പിൻഗാമി ആരായിരിക്കുമെന്ന ചോദ്യം കാലങ്ങളായി ഉയരുന്ന ഒന്നാണ്. താൻ തന്നെയാകും അതിനായി തെരഞ്ഞെടുക്കപ്പെടുക എന്ന് ശരത് പവാറിന്റെ മൂത്ത സഹോദരൻ അനന്ത്റാവു പവാറിൻ്റെ മകൻ അജിത് പവാർ സ്വപ്നം കണ്ടു. ക്ഷമ അൽപം കുറവായതുകൊണ്ട് ശരത് പവാറിന്റെ അപ്രമാദിത്വത്തെ പലതവണ അജിത് പവാർ ചോദ്യം ചെയ്യുകയും ചെയ്തു. പ്രായം 83ലേക്ക് കടക്കുന്ന ഒരാൾ പാർട്ടിയെ ഇനിയും ഭരിക്കുന്നതെങ്ങനെയെന്ന ചോദ്യം അതിന്റെ ഭാഗമായിരുന്നു. ഈ ചോദ്യത്തിനെതിരെ ശരത് പവാറിന്റെ മകളും എം.പിയുമായ സുപ്രിയ സുലെ ശക്തമായി രംഗത്ത് വന്നു. ശരത് പവാറിന്റെ മറുപടിയായിരുന്നു രസകരം. Na tired hu, na retired hu – “ഞാൻ ക്ഷീണിതനല്ല, അതുകൊണ്ട് തന്നെ വിരമിക്കാൻ ആലോചിക്കുന്നുമില്ല.” ശരത് പവാറിന്റെ ചില നീക്കങ്ങൾ മകൾ സുപ്രിയ സുലെക്ക് അനുകൂലമായി പ്രവർത്തിച്ചതും അജിത് പവാറിലെ രാഷ്ട്രീയക്കാരനെ ചൊടിപ്പിച്ചിരിക്കാം. സ്വാഭാവികമായും അദ്ദേഹം ബി.ജെ.പിയുടെ വഴി തിരഞ്ഞെടുത്തു. ഇനി എൻ.സി.പിയുടെ നേതൃസ്ഥാനത്ത് നിന്ന് ശരത് പവാർ വിരമിക്കുകയാണെങ്കിൽ പോലും അന്ന് അജിത് പവാറിനും സുപ്രിയ സുലെക്കും മാത്രമേ രാഷ്ട്രീയത്തിൽ പിന്തുടർച്ചാവകാശമുള്ളൂ. മറ്റൊരാൾ പാർട്ടിയിൽ ഉയർന്നുവരികയോ അങ്ങനെയൊരാളെ ഉയർന്നു വരാൻ അനുവദിക്കുകയോ ചെയ്തിട്ടില്ല. ഏകദേശം ഇതിന് സമാനമായ മെക്കാനിസമാണ് ശിവസേനയിലും നടന്നത്. മുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും താക്കറെയുടെ മകൻ ആദിത്യ താക്കറെയും ഒരു ശിവസേനയിൽ അധികാരം കയ്യാളുമ്പോൾ പിളർന്നുപോയ ശിവസേനയ്ക്ക് നേതൃത്വം നൽകുന്നത് നിലവിലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും നിലവിൽ കല്യാൺ എം.പിയായ മകൻ ശ്രീകാന്ത് ഷിൻഡെയുമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് ശിവസേനാ ഷിൻഡെ വിഭാഗത്തിന്റെ സ്ഥാനാർഥിയായി ശ്രീകാന്ത് ഷിൻഡെ ഇത്തവണയും മത്സരിച്ചിരുന്നു.

