അധീശത്വം, സാമ്രാജ്യത്വം, പ്രകൃതി

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ലോസ് ഏഞ്ചലസിൽ കത്തിപ്പടർന്ന കാട്ടുതീ നിയന്ത്രണ വിധേയമായെങ്കിലും ആഴ്ചകൾ പിന്നിട്ടിട്ടും പൂർണമായും ഇനിയും ഒഴിഞ്ഞിട്ടില്ല. മുപ്പതോളം പേരുടെ മരണത്തിനും കണക്കാക്കാൻ കഴിയാത്ത സ്വത്തുവകകളുടെ നാശത്തിനും കാരണമായ അഗ്നിതാണ്ഡവത്തിൻ്റെ പ്രഭവകാരണം ഇപ്പോഴും വ്യക്തമായി പറയാൻ കഴിയുന്നില്ല. ലോകശക്തിയായ അമേരിക്കയുടെ അഭിമാനമായിരുന്ന വേൾഡ് ട്രേഡ് സെൻ്റർ തട്ടിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച് ഭീകരർ തകർത്തത് നമ്മൾ കണ്ടതാണ്. ശാസ്ത്രവളർച്ചയുടെ അത്യന്താധുനിക റഡാർ സംവിധാനങ്ങൾ ഉണ്ടായിരിക്കെയാണ് ഇതെല്ലാം സംഭവിച്ചത്. മനുഷ്യനിർമ്മിത ദുരന്തമായിരുന്നു അത്. എന്നാൽ കാട്ടുതീയോ? അത് ഇപ്പോഴും നിയന്ത്രിക്കാൻ പോലും പറ്റുന്നില്ല. പ്രകൃതിദുരന്തം ഒരിക്കലും മനുഷ്യൻ്റെ കണക്കുകൂട്ടലുകളിൽ നിൽക്കുന്നില്ല. ജീവൻ വേണമെങ്കിൽ ഓടി രക്ഷപ്പെടാൻ മാത്രമേ ആളുകൾക്ക് കഴിഞ്ഞുള്ളൂ. ആഴ്ചകൾ പിന്നിട്ടും തീ പടർന്നപ്പോൾ രക്ഷാപ്രവർത്തനത്തിനിടെ പതിനെട്ടടവും പയറ്റിയ പകച്ചുനിൽക്കുന്ന അഗ്നിശമന സേനാംഗങ്ങളുടെ ചിത്രമാണ് പുറത്തുവന്നത്. പ്രതികൂലമായ ഉഷ്ണക്കാറ്റും മറ്റ് സാഹചര്യങ്ങളുമാണ് കാരണം. സ്വയം മുടിയിൽ തീ കോരിയണിഞ്ഞ പ്രകൃതിയുടെ എരിഞ്ഞടങ്ങലിന് സ്വയം ശമിക്കൽ തന്നെ വേണ്ടി വരുന്നു.

ലോസ് ഏഞ്ചലസിൽ പടരുന്ന കാട്ടുതീ. കടപ്പാട്:Gettyimages

സർവ്വവും നിയമനം ചെയ്യാം, ഭൂമിയെ അതിർത്തി തിരിച്ച് യഥേഷ്ടം ഭരിക്കാം എന്ന് ധരിച്ച് വെച്ചിരിക്കുന്ന മനുഷ്യനെ നോക്കൂ. സർവ്വാധിപത്യത്തിൻ്റെ ചുരുക്കപ്പേരുതന്നെ സാമ്രാജ്യത്വം. മനുഷ്യൻ്റെ മനോനിലയെപ്പറ്റി പറയുമ്പോൾ അതാണെളുപ്പം. വ്യക്തികളായും രാജ്യങ്ങളായും മനുഷ്യൻ്റെ പോക്ക് ആവഴിക്കാണ്. ഇന്ത്യ ലോക സമ്പദ് വ്യവസ്ഥിതിയുടെ നെറുകയിൽ വരുന്നതിനെപ്പറ്റി സ്വപ്നം കാണുമ്പോഴും അറിയാതെ ആ മനോനില അതിൽ വന്നു കൂടുന്നുണ്ട്. അതിനുമപ്പുറം, പ്രകൃതിയെത്തന്നെ തൻ്റെ വരുതിയിൽ നിർത്താമെന്ന വിചാരം മനുഷ്യൻ്റെ വ്യാമോഹങ്ങളിൽ വെച്ച് ഏറ്റവും മികച്ചതത്രേ, അപകടകാരിയും. ദുർബലരിരിക്കേ അവർക്ക് കൂടി അവകാശപ്പെട്ട ഭൂമിയിൽ അധീശത്വം, ദരിദ്ര കോടികൾ വിശന്നു മരിക്കേ ഭൂമിയിലെ മുഴുവൻ വിഭവങ്ങൾക്കും മേലുള്ള സർവ്വാധികാരം, അതിലെ മിണ്ടാപ്രാണികളായ ജീവജാലങ്ങൾക്കുമേലുള്ള ചോദ്യം ചെയ്യപ്പെടാത്ത അധീശത്വം, ഇതെല്ലാം നമുക്ക് വേണം.