ശരത് പവാർ, സുപ്രിയ സുലെ, അജിത് പവാർ. കടപ്പാട്:ndtv

കുടുംബവാഴ്ചയിലേക്ക് ചായുന്ന ബംഗാൾ പൊളിറ്റിക്സ്

വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്ന് പുതിയ നേതാക്കൾ ഉയർന്നുവന്നിരുന്ന ബംഗാളിലും കുടുംബാധിപത്യം പിടിമുറുക്കുന്നതായാണ് 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കാണാൻ കഴിയുന്നത്. ശക്തമായ വിദ്യാർഥി രാഷ്ട്രീയത്തിന് പേരുകേട്ട സംസ്ഥാനമാണ് ബംഗാൾ. സ്വാതന്ത്ര്യത്തിന് മുമ്പ് കുടുംബാധിപത്യത്തിന് സ്വാധീനം ഉണ്ടായിരുന്നുവെങ്കിലും സ്വാതന്ത്ര്യാനന്തരം ക്യാമ്പസുകളായിരുന്നു ബംഗാൾ രാഷ്ട്രീയത്തെ നിർണയിച്ചിരുന്നത്. മമത ബാനർജി, ബുദ്ധദേവ് ഭട്ടാചാര്യ, ബിമൻ ബോസ്, സോമൻ മിത്ര, പ്രിയ രഞ്ജൻ ദാസ് മുൻസി എന്നിവരെല്ലാം ക്യാമ്പസ് രാഷ്ട്രീയത്തിന്റെ സംഭാവനകളാണ്. ബംഗാളിലെ 42 ലോക്സഭാ മണ്ഡലത്തിൽ 13 സീറ്റിലും തലമുറ രാഷ്ട്രീയത്തിന്റെ പ്രതിനിധികളാണ് ജനവിധി തേടുന്നത്. തൃണമൂൽ കോൺഗ്രസ് (5), കോൺഗ്രസ് (4), ബി.ജെ.പി (2), സി.പി.എം (2) എന്നിങ്ങനെയാണ് കണക്ക്. മരുകൻ അഭിഷേക് ബാനർജിക്ക് വേണ്ടി പ്രയത്നിക്കുന്ന മമതാ ബാനർജി ഈയൊരു പ്രതിഭാസത്തിന്റെ നേർചിത്രമാണ്. തന്റെ പിൻഗാമിയാക്കി അഭിഷേകിനെ പ്രതിഷ്ഠിക്കാനുള്ള ധൃതിയാണ് മമതക്കെന്ന രാഷ്ട്രീയ നിരീക്ഷണവും പ്രബലമാണ്. രാഷ്ട്രീയ തന്ത്രജ്ഞനായ ബിശ്വന്ത് ചക്രബർത്തി വളരെ കൃത്യമായി ഈ പ്രതിഭാസത്തെ വിലയിരുത്തുന്നുണ്ട്. “കുടുംബാധിപത്യം രാഷ്ട്രീയത്തിൽ ഇടപെടുന്നത് പുതിയ തലമുറ വിദ്യാർഥികൾ മുഖ്യധാരയിലേക്ക് കടന്നുവരുന്നത് തടയുന്നു. മുമ്പ് കോളജുകളും യൂണിവേഴ്സിറ്റികളുമായിരുന്നു ബംഗാളിൽ പുതിയ തലമുറ നേതാക്കളെ വാർത്തെടുത്തിരുന്ന ഇടങ്ങൾ. എന്നാൽ പ്രസിഡൻസി കോളജും ജാദവ്പൂർ യൂണിവേഴ്സിറ്റിയുമല്ലാതെ ഒരു കോളജിലും കഴിഞ്ഞ അഞ്ച് വർഷത്തിനിടക്ക് വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.”

അഭിഷേക് ബാനർജിക്കൊപ്പം മമത ബാനർജി. കടപ്പാട്:telegraphindia

2004ൽ നിന്ന് 2024ലേക്കുള്ള ദൂരം

കുടുംബവാഴ്ചയുടെ കാര്യത്തിൽ മുഖ്യധാരാ പാർട്ടികളിൽ ഒട്ടും വ്യത്യസ്തമല്ല പ്രാദേശിക പാർട്ടികളും. ഇന്ത്യൻ ജനാധിപത്യത്തിൽ അത്രമാത്രം ആഴത്തിൽ വേരൂന്നിയിട്ടുള്ള ഒരു രാഷ്ട്രീയ പ്രതിഭാസമാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെക്കുറിച്ചുള്ള മികച്ച പഠനങ്ങളിലൊന്നാണ് പൊളിറ്റിക്കൽ സയന്റിസ്റ്റുകളായ അഞ്ജലി ബോൽക്കെൻ, സൈമൺ ചൗചർദ് എന്നിവരുമായി ചേർന്ന് കാഞ്ചൻ ചന്ദ്ര നടത്തിയ പഠനം. പ്രധാനമായും 2004, 2009, 2014 തെര‍‍ഞ്ഞെടുപ്പുകളെ അടിസ്ഥാനമാക്കിയാണ് ആ പഠനം നടത്തിയിരിക്കുന്നത്. പൊളിറ്റിക്കൽ ഡൈനാസ്റ്റി എന്നതിന് അവർ ഒരു നിർവചനം നൽകുന്നുണ്ട്. രാജ്യസഭ, ലോക്സഭ, സംസ്ഥാന നിയമസഭകൾ, പാർട്ടി നേതൃസ്ഥാനം, ഭരണ നിർവഹണ വിഭാഗത്തിലെ വ്യത്യസ്തങ്ങളായ ഇടങ്ങൾ എന്നിവയിലെല്ലാം കുടുംബ പാരമ്പര്യത്തിന്റെ സ്വാധീനഫലമായി ഒരാൾ വന്നാൽ അതിനെ കുടുംബവാഴ്ചയായി കണക്കാക്കാം എന്നാണ് അവരുടെ നിർവചനം.

ലോക്സഭയിലെത്തിയ 543 എം.പിമാരിൽ 2004ൽ 109 (20%) പേരും 2009ൽ 163 (30%) പേരും 2014ൽ 119 (22%) പേരും വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു എന്നാണ് പഠന റിപ്പോർട്ട്. 2014ൽ കോൺഗ്രസിന്റെ 48% എം.പിമാരും ബി.ജെ.പിയുടെ 15% എം പിമാരും കുടുംബ ബലത്തിൽ പാർലമെന്റിലെത്തിയവർ. 2014ൽ പാർലമെന്റിലേക്ക് ഏറ്റവും കൂടുതൽ എം.പിമാരെ അയച്ചത് ബി.ജെ.പി ആയതിനാൽ കുടുംബവാഴ്ചയുള്ള എം.പിമാരുടെ എണ്ണത്തിൽ കൂടുതൽ അവരായിരുന്നു. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെന്റർ ഫോർ പോളിസി റിസർച്ച് പുറത്തുവിട്ട പഠന റിപ്പോർട്ട് പ്രകാരം 2009, 2014, 2019 വർഷങ്ങളിൽ ലോക്സഭയിലെത്തിയ ആകെ എം.പിമാരിൽ 30% പേരും കുടുംബവാഴ്ചയുടെ ഭാഗമായി വന്നവരാണ്.

കോൺഗ്രസും ബി.ജെ.പിയും മത്സരിപ്പിച്ച 768 സ്ഥാനാർഥികളിൽ പ്രജതന്ത്ര ഫൗണ്ടേഷൻ നടത്തിയ പഠനത്തിന്റെ ഫലം.

2024 തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും ടിക്കറ്റിൽ മത്സരിച്ച നാലിൽ ഒരു സ്ഥാനാർഥി കുടുംബ പാരമ്പര്യത്തിന്റെ ഭാഗമായി രാഷ്ട്രീയത്തിലേക്ക് കടന്നുവന്നവരാണെന്ന് 2024 ഇലക്ഷനെ അവലോകനം ചെയ്ത് ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രജതന്ത്ര ഫൗണ്ടേഷൻ നടത്തിയ പഠനം പറയുന്നു. കോൺഗ്രസും ബി.ജെ.പിയും മത്സരിപ്പിച്ച 768 സ്ഥാനാർഥികളിൽ 79.2% സ്ഥാനാർഥികളും കുടുംബവാഴ്ചയുടെ ഭാഗമായോ ക്രിമിനൽ പശ്ചാത്തലമുള്ളവരോ അഞ്ച് കോടിക്ക് മുകളിൽ സമ്പാദ്യം ഉള്ളവരോ ആണ്. ആകെ മത്സരിച്ച സ്ഥാനാർഥികളിൽ 27.6% (212) പേരും കുടുംബവാഴ്ചയുടെ ഭാഗമായി വന്നവർ. ബി.ജെ.പി മത്സരിപ്പിച്ച 110 (25%) സ്ഥാനാർഥികളും ഇത്തരം പിൻബലത്തിലെത്തിയപ്പോൾ കോൺഗ്രസിലത് 30%. ഏറെ അപകടകരമായ മറ്റൊരു നിരീക്ഷണം കൂടി ഈ റിപ്പോർട്ട് പങ്കുവെക്കുന്നുണ്ട്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന 9.5 % പേർക്ക് മാത്രമാണ് ഈ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചത്. എന്തുകൊണ്ടാണ് കുടുംബവാഴ്ചയുടെ അടിസ്ഥാനത്തിലുള്ള സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിലൊരു സാധാരണ പ്രതിഭാസമാകുന്നുവെന്ന ചോദ്യം പ്രസക്തമാണ്. ഇതിന് മറുപടിയെന്നോണം പ്രജതന്ത്രയുടെ റിസർച്ച് ഡയറക്ടർ ശ്വേത ശർമ ചില നിരീക്ഷണങ്ങൾ പങ്കുവെക്കുന്നുണ്ട്. “2024ലും കുടുംബ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർഥി നിർണ്ണയം വർധിക്കുന്നുവെന്നത് ആശ്ചര്യകരമാണ്. കാലങ്ങളായി, തെര‍ഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് വലിയ സാമ്പത്തിക ബാധ്യതയുള്ള കാര്യമാണ്. ഇതിനുപുറമെ മാധ്യമ സ്വീകാര്യതയും വിശാലമായ ബന്ധങ്ങളും ഒരു സ്ഥാനാർഥിക്ക് ലഭിക്കേണ്ടതുണ്ട്. കുടുംബവാഴ്ചയുടെ പിൻബലത്തിൽ സ്ഥാനാർഥിയാകുന്ന ഒരാൾക്ക് അതില്ലാത്ത ഒരാളുമായി തുലനം ചെയ്യുമ്പോൾ ഇക്കാര്യങ്ങളെല്ലാം എളുപ്പത്തിൽ സാധ്യമാകുന്നു എന്നതാണ് യാഥാർഥ്യം.” ഇന്ത്യൻ രാഷ്ട്രീയത്തിൽ ഈയൊരു പ്രവണത ഇനിയും വർധിക്കാനാണ് സാധ്യത എന്ന നിരീക്ഷണമാണ് പ്രജതന്ത്ര റിപ്പോർട്ട് പങ്കുവെക്കുന്നത്.