തീർച്ചയായും മനുഷ്യൻ്റെ പ്രത്യയശാസ്ത്രങ്ങൾ, പ്രകൃതി ഉയർത്തുന്ന വെല്ലുവിളികളെപ്പറ്റിയും ബുദ്ധിശാലിയും ശ്രമശാലിയുമായ മനുഷ്യൻ അതിനെ കീഴടക്കുന്നതിനെപ്പറ്റിയും വല്ലാതെ വാചാലമാകുന്നുണ്ട്. അതിൻ്റെ പിന്തുണയും മനുഷ്യനുണ്ട്. പ്രകൃതിയെ നിശ്ചയിക്കുകയും നിർണ്ണയിക്കുകയും നിയമനം ചെയ്യുകയും വേണമത്രേ. എല്ലാ സ്വാർത്ഥതകൾക്കുമപ്പുറം അത് വേണ്ടതുണ്ട് എന്നതുതന്നെയാണ് വിദഗ്ധാഭിപ്രായങ്ങൾ. മനുഷ്യാധ്വാനത്തിൻ്റെ മഹത്വത്തെ പറയുമ്പോൾ, പ്രകൃതിയോടു പടവെട്ടി, മലയോടു മല്ലടിച്ച്, മണ്ണിനെ പൊന്നാക്കിയ എന്നീ പ്രയോഗങ്ങൾ ഭാഷയിൽ വന്നത് അങ്ങനെയാണ്. മണ്ണിൽ ഇനി പ്രത്യേകം നമ്മളായിട്ട് പൊന്നുവിളയിക്കേണ്ടതുണ്ടോ, മണ്ണു തന്നെ പൊന്നിനെക്കാൾ മികച്ചതെന്ന് മനുഷ്യന് മനസ്സിലായില്ല.

representational image, earthworks.org

പക്ഷേ, നമ്മുടെ തലയ്ക്ക് പ്രകൃതിയെ കീഴടക്കാനുള്ള കഴിവുണ്ടോ? നമ്മുടെ തലച്ചോറിന് അങ്ങനെയൊരു സാധ്യത കാണുമോ? മനുഷ്യന്റെ മസ്തിഷ്ക മണ്ഡലം ചെറുതല്ലായിരിക്കാം. പക്ഷേ, ആ മസ്തിഷ്ക മണ്ഡലത്തിൻ്റെ ചിന്തയടക്കം ഉപകരണങ്ങളും സകല സന്നാഹങ്ങളും സാങ്കേതികവിദ്യകളും പ്രകൃതിയുടെ ഉൽപ്പന്നം മാത്രമല്ലേ. പ്രകൃതിയുടെ കേവലമായ ആ ഉൽപ്പന്നത്തിന്, മനുഷ്യൻ്റെ തലച്ചോറിന് പ്രകൃതിക്കുമേൽ എന്തെങ്കിലും സ്വാധീനശേഷി സാധ്യമോ ? മൂക്കുകയറിട്ട് കാളയെ മനുഷ്യൻ നടത്തുന്നത് കാണാം. അതിനേക്കാൾ ബലവത്തായി ഓരോ മനുഷ്യനെയും പ്രകൃതി പ്രാണവായുവിനാൽ മൂക്കുകയറിട്ട് പിടിച്ചുനിർത്തിയിരിക്കുകയാണ്. പിടിച്ചാൽ അവിടെ നിൽക്കും. അതിനപ്പുറം കാളയ്ക്ക് പറ്റിയാലും മനുഷ്യന് പറ്റില്ല, കാരണം കാണാച്ചരടാണ്. എന്നിട്ടും മനുഷ്യൻ പരാക്രമത്തിലാണ്. കളഞ്ഞു കുളിച്ചതിന് ശേഷം മാത്രം തിരിച്ചറിവിലെത്തുന്ന ശീലമാണ് മനുഷ്യനുള്ളത്. ജലത്തോടും വായുവിനോടും മലയോടും മണ്ണിനോടും നോക്കിയാൽ പരിസ്ഥിതിവിഷയങ്ങളിൽ ആകമാനം നമ്മുടെ സമീപനം അതാണ് തെളിയിക്കുന്നത്. ആഗോളതാപനമെന്ന് വിലപിച്ചാൽ മതിയാകില്ലിനി. ഹരിതഗൃഹ വാതകങ്ങളെ കുടം തുറന്നുവിടുന്നതിൽ നമ്മുടെ നാഗരികതയുടെ പങ്കെന്ത് എന്നതെപ്പറ്റി ചിന്തിക്കാതെ മനുഷ്യന് തരമില്ലെന്ന് വന്നത് അവിടെയാണ്. കഴിഞ്ഞ രണ്ട് മൂന്ന് ദശകങ്ങളായി പരിസ്ഥിതി വിഷയങ്ങളിലുള്ള മനുഷ്യൻ്റെ സമീപനങ്ങൾ മാറി വരുന്നു. മാറാതെ വഴിയില്ല, വിനയം ഇനിയും വേണ്ടി വരും.