കുടുംവാഴ്ച രാജ്യത്തിന് ഭീഷണിയോ?

മെയ് 28ന് കോഴിക്കോട് നടന്ന എം.പി വീരേന്ദ്ര കുമാർ അനുസ്മരണത്തിൽ പങ്കെടുത്ത് ‘ഇന്ത്യ എങ്ങോട്ട്’ എന്ന വിഷയം അവതരിപ്പിച്ച് ചരിത്രകാരൻ രാമചന്ദ്ര ഗുഹ നടത്തിയ നിരീക്ഷണങ്ങൾ ഏറെ പ്രസക്തമാണ്. ജനാധിപത്യ ഇന്ത്യ നേരിടുന്ന പ്രധാനപ്പെട്ട ആറ് വെല്ലുവിളികളെ അദ്ദേഹം ലിസ്റ്റ് ചെയ്യുന്നുണ്ട്. രാഷ്ട്രീയത്തിലെ വ്യക്തിപൂജ, കുടുംബാധിപത്യം പുലർത്തുന്ന രാഷ്ട്രീയ പാർട്ടികൾ, ഭരണഘടനാ സ്ഥാപനങ്ങളുടെ അസ്തിത്വ ശോഷണം, സാമ്പത്തികവും ലിംഗപരവുമായ അസമത്വം, യാഥാർഥ്യമായി മുന്നിൽ നിൽക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ, ഭൂരിപക്ഷ അപ്രമാദിത്വം എന്നിവയാണവ. വർധിച്ചുവരുന്ന കുടുംബവാഴ്ചയെക്കുറിച്ച് അതിരൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചത്. “കുടുംബാധിപത്യമുള്ള പാർട്ടികളാണ് ഇന്ത്യ നേരിടുന്ന വലിയ ഭീഷണികളിലൊന്ന്. അഭിഭാഷകരുടെ മക്കൾ അഭിഭാഷകരും ഡോക്ടർമാരുടെ മക്കൾ ഡോക്ടർമാരും ആവുന്നതുപോലെ നേതാക്കളുടെ മക്കൾ നേതൃത്വത്തിലേക്ക് വരികയാണ്. പ്രിയങ്കാ ഗാന്ധി കോൺഗ്രസിൽ ചേരുമ്പോൾ തന്നെ പാർട്ടി ജനറൽ സെക്രട്ടറിയാകുന്നു. പ്രിയങ്ക, സോണിയ, രാഹുൽ എന്നിവർ പ്രധാന നേതാക്കളായി തുടരുമ്പോൾ ഞാൻ പ്രസിഡന്റായി നിൽക്കാം, എന്റെ മകന് കർണാടകിയൽ മന്ത്രി സ്ഥാനം നൽകണം, മരുമകന് ലോക്സഭാ സീറ്റ് വേണം എന്നതാണ് മല്ലികാർജുൻ ഖാർഗെയുടെ നിലപാട്. നേതൃബിംബങ്ങളെ കൊണ്ടുനടക്കുന്നതും കുടുംബാധിപത്യമുള്ള പാർട്ടികളുമാണ് നമ്മുടെ ജനാധിപത്യ വ്യവസ്ഥയിൽ ഉള്ളത്.”

രാമചന്ദ്ര ഗുഹ

2014 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മിലൻ വൈഷ്ണവ്, ദേവേഷ് കപൂർ, നീലഞ്ചൻ സിർക്കാർ എന്നീ മൂന്ന് ഗവേഷകർ ദേശീയതലത്തിൽ സംഘടിപ്പിച്ച സർവേ റിപ്പോർട്ട് കാരവൻ മാഗസിൻ പങ്കുവെക്കുന്നുണ്ട്. ഏത് തരം സ്ഥാനാർഥികളെയാണ് നിങ്ങൾക്കിഷ്ടം എന്ന ചോദ്യത്തിന് സർവേയിൽ പങ്കെടുത്ത 46% പേരാണ് കുടുംബവാഴ്ചയുടെ ഭാഗമായി വന്ന സ്ഥാനാർഥികൾക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. 54% പേരും അത്തരക്കാർക്ക് എതിരായിരുന്നു. 2004നും 2014നും ഇടയിൽ മൂന്ന് തെരഞ്ഞെടുപ്പുകളിലായി 5 % പാർലമെന്റ് സീറ്റിൽ മാത്രമാണ് കുടുംബ പാരമ്പര്യത്തിന്റെ ബലത്തിൽ വന്ന സ്ഥാനാർഥികളെ തുടർച്ചയായി തെരഞ്ഞെടുത്തത്. പലയിടത്തും കുടുംബവാഴ്ചയുടെ ഭാഗമായി കടന്നുവരുന്നവരെ അത്തരം പിൻബലമില്ലാതെ കടന്നുവന്നവർ തോൽപ്പിക്കുന്നതായും അവരുടെ പഠനം ഉന്നയിക്കുന്നു.

തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിക്കുക മാത്രമല്ല സ്ഥാനാർഥി നിർണയത്തിന്റെ മാനദണ്ഡം എന്നാണ് വിവിധ പഠനങ്ങൾ മുന്നോട്ടുവെക്കുന്നത്. പലപ്പോഴും വ്യക്തി കേന്ദ്രീകൃതമായി മുന്നോട്ടുപോകുന്ന, എപ്പോഴും മറുകണ്ടം ചാടാവുന്ന പാർട്ടികളെയും നേതാക്കളെയും പിണക്കാതിരിക്കാൻ വേണ്ടി മക്കൾക്കും മരുമക്കൾക്കും സീറ്റ് കൊടുക്കാൻ പല മുന്നണികളും നിർബന്ധിതരാകാറുണ്ട്. മുപ്പത് വയസ്സാകുന്നതിന് മുമ്പ് തന്നെ പാർലമെന്റിലേക്ക് മത്സരിക്കാൻ അവസരം ലഭിച്ച മുൻ പാർലമെന്റേറിയനായ ഒരാൾ സംസാരിക്കുന്നത് കാരവൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. “ഒരു നിലക്കും എന്റെ കുടുംബം കോൺഗ്രസിനൊരു ബാധ്യതയാവില്ല എന്ന് ഉറപ്പുവരുത്തുക മാത്രമാണ് എനിക്ക് സീറ്റ് തരുന്നതിലൂടെ പാർട്ടി ലക്ഷ്യം വെച്ചത്. എന്നെ സംബന്ധിച്ച് അന്ന് അതെനിക്കൊരു അതിശയമായിരുന്നു. അത്ര ചെറുപ്പത്തിലേ ലോക്സഭ പോലൊരു ഇടത്തേക്ക് മത്സരിക്കാൻ അവസരം കിട്ടുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല”.

1967 മുതൽ 2019 വരെയുള്ള ഇന്ത്യൻ തെരഞ്ഞെടുപ്പുകളെ ആഴത്തിൽ പഠിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കിയ, ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോക്നിധി ഗ്രൂപ്പ് പങ്കുവെക്കുന്ന ചില നിരീക്ഷണങ്ങൾ പ്രസക്തമാണ്. പാർട്ടി ഒരു സ്ഥാനാർഥിയെ തെരഞ്ഞെടുത്താൽ പാർട്ടി പറയുന്ന പോലെ വോട്ടു ചെയ്യുന്നവരാണ് ഇന്ത്യയിലെ മഹാഭൂരിപക്ഷവും. സ്ഥാനാർഥികളുടെ കഴിവിനും നേതൃഗുണത്തിനും അപ്പുറം പാർട്ടി തീരുമാനത്തിനൊപ്പമായിരിക്കും അവർ. സ്വതന്ത്രരായി മത്സരിക്കുന്നവർ ഇന്ത്യൻ തെരഞ്ഞെടുപ്പിൽ ജയിക്കുന്നത് അപൂർവമാണ്. കുടുംബവാഴ്ചയുടെ ഭാഗമായി വരികയും സ്വതന്ത്രരായി മത്സരിക്കുകയും ചെയ്ത ഒരാളും ഇതുവരെ ജയിക്കുകയും ചെയ്തിട്ടില്ല. ഇത്തരം സ്ഥാനാർഥികളുടെ പ്രകടനം വളരെ മോശമാണെങ്കിൽ പോലും രാഷ്ട്രീയ പാർട്ടികൾ വീണ്ടും അവരെ തന്നെ പരിഗണിക്കുന്നത് ഇന്ത്യയിലെ ഒരു സാധാരണ പ്രതിഭാസമാണ്. ബി.ജെ.പി നേതാവ് പ്രമോദ് മഹാജാന്റെ മകൾ പൂനം മഹാജാൻ 2009ൽ മുംബൈ നോർത്ത് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കുകയും 26,000 വോട്ടുകൾക്ക് തോൽക്കുകയും ചെയ്തു. എന്നിട്ട് പോലും 2014 തിരഞ്ഞെടുപ്പിൽ അവർക്ക് വീണ്ടും സീറ്റ് കൊടുത്ത് വിജയിപ്പിക്കുന്നതായി കാണാം.

പൂനം മഹാജാൻ

രാജ്യത്തിന് ഭീഷണിയാകുന്ന കുടുംബവാഴ്ച

വ്യക്തിയുടെ കഴിവോ അനുഭവസമ്പത്തോ പരിഗണിക്കാതെ കുടുംബവാഴ്ചയുടെ അടിസ്ഥാനത്തിൽ സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതും അവരെ വിജയിപ്പിക്കുന്നതും ഒരു നിലക്കും ജനാധിപത്യ സംവിധാനത്തിന് അനുഗുണമായ പ്രതിഭാസമല്ല. നിരവധി പ്രശ്നങ്ങളാണ് ഇത് കൊണ്ടുവരുന്നത്. പ്രധാനമായും ഉൾപാർട്ടി ജനാധിപത്യത്തെ ഇല്ലാതാക്കാൻ ഇത് കാരണമാകും. സ്വാഭാവികമായും രാജ്യത്തിന്റെ സമഗ്രമായ വളർച്ചക്ക് വേണ്ടിയുള്ള അന്വേഷണങ്ങൾ നിലക്കും. സോഷ്യൽ ഓഡിറ്റിംഗിനെക്കുറിച്ചുള്ള ചർച്ചകളേ ഉണ്ടാകില്ല. പ്രത്യയശാസ്ത്ര സംവാദങ്ങൾ പാ‍ർട്ടിക്കുള്ളിൽ അവസാനിക്കുമെന്നതാണ് മറ്റൊരു പ്രശ്നം. രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ യോജിച്ച, ഏറ്റവും അഭികാമ്യമായ തീരുമാനങ്ങൾ എടുക്കാതിരിക്കുകയോ അത്തരം തീരുമാനങ്ങൾ വൈകുകയോ ചെയ്യും. ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവിന് മുമ്പിൽ കൂപ്പുകയ്യോടെ നിൽക്കുന്ന നേതാക്കളെയാകും ഇത് സൃഷ്ടിക്കുക. വളർന്നു വരുന്നവരുടെ നേതൃപാടവത്തിനും കഴിവിനുമപ്പുറം രാജഭക്തിയും വിധേയത്വവുമായിരിക്കും പുതിയ നേതാക്കളെ സൃഷ്ടിക്കാനുള്ള മാനദണ്ഡം. പ്രത്യയശാസ്ത്ര പിൻബലമില്ലാത്ത നേതാക്കളെയാകും ഇത് ഉൽപാദിപ്പിക്കുക. മഹാരാഷ്ട്രയിലെ അജിത് പവാറും കേരളത്തിലെ പത്മജ വേണുഗോപാലും അനിൽ ആന്റണിയും അടക്കം ഈയടുത്ത് എൻ.ഡി.എയിലേക്ക് ചാടിയ നേതാക്കളുടെ ലിസ്റ്റ് എടുത്താൽ ഇക്കാര്യം ബോധ്യപ്പെടും.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ആഴത്തിൽ വേരൂന്നിയ കുടുംബാധിപത്യം പാർട്ടികളെയും അതിലൂടെ രാജ്യത്തെയും എങ്ങനെയാണ് ബാധിക്കാൻ പോകുന്നതെന്ന നിരീക്ഷണം പൊളിറ്റിക്കൽ സൈന്റിസ്റ്റായ ഡോ. ജെ പ്രഭാഷ് കേരളീയത്തോട് പങ്കുവെക്കുന്നുണ്ട്. “ഇന്ത്യൻ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ വർധിച്ചു വരുന്ന ഡൈനാസ്റ്റി പൊളിറ്റിക്സ് വലിയ മുറിവാണ് സൃഷ്ടിക്കാൻ പോകുന്നത്. പ്രത്യേകിച്ചും പുതിയതായി വരുന്നവർക്ക് പാർട്ടിയിൽ അവസരം നിഷേധിക്കും. പ്രൊമോഷനെക്കുറിച്ച് കൃത്യമായ ധാരണയും മാനദണ്ഡവും ഓരോ പാർട്ടികൾക്കും ഉണ്ടാവേണ്ടതുണ്ട്. അത്തരം സുതാര്യത ഇല്ലാതാകുന്നതോടെ പുതിയ തലമുറ രാഷ്ട്രീയത്തിലേക്ക് വരാൻ മടിക്കും. സ്വാഭാവികമായും പാർട്ടിയുടെ ഗ്രാസ് റൂട്ടിലുള്ള സ്വാധീനം പതിയെ നഷ്ടപ്പെടും. അതോടെ അധികാരത്തിൽ വരാനുള്ള പാർട്ടിയുടെ ശേഷി കുറയും. കോൺഗ്രസിന് അതാണ് സംഭവിച്ചത്. കുടുംബവാഴ്ചയെ വാരിപ്പുണരുന്നത് ഏത് പാർട്ടിയായാലും ദീർഘകാലാടിസ്ഥാനത്തിൽ പാർട്ടി ക്ഷയിക്കുന്നിടത്തേക്ക് കാര്യങ്ങൾ എത്തും.” പാർട്ടിയുടെ ഫണ്ട് വിനിയോഗത്തിൽ പോലും സുതാര്യത നഷ്ടപ്പെടുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഡോ. ജെ പ്രഭാഷ്