Law of Conservation of Mass ശരിയാണെങ്കിൽ ദ്രവ്യത്തെയോ ഊർജത്തെയോ ഉണ്ടാക്കാനും ഇല്ലാതാക്കാനും നമുക്ക് കഴിയില്ല. എന്നുവെച്ചാൽ സൃഷ്ടിക്കും സംഹാരത്തിനും നമ്മൾ ആളല്ല. അങ്ങനെയാണെങ്കിൽ സ്ഥിതി അഥവാ നിലനിൽപ്പ് നമ്മളാണോ സാധ്യമാക്കുന്നത്? അല്ലേയല്ല. പലതും മാറ്റിയും മറിച്ചും കളിക്കാനുള്ള തീർത്തും താൽക്കാലികമായ ഇടം തരുന്നതല്ലാതെ, മനുഷ്യൻ്റെ അഭിമാനത്തിനും അഹങ്കാരത്തിനും അതിൻ്റേതായ ചെറിയ സുഖങ്ങൾ അനുവദിക്കുന്നതല്ലാതെ പ്രകൃതി എപ്പോഴെങ്കിലും അടിസ്ഥാനപരമായി എന്തെങ്കിലും കാര്യത്തിലുള്ള അതിൻ്റെ അധ്യക്ഷസ്ഥാനം മനുഷ്യന് വെച്ചു നൽകിയിട്ടുണ്ടോ? അത് തീരെയില്ല എന്നറിയുമ്പോൾ പ്രകൃതി ഉള്ളതുതന്നെ എന്നു ബോധ്യപ്പെടുന്നുമുണ്ട്. അങ്ങനെ സാവധാനം ബോധ്യപ്പെടണം. സമയമെടുക്കും.

ഏംഗൽസ്

എന്നാൽ ബുദ്ധിജീവിയായ ഏംഗൽസ് അന്നേ എഴുതിയത് 1876 ൽ അദ്ദേഹത്തിൻ്റെ മരണാനന്തരം പുറത്തുവന്നു.

“ഒരു വിദേശജനതയെ കീഴടക്കുന്നവരെപ്പോലെ, പ്രകൃതിക്ക് പുറത്ത് നിൽക്കുന്ന ഒരാളെപ്പോലെ, പ്രകൃതിയെ ഭരിക്കാൻ എത്തിയവരല്ല നമ്മൾ – മറിച്ച്, മാംസവും രക്തവും മസ്തിഷ്കവും ഉള്ള നമ്മൾ പ്രകൃതിയുടേതാണ്. നമ്മൾ അതിൻ്റെ നടുവിൽ നിലനിൽക്കുന്നു. അതിൻ്റെ നിയമങ്ങൾ പഠിക്കാനും അവ ശരിയായി പ്രയോഗിക്കാനും കഴിയുന്നതിൽ മറ്റെല്ലാ ജീവികളേക്കാളും നമുക്ക് നേട്ടമുണ്ട് എന്ന വസ്തുതയിലാണ് നമ്മുടെ ആകപ്പാടെയുള്ള വൈദഗ്ധ്യം അടങ്ങിയിരിക്കുന്നത്.” (Frederick Engels, ‘The Part Played by Labor in the Transition from Ape to Man’, in MECW, Vol. 25. New York: International Publishers 1987, 460–61, 463)

അമേരിക്കയ്ക്ക് ഇത് വായിക്കാൻ കഴിയുന്നുണ്ടോ? 21-ാം നൂറ്റാണ്ടിലെങ്കിലും ഇതിൻ്റെയെല്ലാം പൊരുൾ മനുഷ്യകുലത്തിന് മനസ്സിലാകുമോ? അങ്ങനെ മനസ്സിലായാൽ മാത്രം ഒരു പക്ഷേ മനുഷ്യന് അതിജീവനത്തിനുള്ള സാധ്യതയുണ്ട്.

Also Read

3 minutes read February 6, 2025 11:16 am