രാജ്യത്തിന്റെ ഭരണ നിർവഹണ വിഭാഗമാണ് പാർലമെന്റ്. പാർലമെന്റിലെ പെർഫോമൻസ്, മണ്ഡലത്തിലേക്ക് അനുവദിക്കപ്പെട്ട ഫണ്ട് വിനിയോഗം എന്നിവയിലെല്ലാം പിന്നിൽ പോയാലും അച്ഛൻ, അമ്മ, കുടുംബം എന്ന കാരണം കൊണ്ട് മാത്രം താൻ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന സ്ഥിതി വരുന്നത് നാടിന്റെ വികസനത്തെയും വളർച്ചയെയും ബാധിക്കുമെന്നതിൽ സംശയമില്ലല്ലോ. കുടുംബവാഴ്ചയുടെ ഭാഗമായി രാഷ്ട്രീയത്തിലേക്ക് ടിക്കറ്റ് ലഭിക്കുന്നവരിൽ ഏറെയും ഉന്നത ജാതിയിൽപ്പെട്ട പുരുഷന്മാരാണ്. താഴ്ന്ന ജാതിയിൽ പെട്ടവർ പുറംതള്ളപ്പെടുന്നുവെന്നർഥം. കാലങ്ങളായി ഇന്ത്യ അഭിമുഖീകരിക്കുന്ന സാമൂഹിക അസമത്വത്തിന്റെ ആഴം കൂട്ടുകയാണ് കുടുംബവാഴ്ച. പൊളിറ്റിക്കൽ സയന്റിസ്റ്റുകളായ അഞ്ജലി ബോൽക്കെൻ, സൈമൺ ചൗചർദ്, എന്നിവരുമായി ചേർന്ന് കാഞ്ചൻ ചന്ദ്ര നടത്തിയ ‘Democratic Dynasties: State, Party and Family in Contemporary Indian Politics’ എന്ന പഠനത്തിലാണ് ജാതിയുമായി ബന്ധപ്പെട്ട ഇത്തരമൊരു നിരീക്ഷണം അവർ പങ്കുവെക്കുന്നത്.

Democratic Dynasties ബുക്ക് കവർ

എന്നാൽ രാഷ്ട്രീയ കുടുംബത്തിൽ നിന്ന് ഒരാൾ സ്ഥാനാർഥിയാകുന്നത് പാർട്ടിയിൽ വർധിച്ചു വരുന്ന കുടുംബാധിപത്യമായി ചിത്രീകരിക്കുന്നതിനോട് പൂർണമായും യോജിക്കാനാകില്ല എന്നാണ് ടെലഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ രാജഗോപാൽ കേരളീയത്തോട് പറഞ്ഞത്. “പാർലമെന്റിലെത്തിയ മുഴുവൻ സ്ഥാനാർഥികളും ഇലക്ഷൻ ജയിച്ച് എത്തിയവരാണ്. ഇവരൊന്നും രാജഭരണ കാലത്തുണ്ടായിരുന്നത് പോലെ അനന്തരാവകാശം എന്ന അർത്ഥത്തിൽ മാത്രം പാർലമെന്റേറിയന്മാരായവരല്ല. പാർട്ടി പ്രസിഡന്റ് സ്ഥാനമോ മറ്റോ ഇലക്ഷനില്ലാതെ മക്കൾക്ക് കൊടുക്കുകയാണെങ്കിൽ അത് പറയാം. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് അച്ഛൻ എം.പിയായി എന്നത് കൊണ്ട് ആരും എം.പിയാകുന്നില്ലല്ലോ. സീറ്റ് കിട്ടുന്നിടത്ത് അവർക്കൊരു മുൻതൂക്കമുണ്ട്. അത് എല്ലാ രംഗത്തും നാം കാണുന്ന ഒന്നാണല്ലോ. കോർപറേറ്റ് രംഗത്ത് കാണുന്ന തരത്തിലുള്ള കുടുംബവാഴ്ച എന്തായാലും രാഷ്ട്രീയത്തിലില്ല. അംബാനിയുടെ മകനായി എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ബിസിനസിന്റെ ഉന്നത സ്ഥാനത്തേക്ക് വരുന്ന മക്കളെയാണ് നമുക്കവിടെ കാണാനാകുന്നത്. ഇന്ത്യയിൽ ഒരു തെരഞ്ഞെടുപ്പ് ജയിക്കുക എന്നത് ലോകത്ത് ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. അത്തരമൊരു ടെസ്റ്റ് കഴിഞ്ഞ് വരുന്ന ഒരാളെ കുടുംബാധിപത്യം എന്ന് പറഞ്ഞ് ഇകഴ്ത്തുന്നത് അൽപം കടന്ന കയ്യാണ്. 2004 മുതൽ കഴിഞ്ഞ 20 വർഷമായി രാഹുൽ ഗാന്ധി എം.പിയാണ് എന്ന് നമ്മൾ മനസ്സിലാക്കണം.” അതേസമയം ബംഗാളിലെ അഭിഷേക് ബാനർജിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ മമതാ ബാനർജിയുടെ മരുമകനായിരുന്നില്ലെങ്കിൽ ഡയമണ്ട് ഹാർബർ ടിക്കറ്റ് അദ്ദേഹത്തിന് കിട്ടുമായിരുന്നോ എന്നത് സംശയമാണെന്നും അദ്ദേഹം പങ്കുവെച്ചു.

ആർ രാജഗോപാൽ

ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ഏറ്റവും മികവേറിയ രാഷ്ട്രീയ പോരാട്ടമാണ് നടക്കേണ്ടത്. ആശയങ്ങൾ തമ്മിലുള്ള സംഘട്ടനമാകണം തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അകക്കാമ്പ്. ഓരോ പാർട്ടിയുടെയും പോളിസി, പ്രകടനപത്രികകൾ, കഴിഞ്ഞ ഘട്ടത്തിലെ പ്രകടനം, രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ അവസ്ഥകളെക്കുറിച്ചുള്ള ആഴത്തിലുള്ള സംവാദങ്ങൾ, രാജ്യത്തെ മുന്നോട്ടുനയിക്കാൻ വേണ്ടി പാർട്ടികൾ രൂപപ്പെടുത്തുന്ന ഭാവി പദ്ധതികൾ എന്നിവ നിർബന്ധമായും ചർച്ചയാകണം. പ്രത്യേകിച്ചും യുവാക്കളുടെ സാന്നിധ്യം തെരഞ്ഞെടുപ്പിലും ലോക്സഭയിലും വർധിക്കേണ്ടതുണ്ട്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെ മത്സരിച്ച സ്ഥാനാർഥികളുടെ ശരാശരി പ്രായം 48 ആണ്. 40 വയസ്സിന് താഴെയുള്ള സ്ഥാനാ‍ർത്ഥികൾ കേവലം 13 ശതമാനം മാത്രം. ഇത് മത്സരിച്ചവർ, ഇതിൽ വിജയിക്കുന്നവരുടെ എണ്ണം ഇനിയും കുറയും. മധ്യവയസ്കരുടെ പോരാട്ടമായിരുന്നു 2024ൽ കഴിഞ്ഞ് പോയത് എന്ന് ചുരുക്കം. നിലവിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഭൂരിപക്ഷം പേരും പലതവണ ലോക്സഭ കണ്ടവരാണ് എന്നതാണ് മറ്റൊരു കാര്യം.

പാർട്ടി ഉന്നതസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്, നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള പ്രവേശനം, മത്സരിക്കാനുള്ള അവസരങ്ങളുടെ എണ്ണം തുടങ്ങിയവയിലെല്ലാം കൃത്യമായ മാനദണ്ഡം എല്ലാ പാർട്ടികളും രൂപപ്പെടുത്തേണ്ടതുണ്ട്. ആറും ഏഴും തവണ പാർലമെന്റിലെത്തിയ ജനപ്രതിനിധികളുള്ള രാജ്യമാണ് ഇന്ത്യ. സമൂലമായ മാറ്റമാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ വേണ്ടത് എന്നതാണ് 2024 തെരഞ്ഞെടുപ്പും ഓർമ്മിപ്പിക്കുന്നത്. പ്രത്യേകിച്ചും കുടുംബവാഴ്ചയെ വളർത്തുന്നതിൽ മിക്ക പാർട്ടികളും സ്വീകരിക്കുന്ന നിലപാടിൽ ഉറപ്പായും മാറ്റം വേണ്ടതുണ്ട്. ഇല്ലെങ്കിൽ ജനാധിപത്യത്തിന്റെയും രാജ്യത്തിന്റെയും തകർച്ചയിലേക്കായിരിക്കും അത് നമ്മെ നയിക്കുക.

Also Read

15 minutes read June 2, 2024 10:23 am